കുട്ട്യോൾ ഉണ്ടാവും എന്ന സർട്ടിഫിക്കേറ്റ് കാണിച്ചിട്ടല്ല പെൺപിള്ളേർ കെട്ടിപോണത്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ദേവ സൂര്യ

“നിന്നെ പോലൊരു ചട്ടുകാലിയെ കെട്ടാൻ മാത്രം ഗതികേട് വന്നിട്ടില്ല ഗായത്രി എന്റെ ഏട്ടന്…” അനുവിന്റെ വാക്കുകൾക്ക് വേദന നിറഞ്ഞ പുഞ്ചിരിയോടവൾ മിണ്ടാതെ നിന്നു…..

പണ്ടത്തെ സഖാവ് ഹരിയല്ല ഇന്ന് ന്റെ കുട്ടേട്ടൻ….അന്ന് നിന്റെ പിന്നാലെ ഒത്തിരി നടന്നതല്ലേ ന്റെ ഏട്ടൻ…ഒരു സമ്മതം മൂളാൻ…പൊട്ടനെ പോലെ പിന്നാലെ നടന്നതല്ലേ….അന്നൊക്കെ കാലിന്റെ പേരും പറഞ്ഞു ഒഴിഞ്ഞു മാറിയ ഗായത്രി മേനോന് ഇന്നെന്തേ പെട്ടന്നൊരു മനമാറ്റം…ന്റെ ഏട്ടന്റെ പണം കണ്ടപ്പോൾ കണ്ണ് മഞ്ഞളിച്ചു പോയോ….അതോ…

“അനു ഞാൻ പറഞ്ഞത്”…. ഗായത്രിയുടെ ശബ്‌ദം പൊന്തിയതും വീണ്ടും അനുശ്രീയുടെ ശബ്‌ദം ഉയർന്നു…

വേണ്ട ഗായു…അതൊക്കെ എന്നേ അടഞ്ഞ അധ്യായമാണ്…ഇന്ന് ന്റെ കുട്ടേട്ടന്റെ മനസ്സിൽ നീയില്ല…ശ്രീക്കുട്ടി മാത്രേ ഉള്ളൂ…അടുത്ത ആഴ്ച അവരുടെ കല്യാണമാണ്….വരണം…നിന്നെ ഏട്ടൻ പ്രതീക്ഷിക്കുന്നുണ്ട്…അതുകൊണ്ടാണ് നിന്നെ പ്രത്യേകം ക്ഷണിക്കാൻ കുട്ടേട്ടൻ ന്നെ വിട്ടത്….

“വരില്ലേ ടാ…നീ”…തന്നെ ഇറുകെ കെട്ടിപിടിച്ചു കൊണ്ട് ചോദിക്കുന്നവളെ കാൺകെ ഹൃദയം വിങ്ങി….

“വരും ടാ…ന്റെ സഖാവിന്റെ കല്യാണത്തിന് ഞാൻ ഉണ്ടാവും…നിക്ക് കാണണം ആ കാഴ്ച….ചെറുപുഞ്ചിരിയോടെ പറഞ്ഞു കൊണ്ട്…തന്റെ മുന്നിലൂടെ ഓടിയണച്ചു വരുന്ന തിരമാലകളെ ഒരു വേള നോക്കി….

നിനക്കറിയുവോ അനു…ഈ തിരമാലകൾ എന്ത് വിഡ്ഢിയാളാണ് ന്ന്… “ആർത്തിരമ്പി വരുന്ന അവറ്റോൾക്ക് അറിയുവോ… ഒരു ചെറുസ്പർശനത്തിനപ്പുറം…കരയെ ഒന്ന് ആഞ്ഞുപുൽകാൻ കഴിയില്ലാ എന്ന സത്യം….ഒരു ചെറുചുംബനം നൽകാൻ കഴിയില്ല ന്ന്…ന്നിട്ടും അവൾ വരുന്നത് കണ്ടില്ലേ അനു…വീണ്ടും വീണ്ടും വിഡ്ഢിയാവാൻ….”

