ഒരു വാക്ക് പോലും ഉരിയാടാതെ ആ നെഞ്ചിലേക്ക് ചായുമ്പോൾ ഈ ലോകം മുഴുവൻ പിടിച്ചടക്കിയ പ്രതീതിയായിരുന്നു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം

രചന: Sumayya Farsana

“ആ ഭ്രാ ന്തിയുടെ വീട്ടിലേക്ക് കെട്ടികേറി പോകാമെന്ന് എന്റെ മോൾക്ക് വല്ല ആശയും ഉണ്ടേൽ ഈ നിമിഷം അത് കളഞ്ഞേരെ”

തന്റെ മുന്നിൽ വെളിച്ചപ്പാട് കണക്കെ ചട്ടുകവും പിടിച്ചു ഉറഞ്ഞുതുള്ളുന്ന അമ്മയുടെ നേർക്ക് വെറുതെ ഒന്ന് നോക്കി അവൾ തന്റെ ബാഗിലേക്ക് ചോരുപാത്രവും വെച്ചു വെളിയിലേക്കിറങ്ങി. ഉമ്മറത്തു മാലയിട്ട ആ ഫോട്ടോയിലേക്ക് ഒരു നിമിഷം നോക്കി നിശബ്ദമായി യാത്ര പറഞ്ഞു അവൾ ഇടവഴിയിലേക്ക് കടന്നു.

ഇന്നലെയും ഒരു പെണ്ണുകാണാൽ ഉണ്ടായിരുന്നു. സർക്കാർ ഉദ്യോഗമുള്ള യോഗ്യനായ ചെക്കനോട് നേരിട്ട് പറഞ്ഞു “ഓർമകൾ ഉറച്ച നാളുമുതൽ കൂടെയുള്ളവന് മാത്രമാണ് ഈ മനസും ശരീരവും എന്ന്.. മറ്റൊരാളെ അങ്ങിനെ കാണാനോ മറ്റൊരാളിലേക്ക് ചേരുവാനോ തനിക്കാവില്ല…”

തന്റെ തുറന്നു പറച്ചിലിൽ ആ ആലോചനയും ഒന്നുമവാതെ പടിയിറങ്ങി . അതിന്റെ മേളം മാത്രം ആണ് രാവിലെ കഴിഞ്ഞത്. ഇതിപ്പോൾ സ്ഥിരം ആയതുകൊണ്ട് തന്നെ മൗനം മാത്രമാണ് കൂട്ട്.

🌼🌼🌼🌼🌼🌼🌼🌼🌼🌼

വല്ലേടത്തു അരുൺ മാഷിന്റെ കൈയ്യിൽ തൂങ്ങി കളിപറഞ്ഞു പോകുന്ന പാവടക്കാരിയെ തെല്ലൊരു കുറുമ്പോടെയും പരിഭവത്തോടെയും നോക്കുന്ന ചെക്കൻ ഇന്നും ഈ വഴിയരികിലെവിടെയോ ഉണ്ടെന്നൊരു തോന്നൽ.

ഏറെ നാളത്തെ വിദേശ വാസത്തിന് ശേഷം നാട്ടിലെത്തിയ പാറയിൽ വിശ്വനാഥൻ എന്ന എന്റെ അച്ഛന് ഏറ്റവും സന്തോഷം നൽകിയത് ഇനി പ്രിയസൗഹൃദങ്ങളെ പിരിയേണ്ടല്ലോ എന്നത് തന്നെയായിരുന്നു. സൗഹൃദം ആ മനുഷ്യന്റെ ബലഹീനത തന്നെ ആയിരുന്നു അതുകൊണ്ട് തന്നെയാണല്ലോ സൗഹൃദം നടിച്ചു കൂടെ കൂടിയവർ തന്നെ അസ്ഥിവാരം തോണ്ടി പെടുന്നനെ തന്നെ ആ ഹൃദയത്തെ തകർത്തത്. അതിൽ പിന്നെ അനാഥരായ ഈ അമ്മക്കും താങ്ങായി നിന്നത് അരുൺ മാഷും ഭാര്യ ഗീത ടീച്ചറും ആണ്…

ഒരച്ഛന്റെ സ്നേഹവും കരുതലും തന്നു മാഷ് കൂടെ ചേർക്കുമ്പോൾ തന്റെ സ്നേഹത്തിനു അവകാശി വന്നത് സഹിക്കാതെ കൂർമ്മിച്ച നോട്ടവും ആയി ആ എഴുവയസുകാരനും അരികിലുണ്ടാവും….

