ഒരു ബന്ധുവിന്റെ കല്യാണത്തിന് പോയപ്പോൾ, അവിടെ വെച്ച് തന്നെ കണ്ട് ഇഷ്ടപെട്ടതാണ് ദേവേട്ടൻ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മരീലിൻ തോമസ്

“ഒരുമിച്ച് കൂടെടോ നമുക്ക്???? എനിക്ക് താനും…. തനിക്ക് ഞാനും…നമ്മുക്ക് മോനുട്ടനും…” സിദ്ധാർത്ഥിന്റെ ചോദ്യം ജാൻവിയുടെ ചെവിയിൽ അലയടിച്ചുകൊണ്ടിരുന്നു…. രാത്രി ഏറെ വൈകിയിട്ടും നിദ്രാദേവി അവളെ കടാക്ഷിച്ചില്ല…

ദേവേട്ടന്റെ പെണ്ണായി നിലവിളക്കുമേന്തി ചിറ്റെടത്തേക്ക് വലത് കാൽ വച്ച് കയറിയ ദിവസം അവളുടെ ഓർമ്മയിൽ തെളിഞ്ഞു…

********

അച്ഛന്റെ അകന്ന ഒരു ബന്ധുവിന്റെ കല്യാണത്തിന് പോയപ്പോൾ, അവിടെ വെച്ച് തന്നെ കണ്ട് ഇഷ്ടപെട്ടതാണ് ദേവേട്ടൻ… ചിറ്റെടത്തെ ഒരേ ഒരു ആൺ തരി.. തറവാട്ട് മഹിമയിലും സാമ്പത്തിക ഭദ്രതയിലും തങ്ങളെക്കാൾ ഒരുപാട് മുകളിൽ നിൽക്കുന്ന കുടുംബത്തിന്റെ അനന്തരാവകാശി…

അന്നേക്ക് അഞ്ചാം നാൾ അച്ഛനുമമ്മയ്ക്കുമൊപ്പം ദേവേട്ടൻ തന്നെ പെണ്ണ് ചോദിച്ച് വീട്ടിൽ എത്തിയപ്പോൾ ആശ്ചര്യമായിരുന്നു തനിക്ക്… ഒരൊറ്റ കാഴ്ചയിൽ തന്നോട് ഇത്രമേൽ ആഴത്തിൽ പ്രണയം തോന്നാൻ മാത്രം പ്രത്യേകത തനിക്ക് എന്തുണ്ട് എന്ന് എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല…

ഇത്രയും വലിയ വീട്ടിലേക്ക് തന്റെ മകളെ നാട്ടുനടപ്പ് അനുസരിച്ച് , ഒരു കുറവും വരുത്താതെ അയക്കാനുള്ള സാഹചര്യം തങ്ങൾക്കില്ല എന്ന് അച്ഛൻ അവരോട് പറയുമ്പോൾ ഒരു നിമിഷം ദേവെട്ടന്റെ മുഖം മങ്ങുന്നത് അകത്ത് അമ്മമ്മയുടെ പിറകിൽ ഒളിച്ച് നിന്ന് ദേവേട്ടനെ നോക്കി നിന്നിരുന്ന ഞാൻ കണ്ടു…

ഒരേ ഒരു മകന്റെ ഇഷ്ടം മാത്രമാണ് തങ്ങളുടെ സന്തോഷമെന്നും വേറൊന്നും തങ്ങൾ പ്രതീക്ഷിക്കുന്നില്ല എന്നും ദേവേട്ടന്റെ അച്ഛൻ പറഞ്ഞപ്പോൾ എന്റെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങിയത് എന്ത് കൊണ്ടായിരുന്നു???…

അച്ഛൻ തന്റെ കസേരയുടെ പിറകിൽ നിന്നിരുന്ന അമ്മയെ തിരിഞ്ഞ് ഒന്ന് നോക്കി.. ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായതും അമ്മ തന്റെ അടുത്തേക്ക് ഓടി വന്ന് തന്നെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി… അലമാരിയിൽ നിന്ന് ഓണത്തിന് വാങ്ങിയ ദാവണി എടുത്ത് തന്റെ കയ്യിൽ തന്ന് ചായ ഇടാനായി അടുക്കളയിലേക്ക് ധൃതിയിൽ നടന്നു…

അല്പ സമയത്തിന് ശേഷം ചായയുമായി ദേവേട്ടന്റെ മുൻപിൽ നിൽക്കുമ്പോൾ ആ നോട്ടം തന്റെ ഹൃദയം തുളച്ച് കയറുന്നതായി തോന്നി…

പിന്നീട് എല്ലാം പെട്ടെന്നായിരുന്നു…

ഏറ്റവും അടുത്ത മുഹൂർത്തത്തിൽ, നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ദേവേട്ടൻ തന്റെ കഴുത്തിൽ താലി കെട്ടി… സിന്ദൂര രേഖ ചുവപ്പിച്ചു…

“ദേവേട്ടന് എങ്ങനെയാ എന്നോട് പ്രണയം തോന്നിയത്…??? ” ആദ്യരാത്രിയിൽ ദേവേട്ടന്റെ നെഞ്ചോരം ചേർന്ന് കിടന്ന് താൻ ചോദിച്ചു..

