പാൽഗ്ലാസ്സുമായി മണിയറയിലേക്ക് ചെല്ലുമ്പോൾ കള്ളച്ചിരിയുമായി അവനവിടെ ഇരിപ്പുണ്ടായിരുന്നു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Divya Kashyap

ഇതിപ്പോ എത്ര നേരായി… ഈ മനുഷ്യൻ ഇതെവിടെ പോയി കിടക്കുന്നു… സമയം നാലാകുന്നു…. നാലരയുടെ ബസ് പിടിച്ചില്ലെങ്കിൽ പിന്നെ ആ കുഗ്രാമത്തിലേക്കു ഏഴിനേയുള്ളു ബസ്… MLA ആണെങ്കിൽ അങ്ങേരു വരാതെ വിളക്ക് കൈകൊണ്ടു തൊടില്ലത്രേ… MLA മാത്രമല്ല ഹെഡ്മാസ്റ്ററും ബാക്കി ടീച്ചേഴ്സും എല്ലാം… ഇത്രയൊക്കെ കാത്തിരുന്നു ചെയ്യിപ്പിക്കാൻ ഇയാളാരാ… ഈ സ്കൂളിന്റെ ഒരു രക്ഷാധികാരി അത്രയല്ലേയുള്ളു… ശ്രാവണിക്ക് ആകെ ദേഷ്യം വന്നു… ചോദിച്ചിട്ട് പോകാമെന്നു വെച്ചാൽ അവൾക്കാണ് പരിപാടിയുടെ നടത്തിപ്പ് ചുമതല….

സ്ഥലം ടൗണിലെ പ്രശസ്തമായ cbse സ്കൂൾ… പുതിയ ഓഡിറ്റോറിയത്തിന്റെ ഉത്ഘടനം ആണിന്ന്… MLA യുടെ സൗകര്യപ്രകാരം വൈകിട്ട് മൂന്ന് മണിക്ക് ആണ് നിലവിളക്കു കൊളുത്തൽ നിശ്ചയിച്ചിരുന്നത്…. MLA സമയത്തു തന്നെ വന്നു… എന്നിട്ടും രക്ഷാധികാരിയായ പുതുപ്പണക്കാരൻ ഇതുവരെ എത്തിയിട്ടില്ല… ശ്രാവണി പറഞ്ഞു കെട്ടിട്ടേയുള്ളു ആളെക്കുറിച്ച്… ഇതുവരെ കണ്ടിട്ടില്ല.. അവൾ ഈ വർഷം പുതുതായി ജോയിൻ ചെയ്തതാണ്…

വീട്ടിൽ നിന്നു രണ്ടുമണിക്കൂർ കൂടുതൽ യാത്രയുണ്ട് ഇവിടേക്ക്… എന്നിട്ടും വരുന്നത് മറ്റു സ്‌കൂളുകളെ അപേക്ഷിച്ചു സാമാന്യം നല്ല സാലറി ഉള്ളത് കൊണ്ടാണ്…

അച്ഛനും അമ്മയും ചേച്ചി ശ്രുതിയും പിന്നെ ശ്രാവണിയും അടങ്ങുന്നതാണ് അവളുടെ കുടുംബം…. ചേച്ചിയുടെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസമായി… ചേച്ചി ലാബ് ടെക്‌നിഷ്യൻ കോഴ്സ് കഴിഞ്ഞതായിരുന്നു…ഒരു പ്രൈവറ്റ് ലാബിൽ ജോലിയുമുണ്ടായിരുന്നു. ചേച്ചിയും ശ്രാവണിയും ചേർന്നാണ് രണ്ടു മുറിയും അടുക്കളയുമായി ഒരു വീട് തല്ലിക്കൂട്ടിയത്.. അതിന്റെ ലോൺ നിലനിൽക്കെയായിരുന്നു ചേച്ചിയുടെ വിവാഹം… അപ്പൊ പിന്നെ ചേച്ചിയുടെ വരുമാനം നിലച്ചു… ഇതിപ്പോ അവളും അമ്മയും ചേർന്ന് ഒരു വിധത്തിലാണ് കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നത്… അമ്മക്ക് വീടിനടുത്തു തന്നെ ഒരു അച്ചാർ കമ്പനിയിൽ പാക്കിങ് ജോലിയുണ്ട്…. അച്ഛന് വീട്ടുകാര്യങ്ങൾ യാതൊന്നും അറിയേണ്ടതില്ല… എവിടുന്നെങ്കിലും ആരെയെങ്കിലും പറ്റിച്ചു കുറച്ചു മോന്തണം.. കിടന്നുറങ്ങണം… ഹൗസിങ് ലോൺ കൂടാതെ ചേച്ചിയുടെ കല്യാണത്തിന്റെ ചെറിയ കടവും എല്ലാം കൂടി നട്ടം തിരിയുകയാണ് ശ്രാവണി…..