ചിത്രഭാനു എന്ന ചിത്തേട്ടൻ ….എന്നും എന്നെ കാണുന്ന നിമിഷം ഗൗരവത്തിൽ ആകുന്ന ആ മുഖത്തു ഒരു ചിരിവിടരുക എന്നത് നീലക്കുറിഞ്ഞി പൂക്കുമ്പോലെ ആണ്. മാഷിന്റെ അരികെ ഞാൻ കൂടുന്ന നിമിഷം ആ മുഖം ഒന്നു കൂടെ മുറുകും…

കല്യാണം കഴിഞ്ഞാൽ നാട്ടിൽ നിന്നും വീട്ടിൽ നിന്നും ദൂരേക്ക് പോകേണ്ടി വരുമെന്ന് ഏതോ കുട്ടി ക്ലസ്സിൽ വന്നു പറഞ്ഞ നിമിഷം അമ്മയെ കാണാൻ പറ്റില്ലാലോ എന്നതിൽ കവിഞ്ഞു മാഷിനെ കാണാൻ ഒക്കുലല്ലോ എന്നു പറഞ്ഞു നിറഞ്ഞ കണ്ണുകൾ പിന്നീട് വലിയ വായിൽ ഉള്ള കരച്ചിലിൽ ആണ് അവസാനിച്ചത്.

” അങ്ങനെയാണേൽ നി എന്റെ ഭാനൂട്ടനെ കെട്ടിക്കോ പെണ്ണേ…അപ്പോൾ നിനെക്കെപ്പോഴും നിന്റെ മാഷിനെ കാണാല്ലോ?”

” സത്യം.” കണ്ണു വിടർത്തിയുള്ള ആ അഞ്ചാം കളാസുകാരിയെ അവളുടെ ഗീത ടീച്ചർ ചിരിയോടെ നോക്കി.

” പിന്നല്ലേ…അതു മാത്രം അല്ല അപ്പോൾ പിന്നെ മാഷ് നിനക്ക് അച്ഛനും ഞാൻ അമ്മയും ആകും…”

ആ പറഞ്ഞതിൽ അച്ഛൻ എന്ന വാക്ക് വല്ലാത്ത സന്തോഷം നൽകി. തലകുലുക്കി ചിരിച്ചു നിന്ന അവൾക്ക് പിന്നെ അവർ രണ്ടും മാഷച്ഛനും ഗീതമ്മയും ആയി.

പിന്നീടുള്ള അവളുടെ ശ്രേമം മുഴുവൻ തന്നെ കാണുമ്പോൾ മുറുകുന്ന ചിത്തേട്ടന്റെ മുഖത്ത് ഇഷ്ടം വിടരുന്നത് കാണാൻ ആണ്. ഓരോ തവണയും നിരാശയോടെ പിന്തിരിയുമ്പോഴും നാളെ മാറ്റമുണ്ടാകുമെന്നവൾ പിന്നെയും പിന്നെയും ആശിക്കും…

🌼🌼🌼🌼🌼🌼🌼🌼🌼🌼

ഇംഗ്ളീഷ് മീഡിയത്തിലെ വെളുത്തു പൊക്കമുള്ള ചേട്ടൻ തന്ന എഴുത്തുമായി മാഷഛന്റെ അരികിലെത്തി വിവരം പറയുമ്പോൾ ആദ്യമായി ആ മുഖത്ത് ദേഷ്യം അല്ലാതെ മറ്റേതോ ഭാവം നിറഞ്ഞു. പിറ്റേ ദിവസം ആ ചേട്ടൻ അരികെ വന്ന് ഇന്നലെ ചുമ്മാ പറഞ്ഞത് ആണെന്ന് പറയുമ്പോൾ അടുത്തുള്ള മരച്ചോട്ടിൽ കൂട്ടുകാരുടെ കൂടെ സൊറ പറഞ്ഞിരുന്ന ഒരു ചൊടിയിൽ വിരിഞ്ഞ പുഞ്ചിരി അവൾ കണ്ടില്ല.

