നാണം കൊണ്ട് അവളുടെ മുഖം താഴ്ന്ന് തുടങ്ങിയിരുന്നു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Kalyani Narayan

ഓർമവെച്ച നാൾ മുതൽ കേൾകുന്നതാ ഭദ്ര ദേവനുള്ളതാന്നു. കുഞ്ഞുന്നാളിൽ ദേവേട്ടന്റെ കൈപിടിച്ചും തോളത്തേറിയും പോകാത്ത ഇടങ്ങളില്ല ഭദ്ര. അന്നൊന്നും അതിന്റെ അർത്ഥം മനസിലാക്കാനുള്ള പക്വതയൊന്നും അവൾക്കില്ലായിരുന്നു. വളർന്നു വരുമ്പോൾ പ്രായം അറിയിച്ചപ്പോൾ മനസിലായി വെറുമൊരു കളിക്കൂട്ടുകാരനോ സഹോദരനോ സുഹൃത്തോ അല്ല തനിക്കു ദേവേട്ടനെന്ന്. ദേവന്റെയ ഭദ്ര എന്ന മുത്തശ്ശിടേം അപ്പച്ചീടേം ഒക്കെ സംസാരത്തിന്റെ അർത്ഥം അന്നാണവൾക് മനസിലായത്. പിന്നീടെന്തോ ദേവട്ടനോട് പഴയപോലെ കൂട്ട് കൂടാനൊക്കെ ഒരു മടിയായിരുന്നു. എന്തോ ഒന്ന് പിന്നോട്ട് വലിയ്ക്കും പോലെ. ദേവനെ കാണുമ്പോഴൊക്കെ ഹൃദയം പടാപടാന്ന് മിടിക്കാനൊക്കെ തുടങ്ങി. പിന്നീട് കാണുന്ന സ്വപ്നങ്ങളിലെല്ലാം തന്റെ ദേവേട്ടനായിരുന്നു. ദേവനോടൊപ്പമുള്ള സുന്ദര നിമിഷങ്ങളായിരുന്നു. പലപ്പോഴും തനിക്കുള്ളത് പോലൊരിഷ്ടം ദേവട്ടന് തന്നോടുണ്ടോയെന്ന് അവള് സംശയിച്ചു. പിന്നെ കാവിലെ ഉത്സവത്തിന് കരിവളയും കളർ മിട്ടായിയും വാങ്ങിതന്നതൊക്കെ ഓർക്കുമ്പോ തോന്നും തന്നോട് ഉള്ളത് തനിക്കുള്ള അതെ സ്നേഹമാണെന്ന്…

ഭദ്രയ്ക് അച്ഛനും അമ്മയും ഇല്ല. അവരെ അവൾക് വളരെ ചെറുപ്പത്തിൽ തന്നെ നഷ്ടമായതാണ് . പിന്നീട് വളർന്നതൊക്കെ അച്ഛന്റെ സഹോദരിടെ കൂടെയ. അവള്ടെ അപ്പച്ചി.. ദേവേട്ടന്റെ അമ്മ… ഒത്തിരി ഒത്തിരി സ്നേഹമുള്ള ഒരമ്മ.. പിന്നെ മുത്തശ്ശിയും ദേവേട്ടന്റെ അച്ഛനും. എല്ലാർക്കും സ്നേഹാണ് അവളോട്… വലുതായാൽ ദേവന് അവൾ മതിയെന്ന് തീരുമാനിച്ചതും അവർ തന്നെ ആണ്.

“ഭദ്രകുട്യേ…. എന്താ അപ്പച്ചി?.. ദേവനിന്നു വരാൻ വൈകും അപ്പച്ചിക്ക് വയ്യ വല്ലാത്ത തലവേദന മോളൊന്ന്…..” പറഞ്ഞു പൂർത്തിയാക്കാതെ അവരവളെ നോക്കി