“കുട്ടേട്ടനെ അത്രേം ഇഷ്ട്ടായിരുന്നു ല്ലേ ഗായു നിനക്ക്…ന്നിട്ടും ന്നിട്ടും എന്തിനാ ഗായു എല്ലാം ഇട്ടെറിഞ്ഞു നീ പോയെ…കുട്ടേട്ടൻ എത്ര കണ്ണീര് കുടിച്ചു ന്ന് അറിയുവോ നിനക്ക്…പാവല്ലായിരുന്നോ ടി നിന്റെ സഖാവ്….”

“അതെന്താ ടി…അങ്ങേർക്ക് ഈ കഴിഞ്ഞ അഞ്ചു വർഷത്തിനിടക്ക് ചായ കുടിക്കാൻ കൊടുക്കായിരുന്നില്ലേ നിനക്ക്….” ആ കണ്ണീരിന് പകരം…കുസൃതിയോടെ ചോദിച്ചപ്പോൾ ആ കണ്ണിൽ കുറുമ്പ് നിറയുന്നത് കണ്ടു…

“അസത്ത്…. നീ നന്നാവില്ല ടി….ചട്ടുകാലി”..വാ വന്നു കണ്ണ് നിറച്ചു കാണ്…ന്റെ ഏട്ടൻ ന്റെ ഏട്ടത്തിയമ്മയെ കെട്ടുന്നത്…അല്ലേലും നിന്നെക്കാളും ബേധാണ് ന്റെ ശ്രീയേട്ടത്തി….

ഉവ്വ്…പണ്ട് ഒരുപാട് കേട്ടതാ ഞാൻ…ശ്രീക്കുട്ടി പുരാണം…അതുകൊണ്ട് മോള് അധികം താളം ചവിട്ടാതെ പൊക്കോ….നേരം ഇരുട്ടിയാൽ പിന്നെ അത് മതി സഖാവിന് ചൂരൽ എടുക്കാൻ….

യാത്ര പറഞ്ഞു പോകുന്ന അനുവിനെ ഒരുവേള നോക്കി നിന്നു….അത്രനേരം അടക്കി നിർത്തിയ കണ്ണുനീർ വാശിയോടെ പെയ്തിറങ്ങി….കടൽ തീരത്ത് നിന്ന് മൂവന്തി ചോപ്പിലേക്ക് മിഴിവുറ്റിയപ്പോൾ…പോയകാലത്തിന്റെ ഓർമ്മത്താളുകൾ മനസ്സിലേക്ക് ഓടിയെത്തി….ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞു….

കീഴ്ശ്ശേരി…..കീഴ്ശ്ശേരി…..

“ആള് കയറാൻ ഉണ്ട്….ഒന്ന് നിക്കണേ…”

ബസ്സിൽ നിന്നും ആളുകൾ ഇറങ്ങി കയറി എന്നുറപ്പുവരുത്തി….ബസ്സിൽ തിരികെ കയറിയ രണ്ടു തട്ട് തട്ടി… പോകാൻ ഉള്ള വിസിലും അടിച്ചപ്പോളാണ്….അവൻ പിന്നിലെ പാടത്തു നിന്നും ആ ശബ്‌ദം കേൾക്കുന്നത്….

തല ചരിച്ചു നോക്കിയപ്പോൾ കണ്ടു…പാടത്ത് ദാവണിയും ചെറുതായി പൊക്കി…ഏന്തി വലിഞ്ഞു വരുന്ന ഒരു പെൺകുട്ടിയെ…ആ മുഖത്തെ പരിഭ്രമം ഒറ്റനോട്ടത്തിൽ അവന് മനസ്സിലായിരുന്നു….

സൂചി കുത്താൻ ഇടമില്ലാത്ത ബസ്സിനുള്ളിലേക്ക് ദയനീയതയോടെ നോക്കുന്നത് കാൺകെ അറിയാതെ ചിരിപൊട്ടി…തന്നെ രൂക്ഷമായി ഒന്ന് നോക്കി..തന്നോടൊപ്പം സ്റ്റെപ്പിൽ കയറി നിൽക്കുന്നവളെ കണ്ടപ്പോൾ കൗതുകം തോന്നി….കുതിച്ചു പായുന്ന ബസ്സിൽ തന്നെ തട്ടാതിരിക്കാൻ ആ കരിവളയിട്ട കൈകൾ കമ്പിയിൽ മുറുകുന്നുണ്ട്….ചുവന്ന് തുടുത്ത ആ മൂക്കിൻ തുമ്പിലെ വെള്ളക്കൽ മൂക്കുത്തി തന്നെ കാൺകെ നാണത്തോടെ കണ്ണ് ചിമ്മുന്നുണ്ട്….

