സുന്ദരിയല്ലേ, കഴിഞ്ഞ തവണത്തെക്കാൾ ലേശം വണ്ണം വെച്ചിട്ടുണ്ടോന്നൊരു തോന്നൽ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മുരളി. ആർ.

“ഹരിയേട്ടാ.. എന്താ ഒന്നും മിണ്ടാത്തെ..? എന്തെങ്കിലും ഒന്നു പറ. ഏട്ടാ, ഇപ്പൊ എന്നെ കാണാനെങ്ങനുണ്ട്..? കൊള്ളാവോന്നേ..?” അതുവരെ അമ്പല കുളത്തിലേക്ക് നോക്കി ഇരിക്കുന്ന ഹരിയേട്ടനോട് ഞാൻ നാണത്തോടെ ചോദിക്കുമ്പോൾ ഒരു ചെറു പുഞ്ചിരിയോടെ..

“പറയാൻ എന്തിരിക്കുന്നു.. നീ സുന്ദരിയല്ലേ..? എന്റെ സുന്ദരി. പിന്നെ, കഴിഞ്ഞ തവണത്തെക്കാൾ ലേശം വണ്ണം വെച്ചിട്ടുണ്ടോന്നൊരു തോന്നൽ.”

“ആണോ.. ശോ, പോ.. എനിക്ക് നാണം വരുന്നു.”

“അത് കൊള്ളാം. നീയല്ലേ ഇപ്പോ എന്നോട് ചോദിച്ചത്. ഞാൻ പറഞ്ഞതാണോ കുറ്റം. എന്നാ ഞാനൊന്നും പറയുന്നില്ല, ഞാൻ പോവാ..” ചെറിയ ദേഷ്യത്തോടെ ഹരിയേട്ടൻ പറഞ്ഞിട്ട് പോകാൻ ഒരുങ്ങുമ്പോൾ ഞാൻ സങ്കടത്തോടെ പറഞ്ഞു.

“വേണ്ട, ഹരിയേട്ടൻ പോവണ്ട. ഞാനൊന്നും പറയില്ല. ഏട്ടൻ പറഞ്ഞോ..” ഞാൻ അത് പറയുമ്പോൾ എന്റെ തോളിലേക്ക് ആരോ കൈവെച്ചതായി അനുഭവപ്പെട്ടു. ഞാൻ ഞെട്ടലോടെ തിരിഞ്ഞു നോക്കിയതും..

“മോളെ.. നീയെന്താ ഇവിടെ ഒറ്റക്ക് ഇരിക്കുന്നെ..? അമ്മ അന്വേഷിക്കുന്നുണ്ട്ട്ടോ..” അൽപ്പം മുമ്പ് കണ്ട ആ അപരിചിതയായ സ്ത്രീ എന്നോട് അത് പറയുമ്പോൾ അതുവരെ എന്റെ അടുത്തിരുന്ന ഹരിയേട്ടൻ എവിടേക്കോ അപ്രതീക്ഷിതമായി മറഞ്ഞിരുന്നു. എന്റെ കണ്ണുകൾ ഹരിയേട്ടന് വേണ്ടി ചുറ്റും പരിഭ്രാന്തിയോടെ വേഗത്തിൽ ഓടി. അതുവരെ ഞാൻ ഇരുന്നത് ആ അമ്പലക്കുളത്തിലെ നടയിൽ ആയിരുന്നില്ല. ഇപ്പോൾ എനിക്ക് മുന്നിൽ വിശാലമായ കായൽ മാത്രം. ദൂരെ നിന്നും വരുന്ന ഉപ്പുകാറ്റിന്റെ ആ ചെറിയ തിരകൾ കടവിലെ കൽതിട്ടയിൽ ആഞ്ഞടിച്ചു എന്നെ ശബ്ദം കേൾപ്പിച്ചു. പെട്ടെന്ന് എനിക്കുള്ളിൽ അനുഭവപ്പെട്ട ആ ദീർഘശ്വാസം കണ്ടതും ആ സ്ത്രീ എന്റെ തലയിൽ മെല്ലെ തലോടി. എന്നെ കൈപിടിച്ച് പതിയെ എഴുന്നേൽപ്പിച്ചു. അവരോട് ഒപ്പം എന്നെയറിയാതെ ഞാനും നടന്നു. ഈ നിമിഷം എന്റെ കണ്ണുകൾ ഹരിയേട്ടനെ മാത്രം തിരയുന്നുണ്ടായിരുന്നു.

“ന്റെ കൃഷ്‌ണാ.. ന്റെ കുട്ടിയെ ഞാൻ എവിടൊക്കെ തിരഞ്ഞു. ന്റെ കണ്ണ് തെറ്റിയാൽ അപ്പൊ പോകും. മോളെ നീ എവിടായിരുന്നെടി.” ഓടി കിതച്ചു വന്ന എന്റെ അമ്മ പെട്ടെന്നെന്റെ കൈയ്യിലേക്ക് മുറുക്കെ പിടിച്ചു. മറുപടി പറയാനാവാതെ ഞാൻ നിസ്സഹായയായി നിൽക്കുമ്പോൾ, എന്റെ നെറ്റിയെ വേഗത്തിൽ തുടച്ചെടുത്തിട്ട് അമ്മ ഭസ്മം തൊടീച്ചു.

“ന്റെ ഭഗവാനെ.. ന്റെ കുഞ്ഞിന് ഒന്നും വരുത്തരുതേ.. സിസ്റ്ററെ, ഇവളെവിടെയായിരുന്നു..?”