“അന്ന് കല്യാണത്തിന് നിന്നെ ഞാൻ കാണുമ്പോൾ നിന്റെ കൂടെ പ്രായം ചെന്ന ഒരു അമ്മമ്മ ഉണ്ടായിരുന്നു… അവരോട് നിന്റെ കരുതലും സ്നേഹവും കണ്ടപ്പോൾ എന്തോ നിന്നോട് വല്ലാത്തൊരു ബഹുമാനം തോന്നി… നിനക്ക് വേണമെങ്കിൽ അമ്മമ്മയെ എവിടെയെങ്കിലും ഒറ്റക്കിരുത്തി,ബാക്കി എല്ലാവരെയും പോലെ ആടിപ്പാടി ആർത്തുല്ലസിച്ച്‌ കല്യാണം ആസ്വദിക്കാമായിരുന്നു… അതിനു മുതിരാതെ അവർക്ക് വേണ്ടതെല്ലാം ചെയ്ത്കൊടുത്ത് അവരുടെ കൂടെ തന്നെ നീ നിന്നു… നിന്റെ മനസ്സിന്റെ നന്മയാണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്… ഒപ്പം ദേ ഈ വിടർന്ന നിറയെ പീലി ഉള്ള കണ്ണുകളും… ചിരിക്കുമ്പോൾ ദേ ഇവിടെ വിരിയുന്ന നുണക്കുഴിയും…” പറയുന്നതിനോടോപ്പംതന്നെ ദേവേട്ടന്റെ ചുണ്ടുകളുടെ നനുത്ത സ്പർശം എന്റെ ഇരു കണ്ണുകളിലും കവിളുകളിലും ഞാൻ അറിഞ്ഞു..

അവിടെ നിന്നും തിരിച്ച് വന്നപ്പോൾ തൊട്ട് നിന്റെ മുഖം ആയിരുന്നു പെണ്ണേ എന്റെ മനസ്സ് നിറയെ.. ആ ഒരൊറ്റ ദിവസം കൊണ്ട് അത്രയും ആഴത്തിൽ നീ എന്റെ മനസ്സിൽ പതിഞ്ഞു…”, ദേവേട്ടൻ ഒന്നുകൂടി തന്നെ വരിഞ്ഞ് മുറുക്കി നെറ്റിയിൽ തന്റെ സ്നേഹമുദ്രണം പതിപ്പിച്ചു..

തങ്ങളുടെ ജീവിതത്തിൽ സന്തോഷം അലയടിച്ച ദിവസങ്ങൾ ആയിരുന്നു പിന്നീട്.. ദേവേട്ടൻ സ്നേഹം കൊണ്ട് തന്നെ മൂടിയ ദിവസങ്ങൾ… പ്രണയം അതിന്റെ എല്ലാ തീവ്രതയിലും അന്യോന്യം പങ്ക് വെച്ച രാത്രികൾ… ആരും കാണാതെയുള്ള കുഞ്ഞ് കുഞ്ഞ് കുസൃതികൾ… ചെറിയ ചെറിയ യാത്രകൾ.. ജീവിതം അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വദിക്കുകയായിരുന്നു തങ്ങൾ…

വർഷം ഒന്ന് കഴിഞ്ഞപ്പോഴേക്കും പതിയെ പലയിടത്തുനിന്നും മുറുമുറുപ്പും ചോദ്യവും തുടങ്ങി… ആദ്യമാദ്യം താൻ കേൾക്കാതെ ആയിരുന്നെങ്കിൽ ദിവസങ്ങളും മാസങ്ങളും കടന്ന് പോകുന്തോറും തന്റെ കേൾക്കൽ തന്നെ ആയി കുറ്റപ്പെടുത്തലുകൾ… വിശേഷമില്ലായ്മ ആയിരുന്നു തന്റെ ഏറ്റവും വലിയ വിശേഷം..

സ്വന്തം മകളെക്കാളുമേറെ തന്നെ സ്നേഹിച്ച ദേവേട്ടന്റെ അമ്മക്കും അച്ഛനും തന്നോടുള്ള മനോഭാവത്തിൽ വന്ന മാറ്റമാണ് ഏറ്റവും അധികം വേദനിപ്പിച്ചത്‌.. എന്നാലും ദേവേട്ടന്റെ കറയില്ലാത്ത സ്നേഹവും കരുതലും മാത്രം മതിയായിരുന്നു തനിക്ക് മുൻപോട്ട് ജീവിക്കാൻ…

മരുന്നും പ്രാർത്ഥനയുമായി കഴിച്ചുകൂട്ടിയ ദിനങ്ങൾ…

ഒരു ശനിയാഴ്ച വൈകിട്ട് അടുക്കളയിൽ കയറി ദേവേട്ടന് കാപ്പി ഇട്ടൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് കണ്ണിൽ ഇരുട്ടു കയറിയത്…

ബോധം വരുമ്പോൾ ആശുപത്രിയിലാണ്.. കയ്യിൽ ഡ്രിപ് ഇട്ടിരിക്കുന്നു.. കട്ടിലിന് അടുത്ത് ഇട്ടിരിക്കുന്ന കസേരയിൽ ഇരുന്ന് എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്ന ദേവേട്ടനിൽ എന്റെ കണ്ണുകൾ ഉടക്കി… നാളുകൾക്ക് ശേഷം ഒരു തിളക്കം ആ കണ്ണുകളിൽ ഞാൻ കണ്ടു…

ദേവേട്ടൻ എണീറ്റ് കതക് അടച്ച് കുറ്റി ഇട്ട് എന്റെ അടുത്ത് കട്ടിലിൽ ഇരുന്നു.. ശേഷം പതിയെ എന്റെ അടുത്തേക്ക് ചേർന്ന് കിടന്നു… ആ മുഖം എന്റെ കഴുത്തിനടിയിൽ ഒളിപ്പിച്ച് പതിയെ കൈകൾ കൊണ്ട് സാരീ വകഞ്ഞ് മാറ്റുന്നതും എന്റെ വയറിൽ തഴുകുന്നതും ഞാൻ അറിഞ്ഞു… ഒരു ഞെട്ടലോടെ ഞാൻ ദേവേട്ടന്റെ മുഖം എന്റെ നേരെ ഉയർത്തി…

തങ്ങളുടെ ഉള്ളുരുകിയുള്ള പ്രാർത്ഥനക്ക് ഉത്തരം എന്നവണ്ണം എന്റെ ഉദരത്തിൽ ഒരു കുഞ്ഞ് പൂവ് മൊട്ടിട്ടു എന്ന് ആ നിറഞ്ഞ മിഴികൾ എനിക്ക് പറഞ്ഞ് തന്നു…