പിന്നീട് തന്റെ മുന്നിലും പിന്നിലും ആയി ചിത്തേട്ടന്റെ കണ്ണുകൾ ഉണ്ടായിരുന്നു. തന്നോട് മിണ്ടാൻ വരുന്ന ആണ്കുട്ടികളെ കണ്ണുരുട്ടി പേടിപ്പിച്ചും ആരേലും പ്രേമം പറയാൻ വരുമ്പോൾ ചുമന്നു കയറിയ മുഖവുമായും ആ മിഴികളും ആളും അരികിൽ തന്നെ ഉണ്ടായിരുന്നു.

മാഷഛനോട് കുറുമ്പ് പറയുന്ന നേരമൊക്കെയും മുന്നിൽ ഒരു ബുക്കും തുറന്നു ചെവി കൂർമിച്ചു ഓരോ പൊട്ടത്തരത്തിലും വിടരുന്ന ചിരി ചുണ്ടുകൾ കടിച്ചുപിടിച്ചു ഇരിക്കുന്ന ചിത്തേട്ടനെ കണ്ട നിമിഷം മുതൽ അവളിലും പുതു പ്രതീക്ഷകൾ നിറഞ്ഞു തുടങ്ങി.

🌼🌼🌼🌼🌼🌼🌼🌼🌼🌼

കോളേജിലെ തരുണീമണികളെ മൊത്തം തന്റെ ശത്രു പക്ഷത്ത് നിർത്തി ചിത്തേട്ടന്റെ കോളേജിൽ പോക്ക് ചെറുനോമ്പരത്തോടെയും കൂടിയ ഭയത്തോടെയും നോക്കിനിന്ന അവളുടെ കാതിൽ

” ഞാൻ ഇല്ലെന്ന് കരുതി കണ്ട ചെക്കന്മാരെ നോക്കി നടന്നാൽ ഞാൻ ഒരു വരവ് വരും ഈ ഉണ്ടകണ്ണു കുത്തി പൊട്ടിക്കാൻ…കേട്ടല്ലോ ഉണ്ടക്കണ്ണി..” എന്ന് പറഞ്ഞു ചെറുചിരിയോടെ നടന്നകലുന്ന അവനെ കാണേ ആ പെണ്ണിന്റെ കവിളിൽ അന്തിച്ചോപ്പ് കലർന്നിരുന്നു.

പിന്നെ ഓരോ വാരാന്ധ്യവും ഒരു യുഗം പോലെ കാത്തിരിക്കും പ്രിയപ്പെട്ടയവന്റെ വരവിനായി. അന്നും എടുത്തണിയുന്ന ഗൗരവത്തിന്റെ മുഖം മൂടിക്കുള്ളിൽ മറഞ്ഞിരിക്കുന്ന ആ കുസൃതി ചിരികളും കള്ളനോട്ടങ്ങളും കണ്ടെത്തുന്നതായിരുന്നു പിന്നെ അവളുടെ ഓരോ നിമിഷവും… ഓരോ ആണ്കുട്ടികളുടെയും പേരു പറഞ്ഞു ആ മുഖത്തു രക്തമിരച്ചു കയറുന്നത് കാണുക അവളിൽ വല്ലാത്ത ലഹരി നിറച്ചു. അവനോടുള്ള പ്രണയത്തിന്റെ ലഹരി… അവളുടെ പറച്ചിലിന്റെ അവസാനം കോണിപ്പടിയുടെ ചുവരിനോട് ചേർത്തു നിർത്തി അവളുടെ ചൊടികൾ കവർന്നെടുത്തു അവൻ നടന്നുമാറുമ്പോൾ അവളിൽ നിറയുന്നത് സംതൃപ്തി ആയിരുന്നു… അടുത്ത കൂടിക്കാഴ്ച്ച വരേക്കും നീണ്ടുനിക്കുന്ന ലഹരിയായിരുന്നു…

