“ഈ ഭദ്രപെണ്ണ് എന്റെയാ..ആരെതിർത്താലും ഏതെങ്കിലും ഒരിടത്തു നമ്മൾ ജീവിക്കും.

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അക്ഷര മോഹൻ

“ഈ ഭദ്രപെണ്ണ് എന്റെയാ..ആരെതിർത്താലും ഏതെങ്കിലും ഒരിടത്തു നമ്മൾ ജീവിക്കും..എനിക്ക് നീയും നിനക്ക് ഞാനും മാത്രം മതി..” വാക്കുകൾ കാതിൽ അലയടിച്ചപ്പോൾ അവൾ ഞെട്ടിയുണർന്ന് ചുറ്റും നോക്കി ആ വാക്കുകൾക്ക് വേണ്ടി വീണ്ടും വീണ്ടും കാതോർത്തു.കനത്ത ഇരുട്ടിൽ അവൾ ആ ശബ്ദത്തിനായി ആവേശത്തോടെ തിരഞ്ഞു..എല്ലാം തന്റെ തോന്നലാണെന്ന് മനസിലാക്കിയ നിമിഷം തളർന്നു കട്ടിലിലേക്ക് വീണു ഏങ്ങി ഏങ്ങി കരഞ്ഞു..

“ഉണ്ണ്യേട്ടാ…ഉണ്ണ്യേട്ടൻ മറന്നോ ന്നെ..മരിക്കും വരെയും ഞാൻ മാത്രേ ആ മനസ്സിൽ ണ്ടാവുന്ന് പറഞ്ഞിട്ട്…” കണ്ണുനീർ ഒഴുകിയിറങ്ങി തലയിണയെ നനക്കുമ്പോഴും അതൊന്നുമറിയാതെ..അറിഞ്ഞിട്ടും കാര്യമാക്കാതെ പിറുപിറുത്തുകൊണ്ട് രാത്രിയുടെ ഏതോ യാമത്തിൽ ആ പെണ്ണ് നിദ്രയെ പുൽകി. പുലർച്ചെ എഴുന്നേറ്റ് പാത്രങ്ങളോട് മൽപിടുത്തം നടത്തുമ്പോൾ പതിവുപോലെ ഓടികിതച്ച് അടുക്കള വാതിൽ മുട്ടുന്നവനെ കണ്ണുകൾ അനുസരണയില്ലാതെ തിരഞ്ഞുകൊണ്ടിരുന്നു…വാതിൽ തുറക്കുന്ന നിമിഷം തന്നെ വാരിപുണർന്നു മുഖം നിറയെ ചുംബനം കൊണ്ട് മൂടി ഇത്തിരി നേരം ശബ്ദമുണ്ടാക്കാതെ സംസാരിച്ചു ഒടുവിൽ ആരും കാണാതെ മതിൽ ചാടി കടന്ന് പോകുന്നവനെ കാണാനായി മനസ്സ് വെമ്പൽ കൊണ്ടു. “കാശ്കാരി പെണ്ണിനെ കണ്ടപ്പോ ഉണ്ണ്യേട്ടൻ ന്നെ മറന്നുകാണും..പത്തീസം ആയില്ലേ ഞാൻ ഇങ്ങനെ കാത്തിരിക്കണേ..ഇത്തിരി..ഒരിത്തിരി ഇഷ്ടം ഉണ്ടെങ്കിൽ ന്നെ കാണാൻ വരാതിരിക്ക്വോ..” ഏങ്ങലടി ഉയർന്നപ്പോൾ കുളിമുറിയിലേക്ക് ഓടി ഒരു മൂലയിരുന്ന് കാൽമുട്ടിലേക്ക് മുഖം പൂഴ്ത്തി അവൾ ആവോളം കരഞ്ഞു. “ഭദ്രപെണ്ണേ…” ആ ശബ്ദം കേട്ടെന്ന് തോന്നിയപ്പോൾ വെറുതെ..വെറുതെ ചുറ്റും കണ്ണോടിച്ചു.. “ന്റെ തോന്നലാ ല്ലേ…

