പാറുനേ കെട്ടാൻ പോകുന്നത് ഒരു പട്ടാളക്കാരൻ ആണെന്ന് കേട്ടല്ലോ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ഗീതു സജീവൻ

എന്നാലും എന്റെ ശൈലെ.. ഇവിടുത്തെ കൊച്ചിന് വേറെ നല്ല ആലോചന കിട്ടാഞ്ഞിട്ട് ആണോ… ഒന്നുടെ ഒന്ന് ആലോചിച്ചിട്ട് പോരേ… കൊച്ചു ചട്ടുകാലിയും ചെവിപൊട്ടിയും ഒന്നും അല്ലാലോ… ഇത് ഒരുമാതിരി അറിഞ്ഞോണ്ട് കൊലക്ക് കൊടുക്കുന്ന പോലെ ആയില്ലായോ…

ആഹ്… അതിനു ഇപ്പൊ എന്നാ ഉണ്ടായെന്ന ശാരദ ഏട്ടത്തി… നമ്മുടെ പാറുനു ഒരു കല്യാണആലോചന വന്നു… പെണ്ണിന് ഈ വരുന്ന കുംഭത്തിൽ വയസ് ഇരുപത്തി രണ്ടു തികയും.. ഇരുപത്തി മൂന്നിന് മുന്നേ കെട്ടു നടത്തണം എന്നാ മേല്പത്തൂർ പറഞ്ഞേക്കുന്നെ… അല്ലെ പിന്നെ മുപ്പതു കഴിയണം… അറിയാലോ മേല്പത്തൂർ പറഞ്ഞാൽ അത് അച്ചട്ട് ആണ്… പിന്നെ ശങ്കരമാമ ആലോചന കൊണ്ടു വന്നപ്പോ നല്ലത് എന്ന് തോന്നിയത് കൊണ്ടു ചെക്കൻ വന്നു കാണാൻ പറഞ്ഞത് അല്ലെ…

ആലോചന ഒക്കെ നല്ലത് തന്നെ… മഹേഷ്‌ മോനെകൊണ്ടു ഞാൻ അന്വേഷിപ്പിച്ചു… നല്ല തറവാട്ടുകാരൊക്കെ തന്നെ… പയ്യനെ പറ്റിയും ആർക്കും ഒരു മോശം പറയാൻ ഇല്ല… എന്നാലും ശൈലെ…കൊച്ചു നമ്മുടെ അല്ലെ…

ഏത് കൊച്ചിന്റെ കാര്യം ആണ് ശാരദേ… മഹേഷിന്റെ ഭാര്യക്ക് ഇതിപ്പോ ആറാം മാസം ആയതു അല്ലെ ഉള്ളു…

ആഹ്… ഗോപിയേട്ടൻ വന്നോ… പറഞ്ഞത് ഒക്കെ വാങ്ങിയോ… ഗോപിയേട്ടൻ അങ്ങ് ഇറങ്ങി കഴിഞ്ഞപ്പോൾ ആണ് വിനാഗിരി വാങ്ങുന്ന കാര്യം ഓർത്തെ…

ആഹ്… അത് സാരമില്ല.. വൈകിട്ട് ഞാൻ പോയി വാങ്ങാം…. അത് പോട്ടെ… ശാരദ എപ്പോ എത്തി…? കുറെ ആയോ വന്നിട്ട്..

എത്തിയെ ഉള്ളൂ… എന്റെ കുട്ടിക്ക് ഒരു അപകടം നടക്കാൻ പോകുന്നു എന്ന് അറിഞ്ഞാൽ എനിക്ക് അവിടെ ഇരിപ്പ് ഉറക്കുമെന്ന് വല്യേട്ടന് തോന്നുണ്ടോ…

എന്തുവാഡി ഇത്….മനുഷ്യന് മനസിലാകുന്ന ഭാഷയിൽ പറയ്….

അല്ല വല്യേട്ടാ… പാറുനേ കെട്ടാൻ പോകുന്നത് ഒരു പട്ടാളക്കാരൻ ആണെന്ന് കേട്ടല്ലോ… വല്യേട്ടന് ഇതെന്ന പറ്റി… ശെരിക്കും ആലോചിച്ചു തന്നെ ആണോ…

നല്ല തറവാട്ടുകാരന്…തങ്കം പോലത്തെ സ്വഭാവം ഉള്ളൊരു ചെക്കൻ… നമ്മുടെ പാറുവിനു നന്നായി ചേരും….

