വീട്ടുകാർ കണ്ടെത്തിയ പയ്യനുമായുള്ള വിവാഹത്തിന് അവൾ സമ്മതിച്ചു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അപർണ്ണ അപ്പു

വിവാഹം കഴിഞ്ഞ് നാല് വർഷമായിട്ടും കുട്ടികൾ ആകാത്തത് കൊണ്ടാണ് അമ്മയുടെ നിർദേശപ്രകാരം ചികിത്സക്കായ് ലണ്ടനിൽ നിന്നും നാട്ടിലേക്ക് വന്നത്… അവിടുത്തെ ആശുപത്രിയിൽ ചികിൽസിച്ചിട്ടും ഫലം ഒന്നും ഉണ്ടാകാത്തത് കൊണ്ട് മിഥുനും എതിർപ്പ് പറഞ്ഞില്ല… നാട്ടിൽ വന്ന് ആദ്യത്തെ ഒരാഴ്ച മിഥുന്റെ വീട്ടിൽ നിന്നു… പിന്നീട് ചികിത്സയുടെ സൗകര്യത്തിനായ് സ്വന്തം വീട്ടിലേക്ക് മാറി…

ആദ്യമാദ്യം നല്ല രസമായിരുന്നു… ബന്ധുക്കൾ ഒക്കെ സന്ദർശനത്തിന് വരുന്നു, പഴയ കൂട്ടുകാർ ഒക്കെ വരുന്നു… അങ്ങനെ സമയം പോകുന്നത് അറിഞ്ഞില്ല… പക്ഷേ ദിവസങ്ങൾ കഴിയുന്തോറും ആകെ ഒരു ഏകാന്തത ആയി വന്നു… ഫോണും ടീവിയുമായി എത്ര സമയം ചിലവിടാൻ കഴിയും ഒരാൾക്ക്…

അങ്ങനെ ഇരുന്നു മടുത്ത് ഒരു ദിവസം തട്ടിൻപുറത്ത് വലിഞ്ഞുകയറി… പഴയ പുസ്തകങ്ങൾ കൂട്ടി ഇട്ടിരുന്നു… വെറുതെ അതെല്ലാം മറിച്ചു നോക്കി… എല്ലാം നോക്കുന്നതിനിടയിൽ ഒരു പുസ്തകത്താ ളിൽ നിന്നുമൊരു മയിൽ‌പീലി കിട്ടി… വർഷങ്ങൾക്ക് മുന്നേ പെറ്റുകൂട്ടും എന്ന് മോഹിച്ച് ഞാൻ സൂക്ഷിച്ച മയിൽ‌പീലി… അല്ല, അങ്ങനെ മോഹിപ്പിച്ച് വിഷ്ണു എനിക്ക് സമ്മാനിച്ച മയിൽ‌പീലി… ഓർമ്മകൾ ഒരുനിമിഷം പിന്നോട്ട് സഞ്ചരിച്ചു… ഒൻപതു വർഷങ്ങൾക്ക് മുന്നേ എഞ്ചിനീയറിംഗ് പഠിക്കാൻ എറണാകുളത്തേക്ക് യാത്രയായ ഒരു പാലക്കാടൻ പട്ടരു കുട്ടി… നാടും നാട്ടുവഴികളും മാത്രം പരിചയം ഉണ്ടായിരുന്ന അവൾക്ക് അത് അത്ഭുതങ്ങളുടെ ലോകമായിരുന്നു… ഫാഷനുകളുടെ ആ ലോകത്ത് അവളുടെ ആശ്വാസമായിരുന്നു പഴമയെ ഒത്തിരി സ്നേഹിച്ചിരുന്ന നാട്ടിൻപുറത്തുകാരൻ വിഷ്ണു… അവളുടെ സങ്കടങ്ങളിലെ ആശ്വാസം… ഒരേ ചിന്താഗതിക്കാരായതിനാൽ അവർ പെട്ടന്നടുത്തു… സൗഹൃദം പ്രണയത്തിന് വഴിമാറി… പ്രണയമെന്നാൽ അസ്ഥിക്ക് പിടിച്ച നല്ല അസ്സൽ പ്രണയം… രണ്ടു ജാതിയിൽ പെട്ടവരായ അവരുടെ പ്രണയം മീരയുടെ വീട്ടുകാർ എതിർക്കും എന്ന ഉത്തമബോധ്യം ഉണ്ടായിരുന്നിട്ടും എവിടെയോ അവളുടെ മനസ്സിൽ അവൻ മാത്രമായി…

