അനാവശ്യ വാശികളും ഈഗോകളും ജിവിതത്തിലേക്ക് കൊണ്ട് വരാതിരിക്കുകയാണെങ്കിൽ ഓരോ കുടുംബവും ഒരു സ്വർഗമാണ്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Psycho Syam

” നിന്റെ കുഞ്ഞു കുഞ്ഞു വാശികൾക്ക് കൂട്ടുനിക്കുന്നു എന്ന് കരുതി എന്നെ നീ വെറും മറ്റവനാക്കാൻ നോക്കുവാണോടീ.. അടിച്ചു നിന്റെ കരണം പുകക്കാൻ അറിയാൻ പാടില്ലാഞ്ഞിട്ടല്ല.. പെണ്ണിനെ തല്ലി അല്ല ആണത്തം കാണിക്കേണ്ടത് എന്ന് എന്റെ വീട്ടുകാർ എന്നെ പഠിപ്പിച്ചത് കൊണ്ടാ നീ ഇപ്പോഴും ഇങ്ങനെ ഞെളിഞ്ഞു നിൽക്കുന്നത്… ”

“ഞാൻ എന്തു ചെയ്തിട്ടാ മനുഷ്യാ നിങ്ങൾ ഇങ്ങനെ കിടന്നു ചാടുന്നത്.. അതിനും വേണ്ടി ഇപ്പൊ ഇവിടെന്താ ഉണ്ടായത്.. ”

” എന്തുവാടാ അവിടെ ഒരു ബഹളം…”

അമ്മയാണ്.. അമ്മയുടെ ഒച്ച കേട്ടതും ഞങ്ങൾ രണ്ട് പേരും രമ്യതയിലായി… അമ്മ വന്നു നോക്കുമ്പോൾ അവളുടെ മടിയിൽ കിടക്കുന്ന എന്നെയാണ് കണ്ടത്..

“എന്തുവാടി മോളെ ഇവൻ കിടന്നു ബഹളം വെക്കുന്നത്..”

ഞങ്ങളെ കണ്ടതും അമ്മ ചോദിച്ചു

“ഏട്ടനിപ്പോ ഗൾഫിൽ പോകാൻ വയ്യെന്ന്…. ഇവിടെന്തേലും ജോലി നോക്കാമെന്നാ പറയുന്നത്… അതിനാ ഈ കിടന്ന് ബഹളം വെയ്ക്കുന്നത്…”

കിടന്നു കൊണ്ട് തന്നെ അവളുടെ കാലിൽ ഒന്ന് നുള്ളിയതും അമ്മേ എന്ന് അവൾ നിലവിളിച്ചതും ഒരുമിച്ചായായിരുന്നു..

അമ്മ കയ്യിലിരുന്ന കറിത്തവിയുമായി എന്നെ അടിക്കാൻ അകത്തേക്ക് കയറിയതും അവളുടെ മടിയിൽ നിന്നെഴുനേറ്റ് പുറം വാതിലിലൂടെ ഒറ്റ ഓട്ടമായിരുന്നു ഞാൻ..

” കൂടെ നിന്ന് ഒറ്റുന്നോടീ തെണ്ടി.. തിരിച്ചു വരട്ടെ ശരിയാക്കി തരാം ഞാൻ…” പുറം വാതിലിൽ നിന്ന് കൊണ്ട് അവളോടായി ഞാൻ പറഞ്ഞു.

ഇതെല്ലാം നോക്കി ചിരിച്ചു കൊണ്ട് ഉമ്മറത്തെ ചാറുകസേരയിൽ അച്ഛനുമിരുപ്പുണ്ട്..!

ബൈക്കുമെടുത്ത് ഞാൻ നേരെ പോയത് കവലയിലേക്കായിരുന്നു..!

കൂട്ടുകാരുടെ കൂടെ കളിച്ചു ചിരിച്ചു നില്കുമ്പോഴും മനസ്സ് നിറയെ എങ്ങനെ ഗൾഫിലേക്ക് പോകാതിരിക്കും എന്ന ചിന്തയായിരുന്നു..

