അറിയുമ്പോഴാണ് എന്തിനോടും കൂടുതൽ ഭയവും ഇഷ്ടകേടും സംഭവിക്കുന്നത്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ആര്യൻ തൃശൂർ

മിസിസ് ദാസ് ഒരിക്കലും ഇഷ്ടപെടാത്ത തിളങ്ങുന്ന സാരിക്കുള്ളിൽ കുടുങ്ങിയത് പോലെ തോന്നി .

ആളുകൾ വന്നു കൂടിയിരിക്കുന്നു .മുറ്റത്തെ ലോണിൽ നിറയെ ബലൂണുകൾ വീർത്തു കിടക്കുന്നു .പച്ച, ചുവപ്പ്, നീല ,വെള്ള നിറയെ നിറങ്ങൾ .സന്ധ്യാസമയം ആയതിനാൽ ആ ഗല്ലിയിലെ ഇരുട്ടിലേക്ക് അവിടെ അലങ്കരിച്ചിരുന്ന വർണ ബൾബുകളുടെ പ്രകാശം ഇറങി ചെന്നു .

എനിക്ക് അവിടേയ്ക്ക് കയറി ചെല്ലാൻ മടി തോന്നി .മിസ്റ്റർ ദാസിന്റെ എക്സ് കമ്പനിയിലെ ഒരു സ്റ്റാഫ് മാത്രമാണ് ഞാൻ .എങ്കിലും മിസ്റ്റർ ദാസിനോട് ഞാൻ എനിക്ക് പോലും ഇഷ്ടമില്ലാത്ത തരം വിനയം എന്നും കാണിച്ചിരുന്നു .അതിന്റെ ഓര്മയ്ക്കാണ് ഈ ഇൻവിറ്റേഷൻ .

ആളുകൾ എല്ലാം തടിച്ചു കൂടി നിന്ന് സംസാരിച്ചു .ഫുഡ്‌ കൗണ്ടറിൽ നിന്ന യുവാക്കൾ അവിടെ വന്നിരുന്ന സ്ത്രീകളെ നോക്കി എന്തൊക്കെയോ പരസ്പരം പറഞ്ഞു കൊണ്ടിരുന്നു .വൈനും ഐസ്ക്രീമുകളും വിളമ്പുന്ന കൗണ്ടറിലായിരുന്നു അധികം സ്ത്രീകളും .കനം കുറഞ്ഞ നനച്ചു വച്ച ചെറിയ നാപ്കിൻ ഉപയോഗിച്ച് സ്ത്രീകൾ ശ്രദ്ധയോടെ ചുണ്ടുകൾ ഒപ്പി .ചുണ്ട് തുടച്ചു കളയുന്ന നാപ്കിനുകൾ വെള്ളയിൽ നിന്നും പിങ്കിലെക്കും വയലറ്റിലേക്കും ചുവപ്പിലേക്കും നിറം മാറി കൊണ്ടിരുന്നു .ചില മധ്യ വയസ്കരായ സ്ത്രീകൾ വെയ്റ്റർ ബൊയ്സിന്റെ നോട്ടം കൊണ്ട് പല തരത്തിലുള്ള തൃപ്തി നേടിയിരുന്നു .

എന്റെ കയ്യിലുള്ള സമ്മാനപൊതി ഞാൻ കയ്യിൽ വച്ചു തിരിച്ചു കൊണ്ടിരുന്നു .മിസ്സിസ് ദാസിനെ എനിക്ക് പരിചയമില്ല .അപരിചിതയായ ഒരു നാല്പത്തി രണ്ട് കാരിയോട് സ്വയം പരിചയപെടുത്തുന്നതിനെ കുറിച്ച് ഞാൻ ആവലാതിപെട്ടു .