“അത് കുഴപ്പല്യന്റെ സാവിത്രി അപ്പച്യമ്മേ ഞാൻ തുറന്ന് കൊടുത്തോളം കതക്… ഭക്ഷണോം ഞാൻ എടുത്തു കൊടുത്തോളം…”സാവിത്രി അവളുടെ മൂർദ്ധാവിൽ ഒന്ന് ചുംബിച്ചു തിരിഞ്ഞ് നടന്നു. പിന്നീട് സുഖമുള്ളൊരു കാത്തിരിപ്പായിരുന്നു തന്റെ മാത്രം ദേവന് വേണ്ടിയുള്ള…. എന്തൊക്കെയോ ഓർമകളിൽ ഇരികുമ്പോഴായിരുന്നു കതകിൽ മുട്ടുന്ന ശബ്ദം കേട്ടത് ആവേശത്തിൽ എണീറ്റു കതക് തുറന്നു… ദേവേട്ടൻ… ഹൃദയം പിന്നെയും കുസൃതികാട്ടാൻ തുടങ്ങി. ചുറ്റിലും ആരുമില്ല എന്നത് കൊണ്ടാണോന്ന് അറിയില്ല ഓടിച്ചെന്ന് വാരിപ്പുണർന്നു നിൽക്കാനും തോന്നി… പക്ഷെ അങ്ങനൊരിഷ്ടം ഇന്ന് വരെ താൻ അങ്ങോട്ടോ ഏട്ടൻ ഇങ്ങോട്ടോ പറഞ്ഞിട്ടോ കാണിച്ചിട്ടോ ഇല്ല…

നീയുറങ്ങിയില്ലേ ഭദ്രേ…??

“ഇല്ല.. കാത്തിരികയായിരുന്നു… അപ്പച്ചിക്കൊരു തലവേദന അതാ ഞാൻ….”

“ഹമ്മ്മ്…” അവളോടൊന്നും പറയാതെ മറുപടി മൂളലിൽ ഒതുക്കി അവൻ അവളെ കടന്ന് പോയപ്പോൾ എന്തോ നെഞ്ചിൽ കൊളുത്തി വലിയ്ക്കും പോലെ തോന്നി ഭദ്രയ്ക്… ഇതിലും അധികം താൻ എന്തെങ്കിലും പ്രതീക്ഷിച്ചുവോ… അറിയില്ല…

പുറത്തൊക്കെ പോയി പഠിച്ചു വന്നതിനു ശേഷം ഭദ്രയോടെന്തോ അകൽച്ചയുണ്ട് ദേവന് എന്നവൾക്കു തോന്നിട്ടുണ്ട്… ഇനി താൻ ഈ കാണണ സ്വപ്നമൊക്കെ വേറുതെയാവ്വോ…. എന്തൊക്കെയോ ഓർത്തവളുടെ കണ്ണ് നിറഞ്ഞു…. വേഗം അത് ദേവൻ കാണാതെ തുടച് നീക്കി അവളോടിച്ചെന്നു അവന്റെ കയ്യിൽ പിടിച്ചു….

“കഴിക്കാനെടുത്ത് വച്ചിട്ടുണ്ട്…”

” വേണ്ട….” അറുത്ത്‌ മുറിച് മാത്രമേ ഇപ്പം സംസാരവും ഉള്ളു… എന്നിട്ടും അവൾ പിടിവിട്ടില്ല

“വായോ ഇത്തിരി കഴിച്ചിട്ട് കിടക്കാം വയർ ഒഴിച്ചിട്ടു കിടന്നുട എന്തേലും അസുഖം വരും… പ്ലീസ് ഇത്തിരി…” അത് കേട്ടപ്പോ അവൻ ഡൈനിങ്ങ് ടേബിൾ ലേക്ക് പോയിരുന്നു അവൾ സന്തോഷത്തോടെ അവനു ചോറും കറിയും വിളമ്പി അവൻ ഉണ്ണുന്നതും നോക്കി ഇരുന്നു… പക്ഷെ ദേവനപ്പോഴും ഫോണിൽ ആയിരുന്നു ചെറിയ ചിരിയും ആ മുഖത് തെളിഞ്ഞു വരുന്നുണ്ട്…. ഭദ്ര അവന്റെ ചിരിയും നോക്കി ഇരുന്നു… പെട്ടന്ന് ദേവൻ ഫോണും എടുത്ത് എഴുന്നേറ്റു… ഉച്ചത്തിലുള്ള ചിരിയും വർത്താനവും… ഭദ്രയ്ക്കുള്ളിൽ എന്തോ കൊള്ളിയാൻ മിന്നി… ആരാവും ഈ അസമയത്ത്… ഇത്രേം സന്തോഷിച്ചു താൻ ദേവേട്ടനെ കണ്ടിട്ടേയില്ല അവള്ടെ ഉള്ളൊന്ന് ആളി…

“” ഭദ്രേദ്രേ… “”” ഫോൺ കട്ട്‌ ചെയ്ത് ദേവൻ ഓടി വന്നു നിന്നപ്പോ അവൾ അവനെത്തന്നെ നോക്കി…. മുഖത്താകെ ഒരു തെളിച്ചം….. “ഭദ്രേ….”

