രചന: Kaira Krishna
“Mrs യാമി ഗൗതം?”
“യെസ്”
“Please get in, sir is waiting for you”
“Thank you”
വിശാലമായ ഓഫീസ് മുറിയിൽ കാലെടുത്തു വയ്ക്കെ, അവൾക്ക് രണ്ടാമത് ഒന്നു ആലോചിക്കേണ്ടി വന്നില്ല. ഇനി ഇതല്ലാതെ മറ്റൊരു വഴി തന്റെ മുന്നിലില്ലെന്ന് അവൾക്ക് അറിയാമായിരുന്നു.
മേശയിൽ ഇരുന്ന നെയിം ബോർഡിലേക്ക് അവൾ കണ്ണോടിച്ചു. Mr ശ്രീറാം എന്ന് സ്വർണലിപികളിൽ കൊത്തിവെച്ചിരിക്കുന്നു.
“Please take your seat”, മുന്നിലെ കസേര ചൂണ്ടി കൊണ്ടു അയാൾ പറഞ്ഞു.
തന്റെ ഇരിപ്പിടത്തിൽ ഒന്നുകൂടെ നിവർന്ന് ഇരുന്നു കൊണ്ടു അയാൾ ചോദിച്ചു, “How can I help you ? വിളിച്ചു appointment ചോദിച്ചപ്പോഴും കൃത്യമായി ഒന്നും പറഞ്ഞില്ലല്ലോ”
ഒന്നു പരിഭ്രമിച്ചെങ്കിലും യാമി പിന്മാറാൻ തയ്യാറായിരുന്നില്ല, പതുക്കെ അവൾ പറഞ്ഞു തുടങ്ങി
“ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങളോട് സർ എങ്ങനെ പ്രതികരിക്കുമെന്നു എനിക്ക് അറിയില്ല. ഞാൻ പറയുന്നത് മുഴുവൻ കേൾക്കാൻ ഉള്ള മനസ്സ് സർ കാണിക്കണം. ഇതു നമ്മുടെ രണ്ടുപേരുടെയും ജീവിതത്തെ ബാധിക്കുന്ന കാര്യമാണ്.”
“എനിക്ക് ഒന്നും മനസ്സിലാവുന്നില്ല, താൻ ഒന്ന് തെളിച്ചു പറയാമോ”
“സാറിന്റെ ഭാര്യക്ക് ഒരു അവിഹിത ബന്ധം ഉണ്ട്”
“What.. what the nonsense are you talking” അയാൾ ക്ഷുഭിതനായി.
“ഞാൻ പറഞ്ഞത് സത്യമാണ് സർ, അവരുടെ ആ ബന്ധം എന്റെ ഭർത്താവുമായിട്ടാണ്”
അപ്രതീക്ഷിതമായി ഇങ്ങനെ ഒരു വാർത്ത കേട്ട ഷോക്കിൽ ആയിരുന്നു ശ്രീറാം, അയാൾ അതു വിശ്വസിക്കാൻ കൂട്ടാക്കിയില്ല. തന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന, വീട്ടിൽ എത്താൻ വൈകിയാൽ പരിഭവിച്ചു നിൽക്കുന്ന തന്റെ അരുവിന് മറ്റൊരു ബന്ധം, അതു അയാൾക്ക് ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല.
“ഒരു പെണ്ണ് വന്ന് തന്റെ ഭർത്താവിന് മറ്റൊരു ബന്ധം ഉണ്ടെന്ന് പറയണമെങ്കിൽ, അതിൽ അവൾ എത്രത്തോളം ഉരുകിയിട്ട് ഉണ്ടാകും എന്ന് സാറിനു ഊഹിക്കാവുന്നതല്ലേ ഉള്ളു.
എനിക്ക് അറിയാം, സാറിനു ഇപ്പോൾ വേണ്ടത് തെളിവുകൾ ആണെന്ന്, അതും എന്റെ പക്കൽ ഉണ്ട്. എന്നിട്ടും ഞാൻ എന്തുകൊണ്ട് കരയുന്നില്ല, എന്നാണ് സാറിന്റെ സംശയമെങ്കിൽ, ഒരു ഉത്തരമേ ഈ യാമിക്ക് തരാൻ ഉള്ളു.. ഇനി അയാൾക്ക് വേണ്ടി കരയാൻ എന്നിൽ കണ്ണുനീർ അവശേഷിക്കുന്നില്ല. അത്രക്കും അകന്നു പോയിരിക്കുന്നു അയാൾ എന്നിൽ നിന്ന് .”
