വളർത്തച്ഛനെ തന്നെ എനിക്ക് അടുത്ത ജന്മത്തിൽ അച്ഛനായി തരണേ എന്ന ഒറ്റ പ്രാർത്ഥന മാത്രം ആയിരുന്നു മനസ്സിൽ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Anu Swaroop

ഓർമവെച്ച നാൾ മുതൽ കേൾക്കുന്ന പേരാണ് പിഴച്ചുണ്ടായവൾ എന്നു..

ആദ്യം ഒന്നും മനസ്സിൽ ആയില്ലെങ്കിലും വളർന്നു വരുംതോറും, ആ വാക്കിന്റെ അർത്ഥം എന്താണെന്നു ചോദിച്ചു എന്റെ അച്ഛന്റെയും, അച്ഛന്റെ പെങ്ങൾ ആയ അമ്മായിയുടെയും പുറകെ നടന്നിട്ടുണ്ട്,,,

ആദ്യം ഒന്നും അമ്മായി കേട്ടില്ല എന്നു വെച്ചെങ്കിലും പിന്നെ പിന്നെ പുച്ഛത്തോടെ മുഖം തിരിക്കാൻ തുടങ്ങി,,

അമ്മായി ചീത്ത പറഞ്ഞു ഓടിക്കുമ്പോൾ അച്ഛൻ പലപ്പോഴും തന്നെ കെട്ടിപിടിച്ചു കരഞ്ഞിട്ടുണ്ട്,

അച്ഛന്റെ കരച്ചിൽ ഓർത്തു പലപ്പോഴും ചോദ്യങ്ങൾ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്,,

സ്കൂളിൽ പലപ്പോഴും കുട്ടികളുടെ അമ്മമാരെ കാണുമ്പോൾ ആരും കാണാതെ വാ പൊത്തി ബാത്‌റൂമിൽ കയറി കരഞ്ഞിട്ടുണ്ട്,,

പന്ത്രണ്ടാംവയസ്സിൽ പെട്ടെന്നു ഒരു ദിവസം അച്ഛൻ മരിച്ചപ്പോൾ ആയിരുന്നു അനാഥത്വം അറിഞ്ഞത്,

കേട്ട് അറിഞ്ഞു വന്നവർ ഒക്കെ സഹതാപത്തോടെ നോക്കുന്നത് കണ്ടപ്പോൾ ആണ് ഇനിയെന്ത് എന്ന ചിന്ത ഉണ്ടായതു…

അച്ഛൻ പോയതോടു കൂടി പട്ടിണി എന്താണെന്നും, ദാരിദ്ര്യം എന്താണെന്നും അറിഞ്ഞ നാളുകൾ,,

വിശപ്പിന്റെ വിളി വയറു സഹിക്കാതെ ആയപ്പോൾ ആണ് വടക്കേലെ ദേവകിയേടത്തിയോട് നാഴി അരി ചോദിക്കുന്നത്..

അരി കിട്ടിയ സന്തോഷത്തിൽ അടുക്കളപ്പുറത്തു നിന്നും ഇറങ്ങിയപ്പോൾ ആണ് ദേവകിയേടത്തി മരുമകളോട് പറയുന്നത് കേട്ടത്…

“പാവം നല്ല ഐശ്വര്യം ഉള്ള കുട്ടി”

എന്തുചെയ്യാൻ??

പിഴച്ചു ഉണ്ടായതാ.. അതിന്റെ അമ്മ ഏതോ പേര് കേട്ട തറവാട്ടിലെ കുട്ടി ആയിരുന്നു,തറവാട്ടിൽ പറമ്പിൽ പണിക്കു വന്ന അന്യജാതിക്കാരൻ പയ്യനിൽ ഉണ്ടായ കുട്ടി ആണത്രേ ഇത്, പേറു കഴിഞ്ഞ ഉടനെ കുട്ടിയേയും കൊടുത്തു ഗോപാലനെയും പെങ്ങളെയും ജന്മികൾ അവിടുന്ന് നാട് കടത്തിയത് ആണത്രേ,..പ്രസവത്തിലേ കുട്ടി മരിച്ചു എന്ന് ആണത്രേ അതിന്റെ അമ്മയോട് പറഞ്ഞിരുന്നത്..,,

നിറഞ്ഞു വന്ന മിഴികൾ തുടച്ചുകൊണ്ട് തിരിഞ്ഞു നോക്കുമ്പോൾ സഹതാപത്തോടെ തന്നെ നോക്കുന്ന നാല് കണ്ണുകൾ ആയിരുന്നു അവിടെയും കണ്ടത്….