പല തരം രാത്രി ലില്ലികൾ കൊണ്ട് അലങ്കരിച്ച ഭീമുകൾ അവിടെ കാണാമായിരുന്നു .അത്തരം ഭീമുകൾക്ക് ചുറ്റും കസേലകളിരുന്നു ആളുകൾ പല കഥകൾ പറഞ്ഞു കൊണ്ടിരുന്നു .ആഷ്ട്രേകളിൽ സിഗരറ്റ് കുത്തി കെടുത്തി തീയണക്കുന്ന പുരുഷന്മാർ വേറേ ഒരറ്റത്ത് വട്ടം കൂടിയിരുന്നു .

മിസ്സിസ് ദാസ് അവിടെ ഉണ്ടാക്കിയെടുത്ത ഭംഗിയുള്ള സ്റ്റേജിലിരുന്ന് സമ്മാനപ്പൊതികൾ തുറന്നു നോക്കുന്നുണ്ടായിരുന്നു .അവർ ഓരോന്നിന്റെയും മിനുപ്പും ഭംഗിയും തൊട്ട് ആസ്വദിച്ചു കൊണ്ടിരുന്നു .

സ്റ്റേജിന്റെ പിറകിലെ മനോഹരമായ ബര്ത്ഡേ ബോർഡും സ്റ്റിക്കറും ബൾബുകൾ കൊണ്ട് പ്രകാശിച്ചു .അതിനു മാറ്റ് കൂട്ടാനെന്ന വണ്ണം മിസിസ് ദാസിന്റെ ഒരു ഫോട്ടോയും അതിനു നടുവിലുണ്ടായിരുന്നു .

മിസ്സിസ് ദാസ് ..

അവരെന്നെ നോക്കി .ചെറിയ പുഞ്ചിരിയിൽ ഒതുക്കി കയ്യിൽ ഉണ്ടായിരുന്ന തുറന്ന സമ്മാനം അവർ താഴേക്ക് വച്ചു .

ഞാനെന്റെ കയ്യിലിരുന്ന സമ്മാനം അവർക്ക് നീട്ടി .അവരത് സന്തോഷത്തോടെ മേടിച്ചു .

ഹാപ്പി ബർത്ത്ഡേ മിസ്സിസ് ദാസ് .

എല്ലാവര്ക്കുംവേണ്ടി ഒരേ അളവില് തുന്നി തയ്പ്പിച്ച ഒരു ചിരി അവർ എനിക്കും സമ്മാനിച്ചു .

മിസിസ് ദാസ് ആം ആര്യൻ .

നൈസ് ടു മീറ്റ് യു ആര്യൻ .

നൈസ് ടു മീറ്റ് യു .ഞാനും ഔപചാരികതയുടെ വക്താവായി .

ഞാൻ കൊടുത്ത സമ്മാനപൊതിയിൽ ചുറ്റിയ സെലോടയ്പ് നീണ്ട നഖം കൊണ്ട് അവർ ചുരണ്ടാനാരംഭിച്ചു .

ഞാൻ മുംബയില് മോർഗൻ സ്റാൻലി ഇന്വേസ്റ്മെന്റിൽ ആയിരിക്കുമ്പോൾ ദാസ് എന്റെ …

അവർ കൈകള്‍ ഉയർത്തി തടഞു .

മിസ്റ്റർ ആര്യൻ .ഹൌ ആർ യു ?

ആം ഫൈൻ .

നിങ്ങൾ ദാസിന്റെ ആരെങ്കിലും എല്ലാം ആയിരിക്കും എന്നെനിക്ക് ഉറപ്പുണ്ട് .അല്ലെങ്കില് ഇത്തരം ഒരു സമ്മാനവുമായി എന്റെ ബര്ത്ഡേയ്ക്ക് വരില്ലായിരുന്നല്ലോ .

അതെ മോർഗൻ സ്ടാന്ലി …

ഞാൻ ഭൂതകാലത്തെ വീണ്ടും ചികയാൻ തുടങ്ങിയപ്പോൾ അവർ വീണ്ടുംതടഞ്ഞു .ഭൂതകാലത്തെ ചികഞു ആര്യൻ ബുദ്ധിമുട്ടരുത് .നിങ്ങൾ ഇവിടെ വന്നതിനും ഈ സമ്മാനം തന്നതിലും ഏറെ സന്തുഷ്ടയാണ് ഞാൻ .

