കാറ്റിൽ എണ്ണ മയമില്ലാത്ത അലസമായ മുടിയിഴകൾ പാറി കളിച്ചു വെളുത്ത ചുരിദാർ വിടർന്നു പൊങ്ങി…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന:മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്.

“”പ്രണയിച്ചു പ്രണയിച്ചു ആശ തീരുമ്പോൾ നമ്മൾ എന്താ ചെയ്യാ?… നമുക്ക് ഒന്നിച്ചു മ രിക്കാം..കെട്ടോ””..നിത ഉല്ലാസിന്റെ കരതലങ്ങൾ കവർന്നെടുത്തു കൊണ്ട് പറഞ്ഞു..

ഉല്ലാസ് വിരിഞ്ഞ മിഴികളോടെ അവളുടെ മുഖത്തേക്ക് നോക്കി. “ഈ പെണ്ണിന് ഭ്രാ ന്താണോ”..അവൻ അകതാരിൽ പറഞ്ഞു.

“”നീ വേണമെങ്കിൽ മ രിച്ചോ.. ഞാനില്ല””..ഉല്ലാസ് ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു..

“”ഓഹോ.. അങ്ങനെയാ?””…നിത അവന്റെ മുഖത്തേക്ക് നോക്കി ദേഷ്യത്തോടെ പറഞ്ഞു.

അവൾ ചുണ്ടുകൾ കൂ ർപ്പിച്ചു മിഴിയിണകൾ ചെറുതാക്കി അവനെ നോക്കി.കവിളുകൾ വിറച്ചു തുളുമ്പി ചുളിഞ്ഞ നെറ്റിയോടെയുള്ള ആ മുഖഭാവം അവനിൽ ചെറിയൊരു ഭയം ഉളവാക്കി..

“”എന്നാ ഞാൻ ഇപ്പൊ തന്നെ മരിച്ചേക്കാം.. നോക്കിക്കോ നീ””…നിത ചാടി എഴുന്നേറ്റു.

നിരന്ന കരിമ്പാറക്ക് മുകളിലൂടെ അവൾ താഴത്തെ വലിയ കൊക്കക്ക് നേരെ ഓടി. കാറ്റിൽ എണ്ണ മയമില്ലാത്ത അലസമായ മുടിയിഴകൾ പാറി കളിച്ചു. വെളുത്ത ചുരിദാർ വിടർന്നു പൊങ്ങി താണു കൊണ്ടിരുന്നു.. അവൾ നേരെ ഓടി കൊണ്ടിരിക്കുകയാണ്. തമാശയാണ്. അവൾ തിരിച്ചു വരും എന്നുള്ള തന്റെ ചിന്ത അസ്ഥാനത്താണോ എന്ന് ഉല്ലാസിന് തോന്നി. അപകടം മണത്ത അവൻ എഴുന്നേറ്റ് ഓടി… “”എടീ.. നിതേ… നില്ല്.. നീ എന്താ ഈ കാണിക്കുന്നത്””..ഉല്ലാസ് ഉറക്കെ വിളിച്ചു പറഞ്ഞു. ആ ശബ്ദം പലതായി ആ കുന്നിന് ചുറ്റും പ്രതിധ്വനിച്ചു.

അവൾ നിന്നില്ല. കേട്ടതായി പോലും ഭാവിച്ചില്ല.. ഉല്ലാസ് ഓട്ടത്തിന്റെ വേഗം കൂട്ടി പുറകിലൂടെ അവളെ അരക്കെട്ടിൽ പൂണ്ടടക്കം പിടിച്ചു വലിച്ചു. അവൾ തിരിഞ്ഞു നിന്നു അവനെ കെട്ടിപിടിച്ചു. അവൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.

“”നിനക്കെന്താ പെണ്ണേ ഭ്രാന്തായോ. ഞാൻ വല്ലാണ്ട് പേടിച്ചു””..അവളെ വേർപ്പെടുത്തി കൊണ്ട് ഉല്ലാസ് പറഞ്ഞു. അവൻ വല്ലാതെ അണച്ചു കൊണ്ടിരുന്നു.

പെട്ടെന്ന് ഉല്ലാസിന്റെ മൊബൈൽ ഫോൺ റിങ് ചെയ്തു. ഇറുകി കിടന്ന ജീൻസിന്റെ പോക്കറ്റിൽ നിന്നും വളരേ പ്രയാസപ്പെട്ട് അവൻ ഫോൺ വലിച്ചെടുത്തു നോക്കി. നിത കിതച്ചു കൊണ്ട് അത് നോക്കി നിന്നു.

“അഞ്ജലി കാളിങ്”…എന്ന് കണ്ട ഉല്ലാസ് ഒന്ന് പതറി. അവന്റെ മുഖഭാവം മാറി. വേഗം കാൾ കട്ട് ചെയ്തു ഫോൺ സൈലന്റ് മോഡിൽ ആക്കി പോക്കറ്റിലേക്ക് തിരുകി കയറ്റി. ഇതെല്ലാം നിത സൂക്ഷ്മമായി നോക്കി നിന്നു.

“”ആരാടാ വിളിച്ചത്.. എന്തിനാ ഫോൺ കട്ട്‌ ചെയ്തത്””…നിത എന്തൊക്കെയോ സംശയങ്ങൾ ഉള്ളിൽ അടക്കി വെച്ചു കൊണ്ട് ചോദിച്ചു.

“”അതോ.. അത് അമ്മയാ.. ഊണു കഴിക്കാൻ വിളിക്കാവും””.ഉല്ലാസ് യാതൊരു പതർച്ചയും മുഖത്ത് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. നിത കീഴ്ച്ചുണ്ട് ചെറുതായി കടിച്ചമർത്തി അവനെ നോക്കി. അവൻ മുഖം താഴ്ത്തി.

“”അതല്ല.. നീ എന്തിനാ ഓടിയത്. താഴേക്കെങ്ങാൻ വീണാൽ പെറുക്കിയെടുക്കേണ്ടി വരും. ഞാൻ കൊന്നു എന്ന് പറയും പിന്നെ””..ഉല്ലാസ് അല്പം ദേഷ്യത്തോടെയും ഗൗരവത്തോടെയും തന്നെ പറഞ്ഞു.

“”ആഹാ.. അങ്ങനെയാണല്ലേ.. അപ്പൊ ഞാൻ മരിക്കുന്നതിലല്ല വിഷമം””…അവൾ പറഞ്ഞു.. സ്വരം പതറിയിരുന്നു. മിഴികൾ പെട്ടെന്ന് നിറഞ്ഞു തുളുമ്പി. ഷാളിന്റെ തലപ്പ് കൊണ്ട് മുഖം പൊത്തി തേങ്ങി.

“ഇവൾക്കിതെന്ത് പറ്റി. ഇത്ര പെട്ടെന്നൊന്നും സങ്കടം വരാറില്ലല്ലോ. പെണ്ണിന് സമനില തെറ്റിയോ”..ഉല്ലാസ് അകമേ ചോദിച്ചു.