“ഹമ്മ്മ്…”

” അവൾ വരുവാന്ന്….”

“ആരാ ദേവേട്ടാ….” ചങ്കിടിപ്പിനെ നിയന്ത്രിച് ചോദിച്ചു

“ദേവിക…. ദേവു…. ദേവു വരുന്നൂന്ന്…..” ആാാ മുഖത്തപ്പോൾ നൂറു നക്ഷത്രങ്ങൾ ഒന്നിച്ചു തെളിഞ്ഞ പ്രകാശം ഉണ്ടായിരുന്നു…. ഭദ്ര അത് നോക്കി കാണുവായിരുന്നു… ദേവു വരുന്ന വിവരം അമ്മയോട് പറയാൻ അവൻ ഓടിപോകുന്നത് കണ്ടപ്പോൾ നെഞ്ചിലെ ഭാരം കൂടി വന്നു….

ദേവു… ദേവിക.. ദേവേട്ടന്റെ അച്ഛൻ പെങ്ങളുടെ മോൾ… അവളും ഏട്ടന് മുറപ്പെണ്ണ് തന്നെ… പക്ഷെ തന്നെപ്പോലല്ല പുറത്തൊക്കെ പഠിച്ച കുട്ടിയ… കാണാനും അതെ സുന്ദരിയാ അവള്ടെ അമ്മയെപ്പോലെ…. പിന്നെ തന്നെപ്പോലല്ല അവൾ അവൾക് അച്ഛനും അമ്മേം ഏട്ടനും എല്ലാരുണ്ട്…. എന്തോ ഭദ്രേടെ കണ്ണ് നിറഞ്ഞു തനിക് വേണ്ടപെട്ടതെന്തോ നഷ്ടപ്പെട്ടു പോകണപോലെ… ദേവു വരണ കാര്യം കേട്ടപ്പോ എല്ലാർക്കും വല്യ സന്തോഷം… പിന്നെ താനായിട്ട് വിട്ട് നിന്നില്ല… അവർക്കൊപ്പം സന്തോഷത്തിൽ കൂടെ ചേർന്നു നിന്നു…..

ദേവു വന്നപ്പോഴും അങ്ങനെതന്നെ എല്ലാരും അവളെ സ്നേഹം കൊണ്ട് മൂടി…. ഉള്ളിലിത്തിരി ഇച്ചിരി കുശുമ്പ് വന്ന് മൂടുന്നുണ്ടായിരുന്നു…. ദേവേട്ടനെ നോക്കുമ്പോ അങ്ങേരും അവളെത്തന്നെ നോക്കി നില്ക്കുന്നുണ്ട്.. പിന്നീടെന്തോ അവടെ നില്കാൻ തോന്നിയില്ല…. പിന്നെയങ്ങോട്ട് കണ്ടറിയുവായിരുന്നു ദേവേട്ടനും ദേവുവും തമ്മിലുള്ള അടുപ്പം…. അപ്പോഴൊക്കെ മനസിനെ പറഞ്ഞു പഠിപ്പിക്കും ദേവേട്ടൻ ഭദ്രയ്ക്കുള്ളതാന്ന് എല്ലാരും പറയാറുള്ളതല്ലേന്ന്… ദേവേട്ടൻ ഇത്രയ്‌ക്കൊക്കെ സംസാരിക്കുമെന്ന് അവൾ വന്നതിൽ പിന്നെയാ താൻ മനസിലാക്കിയത്….

അന്നൊരിക്കൽ ക്ലാസ്സ്‌ കഴിഞ്ഞ് ഓടി വന്നപ്പോഴാ അടുക്കള പുറത്തൂന്ന് അപ്പച്ചിയും മുത്തശ്ശിയും കൂടെ പറയണത് കേട്ടത് ” ദേവന് ദേവുമോളോട് എന്തോ ഒരു അടുപ്പം ഉണ്ടെന്ന് തോന്നുന്നു…” മുത്തശ്ശി ആയിരുന്നു..