സോറി .ഞാനും മിസ്റ്റർ ദാസും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുകയായിരുന്നു എന്റെ ഉദ്ദേശ്യം .

അവർ ചിരിച്ചു .ആര്യൻ അത് പറഞ്ഞത് കൊണ്ട് എനിക്കൊന്നും ഓർത്തു എടുക്കാനില്ല .ഇവിടെ വന്നവരെല്ലാം ദാസിന്റെ വലയങ്ങളിൽ ഉള്ളവരാണ് . അപ്പോഴേക്കും മിസിസ് ദാസ് എന്റെ സമ്മാനം തുറന്നു കഴിഞ്ഞിരുന്നു .

ക്രിസ്റ്റൽ കൊണ്ട് തീർത്ത ഒരു ബുദ്ധനായിരുന്നു അത് .

അവർ അത് കണ്ണ് മിഴിക്കാതെ നോക്കി നിന്നു .

അപ്പോഴേക്കും ഒരു മുപ്പത്തി അഞ്ചുകാരനും അയാളുടെ ഭാര്യയും കടന്നു വന്നു .അവർ കൊണ്ട് വന്ന സമ്മാനം നിറച്ച കവർ വലിയതായിരുന്നു .വർണ കടലാസിൽ പൊതിഞ എന്തോ ഒന്ന് അതിൽ വീർത്ത് ഇരുന്നു .അയാൾ പഞ്ചാബി ചുവയുള്ള ഹിന്ദി പറഞ്ഞു .വയർ പുറത്തു കാണുന്ന ഒരു വസ്ത്രമായിരുന്നു അയാളുടെ ഭാര്യ ധരിച്ചിരുന്നത് .പൊക്കിളിനു താഴേക്ക് പടർന്ന് പോകുന്ന സ്‌ട്രെച് മാർക്കുകൾ ഉണങിയ മരത്തിൻറെ വേര് പോലെ വികൃതമായി തോന്നിച്ചു .അവർ കൈകള്‍ വയറിനു വിലങനെ മടക്കി വച്ചു അവ മറയ്ക്കാൻ പാടുപെട്ടു .

മിസ്സിസ് ദാസ് നന്ദി പറഞ്ഞു കൊണ്ട് അവരെ ഫുഡ്‌ കൗണ്ടറിലേക്ക് അയച്ചു .

മിസ്റ്റർ ആര്യന് ബുദ്ധിമുട്ടാവില്ലെങ്കിൽ ഒരു കസേല നീക്കി ഇവിടെ ഇരിക്കു .കിട്ടിയ സമ്മാനങ്ങളിൽ ഒരുപാട് അഴിച്ചു നോക്കാനുണ്ട് .

എനിക്ക് എന്തോ ജാള്യത തോന്നി .ഞാൻ ചുറ്റിലും തിരിഞ്ഞു നോക്കി ആരും എന്നെ ശ്രദ്ധിക്കുന്നില്ല എന്നുറപ്പു വരുത്തി .

അവർ എന്റെ സമ്മാനം അപ്പോഴും താഴെ വച്ചിരുന്നില്ല .അവർ അതിലേക്ക് തന്നെ നോക്കിയിരുന്നു .

ബുദ്ധിസം ഇഷ്ടമാണോ മിസ്സിസ് ദാസിനു ?

അത് എന്താണ് എന്ന് വ്യക്തമായി അറിയാത്തതു കൊണ്ട് അതിനെ ഇഷ്ടമാണ് .

എന്റെ മുഖം ഒരു ചോദ്യചിഹ്നത്തിലേക്ക് കടന്നു .