തീവ്രചുംബനത്തിൽ അവൻ അവളോടുള്ള തന്റെ പ്രണയത്തെ പകർന്നുകൊടുത്തു കൊണ്ടേയിരുന്നു…അങ്ങിനെ ഒരു പങ്കുവെക്കലിന് മാഷഛൻ കാഴ്ചക്കാരൻ ആയതുകൊണ്ടാണ് അടുത്ത ദിവസം തന്നെ പെണ്ണ് ചോദിക്കാൻ എത്തുമെന്ന് ഉറപ്പിച്ചത്.

അങ്ങിനെ വർഷങ്ങളായി കണ്ട സ്വപ്നം യാഥാർഥ്യമാകുന്നതിന്റെ ആവേശത്തിൽ തലേ നാൾ കോളേജിൽ നിന്നെത്തിയ താൻ കാണേണ്ടി വന്നത് വല്ലേടത്തു തറവാടിന്റെ ഉമ്മറത്ത് വെള്ളതുണിയിൽ പൊതിഞ്ഞു ഉറക്കത്തിലാഴ്ന്ന മാഷഛനെ ആണ്…

ടൗണിൽ പോയി വരും വഴി ഏതോ വണ്ടി ഇടിച്ചത് ആണത്രേ…കണ്മുന്നിൽ പ്രിയപ്പെട്ടവൻ പിടഞ്ഞു തീർന്നത് കണ്ടത് കൊണ്ടാവും ഗീതമ്മ നിശ്ശബ്ധയായിരുന്നു.

പിന്നീട് മാസങ്ങളോളം ഗീതമ്മ മൗനത്തെ കൂട്ടുപിടിച്ചു. അമ്മയും ഞാനും അവിടെ പോയി നോക്കിക്കൊണ്ടിരുന്നു. പിന്നെ ഒരിക്കൽ ഗീതമ്മ ആർത്തലച്ചു കരഞ്ഞു…സ്വന്തം മുടി വലിച്ചു പറിച്ചു ഉറക്കെ കരഞ്ഞു കൊണ്ടോടി ഇറങ്ങിയ ഗീതമ്മ പിന്നെ മൗനി ആയിരുന്നില്ല…ഉറക്കെ ഉറക്കെ കരഞ്ഞു പിന്നെ പിന്നെ അത് നേർത്തു നേർത്തു വന്നു അതിനു ശേഷം എന്തെല്ലാമോ പറഞ്ഞു ചിരിച്ചുകൊണ്ടേയിരുന്നു. ചിരിച്ചും കരഞ്ഞും ഓരോ നിമിഷവും കഴിയുന്ന അമ്മക്കായി ചിത്തേട്ടൻ കോളേജിലെ വാദ്യാര് പണി വേണ്ടെന്ന് വെച്ചു.തറവാട്ടിൽ തന്നെയായി.

ദുഃഖം അതിന്റെ മൂർതന്യതയിൽ എത്തുന്ന നിമിഷം ആ മനുഷ്യൻ തന്റെ തോളിൽ ചേർന്നു കിടക്കും അവിടേക്ക് ഒഴുകി ഇറങ്ങുന്ന ചുടുനീര് തന്റെ ഹൃദയത്തെയും പൊള്ളിച്ചു കൊണ്ടിരുന്നു. ഇനിയും തനിയെ സഹിക്കാൻ വിട്ടാൽ അമ്മക്കൊപ്പം മകനെയും നഷ്ടമാകും എന്ന തോന്നലിൽ ആണ് തന്നെ കൂടെ കൂട്ടാൻ ബഹളം വെച്ചത്. ആദ്യം എതിർത്തെങ്കിലും പിന്നീട് തനിക്കായി ആ മനുഷ്യൻ പാറയിൽ തറവാടിന്റെ ഉമ്മറത്തെത്തി. പക്ഷെ അമ്മയുടെ മൂർച്ചയേറിയ വാക്കുകൾക്ക് മുന്നിൽ തലകുമ്പിട്ടു നിറകണ്ണുകളോടെ ഇറങ്ങി പോയ ആ മനുഷ്യൻ പിന്നീട് ഈ രണ്ടുവര്ഷത്തിനിടെക്ക് ഒരിക്കൽ പോലും തനിക്ക് മുഖം നൽകിയില്ല.