“ദേ…. വേദാന്ത്‌ സാർ വന്നു…” ആരോ വിളിച്ചു പറയുന്നത് കേട്ടാണ് അവൾ ഓർമയിൽ നിന്നുണർന്നത്…

“ഓ… ഇതാരുന്നോ ആ മഹാൻ… “അവൾ മനസിലോർത്തു…

അപ്പോഴേക്കും സംസാരിച്ചു കൊണ്ടിരുന്ന വിലകൂടിയ ഐ ഫോൺ കുർത്തയുടെ പോക്കറ്റിലേക്കിട്ട് ഉടുത്തിരുന്ന മുണ്ടിന്റെ ഒരറ്റം ഉയർത്തിപ്പിടിച്ചു അവൻ ഓഡിറ്റോറിയത്തിലെ പ്ലാറ്റ്ഫോമിലേക്ക് കയറി… MLA യുടെ പുറകിൽ ചെന്ന് നിന്നു കൊണ്ട് നിറചിരിയോടെ എന്തോ പറയുന്നതും MLA കയ്യോങ്ങി കൊണ്ട് തല്ലാൻ ചെല്ലുന്നതും അല്പം ഈർഷ്യയോടെയാണ് ശ്രാവണി നോക്കി നിന്നത്. …

“വേണിടീച്ചറെ… സ്വാഗതം പറ….” അന്നമ്മ ടീച്ചർ വിളിച്ചപ്പോഴാണ് ശ്രാവണി വേദാന്തിനു സ്വാഗതം പറഞ്ഞില്ലല്ലോ എന്നോർത്തത്….സ്കൂളിൽ എല്ലാവർക്കും അവൾ വേണി ടീച്ചർ ആണ്….

ഒരു ഞെട്ടലോടെയവൾ അവനെ നോക്കിയപ്പോൾ കുറുമ്പ് കലർന്ന കണ്ണുകളോടെ അവൻ അവളെ നോക്കുകയായിരുന്നു….

പരിപാടി കഴിഞ്ഞപ്പോൾ അഞ്ചര കഴിഞ്ഞു… ഇനി വല്ല ജീപ്പുമേ കിട്ടൂ വീട്ടിലേക്കു പോകാൻ… ഹെഡ്മാസ്റ്റർ ആരൊക്കെയോ ആയി പൊരിഞ്ഞ സംസാരത്തിലായിരുന്നു…

അന്നമ്മ ടീച്ചറോടു ചോദിച്ചിട്ട് പോകാമെന്നു കരുതി നോക്കിയപ്പോഴാണ് എതിർവശത്തെ വരാന്തയിലൂടെ ടീച്ചർ നടന്നു നീങ്ങുന്നത് കണ്ടത്… അടുത്തെത്തി കാര്യം ചോദിക്കുമ്പോഴേക്കും എവിടെ നിന്നോ വേദാന്തും എത്തി അവിടെ….

“അല്ല അന്നമ്മ ടീച്ചറെ… ഇങ്ങനൊക്കെ അങ്ങ് പോയാൽ മതിയോ…. അങ്ങ് മെലിഞ്ഞു പോയല്ലോ….” ടീച്ചറുടെ തോളിൽ തട്ടി വേദാന്ത്‌ പറയുന്നത് കേട്ടു വേണിക്ക് ശർദിക്കാൻ വന്നു…. പോരാത്തതിനു അന്നമ്മ ടീച്ചറുടെ ഒരു കുഴഞ്ഞ ചിരിയും….

“സാരിയൊക്കെ നേരെയിട് ടീച്ചറെ…” അവൻ ടീച്ചറുടെ സാരിതുമ്പെടുത്തു കയ്യിൽ കൊടുത്തു….

