സുന്ദരിയാണവൾ എനിക്ക് നല്ല ചേർച്ചയാണ് ഞാൻ സ്വപ്നത്തിൽ കണ്ട സുന്ദരി…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ദീപു

“ഏട്ടാ പെണ്ണ് സൂപ്പറായിട്ടോ”

“മോൾക്ക് ഇഷ്ടായോ?”

“ഏട്ടന് ഇതിനേക്കാളും നല്ലതിനെ വേറെ കിട്ടില്ലാട്ടോ… വിടാതെ മുറുകെ പിടിച്ചോ. പിന്നെ ശകലം നാണക്കാരിയാണെന്ന് തോന്നുന്നു… ഏട്ടനെ പറ്റി ചോദിക്കുമ്പോൾ നാണം കൊണ്ട് തല കുനിച്ചുകളയും.” “അത് അങ്ങിനെയാടി തറവാട്ടിൽ പിറന്ന പെൺകുട്ടികള് അല്ലാതെ നിന്റെ പോലെ കാതിനകത്തു കയറി ഒച്ചയുണ്ടാക്കുന്ന കൂട്ടരല്ല..”

“എന്റെ ഏട്ടാ എന്തായാലും ഇങ്ങോട്ടല്ലേ വരാൻ പോകുന്നത് എല്ലാം കണ്ടറിയാം.. മിണ്ടാപുച്ചകളാ ഈ കാലത്ത് കലം ഉടയ്ക്കുന്നത്..”

“എന്റെ പൊന്നുമോളെ നിന്റെ കരിനാവ് വളച്ച് ഒന്നും പറയാതിരിക്കോ..” “ആങ്ങളേയും, പെങ്ങളും വെല്യവർത്തമാനം പറഞ്ഞിരിക്കാ.. ” “ഇല്ലമ്മേ ഇവള് ചുമ്മാ തമാശയ്ക്ക് .”

“മോനെ അച്ഛന് ലീവ് കിട്ടാൻ വൈകുമെന്ന് അച്ഛന്റെ ലീവ് നോക്കി മുഹൂർത്തം നോക്കാം” “അത് മതി അമ്മേ”

“പിന്നെ താലിമാല ചെറുത് പോരാട്ടോ നീ കണ്ടോ അവളുടെ അമ്മായിമാരും ചേട്ടത്തിമാരും മുഴുവൻ സ്വർണ്ണം ഇട്ട് നില്ക്കുന്നത്.”

“അവരേല് കാണും നമ്മളേല് അത്രയ്ക്കും ഒന്നുമില്ല അമ്മേ ” “അതല്ലടാ അവര് നമ്മളെ കാണിക്കാനാ അവരുടെ കയ്യിലുണ്ട്ന്നറിയിക്കാൻ അപ്പോൾ നമ്മൾ കെട്ടുന്ന താലി ചെറുതാവരുതെന്ന് ഒരു സൂചന തന്നതാ..”

“അമ്മ ഒന്നു മിണ്ടാതിരിക്കുന്നുണ്ടോ ഉള്ളത് എല്ലാം വിറ്റ് പെറുക്കി കല്യാണം നടത്തിയാൽ ഇവളുടെ കാര്യം വരുമ്പോ മേലോട്ടു നോക്കിയിരിക്കണം ചുരുങ്ങിയത് ഒരു 25 പവനെങ്കിലും കൊടുക്കേണ്ടേ ഇവൾക്ക്..” “അയ്യേട മനമേ 25 പവൻ തന്നാലൊന്നും ഞാൻ പോവില്ല ചുരുങ്ങിയത് 50 പവനെങ്കിലും വേണം ..” “ഒന്നു പോടി കാന്താരി അതിന് ഇനി എത്ര വർഷം കിടക്കുന്നു നാളെ കെട്ടിച്ചു തരാടീ നിന്നെ.. അല്ല പിന്നെ അവളടെ ഒരു കല്യാണം.”