അറിയുമ്പോഴാണ് എന്തിനോടും കൂടുതൽ ഭയവും ഇഷ്ടകേടും സംഭവിക്കുന്നത് .അത് വരെ എല്ലാം നല്ലതാണ് .എനിക്ക് ബുദ്ധിസം അറിയില്ല .പിന്നെ കേട്ടിടത്തോളം ബുദ്ധനെ ഇഷ്ടമാണ് .പക്ഷെ വീട്‌ വിട്ടു ഇറങ്ങി പോകുന്ന സ്ത്രീയാകാൻ എനിക്ക് വയ്യ .ഭയം കൊണ്ടാണ് .

അവർ എനിക്ക് ഒരു സമ്മാനപ്പൊതി എടുത്തു കയ്യിൽ തന്നു .ഞാനത് ശ്രദ്ധയോടെ തുറന്നു .

ഭംഗിയുള്ള ഒരു ക്രോക്കറി സെറ്റ് ആണ് .അവർ അത് മേടിച്ചു നോക്കി .നിലീന വില്സൺ .ലേബലിൽ അങനെ എഴുതിയിരിക്കുന്നു .

ഏതെങ്കിലും മധ്യ വയസ്ക ആയിരിക്കണം .ഒരു നാല്പത്തി രണ്ട് കാരിക്ക് ഇതിൽ നല്ല സമ്മാനം തരാനില്ല .അതിഥികളെ സ്വീകരിച്ചു ചായയും പലഹാരവും നൽകി കഴുകി തുടച്ചു വയ്ക്കാനുള്ള ചില്ലു പാത്രങ്ങൾ .

മിസ്സിസ് ദാസ് ..ഞാൻ പുതിയ ഒരു സമ്മാനപൊതി തുറന്നു .ഒരുശില്പം .സ്ത്രീയുടെ അതിനൊപ്പം ചേർന്ന് നിൽക്കുന്ന പുരുഷന്റെ .

അവർക്ക് അതിനൊട് ഭ്രമം ഒന്നും തോന്നാത്ത വിധം വേഗം താഴേക്ക് വച്ചു .

തടിച്ച വെളുത്ത ഒരു സ്ത്രീയും അവരുടെ ഭർത്താവും കടന്ന് വന്നു .അവർ സമ്മാനം ഒന്നും തന്നില്ല .മിസിസ് ദാസിന് ഷെയ്ക്ഹാൻഡ് കൊടുത്തു എന്തൊക്കെയോ പറഞ്ഞു കുലുങി ചിരിച്ചു .

ആ വന്നവർക്ക് സമ്മാനം കൊണ്ട് വരാത്ത ഒരു ജാള്യത ഉണ്ടായിരുന്നുവെന്ന് എനിക്ക് വെറുതെ തോന്നി .

ആര്യൻ കഴിച്ചോ ?

ഇല്ല കഴിചിട്ടില്ല .എനിക്ക് വിശപ്പില്ലായിരുന്നു .

മിസ്റ്റർ ദാസ് എവിടെ ?

അവർ വാച്ചിലേക്ക് നോക്കി .ഓഫിസിൽ നിന്നും ഇറങ്ങും നേരം എന്തോ എമർജൻസി കാൾ വന്നു എന്നറിയിച്ചു . “സോ സാഡ് .”ഞാൻ അങനെ പറഞ്ഞത് മിസിസ് ദാസിനു ഇഷ്ടപെട്ടില്ല എന്ന് തോന്നി .

മിസിസ് ദാസ് ഒരു വെയ്റ്റർ ബൊയ്ക്ക് നേരെ കൈ വീശി .വെളുത്ത സുമുഖനായ ഒരു ഇരുപത്കാരൻ ഓടി വന്നു .

എനിക്കും മിസ്റ്റർ ദാസിന്റെ സുഹ്ര്യത്തിനും കുടിക്കാൻ അല്പം വൈന്‍ കൊണ്ട് വരൂ .ബ്ലാക് വൈന്‍ ഏതെങ്കിലും .