“വീട്ടിൽന്നു ഒന്ന് നേരത്തിനും കാലത്തിനും ഇറങ്ങികൂടെ മൂക്കുത്തി നിനക്ക്….ഇടക്കെപ്പോളോ ചെവിയോരം വന്നു പറയുന്നത് കേൾക്കെ…പുരികം ചുളിച്ചുകൊണ്ടൊന്നു നോക്കി…”

കോളേജ് പടിക്കൽ ഇറങ്ങി…ഏന്തിവലിഞ്ഞു നടക്കുമ്പോൾ…കേട്ടു പിന്നെയും ആ വിളി…

“ഏയ്യ് മൂക്കുത്തി….ഒന്ന് നിക്കടോ…ഞാനും അങ്ങോട്ട് തന്നെയാ…” കൈയിൽ ഇട്ട് വട്ടം കറക്കുന്ന ബാഗിനെയും ആ നുണകുഴി കവിളിനേയും മാറി മാറി നോക്കി….

ഞാനും ഇവിടെ പഠിക്കുന്നതാണ് മൂക്കുത്തി..പേര് ഹരിനന്ദൻ…ഫൈനൽ ഇയർ ആണ്…തനിക്കൊപ്പം നടക്കുന്നവനെ പരിഭ്രമത്തോടെ നോക്കി…തിരിച്ചൊന്നും മിണ്ടാതെ ദ്രിതിയിൽ ഏന്തി വലിഞ്ഞു കൊണ്ട് നടന്നകന്നു….

പിന്നീട് പലപ്പോഴായി കണ്ടിരുന്നു…ക്യാന്റീനിൽ നിന്നും…വാകമര ചുവട്ടിൽ നിന്നും…ലൈബ്രറിയിൽ നിന്നുമൊക്കെ….

“”ഏയ്യ് മൂക്കുത്തി””…..

കാണുമ്പോളൊക്കെ പിന്നിൽ നിന്ന് ആ വിളി കേൾക്കാം…കേട്ടിട്ടും കേൾക്കാത്ത മട്ടിൽ നടന്നകലുന്നത് കാണുമ്പോൾ ആണെന്ന് തോന്നുന്നു…അടക്കിപിടിച്ച ചിരിയോടെ പറയും…””നിന്നെ ഞാൻ എടുത്തോളാടി മൂക്കുത്തി ന്ന് “”….

പിന്നീട് അറിയുകയായിരുന്നു…കോളജ് ചെയർമാൻ സഖാവ് ഹരിനന്ദനെ….പഠനത്തിനോടൊപ്പം തന്നെ പാർട്ടിയെയും നെഞ്ചോടു ചേർത്ത തന്റെ സഖാവിനെ…. പുസ്തകങ്ങളെ പ്രണയിച്ചിരുന്ന സഖാവിനെ.ആള് ലൈബ്രറിയിൽ കയറുമ്പോളൊക്കെ ഒളിഞ്ഞു നോക്കുമായിരുന്നു…എടുക്കുന്ന പുസ്തകങ്ങൾ കൗതുകത്തോടെ നോക്കി നിൽക്കുമായിരുന്നു…….അപ്പോളൊക്കെ കൂട്ടിന്‌ ചെറിയ കുസൃതി ചിരി ചുണ്ടിൽ വിരിയും….

“എന്നിലെ വസന്തവും വേനലും എന്നും പെയ്തിറങ്ങിയത്….നിനക്ക് വേണ്ടിയായിരുന്നുവല്ലോ സഖാവേ……”

പിന്നീട് പുസ്തകം തിരികെ വക്കുവാനായി വരുമ്പോൾ കിട്ടുന്ന ഇത്തിരി കടലാസിലെ വാക്കുകൾ വായിക്കുന്നത്…ഇത്തിരി അകലെ നിന്ന് താനും ഒളിച്ചു കാണാറുണ്ട്…

ആദ്യമാദ്യം കുസൃതിയോടെ എഴുതിയ വാക്കുകൾക്ക് പിന്നീട് പ്രണയത്തിന്റെ നിറം വരുന്നത് താനറിയുകയായിരുന്നു….കരിവളയിട്ട കൈകൾ സഖാവിനു വേണ്ടി തൂലികയെ പ്രണയിച്ചിരുന്നു….

