അവൾ പറഞ്ഞത് കേട്ടപ്പോൾ മീശ പിരിച്ചു ഒന്നുകൂടെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ചു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അക്ഷര മോഹൻ

“അനന്താ…ഗൗരി വന്നൂന്ന്…” നേർത്ത ശബ്ദത്തോടെ അമ്മ പറഞ്ഞപ്പോൾ ഉള്ളിലൂടെ ഒരു വിറവലായിരുന്നു ആദ്യം കടന്ന് പോയത്. “ഗൗരിയോ..?ആരാ പറഞ്ഞേ?” “ഇല്ലത്ത്ന്ന് മാലതി വിളിച്ചിരുന്നു.. പാവം..കരയുവായിരുന്നു..പക്ഷേ ഒത്തിരി സന്തോഷണ്ട് അവൾക്ക്..വന്നല്ലോ..” “അമ്മ പോണുണ്ടോ അങ്ങോട്ട്‌?”

“പോകാതെ പിന്നെ..ന്റെ കുഞ്ഞിനെ കാണണം..തിരിച്ചു കിട്ടാൻ വേണ്ടി നടത്താത്ത വഴിപാടില്ല..എന്നെ ഒന്ന് കൊണ്ട് വിടണം നീ..അത്രടം വരെ നടക്കാൻ വയ്യ..” “മ്മ്മ്..”ഒന്ന് മൂളിയതല്ലാതെ മറ്റൊന്നും പറയാൻ തോന്നിയില്ല. “നിനക്കും കാണണ്ടേ മോനേ അവളെ?”

“കാണാനോ?എന്തിന്?ഈ കഴിഞ്ഞ അഞ്ച് വർഷായിട്ട് അവൾക്ക് വേണ്ടി മാത്രം കാത്തിരിക്കുന്ന കുറച്ച് ആത്മാക്കൾ ഉള്ള കാര്യം അവൾക്കറിയാത്തതാണോ?”വാക്കുകളിൽ അമർഷം പ്രകടമാകുന്നുണ്ടായിരുന്നു. “നമുക്കൊന്നും അറിയില്ലല്ലോ മോനെ ആ കുട്ടി ന്തിനാ അങ്ങനെ പോയെന്ന്..വന്നല്ലോ..അതന്നെ വല്ല്യ ആശ്വാസം..ബാക്കിയൊക്കെ പയ്യെ ചോദിക്കാം..” അമ്മ കണ്ണ് തുടച്ചു കൊണ്ട് അകത്തേക്ക് കയറി.മനസിൽ പൂട്ടിയിട്ട ഒരായിരം ഓർമ്മകൾ മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ പെട്ട പോലെ എന്റെയുള്ളാകെ ഒഴുകി അലഞ്ഞു.

“ശ്ശ്ശ്ശ്..വിട് അനന്തേട്ടാ..ആരെങ്കിലും കാണുംട്ടോ..” “ഈ കുളപ്പടവിൽ ഇപ്പൊ ആരും വരില്ല ന്റെ ഗൗരിയേ..” “വന്നാലോ..കാണില്ലേ..”തള്ളി മാറ്റാനുള്ള ശ്രമം പരാജയപെട്ട് അവൾ ചോദിച്ചു. “അപ്പൊ ആരെങ്കിലും കാണുന്നതോർത്തുള്ള പേടിയാ ല്ലേ..അല്ലാതെ ഞാൻ പിടിച്ചു വച്ചതോണ്ട് അല്ല..?” “ഞാനെന്തിനാ അനന്തേട്ടനെ പേടിക്കണേ..” നെറ്റി ചുളിച്ചു കൊണ്ടവൾ ചോദിച്ചു. “ഞാൻ എന്തേലും ചെയ്തുപോയാലോ..” “യ്യേ വഷളൻ..” അവൾ പറഞ്ഞത് കേട്ടപ്പോൾ മീശ പിരിച്ചു ഒന്നുകൂടെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ചു കുളപ്പടവിന്റെ ഭിത്തിയിലേക്ക് ചാരി നിർത്തി.ദാവണിക്കിടയിലൂടെ ഇടുപ്പിൽ കൈ പതിഞ്ഞപ്പോൾ അവളൊന്ന് പൊള്ളിപിടഞ്ഞു.