നട്ടുച്ച നേരമാണ്. തീക്ഷ്‌ണമായ സൂര്യന്റെ ഉച്ച വെയിലിൽ തിരുച്ചിറക്കുന്നിന്റെ മുകളിലെ പരന്ന കരിമ്പാറ വല്ലാതെ ചൂടു പിടിച്ചിരിക്കുന്നു.. വെള്ളി പൊടിച്ചു ചിതറിയ പോലെ പാറയിൽ പൊടിഞ്ഞു ചേർന്ന വെള്ളാരം കല്ലുകൾ വെയിലേറ്റു തിളങ്ങുന്നു. താഴേ പച്ച പാടങ്ങളിലും കുളങ്ങളിലും തോടുകളിലും തൊട്ടു തലോടി വരുന്നുന്നത് കൊണ്ടാവാം ആ പൊരിവെയിലിലും കാറ്റിനു ചെറിയ തണുപ്പ്. അവധി ദിവസമായത് കൊണ്ട് നിതയും ഉല്ലാസും അവിടേ വന്നിട്ട് ഒരു മണിക്കൂറായി.

ഇടയ്ക്കിടെ അവൾ അവന്റെ കൂടെ തിരുച്ചിറകുന്നിൽ സംഗമിക്കാറുണ്ട്. പ്രണയം പറയാൻ… കിന്നരിക്കാൻ… പുന്നരിക്കാൻ.. പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ടിരിക്കാൻ.. കേട്ടത് തന്നെ കേട്ടു കൊണ്ടിരിക്കാൻ.. വാക്കുകൾക്കായി പരതുമ്പോൾ മൗനത്തെ വാചാലമാക്കാൻ..കാല്പനിക ലോകത്തെ കഥ പറയാൻ.. സങ്കല്പത്തിലെ സ്വപ്നങ്ങളെ താലോലിക്കാൻ. പ്രാവ് കുറുകും പോലെ അവനോട് കുറുകാൻ. ഒരേ ദിശയിലേക്ക് കണ്ണും നട്ട് കുറേ നേരമിരിക്കാൻ..ലോകം അവനിലേക്ക് മാത്രമായി ചുരുങ്ങാൻ..

“”നിതാ…. കരയാതിരിക്ക്.. നിനക്കിത് എന്ത് പറ്റി.. ഞാൻ ഇങ്ങനെ നിന്നെ ഭ്രാന്താക്കാൻ മുമ്പും പറഞ്ഞിട്ടുണ്ടല്ലോ. അന്നൊക്കെ നീ ചിരിച്ചതല്ലേ ഉള്ളൂ. അല്ലെങ്കിൽ “പോടാ പട്ടി” എന്ന് പറഞ്ഞൊരു നുള്ള്. ഇപ്പോ എന്താ ഇങ്ങനെ? “”… ഉല്ലാസ് അൽപ്പം ഗൗരവത്തോടെ ചോദിച്ചു. അവന്റെ ഉള്ളിലെ ഭയം കൂട്ടാൻ ഫോൺ വീണ്ടും സൈലന്റ് മോഡിൽ തരിച്ചു കൊണ്ടേയിരുന്നു. ഉല്ലാസ് അത് അറിഞ്ഞതായി ഭാവിച്ചില്ല.

നിത കണ്ണ് തുടച്ചു കൊണ്ട് തിരിഞ്ഞു നടന്നു. കാറ്റേറ്റ് പാറുന്ന ചുരിദാർ ഒതുക്കി പിടിച്ചു. ഉല്ലാസ് വേഗം ചെന്ന് നിതയുടെ വലത് കരം കോർത്തു പിടിച്ചു നടന്നു. അതീവ സുന്ദരിയൊന്നുമല്ല നിത. സൗന്ദര്യത്തേക്കാൾ മികച്ചു നിന്നത് അവളുടെ അസാമാന്യ സ്ത്രയ്‌ണ ഭാവമായിരുന്നു. ഇരു നിറത്തിൽ നീണ്ട മൂക്കും എപ്പോഴും വിടർന്ന കണ്ണുകളും ഒക്കെ അവളെ അലങ്കരിച്ചു. ചിരിക്കുമ്പോൾ തെളിയുന്ന ശാലീനത വേറിട്ടു നിന്നു.

“”ഞാൻ നമ്മുടെ കാര്യം വീട്ടിൽ ആങ്ങളയോട് പറഞ്ഞിരുന്നു ഉല്ലാസ്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ്..ഞാൻ നിന്നോട് പറയാത്തതാ””.. നിത പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

പെട്ടെന്ന് നിതയുടെ വായിൽ നിന്ന് അപ്രതീക്ഷിതമായ എന്തോ കേട്ടപ്പോലെ ഉല്ലാസ് ഒരു വേള തരിച്ചു നിന്നു. വയറിൽ നിന്നൊരു ആന്തൽ നെഞ്ചിലൂടെ പാഞ്ഞു.

“”എന്നിട്ട്?””..അവൻ ചോദിച്ചു. ഉല്ലാസ് വളരരേയധികം പരിഭ്രാന്തനായിരുന്നു. അത് നിതയിൽ നിരാശ ജനിപ്പിച്ചു. സന്തോഷം കൊണ്ട് അവന്റെ മുഖം വിടരുന്നത് കാണാനാണ് അവൾ കൊതിച്ചത്.

നടത്തം നിർത്തിയ അവനെ നിത കൈയ്യിൽ പിടിച്ചു വലിച്ചു മുന്നോട്ട് നടത്തി. നിതയുടെ കണ്ണുകൾ വീണ്ടും കലങ്ങി. കുറച്ചു നേരം അവർ ഒന്നും മിണ്ടാതെ നടന്നു.. ഉല്ലാസ് നിതയുടെ മുഖത്തേക്ക് നോക്കി. അവൾ തല താഴ്ത്തി നടക്കുകയാണ്..

“”പക്ഷെ….ഉല്ലാസ്””…അവൾ മുഴുമിപ്പിച്ചില്ല..ഉല്ലാസ് സന്ദേഹം തുടിക്കൊട്ടുന്ന മുഖഭാവത്തോടെ അവളെ നോക്കി. “പ്രണയത്തിന് വീട്ടുകാർ സമ്മതിക്കുന്നില്ല” എന്നിവൾ പറഞ്ഞെങ്കിൽ.. ഉല്ലാസ് മനസ്സിൽ ആഗ്രഹിച്ചു..

“”എന്താണ് നിത…നമുക്കിടയിൽ ഇങ്ങനെ?. നീ കാര്യം പറ?””..ഉല്ലാസ് അല്പം ദേഷ്യത്തോടെ പറഞ്ഞു.

അവളുടെ ഭാവം വല്ലാതെ മാറി.. അവനെ വലിച്ചു മുന്നിലേക്ക് നിർത്തി. അവന്റെ നെഞ്ചിൽ കൈവെച്ചു. മുഖം ചുവന്നു തുടുത്തിരുന്നു. കണ്ണീർ തുളുമ്പി ചാടാൻ പാകപ്പെട്ടു.

””നിനക്ക് ഞാനല്ലാതെ വേറെ ഏതെങ്കിലും പെണ്ണുങ്ങളുമായി ബന്ധമുണ്ടോടാ?..എന്നെ കൂടാതെ ആരെങ്കിലും?””….നിത ചോദിച്ചു.. സ്വരം ഇടറിയിരുന്നെങ്കിലും വ്യക്തമായിരുന്നു വാക്കുകൾ.