ഞാനും വിനുവും പ്രണയിച്ച് വിവാഹം കഴിച്ചതാണ്.. വിനിത എന്റെ സ്വന്തം വിനു.. അവൾക്കും ഞാൻ വിനുവാണ് വിനോദ് എന്ന വിനു..

പക്വത ഇല്ലാത്ത പ്രായത്തിലെ പ്രണയമായിരുന്നു എങ്കിലും പക്വത ഉള്ള പ്രണയമായിരുന്നു ഞങ്ങളുടേത്… +2 വിൽ തുടങ്ങിയ പ്രണയം ആരുമറിയാതെ 8 വർഷം ഞങ്ങൾ മനസ്സിൽ കൊണ്ട് നടന്നു…!

ബസ്സ് സ്റ്റോപ്പുകളും ഇടവഴികളും തണൽമരങ്ങളുമൊക്കെ ഞങ്ങളുടെ പ്രണത്തിനു സാക്ഷികളായി…!

ഫേസ്ബുക്കും വാട്സാപ്പുമൊക്കെ ഞങ്ങളുടെ സന്ദേശവാഹകരായി..!

പ്രണയം പൂത്തുലഞ്ഞു നിന്ന സമയത്തിലെപ്പോഴോ മനസിന്റെ താളം തെറ്റി പ്രണയം കാമത്തിലേക്ക് വഴിമാറി..!

ആദ്യമായി അവളുടെ മാറിടങ്ങളിൽ എന്റെ കൈ പതിഞ്ഞപ്പോൾ അവളിൽ നിന്നും അടർന്നു വീണ കണ്ണുനീർ തുള്ളികൾ ഇന്നുമെന്റെ മനസ്സിലുണ്ട്..!

എന്ത് പറ്റി എന്ന ചോദ്യത്തിന് ” ഞാൻ ” തന്നെ കണ്ടെത്തിയ ഉത്തരമായിരുന്നു വിവാഹത്തിനു മുന്നേ ഇങ്ങനെ നടക്കാൻ പോകുന്നതിൽ ഉള്ള കുറ്റബോധം ആയിരിക്കാം ആ കണ്ണുനീർ എന്ന്…! തുടക്കത്തിലേ അവളുടെ കണ്ണുനീര് എനിക്ക് വകതിരിവുണ്ടാക്കി എന്ന് വേണം പറയാൻ.. അന്നുമുതൽ വിവാഹം കഴിയുന്നത് വരെയും ഞാൻ അവളെ അരുതാത്ത രീതിയിൽ ഒന്ന് നോക്കുക കൂടി ചെയ്തിട്ടില്ല..!

പക്ഷേ വിവാഹശേഷമായിരുന്നു എനിക്ക് അതിനുള്ള വ്യക്തമായ ഒരു ഉത്തരം ലഭിച്ചത്..!

വിവാഹ ശേഷവും ഇതേ സന്ദർഭം വീണ്ടുമുണ്ടായി.. അന്നായിരുന്നു അവൾ അതിനുള്ള ഉത്തരം എനിക്ക് തന്നത്..!

ചില പെൺകുട്ടികൾക്ക് മാസമുറ തുടങ്ങുന്നതിനു ഒരാഴ്ച മുൻപ് തന്നെ അവരുടെ ശരീരം അതിനുള്ള മുന്നറിയിപ്പുകൾ നൽകുമത്രേ.. അതിൽ ഒന്നാണ് ഈ മാറിടത്തിൽ ഉണ്ടാകുന്ന വേദന.. ആ സമയങ്ങളിൽ അവിടെ ചെറുതായി സ്പർശിച്ചാൽ കൂടി അവിടം നല്ല വേദനയായിരിക്കുമത്രേ..!