കലത്തിൽ കഞ്ഞിക്കുള്ള വെള്ളവും അടുപ്പത്തു വെച്ചു തന്നെ കാത്തിരിക്കുന്ന അമ്മായിയെ നാഴി അരിയും നെഞ്ചോടു ചേർത്തു കെട്ടിപിടിച്ചു കരയുമ്പോൾ ആണ് അമ്മയോട് ആദ്യമായി വെറുപ്പ്‌ തോന്നുന്നത്,,,

പിന്നീട് അങ്ങോട്ട്‌ പരീക്ഷണങ്ങളുടെ ദിവസങ്ങൾ ആയിരുന്നു,സുഖമില്ലാത്ത അമ്മായി ചെറിയ പണിക്കു പോയി കിട്ടുന്ന വരുമാനം ചിലവിനു പോലും തികയാത്ത ദിവസങ്ങൾ,,

ഒരുനാൾ സ്കൂൾ വിട്ടു കൂട്ടുകാരിയോടപ്പം കലപില വർത്താനം പറഞ്ഞു നടന്നു വരുമ്പോൾ ആണ് പാടത്തു പുല്ല് അരിഞ്ഞു കൊണ്ടിരുന്ന നാണു അമ്മ തന്നെ കണ്ടു ഇങ്ങനെ പറഞ്ഞു

“പാറുക്കുട്ടിയെ വേഗം വീട്ടിലേക്ക് ചെല്ല് നിന്നെ കാണാൻ ദൂരെ വടക്കു നിന്നു ഒരാൾ വന്നിട്ടുണ്ട്, കണ്ടിട്ട് വല്യ പണക്കാരൻ ആണെന്ന് തോന്നുന്നു, ഇനി നിന്റെ അമ്മയുടെ വീട്ടുകാർ വല്ലവരും ആണോ ആവോ…??”

അമ്മ എന്നു കേട്ടപ്പോൾ തന്നെ ഉള്ളിൽ ഒരു വേദന വന്നു കൂടി

ആരാണെന്നു അറിയാൻ ഓടിയും നടന്നുമായി വീട്ടിലെത്തി

കോലായിലെ ഇരുമ്പു കസേരയിൽ ഇരിക്കുന്ന ആളുടെ മുഖം ഒറ്റവട്ടത്തിൽ തന്നെ എവിടെയോ കണ്ടു പരിചയം തോന്നി.,

തന്റെ നോട്ടം കണ്ടിട്ട് ആവണം,

എന്നെ നേരത്തെ കണ്ടിട്ടുണ്ടോ മോളു എന്ന ചോദ്യം വന്നത്

“മ്മ് കണ്ടിട്ടുണ്ട്..

അച്ഛൻ മരിച്ചപ്പോൾ ഇവിടെ വന്നിട്ടുണ്ടാരുന്നു ല്ലേ??”

“ആ വന്നിരുന്നു”

“പക്ഷെ അന്ന് മോളോട് മിണ്ടാൻ കഴിഞ്ഞില്ലല്ലോ, അതോണ്ടാ ഇന്നു വീണ്ടും വന്നതു,,”

“ഏത് ക്ലാസില മോളു പഠിക്കുന്നത്??”

“ഏഴാം ക്ലാസ്സിൽ..”

അമ്മായി ഉണ്ടാക്കിയ ചക്കര ഇട്ട കാപ്പി എന്റെ ഒപ്പം ഇരുന്നു ചൂട് ഊതി അയാള് കുടിക്കുന്നത് കണ്ടപ്പോൾ അച്ഛനെ ഓർമ വന്നെനിക്കു,,

പുറം കയ്യാൽ കണ്ണ്‌ തുടക്കുന്ന എന്റെ തലയിൽ തഴുകി പറഞ്ഞു

“എന്തിനാ കരയുന്നെ നീ..??

