ക്യാമ്പസിലെ ചെഗുവേര, തുടർക്കഥ ഭാഗം 35 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

താഴെ വന്ന് breakfast ഉം കഴിച്ച് എല്ലാവർക്കും യാത്ര പറഞ്ഞിറങ്ങുമ്പോ ശരിയ്ക്കും അറിയില്ലായിരുന്നു ആ യാത്ര എവിടേക്കാണെന്ന്…. പുറത്തേക്ക് ഇറങ്ങി നിന്നപ്പോഴേക്കും ദേവേട്ടൻ പഴയ ആ Enfield classic 500 model സ്റ്റാർട്ടാക്കി എനിക്ക് മുന്നിലേക്ക് കൊണ്ട് നിർത്തി….

ഇതെന്താ ബുള്ളറ്റ്…കാറെവിടെ…???

നീ കയറ്.. നമുക്ക് കുറച്ച് വർഷങ്ങള് പിറകോട്ട് പോകാം…ചില ഓർമ്മകളെയൊന്ന് പൊടി തട്ടിയെടുക്കാം…ന്ത്യേ…???

ദേവേട്ടൻ ഒരു ചിരിയോടെ അങ്ങനെ പറഞ്ഞതും ഞാൻ വണ്ടിയിലേക്ക് കയറിയിരുന്ന് ദേവേട്ടന്റെ വയറിലൂടെ വട്ടം ചുറ്റി പിടിച്ചിരുന്നു…. ഇപ്പോ ഞാൻ പഴയ നീലാംബരി അല്ലല്ലോ… നീലാംബരി ദേവഘോഷ് അല്ലേ….ആ സന്തോഷത്തിൽ ദേവേട്ടനിലുള്ള പിടി ഒന്നുകൂടി മുറുക്കി ദേവേട്ടനോട് ചേർന്നിരുന്നതും ആള് ഒരു പുഞ്ചിരിയോടെ വണ്ടി മുന്നോട്ടെടുത്തു….ദേവേട്ടന്റെ നുണക്കുഴി കവിളിൽ മൊട്ടിട്ട പുഞ്ചിരി വണ്ടീടെ മിററിലൂടെ എനിക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു… കുറേ ദൂരം മുന്നോട്ടു നീങ്ങിയതും എനിക്ക് പരിചിതമായ വഴിയിലൂടെ വണ്ടി നീങ്ങാൻ തുടങ്ങി… മെയിൻ റോഡിലൂടെ നീങ്ങിയ വണ്ടി അവിടെ നിന്നും ഞങ്ങളുടെ മാത്രം ക്യാമ്പസിന്റെ കവാടം കടന്ന് അകത്തേക്ക് പ്രവേശിച്ചതും എന്റെ കണ്ണൊന്ന് വിടർന്നു….വണ്ടിയിലിരിക്കുമ്പോ തന്നെ എന്റെ കണ്ണുകളും അവയുടെ നോട്ടവും അവിടമാകെ പരതി നടന്നു… കോളേജ് മുമ്പത്തേതിലും ഒരുപാട് മാറിയിട്ടുണ്ടായിരുന്നു…ഞാനതെല്ലാം ഒരത്ഭുതത്തോടെ നോക്കി കണ്ടു…. പെട്ടെന്ന് ദേവേട്ടൻ വണ്ടി മാഞ്ചുവട്ടിനരികിലേക്ക് കൊണ്ട് നിർത്തി….. അതായിരുന്നല്ലോ ദേവേട്ടന്റെ സ്വന്തം ഇരുപ്പിടം… ഞാൻ ദേവേട്ടനെ ഒട്ടുമിക്ക ദിവസങ്ങളിലും അവിടെ വച്ചിട്ടായിരുന്നു കണ്ടിട്ടുള്ളതും…വണ്ടി നിർത്തിയതും ഞാനതിൽ നിന്നും പതിയെ ഇറങ്ങി നിന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചു…..അവധി ദിവസം ആയതുകൊണ്ട് കോളേജും പരിസരവും തീർത്തും വിജനമായിരുന്നു…കിളികളുടെ കലപില ശബ്ദവും,റോഡിലൂടെ പോകുന്ന വണ്ടികളുടെ ഹോണടി ശബ്ദവും അല്ലാതെ മറ്റൊരനക്കവും അവിടെ ഉണ്ടായിരുന്നില്ല…..