അവൻ അകമേ പിടഞ്ഞെങ്കിലും ചെറുതായി പ്രതീക്ഷിച്ച ചോദ്യമായത് കൊണ്ട് അത് അടക്കി വെക്കാൻ ഉല്ലാസിനായി. ഒരു ഭാവമാറ്റവും പുറത്തു കാണിക്കാതെ അവൻ ഒന്ന് പുഞ്ചിരിച്ചു.

“”ആരു പറഞ്ഞു?””..അവൻ ചോദിച്ചു “”എന്റെ ആങ്ങള””..അവൾ പറഞ്ഞു.

“”നീ വിശ്വസിച്ചോ?”

“”ഇല്ല.. നിന്നെ എനിക്ക് വിശ്വാസമാണ്. നീ പറഞ്ഞാൽ മതി. നമ്മേ തമ്മിൽ അകറ്റാൻ അവൻ നുണ പറഞ്ഞതാവും എന്ന് ഞാൻ വിശ്വസിക്കുന്നു…. ഉല്ലാസ്… നിന്നോളം ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല””. അവൾ പറഞ്ഞു. ഒരായിരം പ്രണയവർണ്ണങ്ങൾ നിതയുടെ മനസ്സിൽ മിന്നി മാഞ്ഞു..

ഉല്ലാസ് ഒരു നിശ്വാസം വിട്ടു കൊണ്ട് താഴേ ആ കരിമ്പാറയിൽ ഇരിക്കാൻ ആഞ്ഞു..

“”ഹേയ്… നല്ല ചൂടാണ്. നിന്റെ ചന്തി പൊള്ളും ചെക്കാ.. വാ.. നമുക്ക് താഴെയിരിക്കാം. ഒരു അരമണിക്കൂർ നേരം കൂടി ഇരുന്നിട്ട് വീട്ടിൽ പോകാം. ഇനി അടുത്ത ആഴ്ച്ചയല്ലേ നിനക്കും എനിക്കും കാണാൻ പറ്റൂ””…നിത ചിരിച്ചു കൊണ്ട് പറഞ്ഞു.

മനസ്സിൽ അനുവാദം ചോദിക്കാതെ വളർന്ന ഏതോ വലിയൊരു പടുമരം പറിച്ചെറിഞ്ഞ പോലൊരു ആശ്വാസം നിതക്ക് തോന്നി. ഉന്മേഷവതിയായി. മുഖം വല്ലാതെ തുടുത്തു. തുടുത്ത കവിളുകളിൽ ശോണിമ പരന്നു. ഹൃദയം താളമിട്ടു. കരള് ശ്രുതി പാടി. നീല കണ്ണുകൾ വിടർന്നു. മനസ്സിനേറ്റ കുളിര് മേനിയാകെ പടർന്നു. വീണ്ടും അവൾ പ്രണയിനിയായി.. കാതരയായി…പ്രേയസിയായി.

“”ഞാൻ താഴേക്ക് ഓടി പോകാം.. നീ പിന്നാലെ ഓടി വാ””..ഇതും പറഞ്ഞു കൊണ്ട് നിത ഓടി.

കൈകൾ രണ്ടും നീട്ടി പിടിച്ചു ഒരു കൊച്ചു കുട്ടിയെ പോലെ ഏതോ പാട്ട് മൂളികൊണ്ട് അവൾ കരിമ്പാറക്ക് മുകളിലൂടെ താഴേക്ക് ഓടി.. ഉല്ലാസ് അത് നോക്കി കൊണ്ട് പതുക്കെ നടന്നിറങ്ങി. ഫോൺ വീണ്ടും മൂളി. അവൾ കാഴ്ച്ചയിൽ നിന്ന് മറഞ്ഞപ്പോൾ അവൻ ഫോണെടുത്തു തിരിച്ചു വിളിച്ചു.””ഞാൻ തിരക്കിലാണ് അഞ്ജലി””…അവൻ അൽപ്പം ദേഷ്യം കലർത്തി പറഞ്ഞു. “”നീ ഇന്ന് കാണാൻ വരുമെന്ന്””… അഞ്ജലി പറഞ്ഞു മുഴുമിപ്പിച്ചില്ല. അവൻ കാൾ കട്ട് ചെയ്തു.

താഴെയെത്തിയ നിത ഒരു മാവിൻ ചുവട്ടിൽ ഉല്ലാസിനെ കാത്തിരിക്കുകയായിയുന്നു. അവനെ കണ്ട അവൾ ഒരു തൂമന്ദസ്മിതം തൂകി.

“”വിശന്നിട്ടാണോ എന്റെ കൂടെ ഓടാഞ്ഞേ?””..അവൾ ചോദിച്ചു.

അവൻ ചിരിച്ചു കൊണ്ട് അവളുടെ അടുത്തിരുന്നു. കുറച്ചു നിമിഷങ്ങൾ അവരേ നിശബ്ദത അലങ്കരിച്ചു.

“”ഉല്ലാസ്.. ഞാനിന്ന് വയറു നിറച്ചു ഭക്ഷണം കഴിക്കും. നന്നായി ഉറങ്ങും. ആ ഉറക്കത്തിന്റെ അവസാനയാമത്തിൽ ഞാൻ നിന്നെ കിനാവ് കാണും.. ഉറപ്പാണ്””.നിത തന്നെ ആദ്യം മൗനത്തിന് വിരാമമിട്ടു.

അതിനും അവൻ ചിരിച്ചു.. ശേഷം ഒന്ന് മൂളി.

“”ആങ്ങള അത് പറഞ്ഞത് മുതൽ നെഞ്ചിൽ ഒരു അമ്മികല്ല് കയറ്റി വെച്ച പോലെയായിരുന്നു. ഊണില്ല. ഉറക്കമില്ല.ഒരു ഭ്രാന്തിയെ പോലെ.. നേരെ ചൊവ്വേ കുളിക്കുക പോലും ചെയ്യാതെ ഞാൻ””….നിത ചെറിയൊരു ചിരിയോടെ പറഞ്ഞു.

“”നിന്നെ ഒന്ന് പരീക്ഷിക്കാനാ ഞാൻ ചാവാനാണെന്നും പറഞ്ഞു ഓടിയത്. നീ വന്നു പിടിച്ചില്ലെങ്കിൽ ചിലപ്പോ?””…അവളിൽ ചിരി മാഞ്ഞു. എന്തൊക്കെയോ ചിന്തിക്കും പോലെ ഉല്ലാസിനു തോന്നി

അവന്റെ ഉള്ളിൽ ഭയം നിറഞ്ഞു… ഉല്ലാസ് കൃത്രിമമായൊരു ചിരി മുഖത്ത് വരുത്താൻ ശ്രമിച്ചു കൊണ്ട് അവളെ ഒന്ന് നോക്കി.

“”അരുൺ അങ്ങനെ പറഞ്ഞപ്പോ നിനക്കെന്ത് തോന്നി””…ഉല്ലാസ് ചോദിച്ചു.

“”എന്ത് തോന്നാൻ. അവൻ ആണയിട്ട് പറഞ്ഞപ്പോഴും ഞാൻ കുറേ വാദിച്ചു. എങ്കിലും…മനസ്സ് കൈവിട്ടു പോയി””..അവൾ ചിരിച്ചു..

