അമ്മയാണെങ്കിലും ഭാര്യയാണെങ്കിലും രണ്ടു പേരെയും പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കണം…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: കൃഷ്ണപ്രിയ

” നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല…വളർത്തു ദോഷം അതു തന്നെ…നിന്നെ പോലൊരുത്തിയെ എന്റെ തലയിൽ കെട്ടി വെച്ച നിന്റെ തന്തയെയും തള്ളയെയും പറഞ്ഞാൽ മതിയല്ലോ….”

ചാടിത്തുള്ളികൊണ്ടയാൾ വാതിൽ വലിച്ചടച്ചു പുറത്തേക്ക് പോയി…..

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി….

ഓർമകൾ പുറകിലേക്ക് സഞ്ചരിച്ചു…..

” മോളെ നീലിമേ…..വേഗം ഒരുങ്ങി നിൽക്ക് നിന്നെ കാണാൻ ഒരു കൂട്ടര് വരുന്നുണ്ട്….”

‘അമ്മ വന്നു പറഞ്ഞത് കേട്ട അവളുടെ മുഖം വാടി…

“ഇതെത്രാമത്തെയാ അമ്മേ……എല്ലാവരും വന്നു കണ്ടു പോകും എന്നിട്ട് വിളിച്ചു പറയും പെണ്ണിന് നിറം പോരാ..സ്ഥലം പോരാ സ്വത്ത് പോരാ….എന്നൊക്കെ…എന്തിനാ അമ്മേ ഇങ്ങനെ…എനിക്ക് വയ്യ ഓരോരുത്തരുടെ മുമ്പിൽ പോയി കാഴ്ചവസ്തുവായി നിൽക്കാൻ…മടുത്തു എനിക്ക്…”

നീലിമ നിരാശയോടെ പറഞ്ഞു…

“മോളു വിഷമിക്കേണ്ട…ഇതു നടക്കും ‘അമ്മ ദേവിക്ക് വഴിപാട് നേർന്നിട്ടുണ്ട്….”

‘അമ്മ സന്തോഷത്തോടെ പറഞ്ഞു…എന്തോ അമ്മയുടെ മുഖം കണ്ടപ്പോൾ അവൾക്ക് മറുത്തൊന്നും പറയാൻ തോന്നിയില്ല….

അവൾ വേഗം കുളിച്ച് ഒരു ചുരിദാറും എടുത്തിട്ട് ഒരുങ്ങി…കുറച്ചു കഴിഞ്ഞതും അവർ വന്നു…ചെക്കനും പെങ്ങളും അളിയനും…

ചെക്കനെ കണ്ടതും എല്ലാവരുടെയും മുഖം വാടി….അയാൾക്ക് നല്ല പ്രായം തോന്നിക്കുന്നുണ്ടായിരുന്നു….

അങ്ങനെ ചായ കുടിയും പെണ്ണുകാണാലും എല്ലാം കഴിഞ്ഞ് അവർ പോകാൻ ഇറങ്ങി…. വൈകുന്നേരം അവരുടെ വിളി വന്നു..പെണ്ണിനെ ഇഷ്ടപ്പെട്ടെന്ന് പറഞ്ഞ്… അങ്ങനെ രണ്ടാഴ്ചക്കുള്ളിൽ പോക്കുവരവുകൾ എല്ലാം നടത്തി വിവാഹം ഉറപ്പിച്ചു…

മോളെ ഇഷ്ടപ്പെട്ടത് തന്നെ വലിയ കാര്യമായി തോന്നിയ അവർക്ക് ഏറ്റവും വലിയ ആശ്വാസം ആയിരുന്നു സ്ത്രീധനം ഒന്നും ചോദിക്കാതിരുന്നത്…അങ്ങനെ വിവാഹം ഉറപ്പിച്ചപ്പോൾ മുതൽ ഫോൺ വിളി തുടങ്ങി…ഫോണിൽ നല്ല സ്നേഹത്തിൽ ആയിരുന്നു അരുൺ സംസാരിച്ചു കൊണ്ടിരുന്നത്…

നിശ്ചയത്തിന് ശേഷമുള്ള നാലുമാസത്തെ ഇടവേള പരസ്പരം മനസ്സിലാക്കാനുള്ള സമയമായി നീലിമക്ക് തോന്നി…പ്രായം കൂടുതൽ ആണെങ്കിലും അരുണിന് തന്നോട് സ്നേഹമുണ്ടെന്ന കാര്യത്തിൽ അവൾ സമാധാനിച്ചു…