ഗീതമ്മയെ കാണാൻ ചെന്ന തനിക്കു മുന്നിൽ വല്ലേടത്തു തറവാടിന്റെ ഉമ്മറവാതിൽ അടക്കുമ്പോൾ തനിക്ക് നൊന്തതിലും ഇരട്ടി ആ ഹൃദയം നുറുങ്ങിയിട്ടുണ്ടാവുമെന്നു ആരും പറയാതെ തന്നെ തനിക്കറിയാം. 🌼🌼🌼🌼🌼🌼🌼🌼🌼🌼

അതിന് ശേഷം അമ്മ ഒരുപാട് ആലോചനകൾ കൊണ്ടുവന്നു എല്ലാം താൻ തന്നെ മുടക്കി…ഈ വർഷം കല്യാണം നടന്നില്ലേൽ ഇനിയൊരു താലി ഭാഗ്യം ഈ ഉള്ളവൾക്ക് ഉണ്ടാവില്ല പോലും…അതാണ് ഇടക്കൊന്നു ഒതുങ്ങിയ ഈ പരിപാടി പൂർവ്വസ്ഥിതിയിൽ ആവാൻ കാരണം.

പക്ഷെ ചിത്തേട്ടന്റെ പെണ്ണാ ഞാൻ …മറ്റൊരാളെയും ആ സ്ഥാനത്തേക്ക് കാണാൻ സാധിക്കില്ല.. അങ്ങിനെ ഒരു നാൾ വന്നാൽ ….ഇല്ല അങ്ങിനെ ഒന്നും ഉണ്ടാവില്ല…ഞാൻ ചിത്തന്റെ പെണ്ണാ…വല്ലോടത്തു ചിത്രഭാനുവിന്റെ പെണ്ണ്….

🌼🌼🌼🌼🌼🌼🌼🌼🌼

അന്ന് വൈകിട്ട് ജോലി കഴിഞ്ഞ് എത്തുമ്പോൾ കണ്ടു ഉമ്മറത്ത് ഇരിക്കുന്ന ആളുകളെ. ഇതിപ്പോൾ സ്ഥിരം പരിപാടി ആയതോണ്ടു പ്രത്യേകിച്ചു ഒന്നും തോന്നിയില്ല. നേരെ അടുക്കള വഴി ഉള്ളിൽ കഴറുമ്പോൾ ‘അമ്മ അവർക്കുള്ള ചായയും കൊടുത്തു വരുന്നുണ്ട്.

” ആഹാ നി എത്തിയോ എത്ര നേരം എന്ന് വെച്ച നോക്കി ഇരുത്തുന്നെ ഞാൻ ചായ കൊടുത്തു. നി ആ പാറി നിക്കുന്ന മുടി ഒതുക്കി മുഖവും കഴുകി ഉമ്മറത്തേക്ക് വാ…അവർ കാണട്ടെ…”

ഒന്നും മിണ്ടതെ മുടി മാത്രം ഒതുക്കി നേരെ ഉമ്മറത്തേക്ക് ചെന്നു. എല്ലാരും പ്രായമുള്ള ആളുകൾ ഇതിൽ ചെക്കൻ ഇല്ലാലോ. സംശയത്തോടെ നിക്കുന്നത് കണ്ടാവും അവരിൽ ഒരാൾ പറഞ്ഞത്

