വിവാഹം കഴിഞ്ഞ് രണ്ടു വർഷം കഴിഞ്ഞിട്ടും ചെറു പിണക്കങ്ങൾ പോലും പുഞ്ചിരിയില് തീർന്നിരുന്നു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ജിഷ്ണു രമേശൻ

അവൻ്റെ കൂടെ ഒരു പുലർച്ചെ വയനാടൻ മലനിരയിലൂടെ ബൈക്കിൽ പോകുന്ന സമയം…!

അതിയായ ക്ഷീണമുണ്ട്… എബിയോട് വണ്ടി എവിടെയെങ്കിലും നിർത്താനായി ആവശ്യപ്പെട്ടു… ഒരു വലിയ വളവിൽ വീടിനോടായി ചേർന്നുള്ള ഒരു കൊച്ചു ചായക്കടയുടെ മുന്നിലായി ബൈക്ക് നിർത്തി…

‘ ദ്യുതി നിനക്ക് ചായ വേണോ…?’

” വേണം… എനിക്ക് ഉള്ള് തണുത്ത് വിറയ്ക്കുന്നു…”

രണ്ടു കട്ടൻ കാപ്പിയുമായി ഞങ്ങൾ ആ കടയുടെ ഓരത്തുള്ള കല്ല് പാകിയ തട്ടിലിരുന്നു… താഴെ ചുരത്തിൻ്റെ കാഴ്ച നിറയെ വെളിച്ചമുള്ള ഭൂപടം പോലെ തോന്നിച്ചു…

” എബി നേരം പുലർന്നിട്ട് പോയാ പോരെ…! അല്ലാതെ ഈ തണുപ്പത്ത് എനിക്ക് വയ്യ… ഇവരോട് ചോദിക്കാം, നേരം വെളുക്കുന്നത് വരെ ഇവിടെ ഇരുന്നോട്ടെ എന്ന്…!!”

പരുക്കൻ തണുപ്പിലും എബി തലയാട്ടി സമ്മതിച്ചു…

ദ്യുതി തോളത്തുള്ള ബാഗ് എടുത്ത് നെഞ്ചിലേക്ക് പൊതിഞ്ഞു പിടിച്ചു കൊണ്ട് തണുപ്പിനെ ചെറുത്തു…

തൻ്റെ അല്പ നാള് മുമ്പുള്ള ഭൂതകാലം ആ മഞ്ഞുള്ള പുലർച്ചെ അവള് വെറുതെ ചികഞ്ഞു…

*** **** ****

ഞാൻ ദ്യുതി… അച്ഛനും അമ്മയും അനിയനും അടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് എൻ്റേത്… പഠിക്കാൻ ഇഷ്ടമായത് കൊണ്ട് തന്നെ, ബുദ്ധിമുട്ടി പഠിച്ച് തന്നെ ഒരു ജോലി നേടി… അടുത്തുള്ള ഹോസ്പിറ്റലിൽ നേഴ്സ് ആയിട്ടാണ് ജോലിക്ക് കയറിയത്…

അച്ഛനും അമ്മയും കഴിഞ്ഞാൽ ഏറ്റവും വലിയ സമ്പാദ്യം സൗഹൃദം തന്നെയായിരുന്നു… കോളേജ് കാലഘട്ടം മുതലുള്ള ഒരു സുഹൃത്താണ് സാബി…

സാബി, എല്ലാമായിരുന്നു എൻ്റെ ഉറ്റ സുഹൃത്ത്… സൗഹൃദം ഒരു മാജിക് ആണെന്ന തോന്നൽ സ്പർശിച്ച നിമിഷങ്ങൾ… കോളേജ് കാലം മുതൽക്കേ ഏറെ ഇഷ്ടപ്പെട്ടിരുന്ന, നെഞ്ചിലൊരു കൊളുത്ത് പോലെ നിന്നിരുന്ന ഒരാളുണ്ട്… “എബി”…

എൻ്റെ കൂടെ പഠിച്ചിരുന്ന ഒരു കുട്ടിയുടെ ബന്ധു… പലപ്പോഴും ഉള്ള കാണലുകളും, സംസാരവും ഒരു ഇഷ്ടത്തിലേക്കും ചെറു പ്രണയത്തിലേക്കും സഞ്ചരിച്ചു…

ഇടയ്ക്ക് കൊഴിഞ്ഞു പോകുമെന്ന് തോന്നിച്ച പ്രണയം പിന്നീട് കൂടുതൽ ആ ഴത്തിൽ പതിയാൻ, ചിന്തിക്കാൻ തുടങ്ങി…!!