പറഞ്ഞിട്ട് എന്താ ചെക്കൻ പട്ടാളത്തിൽ അല്ലെ… അത് തന്നാ പ്രശ്നം…

അതിനു ചെക്കൻ കള്ളനും കൊ- ലപാത കിയും ഒന്നും അല്ല ശാരദേ… ഒരു പട്ടാളക്കാരൻ ആണ്… കറ തീർന്ന ഒരു ഇന്ത്യൻ പട്ടാളം… കുടുംബത്തു വന്നു കേറാൻ പോണത് ഉശിരുള്ള ഒരാൺകുട്ടി ആണെന്ന് പറയുന്നതിൽ അഭിമാനിക്കുവല്ലേ വേണ്ടത്… ഒന്നും ഇല്ലേലും ഞാനും നീയും ഈ നാടും ഒക്കെ സുഖം ആയി കിടന്ന് ഉറങ്ങുന്നത് ഈ പട്ടാളക്കാർ ഒക്കെ അങ്ങ് അതിർത്തിയിൽ ഊണും ഉറക്കവും ഒക്കെ കളഞ്ഞു കാവൽ നിൽക്കുന്ന കൊണ്ടാണ്…

എന്നും പറഞ്ഞു നമുക്ക് നമ്മുടെ കൊച്ചിന്റെ ഭാവി നോക്കണ്ടേ വല്യേട്ടാ…നാളെ പാറു കരയുന്നത് കാണരുത് എന്നെ എനിക്ക് ആഗ്രഹം ഉള്ളൂ… അവള് നല്ല നിലക്ക് ജീവിച്ചു കണ്ടാ മതി…

പാറുവിന്റെ കാര്യത്തിൽ ഞാൻ ഒരു തെറ്റായ തീരുമാനം എടുക്കുമെന്ന് തോന്നുന്നുണ്ടോ…

എന്നാലും ഏട്ടാ… ഇത് അല്പം കടുത്തു പോയി… വേണ്ടാരുന്നു…

എന്താണ് ശാരദേ നിന്റെ പ്രശ്നം… നീ തെളിച്ചു പറയ്…

ഒരു പട്ടാളക്കാരൻ ചെക്കന് കെട്ടിച്ചു കൊടുത്തു നമ്മുടെ പാറു ഒരു വിധവ ആയി കാണാൻ ആണോ നിങ്ങളൊക്കെ ആഗ്രഹിക്കുന്നത്…?

എന്തോന്നാ ശാരദേ… നീ ഇപ്പോഴും പഴയ ആള് തന്നെ ആണല്ലേ… ഒരു മാറ്റവും ഇല്ല…

ഞാൻ പറയാൻ ഉള്ളത് പറഞ്ഞു… ബാക്കി ഒക്കെ വല്യേട്ടന്റെ ഇഷ്ടം…. ഞാൻ ഇറങ്ങുന്നു…

ശാരദ അങ്ങനെ ഒക്കെ പറഞ്ഞിട്ട് പോയപ്പോ തുടങ്ങി ഗോപിമാഷ് വല്ലാതെ അസ്വസ്ഥൻ ആണ്… അതുകൊണ്ട് തന്നെ മകളോടു ഒന്നുടെ ചോദിച്ചിട്ട് ആവാം ഒരു തീരുമാനം എടുക്കൽ എന്ന് അദ്ദേഹം വിചാരിച്ചു…

കോണിപ്പടി കേറി മുകളിൽ എത്തിയപ്പോ പാറു റൂമിൽ ഇരുന്ന് വായിക്കുവരുന്നു…

മോളെ…. പാറു…

ആഹ്…അച്ഛാ… വായോ….

മോള് വായിക്കുവരുന്നോ…

അതേ അച്ഛാ… ലൈബ്രറി പോയി ഒരു എടുത്ത്… ഇനി വേണം ആ പഴയ വായനയും എഴുത്തും ഒക്കെ ഒന്ന് പൊടി തട്ടി എടുക്കാൻ…കോളേജ് ഹോസ്റ്റൽ ഒക്കെ ആയി എല്ലാം പൂട്ടികെട്ടി വെച്ചിട്ട് വർഷം അഞ്ചായില്ലേ….ട്രാക്കിൽ ആകാൻ പറ്റുമോന്ന് ഞാൻ ഒന്ന് നോക്കട്ടെ…

അത് ഏതായാലും നന്നായി മോളെ… നടക്കെട്ടെ…

എന്താ അച്ഛാ… അച്ഛന് എന്നോട് എന്തോ ചോദിക്കാൻ ഉണ്ടല്ലോ… എന്താ നിന്ന് പമ്മുന്നേ….