“”നമുക്ക് പോകാം നിത.. സമയം രണ്ട് മണിയായി. നിനക്ക് വിശക്കുന്നില്ലേ””..

ഉല്ലാസ് എഴുന്നേറ്റു. കൂടെ അവളും . കുറച്ചു ദൂരം നടന്നപ്പോൾ രണ്ടായി പിരിഞ്ഞ വഴികളിലേക്ക് ഇരുവരും തിരിഞ്ഞു.

“”എനിക്കറിയാം ഉല്ലാസ് നിനക്കെന്നെ ജീവനാണെന്ന്.. അതിലേറെ എനിക്ക് നിന്നെ വിശ്വാസവുമാണ്. നിന്റെ മനസ്സിൽ ഞാനേ ഉള്ളൂ എന്നെനിക്കറിയാം. നീ പാവമാണ് ഉല്ലാസ്… പോട്ടെ..പിന്നെ കാണാം””..അവൾ നടന്നു നീങ്ങി.

ഉല്ലാസ് അവൾ പോകുന്നതും നോക്കി കുറച്ചു നേരം നിന്നു.”ഇത്രയ്ക്കും ഭ്രാന്തമായി ഇവളെന്നെ സ്നേഹിക്കുന്നോ”. ഇനിയും വൈകിയാൽ?”..അവൻ ഉള്ളിൽ മന്ത്രിച്ചു.

വൈകീട്ട് തിരുച്ചിറ കുന്നിന്റെ താഴ്‌വാരത്തായുള്ള ചെറിയൊരു അങ്ങാടിയിൽ ഉല്ലാസും കൂട്ടുകാരും നിൽക്കുകയായിരുന്നു.

“”ഉല്ലാസല്ലേ””…ഒരു ചെറുപ്പക്കാരൻ ഉല്ലാസിന്റെ അടുത്ത് ബൈക്ക് നിർത്തിക്കൊണ്ട് ചോദിച്ചു. ഇരു നിറത്തിൽ നല്ല പൊക്കമുണ്ടായിരുന്നു അയാൾക്ക്.

””ഞാൻ അരുൺ.. എന്നെ മനസ്സിലായോ?””അയാൾ ബൈക്ക് സ്റ്റാന്റിൽ ഇട്ടു കൊണ്ട് ചോദിച്ചു.

ഉല്ലാസ് കയ്യിലുണ്ടായിരുന്ന എരിയുന്ന പാതി വലിച്ച സിഗരറ്റ് താഴെയിട്ടു കൊണ്ട് അയാളെ നേരെ നോക്കി. “”മ്മ്””..ഉല്ലാസ് തലയാട്ടി കൊണ്ട് മൂളി. താഴെ കിടന്നു പുകഞ്ഞ സിഗരറ്റ് ബൂട്ട് കൊണ്ട് ചവിട്ടിയരച്ചു.

“”വിരോധമില്ലെങ്കിൽ എന്റെ കൂടെ അല്പം നടക്കാമോ?. ഒരു കാര്യം സംസാരിക്കാനുണ്ട്””. അരുൺ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഉല്ലാസ് മറുപടി പറയാതെ മുന്നോട്ട് നടന്നു. അയാൾ നടന്നു ഒപ്പമെത്തി.

“”എന്നെ എങ്ങനെ മനസ്സിലായി. അവൾ ഫോട്ടോ കാണിച്ചു തന്നിട്ടുണ്ടോ?”” അയാൾ ചോദിച്ചു.

“”ഇല്ല.. ഞാൻ ഊഹിച്ചു. അവളുടെ നല്ല ഛായയുണ്ട് നിങ്ങൾക്ക് . അവൾക്ക് താടിയും മീശയും വന്നാൽ ഇങ്ങനെ ഇരിക്കും””..ഉല്ലാസ് പറഞ്ഞു.

അയാൾ പതുക്കെ ഒന്ന് ചിരിച്ചു. ഉല്ലാസ് ചിരിച്ചില്ല. കൈകൾ പോക്കറ്റിൽ തിരുകി നടന്നു.

“”ഉല്ലാസ്.. അമ്മക്ക് നാല്പതും അച്ഛന് അമ്പതും വയസ്സുള്ളപ്പോഴാണ് നിത ജനിക്കുന്നത്. ഞങ്ങൾ തമ്മിൽ പതിനഞ്ചു വയസ്സിന്റെ മാറ്റമുണ്ട്. അവൾക്ക് അഞ്ചു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു””..അരുൺ പറഞ്ഞു.

ഉല്ലാസ് മൂളി കേട്ടു കൊണ്ട് അയാളുടെ ഒപ്പം നടന്നു.

””എനിക്ക് പക്വത വെച്ചതിന് ശേഷം ജനിച്ചത് കൊണ്ടാകാം അവളുടെ വളർച്ചയുടെ ഓരോ ഘട്ടവും എന്റെ കൈകളിലൂടെയാണ്. അവളുടെ ഒരു കാര്യത്തിനും ഞാൻ തടസ്സം നിന്നിട്ടില്ല. തടസ്സം നിൽക്കേണ്ട ഒരു കാര്യവും അവൾ ചെയ്തിട്ടുമില്ല എന്നതാണ് സത്യം””…അയാൾ തുടർന്നു. ഉല്ലാസ് മൂളി കൊണ്ട് താഴേക്ക് നോക്കി നടന്നു.

“”നിന്നെ ഇഷ്ടമാണെന്ന് അവൾ എന്നോട് പറഞ്ഞപ്പോഴും ഞാൻ എതിര് നിന്നില്ല. ഒരു പ്രണയമല്ലേ. എന്തിന് എതിർക്കണം എന്നാണ് ഞാൻ ചിന്തിച്ചത്..പക്ഷെ.. ആള് നീയാണെന്ന് അറിഞ്ഞത് മുതൽ ഞാൻ നിന്നെ നിരീക്ഷിക്കുന്നുണ്ട്. അറിയാൻ കഴിഞ്ഞത് മറ്റു പലതുമാണ്””. അരുണും ഉല്ലാസും ഒപ്പം മുഖത്തോട് മുഖം നോക്കി. ഉല്ലാസിന്റെ ഉള്ളിൽ അമർഷം മുളപൊട്ടി.

“”അവൾ എന്നെ ആങ്ങള എന്നാണ് വിളിക്കുന്നത്. ആ വിളിക്ക് ഈ പുതു തലമുറയുടെ കാലത്ത് ഒരു പാട് അർത്ഥമുണ്ട് ഉല്ലാസ്…അനിയത്തിയുടെ ആർത്തവ തീയതി ഓർത്തു വെക്കുന്ന എത്ര ആങ്ങളമാർ ഉണ്ടാവും.. പക്ഷെ എനിക്കറിയാം.. അവളുടെ അമ്മക്ക് പോലും അറിയില്ല.. ആ ദിനങ്ങളിൽ എന്നെ പറ്റിച്ചേർന്നാണ് അവൾ ഉറങ്ങാറുള്ളത്. കടയുന്ന വയറിനു മുകളിൽ ഞാൻ തടവി കൊടുക്കാറുണ്ട്..അവൾക്ക് ഞാൻ എല്ലാമാണ്. എനിക്കവളും””… അരുൺ വികാരഭരിതനായി. കണ്ണുകൾ തുടച്ചു. ഉല്ലാസ് അതിശയത്തോടെ അരുണിനെ നോക്കി.

