അയാൾ നിറഞ്ഞ ചിരിയോടെ എന്നെയൊന്നു നോക്കി…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: നവ ദുർഗ

“ഈ നിൽക്കുന്ന ആര്യയേ എന്റെ പെണ്ണായിട്ട് എനിക്ക് തരുമോ?? ഈ വീട്ടിലെ രാജകുമാരിയാണ് ഇവൾ എന്നെനിക്കറിയാം…. പൊന്ന് പോലെ നോക്കാം എന്ന് പറയാനാകില്ല എനിക്ക്.. പക്ഷെ അവളുടെ കണ്ണുകൾ സന്തോഷത്തോടെയല്ലാതെ കരയാൻ ഞാൻ ഇടവരുത്തില്ല….. ”

ഉറച്ച ശബ്ദത്തോടെ അയാളത് പറയുമ്പോൾ അച്ഛൻ മുഖത്തൊരു പുഞ്ചിരി വരുത്തി അയാളുടെ കൈയിൽ പിടിച്ചു കൊണ്ട് എന്നെ നോക്കി….

ഞാൻ ഒന്നും മിണ്ടാതെ താഴേക്ക് നോക്കി നിന്നു….

അയാൾ നിറഞ്ഞ ചിരിയോടെ എന്നെയൊന്നു നോക്കി ഫോൺ നമ്പർ അച്ഛന് ഒരു കടലാസ്സിൽ എഴുതി കൊടുത്ത് അമ്മയെയും കൂട്ടി വണ്ടിയിൽ കയറി പോയി….

———————————-

പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു അച്ഛമ്മയുടെ മരണം…. അച്ഛനന്ന് ഗൾഫിൽ ആയത് കൊണ്ട് തന്നെ വീട്ടിൽ ഒറ്റക്കവണ്ട എന്ന് കരുതി എന്നെയും അമ്മയെയും അമ്മവീട്ടിലേക്ക് പറിച്ച് നട്ടു…

അവിടുത്തെ സ്കൂളിൽ പ്ലസ് വണ്ണിന് ചേർത്തു…

പുതിയ നാട് പുതിയ സ്കൂൾ… ആരെയും പരിചയം ഇല്ലാത്തത് കൊണ്ട് തന്നെ ഒറ്റക്കായിരുന്നു പോക്കും വരവും….

സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിക്ക് ഒരു കോളേജ് ഉണ്ട്….. അതീകൂടെ പോകാൻ തന്നെ പേടിയാ..

ഒറ്റക്ക് പോകുന്ന പെൺകുട്ടികളെ ആ കോളേജിലെ പയ്യന്മാർ എല്ലാരും കൂടി കമന്റ്‌ അടിക്കുന്ന പരിപാടി ഉണ്ടായിരുന്നു… എനിക്കാണേൽ കൂടെ അരും ഇല്ലാത്തത് കൊണ്ട് ഭയങ്കര പേടിയാണ്…. ആദ്യത്തെ ദിവസം വല്യേ കുഴപ്പമില്ലായിരുന്നു എങ്കിലും രണ്ടാമത്തെ ദിവസം പെട്ടു…

ഒരു ചേട്ടൻ തടഞ്ഞു നിർത്തി….

”നിന്റെ പേരെന്താ…?”

“അ ആര്യ…. ” പേടിച്ച് വിറച്ചാണ് പറഞ്ഞത്…

“ഹ്മ്മ്… നിനക്ക് വിക്കുണ്ടോ?” ഞാൻ ഇല്ലെന്നർത്ഥത്തിൽ തലയാട്ടി

“മനുവേ… അവളെ വിട്ടേക്ക്…. എന്റെ കസിൻ ആണ്… ”

പേര് ചോദിച്ച ചേട്ടന്റെ പിറകിലായ് വേറൊരു ചേട്ടൻ….. ഞാനറിയാത്ത എന്റെ കസിനോ?? ഞാൻ സംശയഭാവത്തോടെ അയാളെ നോക്കിയപ്പോൾ ആൾ കണ്ണിറുക്കി കാണിച്ച് എന്നോട് പൊയ്ക്കോളാൻ പറഞ്ഞു….

