എന്റെ ഉള്ളിൽ എന്ന് മുതലാണ് അവളോടുള്ള പക ഉടലെടുത്തു തുടങ്ങിയത്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അംബിക ശിവശങ്കരൻ

എന്റെ ഉള്ളിൽ എന്ന് മുതലാണ് അവളോടുള്ള പക ഉടലെടുത്തു തുടങ്ങിയത്??? ജീവനായി സ്നേഹിച്ചവളെ എങ്ങനെയാണ് എനിക്കിത്രമാത്രം വെറുക്കാൻ കഴിഞ്ഞത്??

പെണ്ണെന്ന വർഗം തന്നെ ഭൂമിയ്‌ക്കൊരു ശാപമാണ്… സാഹചര്യങ്ങൾക്കൊപ്പം നിമിഷാർദ്ധ നേരം കൊണ്ട് അവൾക്ക് പൊരുത്ത പെട്ട് പോകാൻ സാധിക്കും അത് പോലെ തന്നെ ചിരിച്ചു കൊണ്ട് കഴുത്തറക്കാനും.. അവളുടെ കണ്ണിലെ കണ്ണുനീർ തന്നെ ചതിയുടെ ഏറ്റവും വലിയ സൂചനയാണ്.. അതിൽ ആരുടെയൊക്കെ മനസ്സലിഞ്ഞിട്ടുണ്ടോ അവരൊക്കെ മരിച്ച മനസുമായി ജീവനുള്ള കാലത്തോളം ഗതി കിട്ടാതുഴലുന്നുണ്ടാകും..

അവസാനത്തെ തുള്ളിയും വിഷ്ണു വായിലേക്ക് ഇറ്റിച്ചു.

“ഏഴാമത്തെ വയസിൽ നിന്നെ വലിച്ചെറിഞ്ഞു പോയ അമ്മയെന്ന ആ സ്ത്രീയുടെ ചതിയിൽ നിന്ന് തന്നെ നീ മനസിലാക്കണമായിരുന്നു പെണ്ണെന്ന വർഗത്തെ തന്നെ വിശ്വസിക്കാൻ കൊള്ളില്ലെന്ന്.. എന്നിട്ടും നീ പഠിച്ചില്ലല്ലോടാ..ഒരുത്തിയെ ഇത്ര നാൾ ജീവന് തുല്യം സ്നേഹിച്ചിട്ട്, ഒരു പണച്ചാക്കിനെ കണ്ടപ്പോൾ അവൾ ഇട്ടിട്ട് പോയെന്നും പറഞ്ഞു നാണമില്ലാതെ ഇരുന്ന് മോങ്ങുന്നു.. തുഫ്…”

കയ്യിലിരുന്ന കാലിയായ മദ്യക്കുപ്പി നിലത്തെറിഞ്ഞുടച്ച്, കുഴഞ്ഞു പോകുന്ന നാവുകൊണ്ട് വിഷ്ണു സ്വയം ശാപവാക്കുകൾ ഉരുവിട്ട് കൊണ്ടിരുന്നു.

“നാളെ… നാളെ അവൾ മറ്റൊരാൾക്ക്‌ സ്വന്തമാകും… ഞാനിത്രയൊക്കെ സ്നേഹിച്ചിട്ടും എന്നെ ഉപേക്ഷിച്ചു പോകാൻ അവൾക്ക് കഴിഞ്ഞല്ലോ.. ഈ ലോകത്ത് എന്നെപോലെ വേറേ ആരാണ് അവളെ സ്നേഹിക്കുക.. പണത്തിന്റെ മുന്നിൽ ആത്മാർത്ഥ സ്നേഹത്തിനൊക്കെ വെറും പുല്ല് വില മാത്രം.. അല്ലെങ്കിൽ അവളെന്നെ ഒന്ന് വിളിക്കുകയെങ്കിലും ചെയ്യുമായിരുന്നു…”

നിറഞ്ഞൊഴുകിയ കണ്ണ് നീർ അവൻ കൈത്തലപ്പിനാൽ അലക്ഷ്യമായി തുടച്ചെടുത്തു..