“അവനൊരു ഫോണ് വന്നു ഇപ്പോൾ വരും” ഒന്നും മിണ്ടാതെ നേരെ മുറിയിലേക്ക് ചേന്നു. ജനൽ വഴി പുറത്തേക്ക് നോക്കി. അവിടെ നിന്ന് നോക്കുമ്പോൾ വല്ലേടത്തു മുറ്റത്തു നിക്കുന്ന മാവ് കാണാം…അതിനപ്പുറം ആണ് ചിത്തേട്ടന്റെ മുറി. അന്ന് അവിടെ നിന്നും ഇറങ്ങിയ ശേഷം ഈ നോട്ടം മാത്രമേ ഉള്ളു …

“നിക്കറിയാം ആ ജനലോരത്തു നിങ്ങളും ഉണ്ടെന്ന്…എന്നാ ചിത്തേട്ട നിങ്ങൾ വരുന്നേ…നിക്ക് ആ മാറിൽ ചേരാൻ വല്ലാണ്ട് കൊതി തോന്നുന്നു…ഇനിയും എത്ര നാൾ ഞാൻ കാത്തിരിക്കണം…ഏഹ്?”

” ഒരു മാസം കൃത്യം കാത്തിരിക്കണം പെണ്ണേ…”

കാതിനരികിൽ പതിഞ്ഞ ശ്വാസം ഹൃദയതുടിപ്പിനെ ഒരു വേള പിടിച്ചുകെട്ടി. വേഗത്തിൽ തിരിഞ്ഞു നോക്കുമ്പോൾ കണ്ടു നിറഞ്ഞ ചിരിയോടെ എന്നെ നോക്കി നിൽക്കുന്ന ചിത്തേട്ടൻ… ഒരു വാക്ക് പോലും ഉരിയാടാതെ ആ നെഞ്ചിലേക്ക് ചായുമ്പോൾ ഈ ലോകം മുഴുവൻ പിടിച്ചടക്കിയ പ്രതീതിയായിരുന്നു. അല്ലേലും എന്റെ ലോകം ഈ മനുഷ്യൻ ആണല്ലോ…!!!

സങ്കടങ്ങളും പരിഭവങ്ങളും ആ നെഞ്ചിൽ പെയ്തു തീർക്കുമ്പോൾ ആ ചുണ്ടുകൾ മൂർദ്ധവിൽ പതിഞ്ഞുകൊണ്ടേയിരുന്നു. എന്റെ പരിഭവകെട്ടുകൾ പറഞ്ഞു തീർത്തു ആ മുഖത്തേക്ക് നോക്കുമ്പോൾ എന്റെ നോട്ടത്തിനര്ഥം അറിഞ്ഞെന്ന പോൽ ആൾ ചെറു ചിരിയോടെ പറഞ്ഞു തുടങ്ങി

ഇന്ന് രാവിലെ അമ്മ വല്ലോടത്തു തറവാട്ടിൽ ചെന്നതും അന്ന് ഏട്ടനോട് പറഞ്ഞ വാക്കുകൾ ഒക്കെ ക്ഷേമിച്ചു ഈ മകളെ കെട്ടികൂട്ടണം എന്ന് പറഞ്ഞതും അതും ഉടനെ വേണത്രേ ഇല്ലേൽ ഇനി ഒരു മംഗല യോഗം ഇല്ലത്രേ…ചിത്തനെ അല്ലാതെ മറ്റൊരളേയും മകൾ വരിക്കില്ലെന്നു ആ അമ്മക്ക് ഉത്തമ ബോധ്യം വന്നു പോലും….

അതാണ് ഈ പെണ്ണുകാണലും അടുത്ത മാസം ഇതേ ദിവസം കല്യണം ഉറപ്പിച്ചതും…. അങ്ങിനെ ചിത്തന്റെ പെണ്ണായി ഞാൻ പോകുവാ….അനുഗ്രഹം കൂടെ ഉണ്ടാവണം…

ഒരുപാട് ഇഷ്ടത്തോടെ ഞാൻ…❤️❤️❤️❤️ ലൈക്ക് കമന്റ് ചെയ്യണേ…

രചന: Sumayya Farsana

Leave a Reply

Your email address will not be published. Required fields are marked *