“ഹമ്മ്മ് എനിക്കും തോന്നി… തിരിച്ചു ആ കുട്ടിക്കും അങ്ങനൊരു ഇഷ്ടം ഉണ്ടെന്ന് തന്നെയാ തോന്നണേ…

നമ്മളൊന്ന് തീരുമാനിക്കും മക്കൾ വേറൊന്നും… അവരല്ലേ ഒന്നിച്ചു ജീവിക്കേണ്ടത് അവർ തീരുമാനിച്ചോട്ടെ… ” കേട്ടപ്പോ നെഞ്ച് പൊട്ടി മരിയ്ക്കണപോലെ തോന്നി എങ്ങനെയൊക്കെയോ ശബ്ദം പുറത്തവരാതെ തിരിഞ്ഞ് നടന്നു റൂമിലേക്ക് കയറി…. ഒത്തിരി നേരം തലയിണയിൽ കടിച്ചു പിടിച്ചു കരഞ്ഞു തീർത്തു…

“”അല്ലേലും താനല്ലേ ദേവേട്ടനെ സ്നേഹിച്ചത്… ഓരോ പൊട്ടബുദ്ധി… ആരേലും എന്തേലുമൊക്കെ പറയണകേട്ട് ഓരോ മോഹങ്ങളും മനസ്സിലിട്ട് കൊണ്ട് നടന്ന വെറും പൊട്ടി…. ഭദ്രയ്ക്കൊരു വിഷമോം ഇല്ലാ…””അവൾ സ്വയം പറഞ്ഞോണ്ടിരുന്നു…. താഴെ ബുള്ളറ്റ് സ്റ്റാർട്ട്‌ ആവണ ഒച്ചകേട്ടു… പോകാതിരിക്കാനായില്ല.. എന്നും അത് കേട്ടാൽ ഓടിപ്പോകും ജനലരികിലേക്ക് ഒരു നോക്ക് കാണാൻ… ജനലോരം നിന്ന് അവളവനെ നോക്കി… വല്യ സന്തോഷത്തിലാ പുള്ളി… തിരിഞ്ഞ് തിരിഞ്ഞ് ആരെയോ നോക്കുന്നുണ്ട്… പൊടുന്നനെ ഓടിവന്ന് ദേവു അവനു പിറകിൽ ഇരുന്നു… കയ്യിലിരുന്ന സൺഗ്ലാസ് എടുത്ത് ദേവന് ഇട്ട് കൊടുത്തു…. അവരൊന്നിച്ച് പടിപ്പുര കടന്ന് പോകുന്നത് കണ്ണുനീരിന്റെ ഇടയിലും അവൾ കണ്ടു. മുഖത്തു പ്രയാസപെട്ടു ഒരു മങ്ങിയ ചിരിയും വരുത്തി…..

അന്ന് രാത്രി ഭദ്രയ്ക് നല്ല പനി പിടിച്ചു… അപ്പച്ചി ഒപ്പം തന്നെ ഇരുന്നവളെ കുഞ്ഞുങ്ങളെപോലെ പരിചരിച്ചു…. രാത്രി ഏറെവൈകി അവർ രണ്ട് പേരും വന്നത് ഭദ്ര മുറിയിലിരുന്ന് അറിയുന്നുണ്ടായിരുന്നു… താഴേന്നു ദേവു ഭദ്ര എവിടേന്നു ചോദിക്കുന്നത് കേട്ടു.. കുറച്ച് കഴിഞ്ഞപ്പോൾ ദേവുവും ദേവേട്ടനും മുറിയിലേക്ക് വന്നത് അറിഞ്ഞു….