ജനിച്ച അന്ന് മുതൽക്കേ… “”ചട്ട്ക്കാലി ഗായത്രി”” എന്ന പേര് മാത്രമേ എല്ലാവരും വിളിച്ചിട്ടുള്ളു…അതിൽ നിന്നും “”ഗായു “” എന്ന് സ്നേഹത്തോടെ വിളിക്കാൻ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ…എന്റെ അനു….ഒരേ മനസ്സും ഇരുശരീരവുമായി കൂടെ നിന്നവൾ….

ഒരിക്കെ…കോളേജ് വരാന്തയിൽ നടന്ന പൊരിഞ്ഞ അടി കണ്ട് ഓടി പോയ അനുവിനെ ഒന്നും മനസിലാവാതെ നോക്കി നിന്നു….

“”വേണ്ടാ ഏട്ടാ… വിട് അവനെ…ഏട്ടന്റെ അനുട്ടിയല്ലേ പറയണേ “”…..

അനുവിന്റെ വാക്കുകൾ കേൾക്കെയാണ് അറിയുന്നത്…താൻ ആരാധിക്കുന്ന സഖാവ് കൂട്ടുകാരിയായ അനുവിന്റെ സഹോദരനാണെന്ന്….

പിന്നീട് പലപ്പോഴായി അനുവിനെ കാണാൻ എന്നപോലെ വരുമ്പോൾ ഇടംകണ്ണിട്ട് തന്നെ നോക്കുന്നത് കാണാം…. അവൾ കേൾക്കാതെ ചെവിയോരം വന്നു…. “”മൂക്കുത്തി “”ന്ന് വിളിക്കുന്നത് കേൾക്കാം…

ബസ്സിലും ഡോറിനിപ്പുറം നിൽക്കുന്നവൻ കണ്ണാടിയിലൂടെ ഇടം കണ്ണിട്ട് നോക്കുമ്പോൾ കുറുമ്പോടെ മുഖം തിരിക്കുമായിരുന്നു…. അപ്പോളും കേൾക്കാം അടക്കിപ്പിടിച്ച ചിരിയോടെ പതിയെ “”മൂക്കുത്തി “” എന്ന് നീട്ടിവിളിക്കുന്നത്….

“എത്ര നാളായി ഈ അസുഖം തുടങ്ങിയിട്ട് പറയടി” …..ഒരിക്കൽ പതിവ് പോലെ ലൈബ്രറിയിൽ ആരും കാണാതെ ഇത്തിരി തുണ്ടിനുള്ളിലെ അക്ഷരങ്ങളെ ചേർത്തിണക്കി വെക്കാൻ ചെന്ന തന്നെ പിന്നിൽ നിന്ന് ബലമായി പിടിച്ചു കൊണ്ട് ചോദിച്ചു….

“അ….അത്…. ഞാൻ വെറുതേ….” കണ്ണുകൾ നാല് പാടും പേടിയോടെ പരതുന്നതിനിടെ എങ്ങേനെയോ പറഞ്ഞൊപ്പിച്ചു….

“അപ്പൊ….സഖാവിന്റെ സഖീ ന്നും പറഞ്ഞ് എന്നെ കൊറേ വട്ട് കളിപ്പിച്ചത് നീയായിരുന്നു…അല്ലേടി മൂക്കുത്തി” ….മീശ പിരിച്ചു വച്ച് തന്നിലേക്ക് അടുത്ത് വരുന്നവനെ പിന്നിലേക്ക് തള്ളിയോടുമ്പോളും കേൾക്കുന്നുണ്ട്…. “നിന്നെ ഞാൻ എടുത്തോളാമെടി മൂക്കുത്തി എന്ന്” ….അടക്കി പിടിച്ച ചിരിയോടെ പറയുന്നത്…അത് കേൾക്കെ മുഖം നാണത്താൽ ചുവന്നിരുന്നു…..