ഉണ്ണ്യേട്ടൻ..ഉണ്ണ്യേട്ടൻ അടുത്തുള്ള പോലെ തോന്ന്വാ..ആ ശബ്ദം കേൾക്ക്വാ..കണ്ണ് നിറഞ്ഞു കാഴ്ച മങ്ങിയാലും ഉണ്ണ്യേട്ടന്റെ മുഖം ഇങ്ങനെ മായാതെ നിക്ക്വാ..ഞാൻ ന്ത്‌ തെറ്റ് ചെയ്തിട്ടാ ന്നെ ഇങ്ങനെ തീ തീറ്റിക്കണേ..” പതം പറഞ്ഞു കരഞ്ഞപ്പോൾ ഓർമയിലെവിടെയോ തന്റെ സിന്ദൂരരേഖ ചുവപ്പിച്ച ഉണ്ണിയുടെ മുഖം അവളുടെ മനസിൽ തെളിഞ്ഞു… അന്ന് ഞെട്ടിതരിച്ചു നോക്കിയപ്പോൾ നെറുകയിൽ അവൻ അമർത്തി മുത്തി. “ഈ ഭദ്രപെണ്ണിന്റെ കഴുത്തിൽ പെട്ടന്ന് തന്നെ എന്റെ പേര് കൊത്തിയ താലി ഞാൻ ചാർത്തും..അന്ന് നാലാളുടെ മുന്നിൽ വച്ചു ഇവിടം ചുവപ്പിക്കും..അത് വരെ ഓർക്കാൻ ഈ മുഖം എന്റെ മനസിൽ വേണം..കടൽ കടന്ന് പോയാലും എന്റെ സിന്ദൂരം പതിഞ്ഞ എന്റെ പെണ്ണിന്റെ മുഖം…

” സിന്ദൂരരേഖയിൽ ഒന്നുകൂടെ ചുണ്ട് ചേർത്ത് തന്നെ കെട്ടിപ്പുണർന്ന അവന്റെ മുഖം ഓർക്കേ ആ പെണ്ണിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…അത് വെറും ഓർമയാണെന്ന് മനസിലായപ്പോൾ പതിയെ നെറ്റിയിലെക്ക് തന്റെ കൈവിരലുകളോടിച്ചു.. അവിടെ ആ ചെറുചൂട് തങ്ങി നിൽക്കുന്ന പോലെ…അവിടെയൊന്നു തലോടി തന്റെ ചുണ്ടോട് ചേർക്കാനൊരുങ്ങിയപ്പോൾ വിരലുകൾ രക്തവർണമായി തോന്നി അവൾക്ക്..അതിന് കടുംചുവപ്പ് നിറമായിരുന്നു…തന്റെ നെറ്റിയിൽ അവൻ അണിച്ചിയിരുന്ന സിന്ദൂരചുവപ്പിനെക്കാൾ ഹൃദയം പൊട്ടിയൊഴുകുന്ന ചുടുചോരയുടെ നിറം…ആ ചുവപ്പിൽ നിന്ന് രക്തം പൊടിഞ്ഞു തുടങ്ങി ഒടുവിൽ അത് നിർത്താതെ ഒഴുകി തറയിൽ വീണു ചിന്നി ചിതറി മരിച്ചു…കൈ ആഞ്ഞുകുടഞ്ഞു നോക്കി…രക്തം കൂടിയതല്ലാതെ ഒരു തുള്ളിക്ക് പോലും കുറവില്ല..ദാവണി തുമ്പിൽ ആ വലതുകൈ പൊതിഞ്ഞു പിടിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞോഴുകി കൊണ്ടിരുന്നു…പതിയെ ദാവണി മാറ്റി കൈ പുറത്തെടുത്തപ്പോൾ ഒരു സൂചിമുന കൊണ്ട മുറിവോ..ഒരു തുള്ളി ചോരയോ അവൾ കണ്ടില്ല… “മായകാഴ്ചകൾ കാണുവാ ഞാൻ..അടുത്തില്ലാത്ത ഉണ്ണ്യേട്ടന്റെ ശബ്ദം മാത്രം കേൾക്കുവാ…ന്താ പറ്റ്യേ നിക്ക്…” ഒറ്റക്ക് പിച്ചും പേയും പറഞ്ഞ് അവൾ മെല്ലെ മുറിയിലേക്ക് നടന്നു.