വീണ്ടും സന്തോഷം നിറഞ്ഞ ദിനങ്ങൾ.. എന്റെ എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളും ഞൊടിയിടയിൽ സാധിച്ചു തന്ന്, രാവും പകലും എനിക്കും കുഞ്ഞിനും കാവൽ ഇരുന്നു ആ പാവം… എന്നിട്ടും രണ്ടാം മാസം അടിവയറ്റിൽ അനുഭവപ്പെട്ട ശക്തമായ വേദനയും ബ്ലീഡിംഗും എന്റെ ഉള്ളിൽ വളർന്ന്കൊണ്ടിരുന്ന ജീവനേ ഞങ്ങളിൽ നിന്നും പറിച്ച് കൊണ്ടുപോയി…

അന്നാദ്യമായി ദേവേട്ടൻ ചങ്ക് പൊട്ടി കരയുന്നത്‌ കണ്ടിട്ടും ഒന്നാശ്വസിപ്പിക്കാൻ പോലുമാകാതെ ശുന്യതയിലേക്ക്‌ കണ്ണും നട്ട് ഞാൻ ഇരുന്നു..

പിന്നീടൊരിക്കലും എന്റെ ഉദരം പൂവണിഞ്ഞില്ല…

തലമുറ അന്യം നിന്ന് പോവാതിരിക്കാൻ, എന്നെ ഉപേക്ഷിക്കാനും വേറൊരു കല്യാണം കഴിക്കാനും ദേവേട്ടന്റെ മേൽ അച്ഛനും അമ്മയും വീട്ടുകാരും നിരന്തരം സമ്മർദ്ദം ചെലുത്തി… ഒരു കുട്ടിയെ ദത്തെടുക്കാം എന്ന ആശയം ഏട്ടൻ മുന്നോട്ട് വെച്ചു എങ്കിലും “നിന്റെ ചോരയിൽ പിറന്ന കുഞ്ഞ് മതി ഞങ്ങൾക്ക്” എന്നായിരുന്നു ഉത്തരം..

“എന്റെ ദേവനോട് നിനക്ക് ഇത്തിരി എങ്കിലും സ്നേഹം ഉണ്ടെങ്കിൽ ഇപ്പൊൾ ഈ നിമിഷം നീ ഇവിടം ഉപേക്ഷിച്ച് പോകണം…” എന്ന് കരഞ്ഞ് കൊണ്ട് അമ്മ പറഞ്ഞ ഒരു നാൾ എന്റെ സകല നിയന്ത്രണവും വിട്ടു…

അന്ന് ഓഫീസിൽ നിന്ന് വീട്ടിൽ എത്തിയപ്പോൾ എന്റെ ദേവേട്ടൻ എന്നെ അന്വേഷിച്ചിരുന്നിരിക്കും.. മുറിയിൽ കാണാതെ വന്നപ്പോൾ അടുക്കളയിലും തൊടിയിലുമൊക്കെ എന്റെ പേര് വിളിച്ച് ഓടി നടന്നിട്ടുണ്ടാവും.. അമ്മയോടും അച്ഛനോടും മാറി മാറി എന്നെപ്പറ്റി ചോദിച്ചിട്ടുണ്ടാവും..

വീണ്ടും വെപ്പ്രാളപ്പെട്ട്‌ മുറിയിൽ കയറി അലമാര തുറന്ന് നോക്കിയിട്ടുണ്ടാവും… എന്റെ തുണികളോ മറ്റു സാധനങ്ങളോ മുറിയിൽ ഇല്ല എന്ന് മനസ്സിലായപ്പോൾ ആയിരിക്കും എന്റെ ഫോണിലേക്ക് വീണ്ടും വീണ്ടും ഏട്ടൻ വിളിച്ചത്… ഒന്ന് എടുത്തിരുന്നെങ്കിൽ…

മേശമേൽ താൻ വെച്ചിരുന്ന കത്ത് വായിച്ചപ്പോൾ സഹിക്കാൻ പറ്റിയിട്ടുണ്ടാവില്ല.. അതുകൊണ്ടല്ലേ അപ്പോഴേ തന്റെ അടുത്തേക്ക് വരാനായി ബൈക്കും എടുത്ത് ചീറിപ്പാഞ്ഞത്‌…

**********

“എന്റെ ദേവേട്ടൻ”, ചുമരിൽ ഫ്രെയിം ചെയ്ത് വെച്ചിരിക്കുന്ന ദേവന്റെ മാലയിട്ട ഫോട്ടോയിലേക്ക് നോക്കി ജാൻവി എങ്ങലടിച്ചുകൊണ്ട് തലയിണ കെട്ടിപ്പിടിച്ച് ഒന്നുകൂടെ കട്ടിലിൽ ചുരുണ്ട് കൂടി… അവളുടെ കണ്ണുനീരിൽ ആ തലയിണ നനഞ്ഞ് കുതിർന്നു..

***********

ഇരുട്ടിൽ സിദ്ധാർത്ഥ് കട്ടിലിൽ എന്തോ പരതി…

കൈ മൊബൈലിൽ തട്ടിയതും ആ ഭാഗത്തേക്ക് തിരിഞ്ഞ് മൊബൈൽ എടുത്ത് ഓൺ ആക്കി സമയം നോക്കി..

“2.10 AM”

കുറച്ച് സമയം കൂടി കണ്ണ് അടച്ച് കിടന്ന് നോക്കി…

‘ഇല്ല.. ഉറക്കം തന്നെ തിരിഞ്ഞ് നോക്കുന്നില്ല…’

നിറയെ പീലികൾ ഉള്ള ഒരു ഉണ്ടക്കണ്ണി വീണ്ടും അവന്റെ മനസ്സിലേക്ക് കടന്നു വന്നു…

സിദ്ധാർത്ഥ് കട്ടിലിൽ എണീറ്റ് ഇരുന്നു തന്റെ ചിന്തകൾക്ക്‌ തടയിടാൻ എന്നവണ്ണം തല ഒന്ന് കുടഞ്ഞു…

‘ഒരാഴ്ചയായി ജാൻവിയെ കണ്ടിട്ട്…. തന്റെ മനസ്സ് അവൾക്ക് മുൻപിൽ തുറന്നത് തെറ്റായിപ്പോയോ…??’ ഓരോന്ന് ആലോചിച്ച് അവൻ ഫ്രണ്ട് ഡോർ തുറന്ന് പുറത്തേക്കിറങ്ങി… മുറ്റത്ത് ഒരറ്റത്ത് ഒരുക്കിയിരുന്ന പുൽത്തകിടിയിൽ നിവർന്ന് കിടന്നു….