അത് ഒന്നും ഇല്ല മോളെ…മോൾക്ക് ഇഷ്ടം ആണോ ഈ ആലോചന…ഇഷ്ടകുറവ് എന്തേലും ഉണ്ടേ അച്ഛനോട് പറയാൻ മടി കാണിക്കണ്ട ന്റെ കുട്ടി… മോളുടെ സന്തോഷം ആണ് എനിക്ക് വലുത്…

അതെന്താ അച്ഛാ ഇപ്പൊ ഇങ്ങനെ ഒരു ചോദ്യം… അച്ഛന്റെ മുഖം എന്താ വാടി ഇരിക്കുന്നെ… നാളെ ചെക്കൻ കൂട്ടരും കാണാൻ വരുമ്പോൾ കൊടുക്കാൻ സദ്യവട്ടം ഒരുക്കാൻ ഉള്ളത് ഒക്കെ വാങ്ങാൻ ചാടിതുള്ളി കടയിൽ പോയ ആളാണല്ലോ… ഇപ്പൊ എന്താ ബാറ്ററി തീർന്ന പോലെ ഓഫ്‌ ആയി ഇരിക്കുന്നെ…

ഒന്നും പറയണ്ട ന്റെ പാറു… ശാരദ ഏട്ടത്തി വന്നിരുന്നു… നിന്റെ അച്ഛന്റെ പുന്നാര പെങ്ങെളൂട്ടി…അനന്തരവളുടെ കാര്യത്തിൽ എന്താ ഒരു ശുഷ്‌കാന്തി… ഏട്ടത്തി വന്നിട്ട് പോയപ്പോൾ തുടങ്ങി ഇവിടെ ഒരാളുടെ മുഖം തെളിഞ്ഞിട്ടില്ല….

അതെന്നാ പറ്റി ഗോപി മാഷേ… അനിയത്തി കുട്ടി വന്നു എന്താ പറഞ്ഞേ… അതും എന്റെ കാര്യം…??

അത് പിന്നെ മോളെ…. ചെക്കൻ പട്ടാളത്തിൽ ആണല്ലോ…

ആണ്… പട്ടാളത്തിൽ ആണ്… അതോണ്ട് അല്ലെ നമ്മൾ സമ്മതിച്ചേ… അതിനു ഇപ്പൊ എന്നാ പറ്റി…?

അതല്ലടാ.. മോള് ശെരിക്കും ഇഷ്ടം ഉണ്ടായിട്ട് തന്നെ ആണോ കല്യാണത്തിന് സമ്മതിച്ചേ.. അതോ അച്ചന്റേയും അമ്മയുടെയും ഇഷ്ടത്തിന് തലയാട്ടിയത് ആണോ…?

ഗോപി മാഷ്ക്ക് എന്തേ ഇപ്പോ അങ്ങനെ ഒരു സംശയം വരാൻ… അച്ഛന്റെയും അമ്മയുടെയും ഇഷ്ടത്തിന് സമ്മതം മൂളിയാലും എന്തേ പ്രശ്നം…എനിക്ക് ദോഷം വരുന്നത് ഒന്നും നിങ്ങൾ ചെയില്ല എന്ന് എനിക്ക് ഉറപ്പുണ്ടല്ലോ… പിന്നെ ഈ ആലോചനക്ക് ഞാൻ സമ്മതം പറഞ്ഞത് പൂർണമനസോടെ തന്നെ ആണ്… ശെരിക്കും പറഞ്ഞാൽ ഒരു പട്ടാളക്കാരൻ ആയോണ്ട് അല്ലെ പാറുട്ടി ഇത്ര വേഗം കല്യാണത്തിന് സമ്മതിച്ചേ… ഒന്നും ഇല്ലേലും ഗോപി മാഷ്ക്ക് നല്ല മിലിറ്ററി കോട്ട കിട്ടില്ലേ… അതും മരുമകന്റെ കേറോഫിൽ ഫ്രീ ആയിട്ട്.. ഇതിൽ കൂടുതൽ എന്നാ വേണം എന്നാന്നെ… ഹ… ഹ…