പയ്യൻ അല്പം പുഞ്ചിരിച്ചു .മാഡം ഗോവയിൽ നിന്നും ഒരു സ്പെഷ്യല് ഫെനി കൊണ്ട് വന്നിട്ടുണ്ട് .അയാൾ ഓർമിപ്പിച്ചു .അവരത് നിരസിച്ചു .

മിസ്റ്റർ ദാസിന്റെ പകരക്കാരനെ പോലെ അവര്ക്കരികിൽ ഇരുന്നു സമ്മാനങ്ങൾ തുറന്നു നോക്കുന്നതിലുള്ള ലജ്ജ എന്നെ വിട്ടു പോയിരുന്നു . മിസ്റ്റർ ദാസിനു വീണ്ടും ഈയിടെ പ്രൊമോഷൻ ആയെന്നൊക്കെ കേട്ടറിഞ്ഞു .എന്താണ് പുതിയ ഡെസിഗ്നേഷൻ ?

അവർ ചിരിച്ചു .

എന്താണ് ചിരിക്കുന്നത് ?

എനിക്ക് അറിയില്ല ആര്യൻ .

കുറച്ചു നീങ്ങിയുള്ള ടേബിളിൽ നിന്നും ഉറക്കെ സംസാരിക്കുന്ന ശബ്ദം കേട്ടു . വൈന്‍ മറിഞ്ഞു പോയതാണ് .അറിയാതേ ടേബിളിൽ മറിഞ്ഞുപോയതിനു പരിഷ്കാരിയായ അതിഥി സെർവിങ് ബോയ്ക്ക് നേരെ വിരൽ ചൂണ്ടി ചീത്ത വിളിച്ചു .ആ കൂട്ടി തല കുനിച്ചു നിന്നു .അയാളുടെ ഭാര്യയും അയാൾക്കൊപ്പം ആ ചീ ത്ത വിളിയിൽ പങ്കു ചേർന്നു .

ഏതാനും നേരം അത് തുടന്നു .സമ്മാനപൊതി താഴെ വച്ചു മിസിസ് ദാസ് അങൊട്ട് ചെന്നു .

കോട്ടും ടയ്യും ധരിച്ച അതിഥിക്ക്നേരേ അവർ വിരൽ ചൂണ്ടി .

“ഫക്ക് യു ആസ്ഹോൾ” .

അഥിതിയും ഭാര്യയും ആകെ തരിച്ചു പോയി .അവരത് പ്രതീക്ഷിചിരുന്നില്ല .

മിസ്സിസ് ദാസ് ..അയാൾ എന്തോ പറയാൻ തുടങ്ങി .

ദിസ് ഈസ് മൈ സീൻ !ആൻഡ് യു ഈറ്റ് സ്ടൊമക് ഫുള്‍ ആൻഡ് ഗെറ്റ് ലോസ്റ്റ് !

അതിഥികൾ എന്തോ പിറുപിറുത്തു .അവർ അപമാനിക്കപെട്ടെതിൽ അവർ ഊറ്റം കൊണ്ടു .എങ്കിലും അത് മിസിസ് ദാസിനോട് പറയാൻ ഭയക്കുന്നത് പോലെ തോന്നി .കൈകള്‍ ടിഷ്യുവില് തുടച്ചു അവർ പോകാനൊരുങ്ങി .

മിസിസ് ദാസ് സ്റ്റേജിൽ വന്ന് ആകെ പരതി മറിച്ചു .ശേഷം വലിയ ഒരു സ്പടിക കണ്ണാടി എടുത്തു ഒരു സമ്മാന കവറിൽ ഇട്ടു .അതിവേഗം ചെന്ന് അവർക്ക് നൽകികൊണ്ട് തിരികെ വന്നു .

ഞാൻ ആകെ തരിച്ചു പോയിരുന്നു .ഇത്രയും പതുക്കെ സംസാരിച്ചിരുന്ന മിസ്സിസ് ദാസ് ഒരു സ്പടികപാത്രം പോലെ ചിതറി പോയിരിക്കുന്നു .അവിടെ ബാക്കി നിന്ന അതിഥികൾ പിറുപിറുത്തു കൊണ്ട് തീനും കൂടിയും തുടങ്ങി .