തന്നിഷ്ടക്കാരിയായിരുന്നൂ തനു… അച്ഛൻ തന്റെ ഏറ്റവും അടുത്ത കൂട്ടുകാരന് പണ്ടെങ്ങോ കൊടുത്ത ഒരു വാക്കിന്റെ പുറത്ത് തന്റെ ജീവിതത്തിലേക്ക് കടന്നു വന്നവൾ… അവളുടെ കഴുത്തിൽ താലി കെട്ടിയ അന്ന് മുതൽ ആത്മാർത്ഥമായി അവളെ സ്നേഹിക്കാൻ മാത്രമായിരുന്നു താൻ ശ്രമിച്ചത്‌…

ഇപ്പോഴൊന്നും കുട്ടികൾ വേണ്ട എന്ന അവളുടെ തീരുമാനം താൻ ശരി വെച്ചത്‌ അവളെയും അവളുടെ ലക്ഷ്യങ്ങളെയും പൂർണ്ണമായും ഉൾക്കൊണ്ടത് കൊണ്ട് തന്നെ ആയിരുന്നു… മുൻകരുതൽ എടുത്തിരുന്നെങ്കിലും അധികം താമസിയാതെ അവള് ഗർഭിണിയായി…

കുഞ്ഞിനെ കളയണം എന്ന് അവള് പറഞ്ഞപ്പോൾ തനിക്ക് അത് ചിന്തിക്കാൻ പോലും വയ്യായിരുന്നു.. പ്ലാൻ ചെയ്തതല്ലെങ്കിലും അവളുടെ ഉദരത്തിൽ വളരുന്ന തന്റെ തുടിപ്പിനെ നശിപ്പിക്കാൻ താൻ ഒരിക്കലും തയാറല്ലായിരുന്നൂ.. അവിടം തൊട്ട് തങ്ങളുടെ ജീവിതത്തിൽ താളപ്പിഴകൾ തുടങ്ങി…

കുഞ്ഞ് ജനിച്ച് കഴിഞ്ഞാൽ എല്ലാം ശരിയാകും എന്ന എന്റെ ധാരണ പാടെ തെറ്റായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് നടന്ന സംഭവങ്ങൾ.. മോനെ സ്നേഹിക്കാൻ അവൾക്ക് ഒരിക്കലും കഴിഞ്ഞില്ല.. തന്നോട് എന്തോ ഒരു വാശി പോലെ ആയിരുന്നു അവൾക്ക്… അവന് മൂന്ന് മാസം പ്രായം ഉള്ളപ്പോളോണ് അമേരിക്കയിലെ ഒരു കമ്പനിയിൽ ജോലി കിട്ടി തനു ഞങ്ങളെ ഉപേക്ഷിച്ച് പോയത്…

അന്ന് തൊട്ട് ഇന്ന് വരെ ആരോടും ഒരു മോഹവും തോന്നിയിട്ടില്ല… മോനുട്ടന് വേണ്ടി മാത്രം ജീവിച്ചു..

ഒരു വർഷം മുൻപാണ് ജാൻവി തന്റെ ഓഫീസിൽ ജോയിൻ ചെയ്തത്…

ആദ്യമായി ജാൻവിയെ കണ്ടപ്പോൾ തന്നെ ദുഃഖം തളം കെട്ടി നിൽക്കുന്ന നിർജ്ജീവമായ അവളുടെ മിഴികൾ തന്നെയാണ് താൻ ശ്രദ്ധിച്ചത്… അന്ന് അവളെ ഓഫീസിൽ ആക്കി തിരികെ പോകുന്നതിന് മുൻപ് ജാൻവിയുടെ അച്ഛൻ തന്നെ കാണാൻ കാബിനിലേക്ക്‌ വന്നതും അവളെ പറ്റി എല്ലാം പറഞ്ഞതും അവന്റെ ഓർമ്മയിൽ തെളിഞ്ഞു..

“എന്റെ കുഞ്ഞ് ഒരുപാട് അനുഭവിച്ചതാണ്.. ഇവിടെ ഒരു ബുദ്ധിമുട്ടും അവൾക്ക് ഉണ്ടാകാതിരിക്കാൻ ആണ് സാറിനോട് എല്ലാം തുറന്നു പറയുന്നത്…”, എന്ന് പറഞ്ഞ് ആ അച്ഛൻ തന്റെ കണ്ണുകൾ ഒപ്പുന്നത് കണ്ടപ്പോൾ തോന്നി തന്റെ ദുഃഖം ഒന്നും ഒന്നുമല്ല എന്ന്…

പിന്നീട് ജാൻവി തന്റെ മനസ്സിൽ ഓളങ്ങൾ സൃഷ്ടിച്ച് തുടങ്ങിയപ്പോഴും ആദ്യം താൻ മനസ്സ് തുറന്നത് ആ അച്ഛന്റെ മുൻപിൽ ആണ്..

കുറച്ച് സമയം കണ്ണുകൾ അടച്ച് തന്റെ ദേഹത്ത് തട്ടുന്ന ചെറു തണുപ്പുള്ള കാറ്റ് ആസ്വദിച്ച് ആ പുൽത്തകിടിയിൽ തന്നെ സിദ്ധാർത്ഥ് കിടന്നു..