ഇതും പറഞ്ഞു പാറു വേഗം ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് മാറി… അച്ഛൻ ചെവിക്ക് പിടിക്കുമെന്നു പാറുനു നല്ലതു പോലെ അറിയാം…

ഡി… കാന്താരി പാറു…. എന്ത് പറഞ്ഞേ… പെണ്ണിന്റെ ഒരു നാക്കു…

ആഹാ…. അച്ഛന്റെയും മോളുടെയും മനസ്സിലിരിപ്പ് കൊള്ളാലോ… അച്ഛന് പറ്റിയ മോള് തന്നെ…ബെസ്റ്റ്…

പിന്നല്ല… പറഞ്ഞു കൊടുക്ക് അച്ഛാ… ഈ അമ്മക്ക് ഒന്നും അറിഞ്ഞുട… ഹ… ഹ…

ചിരിയോടെ പറഞ്ഞു നിർത്തി പാറു മുറിക്ക് പുറത്തേക്കു ഇറങ്ങി താഴേക്ക് ഓടി…

അപ്പോഴേ എന്റെ ചെക്കനെ എങ്ങാനും കുടിപ്പിച്ചാൽ ഉണ്ടല്ലോ… പാറുവിന്റെ മറ്റൊരു മുഖം കാണാട്ടോ…പറഞ്ഞില്ലെന്ന് വേണ്ട…കോവണിപടി പാതിയിൽ നിന്നും അവൾ വിളിച്ചു പറഞ്ഞു…

അമ്പോ…. അപ്പോൾ അത്രേടം വരെ ആയി കാര്യങ്ങൾ… ആഹ്… നടക്കട്ടെ…ഗോപി മാഷ് ചിരിച്ചോണ്ട് പറഞ്ഞു…

അപ്പോഴേ ഇങ്ങനെ ഇവിടെ ചിരിച്ചോണ്ട് ഇരുന്നാൽ കാര്യങ്ങൾ ഒന്നും ഓടില്ലാട്ടോ… ഇങ്ങള് വന്നു ആ നാളികേരം ഒന്ന് ചിരകി തായോ… നാളത്തേക്ക് തീയലിനു വറുത്തു വെക്കാം… ലതേടെ ഇളയ കൊച്ചിന് ദീനം പിടിച്ചു കിടപ്പാ… അതോണ്ട് അടുക്കളയിൽ കൈ സഹായത്തിനു ആരാ എനിക്ക്…

അതിനെന്താ ഭാര്യേ…എന്റെ കുഞ്ഞിന് ഒരു കാര്യം നടക്കുമ്പോൾ ഞാൻ തന്നെ അല്ലെ എല്ലാം ചെയ്യണ്ടേ… വായോ…

—————————————————

വടക്കുംനാഥന്റെ മുന്നിൽ തൊഴുതു നിൽക്കുമ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട ചടങ്ങ് ആണ് ഇന്ന് നടക്കാൻ പോണതെന്ന് പാറു ആലോചിച്ചു…

ന്റെ മഹാദേവാ… കാത്തോളണേ…

ആരിത് പാറുകുട്ടിയോ… പടുത്തം ഒക്കെ കഴിഞ്ഞ് എപ്പോ എത്തി…??

രണ്ടു ദിവസം ആയി മഹേശ്വരിയമ്മേ നാട്ടിൽ എത്തിയിട്ട്… ഇന്നാണ് ഒന്ന് അപ്പനെ കാണാൻ വരാൻ പറ്റിയെ… എവിടെ പോയാലും മനസ് വടക്കുംനാഥന്റെ അടുത്ത് ആയിരിക്കുമല്ലോ…

അത് പിന്നെ അങ്ങനെ അല്ലയോ… അതുപോട്ടെ ചെക്കൻ കാണാൻ വരുന്നു എന്ന് കേട്ടു… ഉടനെ ഒരു സദ്യ കിട്ടുമോ ഞങ്ങൾക്ക്…

ആഹ്.. ഇന്ന് വരും… ചെക്കൻ നാട്ടിൽ ഇല്ലാത്തോണ്ട് അമ്മ വന്നു ആദ്യം കണ്ടു… അവർക്കൊക്കെ ഇഷ്ടായിട്ടാ പോയേ… ഇനി ചെക്കൻ കൂടി കാണണം…