“ഒന്ന് പോ എന്റെ വേദു…” ടീച്ചർ അവന്റെ കവിളിൽ പിച്ചി…

അതും കൂടി കണ്ടതും ശ്രാവണി ചോദിക്കാൻ വന്ന കാര്യം ചോദിക്കാതെ തിരിഞ്ഞു നടന്നു..

“ഹോ.. വഷളൻ…. അത് പോട്ടെ ഈ പെണ്ണുമ്പിള്ളക്ക് നാണമില്ലേ.. വയസ്സ് നാല്പത്തഞ്ചു എങ്കിലും കാണും… കാച്ചില് കൊഴയണ പോലല്ലേ നിന്നു അങ്ങേരുമായി കുഴയുന്നത്….”

“അല്ല പുതിയ ടീച്ചർക്കെന്താ ഇത്ര ദേഷ്യം?” പുറകിൽ നിന്നു വേദാന്ത് വിളിച്ചു ചോദിക്കുന്നത് കേട്ടു അവളൊന്നു തിരിഞ്ഞു നോക്കി… മീശ പിരിച്ചു താടിയുഴിഞ്ഞു കൊണ്ട് നിൽക്കുന്ന അവനെ കണ്ടു അവൾക്കു പിന്നെയും കലി കയറി….

………………….❣️

ദിവസങ്ങൾ കഴിഞ്ഞു…. ഒരു ദിവസം രാവിലെ ബസ് സ്റ്റോപ്പിൽ നിന്നു സ്‌കൂളിലേക്ക് ആഞ്ഞു വലിച്ചു നടക്കുകയായിരുന്നു അവൾ …. അപ്പോഴാണ് അമ്മയ്ക്കുള്ള മരുന്ന് വാങ്ങുന്ന കാര്യം ഓർത്തത്… വൈകിട്ട് മേടിക്കൽ നടക്കില്ല…ശ്രാവണി വേഗം അടുത്ത് കണ്ട മെഡിക്കൽ ഷോപ്പിലേക്കു കയറി.. ബാഗിൽ നിന്നു ചീട്ടെടുത്ത് വെക്കുമ്പോഴാണ് തൊട്ടടുത്തു നിന്ന വേദാന്ത് അവളെ കണ്ടത്….

“ആഹ്…. ഇതാര് കോണി ടീച്ചറോ…?” അവൾ രൂക്ഷമായി അവനെയൊന്നു നോക്കി.. “യ്യോ.. ഉണ്ടക്കണ്ണ് ഉരുട്ടണ്ട… ഇങ്ങനെ തോട്ടിക്കോൽ പോലെ ഇരിക്കുന്ന കണ്ടു പറഞ്ഞതാ…” അവൾ അവനെ നോക്കാതെ മരുന്നും വാങ്ങി തിരിച്ചിറങ്ങി …. അപ്പോൾ തന്നെ അവൻ അവളെ മറികടന്നു നടന്നു പോയി റോഡ് സൈഡിൽ പാർക് ചെയ്തിട്ടിരുന്ന അവന്റെ ഔഡി കാറിലേക്ക് കയറി….

ശ്രാവണി അടുത്തെത്തിയതും അവൻ കാറിൽ നിന്നും തല വെളിയിലെക്കിട്ട് പറഞ്ഞു… “ഇച്ചിരി വണ്ണം ഉള്ളവരെയൊക്കെയാണ് ടീച്ചറെ ആണുങ്ങൾക്ക് ഇഷ്ടം…. ഇതിപ്പോ ഒന്ന് ചുറ്റി പിടിക്കാൻ പോലുമില്ലല്ലോ…” കൂളിംഗ് ഗ്ലാസ്സെടുത്തു കണ്ണിൽ വെച്ചു കൊണ്ട് ഒരു വഷളൻ ചിരിയോടെ അവൻ അവളെ ആകെയൊന്നു നോക്കി …

കത്തുന്ന മിഴികളോടെ ശ്രാവണി അവനെ നോക്കി… എന്തോ പറയുവാനാഞ്ഞെങ്കിലും വേണ്ടെന്നു വെച്ചു അവൾ മുന്നോട്ട് നടന്നു….

