നീയൊന്നു സഹകരിച്ചാൽ നിനക്ക് ഈ വീട്ടിൽ നിൻ്റെ രോഗിയായ അമ്മയുമായി കഴിയാം…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സന്തോഷ് അപ്പുക്കുട്ടൻ

”നീയൊന്നു സഹകരിച്ചാൽ നിനക്ക് ഈ വീട്ടിൽ നിൻ്റെ രോഗിയായ അമ്മയുമായി കഴിയാം . അല്ലെങ്കിൽ നാളെ തന്നെ ഈ വീട് ഒഴിഞ്ഞുതരണം”

അച്ഛനോളം പ്രായമുള്ള ശേഖരൻ മുതലാളിയുടെ വാക്കുകൾ കേട്ടപ്പോൾ ഞെ-ട്ടിത്തെ-റിച്ച രാധ-ഒരു നിമിഷം കണ്ണടച്ചു തുറന്ന് അയാളെ നോക്കി.

അവളുടെ തീ പടർന്ന കണ്ണുകൾ അയാളുടെ മുഖത്ത് വട്ടമിട്ടു പറന്നു.

ഒരു ആയുഷ്ക്കാലം മുഴുവൻ അച്ഛനും അമ്മയും വിയർപ്പൊഴുക്കിയത് ഇയാളുടെ വീട്ടിലും, പറമ്പിലുമാണ്.

ഇയാളുടെ പാടം ഉഴുതുമറിക്കുമ്പോഴാണ് അച്ഛൻ കുഴഞ്ഞുവീണ് മരിച്ചത്.

ആ ഒരു നന്ദിയില്ലാതെ ഇത്രയും ക്രൂരമായ്?

ഓരോന്നോർത്ത് പല്ലുകൾ ഞെരിച്ച് അവൾ മുതലാളിയെ നോക്കി.

രാധയുടെ രോഷപ്രകടനത്തെ തൃണവൽക്കരിച്ച് അവളുടെ തോളിൽ തട്ടി, അയാൾ അകത്ത് മരുന്നിൻ്റെയും, കുഴമ്പിൻ്റെയും രൂക്ഷഗന്ധമുയരുന്ന ജാനകിഅമ്മയുടെ മുറിയിലേക്ക് നടന്നു.

“ഇത്രനാളും നീ എന്നിൽ നിന്ന് മോളെ ഒളിപ്പിച്ചു നിർത്തിയപ്പോൾ, ഇനി ഞാനൊരിക്കല്യം അവളെ തേടി വരില്ലാന്ന് കരുതിയോ?”

അകത്ത് അയാളുടെ ചോദ്യമുയരുന്നതും, ശ്വാസം കിട്ടാതെ അമ്മ ചുമക്കുന്നതും കേട്ട് അവൾ കണ്ണീരോടെ ചുമരിൽ ചാരി കണ്ണടച്ചുനിന്നു.

“ഇപ്പോൾ ഞാൻ പോകുന്നു.വൈകീട്ട് ഒന്നുകൂടി ഞാൻ വരും – എന്ത് വേണമെന്ന് തീരുമാനിക്കുന്നത് നീയാണ്”

ശേഖരൻ മുതലാളിയുടെ ശ്വാസത്തിൻ്റെ ചൂട് മുഖത്തടിച്ചപ്പോൾ, അവൾ പരിഭ്രമത്തോടെ കണ്ണു തുറന്നു.

തൻ്റെ ശരീരമാസകലം ഒന്നുഴിഞ്ഞ്, കുടവയറിൽ താളം കൊട്ടി നിൽക്കുന്ന ശേഖരൻ മുതലാളിയെ അവൾ ദയനീയമായി നോക്കി.