ഇനി ഇവിടെ നിന്നാൽ ഏട്ടന്റെ കയ്യിന്നു വഴക്കു കേൾക്കേണ്ടി വരും അവൾ കിണുങ്ങി കൊണ്ട് ഉമ്മറത്തേക്ക് ഓടി. അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അവന്റെ മനസ്സിൽ നടക്കാനിരിക്കുന്ന വിവാഹത്തെ പറ്റിയുള്ള ചിന്തകൾ മാത്രമായിരുന്നു..വളരെ സുന്ദരിയാണവൾ എനിക്ക് നല്ല ചേർച്ചയാണ് .ഞാൻ സ്വപ്നത്തിൽ കണ്ട സുന്ദരി… ഇനി കഴിവിന്റെ പേരും പറഞ്ഞ് ഒഴിഞ്ഞു പോകാതിരുന്നാൽ മതി ..ദേവീ എന്റെ സ്വപനം തകർക്കല്ലേ. നിനക്കൊരു ചുറ്റുവിളിക്ക് നേർന്നിട്ടുണ്ട് നന്നായി നടത്തി തന്നാൽ ആദ്യം അത് ചെയ്തേക്കാം.. സ്വപ്നങ്ങൾ കണ്ടവൻ എപ്പോഴോ ഉറങ്ങി പോയി.. രാവിലെ പേപ്പർ വായിച്ചിരിക്കുമ്പോഴാണ് ഇടക്കാരൻ രാമേട്ടന്റെ വരവ്.. “എന്താ രാമേട്ടാ രാവിലെത്തന്നെ.. വരൂ കയറിയിരിക്കൂ ” “അമ്മയോ.. സുധി ?” “അടുക്കളയിൽ ഉണ്ട് വിളിക്കണോ” “വേണ്ട.. എനിക്ക് സംസാരിക്കാനുള്ളത് നിന്നോടാണ്.”

രാമേട്ടൻ പറഞ്ഞ വാക്കുകൾ ഒരു അസ്ത്രം പോലെ ഹൃദയത്തിൽ പതിച്ചു. ഇനിയെങ്ങാനും അവർക്ക് താൽപര്യം ഇല്ലെന്ന് പറയാനാണോ ദൈവമേ.. രാമേട്ടന്റെ ഈ വരവ്. “”അവർ വല്ലതും പറഞ്ഞോ രാമേട്ടാ..” “അവരൊന്നും പറഞ്ഞില്ല ആ കുട്ടിയ്ക്ക് നിന്നോട് ഒന്ന് സംസാരിക്കണമെന്ന് പറഞ്ഞു…നമ്പർ തന്ന് വിട്ടിട്ടുണ്ട് അത് തരാനാ ഞാൻ വന്നത് ..എന്നാൽ ഞാൻ ഇറങ്ങട്ടേ” “ഇരിക്കു ചായ കുടിച്ചിട്ട് പോകാം” “വേണ്ട മോനെ വരുന്ന വഴിയ്ക്ക് കുടിച്ചു “” ഞങ്ങളുടെ സംസാരം കേട്ടിട്ടാവണം അടുക്കളയിൽ നിന്ന് അമ്മയുടെ ചോദ്യം “”ആരാ മോനെ ഉമ്മറത്ത്.”” “”അത് രാമേട്ടനാ “”, “”എന്താ വിശേഷിച്ച് ..””

“ഒന്നുമില്ല ഈ വഴി പോയപ്പോൾ ഒന്നുകയറിയതാ”” നമ്പറിന്റ കാര്യം അവൻ അമ്മയിൽ നിന്ന് ഒളിച്ചുവെച്ചു.. ഫോണുമെടുത്തു കൊണ്ടവൻ വാഴത്തോട്ടത്തിലേക്ക് നടന്നു.. ഉള്ളിൽ പെടപിടിപ്പാണ് എന്തായിരിക്കും അവൾക്ക് പറയാനുള്ളത് എന്റെ ദേവി ഈ കല്യാണം നടക്കില്ല എന്നു മാത്രം പറയാതിരുന്നാൽ മതിയായിരുന്നു. മനസ്സിൽ ദൈവത്തോട് പ്രാർത്ഥിച്ച് അവൻ ഡയൽ ചെയ്തു. “”ഹലോ.സുധിയാണ്.”” “”ഹായ് സുധിയേട്ടാ ഗുഡ് മോണിംങ്ങ്…”” ആ ഒരു വാക്കിൽ അവന്റെ മനസ്സ് നിറഞ്ഞു തുളുമ്പി. “”എന്തോ സംസാരിക്കാൻ ഉണ്ടെന്നു രാമേട്ടൻ വന്നു പറഞ്ഞു..”” “”സുധിയേട്ടന്റെ അടുത്ത് ആരെങ്കിലുമുണ്ടോ?”” “”ഇല്ല.. ഞാൻ വീടിന് പുറത്താണ്..ഇനി പറഞ്ഞോളു.”” .