“അന..ന്തേട്ടാ വേണ്ടാ…” അവളുടെ തള്ളിമാറ്റൽ ശ്രമം വക വയ്ക്കാതെ കഴുത്തിടുക്കിലേക്ക് മുഖം ചേർത്തു.പെട്ടെന്നുള്ള എന്റെയാ നീക്കത്തിൽ അവൾ കാലിന്റെ പെരുവിരലിൽ ഒന്നുയർന്നു പൊങ്ങി ഞാനിട്ടിരുന്ന ഷർട്ടിൽ പിടി മുറുക്കി.അവളുടെ നഖം പുറത്ത് ആഴ്ന്നിറങ്ങിയപ്പോൾ കഴുത്തിനരികിലെ കുഞ്ഞു മറുകിൽ പല്ലുകൾ ആഴ്ത്തി. “സ്സ്..” ശബ്ദം ഉയർന്നപ്പോൾ കുസൃതി ചിരിയോടെ മെല്ലെ തല ഉയർത്തി നോക്കി .ചുണ്ട് കൂർപ്പിച്ചു നെറ്റിയും ചുളിച്ചു എന്നെ തന്നെ നോക്കി നിൽക്കുവാണ് പെണ്ണ്. “നിക്ക് വേദനിച്ചൂട്ടോ..” കപട ദേഷ്യത്തിൽ മുഖം തിരിച്ചപ്പോൾ ഒന്നുകൂടെ കഴുത്തിലേക്ക് മുഖം താഴ്ത്തി ആ മറുകിൽ അമർത്തി ചുംബിച്ചു.

“ഇപ്പോ വേദന പോയില്ലേ..?” “പിന്നേ..പോയി..കള്ള ബടുവ..ഇത്തിരി കൂടണുണ്ട് ട്ടോ..” നെഞ്ചിൽ അമർത്തി നുള്ളികൊണ്ടവൾ പറഞ്ഞു. “ഒട്ടും കൂടിട്ടൊന്നുല്ല..കുറഞ്ഞു പോയാലെ ഉള്ളു..” അതും പറഞ്ഞു അവളുടെ മുഖത്തെക്ക് മുഖം അടുപ്പിച്ചു..ഒന്നുകൂടെ ചേർത്തു നിർത്തി മുഖം കുനിച്ചു ചുണ്ടുകൾ ചേർക്കാനൊരുങ്ങിയതും നെഞ്ചിൽ ആഞ്ഞു തള്ളി എന്നെ കുളത്തിലേക്കിട്ട് അവൾ പടവുകൾ ഓടികയറി.മുങ്ങി പൊങ്ങുമ്പോഴേക്കും പൊട്ടിച്ചിരിച്ചു കൊണ്ട് അവൾ ഓടിമറഞ്ഞിരുന്നു.

വീട്ടിലെത്തുമ്പോൾ ഉമ്മറത്തു തന്നെ ദേവൻ ഇരിപ്പുണ്ട്. “ന്താണ് അനന്തൻ മാഷേ..മഴയൊന്നും പെയ്തില്ലല്ലോ..പിന്നെങ്ങനാ നനഞ്ഞെ..?” ഒരു പുരികം ഉയർത്തി ദേവൻ ചോദിച്ചതും കുളത്തിൽ വീണുപോയതാണെന്ന് പറഞ്ഞു തടി തപ്പി. “ഉം…വീണതാണോ വീഴ്ത്തിയതാണോന്നൊക്കെ നിക്കറിയാംട്ടോ..” മെല്ലെ തലചെരിച്ചു നോക്കിയപ്പോൾ ചുണ്ട് കടിച്ചു പിടിച്ചു ചിരിക്കുവാണ് അവൻ. “എല്ലാമറിയുന്നവൻ ആണീ ദേവൻ..” ഷർട്ടിന്റെ കോളർ പൊക്കി കാണിച്ചു കൊണ്ടവൻ പറഞ്ഞപ്പോൾ ഡാ എന്ന് വിളിച്ചു അവനിരുന്ന കസേര പിടിച്ചു താഴെയിട്ടു. “അയ്യോ അമ്മേ എന്നെ കൊല്ലാൻ വരുന്നേ..”അവന്റെ ശബ്ദം കേട്ട് അമ്മ അടുക്കളയിൽന്ന് വന്നു. “ഓ വന്നു കയറിയപ്പോഴേ തുടങ്ങ്യോ ഏട്ടനും അനിയനും…” നിലത്ത് വീണ ദേവനെ നോക്കി അമ്മ പറഞ്ഞു. “അല്ല അനന്താ..ഇതെന്താ നീ ഇങ്ങനെ നനഞ്ഞേ..?”