“അപ്പോൾ പറഞ്ഞതുപോലെ”

പറഞ്ഞു തീർന്ന് അയാൾ മുന്നോട്ടേക്ക് നടന്നതും, അതുവരെ കടിച്ചമർത്തിയ സങ്കടമൊക്കെ ഒരു പൊട്ടിക്കരച്ചിലോടെ തീർത്തു രാധ’

അകത്ത് നിന്ന് അമ്മയുടെ തേങ്ങൽ കേട്ടപ്പോൾ, രാധ കരച്ചിലടക്കി പുറത്ത് പെയ്യുന്ന മഴയിലേക്ക് നോക്കിയിരുന്നു.

മഴ പോലെ കണ്ണീരും അവളുടെ കവിളിലൂടെ ഒഴുകുകയായിരുന്നപ്പോൾ

“കുട്ടി കരയാണോ?”

പ്രസാദം നീട്ടി നിൽക്കുന്ന പൂജാരിയുടെ ചോദ്യം അവളെ ഓർമ്മകളിൽ നിന്നുണർത്തി.

കണ്ണുകൾ തുടച്ച്, ചുണ്ടത്ത് ഒരു ചിരി പടർത്തി പൂജാരിയെ നോക്കി കൊണ്ട് അവൾ തിരിഞ്ഞു നടന്നു.

“ആരും ഇല്ലാത്തവന് ഈശ്വരൻ തുണയുണ്ടാകും കുട്ടീ”

പിന്നിൽ നിന്ന് പൂജാരിയുടെ വാക്ക് കേട്ടപ്പോൾ അവളുടെ ചുണ്ടിൽ ഒരു വരണ്ട ചിരിയുതിർന്നു .

“ഈശ്വരൻ”

ആ പദം ഒരുപാട് പറഞ്ഞ് കേട്ടിട്ടുണ്ട്.

പക്ഷേ തൻ്റെ ജീവിതത്തിൽ ഇന്നോളം വരെ എത്തി നോക്കാത്തതും ആ നാമം തന്നെയാണ്!

“പോയില്ലേ കുട്ടി ഇതുവരെ ?”

ചോദ്യത്തിനൊപ്പം, പൂജാരി വാഴയിലയിൽ പൊതിഞ്ഞ നേദിച്ച പായസം അവൾക്കു നേരെ നീട്ടി.

“നടയടച്ചിട്ടിത്തിരി നേരായല്ലോ കുട്ടീ?”

“ഇത്തിരി നേരം ഈ ചുറ്റമ്പലത്തിനു ചുറ്റും പ്രാർത്ഥിക്കാമെന്നു വെച്ചു തിരുമേനി – ഇനിയൊരിക്കലും ഇങ്ങോട്ടേക്ക് ഒരു മടങ്ങി വരവില്ലെങ്കിലോ?”

പൂജാരി നീട്ടിയ പായസം വാങ്ങി അവൾ, ഒരു നിമിഷം നടയിലേക്ക് നോക്കി നിന്നശേഷം നിറഞ്ഞ കണ്ണീരോടെ അലരിപൂക്കൾ വീണു കിടക്കുന്ന നനഞ്ഞ മണ്ണിലൂടെ നടന്നു .

കോരിച്ചൊരിയുന്ന മഴയിൽ കുടയും ചൂടി അമ്പലം വലം വെക്കുന്ന അവളെയും നോക്കി നിന്ന പൂജാരിയുടെ കണ്ണുനിറഞ്ഞു.

തകർത്തു പെയ്യുന്ന മഴയിലൂടെ കുടയും ചൂടി വീട്ടിലേക്ക് നടക്കുമ്പോൾ, ചരലിട്ട റോഡിൻ്റെ ഇരുവശത്തേക്കും അവൾ സങ്കടത്തോടെ നോക്കി.

ഓർമ്മ വെച്ച നാൾ നടന്നു തുടങ്ങിയ പാത !

ഇരുവശത്തു പടർന്നു നിൽക്കുന്ന കോളാമ്പി പൂക്കളും, പല നിറത്തിലുള്ള കൊങ്ങിണി പ്പൂക്കളും.

റോഡിനു കുറുകെ ശിഖരങ്ങളുയർത്തി നിൽക്കുന്ന കശുമാവിൽ തൂങ്ങി കിടക്കുന്ന മാങ്ങകൾ.