അങ്ങനെ വിവാഹം കഴിഞ്ഞു നീലിമ വലതുകാൽ വെച്ച് അരുണിന്റെ വീട്ടിലേക്ക് കയറി….ആദ്യത്തെ അഞ്ച് മാസം നല്ല സ്നേഹമായിരുന്നു എല്ലാവർക്കും….വിവാഹം കഴിഞ്ഞു അഞ്ചാം മാസം അരുണിന്റെ അച്ഛൻ മരിച്ചു…അതോടെ അരുണിന്റെ അമ്മയുടെയും പെങ്ങളുടെയും സ്വഭാവം മാറി തുടങ്ങി…. എന്നും സ്വത്തിന്റെയും പണത്തിന്റെയും കാര്യം പറഞ്ഞ് കുത്തിക്കൊണ്ടിരുന്നു..എല്ലാം അവൾ നിശബ്ദം ക്ഷമിച്ചു… മരിച്ചു പണിയെടുത്താൽ പോലും ഒന്നും ചെയ്തില്ലെന്ന് നാട്ടുകാരോടും ബന്ധുക്കളോടും അവർ കുറ്റം പറയാൻ തുടങ്ങി….ഒരു ചീത്തപ്പേരും കേൾപ്പിക്കാതെ ജീവിച്ചിട്ടും വിവാഹത്തിന് മുമ്പ് മറ്റാണുങ്ങളോടൊപ്പം നടന്നവളല്ലേ നീ എന്ന് അമ്മായിയമ്മ മുഖത്തു നോക്കി ചോദിച്ചു…. അതു മാത്രം സഹിക്കാൻ പറ്റിയില്ല…അന്നാദ്യമായി നീലിമ അവർക്ക് നേരെ ശബ്ദം ഉയർത്തി…ജോലിയെക്കുറിച്ചു കള്ളം പറഞ്ഞല്ലേ വിവാഹം നടത്തിയതെന്ന് തുറന്ന് ചോദിച്ചു…..അതോടെ മറ്റൊരു പേരും ചാർത്തിക്കിട്ടി അഹങ്കാരി…പറയാൻ പാടില്ലാത്ത പല അനാവശ്യങ്ങളും അവർ പറഞ്ഞു…അതൊക്കെ അരുൺ നിന്ന് കേട്ടതല്ലാതെ അമ്മയെ തടയാനോ നീലിമക്ക് ഒപ്പം നിൽക്കാനോ മുതിർന്നില്ല….അന്നാദ്യമായി അവൾക്ക് താൻ ഒറ്റക്കാണെന്ന് തോന്നി… മകന്റെ മൗനം അമ്മക്ക് പ്രോത്സാഹനമായി…പിന്നെയും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അവർ നീലിമയെ കുത്തി നോവിച്ചു കൊണ്ടിരുന്നു…ഇടക്ക് വരുന്ന പെങ്ങൾക്കും അങ്ങനെ തന്നെ….ഒരു വേലക്കാരി മാത്രമായി നീലിമ ഒതുങ്ങി…അരുണിന് കിടക്കയിൽ മാത്രം ഭാര്യയും.. ഒരു ദിവസം പ്രശ്നം കൂടി കൂടി വന്നപ്പോൾ സഹികെട്ട് അവൾ പറഞ്ഞു

” നിങ്ങൾക്ക് ഭാര്യയെ വേണോ അമ്മയെ വേണൊന്ന് നിങ്ങൾ തീരുമാനിക്കണം…. അമ്മക്ക് വേലക്കാരിയായി ജീവിക്കാൻ എനിക്ക് പറ്റില്ല….നിങ്ങളുടെ അമ്മക്ക് ഭ്രാന്ത് ആണ്…മകനെ ഞാൻ സ്വന്തമാക്കുമെന്നോർത്തുള്ള ഭ്രാന്ത്….”

അത്രയും പറഞ്ഞത് മാത്രമേ അവൾക്ക് ഓര്മയുള്ളൂ…കണ്ണിൽ നിന്നും കണ്ണു നീര് ചാലിട്ടൊഴുകി…ചെവിക്കകത്തു വല്ലാത്ത മൂളക്കം മാത്രം…

എന്നാൽ അപ്പോഴും അരുൺ തന്നെ അടിച്ചെന്ന് വിശ്വസിക്കാൻ അവൾക്കായില്ല….