“അത് അമ്മേ ഏട്ടൻ കുളത്തിൽ വീണു പോലും.” ഊറി ചിരിച്ചു കൊണ്ട് ദേവൻ പറഞ്ഞു. നോക്കി പേടിപ്പിച്ചപ്പോൾ വായ പൊത്തിപിടിച്ചു അവൻ അകത്തേക്ക് കയറി. “പോയി തോർത്തിട്ട് വാ അനന്താ..വല്ല പനിയും വരുത്തി വെക്കണ്ട..”അമ്മ ശാസനയോടെ പറഞ്ഞപ്പോൾ മുറിയിലേക്ക് പോയി.കുറച്ചു കഴിഞ്ഞു കതക് തുറക്കുന്ന ശബ്ദം കേട്ട് കിടന്നിടത്ത് നിന്ന് തല പൊക്കി നോക്കിയപ്പോൾ കൈ രണ്ടും മാറിൽ പിണച്ചു കെട്ടി വാതിൽക്കൽ നിക്കുന്നുണ്ട് ദേവൻ. “ന്താടാ..?” ഇത്തിരി ഗൗരവത്തോടെ തന്നെ ചോദിച്ചു. “ഞാൻ ഗൗരി ഏച്ചിയോട് പറയട്ടെ മംഗലത്തേക്ക് ഇപ്പോ തന്നെ ന്റെ ഏടത്തി ആയിട്ട് വന്നോന്ന്..ന്റെ ഏട്ടൻ മാഷിന് തീരെ കണ്ട്രോൾ ഇല്ലാന്ന്..” “ഡാ..ഡാ..” “മ്മ്മ്..മ്മ്മ്..നടക്കട്ടെ..നമ്മൾ ഒന്നും അറിയണില്ലേ..”ഞാൻ ചാടി എഴുന്നേൽക്കുമ്പോഴേക്കും അവൻ കണ്ടം വഴി ഓടിയിരുന്നു. “ഇങ്ങനെയൊരു ചെക്കൻ..”മനസ്സിൽ പറഞ്ഞു കൊണ്ട് വീണ്ടും കിടന്നു.

“ന്താണ് ഗൗരിലക്ഷ്മി…വല്യ ആലോചനയിൽ ആണല്ലോ..”പുറകിലൂടെ ചെന്ന് തലയ്ക്ക് ഒരു കൊട്ട് കൊടുത്ത് കുളപ്പടവിൽ ഗൗരിയുടെ അരികിൽ ഇരുന്നു. “ന്നുല്യ അനന്തേട്ടാ..” “ന്റെ കണ്ണിലേക്കു നോക്ക്യേ ഗൗരി..” അവൾ പതിയെ മിഴികൾ ഉയർത്തി. “ആ എന്താ പ്രശ്നം..പെട്ടന്ന് പറഞ്ഞോ..” “അത് അനന്തേട്ടാ..ദേവൻ..” “ദേവനെന്താ?”ഒരു ചെറിയ പേടിയോടെയാണ് ചോദിച്ചത്. “അവന്റെ കൂട്ട് ശരിയല്ല അനന്തേട്ടാ..കോളേജിലെ ഏറ്റവും വല്യ തെമ്മാടി പിള്ളേരുടെ കൂടെയാ അവനിപ്പോ..കള്ളും കഞ്ചാവും എല്ലാമുണ്ട്.. ഫസ്റ്റ് ഇയർ ആയതല്ലേ ഉള്ളു..അവരെ കുറിച്ച് ഒന്നും അറിയണുണ്ടാവില്ല..അനന്തേട്ടൻ പറയണം ട്ടോ..” “അതാണോ ന്റെ ഗൗരി പെണ്ണിന്റെ ടെൻഷൻ..അവനോട് ഞാൻ പറഞ്ഞോളാം..ഇത്തിരി ലാളിച്ചു പോയെന്നെ ഉള്ളു..പറഞ്ഞാൽ മനസിലാവും..അത് വിചാരിച്ചു ന്റെ പെണ്ണിന്റെ ഈ കുഞ്ഞിതല പുണ്ണാക്കണ്ട ട്ടോ..”ചിരിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു.ഒരു പുഞ്ചിരിയോടെ ഗൗരി എന്നോട് ചേർന്നിരുന്നു.