റോഡിനതിരിട്ട്, ഉയർന്നു നിൽക്കുന്ന ശീമക്കൊന്നയിൽ നിറയെ പൂക്കൾ വിരിഞ്ഞു നിൽക്കുന്നു.

റോഡിനു വശങ്ങളിലായ് പടർന്നു കിടക്കുന്ന തൊട്ടാവാടി മഴ നനഞ്ഞ് മയങ്ങി കിടപ്പാണ്.

അവൾ പതിയെ, ചെരിപ്പഴിച്ച് പാദങ്ങൾ തൊട്ടാവാടിക്കുമേൽ വെച്ചു.

നേർത്ത മുള്ളുകൾ പാദങ്ങളെ നോവിക്കുമ്പോൾ, അവൾ പതിയെ കരയുകയായിരുന്നു.

മുള്ളുകൊണ്ട,വേദന കൊണ്ടായിരുന്നില്ല….

ഇനിയൊരിക്കലും ഇതുപോലെ നിൽക്കാൻ പറ്റില്ലായെന്ന വേദന കൊണ്ടായിരുന്നു…..

സങ്കടങ്ങളും, കഷ്ടപ്പാടുകളും അറിയാൻ മാത്രമുള്ള ഈ ജീവിതം ഇനിയാർക്കു വേണ്ടി നീട്ടണം?

ഒരിത്തിരി വിഷം, ഈ നേദ്യപായസത്തിൽ കലർത്തി അമ്മയും മകളും കഴിക്കുന്നു!

പരസ്പരം കെട്ടിപ്പിടിച്ച് മരണത്തിലേക്ക് പോകുമ്പോഴും, അമ്മയുടെ ചാരെ ചേർന്ന് കിടക്കണം.

തൻ്റെ ശരീരം കൊത്തിവലിക്കാൻ കഴുകൻ കണ്ണുകളുമായ് വരുന്ന ശേഖരൻ മുതലാളി, കൺനിറയെ കാണണം അശരണരായ ഒരമ്മയുടെയും മകളുടെയും മരിച്ചുള്ള കിടപ്പ്.

അപ്പോഴും മരിച്ചു കിടക്കുന്ന ഈ രാധയുടെ കണ്ണുകളിൽ വിജയത്തിൻ്റെ തിളക്കം അയാൾ കാണണം.

ഓരോന്നും ഓർത്തു കണ്ണീർ വാർത്തു നടക്കുമ്പോൾ, തൻ്റെ കുടക്കീഴിലേക്ക് ഒരു ചെറുപ്പക്കാരൻ ഓടിക്കയറിയത് കണ്ട് അവൾ അമ്പരന്നു.

നനഞ്ഞൊലിച്ച വസ്ത്രങ്ങളുമായി അധികാരത്തോടെ കുടയിൽ കയറി നിൽക്കുന്ന അയാളെ അവൾ സാകൂതം നോക്കി.

ഇവിടം ഇയാളെ ഇതിനു മുൻപ് കണ്ടിട്ടില്ലല്ലോ എന്ന് അവൾ ഓർത്തു.

“വണ്ടി ബ്രേക്ക് ഡൗണായി

റോഡരികിൽ കിടന്നിരുന്ന വണ്ടി ചൂണ്ടി കാണിച്ചു കൊണ്ട് അയാൾ തുടർന്നു.

“കുറെ നേരം ആരെങ്കിലും വരുന്നുണ്ടോയെന്ന് നോക്കി.അല്ലെങ്കിലും ഈ കുഗ്രാമത്തിൽ ആര് – വരാനാ അല്ലേ?”

ചോദ്യവും ഉത്തരവും സ്വയം പറഞ്ഞ് പൊട്ടി ചിരിക്കുന്ന അയാളെ അത്ഭുതത്തോടെ നോക്കിയ അവളുടെ നെഞ്ചിടിക്കുകയായിരുന്നു

“ആരെങ്കിലും കണ്ടാൽ?”