“”എന്തെ പെട്ടന്ന്”” ദേവേട്ടൻ നെറ്റിയിൽ കൈ വച്ചു ചോദിച്ചു… എന്താണെന്ന് അറിയില്ലാന്നു വേഗം തന്നെ കണ്ണ് ചിമ്മി കാണിച്ചു എന്തോ ആകപ്പാടെ ഒരു അസ്വസ്ഥത… ദേവു രണ്ട് കവർ കയ്യിലേക്ക് വച്ചു തന്നു… കൈനീട്ടി വാങ്ങിയപ്പോഴേ മനസിലായി അതിനകത്തു ഉടുപ്പാണെന്ന്….. നന്ദിയായി ഒന്ന് ചിരിച്ചു… ദേവു വേഗം മുറിയിൽ നിന്ന് പോയി… ദേവേട്ടൻ അരികിൽ തന്നെ ഏറെനേരം വീണ്ടും ഇരുന്നു…. എന്തിനോ കണ്ണ് നിറഞ്ഞൊഴുകി… ദേവേട്ടൻ പതിയെ അത് തുടച്ചു തന്നു…. ഒന്നും പറയാതെ പുതപ്പെടുത്ത് പുതപ്പിച്ച് തന്ന് മുറിവിട്ടിറങ്ങി….. അന്ന് ഒത്തിരി കരഞ്ഞു… എപ്പഴോ മയങ്ങി…

ദിവസങ്ങൾ മാസങ്ങളായി മനസ്സിൽ നിന്നും എന്തോ പൂർണമായും ദേവേട്ടനെ പറിച്ചെറിയാൻ കഴിഞ്ഞില്ല…. ഒരിക്കൽ ദേവേട്ടന്റെ അച്ഛൻ എല്ലാരേം ഉമ്മറതേക്ക് വിളിച്ചു… ഒപ്പം അവളും പോയി നിന്നു… ദേവേട്ടന്റെ കല്യാണമായിരുന്നു സംസാരം… നെഞ്ച് പൊട്ടണ പോലെ തോന്നി എങ്ങനെയൊക്കെയോ പിടിച്ചു നിന്നു… ദേവ എന്താ നിന്റെ അഭിപ്രായം???…. വല്യച്ഛൻ ആയിരുന്നു

“നിങ്ങടെ ഇഷ്ടംപോലെ….”

“ഹമ്മ്മ്…. ദേവുനോ?” കേട്ട് നിൽക്കാനാവാതെ ഭദ്ര പതിയെ ഉള്ളിലേക്കു കടന്നു നിന്നു….

“ദേവു.. അവൾക് എന്താ?” ദേവന്റെ ആയിരുന്നു ചോദ്യം… അല്ല ഇനി ചോദിച്ചില്ല എന്ന് പരാതി വേണ്ടലോ മുത്തശ്ശി ആയിരുന്നു…. അവിടെ അകത്തെ മുറിയിൽ ഒരു പെണ്ണ് നീറി മരിക്കാൻ ആയത് ആരും അറിഞ്ഞിട്ടില്ല…

“അവളോട് ചോയ്ചോ?”ദേവൻ ആയിരുന്നു…

“ആരോട്?? ” വല്യച്ഛന്റെ ചോദ്യം ഉയർന്നു കേട്ടു…

“ഭദ്രയോട്…”

എന്ത് ചോദിക്കാൻ??? …. അപ്പച്ചി ആയിരുന്നു….

“”അവളോട് ചോദിക്കാതെ എങ്ങനാമ്മേ അവളെ കെട്ടുന്നേ…..”” എല്ലാരും ഒന്ന് ഞെട്ടി

“അപ്പൊ നിനക്ക് ദേവു….. അവളെ അല്ലേ ഇഷ്ടം??”

” എനിക്കോ… ഞാൻ എപ്പഴാ അങ്ങനെ പറഞ്ഞിട്ടുള്ളെ? അന്നും ഇന്നും ദേവന്റെ മനസ്സിൽ അവളെയുള്ളു ഭദ്ര….. ഭദ്ര ദേവനുള്ളതാണെന്ന് കേട്ടാണ് ഇത്രയും കാലം ജീവിച്ചത് തന്നെ….”

അവരെല്ലാം ഒരു നിമിഷം ദേവൂനെ നോക്കി…. അവിടെയും നിറഞ്ഞ പുഞ്ചിരി മാത്രം…. “എന്താ എല്ലാരും എന്നെ നോക്കണേ??? ഇനി ദേവൂന് ദേവേട്ടനോട് അങ്ങനെ ഒരു അടുപ്പമുണ്ടോന്ന് ആണോ?… അങ്ങനാണേൽ നോക്കണ്ട എനിക്ക് ഈൗ ദേവേട്ടനോട് അത്തരത്തിൽ ഒന്നൂല്യ… ഇയാൾക്ക് ആാാ ഭദ്രകൊച്ചിനെയാ ഇഷ്ടംന്ന് എനിക്ക് പണ്ടേ അറിയാം…..”