ഇത് എന്തുകൊണ്ട് നീ അന്ന് പറഞ്ഞില്ലാ എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞത് ഭർത്താവിന്റെ സന്തോഷം ആണ് ഏതൊരു ഭാര്യയും ആഗ്രഹിക്കുന്നത് എന്നാണ് .. അവിടെ ചില വേദനകൾ എല്ലാ സ്ത്രീത്വങ്ങളും അനുഭവിക്കുന്നുമുണ്ട്.. അതേ ഞാനും ചെയ്തുള്ളൂ എന്നായിരുന്നു..! പക്ഷെ അന്ന് കണ്ണിനു കള്ളം പറയാൻ അറിയാത്തത് കൊണ്ട് വിവാഹം കഴിയുന്നത് വരെ നിങ്ങൾ കാത്തിരുന്നില്ലേ എന്ന് കൂടി അവൾ കൂട്ടിച്ചേർത്തു…! കൂട്ടത്തിൽ ഒരു കള്ളച്ചിരിരിയും..!

ഒരാളുടെ സന്തോഷത്തിനു മറ്റൊരാൾ വേദനിക്കുന്നത് നീതിയല്ല എന്ന് എനിക്ക് തന്നെ തോന്നി .. എന്ത് ചെറിയ കാര്യങ്ങൾ ആണെങ്കിലും പരസ്പരം ഞങ്ങൾ തുറന്നു സംസാരിച്ചു …!

എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ പോലും പരസ്പരം ഞങ്ങൾ തുറന്നു സംസാരിച്ചു രണ്ട് പേർക്കും ശരി എന്ന് തോന്നുന്ന അഭിപ്രായങ്ങൾ തിരഞ്ഞെടുക്കുമായിരുന്നു.. അതുകൊണ്ട് തന്നെ പിണക്കങ്ങൾക്ക് നിമിഷനേരത്തെ ആയുസ് പോലും കിട്ടാറില്ലായിരുന്നു എന്നതാണ് സത്യം..!

അവളുടെ കാര്യം മനസ്സിൽ വിചാരിച്ചു തീർന്നില്ല ഫോണിൽ അവളുടെ ചിരിച്ചു കൊണ്ടുള്ള വാൾപേപ്പറോട് കൂടി ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി..!

ഫോൺ എടുത്ത് ഹലോ എന്നാക്കിയതും മറുതലക്കൽ അച്ഛന്റെ ശബ്ദമായിരുന്നു..!

“മോനെ നീ നമ്മുടെ താലൂക്ക് ആശുപത്രി വരെ ഒന്ന് വേഗം വാ..!”

“എന്ത് പറ്റി അച്ഛാ “എന്ന് ചോദിച്ചു തീരും മുന്നേ ഫോൺ കട്ടായിരുന്നു..!

തിരിച്ചു വിളിച്ചതും സ്വിച്ച് ഓഫ് എന്ന് പറഞ്ഞു .. അച്ഛന്റെ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നുമില്ല..!

പിന്നൊന്നും ചിന്തിച്ചില്ല ഞാൻ വണ്ടിയുമെടുത്ത് വേഗം ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു..!

കണ്ണിലാകെ ഇരുട്ട് കയറുന്ന പോലെ.. രാവിലെ വഴക്കിട്ടത് അല്പം കടുത്ത വാക്കുകളിൽ ആയിരുന്നു.. ആദ്യമായിട്ടാണ് ഇന്നങ്ങനെ സംഭവിച്ചത്..!ഒന്നാമത് അവൾക്ക് ലോ ബി പി ഉള്ളതാ… ഇനി അവൾക്കെന്തേലും.. ഏയ്‌ എന്റെ വിനു അത്ര പൊട്ടിയൊന്നുമല്ല.. അപ്പോ പിന്നെ അമ്മ അമ്മക്കെന്തെങ്കിലും വയ്യായ്ക.. തലക്ക് പെരുപ്പ് കൂടുന്ന പോലെ.. എതിരെ വരുന്ന വണ്ടികൾ മുഴുവൻ കൈ പുറത്തിട്ടു ആർക്ക് വായുഗുളിഗ വാങ്ങാൻ പോകുവാടാ എന്ന മട്ടിൽ എന്തൊക്കെയോ പറയുന്നുണ്ട്.. അതൊന്നും വകവെക്കാതെ വണ്ടിയുടെ വേഗത ഒന്നുകൂടി കൂട്ടി ഞാൻ.. !