അതിപ്പോ പാറുകുട്ടിയെ ആർക്കാ ഇഷ്ടം ആവാത്തത്…?? എന്തായാലും എല്ലാം ഭംഗി ആയി നടക്കട്ടെ…

ശരി മഹേശ്വരിയമ്മേ… ഞാൻ എങ്കിൽ നടക്കട്ടെ…

അല്ല മോളെ… ചെക്കൻ എന്ത് ചെയ്യുവാന്നു ചോദിക്കാൻ മറന്നല്ലോ… തിരിഞ്ഞു നടക്കാൻ തുടങ്ങിയ പാറുവിനെ പിടിച്ചു നിർത്തി അവർ ചോദിച്ചു…

ചെക്കൻ പട്ടാളത്തിലാ…അതും പറഞ്ഞു വേഗം തിരിഞ്ഞു നടന്നു തുടങ്ങിയ പാറുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു… ആർക്കും പെട്ടെന്നു അർത്ഥം മനസിലാവാത്ത ഒരു കള്ളചിരി…

——————————————–

ആദ്യത്തെ പെണ്ണുകാണലിന്റെ ചമ്മൽ ഞങ്ങൾ രണ്ടാൾക്കും ഉണ്ടായിരുന്നു…ചെക്കനും പെണ്ണിനും തനിച്ചു സംസാരിക്കാൻ കാർന്നോന്മാരായിട്ട് സൗകര്യം ഒരുക്കി തന്നിട്ടും രണ്ടാളും ഒന്നും മിണ്ടാതെ പരസപരം നോക്കി നിക്കുവാന്….എന്നാലും കോളേജിലെ വായാടിക്ക് അങ്ങനെ എത്ര നേരം മിണ്ടാണ്ട് ഇരിക്കാൻ കഴിയും… തുടങ്ങില്ലേ പൂരം…

എന്താ മാഷേ… ഇങ്ങനെ നോക്കുന്നെ… അല്ല ഇതുവരെ ഒന്നും പറഞ്ഞില്ലല്ലോ… അത് എങ്ങനാ അല്ലെ ഞാൻ ഒന്ന് ഗ്യാപ് തരണ്ടേ അല്ലെ.. സോറി ട്ടോ.. ഞാൻ ഇങ്ങനാ…

എയ്… ഇല്ലെടോ… അങ്ങനെ അല്ല.. പെട്ടെന്നു എല്ലാരേം കൂടി കണ്ടപ്പോ മൈൻഡ് പെട്ടെന്നു ബ്ലാങ്ക് ആയി പോയി…. എന്തൊക്കെ ഒക്കെയോ ചോദിക്കണം എന്നൊക്കെ വെച്ചു തന്നെ വന്നേ… ബട്ട്…

അമ്പോ… സ്റ്റേജ് ഫെർ.. ഒരു പട്ടാളക്കാരൻ ആണെന്ന് പറഞ്ഞപ്പോ കുറച്ചു കൂടി സ്മാർട്നെസ്സ് ഞാൻ പ്രതീക്ഷിച്ചു…

അല്ലെടോ… അങ്ങനെ അല്ല… ചില സിറ്റുവേഷൻസ് അങ്ങനെ ആണ്… ഓക്കേ.. ലീവ് ഇറ്റ്… എനിക്ക് കൂടുതൽ ഒന്നും ചോദിക്കാൻ ഇല്ല…ഒന്ന് മാത്രം… എന്ത് കൊണ്ടു എന്നെ ചൂസ് ചെയ്തു…? അതും ഒരു പട്ടാളക്കാരനെ…

ആൻസർ സിംപിൾ ആണ്… ബികോസ് യു ആർ മൈ ഫതേർസ് ചോയ്സ്… എന്റെ അച്ഛന്റെ തിരഞ്ഞെടുപ്പ്… അത് ഒരിക്കലും മോശം ആകില്ല… പിന്നെ ഞാൻ ഓക്കെ പറയാൻ ഒരു കാരണം ഏട്ടന്റെ ജോലി തന്നെ ആണ്… എവിടെയോ വായിച്ചിട്ടുണ്ട് പട്ടാളക്കാർക്ക് ഭാര്യമാരോട് ഭയങ്കര സ്നേഹം ആയിരിക്കും എന്ന്… അത് ശരി ആണോന്ന് നോക്കാലോ…

ആഹാ… അത് കൊള്ളാലോ… അങ്ങനെ സ്നേഹം കാണിക്കാൻ മുന്നൂറ്റി അറുപത്തഞ്ചു ദിവസവും ഞാൻ കൂടെ ഉണ്ടാവില്ലട്ടോ… ആകെ ലീവ് ഒരു വർഷത്തിൽ തൊണ്ണൂറ് ദിവസം ആണ് ..