“ഭദ്രയെവിടെ അമ്മേ …..??” അവന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു

“ഇവിടെ ഉണ്ടായിരുന്നതായിരുന്നല്ലോ…”

“മ്മ്മ്ഹ്ഹ്… ഞാനൊന്ന് പോയി നോക്കട്ടെ…”

ഈ സമയമത്രയും ഭദ്ര അവള്ടെ മുറിയിലായിരുന്നു…. അവിടെ നിന്നാൽ താൻ തളർന്നു വീഴുംന്ന് തോന്നിയപ്പോ ഓടിക്കയറിയതാ…. ദേവൻ വരുമ്പോ ഭദ്ര ജനലഴികളിലൂടെ പുറത്തേക്ക് നോക്കി നില്കുവായിരുന്നു….

“ഭദ്രേ……”

” ഹാ….”

“എന്തെ താഴെ നില്കാഞ്ഞേ?”

“ഒന്നുല്ല ദേവേട്ടാ…. ഞാൻ അവിടെ നിന്നിട്ടെന്താ അതാ…” പറയുമ്പോ അവള്ടെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു….. ആ മുറിക്കകത്തു അവൾക്ക് ശ്വാസം മുട്ടുന്നപോലെ തോന്നി… ദേവനും പതിയെ ആ ജനൽകമ്പികളിൽ പിടുത്തമിട്ടു ദൂരേക്ക് കണ്ണെറിഞ്ഞു….

ഭദ്രേ….

“ഹമ്മ്മ്….”

“എന്തെ ഞാനന്ന് വാങ്ങിയ ഡ്രസ്സ്‌ ഇടാഞ്ഞേ???…”

” ഏത്???….”

” അന്ന് ദേവുനൊപ്പം പോയി വാങ്ങിയത്….” അപ്പഴായിരുന്നു ഭദ്രയ്ക്കതു ഓർമ വന്നത് തന്നെ… വാങ്ങിതന്നിട്ട് ഒരുപാടായെങ്കിലും എന്തോ അവളത് തുറന്ന് നോക്കിയിട്ടില്ലായിരുന്നു….

“അത് ഞാൻ.. അത്.. വിശേഷ ദിവസൊക്കെ വരുമ്പോ ഇടാന്ന് കരുതി എടുത്ത് വച്ചിരിക്യാ…” എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു….

“ഒത്തിരി തിരഞ്ഞിട്ട തനിക്കില്ലാത്ത രണ്ട് കളർ കിട്ടിയത്….” ഭദ്ര ഒന്ന് ഞെട്ടി ദേവനെ നോക്കി… തന്റെ ദാവണിടെ കളറൊക്കെ ഏട്ടൻ ശ്രദ്ധിക്കാറുണ്ടായിരുന്നോ… പിന്നെയും മനസ്സ് എന്തോ കൊതിക്കുന്നപോലെ…. മനസ്സിനെ ശാസിച്ചു പിടിച്ചു നിർത്തി… നീണ്ട നിശ്ശബ്ദയയ്ക്ക് വിരാമമിട്ടതും ദേവനായിരുന്നു….

“അച്ഛൻ വിവാഹക്കാര്യം പറയുന്നു…. വയസ്സും ആയില്ലേ….”

“ഹ്മ്മ്മ്മ്….” പ്രയാസപെട്ടൊന്ന് ചിരിച്ചെന്നു വരുത്തി ഭദ്ര..

“ഇതുവരെ ഒന്നും പറഞ്ഞിട്ടോ കാണിച്ചിട്ടോ ഇല്ലാന്ന് എനിക്കറിയാം…. അത് എനിക്കുള്ളതാണെന്ന് പൂർണ്ണ ബോധ്യം ഉള്ളതോണ്ടാ……” ദേവൻ ഭദ്രയ്ക്കരുകിലേയ്ക് നീങ്ങിനിന്നു അവളെപിടിച്ചു തനിക്കഭിമുഖമാക്കി ചുമരിനോട് ചാരി നിർത്തി…. ഭദ്ര ഒരു പകപ്പോടെ ആ മുഖത്തേക്ക് നോക്കി….. “ഈൗ മനസ്സിൽ വേറെ ആരോടെങ്കിലും എന്തെങ്കിലും ഇഷ്ടമുണ്ടോ?…” മറുപടി ഉണ്ടെന്ന് എങ്ങാനും പറയുമോന്ന് അവനൊരു നിമിഷം ഭയന്നു…..