“നിക്ക് ആകെ സ്വന്തം ന്ന് പറയാൻ അമ്മമ്മ മാത്രേ ഉണ്ടായിരുന്നുള്ളു സഖാവേ…. അമ്മമ്മ മരിച്ചിട്ടിപ്പോ രണ്ട് വർഷം തികയുന്നു….ഇപ്പൊ അമ്മാവന്റെ വീട്ടിലാ ഞാൻ നിക്കണത്…..ആരുല്ലാത്ത ഈ ഒന്നരക്കാലിയെ തന്നെ വേണോ സഖാവ് ഹരിനന്ദന്…. മ്മ്ഹ്ഹ്??……” ആളൊഴിഞ്ഞ ക്ലാസ്സ്‌ റൂം വരാന്തയിലൂടെ നടന്നകലുമ്പോൾ ചേർത്തണച്ച ആ കൈകളോട് നിറഞ്ഞ കണ്ണുകളോടെ ചോദിച്ചു….

“അതിന് ഞാൻ സ്നേഹിച്ചത്… ഈ ചട്ടുകാലിയെ അല്ലാലോ….ന്റെ മൂക്കുത്തിയെ അല്ലേ”….ഒന്നുകൂടെ വലിഞ്ഞു മുറുകുന്ന കൈകളിൽ നിന്ന് പിടഞ്ഞു മാറാൻ ശ്രമിച്ചു കൊണ്ട്…പതിയെ പറഞ്ഞു….””ഇതൊക്കെ തെറ്റാണ് ട്ടോ സഖാവേ….ആരേലും കണ്ടോണ്ട് വന്നാൽ…കോളേജ് ചെയർമാന് തന്നെയാ നാണക്കേട്”….കൈകൾ ബലമായി വിടുവിച്ചു കൊണ്ട് നടന്നകലുമ്പോളും കേൾക്കുന്നുണ്ട്…. “ഞാൻ അനുവിനോട് പറഞ്ഞു നമ്മടെ കാര്യം….അവൾക്ക് സമ്മദാണ്‌ ന്റെ മൂക്കുത്തി അവള്ടെ ഏടത്തിയമ്മയായിട്ട് വരണത്….”

പിന്നീട് നിശബ്ദപ്രണയത്തിന് സാക്ഷിയാവുകയായിരുന്നു ക്യാമ്പസ്‌…. തൂലികയിൽ വിരിയുന്ന അക്ഷരങ്ങൾ അത്രെയും സഖാവിനോടുള്ള പ്രണയം പറയുന്നതായിരുന്നു…..””ഒരു തുണ്ട് കടലാസ്സിൽ വിരിയുന്ന നാല് വരികൾക്കപ്പുറം ഇഷ്ട്ടമാണ് ന്ന് ഒരിക്കലും ആ കടുംകാപ്പി മിഴികൾ നോക്കി പറഞ്ഞിട്ടില്ല…… “ഡോ മൂക്കുത്തി”എന്ന വിളിക്കപ്പുറം ഒന്നും ആളും ചോദിച്ചിട്ടില്ല….”

“ന്നേ ഇഷ്ട്ടല്ല ന്നാണോ മൂക്കുത്തി നീ പറഞ്ഞു വരണത്… ഏഹ്ഹ്???….. അപ്പൊ ഇക്കണ്ട നാൾ അത്രെയും നിക്ക് എഴുതി തന്നതൊക്കെയും എന്തായിരുന്നു…. പറയ്യ് !!” ….ചുവന്നു കലങ്ങിയ കണ്ണുകളോടെ ചോദിക്കുന്നവനെ…രൂക്ഷമായി ഒന്ന് നോക്കി…കനപ്പിച്ചു തിരികെ മറുപടിയായി പറഞ്ഞു….

“”നാല് വരി പ്രണയത്തെ കുറിച്ച് എഴുതിയാൽ അതിനർത്ഥം പ്രേമം ആണ് ന്നാണോ സഖാവേ??… .ഞാൻ പറഞ്ഞില്ലെ…. ഇഷ്ട്ടല്ല നിക്ക് നിങ്ങളെ….എന്നെ ഇനി ശല്യം ചെയ്യരുത്… പ്ലീസ് “”…..