“”നിങ്ങൾ ഇതൊക്കെ എന്നോട് എന്തിന് പറയുന്നു? ””. ഉല്ലാസിന്റെ ഉദാസീനതയോടെയുള്ള ഈ ചോദ്യം അരുണിനെ അസ്വസ്ഥനാക്കി. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ചോദ്യം കേട്ടപോലെ അരുൺ മിഴിയടക്കാതെ കുറച്ചു നിമിഷങ്ങൾ അവനെ നോക്കി നിന്നു.

””ഒന്നുമില്ല ഉല്ലാസ്.. നീ അവളെ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നു. എല്ലാരേയും പോലെ.. അല്ലേ?””.അരുൺ പതറിയ സ്വരത്തിൽ ചോദിച്ചു.

“”മ്മ്.. അതേ.. എന്റെ മറ്റു പ്രണയങ്ങളെ പോലെയല്ല. ഞാൻ ഏറ്റവും അധികം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നത് നിതയേ ആണ്. കാരണം അവൾ മറ്റുള്ളവരേക്കാൾ എന്നെ സ്നേഹിക്കുന്നു. ഞാൻ അത് പ്രതീക്ഷിതല്ല “”… ഉല്ലാസ് ദൂരേ തിരുച്ചിറ കുന്നിന്റെ മുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.

“”പക്ഷെ.. അവളുടെ ആത്മാവിൽ നീ അലിഞ്ഞു ചേർന്നിരിക്കുന്നു. എന്നേക്കാൾ അവൾക്കിപ്പോ പ്രിയങ്കരം നീയാണ്. നിന്റെ സ്നേഹമാണ്.. തട്ടി കളയുകയാണോ?. അവൾക്ക് സഹിക്കില്ല””.അരുൺ പറഞ്ഞു. അയാളുടെ മുഖം വല്ലാതെ ദയനീയമായിരുന്നു.

“”അവളിൽ മാത്രമായി ഒതുങ്ങിക്കൂടെ. അങ്ങനെയൊരു തീരുമാനം നിനക്ക് നഷ്ടമാകില്ല ഒരിക്കലും””. ഉല്ലാസ് അപേക്ഷ സ്വരം പോലെ പറഞ്ഞു.

“”ഇല്ല.. ഞാൻ ഒരപരാധവും നിതയോട് ചെയ്തിട്ടില്ല. ദുരുദ്വേശത്തോടെ ഒന്ന് നോക്കിയിട്ടു പോലുമില്ല…എന്ത് കൊണ്ടോ എനിക്കവളോട് അങ്ങനെ തോന്നിയില്ല””..മുഖത്ത് ലാഘവ ഭാവം വരുത്തി ഉല്ലാസ് ഇത് പറയുമ്പോൾ അരുൺ അത്ഭുതം കൂറി അവനെ നോക്കിയതേയുള്ളൂ. ഒന്നും പറഞ്ഞില്ല.

നേരം സായം കാലത്തെ പുൽകി. സൂര്യൻ തിരുച്ചിറ കുന്നിന്റെ പുറകിൽ മറയാൻ തുടങ്ങി. പടിഞ്ഞാറേ മാനം ചുവപ്പണിഞ്ഞു ശോഭയാർന്നു. അടിവാരത്തെ വൈദ്യുത വിളക്കുകൾ തെളിഞ്ഞു. കുന്നിനെ തൊട്ടു തടഞ്ഞെത്തിയ കാറ്റിനു ശകലം തണുപ്പുണ്ടായിരുന്നു.

“”ഞാൻ അവളോട്‌ എങ്ങനെ പറയും ഉല്ലാസ്?. അന്ന് പറഞ്ഞിട്ട് അവൾ വിശ്വസിച്ചില്ല. അത്രക്ക് നിങ്ങളോടുള്ള സ്നേഹം അവളിൽ വേരു പിടിച്ചിരിക്കുന്നു. അവളെ വിശ്വസിപ്പിക്കാൻ വല്ല തെളിവും?””അരുണിന്റെ മനസ്സ് ആലയിലെ ഇരുമ്പ് പോലെ വെന്തുരുകിയെങ്കിലും കണ്ണ് നിറഞ്ഞില്ല.

“”നിങ്ങളുടെ നമ്പർ തരുമോ?.. ഞാൻ ഒരു ഫോട്ടോ വിട്ടു തരാം… ഞാൻ പൊയ്ക്കോട്ടേ””…ഉല്ലാസ് ഫോൺ കയ്യിലെടുത്തു കൊണ്ട് പറഞ്ഞു. നമ്പർ വാങ്ങി അവൻ നടന്നു നീങ്ങി. പുകയുന്ന കരളോടെ അരുൺ അവനെ നോക്കി നിന്നു.

രാത്രി… നിത ഉറങ്ങാൻ കിടന്നതേ ഉള്ളൂ.. ജേഷ്ഠൻ അരുൺ കയറി വന്നു. അവൾ ചിരിച്ചു കൊണ്ട് എഴുന്നേറ്റിരുന്നു. അരുൺ കട്ടിലിൽ ഇരുന്നു. അവൾ അയാളെ ചാരി ഇരുന്നു തോളിൽ തലചായ്ച്ചു.

“”നിതമോളെ.. നീ ഇതൊന്ന് നോക്ക്”” അയാൾ മൊബൈലിൽ ഒരു ഫോട്ടോ കാണിച്ചു. അവൾ ഫോൺ വാങ്ങി നോക്കി..അവൾ ഒന്ന് ഞെട്ടി. ഒരു ശ്വാസം നെഞ്ചിൽ വന്നു തിങ്ങി. അവൾ ബലമായി ആ ശ്വാസം പുറത്തേക്ക് വിട്ടു. വായ പിളർന്നു. കൽ പ്രതിമ കണക്കേ അവളിരുന്നു. കയ്യിൽ നിന്ന് ഫോൺ കട്ടിലിൽ വീണു.

“”നിന്റെ ഉല്ലാസും വേറൊരു പെണ്ണുമാണ്. ഇന്ന് നിന്നെ കണ്ട ശേഷം അവൻ നേരെ പോയത് ഈ പെണ്ണിന്റെ അടുത്തേക്കാണ്. … കണ്ടോ… അവൻ അവളുടെ വായിലേക്ക് ഐസ്ക്രീം കോരി കൊടുക്കുന്നത്. ഇനിയും എന്റെ കുട്ടി നിഷേധിക്കരുത്””..അരുൺ വാതിൽ വലിച്ചടച്ചു പുറത്തേക്ക് പോയി.

നിതയുടെ കണ്ണുകൾ നിറഞ്ഞില്ല. മനസ്സ് കല്ലുപോലെ ഉറച്ചു പോകുന്നത് പോലെ തോന്നി. ഹൃദയം മിടിപ്പ് നിർത്തിയത് പോലെ. തലയ്ക്കുള്ളിൽ ഒരു ഇരമ്പം.. കുറേ വർണ്ണങ്ങൾ മാറി മാറി തെളിയുന്നു. അതിൽ കറുപ്പു നിറത്തിനുള്ളിൽ അവ്യക്തമായി ഉല്ലാസിന്റെ മുഖം മാറി മറിഞ്ഞു. കാലുകളിൽ നിന്ന് ഒരു പിണർ മുകളിലേക്ക് കയറി. അത് നെഞ്ചിൽ എത്തിയപ്പോൾ അവൾ “”ആാാ…ആ””…ഉറക്കെ നിലവിളിച്ചു..എഴുന്നേറ്റ് നിന്ന് മുറിയിലൂടെ ഓടി ചുമരിൽ തലയിടിച്ചു. വീണ്ടും തിരിച്ചോടി കട്ടിലിലേക്ക് തലകുത്തി മറിഞ്ഞു.