മ്മ്ഹ്..മ്മ്ഹ്..” അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി….. ദേവനൊന്ന് ദീർഘശ്വാസം എടുത്ത് വിട്ടു… എന്നിട്ട് ഭദ്രയെനോക്കി ചിരിച്ചു…. അവളുടെ രണ്ട് സൈഡിലും കൈവച്ചു… ഒരു കുസൃതിയോടെ അവളിലേക്ക് ഒന്നുകൂടെ ചേർന്ന് നിന്നു

“എന്നോടോ???… എന്നോടുണ്ടോ അങ്ങനൊരിഷ്ടം??…” ഭദ്രയൊന്ന് ഞെട്ടി ദേവന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി… കണ്ണുകൾ രണ്ടും നിറഞ്ഞു കാഴ്ചയെ മറയ്ക്കുന്നുണ്ടായിരുന്നു….. അവനവളുടെ താടിത്തുമ്പിൽ വിരൽചേർത്ത് മുഖമുയർത്തി…. “പറ…. എന്നോടുണ്ടോ അങ്ങനൊരിഷ്ടം…. ഹമ്മ്മ്??….” അവളേതോ അത്ഭുതലോകത്തെന്നപോൽ അവനെ തന്നെ നോക്കി നിന്നു…. കേൾക്കാൻ കൊതിച്ചതെന്തോ കേട്ടതുപോലെ… ഒരുനിമിഷം ചുണ്ടുകൾ പുഞ്ചിരിച്ചു…. അവൻ ചുമരിനോട് ചേർത്ത് വച്ച കൈ താഴേക്കിറക്കി അവള്ടെ അരയിലൂടെ ദേഹത്തേക്ക് ചേർത്ത് വച്ചു… തെന്നി മാറിയ സാരീ തലപ്പിലൂടെ ദേവന്റെ കൈ വയറിൽ തൊട്ടപ്പോ… ഭദ്രയൊന്ന് വിറച്ചു… പിടപ്പോടെ അവളവളുടെ ദേവേട്ടന്റെ കണ്ണിലേക്കു ഉറ്റുനോക്കി…. ആ കണ്ണുകളിൽ അവളപ്പോൾ കണ്ടു ഇത്രേം കാലം കാണാനാഗ്രഹിച്ച പ്രണയം……. .

“” ഭദ്രേ…. “” ദേവൻ ഒന്നുടെ അവളുടെ ഇടുപ്പിൽ അമർത്തിപ്പിടിച്ച് ചേർത്ത് നിർത്തി വിളിച്ചു……. “പറ… ഇഷ്ടല്ലേ… അവിടെ എല്ലാരും നിന്റെ മറുപടിക്ക് കാത്തുനിൽകുവാ…”

“എനിക്ക് നോവുന്നു പതിയെ…” അവൾ താഴേക്ക് നോക്കി പറഞ്ഞു….. ദേവൻ പതിയെ ഇടുപ്പിലെ കയ്യൊന്നയച്ചു…. ഭദ്ര ഒന്ന് ഞെട്ടി വിറച്ചു… ചെന്നിയിലൂടെ വിയർപ്പ് തുള്ളി ഒഴുകിയിറങ്ങി….. ദേവനവളെ വലിച്ചു നെഞ്ചോട് ചേർത്ത് പിടിച്ചു….ആ ഒരു നിമിഷം കൊണ്ട് തിരികെ അവളും അവനെ വാരിപ്പുണർന്നു കഴിഞ്ഞിരുന്നു… മരിച്ചു ജീവിച്ചപോലെ തോന്നി ഭദ്രയ്ക്… ദേവന്റെ ശ്വാസം കഴുത്തിനടുത്തേക്ക് അടുത്ത് വരുന്നത് അറിഞ്ഞപ്പോഴേ അവൾക് മനസിലായി…. “ചീ… തെമ്മാടി….” അവളവനെ തട്ടി മാറ്റി ഓടി…. ദേവൻ പിടിക്കാനാഞ്ഞെങ്കിലും അപ്പഴേക്കും അവൾ മുറിവാതിൽ കടന്നിട്ടുണ്ടായിരുന്നു….