കോളജിലെ അവസാനനിമിഷങ്ങളിൽ മനസ്സിൽ ഒളിപ്പിച്ച പ്രണയം പറഞ്ഞവനോട്…സഹതാപമാണ് തോന്നിയത്…

വെട്ടിത്തിരിഞ്ഞു നടന്നകലുമ്പോളും കണ്ണുകൾ കളവ് പറയാതെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു….സത്യം സഖാവ് അറിയാതിരിക്കാൻ വേണ്ടി…പിന്നീട് ഭ്രാന്തനെ പോലെ പിന്നാലെ നടന്നപ്പോളും പുച്ഛം മാത്രമേ തിരികെ നല്കിയിരുന്നുള്ളു….അവസാനം നിവർത്തില്ല എന്ന് കണ്ടപ്പോൾ നാട് വിട്ട് ഒളിച്ചോടി…തിരക്ക് പിടിച്ച കൊച്ചി നഗരത്തിലേക്ക് മെയ്യും മനസ്സും ചേക്കേറി…. പിന്നീട് വർഷങ്ങൾക്കിപ്പുറം അനുവിന്റെ വിളി കേട്ടാണ് വന്നത്….”സഖാവിന്റെ കല്യാണം ആണത്രേ….മുറപെണ്ണായ ശ്രീലക്ഷ്മിയുമായി”……

ഓർമ്മകൾക്കൊടുവിൽ രണ്ടിറ്റ് കണ്ണുനീർ ചെന്നിയിലൂടെ ഒലിച്ചിറങ്ങി….ഛായം സന്ധ്യ പാടെ മാഞ്ഞു തുടങ്ങിയിരിക്കുന്നു….പതിയെ എഴുന്നേറ്റ് ഉടുത്തിരുന്ന കോട്ടൺ സാരിയിൽ പൊതിഞ്ഞ മണൽത്തരികളെ തട്ടിക്കൊണ്ടു നടന്നകന്നു…..

“ഇന്ന് ഇവിടെ ഒരു കല്യാണം നടക്കുന്നില്ലേ..???… കല്യാണ കത്തിലെ പ്രകാരം മംഗലത്ത് ശിവക്ഷേത്രത്തിൽ എത്തിയപ്പോൾ കണ്ട മൂകതയിൽ സംശയം തോന്നി…വാരസ്യാരോട് പതിഞ്ഞ ശബ്‌ദത്തിൽ ചോദിച്ചു….

“ഉവ്വ്… കുട്ടി തൊഴുതു വന്നോളൂ…മുഹൂർത്തം ആവുന്നേ ഉള്ളൂ….” തിരിച്ചുള്ള മറുപടി കേൾക്കെ ശ്രീകോവിലിന്റെ മുന്നിൽ തൊഴുകൈയ്യോടെ നിന്നു….കണ്ണുകൾ മിഴിനീരാൽ വാചാലമായി….

കഴുത്തിൽ എന്തോ മുറുകുന്നത് പോലെ തോന്നിയതും…ഞെട്ടലോടെ കണ്ണുകൾ വലിച്ചു തുറന്നു….കണ്ണുകൾ നാലുപാടും പരതിയതും കണ്ടു വർഷങ്ങൾക്ക് ശേഷം ആ കടുംകാപ്പി മിഴികളെ….തന്റെ വലത് വശത്തോടെ ചേർന്ന് നിന്ന് ഒരുകണ്ണിറുക്കി കാണിക്കുന്നുണ്ട്….

ഒന്നും മനസ്സിലാവാതെ ചുറ്റും നോക്കുമ്പോൾ…അനു അരികിൽ വന്ന് കെട്ടിയ താലിച്ചരട് നേരെ ആക്കി തരുന്നുണ്ട്…ചെറുപുഞ്ചിരിയോടെ സഖാവിന്റെ അമ്മയും അച്ഛനും അരികിൽ തന്നെ നിൽപ്പുണ്ട്….

“ന്റെ കുട്ടന് മോളെ മാത്രം മതി ന്നാ പറയണേ…..കഴിഞ്ഞ ദിവസം അനു കല്യാണം വിളിക്കാൻ എന്ന പേരിൽ മോൾടെ അടുത്ത് വന്നപ്പോൾ ആ പഴയ ഇഷ്ട്ടം ഇപ്പോളും മോൾടെ ഉള്ളിന്റെ ഉള്ളിൽ ഉണ്ടെന്നറിഞ്ഞപ്പോൾ…ഇവൻ കാണിച്ചൊരു തമാശയാണ്…ഇട്ടെറിഞ്ഞു പോവല്ലേ മോളെ.അത്ര ജീവനാ അവന് നിന്നെ….”