അവളുടെ മിഴികൾ പതറി പതറി ചുറ്റുപാടും വീണുക്കൊണ്ടിരുന്നു.

“മരിക്കാൻ പോകുന്ന ആൾക്കെന്തിനാ ഇത്ര പേടി?”

അവളുടെ ഉള്ളറിഞ്ഞ പോലെയുള്ള ആ ചോദ്യം കേട്ട് അവൾ അമ്പരപ്പോടെ അയാളുടെ മുഖത്തേക്ക് നോക്കി.

“നിങ്ങളാരാണ്?

അതിനുത്തരം ഒരു പതിഞ്ഞ ചിരിയായിരുന്നു.

“ഈശ്വരൻ” _

“ഈശ്വരനോ?”

രാധയുടെ ചുണ്ടിൽ ഒരു പുഞ്ചിരിയുതിർന്നു .

“അതേ – ഈശ്വരൻ തന്നെ”

അയാൾ അവൾക്കു തോളിലൂടെ കൈയിട്ടു.

പരിഭ്രമം കൊണ്ട് അവൾ വിറച്ചെങ്കിലും, നിഷേധിക്കാൻ അവൾക്കാവുമായിരുന്നില്ല”

മരണത്തിനു മുൻപ് ആരെങ്കിലുമൊന്ന് സ്നേഹത്തോടെ ചേർത്തു പിടിച്ചിരുന്നുവെങ്കിലെന്ന് അവൾ വല്ലാതെ ആഗ്രഹിച്ചിരുന്നു.

“കുട്ടി ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും, ഇതുവരെ ഈശ്വരൻ്റെ ആ കാരുണ്യം കിട്ടിയിട്ടില്ല അല്ലേ?

കോരിച്ചൊരിയുന്ന മഴയിൽ, ഒരു കുടക്കീഴിലൂടെ അയാളോടൊപ്പം മുട്ടിയിരുമ്മി നടക്കുമ്പോൾ അവൾ വേലിക്കരികിൽ പൂത്തുനിൽക്കുന്ന പൂക്കളെ എന്തിനാണെന്നറിയാതെലജ്ജയോടെ നോക്കി.

“നല്ല പേടിണ്ട് ല്ലേ? നന്നായി വിയർക്കുന്നുണ്ട്?”

അയാൾ പതിയെ ശ്വാസം അകത്തേക്ക് വലിച്ചു

“ഉള്ളിൽ നിറയെ സ്നേഹമുള്ള പെൺക്കുട്ടികളുടെ വിയർപ്പിന് കൊതിപ്പിക്കുന്ന സുഗന്ധമാണ്?”

അയാൾ പതിയെ അവളുടെ മുഖം തന്നിലേക്ക് തിരിച്ച്‌ ആ വിടർന്ന മിഴികളിലേക്ക് കണ്ണിമ ചിമ്മാതെ നോക്കി നിന്നു.

“സ്നേഹം, ദയ, പ്രണയം, വാത്സല്യം എല്ലാം കൂട്ടിക്കുഴഞ്ഞ് ഓർമ്മകളെ തൊട്ടുണർത്തുന്ന സുഗന്ധം ”

മഴതുള്ളിയേറ്റു നനഞ്ഞ രാധയുടെ മുഖം പതിയെ അയാൾ തുടക്കുമ്പോൾ, എതിർക്കാൻ ശക്തിയില്ലാതെ അവൾ നിന്നു.

“എൻ്റെ അമ്മ വിയർക്കുമ്പോഴും ഇതേ സുഗന്ധമായിരുന്നു -പക്ഷേ അധികനാൾ അതേറ്റു കഴിയാൻ എനിക്ക് യോഗല്യായിരുന്നു”

കണ്ണുകൾ നിറഞ്ഞപ്പോൾ അയാൾ പതിയെ കുടക്കീഴിൽ നിന്നു, മഴയിലേക്കിറങ്ങി നിന്നു.

ആകാശത്തേക്ക് മുഖം തിരിച്ച് അയാൾ കരയുകയാണെന്ന് അവൾക്ക് മനസ്സിലായി.