” അരുണേട്ട..ഞാൻ….”

“മിണ്ടരുത് നീ….”

അവൾ എന്തോ പറയാൻ വന്നതും അയാൾ കൈ ചൂണ്ടി അലറി….

“എനിക്ക് വലുത് എന്നെ വളർത്തി വലുതാക്കിയ എന്റെ അമ്മ തന്നെയ…..നീയെന്താ പറഞ്ഞത് എന്റെ അമ്മക്ക് ഭ്രാന്ത് ആണെന്നോ….”

” അപ്പൊ ഞാൻ പറഞ്ഞത് മാത്രേ അരുണേട്ടൻ കേട്ടുള്ളൂ…ഇത്രനാളും എന്നെ ‘അമ്മ പറഞ്ഞിരുന്നതോ…എന്നെ എന്തെല്ലാം അനാവശ്യം അരുണേട്ടന്റെ ‘അമ്മ പറഞ്ഞു അതൊന്നും ഏട്ടൻ കേട്ടില്ലേ? ”

” എല്ലാം ഞാൻ കേട്ടു…എന്നു കരുതി നീയെന്റെ അമ്മയെ എന്തു പറഞ്ഞാലും ഞാൻ കേട്ടു നിൽക്കുമെന്ന് കരുതിയോ? അതെന്റെ അമ്മയാ..”

” അത് അരുണേട്ടന്റെ ‘അമ്മ അപ്പോൾ ഞാൻ…ഞാൻ ആരുമല്ലേ അരുണേട്ടന്റെ…”

വിതുമ്പികൊണ്ടവൾ ചോദിച്ചു…

“എന്റെ അമ്മയെ നോവിക്കുന്നത് എന്തായാലും എന്റെ മനസ്സിലും ജീവിതത്തിലും സ്ഥാനമില്ല…”

” അപ്പൊ ഞാൻ മരിച്ചാലും ജീവിച്ചാലും ഏട്ടന് ഒന്നുമില്ലേ??”

” എന്റെ അമ്മയെ ഭ്രാന്തിയെന്ന് വിളിച്ച നിന്നെ എനിക്കിനി വേണ്ട…നിന്റെ മുഖം കാണുന്നത് തന്നെ എനിക്കിപ്പോ വെറുപ്പാ….നീ എന്റെ അമ്മക്ക് എതിരെ ആദ്യം ശബ്ദം ഉയർത്തിയ അന്ന് നീ എന്റെ മനസ്സിൽ മരിച്ചതാ…ഇനീപ്പോ നീ ചത്താലും എനിക്ക് ഒന്നുമില്ല….”

അരുണിന്റെ വാക്കുകൾ കേട്ട നീലിമക്ക് നെഞ്ചിൽ എന്തോ കൊളുത്തി വലിക്കും പോലെ തോന്നി…അവൾ ചുമരിലൂടെ ഊർന്ന് നിലത്തിരുന്നു…

” അല്ലെങ്കിലും നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല…വളർത്തു ദോഷം അതു തന്നെ…നിന്നെ പോലൊരുത്തിയെ എന്റെ തലയിൽ കെട്ടി വെച്ച നിന്റെ തന്തയെയും തള്ളയെയും പറഞ്ഞാൽ മതിയല്ലോ….”

ആ ഓർമയിൽ നീലിമയുടെ നെഞ്ചു നീറി….കുറച്ച് കഴിഞ്ഞ് ഉറച്ച തീരുമാനം എടുത്തുകൊണ്ടവൾ എഴുന്നേറ്റു…..