ഒരു നന്ദി പറയണം എന്നുണ്ടായിരുന്നു… പക്ഷേ ധൈര്യം ഇല്ലാത്തത് കൊണ്ട് തിരിഞ്ഞു നോക്കാതെ ഒരൊറ്റ ഓട്ടം

പിന്നീട് ഞാൻ പോകുന്ന വഴിയിൽ എല്ലാം അയാളെ കാണമായിരുന്നു… വീട്ടിലേക്ക് ഞാൻ ഒറ്റക്കാണ് പോകുന്നത് എന്ന് മനസ്സിലാക്കിയത് കൊണ്ടാകാം വീടിന്റെ ഗേറ്റിന്റെ അത് വരെ അയാൾ കൂടെ കാണും….

ഒരു വാക്ക് പോലും എന്നോട് മിണ്ടിയിട്ടില്ല…. പക്ഷെ എന്നും ആ ചിരിക്കുന്ന കണ്ണുകളെ കാണുന്നത് ഒരു സന്തോഷവും സമാധാനവും സുരക്ഷിതത്വവും ആയിരുന്നു….

പിന്നീട് പ്ലസ് one അവധിക്ക് കുറെ ദിവസം അയാളെ കാണാതെ പിടിച്ചു നിന്നെങ്കിലും എന്തോ ഒരു നോക്ക് കാണണം എന്ന് തോന്നി ഞാൻ ആ കോളേജിന് മുന്നിലൂടെ പോകുമായിരുന്നു…. പക്ഷെ അയാളെ മാത്രം കണ്ടില്ല….

പിന്നീട് അവധി കഴിഞ്ഞു പ്ലസ് two ക്ലാസ്സ്‌ തുറന്നു….. ആദ്യത്തെ ദിവസം അയാളെ കാണമെന്ന പ്രതീക്ഷയിൽ റോഡിലൂടെ നടന്നെങ്കിലും അയാളെ കണ്ടില്ല….. പകരം അന്ന് പേര് ചോദിച്ച ചേട്ടൻ ആയിരുന്നു അയാളുടെ സ്ഥാനത്ത്…

ആ ചേട്ടൻ എന്നെ വീട് വരെ ആക്കിയിട്ടേ തിരിച്ചു പോകുമായിരുന്നുള്ളു….. ഉള്ളിലെന്തോ സങ്കടം ഉടലെടുത്തു….. സ്കൂൾ തുറന്നാൽ എങ്കിലും കാണാമല്ലോ എന്ന് കരുതിയായിരുന്നു പ്രതീക്ഷയോടെ പോയത്……

പിറ്റേ ദിവസവും പതിവ് പോലെ സ്കൂൾ ഗേറ്റ് കടന്നപ്പോൾ പേര് ചോദിച്ച ചേട്ടൻ എന്നെ പിന്തുടരാൻ തുടങ്ങി….

അങ്ങനെ ധൈര്യം സംഭരിച്ച് ഞാൻ അയാളോട് ചോദിച്ചു….

“എന്റെ കസിൻ എന്ന് പറയുന്ന ആൾ ആണല്ലോ ഇവിടെ ഉണ്ടാവാറ്? ആൾ എവിടെ? ”

അപ്പോൾ ആ ചേട്ടനൊരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു…

“കിരണേട്ടൻ തന്റെ കസിൻ ഒന്നുമല്ല എന്നെന്നോട് പറഞ്ഞു…. ഏട്ടൻ കഴിഞ്ഞ വർഷത്തോടെ പിജി കഴിഞ്ഞു എന്റെ ഒരു കൊല്ലം സീനിയർ ആയിരുന്നു നാട് മലപ്പുറം ആണ് ….. എന്നോട് ഈ വർഷം മുഴുവൻ തന്നെ നോക്കിക്കോണം എന്ന് പറഞ്ഞിട്ടാ പോയേക്കുന്നെ…”

കിരൺ… ! പേര് പോലും ഇപ്പോഴാ അറിയുന്നേ….

“അയാൾ എന്തിനാ എന്നെ നോക്കാൻ ചേട്ടനോട് പറയുന്നേ?”

“അത് ശരി കഴിഞ്ഞ വർഷം മുഴുവൻ തന്റെ പുറകേ നടന്നിട്ട് എന്താ ചോദിക്കാഞ്ഞേ…? ”

ആ ചോദ്യത്തിൽ ഞാനാകെ പതറി… ശരിയാണ്…. ഒരുപക്ഷെ ചോദിച്ചിരുന്നെങ്കിൽ ഇനി ആ സുരക്ഷിതത്വം കിട്ടിയില്ലെങ്കിലോ എന്ന ഭയമാകാം….