“”എന്റെ വിവാഹത്തിനെ കുറിച്ചാണ്..”” “”വിവാഹത്തിന് കുറിച്ചോ..? “”എന്റെ വിവാഹം ഒരിക്കൽ നടക്കേണ്ടാതായിരുന്നു.. നിശ്ചയം കഴിഞ്ഞ് മോതിരമാറ്റവും കഴിഞ്ഞു .. താലികെട്ടിന്റെ ദിവസമായപ്പോ വരുന്ന വഴിക്ക് ശ്രീജിത്ത്.. ഒരു ആക്സിഡൻറിൽ … ശ്രീജിത്ത് മരിക്കുകയായിരുന്നു… വർഷങ്ങൾ ഒന്ന് രണ്ട് കഴിഞ്ഞെങ്കിലും ഇന്നും ആളുകൾ എന്നെ കുറ്റപ്പെടുത്തുന്നത് എന്റെ ജാതകത്തിന്റെ കുഴപ്പം കൊണ്ടാണ് ഇങ്ങിനെ സംഭവിച്ചതെന്നാണ്… അതിനു ശേഷം നിരവധി പേർ എന്നെ പെണ്ണ് കാണാൻ വന്നിരുന്നു. വീട്ടുകാർ അവരോടെല്ലാം ഈ കാര്യം ഒളിപ്പിച്ചു വെച്ചാലും ഞാൻ തുറന്നു പറയുമായിരുന്നു… അതുകൊണ്ട് മുടങ്ങി പോയ ഒട്ടനവധി വിവാഹകാര്യങ്ങൾ എന്റെ പതിവ് ഞാൻ ഇന്നും തുടരുന്നു വിവാഹത്തിന് മുൻപ് എനിക്ക് വേണമെങ്കിൽ ഇത് ഒളിപ്പിച്ച് വെക്കാമായിരുന്നു… എന്നാൽ സത്യസന്ധമായ ഒരു ജീവിതത്തിൽ പരസ്പരം ഒന്നും മറച്ച് വെക്കാൻ പാടില്ല എന്നാണ് എന്റെ വിശ്വാസം.. സുധിയേട്ടന് വേണമെങ്കിൽ ഈ വിവാഹത്തിൽ നിന്നും പിൻ വാങ്ങാം.. എനിക്കതിൽ വിഷമമില്ല. എന്റെ വിധിയാണെന്ന് കരുതി ഞാൻ സമാധാനിച്ചോളാം..”” അതുകേട്ടു സുധി ഒന്നും മിണ്ടാത്തതു കൊണ്ടു രാഖി ചോദിച്ചു ….

“”എന്താ സുധിയേട്ടാ എന്റെ കഥ കേട്ടിട്ട് മിണ്ടാതിരിക്കുന്നത്..?”” “”ഒന്നുമില്ല രാഖി സത്യത്തിൽ നിന്നോടിപ്പോൾ എനിയ്ക്ക് ഇഷ്ടം കൂടിയതേ ഉള്ളു … ഒട്ടും കുറഞ്ഞിട്ടില്ല.. ഒരു പക്ഷേ ഇന്നലെ നിന്റെ വീട്ടുക്കാർ ഇതിനെ കുറിച്ച് പറഞ്ഞിരുന്നെങ്കിൽ ചിലപ്പോ എന്റെ മനസ്സ് മാറിയേനെ ..എന്നാൽ കെട്ടാൻ പോകുന്ന ചെക്കന്റെ അടുത്ത് ഒന്നും മറച്ചുവെക്കില്ല എന്ന നിന്റെ ഈ തീരുമാനം എന്നെ ആകെ മാറ്റി മറച്ചു ..ദൈവം കൊണ്ടു തന്നതാ നിന്നെ ഇന്നു മുതൽ നീ എന്റെ പെണ്ണാ.. ഇനിയുള്ള കാലം എന്റെ പെണ്ണായി എന്നോടൊപ്പം എന്നുമുണ്ടാകും “” ആത്മവിശ്വാസം തുളുമ്പുന്ന അവന്റെ വാക്കുകൾ അവളുടെ ഹൃദയത്തിൽ മാറ്റൊലി കൊണ്ടു “”സുധിയേട്ടാ ഇനിയെന്റെ ജിവിതം സുധിയേട്ടന് മാത്രമാണ് “” “”എന്നാൽ ഇനി കല്യാണമണ്ഡപത്തിൽ വെച്ച് കാണാം .എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോകാനുണ്ട്. ..”” “”എവിടെക്കാണ് സുധിയേട്ടാ..?””

“”കല്യാണത്തിന് മുഹൂർത്തം നോക്കാൻ.”” അതും പറഞ്ഞവർ രണ്ടു പേരും ഒന്നിച്ചു ചിരിച്ചു . അപ്പോൾ തുടങ്ങിയ അവരുടെ രണ്ടു പേരുടെയും ചിരിയും സന്തോഷവും പിന്നീടുള്ള അവരുടെ ജീവിതം മുഴുവൻ നീണ്ടുനിന്നു..

(നിങ്ങൾ സ്വയം എഴുതിയ നിങ്ങളുടെ ചെറുകഥകൾ, തുടർക്കഥകൾ എന്നിവ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്താൻ പേജ് ഇൻബോക്സിലേക്ക് ഇപ്പോൾ തന്നെ മെസേജ് അയക്കൂ….)

രചന: ദീപു

Leave a Reply

Your email address will not be published. Required fields are marked *