തന്റെ മുന്നിൽ ഉള്ള തെളിവുകളികൾ കാൺകെ, ശ്രീറാമിന്റെ മിഴികൾ നിറഞ്ഞു. ഈ കാൾ ഹിസ്റ്ററി ,കാൾ റെക്കോർഡിങ്സ്..ആരെ വിശ്വസിക്കണം എന്നു മനസ്സിലാവാതെ അയാൾ ഉഴറി.
“ഇതാണ് സത്യം സർ, ഈ നമ്പർ നിങ്ങളുടെ ഭാര്യയുടേത് തന്നെ അല്ലേ, ഈ ശബ്ദം അവരുടേത് തന്നെ അല്ലേ”
യാമി നിരത്തിയ തെളിവുകൾ അയാളിൽ ഒരു പ്രകമ്പനം തന്നെ സൃഷ്ടിച്ചിരുന്നു.
“സാറിനു ഒരു കാര്യം അറിയാമോ, ഞങ്ങൾ സ്നേഹിച്ചു വിവാഹം കഴിച്ചവരാണ്. 5 വയസ്സ് ഉള്ള ഒരു മകൾ ഉണ്ട് ഞങ്ങൾക്ക്. കഴിഞ്ഞ ഒരു വർഷം മുന്നേ വരെ , ഞങ്ങളുടെ ഏതു ആഗ്രഹവും സന്തോഷത്തോടെ കണ്ടു അറിഞ്ഞു ചെയ്തു തന്നെ എന്റെ കിച്ചേട്ടൻ, ഈ കഴിഞ്ഞ ഒരു വർഷം കൊണ്ട് ഞങ്ങളിൽ നിന്നും അകന്നു പോയത്.
ആദ്യമാദ്യം ഞാൻ വിചാരിച്ചത് ഓഫീസിലെ എന്തെങ്കിലും ടെൻഷൻ ആയിരിക്കും എന്നായിരുന്നു. പക്ഷെ പതിയെ പതിയെ ഞങ്ങളുടെ സ്വർഗം നരകം ആകാൻ തുടങ്ങി.
അനാവശ്യ വഴക്കുകൾ, പതിവായി മാറി. ഒരിക്കൽ കിച്ചേട്ടൻ കുളിച്ചു കൊണ്ടിരിക്കുമ്പോൾ ഏട്ടന്റെ ഫോണിൽ ഒരു കാൾ വന്നു. അരുൺ എന്ന് സേവ് ചെയ്ത നമ്പർ, അറ്റൻഡ് ചെയ്തു ഞാൻ ചെവിയിൽ വെക്കേ ഞാൻ കേട്ടത്.. കിച്ചേട്ടാ എന്ന് ആരെയും മയക്കുന്ന വിളി ആയിരുന്നു.
താൻ അല്ലാതെ ഗൗതമിനെ മറ്റൊരാൾ പോലും ആ പേരിൽ വിളിക്കാറില്ലായിരുന്നു. തന്റെ ശബ്ദം കേട്ടതും മറുതലക്കിൽ ഫോൺ കട്ട് ചെയ്തു. അതു ചോദ്യം ചെയ്തതിന് അന്നാദ്യമായി തന്റെ കിച്ചേട്ടൻ തന്നെ തല്ലി, മുടിക്ക് കുത്തി പിടിച്ചു മുറിയിൽ നിന്നും പുറത്താക്കി. പിന്നീട് ആ മുറിയിൽ തനിക്ക് പ്രവേശനം ഇല്ലാതെ ആയി.
ഒരിക്കൽ ആ നമ്പർ ഞാൻ ഏട്ടന്റെ ഫോണിൽ നിന്നും കണ്ടെത്തി. എന്റെ ഒരു സുഹൃത്ത് പോലീസിൽ ആണ്. അവൻ വഴി ഞാൻ കണ്ടെത്തി, ആ നമ്പറിന്റെ ഉടമ അരുന്ധതി ശ്രീറാമിനെ, ഒരു ഉറപ്പിന് വേണ്ടി ഈ കാൾ റെക്കോർഡിങ്സും എടുപ്പിച്ചു.
എനിക്ക് എന്റെ ഭർത്താവിനെ വേണ്ട സർ, പക്ഷെ എനിക്ക് എന്റെ മകളുടെ അച്ഛനെ വേണം. അതിന് സർ എന്നെ സഹായിക്കണം.”