പഠിപ്പ് കഴിഞ്ഞു നാട്ടിൽ എത്തി വേറെ വിവാഹം ആലോചിച്ചു തുടങ്ങിയപ്പോൾ സധൈര്യം വിഷ്ണുവിന്റെ കാര്യം വീട്ടിൽ പറഞ്ഞു… പ്രതീക്ഷിച്ചത് പോലെ തന്നെ അത് വല്യ പ്രശ്നമായി… പക്ഷേ അവൾ ഉറച്ചു നിന്നു… വിഷ്ണു കൂട്ടുകാർക്കൊപ്പം അവളെ കാണാൻ എത്തുന്ന നാൾ വരെ… പുറത്തുവെച്ചായിരുന്നു കൂടിക്കാഴ്ച… അവളുടെ പരാതികളും പരിഭവങ്ങളും കേൾക്കാൻ നിൽക്കാതെ യാതൊരു ദാക്ഷിണ്യവും ഇല്ലാതെ വന്ന കാര്യം അവൻ പറഞ്ഞു… അമേരിക്കക്ക് പോകാൻ ഒരു സ്‌കോളർഷിപ്പ് കിട്ടിയിട്ടുണ്ട്, പോവുകയാണ്… വീട്ടുകാർ പറയുന്നത് അനുസരിക്കുക… വീട്ടുകാരുടെ സ്നേഹത്തെ കുറിച്ച് അവൻ വാതോരാതെ വർണ്ണിച്ചപ്പോൾ അവൾ ഒന്നേ തിരിച്ചു ചോദിച്ചുള്ളൂ ” അപ്പൊ നമ്മുടെ സ്നേഹത്തിന് ഒരു വിലയും ഇല്ലേ…?

” മറുപടി ഒന്നും പറയാതെ അവൻ തിരിച്ചു പോയി… വൈകിട്ട് സുഹൃത്തിൽ നിന്നുമാണ് അറിഞ്ഞത് അവന് കിട്ടിയ സ്‌കോളർഷിപ്പ് കൂടെ ജോലി ചെയുന്നു അമേരിക്കയിൽ സെറ്റിൽഡ് ആയ ദമ്പതികളുടെ ഏക മകൾ അഖിലയാണെന്ന്… മറ്റൊരു പെണ്ണിന് വേണ്ടി തന്നെ ഉപേക്ഷിച്ചു പോയ അവന് വേണ്ടി ഇനിയും കണ്ണുനീർ ഒഴുക്കില്ലെന്ന് അവൾ തീരുമാനിച്ചു… അങ്ങനെ വീട്ടുകാർ കണ്ടെത്തിയ പയ്യനുമായുള്ള വിവാഹത്തിന് അവൾ സമ്മതിച്ചു… ആദ്യത്തെ കുറി അയച്ചത് വിഷ്ണുവിനാണ്… അന്ന് അവൾ അവനെ തന്റെ മറവിയിലേക്ക് തള്ളിയിട്ടതാണ്… പിന്നെ ഇപ്പോഴാണ്…

“മീരേ….”

കാണാത്തത് കൊണ്ട് അമ്മ വിളിക്കാണ്…

“ദാ വരുന്നൂ…”

താഴേക്ക് ഇറങ്ങിയിട്ടും മനസ്സിൽ വിഷ്ണുവിനെക്കുറിച്ചുള്ള ചിന്തകളായിരുന്നു… ഒരിക്കൽ കൂടി ഒന്ന് കാണാൻ കൊതി തോന്നി… വെറുതെ ഒന്ന് സംസാരിക്കാൻ… അങ്ങനെ രണ്ടു ദിവസം കഴിഞ്ഞ് കൂട്ടുകാരിയുടെ വീട്ടിലേക്ക് എന്ന് നുണ പറഞ്ഞ് ഞാൻ എറണാകുളത്തേക്ക് യാത്ര തിരിച്ചു… പഴയ ഓർമ്മകൾ വെച്ച് അവന്റെ വീട് കണ്ടുപിടിച്ചു… വിഷ്ണുവിന്റെ അനിയനാണ് വാതിൽ തുറന്നത്… വിശാഖ്…