കണ്ണീരും മഴത്തുള്ളികളും ഇടകലരുമ്പോൾ, അയാളുടെ നെഞ്ചിടം വല്ലാതെ പിടക്കുന്നത് അവൾ കണ്ടു.

അവൾ പതിയെ ചെന്ന് അയാളെ തൻ്റെ കുടക്കീഴിനുള്ളിലേക്ക് കൈപിടിച്ചു കയറ്റി.

“കുട്ടി പേടിക്കണ്ട എനിക്ക് ഇങ്ങിനെയുള്ള ചിലവട്ടുകളുണ്ട്.സങ്കടം വന്നാൽ പെട്ടെന്ന് പൊട്ടിക്കരയുക, സന്തോഷം വന്നാൽ പൊട്ടിച്ചിരിക്കുക – പ്രണയം വന്നാൽ ഇങ്ങിനെ ചേർത്തു പിടിക്കുക”

പറഞ്ഞതും, അയാൾ അവളെ തൻ്റെ നെഞ്ചോട് ചേർത്ത് പിടിച്ചു.

എതിർക്കാനാവാതെ ഒരു മുല്ലവള്ളി പോലെ അയാളിലേക്ക് പടർന്നു കയറി രാധ.

മരണത്തിനു മുൻപേ ആ വ്യക്തിയെ ദൈവം വന്നു കാണുമെന്ന് എവിടെയോ കേട്ടിട്ടുണ്ട് അവൾ.

ശക്തിയോടെ വന്ന കാറ്റിൽ കുട, ദൂരേയ്ക്ക് പറന്നുപോയി.

ഒഴുകിയിറങ്ങുന്ന മഴത്തുള്ളികളേറ്റ് രാധയുടെ നെറ്റിയിലെ ചന്ദനമലിയുന്നതും നോക്കി അവൻ പുഞ്ചിരിയോടെ നിന്നു.

രാധയുടെ വലംകൈയിൽ പിടിച്ചിരുന്ന,നിവേദ്യ പായസം പൊതിഞ്ഞിരുന്ന വാഴയിലയിൽ മഴതുള്ളികൾ വീണു ചിതറുന്നത് കൗതുകത്തോടെ കണ്ടു അവൻ

“എൻ്റെ ജാനകിയമ്മയുടെ മകളായിരുന്നു നീ അല്ലേ?”

ചോദ്യം കേട്ടതും അമ്പരപ്പോടെ അവൾ അയാളെ നോക്കി.

“അമ്മയെ അറിയോ?”

ചോദിക്കുമ്പോൾ ആകാംക്ഷ കൊണ്ട് അവൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.

“അറിയോന്നോ? എന്നെ വളർത്തിയത് എൻ്റെ ജാനകിയമ്മയായിരുന്നു.”

രാധ ചോദ്യഭാവത്തിൽ അവനെ നോക്കി.

“എൻ്റെ അഞ്ചാം വയസ്സിൽ അമ്മ മരിച്ചതിൽ പിന്നെ പത്തു വയസ്സു വരെ എന്നെ നോക്കിയത് ജാനകിയമ്മയായിരുന്നു”

അവൾ അവനെ വല്ലാത്ത ഒരു ആരാധനയോടെ നോക്കി.

കുട്ടിക്കാലത്ത് എൻ്റെ വീട്ടിലേക്ക് പലതവണ വന്നിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്.

പക്ഷേ ഓർമ്മയിൽ ആമുഖം വ്യക്തമാകുന്നില്ല.

“പത്താം വയസ്സ് മുതൽ അമ്മ വീട്ടിലായിരുന്നു വളർന്നത്- പിന്നെ ഇങ്ങോട്ട് വരലില്ലായിരുന്നു.”

“അതെന്താ?”

പഴയ കളിക്കൂട്ടുക്കാരനെ കിട്ടിയ സന്തോഷത്തിൻ അവൻ്റെ കൈയിൽ പിടിച്ചു രാധ.