“രണ്ട് ആഴ്ച മുന്നേ നാട്ടിലെത്തി കണ്ടു സംസാരിച്ച് വീട്ടിൽ ന്റെ കാര്യം അവതരിപ്പിക്കാൻ പോയ ആളാ..പിന്നെ കണ്ടിട്ടില്ല..അതിനുശേഷം കേൾക്കണത് അടുത്തയാഴ്ച്ച കല്യാണം ആണെന്നാ..ന്നെ ഒന്ന് കാണാൻ വന്നൂടെ..ന്റെ മുഖത്തു നോക്കി പറഞ്ഞൂടെ ന്നെ ഇഷ്ടല്ലാന്ന്…” കട്ടിലിൽ കമിഴ്ന്നു കിടന്നു ആരോടെന്നില്ലാതെ അവൾ പുലമ്പി..

“ഉണ്ണ്യേട്ടൻ ഇല്ലെങ്കിൽ ഞാൻ മരിച്ചു പോവും ഉണ്ണ്യേട്ടാ..ഞാൻ ജീവിക്കണത് ഉണ്ണ്യേട്ടനു വേണ്ടി മാത്രാ…ന്റെ അച്ഛൻ അന്നെന്നെ ഉപദ്രവിക്കാൻ നോക്ക്യപ്പോ തന്നെ മരിക്കാംന്ന് കരുതിയതാ ഞാൻ..പക്ഷെ അപ്പൊ ഓർമ വന്നത് ഉണ്ണ്യേട്ടന്റെ മുഖാ..അതോണ്ട് മാത്രാ ഞാൻ ഇപ്പോഴും ജീവിച്ചിരിക്കണെ…ഉണ്ണ്യേട്ടൻ കൂടെയില്ലെങ്കിൽ ഭ്രാന്തിയാവും ഞാൻ..”

ഒരു നാൾ അവനോട്‌ പറഞ്ഞ വാക്കുകൾ അവളുടെ മനസ്സിൽ ഏറെ നേരം അലഞ്ഞു തിരിഞ്ഞു നടന്നു.. “ഭ്രാന്തി..ഭ്രാന്തിയാവും ഞാൻ…വേണ്ട..നിക്ക് ഭ്രാന്തി ആവണ്ട..കള്ള് കുടിച്ചു ബോധമില്ലാതെ ന്റെ അച്ഛൻ തന്നെ ന്നെ പിച്ചി ചീന്തും…ഭ്രാന്തിയായാൽ എതിർക്കാൻ പറ്റ്വോ നിക്ക്…വേണ്ട..നിക്ക് ഭ്രാന്തിയാവണ്ടാ…” അപ്പോഴേക്കും അഴിഞ്ഞുലഞ്ഞ നീണ്ട മുടിയിഴകൾ പിടിച്ചു പറിക്കാൻ തുടങ്ങിയിരുന്നു അവൾ. പൊടുന്നനെ എഴുന്നേറ്റു പുസ്തകത്തിൽ നിന്ന് ഒരു വെള്ളകടലാസ് കീറിഎടുത്തു. “ഉണ്ണ്യേട്ടാ ഞാൻ പോവ്വാ..ന്റെ അമ്മേടെ അടുത്തേക്ക്…ഞാൻ ജീവിച്ചത് ഉണ്ണ്യേട്ടനു വേണ്ടി മാത്രാ..ഉണ്ണ്യേട്ടനും എന്നെ വേണ്ടെങ്കിൽ പിന്നെ ഞാൻ ജീവിക്കണതെന്തിനാ..ഞാൻ പറഞ്ഞതല്ലേ ഉണ്ണ്യേട്ടൻ ഇല്ലെങ്കിൽ ഞാൻ ഭ്രാന്തിയാവുംന്ന്..നല്ല മുഴുഭ്രാന്തി..നിക്ക് ഭ്രാന്തി ആയി ജീവിക്കണ്ട…ചേർത്തുനിർത്താൻ ഉണ്ണ്യേട്ടൻ ഇല്ലെങ്കിൽ ന്റെ അച്ഛൻ ന്നെ…