മുന്നിൽ നിൽക്കുന്നവരെ കണ്ടു ഭദ്രയൊന്ന് ചമ്മി…. “അത് പിന്നെ അപ്പച്ചി… ഞാൻ… ദേവേട്ടൻ…. പിന്നെ….” അവളെന്തൊക്കെയോ പറയാൻ തപ്പിത്തടഞ്ഞു… അവരെല്ലാം അർത്ഥം വച്ച് ചിരിക്കാൻ തുടങ്ങിയതും ജാള്യത കൊണ്ട് അവളുടെ തല താഴ്ന്നു പോയ്‌….

“ഭദ്രേദ്രേ….”പെട്ടന്നായിരുന്നു ദേവൻ ചാടി വീണത്… മുന്നിൽ നിൽക്കുന്നവരെ കണ്ട് അവനും ഒന്ന് ചമ്മി…. “അത് പിന്നെ ഞാൻ…”

” അത് പിന്നെ അമ്മേ….. ഞാൻ…. ഭദ്രാ… പിന്നേ… ” ദേവൻ പറഞ്ഞു തുടങ്ങ്യതും എല്ലാരും ഒരേ സ്വരത്തിൽ അവൻ പറയുന്നതിന് മുൻപ് പറഞ്ഞു തുടങ്ങി പിന്നേ അവിടൊരു കൂട്ട ചിരിയായിരുന്നു…. പൊട്ടിവരുന്ന ചിരിയെ കടിച്ചമർത്തി അവളും ദേവേട്ടനും തലതാഴ്ത്തി നിന്നു….

ദേവന്റെ അച്ഛൻ അടുത്തേക്ക് ചെന്നുനിന്ന് അവളുടെ താടിയിൽ പിടിച്ചുയർത്തി… “””ഭദ്രകുട്യേ… ഉറപ്പിക്കാൻ പോവാ വല്യച്ഛൻ ഇത്…. ന്റെ കുട്ടിക്ക് ഇഷ്ടല്ലേ? നിറഞ്ഞ മനസോടെ അല്ലേ??””” അവളൊന്നു പുഞ്ചിരിച്ചു…. വല്യച്ഛൻ അവള്ടെ തോളിൽ തട്ടി പതിയെ ഉമ്മറത്തേയ്ക് പോയി… ബാക്കിയുള്ളവരും അദ്ദേഹത്തിന് പിന്നാലെ ഇറങ്ങുന്നതും നോക്കിയവൾ പടികൾക്കരുകിൽ നിന്നു… പുഞ്ചിരിയോടെ തിരിഞ്ഞപ്പോൾ ദേവൻ അവളെത്തന്നെ നോക്കി കൈ രണ്ടും കെട്ടി കുസൃതിച്ചിരിയോടെ നില്പുണ്ട്…. കൈ നിവർത്തി അടുത്തേക്ക് മാടി വിളിച്ചപ്പോ ഓടി ചെന്നാ നെഞ്ചിൽ ചാഞ്ഞു….. “ഭദ്രേ….”

“ഹമ്മ്മ്…” അവൾ തലയുയർത്തി നോക്കി… കുറച്ചു നേരം രണ്ടാളും പരസ്പരം ഒന്നും മിണ്ടാതെ നോക്കി നിന്നു… നാണം കൊണ്ട് അവളുടെ മുഖം താഴ്ന്ന് തുടങ്ങിയിരുന്നു… ദേവൻ അവളുടെ മുഖം രണ്ട് കൈകൊണ്ടും കോരിയെടുത്തു… പതിയെ അവളുടെ നെറ്റിത്തടത്തിൽ ചുണ്ടമർത്തി ചുംബിച്ചു….. അവൾ നിർവൃതിയോടെ അവന്റെ മാറിലേക്ക് ചാഞ്ഞുകിടന്നു……..

അവസാനിച്ചു…..

രചന: Kalyani Narayan

Leave a Reply

Your email address will not be published. Required fields are marked *