അടഞ്ഞു കിടന്ന വാതിൽ ലോക്ക് ചെയ്തു….ഫോൺ എടുത്ത് വാട്സ് ആപ്പ് ഓപ്പണ് ചെയ്തു…

എന്നിട്ട് അവൾ എഴുതി തുടങ്ങി…

” എന്റെ അരുണേട്ടന്…… അങ്ങനെ വിളിക്കാമോ എന്ന് എനിക്കിപ്പോ അറിയില്ല….എന്നാലും വിളിച്ചു ശീലിച്ചത് മാറ്റാൻ പറ്റില്ലാലോ….നമ്മുടെ വിവാഹം കഴിഞ്ഞിട്ടിപ്പൊ ഒന്നര വർഷമായി…ഈ കാലയളവിൽ പലതും ഞാൻ അനുഭവിച്ചു…ഏട്ടന്റെ അമ്മയിൽ നിന്നും പക്ഷെ അന്നെല്ലാം ഞാൻ കരുതിയത് ഈ മനസ്സിൽ ഞാനുണ്ടാകും എന്നായിരിരുന്നു….അമ്മയെ എതിർത്ത് പറയാനുള്ള മനസ്സിലാഞ്ഞിട്ടാകും എന്നാണ് ഞാൻ കരുതിയത്..പക്ഷെ ഇന്നെനിക്ക് മനസ്സിലായി ഞാൻ അരുണേട്ടന്റെ ആരുമല്ലെന്ന്…വിവാഹത്തിന് മുമ്പ് പറഞ്ഞ തേൻപുരട്ടിയ വാക്കുകളെല്ലാം കള്ളമായിരുന്നെന്ന്…അമ്മയാണ് വലുതെന്ന് പറഞ്ഞ ഏട്ടൻ ഒന്നോർക്കണം ഏട്ടൻ ഇപ്പോഴും ഏട്ടന്റെ അമ്മയോടൊപ്പം തന്നെയാണ്‌…ഏട്ടന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നാൽ എനിക്കോ…..ഇരുപത്തിയഞ്ച് വർഷം വളർത്തി വലുതാക്കിയ സ്വന്തം അച്ഛനെയും അമ്മയെയും വിട്ട് ഏതാനും മാസങ്ങൾ മാത്രം പരിചയമുള്ള നിങ്ങളോടൊപ്പം ഞാൻ ജീവിക്കാൻ വന്നപ്പോൾ കുറച്ചെങ്കിലും സ്ഥാനം എനിക്കും നല്കേണ്ടതല്ലേ….അമ്മയെ ഉപേക്ഷിക്കാൻ ഞാൻ പറയുന്നില്ല..പക്ഷെ ഭാര്യക്കും നിങ്ങളുടെ ജീവിതത്തിൽ സ്ഥാനമുണ്ടെന്ന് എന്തേ നിങ്ങളാരും ഓർക്കാത്തത്…. പിന്നെ കഴിഞ്ഞ ഒരാഴ്ചയായി അരുണേട്ടനോട്‌ ഒരു കാര്യം പറയാനായി ഞാൻ നടക്കുന്നു പക്ഷെ ഇതുവരെ സാധിച്ചില്ല…സാധിച്ചില്ലെന്നല്ല ‘അമ്മ സമ്മതിച്ചില്ല…ഏട്ടൻ കേൾക്കാനും നിന്നില്ല…അതുകൊണ്ട് ഇവിടെ പറയുവാ…. അരുണേട്ടന്റെ ജീവന്റെ തുടിപ്പ് എന്റെ ഉള്ളിൽ വളരുന്നുണ്ട്…അതേ ഏട്ടാ ഞാൻ ഗർഭിണിയാണ്…. പക്ഷെ അരുണേട്ടൻ പറഞ്ഞില്ലേ എന്നെ വെറുപ്പാണെന്ന്…ഞാൻ ചത്താലും ഒന്നുമില്ലെന്ന്…ഇനിയെന്തിനാ ഏട്ടാ ഞാൻ ജീവിക്കുന്നെ….എനിക്ക് എന്റെ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടതായിരുന്നു എന്റെ അരുണേട്ടൻ…ഏട്ടന് എന്നെ വേണ്ടെങ്കിൽ ഞാൻ പിന്നെ ജീവിച്ചിരുന്നിട്ട് എന്തിനാ…അതുകൊണ്ട് ഞാൻ പോകുവാ ഏട്ടാ…നമ്മുടെ കുഞ്ഞിനെയും കൊണ്ട്….നമ്മുടെ കുഞ്ഞ് ആണാണോ പെണ്ണാണോ എന്നറിയാൻ പോലും ഭാഗ്യമില്ലാതെ പോയല്ലോ ഏട്ടാ…. ഞാൻ മരിച്ചു കഴിഞ്ഞ് ഏട്ടൻ വേറെ വിവാഹം കഴിക്കുമെന്ന് എനിക്ക് അറിയാം…അതുകൊണ്ട് പറയുവാ….എന്നോട് പെരുമാറിയത് പോലെ അവളോടും ചെയ്യരുതെ…അമ്മക്ക് ഒപ്പം അവളെയും സ്നേഹിക്കണം…തെറ്റ് ചെയ്തത് അമ്മയാണെങ്കിലും ഭാര്യയാണെങ്കിലും രണ്ടു പേരെയും പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കണം…എന്റെ അവസ്ഥ ഇനിയൊരു പെണ്കുട്ടിക്കും കൂടെ ഉണ്ടാവരുത്….