എന്നെ മുന്നിൽ നിർത്തി കൊണ്ടു അമ്മ ആ സ്ത്രീയോട് ചോദിച്ചു.

“ആ കടവിലവിടെ ഒറ്റക്ക് ഇരിക്കുവായിരുന്നു. ദൂരെ ആ കായലിനെയും നോക്കി. ആട്ടെ, മോൾക്കെന്താ പറ്റിയെ..?”

“അത് പിന്നെ.. ഒരുത്തൻ.. ഒരുത്തൻ ചതിച്ചതാ..”

മനസ്സില്ലാമനസ്സോടെ അമ്മ അത് ആ സ്ത്രീയോട് പറഞ്ഞു. അത് കേൾക്കാൻ കൂട്ടാക്കാതെ അവർക്ക് ഇടയിൽ നിന്നും ഞാൻ മുന്നോട്ട് നടക്കാൻ ശ്രമിച്ചു. എന്റെ കൈയ്യിൽ അമ്മ മുറുക്കെ പിടിച്ചിരുന്നതിനെയും തട്ടിമാറ്റി ഞാൻ വേഗത്തിൽ നടന്നു. ഞങ്ങളുടെ മുറിയിലേക്ക് കയറിയതും ഞാൻ ആ വാതിൽ വീശി അടച്ചു. കട്ടിലിലേക്ക് ഇരിക്കുമ്പോൾ അമ്മ ആ സ്ത്രീയോട് പറഞ്ഞത് എന്റെ ചെവിയിൽ മുഴങ്ങി കേട്ടുകൊണ്ടേ ഇരുന്നു.

“ഒരുത്തൻ ചതിച്ചതാ..!” അമ്മ ആ പറയുന്നത് എന്റെ ഹരിയേട്ടനെ കുറിച്ചാണ്. അതെ, എന്റെ ഹരിയേട്ടൻ എന്നെ ചതിക്കുവാ.. ആയിക്കോട്ടെ.. എന്നാലും, ഈ അമ്മ എല്ലാരോടും ഇതെന്തിനാ ഇങ്ങനെ പറഞ്ഞു നടക്കുന്നത്..? എനിക്ക് അറിയില്ല. ചില നേരത്ത് അമ്മയുടെ ആ വർത്തമാനം കേട്ടാൽ എനിക്ക് ദേഷ്യം വരും. ഹരിയേട്ടൻ എന്നെ ചതിക്കില്ല..! എനിക്കുറപ്പാ..!എനിക്ക് വിശ്വാസാ ഹരിയേട്ടനെ.. ഒരുപാടൊരുപാട്. എന്നെ ഹരിയേട്ടന് ജീവനാ.. എനിക്കും ഹരിയേട്ടനെയും ജീവനാ.. ഞങ്ങൾ ഒരുമിച്ചു ജീവിക്കും. ഞാൻ ഹരിയേട്ടന് വേണ്ടി കാത്തിരിക്കും. എന്നാൽ, ഇനിയും എത്രനാൾ ഞാൻ കാത്തിരിക്കും..? അങ്ങനെ ചോദിച്ചാൽ എനിക്ക് അറിയില്ല.

ആലോചിക്കാൻ പോയാൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ട്. അതിനൊക്കെ ഉത്തരങ്ങൾ ചോദിച്ചാൽ, അതും എനിക്ക് അറിയില്ല. എന്നാലും, ഹരിയേട്ടന് എന്നെ ജീവനാ.. എനിക്ക് അറിയാം. ഹരിയേട്ടൻ വരും.. ആ പെണ്ണിനെയും ഉപേക്ഷിച്ചു വരും. ഏതായാലും, ഞാൻ മനസ്സിലാക്കിയെടുത്തോളം അവൾ ഏട്ടനെ മനസ്സിലാക്കില്ല. എനിക്കത് ഉറപ്പാ.. എന്നെപ്പോലെ അവൾക്ക് ഒരിക്കലും ആവാനും കഴിയില്ല.

എനിക്ക് മുൻപിൽ വെച്ചിരുന്ന മൊബൈൽ ഫോൺ അപ്പോഴാണ് എന്റെ ശ്രദ്ധയിൽ പെട്ടത്. അതെടുത്തു ഞാൻ, അവസാനമായി ഹരിയേട്ടൻ അയച്ച വാട്ട്സാപ്പ് മെസ്സേജ് നോക്കി.

ഇരുവരും പുഞ്ചിരിയോടെ നിൽക്കുന്ന ഒരു കല്ല്യണ ഫോട്ടോ. ആ കല്ല്യണ മണ്ഡപത്തിൽ അവളോടൊപ്പം നില്ക്കുന്നത് എന്റെ ഹരിയേട്ടനാണ്. എനിക്കറിയാം, ഹരിയേട്ടൻ അഭിനയിക്കുവാ.. എനിക്ക് മുന്നിലല്ല.. അവളുടെ മുന്നിൽ. അത് എനിക്ക് മനസ്സിലാകും. എന്നാൽ, അത് അവൾക്കറിയില്ലല്ലൊ. മണ്ടിപ്പെണ്ണ്..! എന്റെ ഹരിയേട്ടൻ വരും. എനിക്ക് അറിയാം. ഞാൻ കാത്തിരിക്കും.

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ, നിങ്ങളുടെ സ്വന്തം രചനകൾ പേജിൽ ഉൾപ്പെടുത്താൻ പേജിലേക്ക് മെസേജ് അയക്കുക.

രചന: മുരളി. ആർ.

Leave a Reply

Your email address will not be published. Required fields are marked *