“മോനെ..ഇറങ്ങാം..”അമ്മയുടെ ശബ്ദം ആയിരുന്നു ഒക്കെയും ഓർമ്മകൾ ആണെന്നുള്ള ബോധം തന്നത്.

.ഇല്ലത്തിന്റെ പടി ചവിട്ടുമ്പോൾ ഗൗരിയുമായുള്ള കുട്ടിക്കാലം മുതലുള്ള ഓർമ്മകൾ വീണ്ടും ഒന്നൊന്നായി തെളിഞ്ഞു തുടങ്ങി.കണ്ണ് ഇറുക്കി അടച്ചു തുറന്നപ്പോൾ അപ്പച്ചി പുറത്തേക്കിറങ്ങി വന്നു. “ഒന്നും മിണ്ടിയില്ല..രാവിലെ കതക് തുറക്കുമ്പോൾ ഈ പടിയിലിരിപ്പുണ്ട്..എന്നെ കണ്ടപ്പോൾ കവിളിൽ അമർത്തി ഉമ്മ വച്ച് മുറിയിൽ കയറി കതകടച്ചു..സ്വപ്നാണെന്നാ ആദ്യം കരുതിയെ..കതകിൽ തട്ടി വിളിച്ചപ്പോ കുളിക്കുവാണ്..പിന്നെ ഒന്നുറങ്ങണംന്നും പറഞ്ഞു..മിണ്ടിയില്ലേലും സാരല്യ..വന്നൂലോ..അടുത്ത് തന്നെ ഉണ്ടല്ലോ..സമാധാനായി..” കണ്ണ് തുടച്ചു കൊണ്ടാണ് അപ്പച്ചി പറഞ്ഞത്. “മിണ്ടാതെ പിന്നെ..അഞ്ച് കൊല്ലം മുന്നേ ആരോടും ഒന്നും പറയാതെ ഇറങ്ങി പോവ്വാ ..ഇപ്പൊ ഒന്നും അറിയാത്ത പോലെ തിരിച്ചു വര്വാ ..ഇവിടെ അവളെ ഓർത്ത് ഉരുകി ജീവിച്ച മനുഷ്യൻമാരെ കുറിച്ച് ഓർത്തോ അവള്..അവളെ വിളിക്ക്..” ദേഷ്യം നിറഞ്ഞു നിന്നിരുന്നു ശബ്ദത്തിലുടനീളം. അപ്പച്ചി കതക് തട്ടി വിളിച്ചപ്പോൾ ഉറക്കച്ചടവോടെ എണീറ്റ് വാതിൽ തുറന്നു.ഒട്ടും മാറ്റമില്ല..പഴയ പോലെ തന്നെ..

“അമ്മായി…” അമ്മയെ കണ്ടപ്പോൾ അവൾ ഓടിവന്നു കെട്ടിപിടിച്ചു. “എവിടായിരുന്നു ന്റെ കുട്ട്യേ നീയ്..എത്ര അന്വേഷിച്ചുന്നറിയോ..വിളിക്കുവെങ്കിലും ചെയ്തുടെ നിനക്ക്..ഉരുകി ഉരുകിയാ ഇവിടെ എല്ലാരും കഴിഞ്ഞേ..നീ പോയതിന്റെ പിന്നാലെ ന്റെ ദേവനും..” പറഞ്ഞു മുഴുമിപ്പിക്കാതെ അമ്മ കരച്ചിലിനെ കൂട്ട്പിടിച്ചപ്പോൾ അപ്പച്ചി അമ്മയെ അകത്തുകൊണ്ട്പോയി. “ന്താണ് അനന്തനാരായണൻ മാഷേ..സുഖല്ലേ..” “ഗൗരി..നീ.. ദേവൻ.. അറിഞ്ഞിരുന്നോ..?” “മ്മ്മ്..” “എന്നിട്ട് വരാൻ തോന്നീലല്ലോ നിനക്ക്..ഗൗരി ഏച്ചിന്ന് വച്ചാൽ ജീവനായിരുന്നില്ലേ അവന്..അവസാനായി ഒന്ന് കാണാൻ പോലും വന്നില്ലല്ലോ..”