പിന്നെ ന്റെ അമ്മയെ കാണാൻ പോകുന്ന സന്തോഷംണ്ട്ട്ടോ നിക്ക്..ആ ഒരു സന്തോഷം മാത്രേ ഉള്ളു ഇപ്പൊ.. ജീവിച്ചു കൊതി തീർന്നിട്ടില്ല നിക്ക്..വരുന്ന എല്ലാ ജന്മവും ഉണ്ണ്യേട്ടന്റെ കൂടെ ഉണ്ണ്യേട്ടന്റെ മാത്രായി ജീവിക്കണം…ഈ ജന്മം അതിന് യോഗം ഇല്ല്യാന്ന് കരുതിക്കോളാം ഞാൻ… പോവ്വാട്ടോ.. ഒത്തിരി സ്നേഹത്തോടെ ഉണ്ണ്യേട്ടന്റെ മാത്രം ഭദ്രപെണ്ണ്…” കണ്ണിൽ നിന്ന് തുടർച്ചയായി ഒഴുകിയിറങ്ങിയ വെള്ളമിറ്റി പടർന്ന നീല നിറത്തിലുള്ള അക്ഷരങ്ങളിലൂടെ ഒന്നുകൂടി കണ്ണോടിച്ചു അവൾ കണ്ണീരിൽ കുതിർന്ന ആ കടലാസ് മുറിയിൽ തങ്ങൾക്ക് മാത്രം അറിയാവുന്ന കുഞ്ഞറയിൽ വച്ചു. അലമാര തുറന്നു അവൻ വാങ്ങികൊടുത്ത ചുവന്ന ദാവണി മച്ചിൽ കെട്ടി കഴുത്തിലണിയുമ്പോഴും അവളുടെ മിഴികൾ പുറത്തേക്ക് അവനെ തേടിയലഞ്ഞു.

“ഞാൻ ഉണ്ണ്യേട്ടന്റെ പെണ്ണാ…ഉണ്ണ്യേട്ടൻ ന്റെയും…” ശ്വാസം കിട്ടാതെ പിടയുമ്പോഴും ആ പെണ്ണിന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടേയിരുന്നു…

“ഉണ്ണി…മോനേ..അച്ഛൻ ഇവിടില്ല..വരുന്നേനു മുന്നേ ഭദ്രയെയും കൊണ്ട് രക്ഷപെട്ടോ..ഇല്ലേൽ അവളെ കൊല്ലാനും മടിക്കില്ല അദ്ദേഹം…ഭദ്രയെ അല്ലാതെ അദ്ദേഹം പറയുന്ന പോലെ മറ്റൊരു പെണ്ണിനെയും നിനക്ക് സ്നേഹിക്കാൻ പറ്റില്ലാന്ന് നിക്കറിയാം..ഞാൻ പ്രാർത്ഥിക്കാം ന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി..വേഗം പൊയ്ക്കോ..” ദിവസങ്ങളായി അവന്റെ രണ്ടാനച്ഛൻ അടച്ചിട്ട മുറി തുറന്നുകൊണ്ടുള്ള അമ്മയുടെ ശബ്ദം കേട്ടപ്പോൾ കരഞ്ഞു കൊണ്ടു അമ്മയെ ഇത്തിരി നേരം കെട്ടിപിടിച്ചു കാലിൽ തൊട്ട് വണങ്ങി കുതിക്കുകയായിരുന്നു ഉണ്ണി അവന്റെ ഭദ്രപെണ്ണിന്റെ അടുത്തേക്ക്..

“ഭദ്രപെണ്ണേ…” എന്നും അവന്റെ വിളിക്ക് കാതോർത്തു നിൽക്കുന്ന ഭദ്രയെ കാണാതെയുള്ള ഓട്ടം അവസാനിച്ചത് അവളുടെ മുറിയുടെ മുന്നിൽ ആയിരുന്നു.തൂങ്ങിയാടിയ ഭദ്രയെ കാൺകെ അവൻ നിലവിളിക്കാൻ പോലുമാകാതെ തരിച്ചു നിന്നു.ഏന്തി വലിഞ്ഞു കഴുത്തിലെ കുരുക്കഴിച്ച് അവളെ താഴേക്ക് കിടത്തിയപ്പോൾ വാടിയ താമരമൊട്ടു പോലെ അവൾ അവന്റെ മേലേക്ക് ചാഞ്ഞു.കണ്ണീർ ഒലിച്ചിറങ്ങിയ പാടിലൂടെ അവൻ വിരലോടിച്ചു. “ഭദ്രപെണ്ണേ…ഉറങ്ങിയത് മതി..എണീറ്റെ..നമുക്ക് പോകാം..ദൂരെ എവിടെയെങ്കിലും പോയി സുഖമായി ജീവിക്കാം…