“വിഷ്ണുവേട്ടന്റെ പൊട്ടി പെണ്ണ് നാളെ മുതൽ ഇനി മറ്റാർക്കോ സ്വന്തം.. എനിക്ക് തെറ്റ് പറ്റിയെടി പെണ്ണെ… വിഷ്ണുവേട്ട എന്ന് വിളിച്ച്, എന്നെ കാണാതെ, എന്നോട് മിണ്ടാതെ ഉറങ്ങാൻ കഴിയാത്ത നീ എന്നെ തനിച്ചാക്കി ഒരിക്കലും പോകില്ലെന്ന് ഞാൻ തെറ്റദ്ധരിച്ചു… പക്ഷെ നീ ഒരുപാട് മാറിപ്പോയി പെണ്ണെ… അച്ഛന്റെ വാക്ക് കേട്ട് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയപ്പോ നിന്റെ ഏട്ടൻ കരയാതെ കരഞ്ഞു തീർത്ത കണ്ണ് നീരുണ്ട് അതെങ്കിലും… അതെങ്കിലും ഓർക്കമായിരുന്നില്ലേ.. എന്റെ മൗനത്തിന്റെ അർത്ഥം പോലും മനസിലാക്കിയവൾ എന്തെ അന്നെന്റെ പുഞ്ചിരിക്കുള്ളിലെ കണ്ണ് നീർ കാണാതെ പോയത്… നീ യാത്ര പറഞ്ഞു പോകുമ്പോൾ ഏട്ടാ എന്ന് വിളിച്ചു കരഞ്ഞു കൊണ്ട് എന്റെ പൊട്ടിപെണ്ണായ് തിരികെ വരുമെന്ന് കരുതി ഞാൻ എത്രയോ നാളുകൾ തള്ളി നീക്കി.. പക്ഷെ ആ യാത്ര പറച്ചിൽ മറ്റൊരു ജീവിതത്തിലേക്ക് ആയിരിക്കുമെന്ന് ഒരിക്കലും ഞാൻ കരുതിയില്ല പെണ്ണെ…. ആഹ് എനിക്ക് നിന്നെ ഒരു രാജകുമാരിയെ പോലെ നോക്കാൻ കഴിയില്ലെന്ന് നിനക്ക് മനസിലായി കാണുമല്ലേ… എങ്കിലും.. എങ്കിലും കണ്ണ് നനയിക്കാതെ ഞാൻ കാക്കുമായിരുന്നില്ലേ അച്ചു… വാക്കുകൾ തേങ്ങലായി മാറിയത് പെട്ടെന്നാണ്… നീ സുഖമായി ജീവിച്ചോ മോളെ.. ഞാനൊരിക്കലും നിന്റെ സന്തോഷത്തിന് തടസമാകില്ല.. പുറമെ വെറുപ്പ് കാണിക്കുമെങ്കിലും വിഷ്ണുവേട്ടന് എങ്ങനെയാടി എന്റെ അച്ചുനെ വെറുക്കാൻ കഴിയുക…?”

പോക്കറ്റിൽ കിടന്നു റിങ് ചെയ്ത ഫോൺ എടുത്ത് നോക്കി “സുഹൃത്ത് ജിതിൻ ആണ്. ഫോൺ കട്ട്‌ ആക്കി സൈലന്റ് മോഡിൽ ഇട്ട് ടേബിളിലേക്ക് എറിഞ്ഞു.

ലൈറ്റ് അണച്ച് തലയിണയിലേക്ക് മുഖമമർത്തി കൊണ്ട് പൊട്ടി കരഞ്ഞു.. ജീവിതത്തിൽ ആദ്യമായാണ് ഇത്രയും ദുഃഖം അണപൊട്ടി ഒഴുകുന്നത്.. കരഞ്ഞു കരഞ്ഞു എപ്പോഴോ ഉറങ്ങി പോയി

രാവിലെ പത്തരയോടെയാണ് കണ്ണ് തുറക്കുന്നത്.. ഫോണെടുത്ത് നോക്കിയതും അൻപത്തിയാറു മിസ്ഡ് കാൾസ്.. അകംകാഷയോടെയും തെല്ലൊരു ഭയത്തോട് കൂടിയും തിരികെ വിളിച്ചു നോക്കിയെങ്കിലും സ്വിച്ച്ഡ് ഓഫ്‌ എന്ന മറുപടിയാണ് കേട്ടത്.

ടെക്സ്റ്റ്‌ മെസ്സേജിനുള്ളിൽ കണ്ട മൂന്ന് നാലു പുതിയ മെസ്സേജുകളിലേക്ക് വിരൽ പാഞ്ഞു.