“ഞാൻ വിഷ്ണുവിന്റെ ഫ്രണ്ട് ആണ്…”

“മീരേച്ചിയല്ലേ, എനിക്കറിയാം… വാ… കയറിയിരിക്ക്…”

അകത്തു കയറി… കുറച്ച് നേരം സംസാരിച്ചിരുന്നു… അച്ഛനും അമ്മയും ഒരു ബന്ധുവിനെ കാണാൻ ഹോസ്പിറ്റലിൽ പോയി എന്ന് അവൻ പറഞ്ഞു… വിഷ്ണുവിനെ കാണാത്തത് കൊണ്ട് എനിക്ക് തോന്നി അവൻ അമേരിക്കയിൽ ആവും എന്ന്… എങ്കിലും ചോദിച്ചു…

“വിഷ്ണു അമേരിക്കയിൽ ആണല്ലേ…? ”

മറുപടിയായി അവൻ വെറുതെ ചിരിച്ചു…

“ഏട്ടത്തിയും കുട്ടികളും ഒക്കെ സുഖമായി ഇരിക്കുന്നോ..? ”

“ഉവ്, സുഖം…”

പിന്നെയും കുറച്ച് നേരം സംസാരിച്ചിരുന്നു… വീണ്ടും അവിടെ ഇരിക്കുന്നത് അരോചകമായി തോന്നിയത് കൊണ്ട് ഞാൻ യാത്രപറഞ്ഞ് എഴുന്നേറ്റു… ഇറങ്ങാൻ നേരം പറഞ്ഞു…

“വിഷ്ണുവിനെ ഒന്ന് കാണണം എന്നുണ്ടായിരുന്നു…”

“അത്രക്ക് നിർബന്ധമാണോ…”

“നിർബന്ധമല്ലെടാ, വെറുതെ ഒന്ന് കാണാൻ മാത്രം… ഒരുകാലത്ത് ജീവനേക്കാൾ ഏറെ സ്നേഹിച്ചതല്ലേ… എങ്ങനെ അവന് മാറാൻ സാധിച്ചു എന്നറിയാൻ… വെറുതെ എന്റെ മനസ്സിനെ ഒന്ന് ആശ്വാസിപ്പിക്കാൻ…”

“ചേച്ചി വാ…”

അവൻ എന്നെയും കൊണ്ട് തെക്കേത്തൊടിയിലേക്ക് നടന്നു… അവിടെ ഒരു അസ്ഥിത്തറ…

“ദാ അവിടെയാ എന്റെ ചേട്ടൻ മയങ്ങുന്നത്…”

ഒരു പകപ്പോടെ കേട്ടത് വിശ്വസിക്കാനാകാതെ ഞാൻ അവനെ നോക്കി… എന്റെ നോട്ടത്തിന് മറുപടി എന്നോണം സ്വന്തം മകളുടെ ജീവിതം തിരികെ ആവശ്യപ്പെട്ട് കണ്ണീരോടെ വന്ന എന്റെ അച്ഛന്റെയും അമ്മയുടെയും കഥ അവനെനിക്ക് പറഞ്ഞുതന്നു… ഒപ്പം സ്വന്തം പെണ്ണിന്റ കഴുത്തിൽ മറ്റൊരാൾ താലി ചാർത്തിയ നിമിഷം സ്വന്തം കഴുത്തിൽ കുരുക്കിട്ട് ഈ ലോകത്തോട് വിട പറഞ്ഞ ഒരു കാമുകന്റെ കഥയും…

എല്ലാം കേട്ട് കണ്ണുനീരോടെ ആ കുഴിമാടത്തിങ്കൽ വീണ് കരയാനേ അപ്പോഴെനിക്ക് കഴിഞ്ഞുള്ളൂ…

രചന: അപർണ്ണ അപ്പു

Leave a Reply

Your email address will not be published. Required fields are marked *