അല്പ സമയത്തിന് ശേഷം എന്തോ തീരുമാനിച്ച് ഉറപ്പിച്ചത് പോലെ അവൻ എഴുന്നേറ്റ് അകത്തേക്ക് നടന്നു… താഴത്തെ നിലയിലെ ഒരു മുറിയുടെ മുൻപിൽ എത്തിയപ്പോൾ കതക് സാവധാനം തുറന്ന് അകത്തേക്ക് നടന്നു.. സീറോ വോൾട് ബൾബിന്റെ അരണ്ട വെളിച്ചത്തിൽ തന്റെ അച്ഛന്റെയും അമ്മയുടെയും നടുവിൽ കിടന്നുറങ്ങുന്ന മോനുട്ടനെ വാത്സല്യത്തോടെ നോക്കി.. നെറ്റിയിൽ പതിയെ തൊട്ട് നോക്കി…

‘പനിയൊന്നും ഇല്ല… ഇന്നലെ ചെറിയ പനിക്കോൾ ഉണ്ടായിരുന്നത് കൊണ്ട് അച്ഛമ്മയുടെ കൂടെയാണ് കിടന്നത്…’ സിദ്ധാർത്ഥ് തിരികെ തന്റെ മുറിയിലേക്ക് നടന്നു..

**********

“മോളെ അച്ഛൻ നിന്നെ അന്വേഷിച്ചായിരുന്നൂ.. ദാ ഈ ചായ കൊണ്ടുപോയി അച്ഛന് കൊടുക്ക്…”, രാവിലെ അടുക്കളയിലേക്ക് വന്ന ജാൻവിയുടെ കയ്യിലേക്ക് അമ്മ ഒരു കപ്പ് ചായ കൊടുത്തു..

ചായയുമായി ജാൻവി ഉമ്മറത്തേക്ക് നടന്നു..

“മോൾ ഇനി എന്നാ ഓഫീസിലേക്ക്‌.. ???വെറുതെ ലീവ് എടുത്ത് ഉള്ള ലീവ് എല്ലാം തീർക്കണോ…” അച്ഛന്റെ ചോദ്യത്തിന് എന്ത് ഉത്തരം കൊടുക്കും എന്ന് ആലോചിച്ച് നിന്നപ്പൊഴാണ് ഗേയ്റ്റ് കടന്ന് വരുന്ന പരിചിതമായ കാർ ജാൻവി കണ്ടത്…

“ഇതാരാ രാവിലെതന്നെ വിരുന്നുകാർ….” അച്ഛനും കയ്യിൽ ഇരുന്ന പത്രം മടക്കി താഴെ വെച്ചു… ജാൻവി വേഗം തിരിഞ്ഞ് ധൃതിയിൽ മുറിയിലേക്ക് നടന്നു…

വിരുന്നുകാർ അച്ഛനും അമ്മയുമായി സ്വീകരണ മുറിയിൽ ഇരുന്ന് സംസാരിക്കുന്ന മങ്ങിയ ശബ്ദം അവളുടെ ചെവിയിൽ പതിച്ചു..

അല്പ സമയത്തിന് ശേഷം തന്റെ മുറിയുടെ വാതിലിൽ ആരോ മുട്ടുന്നത് കേട്ട് കൊണ്ട് വർദ്ധിച്ച ഹൃദയമിടിപ്പോട് കൂടെ ജാൻവി വാതിൽ തുറന്നു…

പ്രതീക്ഷിച്ച മുഖം ആയിരുന്നില്ല വാതിൽക്കൽ.. നല്ല ഐശ്വര്യമുള്ള ഒരു അമ്മ… പക്ഷേ അവളുടെ ശ്രദ്ധ മുഴുവൻ അമ്മയുടെ കൈകളിൽ ഇരിക്കുന്ന ഏകദേശം 3 വയസ്സ് തോന്നിക്കുന്ന വാവയുടെ മേൽ ആയിരുന്നു…

ആ കുഞ്ഞിന്റെ നേരെ യാന്ത്രികമായി അവള് തന്റെ കൈ നീട്ടി…

“മ്മാ…” , കുഞ്ഞ് ജാൻവിയുടെ ദേഹത്തേക്ക് ചാടി…

“ആഹാ… നല്ല ആളാണല്ലോ.. പരിചയമില്ലാത്ത ഒരാളുടെയും അടുത്ത് പോകുന്നതല്ല… മോളെ ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു..

മോൾക്ക് എന്നെ മനസ്സിലായോ…???” , മനസ്സിലായി എന്ന് അവള് തലയാട്ടിയതും അമ്മ തുടർന്നു…

“ഇതാണ് ഞങ്ങളുടെ മോനുട്ടൻ…”

ജാൻവി മോനുട്ടനെയും കൊണ്ട് മുറിക്കുള്ളിലേക്ക് നടന്നു… പിറകെ സിദ്ധാർത്ഥിന്റെ അമ്മയും.. മോനുട്ടനേ ഓരോന്ന് പറഞ്ഞും, കാണിച്ച് കൊടുത്തും കളിപ്പിക്കുന്ന ജാൻവിയെ കാൺകെ അവർക്ക് തന്റെ ഉള്ളിൽ മോനുട്ടനേ ഓർത്ത് എരിയുന്ന കനൽ അണയുന്നത്പോലെ തോന്നി…

“എന്റെ സിദ്ധാർത്ഥ് പാവമാണ് മോളെ… ഇവന്റെ അമ്മ എന്ന ബന്ധം ഒഴിച്ച് മോൾക്ക് ഇഷ്ടമില്ലാത്ത ഒന്നിനും അവൻ നിർബന്ധിക്കില്ല.. പോന്നൂടെ ഞങ്ങളുടെ മോനുട്ടന്റെ അമ്മയായി…” , ആ അമ്മ പ്രതീക്ഷയോടെ ജാൻവിയെ നോക്കി… **********

“മ്മ്മാ… മ്മാ…” ,രാത്രിയിൽ മോനുട്ടന്റെ കരച്ചിൽ കേട്ടതും സിദ്ധാർത്ഥ് ചാടി എണീറ്റു..