ആശുപത്രിയുടെ മുന്നിൽ എങ്ങനെ ഒക്കെയോ വണ്ടി നിർത്തി അച്ഛന്റെ ഫോണിലേക്ക് ഒന്നുകൂടി വിളിച്ചു നോക്കി .. ഭാഗ്യത്തിന് ഫോൺ റിംഗ് ചെയ്യുന്നുണ്ട്..!
.

ഫോൺ എടുത്തതും നി ഇതെവിടാ എന്നുള്ള ചോദ്യമായിരിന്നു ആദ്യം വന്നത്.. ഞാൻ താഴെ നിൽപ്പുണ്ട് എന്ന് പറഞ്ഞപ്പോൾ അച്ഛൻ താഴേക്ക് വന്നു എന്നെയും വിളിച്ചുകൊണ്ടു അവർക്കരികിലേക്ക് പോയി…!

“എന്താ അച്ഛാ എന്ത് പറ്റി “എന്ന് ചോദിച്ചിട്ട് അച്ഛൻ ഒന്നും മിണ്ടിയില്ല..!

ഞങ്ങൾ നേരെ ചെന്നത് ഒരു ഡോക്ടറുടെ റൂമിന് പുറത്ത് ആയിരുന്നു.. ഡോക്ടറുടെ നെയിം ബോഡ് കണ്ടപ്പോൾ ഉള്ള് ഒന്ന് പിടഞ്ഞു..!

Dr. Meera (MBBS, MD ) ( Gynaecologist )

അവൾക്ക് മാസമുറ നിന്നിട്ട് ഇപ്പോ കുറച്ചായി.. എന്തെങ്കിലും സന്തോഷത്തിനുള്ള വകയാണോ എന്ന് അന്നേ ഞങ്ങൾക്ക് സംശയവും ഉണ്ടായിരുന്നു.. പിന്നെ അതിനു വലിയ ബലം കൊടുക്കാത്തിരുന്നത് ഇപ്പോഴത്തെ തലമുറ ആഭിമുഖികരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഗർഭ്ഭാശയത്തിലെ മുഴ അല്ലെങ്കിൽ കുരുപ്പ്.. അത് അവൾക്കും ഉണ്ടായിരുന്നത് കൊണ്ട് അതിനുള്ള ട്രീറ്റ്മെന്റും എടുത്തിട്ടുണ്ടായിരുന്നു.. ഇതിപ്പോ ആകെ ടെൻഷൻ ആയല്ലോ ദൈവമേ.. ഒരാപത്തും വരുത്തരുതേ എന്ന് മനസ്സുരുകി ഞാൻ ദൈവത്തെ വിളിച്ചു..!

അൽപസമയം കഴിഞ്ഞപ്പോൾ ഡോക്ടറും അവളും കൂടി പുറത്തേക്ക് വന്നു. എന്ത് പറ്റി എന്ന് ചോദിച്ചുകൊണ്ട് ഞാൻ നേരെ അവർക്കരികിലേക്ക് എത്തിയതും അച്ഛൻ എന്നെ രൂക്ഷമായൊന്നു നോക്കി…

എന്താ എന്ന് ഡോക്ടറോട് വീണ്ടും ചോദിച്ചപ്പോൾ ഡോക്ടർ അവളെ നോക്കി ഇതാണോ ആൾ എന്ന് ചോദിച്ചു..!

അവൾ തലകുലുക്കി “ഉം” എന്ന് പറഞ്ഞതും ഡോക്ടർ എന്റെ അടുത്തേക്ക് നടന്നു വന്നു.. എനിക്ക് നേരെ ഷേക്ക്‌ ഹാൻഡ്ന് ആയി കൈ നീട്ടി.. ഞാൻ കൈ കൊടുത്തപ്പോൾ ഡോക്ടർ ഒരു കൺഗ്രാജുലേഷൻ പറഞ്ഞു.. കൂട്ടത്തിൽ “വിനിത ഗർഭിണി ആണ് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട സമയം ആണ്.. സൂക്ഷിക്കുക.. ബാക്കി ഒക്കെ ഞാൻ വിനിതയോട് പറഞ്ഞിട്ടുണ്ട്..” എന്ന് പറഞ്ഞു ഡോക്ടർ മടങ്ങി..!