“അല്ല..മാഷ് കല്യാണൊന്നും കഴിച്ചില്ലേ..വയസ്സ് പത്ത്-മുപ്പത് ആയല്ലോ..” ഞാൻ പറഞ്ഞതൊന്നും കാര്യമക്കാതെ അവൾ പറഞ്ഞപ്പോൾ ദേഷ്യം ഇരച്ചു കയറി. “ഗൗരി..ന്റെ ക്ഷമ പരീക്ഷിക്കരുത്..എവിടായിരുന്നു നീ ഇത്ര കാലം..ഇങ്ങനെ തീ തീറ്റിക്കാൻ ഞങ്ങളൊക്കെ ന്ത്‌ തെറ്റാ ചെയ്തെ നിന്നോട്?”

“അതൊന്നും അനന്തേട്ടൻ അറിയണ്ട..” “അറിയണം..അല്ലാതെ തോന്നുമ്പോ വന്നു താമസിക്കാൻ ഇവിടെ പറ്റില്ല” “എങ്കിൽ പൊയ്ക്കോളാം ഞാൻ..ഇവിടെ നിക്കണില്ല..” അവൾ വാശിയോടെ പറഞ്ഞു തീരുന്നതിന് മുന്നേ എന്റെ കൈ അവളുടെ കവിളിൽ പതിച്ചിരുന്നു. “അന..ന്തേട്ടാ..” ഒരു തേങ്ങലോടെ അവൾ എന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. “ചെയ്യിച്ചതല്ലേ നീ..പറ ഗൗരി..ന്തിനാ ഞങ്ങളെ വിട്ട് പോയെ..” ഒരു പൊട്ടികരച്ചിലോടെ അവൾ എന്റെ നെഞ്ചിലേക്ക് വീണു. “നമുക്ക് കുളപ്പടവിൽ പോകാം അനന്തേട്ടാ..” കരച്ചിലിനിടയിൽ അവൾ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. അവളെ ചേർത്ത് പിടിച്ചു നടക്കുമ്പോൾ നേർത്ത ഏങ്ങലുകൾ കേൾക്കാമായിരുന്നു. “അനന്തേട്ടാ..” കരച്ചിലൊന്നടങ്ങിയപ്പോൾ ഏറെ നേരത്തെ മൗനത്തിന് ശേഷം ഗൗരി തന്നെ സംസാരിച്ചു തുടങ്ങി.

“ഞാൻ പറഞ്ഞതല്ലേ ദേവനെ ശ്രദ്ധിക്കണംന്ന്..” കുളത്തിലേക്ക് നോക്കി ഓരോ അക്ഷരങ്ങൾ എണ്ണി പെറുക്കിയായിരുന്നു പറഞ്ഞത്. “അവൻ അങ്ങനങ്ങ് പോയിക്കളയുംന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചില്ലാടോ..കാര്യങ്ങൾ ഒക്കെ പറഞ്ഞതാ അവനോട്..ആ കൂട്ട് നിർത്തിയെന്നും പറഞ്ഞു..ന്റെ കുഞ്ഞനിയൻ അല്ലേ..മനസ്സിലായിക്കാണുംന്ന് ഞാൻ കരുതി..”

“അവനൊന്നും മനസിലായില്ല അനന്തേട്ടാ..മനസിലായിരുന്നെങ്കിൽ ഒരിക്കലും അവൻ എന്നെ..” “ഗൗരി……….” മുഖം പൊത്തികരഞ്ഞ അവളുടെ നേരെ അലറുകയായിരുന്നു. “എന്താ……ന്താ നീ പറഞ്ഞേ…” “ഞാൻ ഇനി ന്താ പറയണ്ടേ..അവൻ കാരണാ ഞാൻ ഈ നാടും വീടും നിങ്ങളെയും ഒക്കെ ഉപേക്ഷിച്ചു പോയത്..ആരെയും ഒന്നും അറിയിക്കാതിരിക്കാൻ..അമ്മാവൻ പോയേ പിന്നെ നിങ്ങൾ ജീവിച്ചത് എങ്ങനാണെന്ന് നിക്ക് നന്നായിട്ടറിയാം..