അവളുടെ നിലവിളി കേട്ടു അമ്മയും അരുണും പാഞ്ഞെത്തി.

“”നിതമോളെ… എന്താ… എന്ത് പറ്റി””.. അമ്മ നിലവിളിച്ചു കൊണ്ട് ചോദിച്ചു..

കട്ടിലിൽ കയറി നിന്ന് വിറച്ച അവളെ അരുൺ കയറി അടക്കി പിടിച്ചു.. അവൾ കുതറി. അരുൺ പിടി മുറുക്കി. “”മോളെ… നിത മോളെ… എന്താടാ ഇത്””…അരുൺ ഉറക്കേ ചോദിച്ചു.

“”ഞങ്ങൾ ഒരു പച്ച പരവതാനിയിൽ പറന്നു പോവുകയാ…ആരാണ് ഞങ്ങളെ തടഞ്ഞത്.. ആരാണ് തടഞ്ഞത്..ആരാണ്””…നിതയുടെ സ്വരം നേർത്തു വന്നു. കണ്ണുകൾ കൂമ്പിയടഞ്ഞു. വാടിയ ചേമ്പിൻ തണ്ടു പോലെ അരുണിന്റെ കൈകളിലൂടെ അവൾ കട്ടിലിലേക്ക് ഊർന്നു വീണു. “”ഈശ്വരാ… എന്റെ കുട്ടി””.. അമ്മ തേങ്ങി കരഞ്ഞു കൊണ്ടു അവളുടെ അടുത്തേക്ക് പാഞ്ഞെത്തി. അരുൺ ചുരുണ്ടു കിടന്ന അവളെ നേരെ മലർത്തി കിടത്തി. ശരീരം ചുട്ടു പൊള്ളുന്നുണ്ടായിരുന്നു. അയാൾ അവളെ പുതപ്പിട്ട് മൂടി.

“”ഒന്നൂല്ലമ്മേ മോൾക്ക്. നല്ല പനിയുണ്ടെന്നു തോന്നുന്നു.. ഉറങ്ങിക്കോട്ടെ ..രാവിലെ ഭേദമില്ലെങ്കിൽ ഡോക്ടറേ കാണിക്കാം..അമ്മ പോയി കിടന്നോ. ഞാൻ മോൾക്ക് കൂട്ട് കിടക്കാം””..അരുൺ പറഞ്ഞു.

അരുൺ അവളെ ചാരി കിടന്നു കെട്ടിപിടിച്ചു. കണ്ണുനീർ ഒഴുകിയിറങ്ങി. “”എന്നോട് ക്ഷമിക്ക് മോളെ.. അവന് നിന്നെ വേണ്ട..ആങ്ങളക്ക് വേറെ വഴിയില്ലാത്തോണ്ടാണ്””…അവൻ പതുക്കെ അവളുടെ ചെവിയിൽ പറഞ്ഞു. നിത ഉറക്കെ ഉറക്കെ ശ്വാസം വലിച്ചു വിട്ടു.

രാത്രിയുടെ അന്ത്യയാമത്തിൽ നിത അലറി കൊണ്ട് പിടഞ്ഞെണീറ്റു. അരുൺ ഞെട്ടിയെണീറ്റു ലൈറ്റിട്ടു. നിത കട്ടിലിൽ ചമ്രം പടിഞ്ഞിരിക്കുന്നു. “”കുറേ പൂക്കൾ… ലില്ലി, ജമന്തി, റോസാ..അങ്ങനെ അങ്ങനെ..കൂടുതലും ശവം നാറിപ്പൂക്കളാ.. എന്റെ മന്ദാരം എവിടെ? … എന്റെ വെള്ള മന്ദാരം കാണാനില്ലല്ലോ””.. നിത ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നു. അവളുടെ മുഖം ഇരുണ്ടിരുന്നു. കണ്ണുകൾ തുറിച്ചിരുന്നു. മുടിയിഴകൾ അലസമായി ഫാനിന്റെ കാറ്റിൽ പാറി കളിച്ചു. അലക്ഷ്യമായ നോട്ടത്തോടെ അവൾ പുലമ്പി കൊണ്ടേയിരിക്കുന്നു.

“”മോളെ… നിതേ.. എന്താടാ ഇത്?.. നീ എന്തൊക്കെയാ പറയുന്നേ മോളെ?””.അരുൺ അവളെ അടക്കി പിടിച്ചു കൊണ്ട് കരഞ്ഞു.

അവൾ തലയിൽ ചൊറിഞ്ഞു കൊണ്ട് അയാളെ തട്ടി മാറ്റി എഴുന്നേറ്റു. ഉറക്കെ ചിരിച്ചു. റൂമിലൂടെ കൈകൾ നീട്ടി വീശി അങ്ങോട്ടും ഇങ്ങോട്ടും നടന്നു. നിതയുടെ മാനസിക നില തെറ്റുകയാണെന്ന് അരുണിന് മനസ്സിലായി. അയാൾ അവളുടെ പുറകെ കുറച്ചു നേരം നടന്നു. ചുമരിൽ ചാരി നിന്നു അവളെ നോക്കി കണ്ണീർ വാർത്തു.

“”വെള്ള മന്ദാരം വാടി.. വാടി കരിഞ്ഞു വീണു.. ആരോ ചവിട്ടിയരച്ചു””.. അവൾ ചിരിച്ചു കൊണ്ട് പിറുപിറുത്തു.

“”അതാ… അങ്ങ് ദൂരേ.. ദൂരേ…കാണുന്നുണ്ടല്ലോ ഒരു വെള്ളി മേഘം.. അതിലേക്ക് പോവണം.. അവിടെ പോയി രാപ്പാർക്കണം. പഞ്ഞി പോലെ അവിടേ പാറി നടക്കും. അതാ..പോയി… ആ മേഘം കറുത്തു പോയി””.അവൾ കരഞ്ഞു കൊണ്ട് മന്ത്രിച്ചു.

അവൾ വിരലുകൾ ഞൊടിച്ചു. ഇടക്ക് ചൂണ്ടു വിരൽ കടിച്ചു കുടഞ്ഞു..ഉറക്കെ ചിരിച്ചു. പിന്നെ കരഞ്ഞു. ഒടുവിൽ പെട്ടെന്ന് വാടി തളർന്ന് നിലത്ത് വീണു. വീണ്ടും ഉറക്കത്തിലേക്ക്.

നേരം പുലരും വരെ അരുൺ സംയമനം വിടാതെ അവളെ നോക്കിയിരുന്നു. പുലർന്നപ്പോൾ അവളെ കോരിയെടുത്തു. കാറിൽ ആസ്പത്രിയിൽ എത്തിച്ചു. നേരെ അത്യാഹിത വിഭാഗത്തിലേക്ക് അവളെയും കൊണ്ട് സ്‌ട്രെച്ചർ പാഞ്ഞു.