ഞാൻ ഡോക്ടറോടു ഒരു നന്ദി ഒക്കെ പറഞ്ഞു നേരെ വിനുവിന്റെ അടുത്തേക്ക് ചെന്നു..!

അവളെ വാരിയെടുത്ത് നെഞ്ചോട് ചേർത്തു..!

അവൾ എന്റെ തോളിൽ തലവെച്ചു അങ്ങനെ കിടന്നപ്പോൾ ഞാൻ പതുക്കെ അവളുടെ ചെവിയിൽ പറഞ്ഞു..!

“എനിക്ക് എന്റെ കുഞ്ഞിനെ കണ്ടിട്ട് ഗൾഫിൽ പോയാൽ മതീ “🤣🤣🤣

അവളെന്നെ ഒന്ന് രൂക്ഷമായി നോക്കി എന്നിട്ട് എന്നോടായി ചോദിച്ചു..!

“ഇനി കൂട്ടുകാരുമായി കറങ്ങാൻ പോയിട്ട് തോന്നുമ്പോൾ വീട്ടിൽ കയറി വരുമോ..?”

ഞാൻ ഇല്ലാ എന്ന് തലയാട്ടി..!

തലയാട്ടാൻ അല്ല പറഞ്ഞത് എനിക്ക് ഉത്തരം ആണ് വേണ്ടത്..!

“പകപോക്കുവാണല്ലെടീ…”

“ആ അങ്ങനെ എങ്കിൽ അങ്ങനെ…. പറ തോന്നുമ്പോൾ കയറി വരുമോ..?”

ഞാൻ അല്പം ഉച്ചത്തിൽ തന്നെ പറഞ്ഞു “ഇല്ലാ”..!

“ഇനി മുതൽ ഒരു ജോലിക്ക് സ്ഥിരം പോകുമോ..? കുടുംബം നോക്കുമോ..? ”

അവളുടെ അടുത്ത ചോദ്യം..!

ചോദ്യം വന്നതും അടുത്ത് നിന്നൊരു ചിരിയാണ് ആദ്യം കേട്ടത്.. വേറെ ആരുമല്ല എന്റെ സ്വന്തം അച്ഛന്റെ ചിരിയാ.. അമ്മയും മുഖം പൊത്തി ചിരിക്കുന്നുണ്ട്..

“ചോദിച്ചത് കേട്ടില്ലേ..?”

“ആ പോകാം..!”

“സത്യമാണോ..?”

“ആ സത്യം..!”

“ആ… എന്നാ കുഞ്ഞിക്കാല് കണ്ടാലും ഇനി പോകണ്ട നമുക്ക് ഇവിടം മതി” എന്ന് പറഞ്ഞു അവൾ എന്റെ കവിളിൽ ഒരു കടി..!❤❤❤

“അധികം ചുറ്റി കറങ്ങാണ്ട് വേഗം അങ്ങ് വീട്ടിൽ എത്തിയേക്കണം” എന്ന് പറഞ്ഞുകൊണ്ട് ഞങ്ങളുടെ പ്രണയ നിമിഷങ്ങളിൽ കട്ടുറുമ്പ് ആകാതെ അച്ഛൻ അമ്മയെയും വിളിച്ചു കൊണ്ട് നടന്നു പോയി..

ഇനി കാത്തിരിപ്പിന്റെ ദിനങ്ങളാണ് … ഞങ്ങളുടെ രാജകുമാരനു അല്ലെങ്കിൽ രാജകുമാരിക്ക് വേണ്ടി..!

പരസ്പരം മനസിലാക്കി അനാവശ്യ വാശികളും ഈഗോകളും ജിവിതത്തിലേക്ക് കൊണ്ട് വരാതിരിക്കുകയാണെങ്കിൽ ഓരോ കുടുംബവും ഒരു സ്വർഗമാണ്

ശുഭം, ഇഷ്ടമായാൽ ഒന്നോ രണ്ടോ വരി എനിക്ക് വേണ്ടി കുറിക്കുമെന്ന് കരുതുന്നു..

രചന: Psycho Syam

Leave a Reply

Your email address will not be published. Required fields are marked *