കുഞ്ഞിനെ തോളത്ത് ഇട്ട് താരാട്ട് പാട്ടും പാടി ജാൻവി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കാൺകെ സിദ്ധാർത്ഥിന്റെ മനം നിറഞ്ഞു…

‘ഒരാഴ്ചയെ ആയിട്ടുള്ളൂ മോനുട്ടന്റെ അമ്മയായി ഈ വീട്ടിലേക്ക് ജാൻവി വലത് കാൽ വെച്ച് കയറിയിട്ട്… പക്ഷേ ഇപ്പൊ എന്തിനും ഏതിനും അവന് മ്മ്‌മ്മാ മതി… സംസാരം ലേശം പുറകൊട്ടാണ് കള്ള ചെക്കന്… സ്പീച്ച് തെറാപ്പിയുമോക്കെയായി ഇപ്പൊ കുറച്ച് വ്യത്യാസം കാണുന്നുണ്ട്..’, ഓരോന്ന് ഓർത്ത് സിദ്ധാർത്ഥ് ഉറക്കത്തിലേക്ക് വഴുതി വീണു..

കല്യാണം കഴിഞ്ഞ് ആദ്യ രണ്ടു മാസം മോനുട്ടന്റെ കൂടെ സമയം ചിലവഴിക്കാനായി ലീവിൽ ആയിരുന്നു ജാൻവി.. ഇപ്പൊ രണ്ടാളും ഒരുമിച്ച് ആണ് ഓഫീസിലേക്കുള്ള യാത്ര…

ഓരോ ദിവസം ചെല്ലും തോറും സിദ്ധാർത്ഥിന്റെ ഉള്ളിൽ ജാൻവിയോടുള്ള പ്രണയം വർധിച്ച് കൊണ്ടിരുന്നു.. പക്ഷേ ഒരിക്കലും അവൻ തന്റെ പ്രണയം പറഞ്ഞ് ജാൻവിയെ ബുദ്ധിമുട്ടിച്ചില്ല..

ദിവസങ്ങൾ പോകെ പോകെ മോനുട്ടൻ ഉറങ്ങിക്കഴിഞ്ഞ് തന്റെ നെറ്റിയിൽ അനുഭവപ്പെടുന്ന നനുത്ത സ്പർശം കാത്തിരുന്നു തുടങ്ങി ജാൻവി.. പക്ഷേ സിദ്ധാർഥിനൊട് തന്റെ മനസ്സ് തുറക്കുന്നതിൽ നിന്ന് എന്തോ ഒന്ന് അവളെ പിന്തിരിപ്പിച്ചു…

ഒരു രാത്രിയിൽ ജാൻവി ഞരങ്ങുകയും മൂളുകയും ചെയ്യുന്നത് കേട്ടാണ് സിദ്ധാർത്ഥ് കണ്ണ് തുറന്നത്…

കഴുത്തറ്റം പുതപ്പ് കൊണ്ട് പുതച്ചിട്ടും വിറക്കുന്ന ജാൻവിയെ അവൻ അനുകമ്പയോടെ നോക്കി.. നെറ്റിയിൽ കൈ വെച്ചപ്പോൾ ചുട്ട്‌ പൊള്ളുന്ന ചൂട്….

ഉറക്കത്തിലായിരുന്ന മോനുട്ടനെ എടുത്ത്കൊണ്ട് സിദ്ധാർത്ഥ് അമ്മയുടെ മുറി ലക്ഷ്യമാക്കി നടന്നു..

തിരിച്ച് വന്ന് ജാൻവിയേ എഴുന്നേൽപ്പിച്ച് പനിക്കുള്ള ഗുളിക കൊടുത്തു…

തളർന്ന് കിടന്നുറങ്ങുന്ന അവളെ തന്റെ നെഞ്ചോരം ചേർത്ത് കിടാത്താതിരിക്കാനായില്ല അവന്… അവളെ ആദ്യമായി തന്നിലേക്ക് ചേർത്ത് പിടിച്ച് ആ നെറ്റിയിൽ ചുണ്ടുകൾ പതിപ്പിക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി… അവന്റെ ദേഹത്തെ ചൂട് നൽകിയ ആശ്വാസത്തിൽ അവള് ശാന്തമായി ഉറങ്ങി..

*********

“പെണ്ണെ…” അങ്ങ് ദൂരെ നിന്ന് ദേവെട്ടന്റെ ശബ്ദം..

“ദേവേട്ടാ.. എവിടെയായിരുന്നു…. എന്തിനാ എന്നെ ഇട്ടേച്ച് പോയത്….”

“ഞാൻ എന്നും നിന്റെ കൂടെ ഉണ്ടല്ലോ പെണ്ണേ… നിന്റെ ഉള്ളിൽ… വേറെ ആർക്കും എത്തിപ്പെടാനാകാത്ത നിന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത്… പക്ഷേ ഈ ജന്മം നിന്നെ ഞാൻ സിദ്ധാർഥിന് വിട്ട് കൊടുക്കുവാ… സിദ്ധാർത്ഥ് നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് പെണ്ണെ… അവനും മോനുട്ടനുമായി സന്തോഷത്തോടെ കഴിയണം എന്റെ പെണ്ണ്…” ശബ്ദം നേർത്ത് നേർത്ത് വന്നു…

“ദേവേട്ടാ.. ദേവേട്ടാ…. ദേവേട്ടാ…” ,

“ജാൻവി… , ജാൻവി…” , ആരോ തന്നെ വിളിക്കുന്നു… പക്ഷേ ദേവെട്ടന്റെ ശബ്ദമല്ല….