എന്തെങ്കിലും ഒന്ന് മിണ്ടു പെണ്ണെ..നിന്റെ മൗനം സഹിക്കണില്ല…നമ്മുടെ കല്യാണം നടത്തി തരില്ലെന്ന് പറഞ്ഞു അച്ഛൻ ന്നെ പൂട്ടിയിട്ടെടി..അതോണ്ടല്ലേ വരാതിരുന്നേ…പിണങ്ങല്ലേ..കണ്ണ് തുറന്നെ…” അവളെ നോക്കി പുലമ്പി കൊണ്ട് ആ കുഞ്ഞറ തുറന്നു അവൾ എഴുതി പിടിപ്പിച്ച അക്ഷരങ്ങൾ ചേർത്ത് പിടിച്ചു അലറി കരഞ്ഞപ്പോഴും അവന്റെ വിളി കേൾക്കാത്തത്ര ദൂരത്തിൽ ആ പെണ്ണ് എത്തികഴിഞ്ഞിരുന്നു.ഒടുവിൽ ഭദ്രപെണ്ണേ എന്ന് കാതോരം ചെന്ന് ഉറക്കെയുറക്കെ വിളിച്ചിട്ടും നിശബ്ദയായി കിടന്നവളുടെ കഴുത്തിൽ പോക്കറ്റിൽ കരുതിയ താലിമാല അണിയിച്ചു അവൻ അവളെ അടങ്ങാത്ത ആവേശത്തോടെ വാരിപുണർന്നു…തണുത്തുറഞ്ഞ കൈ വിരലുകൾ കോർത്തുപിടിച്ചു മുഖം നിറയെ ചുംബനം കൊണ്ട് മൂടി… “ഈ കൃഷ്ണനുണ്ണിയുടെ ജീവൻ എന്റെ ഭദ്രപെണ്ണിന്റെ നെഞ്ചിലാ…അതോണ്ട് ഭദ്രയുണ്ടെങ്കിലെ ഉണ്ണിയും ഉള്ളു..”ജോലിക്ക് പുറം നാട്ടിലേക്ക് പോകുന്നതിന് മുന്നേ ചേർത്തു നിർത്തി അവളോട് പറഞ്ഞ വാക്കുകൾ എവിടെ നിന്നോ അവന്റെ കാതിൽ പതിയുമ്പോഴേക്കും ഒരു പിടച്ചിലോടെ അവനും അവന്റെ ഭദ്രപെണ്ണിന്റെ ദേ ഹത്തേക്ക് വീണിരുന്നു.വായയിൽ നിന്ന് നുരയും പതയും ര- ക്തവും ഒഴുകി പി ടയുമ്പോഴും ഭ..ദ്രപെണ്ണേ എന്ന അവന്റെ അവ്യക്തമായ വിളി മാത്രം ബാക്കിയായി…

ഒടുവിൽ വേദനകൾ ഒഴിഞ്ഞു പതിയെ മേഘകൂട്ടങ്ങളിലേക്ക് ഉയർന്നുപൊങ്ങിയപ്പോൾ കൈ നീട്ടി അവനെ സ്വീകരിക്കാൻ അവൾ അവിടെ ഉണ്ടായിരുന്നു…അവന്റെ ഭദ്രപെണ്ണ്…ഒരു നറുപുഞ്ചിരിയോടെ മേഘങ്ങൾക്കിടയിലൂടെ കൈ കോർത്തുപിടിച്ചു നടന്നു നീങ്ങുമ്പോൾ അവൻ അവളുടെ കാതോരം മന്ത്രിച്ചു.. “ഞാൻ പറഞ്ഞതല്ലേ ഭദ്രപെണ്ണേ നിന്നോട് … ഈ ഭദ്രപെണ്ണ് എന്റെയാ..ആരെതിർത്താലും ഏതെങ്കിലും ഒരിടത്തു നമ്മൾ ജീവിക്കും..എനിക്ക് നീയും നിനക്ക് ഞാനും മാത്രം മതി..” ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

രചന: അക്ഷര മോഹൻ

Leave a Reply

Your email address will not be published. Required fields are marked *