ഞാൻ പോകുവട്ടോ അരുണേട്ടാ….

എന്ന് നീലിമ..

അത്രയും എഴുതി അവൾ മെസ്സേജ് സെന്റ് ചെയ്തു…മെസ്സേജ് സെന്റ് ആയെന്ന് കണ്ടതും അവൾ ഫോൺ ഓഫ് ചെയ്തു…. പിന്നെ എടുത്തു വെച്ച ബ്ലേഡ് കയ്യിൽ എടുത്തു….കണ്ണുകൾ ഇറുക്കി അടച്ചു….. മുറിയിലെ ചുമരിലേക്കും കണ്ണാടിയിലേക്കും ചോര ചീറ്റി തെറിച്ചു… പതിയെ ബോധം മറഞ്ഞവൾ താഴെ വീണു…

########################

കൂട്ടുകാരോടൊപ്പം നിൽക്കുകയായിരുന്ന അരുൺ ഫോണിൽ മെസ്സേജ് നോട്ടിഫിക്കേഷൻ വന്നത് കണ്ടു തുറന്നു നോക്കി…നീലിമയുടെ മെസ്സേജ് കണ്ട അവൻ അത് തുറന്ന് വായിച്ചു…ഓരോ വാക്കുകൾ വായിക്കുംതോറും അവന്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു….മുഴുവൻ വായിച്ചു തീർന്നതും കയ്യിൽ നിന്നും ഫോൺ താഴേക്ക് ഊർന്നു വീണു….ആ വരികൾ മാത്രം അവന്റെ മുമ്പിൽ തെളിഞ്ഞു വന്നു… ഞാൻ ഗർഭിണിയാണ് അരുണേട്ട….ഞാൻ പോകുവാ നമ്മുടെ കുഞ്ഞിനെയും കൊണ്ട്…

എന്താണെന്നുള്ള കൂട്ടുകാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ അവൻ വണ്ടിയിൽ ചാടിക്കയറി തന്റെ വീട് ലക്ഷ്യമാക്കി പാഞ്ഞു…വീട്ടിലെത്തിയതും ബൈക്കിൽ നിന്നും ചാടിയിറങ്ങി അകത്തേക്ക് ഓടി കയറി…റൂമിനു മുമ്പിൽ എത്തിയ അരുൺ വാതിൽ ലോക്ക് ആണെന്ന് മനസ്സിലാക്കി ചവിട്ടി തുറക്കാൻ ആഞ്ഞ്…അപ്പോഴാണ് അരുണിന്റെ ‘അമ്മ ഓടി വന്നത്… മകൻ ചെയ്യുന്നത് കണ്ട അവർക്ക് ദേഷ്യം വന്നു…

” ഹും നീ പോയപ്പോൾ മുതൽ തമ്പുരാട്ടി പള്ളിയറയിൽ കയറി ഇരിക്കുന്നതാ…ഇതുവരെ ഇറങ്ങീട്ടില്ല…ഇനി തിന്നാൻ നേരമാകുമ്പോൾ ഇറങ്ങി വരും വെട്ടിവിഴുങ്ങാൻ ” അവർ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ അവൻ വാതിൽ ആഞ്ഞാഞ്ഞു ചവിട്ടികൊണ്ടിരുന്നു…കൂടെ നീലിമയെ വിളിക്കുന്നുമുണ്ടായിരുന്നു….കുറച്ചു നേരത്തെ പരിശ്രമത്തിനൊടുവിൽ വാതിൽ തുറന്നു വന്നു….വാതിൽ തുറന്ന് അകത്തു കയറിയ അരുൺ അവിടത്തെ കാഴ്ച കണ്ട് ഞെട്ടി…..

താഴെ രക്തത്തിൽ കുളിച്ച് അവൾ കിടപ്പുണ്ടായിരുന്നു….നീലിമ…. കയ്യിൽ നിന്നും ചോര അവിടെയാകെ ഒഴുകി പടർന്നിരിരുന്നു…

” മോളെ നീലി….കണ്ണു തുറക്ക്….മോളെ….”