സ്‌ട്രെച്ചറിൽ പോകും വഴി അവൾ വീണ്ടും ഉണർന്നു. എഴുന്നേൽക്കാൻ നോക്കിയ അവളെ നഴ്സുമാർ അടക്കി പിടിച്ചു.

“”കണ്ടോ… ഇരുണ്ട മാനത്ത് ഒരു നക്ഷത്രം… ഒരൊറ്റ നക്ഷത്രം.. ആരേലും കാണുന്നുണ്ടോ…നോക്ക്…മിന്നി തിളങ്ങുന്നു.. ദാ… കെട്ടു പോയി..അതും കറുത്തു പോയി””..അവൾ പുലമ്പി. അവളെ അകത്തു കയറ്റി. വാതിൽ അടഞ്ഞു.

“”മിസ്റ്റർ അരുൺ. രണ്ട് ഡോസ് ഇലക്ട്രിക് ഷോ ക്ക് കൊടുക്കണം. പെട്ടെന്ന് തന്നെ””..പ്രശസ്ത മനോരോഗ വിദഗ്ധൻ സുരേഷ് പുറത്തേക്കിറങ്ങി വന്നു കൊണ്ട് പറഞ്ഞു.

ഇത് കേട്ട നിതയുടെ അമ്മ അലറി കരഞ്ഞു. അരുൺ ആകെ പകച്ചു നിന്നു.

“”സിനിമയിൽ കാണുന്ന പോലെ വായിൽ എന്തോ കടിച്ചു പിടിച്ചു.. നുരയും പതയും വന്നു. അതല്ല യാഥാർഥ്യം. ഇത് മയക്കിയിട്ടാണ് ചെയ്യുക. അവൾ അറിയുക പോലും ഇല്ല.. ചിന്തകളുടെ താളക്രമം വീണ്ടെടുക്കാൻ വളരേ കുറഞ്ഞ അളവിൽ തലച്ചോറിൽ വൈദ്യുതി കടത്തി വിടും.അതും വളരേ കുറച്ചു നേരം””..സുരേഷ് പറഞ്ഞു.

“”എന്താണെന്ന് വെച്ചാൽ ചെയ്തോളൂ സാർ.. എന്റെ മോളുടെ ഓർമ്മകൾ തിരിച്ചു കിട്ടുമെങ്കിൽ””..അരുൺ വിതുമ്പി കൊണ്ട് പറഞ്ഞു.

ഡോക്ടർ അകത്തേക്ക് പോയി.. കുറച്ചു കഴിഞ്ഞു തിരിച്ചു വന്നു. “”തൽകാലം അവൾ നോർമൽ ആയിട്ടുണ്ട്. ഇപ്പൊ റൂമിലേക്ക് മറ്റും.. നിങ്ങൾ വരൂ അരുൺ.ഞാൻ പറയട്ടെ””.ഡോക്ടർ സുരേഷ് അരുണിനെ തന്റെ റൂമിലേക്കു കൂട്ടികൊണ്ട് പോയി.

“”എന്താണ് അരുൺ ഉണ്ടായത്.. മനോരോഗ വിദഗ്ദനോട് ഒന്നും ഒളിച്ചു വെച്ചിട്ട് കാര്യമില്ല… പറയൂ””. ഡോക്ടർ ചോദിച്ചു.

അരുൺ എല്ലാം വിശദീകരിച്ചു. ഡോക്ടർ ക്ഷമാപൂർവം എല്ലാം മൂളിക്കേട്ടു.

“”നോക്ക് അരുൺ.. ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത.. അല്ലെങ്കിൽ ഉപബോധ മനസ്സിന്റെ കോണിൽ പോലും ഇല്ലാത്ത ഒരു കാര്യം കേൾക്കുക. അല്ലെങ്കിൽ കാണുക..അപ്പൊ ഉണ്ടായ ഒരു ഞെട്ടൽ.. ആ ഞെട്ടൽ ബോധമനസ്സ് അറിയുന്നില്ല.. അതാണ്‌ നിതക്ക് സംഭവിച്ചത്..യാഥാർഥ്യവും സങ്കല്പവും തമ്മിൽ നടന്ന ഒരു സംഘർഷം. ഇവിടെ അത്രയും സ്നേഹിച്ച, വിശ്വസിച്ച കാമുകൻ. അന്ന് ഉച്ചക്ക് പോലും അവർ കണ്ടിരുന്നു എന്നല്ലേ പറഞ്ഞത്.. അന്ന് രാത്രി നിങ്ങൾ കാണിച്ചു കൊടുത്ത ആ ഫോട്ടോ അതവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു””…ഡോക്ടർ പറഞ്ഞു.

“”സംഭവിച്ചു പോയി ഡോക്ടർ.. ഇനി നമുക്ക് എന്ത് ചെയ്യാൻ പറ്റും.. എന്റെ മോള് ഒരു മുഴു ഭ്രാ ന്തി ആവുമോ?””…അരുൺ വിതുമ്പി.

“”ഹേയ്… അങ്ങനെ ഒന്നും ചിന്തിക്കാൻ ആയിട്ടില്ല.. രണ്ട് ദിവസം അവൾ പൂർണ്ണമായി ഉറങ്ങും. എണീക്കുമ്പോൾ നമുക്ക് നോക്കാം.. ബാക്കി ചികിത്സ പിന്നെ തീരുമാനിക്കാം… ഒരു കാര്യം ഉറപ്പ് തരാം..അനാവശ്യ കാഴ്ചകൾ, കേൾവികൾ, സംസാരങ്ങൾ എന്നിവ ഇനി അവളുടെ ഭാഗത്തു നിന്ന് ഉണ്ടാകില്ല””..ഡോക്ടർ പറഞ്ഞു.

അരുൺ ധൈര്യം വീണ്ടെടുത്തു. അമ്മയേ വീട്ടിൽ പറഞ്ഞു വിട്ടു. അരുൺ ഒറ്റയ്ക്ക് അവൾക്ക് കാവലിരുന്നു. മൂന്നാം ദിവസം ഡോക്ടർ നിതയെ തട്ടി വിളിച്ചു..

“”ഹലോ.. നിത…നിത… എഴുന്നേൽക്ക്..കണ്ണ് തുറക്ക്.””

അവൾ മുരണ്ടു കൊണ്ട് കണ്ണ് തുറന്നു. കുറച്ചു നേരത്തെ അമ്പരപ്പ്. “ഞാൻ എവിടെയാണ്..കയ്യിൽ ഗ്ളൂക്കോസ് ഡ്രിപ്പ് കയറുന്നു. മുകളിൽ ഫാൻ കറങ്ങുന്നു. മരുന്നിന്റെ മണം മൂക്കിനെ അസ്വസ്ഥമാക്കുന്നു. എന്തോ ഒരു ഉപകരണം പ്രവർത്തിക്കുന്നതിന്റെ ‘ബീപ് ബീപ്’.ശബ്ദം… അവൾ പെട്ടെന്ന് എഴുന്നേറ്റിരുന്നു.. ചുറ്റും നോക്കി.. അരുണിന്റെ മുഖത്ത് കണ്ണുകൾ ഉടക്കി. “”ആങ്ങള””..അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.