ബദ്ധപ്പെട്ട് കണ്ണുകൾ തുറന്ന് നോക്കിയപ്പോൾ സിധുവേട്ടന്റെ കൈകളിലാണ് താൻ.. ആ മുഖത്ത് ആകെ വെപ്രാളം…

“എന്തെ… എന്ത് പറ്റി മോളെ…”

“ഒന്നുല്ല സിദ്ധുവേട്ടാ.. ഒരു സ്വപ്നം കണ്ടതാ…”, ജാൻവി അവന്റെ നെഞ്ചിലേക്ക് തന്നെ തല ചായ്ച്ച് കിടന്നു…

“പനി വിട്ടു..”, സിദ്ധാർത്ഥ് അവളുടെ തലമുടിയിലൂടെ കൈകൾ ഓടിച്ചു…

“മ്മ്..” , ആ കിടപ്പിൽ എപ്പോഴോ ഇരുവരും നിദ്രയെ പുൽകി..

പിറ്റേ ദിവസം ജാൻവി എഴുന്നേറ്റപ്പോഴേക്കും സിദ്ധാർത്ഥ് ഓഫീസിലേക്ക് പോകാനായി ഒരുങ്ങി ഇറങ്ങിയിരുന്നു..

ധൃതിയിൽ കട്ടിലിൽ നിന്ന് എഴുന്നേൽക്കുന്ന ജാൻവിയെ സിദ്ധാർത്ഥ് തടഞ്ഞു..

“ഇന്ന് ഓഫീസിൽ വരണ്ട.. നല്ലതുപോലെ റെസ്റ്റ് എടുക്കണം.. ഞാൻ നേരത്തെ വരാം…” , അവളുടെ കവിളിൽ മെല്ലെ തട്ടി അവൻ പുറത്തേക്കിറങ്ങി…

ഒരു നിമിഷം കവിളിൽ അവൻ തൊട്ട ഭാഗത്ത് കൈ അമർത്തി അവള് കട്ടിലിൽ ഇരുന്നു… പിന്നെ എന്തോ ഓർമ്മയിൽ ഓടി പുറത്തേക്ക് ചെന്നപ്പൊഴേക്കും സിദ്ധാർത്ഥിന്റെ വണ്ടി ഗെയ്റ്റ് കടന്ന് പുറത്തേക്ക് പോയിരുന്നു…

അമ്മയുടെ മുറിയിൽ നിന്നും മോനൂട്ടന്റെ ചിണുങ്ങൽ കേട്ടതും അവള് പെട്ടെന്ന് അകത്തേക്ക് നടന്നു…

അന്നാദ്യമായി അമ്മയോട് സിദ്ധാർത്ഥിന്റെ ഇഷ്ടാനിഷ്ടങ്ങൾ ചോദിച്ചറിയാൻ വല്ലാത്തൊരു ഉത്സാഹം ആയിരുന്നു അവൾക്ക്… അവൻ വരാറാകുന്ന സമയം ആയപ്പോഴേക്കും അവന് ഏറ്റവും ഇഷ്ടപ്പെട്ട പഴം പൊരി ഉണ്ടാക്കി അവള് കാത്തിരുന്നു…

വൈകിട്ട് താൻ ഉണ്ടാക്കിയ വിഭവം സ്വാദോടെ കഴിക്കുന്ന അവളുടെ സിദ്ധുവേട്ടനെ ആദ്യമായി മോനൂട്ടന്റെ അച്ഛൻ എന്നതിലുപരി തന്റെ ഭർത്താവ് എന്ന കണ്ണിലൂടെ അവള് നോക്കി കണ്ടു…

“ഇന്നും മോനുട്ടൻ എന്റെ കൂടെ കിടക്കട്ടെ..” , മോനൂട്ടൻ ഉറങ്ങിയതും അമ്മ അവനെ തന്റെ മുറിയിലേക്ക് എടുത്ത് കൊണ്ടുപോയി..

മണിക്കൂർ ഒന്ന് കഴിഞ്ഞിട്ടും സിദ്ധുവേട്ടനെ മുറിയിലേക്ക് കാണാത്തത്‌ കൊണ്ട് അവള് പുറത്തേക്കിറങ്ങി…

“സിദ്ധുവേട്ടൻ കിടക്കുന്നില്ലെ…??” ജാൻവിയുടെ ശബ്ദം കേട്ട് മുറ്റത്തെ പുൽത്തകിടിയിൽ മാനത്തേക്ക്‌ നോക്കികിടക്കുകയായിരുന്ന സിദ്ധു ഞെട്ടിപിടഞ്ഞ് എണീറ്റിരുന്നു…

അവന്റെ സൈഡിൽ അവനോട് ചേർന്ന് അവളും ഇരുന്നു… അവന്റെ കയ്യിലൂടെ കൈ ചുറ്റിപ്പിടിച്ച് അവന്റെ തോളിലേക്ക് തല ചായ്ച്ചു…

“എന്തെ മുറിയിലേക്ക് വരാതെ ഇവിടെ ഇരിക്കുന്നത്…??”, അതേ ഇരുപ്പിൽ ഇരുന്ന് അവള് അവനോട് ചോദിച്ചു…

“മുറിയിലേക്ക് വന്നാൽ, അരുതാത്തത് എന്തെങ്കിലും എന്റെ കയ്യിൽ നിന്ന് സംഭവിച്ച് പോകുമോ എന്ന പേടികൊണ്ട്…”, അവൻ തന്റെ കവിൾ അവളുടെ തലയിൽ മുട്ടിച്ച് കൊണ്ട് പറഞ്ഞു..

“അരുതാത്തത് അല്ലെങ്കിലോ..?”