അരുൺ നീലിമയുടെ തല മടിയിൽ എടുത്ത് വച്ച് അവളെ വിളിച്ചുകൊണ്ടിരുന്നു…. എന്നാൽ അവളുടെ ജീവൻ ആ ശരീരം വിട്ടകന്നിരുന്നു…..

” ഭഗവാനെ ഈ നാശം ഇതെന്താ ചെയ്തു വെച്ചിരിക്കുന്നെ….ചത്തത് ചത്തു മറ്റുള്ളവരെയും കൂടെ അവള് കൊലക്ക് കൊടുത്തല്ലോ ദൈവമേ….”

” മിണ്ടരുത് നിങ്ങൾ….”

അന്നാദ്യമായി അരുൺ അവന്റെ അമ്മയുടെ നേർക്ക് ശബ്ദമുയർത്തി….മകന്റെ ഭാവമാറ്റം കണ്ട ആ സ്ത്രീ പെട്ടെന്ന് വായടച്ചു ” നിങ്ങൾ ഒറ്റയൊരുത്തിയാ ഇതിനെല്ലാം കാരണം….അമ്മയായത് കാരണം ഞാനും നിങ്ങളെ തടഞ്ഞില്ല….നിങ്ങൾക്ക് സന്തോഷമായില്ലേ? സന്തോഷിക്ക് നഷ്ടം എനിക്ക് മാത്രം എന്റെ നീലി….ഞങ്ങളുടെ കുഞ്ഞ്….ഒരിക്കലെങ്കിലും ഞാൻ നിങ്ങളെ തടഞ്ഞിരുന്നെങ്കിൽ ഒരു തവണയെങ്കിലും ഞാൻ എന്റെ നീലിയോടൊപ്പം നിന്നിരുന്നെങ്കിൽ എനിക്ക് അവളെ നഷ്ടപ്പെടില്ലായിരുന്നു…..'”

അവൻ പിന്നെയും എന്തൊക്കെയോ പുലമ്പി കൊണ്ടിരുന്നു…..

×××××××××××××××××××××××××××

മൂന്ന് മാസത്തിന് ശേഷം….

സുഖമില്ലാത്ത തന്റെ മകനെ കാണാൻ ഹോസ്പിറ്റലിൽ എത്തിയതായിരുന്നു ആ സ്ത്രീ…. മുറിയിലെ ജനലഴികളിൽ പിടിച്ച് പുറത്തേക്ക് നോക്കി കൊണ്ട് നിൽക്കുന്ന ഒരു രൂപം….. മുടിയെല്ലാം കൊഴിഞ്ഞ്…എല്ലും തോലുമായ ശരീരം…. വേദനയോടെ അവർ വിളിച്ചു…. “മോനെ അരുൺ…….”

എന്നാൽ അവൻ വിളികേട്ടില്ല…….

” മോനെ അരുൺ……ഞാൻ നിന്റെ അമ്മയാ….ഒന്ന് നോക്ക് മോനെ….”

അപ്പോഴും യാതൊരു പ്രതികരണവും അവന്റെ ഭാഗത്ത്‌ നിന്നുമുണ്ടായില്ല…..

അവനെയൊന്ന് നോക്കിയിട്ട് സാരിതുമ്പാൽ കണ്ണുനീരൊപ്പി വേദനയോടെ ആ സ്ത്രീ തിരിഞ്ഞു നടന്നു….

ആശുപത്രിയുടെ പടികടക്കുമ്പോൾ ആ സ്ത്രീ തിരിഞ്ഞു നോക്കി…അവർക്ക് മുമ്പിൽ ആശുപത്രിയുടെ പേര് സുവർണ ലീപികളിൽ തെളിഞ്ഞു നിന്നു…….

അമൃത മെന്റൽ ഹെൽത്ത് സെന്റർ……..

~~~~~~~~

അമ്മയെയും ഭാര്യയെയും മനസ്സിലാക്കി പരസ്പര സ്നേഹത്തോടെ ഒരു കുടുംബം മുമ്പോട്ട് കൊണ്ടു പോകാൻ സാധിക്കുമ്പോഴാണ് ഒരു പുരുഷന്റെ വിജയം….. എന്നാൽ അതിന് സാധിക്കാതെ വരുമ്പോഴാണ് പല പെണ്കുട്ടികളും ആത്മഹത്യ ചെയ്യുന്നതും…നാട്ടിൽ വിവാഹമോചനം പെരുകുന്നതും….

രചന: കൃഷ്ണപ്രിയ

Leave a Reply

Your email address will not be published. Required fields are marked *