“അപ്പൊ എങ്ങനാ… നമുക്കൊന്ന് കാണണ്ടേ…” പുറകിൽ നിന്നു ഉച്ചത്തിൽ വിളിച്ചു ചോദിച്ച അവനെ നോക്കി അവൾ നല്ല ഒരു ആട്ട് കൊടുത്തു… ചിരി കടിച്ചമർത്തി കൊണ്ട് അവൻ കാർ സ്റ്റാർട്ട് ചെയ്തു…

…………………………….❣️

പിന്നീടുള്ള മിക്ക ദിവസങ്ങളിലും സ്‌കൂളിലേക്കുള്ള വഴിയിൽ എവിടെങ്കിലും വേദാന്ത്‌ ഉണ്ടാകുമായിരുന്നു…. കോണി ടീച്ചറെ എന്ന വിളിയിലൂടെ എന്തെങ്കിലുമൊക്കെ പറഞ്ഞു അവളെചൊടിപ്പിച്ചു കൊണ്ടിരുന്നു അവൻ…..

ഒരു ദിവസം അവൾ സ്കൂളിൽ നിന്നു ഉച്ചക്ക് പോന്നു… അപ്പോഴാണ് സ്കൂളിൽ പാർട് ടൈമായി ക്‌ളീനിംഗ് ജോലിക്ക് വരുന്ന സുശീല ചേച്ചി റേഷൻ കടയിൽ നിന്നു സാധനങ്ങളും മേടിച്ചു പുറത്തേക്കിറങ്ങുന്നത് കണ്ടത്… ആൾ തടിച്ചു വെളുത്ത ഒരു സുന്ദരിയൊക്കെയാണ്…ഭർത്താവ് മരിച്ചു പോയ സ്ത്രീ…മക്കളുമില്ല.. അവരെ കുറിച്ച് സ്റ്റാഫ് റൂമിൽ അത്ര നല്ല വർത്തമാനം ഒന്നുമല്ല പറഞ്ഞു കേൾക്കുന്നത്… അത് കൊണ്ട് ശ്രാവണി അവരെ അങ്ങനെ ശ്രദ്ധിക്കാറില്ല…

“അല്ല.. വേണി ടീച്ചർ ഇന്ന് നേരത്തെ പോകുവാണോ…” സുശീല ചിരിയോടെ ചോദിച്ചു..

“ഉം…” അവൾ അലസമായി മൂളി… എവിടെ നിന്നാണെന്നറിയില്ല വേദാന്ത്‌ ഒരു ബുള്ളറ്റിൽ വന്നു നിന്നു അവരുടെ അടുത്ത്….

ശ്രാവണിയെ ഒന്ന് നോക്കിയിട്ട് അവൻ സുശീലയെ നോക്കി ചോദിച്ചു….

“ആഹ് ഇതാര് സുശീലേച്ചിയോ…. വീട്ടിലേക്കാണോ… വാ കേറ് ഞാൻ കൊണ്ടാക്കാം….” “വലിയ ഉപകാരം വേദൂട്ടാ….” അവർ ആഞ്ഞു വലിഞ്ഞു ബുള്ളറ്റിലേക്കു കയറി…. “പിടിച്ചിരുന്നോ കേട്ടോ…. വീഴണ്ടാ” അവർ ഒരു കൈ കൊണ്ട് വേദാന്തിനെ ചുറ്റിപ്പിടിച്ചു ……..

ശ്രാവണിക്ക് അത്യധികം വെറുപ്പ് തോന്നി…. ഹോ….. അഴകൊഴമ്പൻ …. ഇജ്ജാതി സ്ത്രീകളുമായാണ് ചങ്ങാത്തം… “ടീച്ചറിവിടെ വെയിറ്റ് ചെയ്യുവാണെങ്കിൽ സുശീലച്ചേച്ചിയെ കൊണ്ടുചെന്ന് വിട്ടിട്ട് ഞാൻ ടീച്ചറേയും കൊണ്ട് ചെന്ന് വിടാം കേട്ടോ… “വേദാന്തിന്റെ പറച്ചിൽ കേട്ടു ശ്രാവണി വെറുപ്പോടെ മുഖം തിരിച്ചു…..