അവൾ ചിരിച്ചു.. അരുണിന്റെ മനസ്സ് നിറഞ്ഞു. അവൻ വേഗം അവളുടെ അടുത്തേക്ക് ചെന്നിരുന്നു. ഡോക്ടർ സുരേഷ് അവളുടെ പെരുമാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് അവളുടെ മുഖത്തെ ഭാവങ്ങൾ മാറി. കണ്ണിമ വെട്ടാതെ നേരെ നോക്കിയിരുന്നു. മുഖത്തെ പേശികൾ ഉറച്ചു.

“”ആങ്ങളേ.. നമ്മൾ എവിടെയാണിപ്പൊ?. അവൾ പതുക്കെ ചോദിച്ചു. ഡോക്ടർ സുരേഷ് അടുത്ത് നിന്ന നഴ്സിനെ ഒന്ന് നോക്കി. അവർ തയ്യാറാക്കി വെച്ച ഉറക്ക മരുന്ന് നിറച്ച സിറിഞ്ച് എടുത്തു പതുക്കെ അവളുടെ പുറകിൽ വന്നു നിന്നു..

“‘നിനക്ക് നല്ല പനിയായിരുന്നു നിതാ. ബോധം പോലും ഇല്ലാത്ത പനി””…ഡോക്ടർ പറഞ്ഞു. അയാൾ അവളുടെ ഭാവമാറ്റം ശ്രദ്ധിച്ചു കൊണ്ടേ ഇരുന്നു. അരുണും പേടിയോടെ അവളെ നോക്കി നിന്നു.

“”ഞാൻ…വന്നൂ.. നിതാ””..ഒരാൾ കയറി വന്നു. എല്ലാരും തിരിഞ്ഞു നോക്കി. “”ഉല്ലാസ്””.അരുണിന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു. ഒരു ആശ്വാസത്തിൽ പൊതിഞ്ഞ നിശ്വാസം അരുൺ പുറത്തു വിട്ടു. ഡോക്ടർ അത്ഭുതത്തോടെ അവനെ നോക്കി.

ഉല്ലാസ് നിറഞ്ഞ കണ്ണുകളോടെ വിതുമ്പുന്ന ചുണ്ടുകളോടെ നിതയെ നോക്കി. അവൾ അവനെ മാടി വിളിച്ചു. ഉല്ലാസ് പതുക്കെ വന്നു അവളുടെ അടുത്തിരുന്നു..

“”നിന്നെ വിട്ടു ഞാൻ എവിടെ പോകാനാ നിതാ… എനിക്ക് പറ്റുന്നില്ല..നിന്നെ മാത്രം മറക്കാൻ പറ്റുന്നില്ല നിത””..

നിത അവനെ കെട്ടിപിടിച്ചു. അവൻ തേങ്ങി കൊണ്ടിരുന്നു. അവളുടെ പുറത്തു തലോടി.

“”നീ എന്താടാ ഈ പറയുന്നേ. നിനക്ക് ഭ്രാന്തായോ…എനിക്കൊന്ന് പനിച്ചപ്പോഴേക്കും””.അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

“”ആങ്ങള എന്തോ ഒരു ഫോട്ടോ കാണിച്ചത് ഓർമ്മയുണ്ട്. പക്ഷെ എന്താണെന്ന് ഓർമയില്ല. പിന്നെ ആകെ ഒരു ചൂട്.. കണ്ണ് തുറക്കുമ്പോൾ ഇവിടെയാ…കണ്ടോ ആങ്ങളേ… ഉല്ലാസ് ഓടി വന്നത്. ഇപ്പൊ എങ്ങനെയുണ്ട്””. അവൾ അരുണിന്റെ മുഖത്ത് നോക്കി അഭിമാനത്തോടെ പറഞ്ഞു. ഉല്ലാസ് എഴുന്നേറ്റ് പുറത്തേക്ക് പോയി. കണ്ണുകൾ തുടച്ചു. അരുണും ഡോക്ടറും അവന്റെ പിറകേ പോയി.

“”നന്ദി… ഉല്ലാസ്.. ഫോണിൽ വിളിച്ചു ഞാൻ പറയുമ്പോൾ നിങ്ങൾ വരുമെന്ന് ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു. ഇനി നിങ്ങൾക്ക് പോകാം””…ഡോക്ടർ പറഞ്ഞു. അയാൾ നടന്നു പോയി.

ഉല്ലാസ് അരുണിന്റെ മുഖത്തേക്ക് നോക്കി. അയാൾ ഒരു ഇളം ചിരി ചിരിച്ചു. ഉല്ലാസ് പതുക്കെ അരുണിന്റെ അടുത്തേക്ക് നടന്നു.

””മനസ്സ് ഭീകരമായ നിഗൂ ഢതകൾ നിറഞ്ഞൊരു കടലാണ്. ഞാൻ മനസ്സിലാക്കിയ ഏക മനസ്സ് എന്റേത് മാത്രമാണ്… ഇനി ഞാൻ ഉണ്ട് നിതക്ക്. അവളുടേത് മാത്രമായിട്ട്””. ഉല്ലാസ് പറഞ്ഞു.

രണ്ടാഴ്ച്ച കഴിഞ്ഞു ഡിസ്ചാർജ് ആയി മടങ്ങുമ്പോൾ ഉല്ലാസും ഉണ്ടായിരുന്നു കൂടെ.. തിരുച്ചിറ കുന്നിന്റെ താഴ്‌വാരത്ത് കാർ എത്തിയപ്പോൾ അരുൺ വണ്ടി നിർത്തി.

“”കുറേ ആയിട്ട് ഈ കുന്ന് നിങ്ങളെ കാത്തിരിക്കുകയാ. രണ്ടാളും ഒന്ന് കയറി കണ്ടിട്ട് പോര്””..അരുൺ പുറകിലേക്ക് നോക്കി പറഞ്ഞു.

നിതയുടെയും ഉല്ലാസിന്റെയും മുഖം വിടർന്നു. ഇരുവരും ചാടിയിറങ്ങി കുന്നിൻ മുകളിലേക്ക് ഓടി..

“”ഉല്ലാസ് എനിക്ക് മുപ്പത്തഞ്ച് വയസ്സായി.എനിക്കുമൊണ്ടൊരു പ്രണയം. ഇത് വരെ നിതയോട് പറഞ്ഞിട്ടില്ല.ഇനിയും നീട്ടികൊണ്ട് പോകാൻ പറ്റില്ല””…അരുൺ ഉറക്കെ വിളിച്ചു പറഞ്ഞു.

ഇരുവരും തിരിഞ്ഞു നിന്നു.. “”ആങ്ങളേ… പൊന്നാങ്ങളേ… കള്ളാ.. ഞാൻ വീട്ടിലോട്ട് വരട്ടെ. കാണിച്ചു തരാം””…നിത ചിരിച്ചു കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു.

“”നമുക്ക് ഒന്നിച്ചു നടത്താം അരുണേട്ടാ””…ഉല്ലാസ് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് കുന്നിന്റെ മുകളിലേക്ക് നിതയുടെ കയ്യും പിടിച്ചു ഓടി കയറി…

… ശുഭം.. നന്ദി..

രചന:മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്.

Leave a Reply

Your email address will not be published. Required fields are marked *