“വിഷ്ണുവേട്ട അച്ചുവാണ്… എനിക്ക് ഏട്ടനെ തനിച്ചാക്കി ജീവിക്കാൻ കഴിയില്ല.. എത്രവട്ടം ഞാൻ വിളിച്ചു പ്ലീസ് ഒന്ന് കാൾ എടുക്ക്…. എന്റെ ഫോണെല്ലാം അച്ഛന്റെ കയ്യിലാണ് തിരക്കിനിടയിൽ ആരുടെയെങ്കിലും ഫോൺ കിട്ടാൻ കാത്തിരുന്നതാണ് ഞാൻ..എത്രവട്ടം ഞാൻ എല്ലാവരുടെയും കാല് പിടിച്ചു കരഞ്ഞു പറഞ്ഞു വിഷ്ണുവേട്ടൻ ഇല്ലാതെ പറ്റില്ലെന്ന്.. കല്യാണം കഴിക്കാൻ പോകുന്ന ആളോട് വരെ പറഞ്ഞു നോക്കി.. അങ്ങനെ എങ്കിലും ഇത് മുടങ്ങട്ടെ എന്ന് കരുതി.. പക്ഷെ എല്ലാം എല്ലാരും അറിഞ്ഞു കൊണ്ടാണ്.. എനിക്കിനിയും പിടിച്ചു നിൽക്കാൻ ആവില്ല.. മറ്റൊരാളുടെ താലി ചുമക്കേണ്ടി വന്നാൽ അതെന്റെ മരണ തുല്യമാണ്.. നാളെ രാവിലെ ഏഴരയ്ക്ക് ഞാൻ ഏഴിക്കര ഉള്ള ഞങ്ങളുടെ കുടുംബക്ഷേത്രത്തിൽ തൊഴാൻ വരും.. കൂടെ ഒരു അമ്മാമ മാത്രേ ഉണ്ടാകുള്ളൂ… ഏട്ടൻ വരണം ഞാൻ കൂടെ വരാം എങ്ങോട്ടെക്കാണെങ്കിലും.. സ്നേഹം മനസിലാക്കാത്ത വീട്ടുകാരെ ചതിക്കുകയല്ലാതെ എനിക്ക് വേറേ നിവർത്തിയില്ല.. എന്റെ അവസാനത്തെ ഒരു പ്രതീക്ഷയാണിത്. ഞാൻ കാത്തു നില്കും”

മെസ്സേജ് വായിച്ചു തീരും മുന്നേ തന്നെ വിഷ്ണുവിന് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി. സമയം പത്തേ നാല്പത്.. ഭഗവാനെ ഞാനെന്ത് പാപിയാണ്..

തളർന്നു തുടങ്ങിയ കാലുകൾ വകവെക്കാതെ കിട്ടിയൊരു ഷർട്ടും പാന്റും എടുത്തിട്ട് വണ്ടിയുമെടുത്തവൻ അമ്പലത്തിലേക്ക് പാഞ്ഞു. അവിടെ എത്തുവോളം അവൾ തിരികെ പോയി കാണരുതേ എന്ന് മാത്രമായിരുന്നു പ്രാർത്ഥന.

അമ്പലത്തിന്റെ പരിസരത്തെങ്ങും അവളെ കാണാതെ വിഷ്ണുവിന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. തിരുമേനിയോട് കാര്യങ്ങൾ തിരക്കിയതും കുറച്ചു നേരം ഇവിടെ കാത്ത് നിന്ന് പോയെന്ന മറുപടി കൂടി കേട്ടതും അവനിനി എന്ത് ചെയ്യണമെന്നറിയാതെ നിന്ന് പോയി… ഒരു ഉൾവിളി ഉണ്ടായത് പോലെ നേരെ വണ്ടി വിട്ടത് കല്യാണമണ്ഡപത്തിലേക്കാണ്.

ആളും ആഘോഷവുമായി ആ മുറ്റമാകെ നിറഞ്ഞു നില്കുന്നു.

“എന്താടാ എന്റെ മോളുടെ കല്യാണത്തിന് വന്നു വല്ലതും നക്കീട്ട് പോകാമെന്നു കരുതിയാണോ ഇപ്പൊ ഓടി കിതച്ചു വന്നത്??? എങ്കിലേ സദ്യ ദാ ആ പന്തലിൽ ആണ് അങ്ങോട്ട് ചെന്നാട്ടെ… അല്ലേൽ വേണ്ടാ എന്റെ മരുമകനെ നീ കണ്ടിട്ടില്ലാലോ പോയൊന്നു പരിചയപെട്ടു വാ..”