……………………💦💦💦💦

അന്നൊരു ദിവസം ഹൗസിങ് ലോൺ ഇൻസ്റ്റാൾമെന്റ് അടക്കേണ്ട ലാസ്റ്റ് ഡേറ്റ് ആയിരുന്നു… ശ്രാവണി നോക്കിയിട്ട് ഒരു വഴിയും കണ്ടില്ല… ഇനിയും ആ ബാങ്ക് മാനേജർ അവധി തരില്ല… അല്ലെങ്കിൽ തന്നെ ഇനി അയാളുടെ മുൻപിലേക്കു പോകാനും വയ്യ….. അത്രക്ക് വൃത്തികെട്ടവൻ… ആകെ പോകുന്ന രണ്ടു സ്ഥലമാണ് ബാങ്കും സ്‌കൂളും.. ഒരിടത്ത് വേദാന്ത് എന്ന അഴകൊഴമ്പൻ… മറ്റെയിടത്ത് ബാങ്ക് മാനേജറും….

ഇന്ന് സ്കൂളിൽ ലീവ് പറഞ്ഞിരിക്കുകയാണ്… സ്‌കൂളിലേക്കാണെന്നും പറഞ്ഞു രാവിലെ ഇറങ്ങണം എന്നിട്ട് ഏതെങ്കിലും ജുവലറിയിൽ മാല വിറ്റിട്ട് ബാങ്കിൽ പണമടക്കണം… അമ്മയറിഞ്ഞാൽ സമ്മതിക്കില്ല… ആകെയുള്ള പൊന്നിന്റെ തരിയാണ് നൂല് പോലെയുള്ള ഈ മാലയും ഒരു മൊട്ടുകമ്മലും….ഇത് വിറ്റിട്ട് ഇത് പോലെ തന്നെയുള്ള ഒരു വരവിന്റെ മാല വാങ്ങിയിടണം.. അല്ലെങ്കിൽ അമ്മ പിടിക്കും അവളോർത്തു….

ടൗണിൽ ബസ് ഇറങ്ങി അവൾ സമാന്യം വലിയ ആ ജുവലറിയിലേക്ക് കയറി.. മാല വിറ്റ് പൈസയുമായി പുറത്തേക്കിറങ്ങുമ്പോഴാണ് വേദാന്ത് കാർ പാർക് ചെയ്തു കീ പോക്കറ്റിൽ ഇട്ടു കൊണ്ട് അകത്തേക്ക് കയറിയത്….

പുറത്തേക്കിറങ്ങിയ ശ്രാവണിയെ സംശയത്തോടെ ഇത്തിരി നേരം നോക്കി നിന്നിട്ട് അവൻ അകത്തേക്ക് കയറിപോയി … ബാങ്കിൽ പോയി പണമടച്ചു, അത് പോലെ തന്നെയുള്ള ഒരു വരവുമാല മേടിച്ചിട്ടു… ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോയി ഇത്തിരി സമയം ചെലവഴിച്ചിട്ട് പതിവുപോലെ നാലരയുടെ ബസിൽ കയറി അവൾ….

എന്നും വൈകിട്ട് ബസ് സ്റ്റോപ്പിന്റെ പരിസരത്ത് എന്തെങ്കിലും വഷളൻ വാർത്തമാനവുമായി വേദാന്ത് ഉണ്ടാവുന്നതാണ്…. ഇന്ന് കണ്ടില്ല ഭാഗ്യം… അത്‌ ഓർത്തപ്പോഴേക്കും കാർ പാസ്സ് ചെയ്യുന്നതവൾ കണ്ടു… അതിലിരുന്നു ബസിലേക്ക് എത്തി നോക്കുന്നതും…അവൾ മുഖം തിരിച്ചു കളഞ്ഞു… എന്നാലും അവൻ കണ്ടെന്നു അവൾക്കു മനസിലായി….

ആറരയായപ്പോൾ അവൾ അവളുടെ സ്റ്റോപ്പായ മാഞ്ചുവടു ബസ് സ്റ്റോപ്പിൽ ബസിറങ്ങി….. രണ്ടിടവഴി തിരിഞ്ഞു വേണം വീടെത്താൻ….. അവൾ ഇടവഴിയിലേക്ക് തിരിഞ്ഞു….. നേരം ഇരുട്ടുന്നു…. ഇടവഴിയുടെ ഒരു വശത്തു ഒരു വലിയ തോടാണ്….അതിന്റെ വശം മുഴുവൻ പൊന്തക്കാടാണ് …… തോടിനപ്പുറം ഒരു മഹാദേവക്ഷേത്രമുണ്ട്…. ക്ഷേത്രത്തിലെ ദീപം ഇരുട്ടത്ത് നന്നായി തെളിഞ്ഞു കാണാം… ഒരു നിമിഷം ശ്രാവണി അങ്ങോട്ട്‌ നോക്കി കണ്ണുകളടച്ചു നെഞ്ചിൽ വലം കൈ ചേർത്തു….