ജോലിക്ക് കയറിയ ഹോസ്പിറ്റലിൽ നിന്ന് കൂടെ കൂട്ടിയ ഒരു കൂട്ടുകാരിയാണ് ജാസ്മിൻ… പതിവ് പല്ലവി പോലെ തന്നെ ഞങ്ങളുടെ പ്രണയത്തിൻ്റെ ചേലും പൊടിയും പറയാനുള്ള ഒരു കൂട്ടുകാരിയായിരുന്നു ജാസ്മിൻ…

“എബി”, അവനു അമ്മയും ഒരു അനിയത്തിയും മാത്രമാണ് ഉള്ളത്…

ജോലിയായി ഒരു വർഷം കഴിഞ്ഞപ്പോഴാണ് കല്യാണം എന്നതിനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്…

വ്യത്യസ്ത മ-തങ്ങൾ എന്ന പേരിലും, ചില അഭിപ്രായ വ്യത്യാസം എന്നതു കൊണ്ടും വീട്ടുകാർ തമ്മിൽ സമ്മതിക്കുന്നില്ല…

ഒരുപാട് സംസാരിച്ചു, പക്ഷേ…

ചില ഇഷ്ടങ്ങൾ മനസ്സിൽ നിന്ന് പറിച്ചു കളയാൻ കഴിയാത്തതായി നിൽക്കുന്നു… ആദ്യമായി ജീവിതത്തിൽ ഒരു വലിയ തെറ്റ് ചെയ്തു…

എബിയുമായി രജിസ്റ്റർ വിവാഹം ചെയ്യേണ്ടി വന്നു… ഭാവിയിൽ ദുഃഖിക്കേണ്ടി വരാവുന്ന ഒരു തെറ്റ്…

അപ്പോഴൊക്കെ എൻ്റെ ഭാഗത്ത് നിന്നും ഒരു ധൈര്യം തന്നത് ജാസ്മിൻ ആയിരുന്നു… പിന്നീട് എബിയും ഞാനും എൻ്റെ വീട്ടിലേക്ക് കയറി ചെന്നപ്പോഴും അമ്മ എന്നെ ചേർത്ത് പിടിക്കുകയാണ് ചെയ്തത്… ഉൾമനസ് കൊണ്ട് സമ്മതിച്ചിരുന്നത് അച്ഛനായിരുന്നു…

ദൈവം ചില ബന്ധങ്ങൾ കൂട്ടി ചേർക്കുന്നത് അത്രമേൽ ഒത്തൊരുമയോടെ ആയിരിക്കും… വിവാഹം കഴിഞ്ഞ നാളുകളിൽ ഒരുപാട് യാത്രകൾ പോയിരുന്നു…

ഒരു കുഞ്ഞ് എന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല… ഒരു യാത്ര എന്നതിനെ പറ്റി ചിന്തിക്കുന്നവരുടെ മനസ്സ് ലോകം മുഴുവനും കറങ്ങും…പക്ഷേ നമ്മുടെ കേരളത്തിലെ വശ്യമായ സൗന്ദര്യം ആസ്വദിക്കാൻ പലർക്കും കഴിയാറില്ല…

എബിയും ഞാനും വീടിനടുത്തുള്ള ചെറു കുന്നുകൾ വരെ മനോഹരമായി ആസ്വദിച്ചിരുന്നു… യാത്രയെ അത്രയും ആഴത്തിൽ ഇഷ്‌ടപ്പെട്ടിരുന്നു…

മഴ തോർന്ന ചില രാത്രികളിൽ ബൈക്കിൽ ടൗണിലേക്ക് പോകും… ഏതെങ്കിലും ഒരു കോണിലുള്ള തട്ടുകടയിൽ നിന്നും ചൂട് ചായയും തട്ട് ദോശയും കഴിക്കുന്ന ശീലം ഉണ്ട്…

വിവാഹം കഴിഞ്ഞ് രണ്ടു വർഷം കഴിഞ്ഞിട്ടും ചെറു പിണക്കങ്ങൾ പോലും ഒരു ചെറു പുഞ്ചിരിയില് തീർന്നിരുന്നു… ചിരിക്കുക, മനസ്സ് നിറഞ്ഞ് ചിരിക്കുക… ശത്രുത പോലും അടുക്കും എന്ന പാഠങ്ങൾ ജീവിതം തന്നെ പഠിപ്പിച്ചു…