അന്ന് ദേവൻ എന്നെ…” പറഞ്ഞു തുടങ്ങിയപ്പോൾ അവൾ കണ്ണുകൾ അമർത്തി തുടച്ചു. “അതൊക്കെ നിങ്ങൾ അറിഞ്ഞാൽ സഹിക്കാൻ പറ്റില്ലാന്ന് അറിയുന്നതോണ്ടാ എല്ലാം സഹിച്ചുനിന്നത്..” ഏറെ നേരം ചെവി കൊട്ടിയടച്ച പോലെയായിരുന്നു.കേട്ടത് ഒരിക്കലും സത്യമായിരിക്കല്ലേയെന്ന് ആഗ്രഹിച്ചു..”ന്റെ ദേവൻ..” കൈവള്ളയിലേക്ക് മുഖം പൂഴ്ത്തിയിരുന്നു.ഒരുപാട് സമയത്തിന് ശേഷം ഗൗരി തോളിൽ കൈ അമർത്തിയപ്പോഴാണ് കരയുകയായിരുന്നെന്ന് മനസ്സിലായത്. “ഇതോണ്ടാ..നിങ്ങളെ ഇങ്ങനെ വിഷമിച്ചു കാണാൻ പറ്റാത്തോണ്ടാ ഞാൻ…” പറഞ്ഞു തീർക്കാതെ അവൾ ഏങ്ങലടിച്ചു കരഞ്ഞു.

ന്റെ പെണ്ണ്..ന്റെ അനിയൻ കാരണം ജീവിതം നശിക്കപ്പെട്ടു..ഓർക്കുന്തോറും തലപെരുത്തു വന്നു. “അമ്മായിക്ക് കാലിന് വയ്യാതെ അമ്മയെയും കൂട്ടി ഹോസ്പിറ്റലിൽ പോയത് ഓർക്കണുണ്ടോ അനന്തേട്ടൻ..ന്റെ എക്സാം കഴിഞ്ഞുള്ള വെക്കേഷൻ ടൈമിൽ..അവിടെ ഒന്നും ഉണ്ടാക്കിട്ടില്ലാന്ന് അമ്മായി പറഞ്ഞതോണ്ട് ദേവന് ഉച്ചക്കുള്ള ഭക്ഷണം കൊടുക്കാൻ പോയതാ ഞാൻ..പക്ഷേ അന്ന്..ആ പത്തൊമ്പത്കാരന്റെ കൈകരുത്തിന് മുന്നിൽ പൊരുതി നിൽക്കാനൊന്നും എന്നെ കൊണ്ട് പറ്റീല അനന്തേട്ടാ..” ദൂരെയെങ്ങോട്ടോ നോക്കി നിറഞ്ഞോഴുകിയ കണ്ണുകൾ തുടക്കാൻ പോലും കൂട്ടാക്കാതെ പറയുന്ന ഗൗരിയെ കണ്ടപ്പോൾ നെഞ്ച് പിടഞ്ഞു. “അന്ന് രാത്രി അവൻ ന്റടുത്ത് വന്നിരുന്നു..അറിയാതെ ലഹരിടെ പുറത്തു പറ്റി പോയതാണെന്ന് പറഞ്ഞു ഒരുപാട് കരഞ്ഞു.

അതിന് ശേഷം ഞാൻ മിണ്ടാതിരിക്കാൻ ശ്രമിച്ചതാ എല്ലാരോടും..പക്ഷേ അനന്തേട്ടൻ വന്നു പ്രശ്നം എന്താന്ന് ചോദിക്കുമ്പോഴേക്കും ന്റെ മനസ് കൈവിട്ടു പോകും..എല്ലാം അനന്തേട്ടനോട്‌ തുറന്നു പറഞ്ഞു പോകുംന്ന് പേടിച്ചാ എല്ലാം ഇട്ടെറിഞ്ഞു പോയത്…മരിക്കാൻ പേടിയായിട്ടാ..ഒരുപാട് തവണ ശ്രമിച്ചതാ..അതിനുപോലും പറ്റീല നിക്ക്..”അവൾ പറയുന്നത് കേട്ടതല്ലാതെ ആശ്വാസിപ്പിക്കാനോ ഒന്നും തിരിച്ചു പറയാനോ കഴിഞ്ഞില്ല..’ചെയ്തു പോയ തെറ്റിന് മാപ്പ്’ ദേവന്റെ അവസാനവാക്കിന്റെ പൊരുൾ മനസിലായിക്കുകയായിരുന്നു അപ്പോൾ..

“അനന്തേട്ടാ..അമ്മയും അമ്മായിയും ഒന്നും അറിയണ്ട..അവർക്ക് താങ്ങാൻ പറ്റില്ല..അറിഞ്ഞാൽ ഞാൻ ഇത്ര കാലം മാറി നിന്നത് വെറുതെയാവും..”