“ന്റെ മഹാദേവാ…… ഈ കഷ്ടപ്പാടിനൊക്കെ ഒരറുതി വരുത്തണേ….. ഒന്നും വേണ്ടാ….. കടമൊക്കെ ഒന്ന് തീർന്നു കിട്ടിയാൽ മതി….” കണ്ണു തുറന്നു അവ്യക്തമായ ആ ശിവലിംഗത്തെ ഒന്ന് കൂടി നോക്കിയിട്ട് അവൾ രണ്ടാമത്തെ വളവു തിരിഞ്ഞു…. ഇനി ഒരു വശം മുഴുവൻ ഞാവൽക്കാടാണ്…. പകൽ സമയം പോലും വലിയ വെളിച്ചമില്ലാത്ത സ്ഥലം…… രണ്ടാൾ വണ്ണമുള്ള ഒരു വലിയ വരിക്ക പ്ലാവ് മറികടക്കുന്നതിനിടയിലാണ് അത്‌ സംഭവിച്ചത്……

പ്ലാവിന്റെ പുറകിൽ നിന്നു ആരോ കൈ നീട്ടി അവളുടെ മാല പൊട്ടിച്ചെടുത്തു…. ഒരു നിമിഷം വരവുമാല ആണെന്നോർക്കാതെ ശ്രാവണി ‘അയ്യോ എന്റെ മാല ‘എന്നും പറഞ്ഞു ആ കയ്യിൽ കയറി പിടിച്ചു….. അരണ്ട വെളിച്ചത്തിലേക്കു ഇറങ്ങി വന്ന ആളുടെ മുഖം കണ്ടു അവൾ വിറച്ചു പോയി…. !!!!വേദാന്ത്‌ !!!

ഒരു മരവിപ്പ് അവളുടെ ദേഹത്ത് കൂടി കടന്നു പോയി…. ഈ അസമയത്ത് ഇവനെ പോലുള്ള ഒരുത്തന്റെ മുന്നിൽ ഒറ്റക്ക്….. അവൾ പെട്ടെന്ന് അവനെ നോക്കാതെ മുന്നിലേക്ക്‌ ഓടാനൊരുങ്ങി ……

“അങ്ങനങ്ങു പോയാലോ….. മാല വേണ്ടേ…” അവൻ അവളുടെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചു തന്നോട് ചേർത്തു…..

“എ…. എന്നെയൊന്നും ചെയ്യരുത്….. ആ മാല താനെടുത്തോ……” അവൾ പരിഭ്രമത്തോടെ പറഞ്ഞു…….

“എനിക്ക് മാല വേണ്ട….. നിന്നെ മതി….. “വേദാന്ത്‌ തന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു…..

ശ്രാവണി അവന്റെ കയ്യിൽ കിടന്നു കുതറിക്കൊണ്ടിരുന്നു……. “ദയവു ചെയ്തു എന്നെ ഒന്നും ചെയ്യരുത്….. ഞാനൊരു പാവമാണ്……”

“എന്നിട്ടാണോ എന്നെ കാണുമ്പോഴൊക്കെ ഈ മൂക്ക് ചുവക്കുന്നതും …. വെറുപ്പ് കാണിക്കുന്നതും ….” അവൻ അവളുടെ കഴുത്തിലേക്കു മുഖമമർത്തി കൊണ്ട് ചോദിച്ചു….

അവൾക്ക് ദേഹം പൊള്ളുന്നത് പോലെ തോന്നി…. എവിടെ നിന്നോ ആർജിച്ച ഒരു ശക്തിയിൽ അവന്റെ കയ്യിലവൾ ആഞ്ഞു കടിച്ചു…..കടിയുടെ വേദനയിൽ അവന്റെ കയ്യയഞ്ഞതും അവൾ മുന്നിലേക്കോടി….. അവളുടെ സാരിത്തുമ്പിലായാണ് അവന് പിടുത്തം കിട്ടിയത്…..