“°ഇനി നിനക്ക് ഞാൻ ഉണ്ട് അച്ഛൻ ആയിട്ട്…”

യാത്രപറഞ്ഞു പിരിയാൻ നേരം എനിക്കായി കരുതിയ സമ്മാനപൊതികൾ തരാനും മറന്നില്ല,

അച്ഛൻ മരിച്ചതിൽ പിന്നെ ആദ്യം ആയിട്ട് മധുരപലഹാരം കൊതി തീരെ തിന്ന് ഞാൻ, ഞാൻ ഏറെ കൊതിച്ച പട്ടുപാവാടയും ബ്ലൗസും പൊതിക്കുള്ളിൽ കണ്ടു അത്ഭുതപെട്ടു,

അതൊരു തുടക്കം മാത്രം ആയിരുന്നു, എന്നെ ഞാൻ ആക്കാൻ ഉള്ള തുടക്കം,

പിന്നെ ഓരോ തവണയും വടക്കു നിന്നുള്ള വിരുന്നുകാരൻ വരാൻ ഉള്ള കാത്തിരിപ്പു ആയിരുന്നു ഞാൻ, അച്ഛനും, അമ്മയും ഒരു യുഗം മുഴുവൻ തരുന്ന സ്നേഹം ഞാൻ അനുഭവിച്ചു ആസ്വദിച്ചു ഓരോ വരവിലും…

പിന്നീട് അങ്ങോട്ട് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നാളുകൾ ആയിരുന്നു, ഒന്നിനും കുറവില്ലാത്ത കാലം,പട്ടിണിയും, പരിവട്ടവും ഇല്ലാത്ത നാളുകൾ,പത്താം ക്ലാസ്സ്‌ പരീക്ഷ തുടങ്ങുന്ന ദിവസം വരാം എന്നു പറഞ്ഞു പോയ ആൾ പിന്നെ ഒരുമാസം ഇതുവഴി വന്നിട്ടേയില്ല,

ഏതോ ആലോചനയിൽ ഉമ്മറത്തിണ്ണയിൽ ഇരിക്കുമ്പോൾ ആയിരുന്നു വീണ്ടും ആ തലവട്ടം പാടവരമ്പത്തു കണ്ടത്, സന്തോഷം കൊണ്ടു ഞാൻ എന്നെ മറന്ന നിമിഷം, ഓടിച്ചെന്നു കയ്യിൽ തൂങ്ങി ഒതുക്കുകല്ലുകൾ കയറുമ്പോൾ ഞാൻ കണ്ടിരുന്നു ആ കണ്ണുകളിൽ പഴയ തിളക്കവും സന്തോഷവും ഇല്ല, ഒന്നും മിണ്ടാതെ അമ്മായി കൊടുത്ത കാപ്പി കുടിക്കുമ്പോഴും മൗനം ആയിരുന്നു ഞങ്ങളുടെ ഇടയിൽ,

“മോളെ ഒരുപാട് വട്ടം ഞാൻ വരുമ്പോഴും ഒരു കാര്യം മോളോട് പറയാൻ കരുതും, പക്ഷെ നിന്റെ സന്തോഷം കാണുമ്പോൾ എനിക്ക് പറയാൻ കഴിയാറില്ല,

എന്റെ മോളെ സങ്കടപെടുത്താൻ ഇഷ്ടം ഉണ്ടായിട്ട് അല്ല, എന്തായാലും ഒരുകാലത്തു നീ ഇതൊക്കെ അറിയണ്ടത് അല്ലെ..