“എങ്ങനെയാ ഗൗരി നിനക്കിങ്ങനെ പറയാൻ പറ്റണെ..ദേഷ്യം തോന്നണില്ലേ അവനോട്..?” “ദേഷ്യല്ല അനന്തേട്ടാ..സഹതാപം ആണ്..ലഹരിക്കടിമപ്പെട്ട് സ്വന്തം ജീവിതവും മറ്റുള്ളവരുടെ ജീവിതവും നശിപ്പിക്കുന്ന അവനെപോലുള്ളവരോട് സഹതാപം മാത്രം.. മനസ്സ് ശാന്തമാക്കിയാ ഇങ്ങോട്ട് വന്നത്…

ഇതുവരെ അടക്കിവച്ചതെല്ലാം ഒരാളോട് തുറന്നു പറഞ്ഞപ്പോ ഇത്തിരികൂടെ സമാധാനം കിട്ടി..” കണ്ണുകൾ തുടച്ചു നേർത്ത ചിരിയോടെ അവൾ എന്നെ നോക്കിയപ്പോൾ അവളെ ചേർത്തുപിടിച്ചു നെറ്റിയിൽ ചുംബിച്ചു.

“വേണ്ട അനന്തേട്ടാ..എന്നെ അനന്തേട്ടൻ മറക്കണം..പഴയ പോലെയൊന്നും നിക്കെനി പറ്റില്ല..അനന്തേട്ടന്റെ അനിയൻ ആണെങ്കിൽ പോലും അവൻ ചവച്ചു തുപ്പിയ വേസ്റ്റ് ആ ഞാൻ..”ഇടയ്ക്കിടെ നിറയുന്ന കണ്ണുകൾ ഇറുക്കി അടച്ചുകൊണ്ടവൾ പറഞ്ഞു. “ഞാൻ നിന്നെ സ്നേഹിച്ചത് പെട്ടെന്നൊരുനാൾ മറക്കാൻ ആണോ ഗൗരി..ഈ ശരീരത്തിനെക്കാൾ ഞാൻ സ്നേഹിച്ചത് നിന്റെ മനസിനെയല്ലേ..ഓർമ വച്ച കാലം മുതൽ മനസ്സിൽ കൊണ്ട് നടക്കണതല്ലേ ഞാൻ… നിനക്ക് എന്നെ മറക്കാൻ പറ്റ്വോ ഗൗരി..ന്റെ കണ്ണിലേക്കു നോക്കി നീ പറ..ഞാനില്ലാതെ നിനക്ക് ജീവിക്കാൻ പറ്റുംന്ന്..”

തലകുമ്പിട്ടു നിന്നതല്ലാതെ ഒരക്ഷരം പോലും അവൾ മിണ്ടിയില്ല.. “നീ അങ്ങനെ പറഞ്ഞാൽ പിന്നെ നിന്റെ മുന്നിൽ വരില്ല ഞാൻ..പക്ഷേ നിന്നെ ഓർക്കാൻ എനിക്ക് നിന്റെ അനുവാദം വേണ്ടല്ലോ ഗൗരി..നീ അല്ലാതെ മറ്റൊരു പെണ്ണ് ഈ അനന്തന്റെ ജീവിതത്തിലുണ്ടാകില്ല..” പിന്നീടോന്നും ആലോചിക്കാതെ അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞപ്പോൾ ഞാൻ പൊതിഞ്ഞുപിടിച്ചു.. ഇനിയൊരിക്കലും ആർക്കും..ഒന്നിനും വിട്ടുകൊടുക്കില്ല പെണ്ണേ..ന്റെ പഴയ ഗൗരികുട്ടിയായി വേണം എനിക്ക് നിന്നെ..മരണം വന്നു വിളിക്കുന്ന വരെയും ഞാൻ നിന്റെ കൂടെയുണ്ടാകും.. അപ്പോൾ ആ പെണ്ണിന്റെ മനസും മന്ത്രിക്കുന്നുണ്ടായിരുന്നു..അനന്തേട്ടൻ ന്റെയാ..ന്റെ മാത്രം… ലൈക്ക് ചെയ്‌തു അഭിപ്രായങ്ങൾ അറിയിക്കൂ, സ്വന്തം ചെറുകഥ ഈ പേജിൽ ചേർക്കാൻ പേജിലേക്ക് മെസേജ് അയക്കുക….

രചന: അക്ഷര മോഹൻ

Leave a Reply

Your email address will not be published. Required fields are marked *