“ഇവിടെ വാടി ചുണ്ടെലി….. എന്റെ കൈ കടിച്ചു മുറിച്ചിട്ട് അങ്ങനെയങ്ങു പോകാമെന്നു കരുതിയോ…..” പിടിവലിക്കിടയിൽ രണ്ടാളും കൂടി പ്ലാവിന്റെ വേരിൽ തട്ടി താഴെ വീണു…..

ശ്രാവണിയുടെ കണ്ണു നിറഞ്ഞൊഴുകി….. അവൾ കിടന്നുകൊണ്ടുതന്നെ അവന്റെ നേർക്കു കൈകൂപ്പി തൊഴുതു…..

“എന്നെയൊന്നും ചെയ്യല്ലേ…. ആകെയുള്ളത് കുറച്ചു മാനമാ….. അതും കൂടി ഇല്ലാതായാൽ…..” ബാക്കി പറയാതെ അവൾ കണ്ണുകൾ ഇറുക്കെ പൂട്ടി……

“യ്യേ …. വീരശൂരപരാക്രമി കരയുന്നോ…. നാണക്കേട്…..” അവൻ അടുത്ത് കിടന്നു കൊണ്ട് തന്നെ അവളുടെ കവിളിൽ തോണ്ടി….

“ഞാനൊന്നും ചെയ്യില്ല നിന്നെ….. ഒരു കാര്യം ചോദിക്കട്ടെ ….. അതിനു മറുപടി പറഞ്ഞാൽ വിട്ടയക്കാം…….” അവൻ കുറുമ്പോടെ അവളെ നോക്കി……

“എ… ന്താ…..?” അവളുടെ ശബ്ദം വിറച്ചു…..

“ഈ അരയിലെ അരഞ്ഞാണം വെള്ളിയോ…പൊന്നോ……???” ഇടുപ്പിൽ കൈ അമർത്തിക്കൊണ്ട് ചെവിയോരം വന്നു മന്ത്രണം പോലെ അവനത് ചോദിച്ചപ്പോൾ അവൾ ഇരുകയ്യും കൊണ്ട് ചെവികൾ പൊത്തി….

“പറ……. പറയെടി…….”

“വെ…….. വെള്ളി” അവൾ കണ്ണ് ഇറുക്കി അടച്ചുകൊണ്ട് പറഞ്ഞു…

അടക്കിപ്പിടിച്ച ചിരിയോടെ വേദാന്ത് എഴുന്നേറ്റു….. അല്പം കുനിഞ്ഞു അവളെയും പൊക്കിയെടുത്തു നേരെ നിർത്തി…..

“ദാ മാല…..” പോക്കറ്റിൽ നിന്നും മാലയെടുത്തു അവൻ അവൾക്കു നേരെ നീട്ടി…..

അവൾ കൈനീട്ടി അത്‌ വാങ്ങി…

“അതേയ്…. ഇത് വരവുമാല അല്ല കേട്ടോ….. നീ രാവിലെ ജുവലറിയിൽ വിറ്റ മാലയാ….. അതേ എന്റെ ജുവലറിയാ…… നീ പഠിപ്പിക്കുന്ന സ്‌കൂളും എന്റെയാ……. പിന്നെ അന്നമ്മ ടീച്ചർക്ക് ഇച്ചിരി ഇളക്കമുണ്ടെന്നേ ഉള്ളു….. പാവമാ…….. സുശീലേച്ചിയും പാവമാ….. ചിലരുടെയൊക്കെ ആഗ്രഹങ്ങൾ നടക്കാത്തത് കൊണ്ട് അവരൊക്കെ പറഞ്ഞുണ്ടാക്കുന്നതാ സുശീലേച്ചിയെ കുറിച്ച് ഓരോന്ന്…. ഒന്നും മനസ്സിൽ വെയ്ക്കണ്ടട്ടോ …… പൊയ്ക്കോ…..”

“എന്നാലും വല്ലാത്ത കടിയായി പോയി പെണ്ണേ നിന്റേത്….” അവൻ തന്റെ കൈ തിരിച്ചു ഊതി…..

അവൾ അവനെയും അവന്റെ കൈകളിലേക്കും ഒന്ന് പാളി നോക്കിയിട്ട് തിരിഞ്ഞു നടന്നു…..