രണ്ടു മനസ്സുകൾ അറിഞ്ഞ യാത്രകൾക്ക് ഉചിതം രാത്രിയാണ്… മുഷിഞ്ഞ ചെളിപ്പാട് നിറഞ്ഞ സിറ്റിയിലെ ഉൾ യാത്രയ്ക്കും നിറയെ ഭംഗിയാണ്… അഴകാണ്…

ഒരു കൽപ്പാത്തി യാത്രയിൽ കണ്ട ദാരിദ്ര കാഴ്ചകളും കേഴലുകളും മനസ്സിൽ ഒരു ആണിയടിച്ചു സൂക്ഷിച്ചിട്ടുണ്ട്…

ചില രാത്രി യാത്രയിൽ കൂടെ എബിയുടെ അമ്മയെയും കൂട്ടും… പതിവ് പോലെ തട്ടുകടയിൽ നിന്നും ചൂട് ചായയും മറ്റും വാങ്ങി കൊടുക്കുമ്പോ അമ്മയും ചിരിക്കും, ലോകത്തിലെ മനോഹരമായ ചിരികളിൽ ഒന്നുപോലെ അമ്മയും ചിരിക്കാറുണ്ട്…

ചിലപ്പോ മനസ്സിലൊരു ചിന്ത വരും…ഒരു രാത്രി വയനാടൻ ചുരത്തിലൂടെ ഒരു യാത്ര…!!!

*** *** ***

ബാഗ് തന്നിലേക്ക് പൊതിഞ്ഞു പിടിച്ചു കൊണ്ട് ദ്യുതി കഴിഞ്ഞു പോയ ഭൂതകാലം ഒരു നെടുവീർപ്പോടെ വെറുതെ അങ്ങനെ ചിന്തിച്ചു…

ജീവിതത്തിലെ ഒരു ചെറു ആഗ്രഹം കൂടി അല്ലലില്ലാതെ നടന്നു…

എബി അപ്പോഴും കട്ടൻ കാപ്പി കുടിച്ചു തീർത്ത ഗ്ലാസ് ഉള്ളം കയ്യിൽ ഞെരുക്കി കൊണ്ട് വയനാടൻ ചുരത്തിലെ താഴെ കാഴ്ചയിൽ മുഴുകിയിരിക്കുകയാണ്…

‘ ദ്യുതി നമുക്ക് പോകാം… നേരം വെളുത്തു…’

“മ്മ് പോകാം… എബി, അവിടെ മുകളിൽ കുറച്ച് ദൂരെ ഒരു ഓർഫനേജ് ഉണ്ടെന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്…നമുക്ക് അവിടെയൊന്നു കയറണം… ആ കുട്ടികളുടെ കൂടെ സ്വല്പ നേരം…!!!”

‘ അതിനെന്താ പോകാലോ…;’

അവര് അവിടുന്ന് തിരിച്ചു… ചിലപ്പോ ചില തെറ്റുകൾക്കും തിരുത്തലുകൾക്കും ശേഷമാകും മനുഷ്യർ ജീവിച്ചു തുടങ്ങുന്നത്… യഥാർത്ഥ ജീവിതം ആസ്വദിക്കുന്നത്… ആ ആസ്വാദന ജീവിതത്തിൽ ചിലർക്കെങ്കിലും ഒരു കൈതാങ്ങാവാൻ കഴിഞ്ഞാൽ…!!!

മനുഷ്യ ജീവിതം എപ്പോഴും ഒരു യാത്രയിലാണ്…മര ണത്തിലേക്കുള്ള യാത്രയിൽ… അവിടേക്കുള്ള യാത്രയ്ക്കിടയിൽ സുന്ദരമായ ജീവിതം മനോഹരമായി ജീവിച്ചു തീർക്കണം…

ഒരു യാത്രയ്ക്കുള്ളിൽ ഒരുപാട് ഉൾസഞ്ചാരങ്ങൾ നടത്തി എബിയും ദ്യുതിയും ഇന്നും ജീവിക്കുന്നു…സുന്ദരമായി മനോഹരമായി ഇനിയും ജീവിക്കട്ടെ അവർ…

(എനിക്കറിയുന്ന ഒരാളുടെ ജീവിതമാണ്, സന്തോഷമാണ്, അനുഭവമാണ്…) ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

രചന: ജിഷ്ണു രമേശൻ

Leave a Reply

Your email address will not be published. Required fields are marked *