നിന്റെ അമ്മ മരിച്ചു പോയി മോളെ ഒരു മാസം മുൻപ്, എന്റെ ഭാര്യ ആയിരുന്നു അവൾ, എന്റെ മോളുടെ അമ്മ..അവൾക്കു നീ ജീവിച്ചിരിപ്പുണ്ട് എന്നു അറിഞ്ഞു കൂടാ, അവളോട്‌ പൊറുക്കണം നീ, അവളുടെ ആത്മാവിന് ശാന്തി കിട്ടുവാൻ പ്രാർത്ഥിക്കണം നീ എന്നെ ഓർത്തു, ഒരു തെറ്റ്‌ പറ്റി എന്നു അറിഞ്ഞു കൊണ്ടു ഞാൻ അവളെ സ്വീകരിക്കുമ്പോഴും ഞാൻ അറിഞ്ഞിരുന്നില്ല നീ ജീവനോടെ ഉണ്ടെന്നു, പിന്നെ നിന്റെ അച്ഛൻ ഗോപാലന്റെ കൂട്ടുകാരൻ വഴി ആണ് നിങ്ങൾ ഈ നാട്ടിൽ ഉണ്ടെന്നു ഞാൻ അറിയുന്നത്, അപ്പോഴേക്കും ഒരുപാട് വൈകിപോയിരുന്നു, ക്യാൻസർ എന്ന മാരകരോഗം അവളെ മൊത്തത്തിൽ കാർന്നു തിന്നിരുന്നു, പാവം വേദന സഹിക്കാൻ കഴിയാതെ വരുമ്പോൾ എന്നെ കെട്ടിപിടിച്ചു കരഞ്ഞു പറയുമായിരുന്നു,

ഞാൻ ചെയ്ത പാപത്തിന്റെ ഫലം ആയിരിക്കും ഒരുപക്ഷെ ഈ വേദനയെന്നു,,,

നീ ഒരിക്കലും ഞങ്ങളെ ശപിക്കരുത്, നിന്നെപ്പോലെ ഒരുമോൾ എനിക്കും ഉണ്ട്, നിന്റെ കണ്ണുനീര് വീണാൽ എന്റെ മോൾക്ക്‌ ഒരിക്കലും സമാധാനം ഉണ്ടാകില്ല,ഒരുപക്ഷെ സ്വർഗത്തിൽ ഇരുന്നു നിന്റെ അമ്മയും, അച്ഛനും ഇതൊക്കെ കണ്ടു സന്തോഷിക്കട്ടെ….

ഇല്ല അച്ഛാ ഞാൻ നിങ്ങളെ ഒരിക്കലും ശപിക്കില്ല, നിങ്ങളെ പോലെ ഒരു അച്ഛനെ കിട്ടിയ ഞങ്ങൾ മക്കൾ രണ്ടുപേരും ഒരുപാടു ഭാഗ്യവതികൾ ആണ്, ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയ എന്റെ അമ്മ പുണ്യം ചെയ്തവളും….. തെറ്റുകൾ ഒക്കെ എല്ലാവർക്കും പറ്റില്ലേ…??? അതൊന്നും സാരമില്ല എന്നു പറഞ്ഞു ആശ്വാസിപ്പിക്കുമ്പോൾ എന്റെ കയ്യ് രണ്ടും കൂട്ടിപിടിച്ചു പൊട്ടികരഞ്ഞ എന്റെ വളർത്തച്ഛൻ ആണ് എനിക്ക് എല്ലാം,,,”

വർഷങ്ങൾക്കിപ്പുറം ഇന്നു നല്ല പാതിയുടെ കയ്യും പിടിച്ചു ഈ വീടിന്റെ പടി ഇറങ്ങുമ്പോൾ, എല്ലാത്തിനും ആരെയും ബുദ്ധിമുട്ടിക്കാതെ ഓടിനടന്നു എനിക്ക് ഒരു നല്ല ജീവിതം ഒരുക്കി തന്ന ഈ വളർത്തച്ഛനെ തന്നെ എനിക്ക് അടുത്ത ജന്മത്തിൽ അച്ഛനായി തരണേ എന്ന ഒറ്റ പ്രാർത്ഥന മാത്രം ആയിരുന്നു മനസ്സിൽ……..

രചന: Anu Swaroop

Leave a Reply

Your email address will not be published. Required fields are marked *