“അതേ…. എന്റമ്മയെ നാളെത്തന്നെ ഞാനങ്ങോട്ട് അയക്കുന്നുണ്ട് കേട്ടോ…. വേഗം തന്നെ പോന്നേക്കണം എന്റടുത്തോട്ട്…… “പുറകിൽ നിന്നു അവൻ വിളിച്ചു പറയുന്നുണ്ടായിരുന്നു….

……………………….❣️ രണ്ടാഴ്ചക്കിപ്പുറം മഹാദേവന്റെ നടക്കൽ വെച്ചു അവന്റെ കൈകളാൽ താലി ചാർത്തപ്പെട്ടപ്പോഴും ആ വിരലുകളാൽ നെറുക ചുവക്കപ്പെട്ടപ്പോഴും ശ്രാവണിക്ക് ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല…

“നമ്മുടെ ശ്രീക്കുട്ടിയുടെ ഭാഗ്യം അല്ലേമ്മേ… “എന്ന് ശ്രുതി ചേച്ചി അമ്മയോട് പറയുന്നത് കേട്ടപ്പോഴും അവളോർത്തു…… ‘ഭാഗ്യമാണോ… അതോ പുതിയ പരീക്ഷണമോ….. അറിഞ്ഞതും കണ്ടതും കേട്ടതുമായ വേദാന്ത്‌ അത്ര നല്ലവനൊന്നുമല്ല….”

രാത്രിയിൽ വേദാന്തിന്റെ അമ്മ നൽകിയ പാൽഗ്ലാസ്സുമായി മണിയറയിലേക്ക് ചെല്ലുമ്പോൾ എന്നത്തേയും പോലത്തെ ആ കള്ളച്ചിരിയുമായി അവനവിടെ ഇരിപ്പുണ്ടായിരുന്നു ….

ഒതുങ്ങി മാറി നിന്ന അവളോട്‌ ‘നിനക്കിനിയും മാറിയില്ലേ എന്നോടുള്ള പേടി’എന്ന് ചോദിച്ചു കൊണ്ട് ചുറ്റിപ്പിടിച്ച അവനെ അവൾ അല്പം ഭയത്തോടെ തന്നെയാണ് നോക്കിയത്…….

“നീ പേടിക്കാതെടി…. ഞാനത്ര ആഭാസനൊന്നുമല്ല ….അന്ന് വെറുതെ നിന്നെയൊന്നു കുറുമ്പ് പിടിപ്പിക്കാൻ വേണ്ടി ചെയ്തതല്ലേ ആ പ്ലാവിൻചോട്ടിൽ….”എന്നും പറഞ്ഞുകൊണ്ട് അവളിലേക്കാഞ്ഞു വന്ന അവനെ അവൾ നെഞ്ചിൽ തള്ളി മാറ്റി….

കുസൃതിചിരിയോടെ അവളെ നോക്കിക്കൊണ്ട് വിരലുകൾ ആ അണിവയറിൽ പരതി കുർത്തയുടെ പോക്കറ്റിൽ നിന്നും ഒരു പൊന്നരഞ്ഞാണം എടുത്ത് ആ വയറിലേക്ക് ചുറ്റിച്ചിടുമ്പോൾ അവളുടെ കവിളുകളിൽ ചുവപ്പ് രാശി പടർന്നു… ആ കണ്ണുകളിലെ പ്രണയത്തിളക്കത്തിൽ അവനും പ്രണയാതുരനായി…….

നാണം കൊണ്ട് ചുവന്ന കവിളുകളോട് തന്റെ ചുണ്ടുകൾ ചേർത്ത് വെച്ച് “ഒരു ജുവലറിയുടമയുടെ ഭാര്യ പൊന്നരഞ്ഞാണമല്ലേ അണിയേണ്ടതെടി… അല്ലെങ്കിൽ അതിന്റെ ക്ഷീണം എനിക്കല്ലേ എന്ന് അവൻ പറയുന്നത് കേട്ടു അവൾ പൊട്ടിച്ചിരിച്ചുപോയി…………. ❣️

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ, നിങ്ങളുടെ സ്വന്തം രചനകൾ പേജിൽ ഉൾപ്പെടുത്താൻ പേജിലേക്ക് മെസേജ് അയക്കുക.

രചന: Divya Kashyap

Leave a Reply

Your email address will not be published. Required fields are marked *