എന്തു പറയണം എന്ന് അറിയില്ലായിരുന്നു ശ്രീറാമിന്.ഒരിക്കലും ഇങ്ങനെ ഒരു വാർത്ത താൻ കേൾക്കേണ്ടി വരുമെന്ന് അയാൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. തന്നെ സ്നേഹം കൊണ്ട് മൂടുന്ന, തന്റെ അരു.. അവളുടെ സന്തോഷം മാത്രമായിരുന്നു താൻ കണ്ടിരുന്നത്. അതിന് വേണ്ടി എല്ലാം ചെയ്തു കൊടുത്തു, എന്നിട്ടും എവിടെയാണ് തനിക്ക് പിഴച്ചു പോയത്?
അതേ സമയം യാമിയുടെ ഫോണിലേക്ക് ഒരു കാൾ വന്നു, ഗൗതമിന്റെ കാർ ആക്സിഡന്റ ആയി, ഇപ്പോൾ സിറ്റി ഹോസ്പിറ്റലിൽ icu ആണ്.
അവൾ എത്രയും പെട്ടന്ന് തന്നെ അവിടേക്ക് എത്തി. 24 മണിക്കൂറിനു ശേഷം ഡോക്ടർമാർ വിധി എഴുതി ഗൗതമിന്റെ നട്ടെല്ലിന് ക്ഷതമേറ്റത്തിനാൽ ഇനി എഴുന്നേറ്റ് നടക്കാൻ ഉള്ള ചാൻസ് വളരെ കുറവാണ്. അതു സാധ്യമാകും കാലം വരെ , സ്വന്തമായി കിടക്കയിൽ നിന്നും ഒന്നു എഴുന്നേറ്റ് ഇരിക്കാൻ പോലും അയാൾക്ക് കഴിയില്ല.
ഹോസ്പിറ്റൽ വാസം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴും യാമി ഒരു കുറവും വരാതെ തന്നെ അവനെ പരിചരിച്ചു, എന്നാൽ ഒരു അക്ഷരം പോലും ഉരിയാടാതെ അവൾ അവനു ഉള്ള ശിക്ഷ വിധിച്ചു. ഇത്രയും ഒക്കെ ചെയ്തിട്ടും തന്നെ പൊന്ന് പോലെ നോക്കുന്ന അവളെ കാൺകെ, അവനിൽ കുറ്റബോധം നിറഞ്ഞു.താൻ ചെയ്ത തെറ്റിന്റെ ആഴം അവൻ അറിഞ്ഞു. ഒരിക്കൽ എങ്കിലും അവൾ തന്നോട് സംസാരിച്ചിരുന്നെങ്കിൽ എന്നവൻ അതിയായി ആശിച്ചു. എന്നെങ്കിലും എഴുന്നേറ്റ് നടക്കാൻ ആയിരുന്നെങ്കിൽ അവളുടെ കാലിൽ വീണ് മാപ്പ് പറയാമായിരുന്നു എന്നവൻ സ്വപ്നം കണ്ടു.
ഇതേ സമയം മറ്റൊരിടത്ത് ശ്രീറാം നിരത്തിയ തെളിവുകൾക്ക് മുൻപിൽ ,അരുന്ധതിക്ക് മറുപടി ഇല്ലായിരുന്നു. ഒരു ചോദ്യം പോലും ചോദിക്കാതെ ഒരു ശാപവാക്കുകളും ചൊരിയാതെ, അവളെ അവൻ തന്റെ ജീവിതത്തിൽ നിന്നും പടിയിറക്കി വിട്ടു, കാരണം അയാൾ അത്രയ്ക്കും തകർന്നു പോയിരുന്നു. ഇനിയും ഒരു നല്ല ജീവിതം അയാൾക്ക് കിട്ടാൻ ദൈവം എന്തെങ്കിലും വഴി കണ്ടിട്ടുണ്ടാകും എന്ന ശുഭ പ്രതീക്ഷയോടെ നിർത്തുന്നു….
ഭാര്യഭർത്തു ബന്ധത്തിൽ ഒരുപാട് പൊരുത്തക്കേടുകൾ ഉണ്ടാകാം, അഭിപ്രായ വ്യത്യാസങ്ങൾ വരാം, പക്ഷെ അവിടേക്ക് മൂന്നാമത് ഒരാൾ മാത്രം വരരുത്. ആണായാലും പെണ്ണായാലും മനസ്സ് അറിഞ്ഞു സ്നേഹിക്കുന്നവർക്ക് ,അത് അവരുടെ മരണം തന്നെയാണ്.
ശുഭം
രചന: Kaira Krishna