മിസ്റ്റർ ആര്യൻ ,എനിക്കല്പം തണുത്ത വെള്ളം കൊണ്ട് വന്ന് തരുമൊ ?

അവർ ക്ഷീണിതയായി തോന്നി .

തന്റെ അപമാനത്തിന്റെ അഗ്നിയാറ്റിയ മിസിസ് ദാസിനെ ആ സെർവിങ് ബൊയ് ഭക്തിയോടെ നോക്കി .

ഞാനൊരു ബോട്ടിൽ തണുത്ത വെള്ളം കൊണ്ട് വന്നു കൊടുത്തു .ബാഗിൽ നിന്നുമെടുത്ത ഏതാനും ഗുളികകൾ അവർ വെള്ളത്തോടൊപ്പം ഇറക്കി .

നന്ദി ആര്യൻ .ബർത്ഡേ ആയത് കൊണ്ട് ഈ കെമിക്കൽ കുമിളകൾ വേണ്ടെന്ന് വച്ചിരിക്കുകയായിരുന്നു .

ഞാൻ ഒന്നും പറഞ്ഞില്ല .ഇവൻറ് മാനേജമെന്റ് ടീം തയാറാക്കിയ ഒരു ഫ്യൂഷൻ സോങ് അവിടെ ഉയര്ന്നു കേട്ടു .ചെറുപ്പക്കാരായ ഏതാനും പേർ വിസ്കി ഗ്ലാസും കയ്യിലേന്തി പതിയെ ചുവടുകൾ വച്ചു .

ആര്യന് കഴിക്കണ്ടെ ?

കഴിക്കാം .

ചെല്ലൂ .ഇപ്പോൾ കൗണ്ടറിൽ തിരക്ക് കുറവാണ് .

മിസ്സിസ് ദാസോ ?

എനിക്ക് വിശപ്പില്ല .

മിസ്റ്റർ ദാസ് വന്നിട്ട് കഴിക്കാനാണോ ?

അവരെന്നെ അത്ഭുതത്തോടെ നോക്കി .

ഞാൻ നിങ്ങൾക്കൊപ്പം കഴിച്ചെങ്കിലോ ?

എന്റെ നെഞ്ച് ഒന്ന് പിടഞ്ഞു .

വേണ്ട .

മിസ്റ്റർ ദാസിനു പകരം ഡിന്നർ ഷെയർ ചെയ്യാൻ വയ്യ .ആളുകൾ എന്ത് വിചാരിക്കും .

ഞാൻ അവരെ തടഞ്ഞു .

ഫുഡ്‌ റ്റേബിളിലേക്ക് ഞാൻ പോകുന്നതും നോക്കി അവർ വെറുതെയിരുന്നു .

പല തരം ഭക്ഷണങ്ങളുടെ കൂമ്പാരം അവിടെ കണ്ടു .കണ്ണും വായയും തുറന്ന വെന്ത മൽസ്യങ്ങൾ .പക്ഷിയുടെ രൂപത്തിൽ ചെത്തി എടുത്ത കാബേജ് .സ്റ്റിക്കിൽ കൊരുത്ത മാംസ കഷ്ണങ്ങൾ .അങനെ പലതും

ഞാൻ വെജ് ആണ് .

അവിടെ നിന്ന വെയ്റ്റർസ് എന്നെ പശുവിനെ എന്ന വണ്ണം നോക്കി .പറാത്തയും സബ്ജിയും അല്പം സാലഡും എടുത്തു ഞാൻ ഒരു കസേലയിൽ ഇരുന്നു .

അവിടെ കൂടി നിന്നവരിൽ ഏതാനും പേർ എന്നെ നോക്കി കൊണ്ട് നിന്നു .മിസിസ് ദാസ് സമ്മാനപൊതികൾ അഴിച്ചു നോക്കുന്ന ജോലി തുടർന്ന് കൊണ്ടിരുന്നു .