“വാ പെണ്ണേ കഥയൊക്കെ പിന്നെ”

അവൻ രാധയുടെ കൈ പിടിച്ച് കാറിനടുത്തേക്ക് നടന്നു.

വിലകൂടിയ കാറിൻ്റെ കോ- സീറ്റിൽ അവളെ കയറ്റിയിരുത്തി ഡോർ അടച്ച്. അവൻ ഡ്രൈവിങ് സീറ്റിലേക്ക് കയറി.

ഫ്രണ്ട് ഗ്ലാസ്സിൽ വീഴുന്ന മഴ തുള്ളികൾക്കപ്പുറം ലോകം വിജനമായതു പോലെ അവൾക്കു തോന്നി.

സ്റ്റിയറിങിൽ പിടിച്ച്, മുന്നോട്ടു നോക്കിയിരിക്കുന്ന അയാളെ അവൾ ഇടംകണ്ണിട്ടു നോക്കി.

എത്ര ആലോചിച്ചിട്ടും ഈ മൊതലിൻ്റെ പഴയരൂപം മനസ്സിൽ പതിയുന്നില്ലല്ലോ ഈശ്വരാ!

‘ഇന്നേയ്ക്ക് അമ്മ പോയിട്ട് ഇരുപത് വർഷമായി – അതിൻ്റെ ചടങ്ങുകൾക്ക് വേണ്ടിയാണ് ഞാൻ ആസ്ത്രേല്യയിൽ നിന്ന് ഇങ്ങോട്ടേക്ക് വന്നത് – അമ്മയുടെ ഓർമ്മകളിൽ മുഴങ്ങിയപ്പോൾ, ജാനകിയമ്മയെ കാണണമെന്നു തോന്നി..”

അവൻ പതിയെ സീറ്റിൽ വെച്ചിരുന്ന രാധയുടെ കൈയ്ക്ക് മേൽ തൻ്റെ കൈ വെച്ചു.

“ബ്രേക്ക്ഡൗൺ ആയ വണ്ടി ഇപ്പോൾ ശരിയായോ?”

ഒരു കള്ളച്ചിരിയോടെ രാധ അവനെ നോക്കിയെങ്കിലും, അവൻ്റെ നോട്ടം മഴവീണ് വെള്ളം കെട്ടികിടക്കുന്ന റോഡിലായിരുന്നു..

“ജാനകിയമ്മയാണ് എല്ലാ കാര്യവും പറഞ്ഞത്”

അവൻപൊടുന്നനെ ദേഷ്യത്തോടെ അവൾക്കു നേരെ തിരിഞ്ഞു.

“നീ ഒരു പഠിച്ച പെൺക്കുട്ടിയല്ലേ? അവസാന ശ്വാസം വരെ പൊരുതേണ്ടേ?

അവൻ്റെ ചോദ്യത്തിന് ഉത്തരമില്ലാതെ നിറഞ്ഞ കണ്ണുകളോടെ അവളിരുന്നു.

“മണ്ടൂസ് – നിവേദ്യ പായസത്തിൽ വിഷം ചേർത്ത് കഴിച്ച് മരിച്ചാൽ സ്വർഗ്ഗത്തിലേക്ക് പോകുമെന്നു വെച്ചോ?”

ഒന്നും പറയാതെ അവൾ തളർച്ചയോടെ അവൻ്റെ തോളിലേക്കു ചാരിയിരുന്നു.

“താങ്ങാൻ ആളുണ്ടെന്ന് ഉറപ്പിച്ചോ? ”

“അത് ആദ്യം, പ്രണയം വന്നാൽ ഇങ്ങിനെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ചിച്ചപ്പോൾ ഉറപ്പിച്ചു പോയതാണ് മോനെ”

ഒരു കള്ള ചിരിയോടെ അവൾ തല കൊണ്ട് അവൻ്റെ നെഞ്ചിൽ മൃദുവായി ഇടിച്ചു.