ചെന്നപാടെ അവളുടെ അച്ഛനും ചെറിയച്ഛൻമാരും നൽകിയ പരിഹാസ വാക്കുകൾ അവനെ തെല്ലു പോലും ഉലച്ചില്ല.

“ചെക്കനും പെണ്ണിനും കൊടുക്കാൻ ഗിഫ്റ്റ് ഒന്നും കൊണ്ട് വന്നില്ലെടാ കൊച്ചേ..??

അതെങ്ങനാ ഏട്ടാ സ്വല്പം വിഷം വാങ്ങി തിന്നാൻ ഗതി ഉണ്ടേൽ അവൻ അത് ചെയ്യില്ലായിരുന്നോ.. ”

പുറകിൽ നിന്നുമുള്ള കുത്ത് വാക്കുകൾ കാതിൽ തുളഞ്ഞു കയറി.

വിറയാർന്ന ശരീരത്തോടെയാണ് കതിര്മണ്ഡപത്തിലേക്ക് കയറിയത്. സർവ്വാഭരണ വിഭൂഷിതയായ അച്ചു !!!കഴുത്തിൽ മിന്നുന്ന താലി ചരടിലേക്കാണ് ആദ്യം നോട്ടം പാഞ്ഞെത്തിയത്… എല്ലാം അവസാനിച്ചിരിക്കുന്നു..

കുറ്റബോധം കൊണ്ട് കൂപ്പു കുത്തിയ മുഖമുയർത്തി അവനൊന്നു അവളെ നോക്കി.. എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന പാകത്തിൽ ആ പാവം കണ്ണീരിനെ അടക്കി നിർത്തിയിരിക്കുന്നു… നിസ്സഹായതയുടെ ആ നോട്ടം വിഷ്ണുവിനെ വല്ലാതെ അസ്വസ്ഥനാക്കി.. കുറച്ചു നിമിഷം മുൻപ് വരെ എന്റെ വരവും കാത്ത് നിന്നവൾ എന്റെ മാത്രമാകാൻ കൊതിച്ചവൾ. മാപ്പ്…അവളുടെ കാലുകൾ പിടിച്ചു മാപ്പ് പറയണമെന്ന് തോന്നി. പക്ഷെ ഒരു വാക്ക് പോലും ഉരിയാടാൻ ആകുന്നില്ല..

“ഹായ് വിഷ്ണു.. ഞാൻ പ്രതീക്ഷിച്ചിരുന്നു തന്റെ ഈ വരവ്.. ”

ഒന്നും സംഭവിക്കാത്ത മട്ടിൽ ഹരീഷ് അവനു നേർക്ക് കൈ നീട്ടി.. അവൻ അത് നിരസിച്ചില്ല.. തോറ്റവന്റെയും ജയിച്ചവന്റെയും ഒരു വിടവ് പക്ഷെ അവിടെ വ്യക്തമായിരുന്നു.

അവളുടെ കണ്ണിൽ നിന്ന് അടർന്നു വീഴാൻ തുടങ്ങിയ ഓരോ തുള്ളി കണ്ണ് നീരും അവനെ ചുട്ടു പൊള്ളിച്ചു കൊണ്ടിരുന്നു.. ഇനിയുമാ മുഖത്തേക്ക് നോക്കാൻ ശക്തി ഇല്ലാതെ അവനാ മണ്ഡപം വിട്ടിറങ്ങി.. കുറച്ചു ദൂരം നടന്നകന്നു ഒരു വട്ടം കൂടി ഒന്ന് തിരിഞ്ഞു നോക്കി.. തന്നെ മാത്രം ഉറ്റു നോക്കുന്ന രണ്ട് കണ്ണുകൾ.. പ്രതീക്ഷയുടെ ഇത്തിരി കണികകൾ ബാക്കിയാക്കി ആ നോട്ടം തന്റെ മേൽ തന്നെ പതിഞ്ഞു കിടക്കുന്നു.. ഒരു നിമിഷത്തേക്ക് മാത്രം അവളെ നോക്കി നിന്ന് മുഖം കുനിച്ചു കൊണ്ട് തിരികെ നടന്നു.. അടർന്നു വീഴുന്ന കണ്ണ്നീരിന് പോലും അഗ്നിയുടെ ചൂടായിരുന്നു..

രചന: അംബിക ശിവശങ്കരൻ

Leave a Reply

Your email address will not be published. Required fields are marked *