അവൻ ഞെട്ടി അവളുടെ മുഖത്തേക്ക് നോക്കി…

അവള് എത്തി വലിഞ്ഞ് അവന്റെ നെറ്റിയിൽ തന്റെ ചുണ്ടുകൾ പതിപ്പിച്ചു…

ആ ഒരു നിമിഷം അവന് തന്നെ തന്നെ നഷ്ടപ്പെട്ടു.. അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു മുഖം മുഴുവൻ മുത്തം കൊണ്ട് മൂടി.. കണ്ണുകളിലും കവിളുകളിലും നെറ്റിയിലുമെല്ലാം അവന്റെ സ്നേഹമുദ്രണം പതിപ്പിച്ചു… അവന്റെ നോട്ടം തന്റെ അധരങ്ങളിലാണെന്ന് മനസ്സിലാക്കിയ ജാൻവി അവനെ തള്ളി മാറ്റാൻ ഒരു ശ്രമം നടത്തിയെങ്കിലും അതിന് മുൻപ് തന്നെ അവൻ അവളുടെ ചെഞ്ചുണ്ടുകളിലേക്ക് ആഴ്‌ന്നിറങ്ങിയിരുന്നു…

അവളെ ചേർത്ത് പിടിച്ച് അകത്തേക്ക് നടക്കുമ്പോൾ അവളോടുള്ള പ്രണയാധിക്യത്താൽ തന്റെ ഹൃദയം പൊട്ടിപ്പോകും എന്നൊരുവേള അവന് തോന്നിപ്പോയി..

ആ രാവിന്റെ ഏതോ യാമത്തിൽ ജാൻവി സിദ്ധാർഥിന് സ്വന്തമായി…

*******

മോനുട്ടന്റെ പനി രണ്ട് ദിവസമായിട്ടും കുറയാത്തത്തുകൊണ്ട് പിടിയട്രീഷ്യനേ കാണിക്കാനായി ഹോസ്പിറ്റലിലേക്ക് വന്നതായിരുന്നു സിദ്ധുവും ജാൻവിയും..

“മോളെ.. ജാൻവി…”,

തന്റെ പേര് വിളിക്കുന്നത് കേട്ടതും ജാൻവി പിറകിലേക്ക് തിരിഞ്ഞ് നോക്കി…

ദേവേട്ടന്റെ അച്ഛനും അമ്മയും… അവരെ കണ്ടതും ജാൻവിയുടെ ദേഹമാസകലം ഒന്ന് വിറച്ചു…

അമ്മ ഓടി വന്നു അവളുടെ കയ്യിൽ പിടിച്ചു..

“ഒത്തിരി നാളായി മോളെ കാണണം എന്ന് വിചാരിക്കാൻ തുടങ്ങിയിട്ട്.. ദേവുട്ടിയുടെ കൂടെ ബോംബെയിൽ ആയിരുന്നു ഇത്രനാളും… ഇടക്കെപ്പോഴോ മോളുടെ വീട്ടിലേക്കൊന്ന് വിളിച്ചിരുന്നു… അപ്പോഴാ കല്യാണം കഴിഞ്ഞ വിവരം അറിയുന്നത്.. ഇതായിരിക്കും ആൾ… അല്ലെ..???”, അമ്മ സിദ്ധുവിൻെറ നേർക്ക് നോക്കി…

സിദ്ധു അവരെ നോക്കി പുഞ്ചിരിച്ചു.. ശേഷം മോനെ അവളുടെ കയ്യിൽ നിന്ന് വാങ്ങി ഒരു കൈ കൊണ്ട് അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു…

“എല്ലാം എന്റെ തെറ്റായിരുന്നു… മനസ്സിലാക്കി വന്നപ്പോഴേക്കും എല്ലാം കൈ വിട്ട് പോയി…. ന്റെ മോനും പോയി…” , വിങ്ങിപ്പോട്ടുന്ന അവരെ കാണും തോറും ജാൻവിയുടെ മനസ്സ് ഉരുകി…

“സ്വന്തം മകനെ നഷ്ടപ്പെട്ടതിൽ കൂടുതൽ ശിക്ഷ ഇവർക്കെന്ത് ലഭിക്കാൻ…”, മനസ്സിൽ പറഞ്ഞുകൊണ്ട് ഒന്നും മിണ്ടാതെ അവരെ മറി കടന്ന് ജാൻവി മുന്നോട്ട് നടന്നു…

മുന്നോട്ട് നടക്കും തോറും ഓർമ്മകളുടെ കാഠിന്യം മൂലം കാലുകൾക്ക് ബലം നഷ്ടപ്പെടുന്നത് പോലെ തോന്നി അവൾക്ക്.. പക്ഷേ അപ്പോഴേക്കും വീണുപോകാതെ സിദ്ധു അവളെ ഒരു കൈ കൊണ്ട് താങ്ങിപിടിച്ചിരുന്നു … അവള് സിദ്ധുവിൻറെ മുഖത്തേക്ക് ഉറ്റു നോക്കി… ജീവിതത്തിൽ വളരെ ചുരുക്കം പേർക്ക് കിട്ടുന്ന രണ്ടാമൂഴം.. ദേവെട്ടനെ തന്നിൽ നിന്ന് അടർത്തി മാറ്റിയെങ്കിലും അത്രയും തന്നെ അല്ലെങ്കിൽ അതിലുമുപരി തന്നെ സ്നേഹിക്കുന്ന സിദ്ധുവേട്ടനെ തനിക്ക് നൽകി… പ്രസവിച്ചില്ലെങ്കിലും മോനുട്ടനിലൂടെ അമ്മയെന്ന വികാരവും അറിഞ്ഞു… അവള് സിദ്ധുവിൻെറ തോളിലേക്ക് തല ചായ്ച്ചു…

അതേ സമയം അമേരിക്കയിൽ എവിടെയോ ഒരിടത്ത് ഇൻഫെർട്ടിലിട്ടി ക്ലിനിക്കിൽ തന്റെ ഊഴം കാത്തിരിക്കുകയായിരുന്നു തനുവും അവളുടെ രണ്ടാം ഭർത്താവും…(അവസാനിച്ചു…) അഭിപ്രായങ്ങൾ കമന്റിൽ അറിയിക്കൂ, ഇനിയും നല്ല കഥകൾ വായിക്കുവാൻ ഈ പേജ് ഫോളോ ചെയ്യൂ, നിങ്ങളുടെ സ്വന്തം ചെറുകഥകൾ പേജിലേക്ക് മെസേജ് ആയി അയക്കുക…

രചന: മരീലിൻ തോമസ്

Leave a Reply

Your email address will not be published. Required fields are marked *