പിന്നീട് ഞാൻ ഒന്നും ചോദിച്ചില്ല…. അയാൾ ഇങ്ങോട്ടും സംസാരിച്ചില്ല… കിരൺ ഏട്ടനെ കുറിച്ച് ചോദിക്കണം എന്നുണ്ടായിരുന്നു എങ്കിലും ചോദിച്ചില്ല…

പിന്നീട് ഒരു വർഷക്കാലം മനു ചേട്ടൻ ആയിരുന്നു സംരക്ഷകൻ…. ഒരു ചേട്ടന്റെ സ്ഥാനത്തു നിന്ന് എന്നെ സംരക്ഷിച്ചു…

പ്ലസ് ടൂവിന് ശേഷം പരീക്ഷ കഴിഞ്ഞു നല്ല റിസൾട്ട്‌ കിട്ടി മഹാദേവനോട്‌ നന്ദി പറഞ്ഞു കൊണ്ട് അമ്പലനടയിൽ നിന്നും തിരികെ വരുമ്പോഴായിരുന്നു ഒരു വർഷം തേടിക്കൊണ്ട് നടന്ന ആ മുഖം വീണ്ടും കണ്ടത്……..

എന്നെ കണ്ടതും പുഞ്ചിരിയോടെ ആൽത്തറയിൽ നിന്നെഴുന്നേറ്റു.. അടുത്തേക്ക് വന്നു…. അങ്ങോട്ടും ഇങ്ങോട്ടും ഒന്നും ഇത് വരെ സംസാരിച്ചിട്ടില്ലെങ്കിലും ഇത്രയും ദിവസം കാണാതെ ഇരുന്നതിലെന്തോ ഒരു പരിഭവം ഉള്ളിൽ നിറയുന്നുണ്ടായിരുന്നു…..

“ആര്യാ…. ” ഞാൻ ഒന്ന് മൂളുകയല്ലാതെ വേറൊന്നും പറഞ്ഞില്ല…

“എടൊ…. എനിക്കൊരു കാര്യം പറയാനുണ്ട്….. ”

“ഹ്മ്മ് പറഞ്ഞോളൂ….” പറയാൻ പോകുന്നത് നാവ് പറയുന്നതിന് മുമ്പേ ആ ഹൃദയം പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു….

“എടൊ എനിക്ക് തന്നെ ഇഷ്ടാണ്… താൻ പേടിക്കണ്ട പ്രേമം ആണെന്ന് പറഞ്ഞു പിറകെ വരികയോ ഒന്നും ചെയ്യില്ല…. തന്നോടിത് പറയണമെങ്കിൽ എനിക്കൊരു യോഗ്യത വേണ്ടേ?? അതിനായുള്ള നെട്ടോട്ടത്തിൽ ആയിരുന്നു ഈ ഒരു വർഷക്കാലം… psc റാങ്ക് ലിസ്റ്റിൽ പേര് വന്നിട്ടുണ്ട്… വൈകാതെ പ്ലേസ്മെന്റ് ആകും… തന്റെ പഠിത്തം ഒക്കെ കഴിഞ്ഞിട്ട് ഞാൻ വീട്ടിൽ വന്നു ആലോചിക്കാം… പക്ഷെ അതിനു മുമ്പേ തന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോന്നറിയണം…. ഇല്ലെങ്കിൽ ഇനി വേറെ ആരേം കേറ്റണ്ട എന്ന് കൂടി ഓർമ്മിപ്പിക്കാനാ ഞാൻ വന്നത്…. ”

ഒറ്റ ശ്വാസത്തിൽ അദ്ദേഹം ഇത് പറഞ്ഞു അവസാനിപ്പിച്ചപ്പോൾ എന്താണ് പറയണ്ടത് എന്നൊരു ഐഡിയ ഇല്ലായിരുന്നു……

“എന്തായാലും എന്റെ പഠിത്തം ഒക്കെ കഴിഞ്ഞിട്ടല്ലേ അത് അപ്പൊ ആലോചിക്കാം….. “എന്ന് പറഞ്ഞു കൊണ്ട് തിരിഞ്ഞ് നോക്കാതെ ഞാൻ നടന്നു പോയി…

വീട്ടിൽ എത്തിയപ്പോൾ അമ്മ എന്നെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു…. വീട്ടിൽ അമ്മാവനും വന്നിട്ടുണ്ട്….