എന്തോ…വല്ലാത്ത ദേഷ്യമാണ് തോന്നിയിരുന്നത്…..ആ അമ്മ വന്നു വാത്സല്യത്തോടെ മുടിയിൽ തഴുകി പറഞ്ഞതും അറിയാതെ വിതുമ്പി പോയി… “അർഹിക്കാത്തത് എന്തോ കൈവന്ന പോലെ കണ്ണുകൾ വിറകൊണ്ടു….”

നിലവിളക്ക് ഏന്തി ആ വലിയ വീടിന്റെ പടികൾ മുടന്തി കയറുമ്പോൾ…അരികെത്തായി തന്നെ കൂട്ടിനു അനുവും സഖാവും ഉണ്ടായിരുന്നു….തന്നെ നോക്കി കണ്ണിറുക്കുമ്പോൾ ദേഷ്യത്തോടെ മുഖം കോട്ടിയിരുന്നു….

“വലിയ ഒരു കടം വീട്ടാൻ ഉണ്ട് ന്ന് ഇന്നലേം കൂടി കുട്ടേട്ടൻ പറഞ്ഞതെ ഉള്ളൂ….നാളെ ബാക്കി വച്ചിട്ടുണ്ടെങ്കിൽ നാത്തൂനേ നിന്നെ രാവിലെ കണ്ടോളാം….നിക്കും ണ്ട് ചില കടങ്ങൾ വീട്ടാൻ….” സെറ്റ് സാരി ഉടുപ്പിച്ച് കയ്യിൽ പാൽഗ്ലാസ്സ് തന്ന് കൊണ്ട് കുസൃതിയോടെ പറയുന്ന അനുവിനെ രൂക്ഷമായി ഒന്ന് നോക്കി…

വിറയ്ക്കുന്ന കാലടികളോടെ ആ മുറിക്കകത്തേക്ക് മുടന്തി ചെന്നു….മുറിയിൽ ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോൾ….കണ്ടു ഒരറ്റത്തായി നിലത്ത് ഇരുന്നു കൊണ്ട് ബ്രാണ്ടി കുപ്പി കാലിയാക്കുന്ന സഖാവിനെ….

തന്നെ കണ്ടപാടെ പിഴക്കുന്ന കാലടികളോടെ തന്റെ അരികിലേക്കായി വരുന്നുണ്ട്….ഒന്ന് ചിന്തിക്കും മുൻപേ ആ ബലിഷ്ഠമായ കൈകൾ കവിളിൽ പതിഞ്ഞിരുന്നു…. അടികൊണ്ട് നിലത്തേക്ക് വീഴ്ച് വീഴാൻ പോയപ്പോൾ കൈകൾ കൊണ്ട് നെഞ്ചോരം ചേർത്ത് പിടിച്ചു….

“കുട്ട്യോൾ ഉണ്ടാവും എന്ന സർട്ടിഫിക്കേറ്റ് കാണിച്ചിട്ടല്ല നാട്ടിലെ പെൺപിള്ളേർ ഒക്കെ ഓരോരുത്തരെ കെട്ടിപോണത്….അങ്ങനെ കുട്ട്യോൾ ഉണ്ടാവൂലെങ്കിൽ അതിന് പ്രതിവിധിയായി പല മാർഗങ്ങളും നാട്ടിൽ ഇല്ലേടി അസത്തെ….അതിന് ഇഷ്ട്ടപെട്ടവനെ മറന്ന് ഒളിച്ചോടി പോയതിനാ ദാ ഇപ്പൊ കരണത്തിനു കിട്ടിയത്….ഇനീം ഇമ്മാതിരി ഭ്രാന്ത് കാട്ടികൂട്ടിയാൽ കുറച്ചേറെ വാങ്ങി കൂട്ടും നീയ്”…..

കേട്ട വാക്കുകൾ വിശ്വസിക്കാതെ…തറഞ്ഞു നിന്നു പോയി….ആരിൽ നിന്നാണോ സത്യങ്ങൾ മറക്കാൻ ശ്രമിച്ചത് ആള് തന്നെ തന്നോട് പറയുന്നു….