നിങ്ങൾ മിസ്സിസ് ദാസിന്റെ സുഹൃത് ആണോ ?

അല്ല .

എതിരെ വന്നു ചിരിക്കുന്ന രണ്ട് ചെറുപ്പക്കാരായ സുന്ദരികളുടെ ചോദ്യത്തിന് എളുപ്പമുള്ള ഉത്തരം കൊടുത്തു .

അവർ വീണ്ടും എന്തോ ചോദിക്കാനുണ്ട് എന്ന ഭാവത്തിൽ കസേലകൾ വലിചിട്ടു അതിലമർന്നു .

മിസ്റ്റർ ദാസിനു ഒപ്പം നിങ്ങൾ ജോലി ചെയ്തിട്ടുണ്ടോ ?

ഉണ്ട് .

എവിടെ ?

മുംബൈ ,മോർഗൻ സ്റ്റാൻലി .

ഐ സീ .

ഈ മിസിസ് ദാസ് ഒരു രാക്ഷസിയാണ് .അവർ രണ്ടു പേരും തുടർന്നു .

പറാത്തയിൽ സബ്ജി നനക്കുന്നതിനിടെ ഞാനവരെ നോക്കി .

സ്ലീവ് ലെസ് ബ്ലൗസിന്റെ എതാണ്ട് ഭാഗം എല്ലാം വിയർത്തു നനഞ്ഞിരിക്കുന്നു .

ഞങ്ങൾ പറഞ്ഞതല്ല .മിസ്റ്റർ ദാസ് അവരെ കുറിചു മുന്‍പ് പറഞ്ഞിട്ടുള്ളതാണ് .

ഉം .എന്റെ ഉത്തരം മൂളലിൽ ഒതുങ്ങിയപ്പോൾ അവർക്ക് ദേഷ്യം വരുന്നത് പോലെ തോന്നി .

മിസ്റ്റർ ദാസിനു ഞങ്ങളെ എല്ലാം വളരെ ഇഷ്ടമായിരുന്നു .

പറഞ്ഞു നിൽക്കെ ആ സ്ത്രീകളുടെ ഭർത്താക്കന്മാർഅങ്ങോട്ട് നടന്നു വന്നു .ശേഷം സ്ത്രീകൾ പറയാനിരുന്ന മിസ്റ്റർ ദാസിന്റെ വർണ്ണനകൾ അവരുടെ ചുണ്ടിൽ നിന്നും വറ്റി പോയി .

ഹു ഈസ് ഹി ?വന്ന പുരുഷന്മാരിൽ ഒരാൾ ചോദിച്ചു .

ദാസിന്റെ ഒരു പഴയ കുലീഗ് .

ശേഷം അവർ നാല് പേരും വീണ്ടും പാർട്ടി കൗണ്ടറിൽ പോയി .

ഞാൻ മിസ്സിസ് ദാസിനെ നോക്കി .ഒരു സമ്മനപൊതിയിൽ നിന്നും ലഭിച്ച വർണ മയിലിന്റെ മെറ്റാലിക് രൂപം അവർ ആസ്വദിക്കുകയാണ് .

കൈ കഴുകാൻ ഞാൻ അല്പം മാറിയുള്ള ബേസിനിലേക്ക് നടന്നു .

ഗേറ്റ്കടന്നു ഒരു കാറിന്റെ വെളിച്ചം വന്നു .അതിലേക്ക് നോക്കിയവർ കണ്ണടച്ച് പിടിച്ചു മിസ്റ്റർ ദാസ് എന്ന് വിളിച്ചു പറഞ്ഞു .

വിസ്കി ഗ്ലാസിലേക്ക് പകർത്തിയവർ അത് ടേബിളിൽ വച്ചു ദാസിന്റെ അരികിലെക്ക് പോയി .

മിസ്റ്റർ ദാസ് കാറിൽ നിന്നും ഇറങ്ങി .അയാൾക്ക് വയസ് കൂടിയിട്ടില്ല .