അവരെന്തോ സംസാരത്തിൽ ആണ്

“അവൾ കുഞ്ഞല്ലേ ഏട്ടാ…. ഇതാണെങ്കിൽ പഠിക്കുന്ന പ്രായോം”

“ജാതകത്തിൽ ഇങ്ങനെ ആണെങ്കിൽ നമ്മളെന്ത് ചെയ്യാനാ….?”

ഞാൻ വന്നതും രണ്ടാളെയും മാറി മാറി നോക്കി….

“കുഞ്ഞീ… അമ്മാവൻ ചന്ദ്രയുടെ (അമ്മാവന്റെ മോളുടെ) മോളുടെ ജാതകം നോക്കിച്ചിരുന്നു… ഒപ്പം മോളുടേം… അതിൽ 20 വയസ്സിനു മുമ്പേ കല്യാണം കഴിയണം ന്നാ…”

ആകേ അന്തം വിട്ട് പോയി ഞാൻ…. ഒന്നും പറയാതെ അകത്തേക്ക് കയറിപ്പോയി…. കുറച്ചു കഴിഞ്ഞപ്പോഴേക്കും ജാതക കാര്യം നാട്ടിലും വീട്ടിലും പാട്ട് ആയി…..

ഇത് കഴിഞ്ഞു കൃത്യം രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും അച്ഛൻ നാട്ടിലോട്ട് ലാൻഡ് ചെയ്തു….

ചന്ദ്രേചിയേക്കാൾ മുൻഗണന ഇപ്പൊ എനിക്കാണ്…. എല്ലാവരും തലങ്ങും വിലങ്ങും അന്വേഷിക്കുന്നു…. എനിക്കാണേൽ എങ്ങനെയെങ്കിലും ഈ കാര്യം അയാളെ അറിയിക്കണം എന്നായിരുന്നു….

ഞാൻ മനു ചേട്ടന്റെ കോളേജിന് മുമ്പിൽ പോയി ഗേറ്റ് ന്റെ അടുത്ത് തന്നെ ആൾ ഉണ്ടായിരുന്നു…. എന്നെ കണ്ടപ്പോൾ കാര്യം തിരക്കി

“എനിക്ക്…. കിരണേട്ടന്റെ നമ്പർ വേണം” അത് കെട്ട് പുഞ്ചിരിയോടെ അയാൾ ഫോൺ എടുത്തു കിച്ചേട്ടൻ എന്ന് പറഞ്ഞു സേവ് ചെയ്ത നമ്പറിലേക്ക് വിളിച്ചു …

റിങ് പോയതും മനുവേട്ടൻ ഫോൺ എനിക്ക് തന്നു….എന്താണ് പറയണ്ടത് എന്നൊരു പിടിയും ഉണ്ടായിരുന്നില്ല…

അവിടെ ന്ന് ഹലോ കേട്ടതും ഹൃദയം നിന്നത് പോലെ തോന്നി…

“ഹാ ഹലോ…. ”

“ആര്യ…?”

“ആഹ്… ആര്യയാ…. എന്നെ കെട്ടണെൽ ഇപ്പൊ വീട്ടിൽ വന്നു ചോദിക്കണം…. ഇല്ലെങ്കിൽ വേറെ വല്ലോർക്കും കെട്ടിച്ചു കൊടുത്തിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ല….നേയും അമ്മയെയും കൺവിൻസ് ചെയ്യാമെങ്കിൽ എനിക്ക് താല്പര്യകുറവൊന്നുമില്ല… ”

ഇത്രയും പറഞ്ഞു കൊണ്ട് മറുപടിക്ക് കാത്ത് നിൽക്കാതെ ഫോൺ മനു ചേട്ടന് കൊടുത്തുകൊണ്ട് ഞാൻ പോയി…

രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരു വിവരോംഇല്ല…. അവസാനം അമ്മാമ ഒരാൾ നാളെ പെണ്ണ് കാണാൻ വരുന്നുണ്ടെന്ന് പറഞ്ഞു….

വേണ്ട എന്ന് പറയണം എന്നുണ്ടെങ്കിലും പറ്റുന്നില്ല….

ഹും അയാൾക്ക് വേണ്ടെങ്കിൽ നിക്കും വേണ്ട… അത്രന്നെ… ദേഷ്യം മൊത്തം കണ്മഷിയിൽ തീർത്തത് കൊണ്ടാകും കണ്ണെല്ലാം നിറയുന്നു…. ഒരു വിധം റെഡിയായി പെണ്ണ് കാണലിനായി പോയി നിന്നു….