“ഇപ്പോൾ മരിക്കണമെന്നു തോന്നുന്നുണ്ടോ?”

രാധയുടെ ശിരസ്സ് തൻ്റെ നേർക്കാക്കി ആ കണ്ണുകളിലേക്ക് ഉറ്റുനോക്കി അവനത് ചോദിച്ചപ്പോൾ, “ഇല്ലായെന്ന് ” കണ്ണടച്ചു കാണിച്ചവൾ.

പാടത്തിനു മുന്നിലെ റോഡിൽ കാർ നിർത്തി, പാടവരമ്പിലൂടെ വീട്ടിലേക്ക് മഴയിലൂടെ ഓടുമ്പോൾ, രാധ അവൻ്റെ കൈ മുറുകെ പിടിച്ചിരുന്നു.

മരുന്നിൻ്റെയും, കുഴമ്പിൻ്റെയും രൂക്ഷഗന്ധം കാരണം ആരും കയറാത്ത അമ്മയുടെ റൂമിലേക്ക് അവൻ ഒരു മടിയുമില്ലാതെ കയറുന്നതും, ആ ശിരസ്സിൽ തലോടി സംസാരിക്കുന്നതും വല്ലാത്ത കൗതുകത്തോടെ നോക്കി നിന്നു രാധ.

അമ്മയെ തൻ്റെ ദേഹത്തേക്ക് ചാരിയിരുത്തി, പൊടിയരി കഞ്ഞി സ്പൂണിലാക്കി വായിലേക്ക് ഒഴിക്കുന്നത് കണ്ടപ്പോൾ രാധയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

“എനിക്ക് ഒരുപാട് കഞ്ഞി കോരിത്തന്നിട്ടുള്ളതാണ് – അമ്പിളിമാമനെ പിടിച്ചു തരാമെന്ന് പറഞ്ഞ് പറ്റിച്ചുകൊണ്ട് – അല്ലേ കള്ളി ജാനകിയമ്മേ ?”

അവൻ്റെ ചോദ്യം കേട്ടതും, തൻ്റെ വിറയ്ക്കുന്ന ചുണ്ടുകൾ അവൻ്റെ കവിളിൽ ചേർത്തു ജാനകിയമ്മ!

“ൻ്റെ ദീപുമോനെ”

ആ കുഴിഞ്ഞ കണ്ണുകൾ നിറഞ്ഞു തുളുമ്പി തുടങ്ങിയിരുന്നു അപ്പോൾ ‘ “ഇത്തിരി കട്ടൻ വെക്ക് പെണ്ണേ”

അധികാരത്തോടെ അവനത് പറഞ്ഞതപ്പോൾ സന്തോഷ കണ്ണീരോടെ തലയാട്ടി അവൾ.

“ഇപ്പോ വെക്കാം ദീപുമോനെ”

അവൾ ചിരിയോടെ അവൻ്റെ തലയിൽ തലോടി അടുക്കളയിലേക്ക് നടന്നു.

ചായയ്ക്ക് കഴിക്കാൻ ഇലയടയുണ്ടാക്കുമ്പോൾ, മുറ്റത്തു നിന്നുയർന്ന ശബ്ദം കേട്ടു അവൾ കാതോർത്തു.

ശേഖരൻ മുതലാളിയുടെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞതും, അവൾ കിളിവാതിലൂടെ ഭീതിയോടെ മുറ്റത്തേക്ക് നോക്കി.

നിറഞ്ഞു പെയ്യുന്ന മഴയിൽ -ഒരു കാലൻ കുടയ്ക്ക് താഴെ മുണ്ടും മടക്കികുത്തി, ചോര കണ്ണുകളോടെ മുറ്റത്ത് നിന്ന് അലറുകയായിരുന്നു അയാൾ.

അവൾ ഭീതിയോടെ അടുക്കളയിൽ നിന്ന് ഓടി, ശേഖരൻ മുതലാളിക്കു മുന്നിൽ കൈകൂപ്പിനിന്നു.