അതിനെന്താ ഏട്ടാ…കൂടെ ഉള്ള തൊണ്ണൂറ് ദിവസം കൊണ്ടു ബാക്കി ഇരുന്നൂറ്റി അറുപത്തഞ്ചു ദിവസത്തെ സ്നേഹം കൂടി തന്നിട്ട് പോയാ മതിന്നെ…

ഹോയ്… അറുപത്തഞ്ചു അല്ല എഴുപത്തഞ്ചു…

ഹ… ഹ… എന്ത് ചെയ്യാൻ ആണ് മാഷേ… കണക്കിൽ പണ്ടേ വീക്ക്‌ ആണെന്നെ…

ഈ പറയുന്ന എനിക്ക് പറയാൻ വലിയ ഡിഗ്രി ഒന്നും ഇല്ലാട്ടോ…

അതിനു ഞാൻ സ്കൂളിലെ മാഷിന് വേണ്ടി ഉള്ള ഇന്റർവ്യൂ ഒന്നും അല്ല ഏട്ടാ നടത്തുന്നെ… ഇത് ജീവിതം ആണ്…മാർക്കും ഉള്ള സെര്ടിഫിക്കറ്റുകളെകാൾ പൊരുത്തമുള്ള മനസുകൾ ആണ് വേണ്ടേ…

ഞാൻ കറുത്തിട്ട് ആണ്… തനിക്ക് ഒട്ടും ചേരില്ല…

ഓ…അത് ഞാൻ ഇത്തിരി വെയില് കൊണ്ടാ തീരാവുന്ന പ്രശനം അല്ലെ ഉള്ളൂ…

എന്നാലും കൊച്ചേ…

എന്ത് എന്നാലും…

ഇല്ല… ഒന്നുല്ലാ…

എന്റെ മറുപടികൾ എട്ടനെ വട്ടം കറക്കിഎന്ന് എനിക്ക് മനസിലായി….എന്നാൽ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു കൊണ്ടു കല്യാണം കഴിഞ്ഞ അന്നു മുതൽ പിന്നീടങ്ങോട്ട് ഞെട്ടിയത് ഞാനും എന്റെ വീട്ടുകാരും ആണ്…

ആഴ്ചയവസാനം മരുമകന്റെ കൂടെ കമ്പനികൂടാന്നു വിചാരിച്ചിരുന്ന അമ്മായിഅച്ഛനെ ഞെട്ടിച്ചു കൊണ്ടു ഏട്ടൻ പറഞ്ഞു കുടി, വലി തുടങ്ങിയ ദുശീലം ഒന്നും ഇല്ലാത്ത ഒരാൾ ആണ് താനെന്ന നഗ്നസത്യം…

അന്ന് ഗോപിമാഷിന്റെ പൊട്ടി തകർന്ന പ്രതീക്ഷകളെക്കാൾ കൂടുതൽ ഉച്ചത്തിൽ എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി… എന്തായാലും മരുമകന്റെ കോട്ട പങ്കിട്ടു പോകാതെ ഒറ്റക്ക് കിട്ടുമെന്ന ആശ്വാസത്തിൽ ഗോപി മാഷ് ഒരു നെടുവീർപ്പ് പാസാക്കി…

ചെന്ന് കേറിയ വീട്ടിൽ വല്ലോം വെച്ചുണ്ടാക്കി കൊടുക്കാൻ മൂന്നു മാസത്തെ അമ്മയുടെ ക്രഷ്‌ കോഴ്സ് തട്ടീം മുട്ടീം പാസായ എന്നെ ഞെട്ടിച്ചു കൊണ്ടു അടുക്കള ഭരണം അമ്മയോടൊപ്പം ഏറ്റെടുത്തു ആണ് ഏട്ടൻ അടുത്ത ബോംബ് ഇട്ടത്…

ചെക്കൻ ചില്ലറക്കാരൻ അല്ല ഇനിയും വെടിമരുന്നുകൾ ബാക്കി ഉണ്ടെന്ന് മനസിലാക്കി കൊണ്ടു വിജയകരമായി ഞെട്ടിക്കൽ പരമ്പരകൾ മുൻപോട്ട് പോയി കൊണ്ടിരുന്നു..