“മോനെ കിച്ചു…. പെണ്ണിനോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ ചോദിക്കടാ…. ”

ആ പേര് കേട്ടതും ഞാൻ തലയുയർത്തി നോക്കി….. മുന്നിൽ പുഞ്ചിരിയോടെ കിരണേട്ടൻ ഇരിക്കുന്നു… അദ്ദേഹം അന്ന് ആദ്യം കണ്ടപ്പോഴെന്ന പോലെ കണ്ണിറക്കി കാണിച്ചു

കിരണേട്ടൻ അച്ഛന്റെ അടുത്ത് ആണ് പോയത്… എന്നിട്ടാ കയ്യിൽ കൂട്ടിപിടിച്ചു

“ഈ നിൽക്കുന്ന ആര്യയേ എന്റെ പെണ്ണായിട്ട് എനിക്ക് തരുമോ?? ഈ വീട്ടിലെ രാജകുമാരിയാണ് ഇവൾ എന്നെനിക്കറിയാം…. പൊന്ന് പോലെ നോക്കാം എന്ന് പറയാനാകില്ല എനിക്ക്.. പക്ഷെ അവളുടെ കണ്ണുകൾ സന്തോഷത്തോടെയല്ലാതെ കരയാൻ ഞാൻ ഇടവരുത്തില്ല…..”

———————————-

“ഹാ…. എല്ലാം എന്ത് പെട്ടെന്നായിരുന്നു ലേ….?” ബാഗ് പാക്ക് ചെയ്യുന്നതിന്റെ ഇടയിൽ ഞാൻ ഇടം കണ്ണിട്ട് നോക്കി കിച്ചേട്ടനോട് ചോദിച്ചു….

“അതെ…. കല്യാണോം കൊറോണയും ലോക് ഡൗണും…. ഒരു വർഷം എത്ര പെട്ടെന്നാ പോയത് പെണ്ണെ…?”

“അയ്യടാ….. ഞാൻ ഉള്ളോണ്ട്… അല്ലേല് നിങ്ങളൊക്കെ ബോറടിച്ചു ചത്തേനെ മനുഷ്യാ…. ” ഞാൻ ഗാർവോടെ ബാഗ് പാക്ക് ചെയ്യാൻ തുടങ്ങി….

അല്ല ബാഗ് പാക്ക് ചെയ്യുന്നത് എന്തിനാന്ന് പറഞ്ഞില്ലാലോ…. കെട്ട് കഴിഞ്ഞു എങ്കിലും പഠിത്തം നിർത്താൻ ഇങ്ങേരു സമ്മതിച്ചില്ല പിന്നെ ഇത്രേം കാലം കൊറോണ കാരണം ഒരു റീലാക്സിയേഷൻ ഉണ്ടായിരുന്നു… പക്ഷെ ഇപ്പൊ ദേ സെമെസ്റ്റർ എക്സാം സ്റ്റാർട്ട്‌ ചെയ്തു….

പെട്ടീം കിടക്കേം എടുത്തു പോവാ ഹോസ്റ്റലിൽ…. അതിന്റെ വല്ല സങ്കടോം ഇയാളുടെ മുഖത്ത് ഉണ്ടോന്ന് നോക്കിയേ…

“ഉം… സങ്കടപ്പെട്ടിട്ടൊന്നും കാര്യമില്ല മോളൂസേ…. നിന്റെ തന്തപ്പടി മാധവൻ നായർക്കേ കെട്ട് കഴിഞ്ഞാലും പഠിപ്പിച്ചോളാം എന്നൊരു വാക്ക് കൊടുത്തിട്ടാ കെട്ടിയത്…. മര്യാദക്ക് സപ്ലിയില്ലാതെ ഡിഗ്രി പാസ് നമുക്ക് ഇതോടെ നിർത്തി psc പഠിക്കാം… അല്ലേല് ഞാൻ നിന്നെ പഠിപ്പിച്ച് പിജി കൂടെ ചെയ്യിക്കും ഹാ… ”

“അയ്യോ വേണ്ടായേ…. ഞാൻ പഠിച്ചോളാമേ… ”

*************

കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികം… ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി സാമ്യം തോന്നിയാൽ അത്….. ആ അങ്ങനെ ഇപ്പൊ തോന്നേണ്ട 🏃‍♀️🏃‍♀️🏃‍♀️🏃‍♀️

ലൈക്ക് കമന്റ് ചെയ്യണേ…

രചന: നവ ദുർഗ

Leave a Reply

Your email address will not be published. Required fields are marked *