എങ്ങെനെ അറിഞ്ഞു ന്നാവും….നിന്നെ നോക്കിയ ഡോക്ടറുടെ ഹസ്ബന്റിന്റെ കമ്പനിയിലെ മാനേജർ ആണ് ഞാൻ… എന്റെ ഏറ്റവും അടുത്ത രണ്ടു സുഹൃത്തുക്കൾ…ഒരിക്കൽ സീമ ഡോക്ടർ ന്നോട് ഒരു കഥ പറഞ്ഞു തന്നു….ഒരു പൊട്ടത്തി ചട്ടുകാലിയുടെ കഥ….ഭീരുവിനെ പോലെ ഒളിച്ചോടി പോയ ഒരുത്തിയുടെ കഥ..അന്ന് തൊട്ട് അന്വേഷിക്കുവായിരുന്നു ഞാനും അനുവും….പിന്നീട് നിങ്ങടെ കൂട്ടുകാരി ജെസീക്കയുമായി നീ കോൺടാക്ട് ഉണ്ട് ന്ന് അറിഞ്ഞപ്പോൾ ഇല്ലാത്ത കല്യാണത്തിന്റെ പേരും പറഞ്ഞു വിളിപ്പിച്ചതാ ഈ മന്ദബുദ്ധിയെ….

പറഞ്ഞ വാക്കുകൾക്ക്….പൊട്ടിക്കരച്ചിലോടെ ആ നെഞ്ചിൽ അമ-രുമ്പോൾ….ആ കൈകൾ വലിഞ്ഞു മുറുകുന്നത് താൻ അറിഞ്ഞിരുന്നു….പരാതികളും പരിഭവങ്ങളും സങ്കടങ്ങളും കണ്ണുനീരിൽ ഒഴുക്കി കളഞ്ഞപ്പോൾ…കൂട്ടിനായി ആ കടുംകാപ്പി മിഴികളും നിറഞ്ഞിരുന്നു…..തനിക്ക് വേണ്ടി ഒഴുകിയിരുന്നു…..

മുഖത്തേക്ക് അടുത്തു വരുന്ന ആ മുഖത്തെ കൈകൾ കൊണ്ട് തടഞ്ഞപ്പോൾ….ആ പുരികം ചുളിയുന്നത് കുസൃതിയോടെ നോക്കിയിരുന്നു….””നിക്ക് കള്ളിന്റെ മണം ഇഷ്ട്ടല്ല കുട്ടേട്ടാ…..””മിഴികൾ താഴ്ത്തി പറയുമ്പോൾ ചെവിയോരം പതിഞ്ഞ ചിരി കേട്ടു….

“അതൊക്കെ ഒരു നമ്പർ അല്ലായിരുന്നോ ഗായത്രി….നിന്റെ കുട്ടേട്ടൻ കള്ള് കുടിക്കൂല”….ചെറുചിരിയോടെ പറഞ്ഞപ്പോൾ വീണ്ടും കുറുമ്പോടെ ആ കണ്ണിലേക്ക് നോക്കി….

“അപ്പൊ ന്റെ സഖാവ് കുടിക്കുവോ??”….ചുണ്ട് കൂർപ്പിച്ചുള്ള തന്റെ ചോദ്യത്തിന് തന്നെ ആ ബലിഷ്ഠമായ കൈകളാൽ വലി-ഞ്ഞു മു-റുകി കൊണ്ട് പറഞ്ഞു…. “മൂക്കുത്തിയുടെ സഖാവും കുടിക്കാത്തോനാ”….ചെവിയോരം കേട്ട വാക്കുകൾക്ക് ആ മുഖം ചുവന്നു തുടുത്തു…..മൂക്കിൻ തുമ്പിലെ വെള്ളക്കൽ മൂക്കുത്തി നാണത്താൽ അവനെ നോക്കി കണ്ണ് ചിമ്മി…കണ്ണിനുള്ളിലെ വട്ടപ്പൊട്ടുകൾ പിടച്ചിലോടെ നാല് പാടും ഓടിനടന്നു….അവ ആ വെള്ളക്കൽ മൂക്കുത്തിയോട് എന്തൊക്കെയോ സ്വാകാര്യമായി പറഞ്ഞിരുന്നു………

Like & Comment ചെയ്യണേ…

രചന: ദേവ സൂര്യ

Leave a Reply

Your email address will not be published. Required fields are marked *