വിനയം കാണിച്ചു അടുത്ത് വന്നവരുടെ കൈകൾ സ്പർശിച്ചു അയാൾ സ്നേഹംഅറിയിച്ചു .

എനിക്കൊപ്പം സംസാരിച്ചിരുന്ന സ്ത്രീകൾ അവരുടെ പുരുഷന്മാരോട് കൂടെ ചെന്ന് മിസ്റ്റർ ദാസിനെ ആലിംഗനം ചെയ്തു .

എന്നിൽ പഴയ പടിയുള്ള വിനയം നഷ്ടപെട്ടിരുന്നു .അയാൾ ഇനിയെന്റെ മേധാവിയല്ല .പിന്നെ എന്തിനാണ് വിനയം .

ഞാൻ വർണ ബൾബുകൾ തൂക്കിയ ലൂബി വൃക്ഷത്തിന്റെ താഴെ വന്നു .

മിസിസ് ദാസ് സമ്മാനപൊതികൾ താഴെ വച്ചു അകലെ നിന്നും അയാളെ നോക്കി നിന്നു .അവരുടെ മുഖം ഒന്നും പറഞ്ഞു തരുന്നുണ്ടായിരുന്നില്ല .

ഇവെന്റ് മാനേജ്‌മന്റ് ഡി ജെ ഒരു ഇംഗ്ലീഷ് മെലഡിയിലേക്ക് മാറി .നോറ ജോൺസിന്റെ അതി മനോഹര ഹസ്കിവോയ്സ് .

മിസ്റ്റർ ദാസ് കൗണ്ടറിലെ വിസ്കി ഒരെണ്ണം എടുത്തു .അയാളുടെ എക്സ് സെക്രട്ടറി എന്ന് തോന്നും വിധം ഒരു സ്ത്രീ വന്നു അയാളെ ആലിംഗനം ചെയ്തു .

ശേഷം അയാൾ അവിടെ കൂടിയവർക്കൊപ്പം ഭക്ഷണം കഴിക്കാനിരുന്നു .

മിസ്സിസ് ദാസ് അപ്പോൾ വീണ്ടും പഴയ പടി വേദിയിൽ ഇരിക്കുന്നത് കണ്ടു .അവർ തുറന്നു നോക്കിയ സമ്മാനങ്ങൾ വീണ്ടും വീണ്ടും തുറന്നു നോക്കുന്നത് കണ്ടു .

മിസ്റ്റർ ദാസ് ഭക്ഷണം കഴിച്ചു കഴിയാറായിരുന്നു . ഇവൻറ് മാനേജ്മെന്റ് ടീമിനോട് ദാസിന്റെ മാനേജേഴ്സ് എന്തൊക്കെയോ സംസാരിച്ചു സെറ്റിൽ ചെയ്യുന്നത് കണ്ടു .

കൈകള്‍ ടേബിളിലെ ടിഷ്യുവില് തുടച്ചു ഞാൻ വേദിയിലേക്ക് നടന്നു .

അന്നേരം മിസ്സിസ് ദാസ് അവിടെ നിന്നും എഴുന്നേറ്റ് ലോണിൽ നിന്നും ഇറങ്ങി വീടിന്റെ അകത്തേക്ക് പോയിരുന്നു .

ഞാൻ അറിയാത്ത ഒരവസ്ഥയിൽ ചെന്ന് നിന്നു .

വേദിയിലെ വർണകടലാസ് പൊതികൾക്കുള്ളിൽ പൊട്ടിയ സമ്മാനങ്ങൾ കണ്ടു .പൊട്ടിയ ചില്ലുപാത്രങ്ങളും സ്ഫടികകുപ്പികളും അതിനിടയിൽ ഉടഞ്ഞ എന്റെ ബുദ്ധപ്രതിമയും .

രചന: ആര്യൻ തൃശൂർ

Leave a Reply

Your email address will not be published. Required fields are marked *