ഒരു നിമിഷം, ഇറയത്ത് നിന്ന് മുറ്റത്തേക്ക് ഇറങ്ങി വന്ന ദിപുവിൻ്റെ കൈപ്പത്തി അവളുടെ കവിളിൽ ശക്തിയോടെ പതിച്ചു.

ഞെട്ടിത്തെറിച്ച് രാധ തിരിഞ്ഞു നോക്കുമ്പോൾ, കോപാക്രാന്തനായി തനിക്കു നേരെ വിരൽ ചൂണ്ടി നിൽക്കുന്ന ദീപുവിനെയാണ്.

“ഞാൻ ജീവനോടെയിരിക്കുമ്പോൾ, നീ ആരുടെ മുന്നിലും കെഞ്ചുകയോ കാലു പിടിക്കുകയോ അരുത്. മനസ്സിലായോടീ?”

അവൾ ഭീതിയോടെ തലയാട്ടി ഇറയത്തേക്ക് കയറി നിന്നു.

ദീപൂ ,ശേഖരൻ മുതലാളിയുടെ അടുത്തേക്ക് പതിയെ നടന്നടുത്തു.

“എൻ്റെ പെണ്ണിൻ്റെ അടുത്തേക്ക് അനാവശ്യത്തിന് വന്നാൽ നോക്കിയിരിക്കാൻ ഞാൻ, അമ്മയെ -നെഞ്ചിൽ ചവിട്ടി കൊല്ലുന്നത് കണ്ട് പേടിച്ചിരുന്ന ആ അഞ്ച് വയസ്സുക്കാരൻ ദീപുവല്ലാന്ന് ഓർക്കണം”

ദീപു ഓരോ അടി മുന്നോട്ടു വെക്കുന്തോറും, അയാൾ ഭീതിയോടെ പിന്നോട്ട് നടന്നു.

” ഇത് എൻ്റെ അമ്മയുടെ സ്ഥലമാണ്. അല്ലാതെ നിങ്ങടെ രണ്ടാം കെട്ടുക്കാരിയുടെതല്ല ”

വായിൽ നിറഞ്ഞ മഴവെള്ളം അവൻ ശക്തിയോടെ പുറത്തേക്ക് തുപ്പി. “ഇവിടെ നിന്ന് ഇവരെ കുടിയൊഴിപ്പിക്കാൻ നിങ്ങൾക്ക് ഒരു അവകാശവുമില്ല – അതും പറഞ്ഞ് ഇനി ഈ വഴിക്ക് വന്നാൽ സ്വന്തം തന്തയാണെന്നുള്ള കാര്യം പൂർണ്ണമായും മറക്കും ഞാൻ”

പറഞ്ഞു തീർന്നതും, മഴയിൽ നിന്ന് ഇറയത്തേക്ക് കയറി രാധയുടെ കൈയും പിടിച്ച് അകത്തേക്ക് കയറി വാതിലടച്ചു ദീപു .

“കട്ടനെവിടെ പെണ്ണേ ?”

“ഇപ്പം തരാവേ?”

കവിളിൽ തടവിക്കൊണ്ട് അടുക്കളയിലേക്ക് ഓടുന്ന രാധയെ കണ്ടപ്പോൾ ദീപുവിന് ചിരി പൊട്ടി.

ചായയും, ഇലയടയുമായി മക്കൾ അകത്തേക്ക് വന്നപ്പോൾ, ജാനകിയമ്മയുടെ കണ്ണിൽ നിന്ന് വർഷങ്ങൾക്കു ശേഷം, സന്തോഷക്കണ്ണീർ കുത്തിയൊഴുകുകയായിരുന്നു! ……നിങ്ങളുടെ സ്വന്തം രചനകൾ പേജിൽ ഉൾപ്പെടുത്താൻ പേജിലേക്ക് മെസേജ് അയക്കൂ.. ലൈക്ക് ഷെയർ ചെയ്യൂ…

രചന: സന്തോഷ് അപ്പുക്കുട്ടൻ

Leave a Reply

Your email address will not be published. Required fields are marked *