കുടുംബത്തു പട്ടാളക്കാരൻ വന്നു കേറുന്നത് കൊച്ചിന് വൈധ്യവദോഷം വിളിച്ചു വരുത്തുന്നതിന് തുല്യം എന്ന് പറഞ്ഞ അതേ ശാരദഅപ്പച്ചിയെ കൊണ്ടു തന്നെ ചെക്കനെ കിട്ടിയത് ഞങ്ങടെ കൊച്ചിന്റെ ഭാഗ്യം ആണെന്ന് പറയിപ്പിക്കാൻ എന്റെ ഏട്ടന് അധിക സമയം വേണ്ടി വന്നില്ല…

ആൺമക്കൾ ഇല്ലാത്ത ഗോപിമാഷ്‌ക്ക് ദൈവം അറിഞ്ഞു കൊടുത്ത പുണ്യം ആണ് ചെക്കൻ എന്ന് ആളുകൾ പറയുമ്പോൾ എട്ടനെ നോക്കുന്ന അച്ഛന്റെ കണ്ണുകളിൽ തെളിഞ്ഞു കാണാമായിരുന്നു അഭിമാനത്തിന്റ ഒരു നൂറു തിളക്കം…

എന്റെ പൊട്ടപൊട്ട ആഗ്രഹങ്ങൾ വരെ വലിയ കാര്യത്തിൽ സാധിച്ചു തരുന്ന ഏട്ടൻ എനിക്ക് അത്ഭുതം ആയിരുന്നു… കൂടെ ഉള്ള ഓരോ നിമിഷവും എത്ര നിഷ്പ്രയാസം ആണ് ചെക്കൻ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവങ്ങൾ ആക്കി മാറ്റുന്നത് എന്ന് പാറുവിനു തന്നെ മനസിലായില്ല…

അപ്പൊ നാല്പത്തഞ്ചു ദിവസത്തെ ലീവ് തീർന്നു എന്റെ ചെക്കൻ തിരിച്ചു പോകുവാണ് നാളെ…കൈ പിടിച്ചവളെ ഒറ്റക്ക് ഇട്ടിട്ട് പോകേണ്ടി വരുന്ന നിസ്സഹായാവസ്ഥ തുറന്നു പറഞ്ഞു കണ്ണുകലങ്ങി നിന്ന ഏട്ടന്റെ കണ്ണു തുടച്ചു അധികം വേദനിപ്പിയ്ക്കാതെ ഒരു ചെറിയ കടി കൊടുത്തു കൊണ്ടു ഇങ്ങള് പോയി വായോ ചെക്കാ… പെണ്ണ് ഒറ്റക്ക് അല്ല… കൂട്ടിനു ഒരാളൂടെ വരുന്നുണ്ടെന്നു പറഞ്ഞപ്പോൾ ചെക്കന്റേത് ഒരു ഒന്നൊന്നര ഞെട്ടൽ ആയിരുന്നു…

പാറുവിനു ഇനി കാത്തിരിപ്പ് ആണ്… ലീവിന് വരുന്ന പ്രാണനാഥന് വേണ്ടി… തന്റെ ജീവന്റെ പാതിക്കായി…പ്രണയവും പ്രതീക്ഷകളും നിറഞ്ഞ അവരുടെ ലോകത്ത് വസന്തം പൂത്തുലയട്ടെ… ഉദരത്തിൽ വളർന്നു തുടങ്ങിയ ആ കുഞ്ഞുമണിപൂവിനോടൊപ്പം പാറു കാത്തിരിക്കട്ടെ…

എന്തായാലും വായിച്ചു ഇഷ്ടം ആയാൽ ഒരു വാക്കോ വരിയോ കുറിക്കാൻ മറക്കല്ലേ… സ്നേഹത്തോടെ ഗീതു….ഏട്ടൻ പട്ടാളത്തിന്റെ സ്വന്തം കുഞ്ഞിപ്പെണ്ണ്.സജീവൻ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: ഗീതു സജീവൻ

Leave a Reply

Your email address will not be published. Required fields are marked *