ഇതാണോ ദേവേട്ടൻ പറഞ്ഞ സർപ്രൈസ്… ഇവിടെ വച്ചിട്ടാ ഷൂട്ട് ചെയ്യുന്നേ..

എന്തേ ഇഷ്ടായില്ലേ…???

ദേവേട്ടൻ അതും പറഞ്ഞ് വണ്ടിയിൽ നിന്നും ഇറങ്ങി നിന്നു… ഒപ്പം ഒരു കൈയ്യാൽ മുണ്ടിന്റെ കരയൊന്ന് കുടഞ്ഞിട്ടു….

ഇഷ്ടായി… ഒരുപാട് ഇഷ്ടായി… ഞാൻ തീരെ പ്രതീക്ഷിച്ചില്ല ഇവിടേക്കാവുംന്ന്… എത്ര നാളായി കോളേജിലേക്കൊന്ന് വന്നിട്ട് തന്നെ….

ന്മ്മ്മ്.. ഇവിടെ ചില കാര്യങ്ങൾക്ക് ഫുൾസ്റ്റോപ്പ് ഇടാതെയാ നമ്മള് രണ്ടാളും ഈ ക്യാമ്പസിന്റെ പടിയിറങ്ങിയത്…അതിപ്പോഴും അങ്ങനെ പകുതിയ്ക്ക് വച്ച് കർട്ടനിട്ട ഒരു നാടകം പോലെ ഇതിന്റെ ഓരോ കോണിലും ബാക്കിയായി കിടക്ക്വാ….

ദേവേട്ടനെന്താ ഉദ്ദേശിക്കുന്നത്…???

എന്റെ മനസിൽ ചില സംശയങ്ങൾ ഉടലെടുത്തു…

അതൊക്കെയുണ്ട്…..

ഞാൻ വീണ്ടും ആ മുഖത്തേക്ക് സംശയത്തോടെ ഒന്ന് നോക്കി….

ദേവേട്ടനല്ലേ പറഞ്ഞത് ഫോട്ടോ ഷൂട്ടിനാ ഇവിടേക്ക് വന്നതെന്ന്… പക്ഷേ ഇവിടെ അവരെ ആരെയും കാണുന്നില്ലല്ലോ…

ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു കൊണ്ട് ചോദിച്ചു..

അവര് വരും.. അപ്പോഴേക്കും നമുക്ക് ഈ ക്യാമ്പസിനെ ചുറ്റി നടന്നൊന്ന് കണ്ടാലോ….??

ദേവേട്ടന്റെ മുഖത്തെ ചിരിയും മുഖഭാവവും എന്റെ മനസിൽ ആയിരം ചോദ്യങ്ങൾ കുറിച്ചിട്ടു…. പിന്നെ എല്ലാം പതിയെ ചോദിച്ചറിയാം എന്ന് മനസ്സിലുറപ്പിച്ചു കൊണ്ട് ഞാൻ ദേവേട്ടന് സമ്മതം മൂളി തലയാട്ടി….അത് കേൾക്കേണ്ട താമസം എന്റെ വലത് കൈയ്യിലേക്ക് മുറുകെ കൈ ചേർത്ത് ദേവേട്ടൻ എന്റെ കൈയ്യിനെ ആ കൈയ്ക്കുള്ളിലാക്കി…ഞാനത് ഒരത്ഭുതത്തോടെ നോക്കി കണ്ട് യാന്ത്രികമായി ദേവേട്ടന് പിന്നാലെ നടന്നു….. ദേവേട്ടൻ എവിടേക്കാണ് പോകുന്നതെന്ന് ഞാൻ ശരിയ്ക്കും ശ്രദ്ധിച്ചതേയില്ല കാരണം എന്റെ നോട്ടം ദേവേട്ടന്റെ കൈയ്യിൽ ഭദ്രമായിരുന്ന എന്റെ കൈയ്യിലേക്കായിരുന്നു…..

കോളേജിന്റെ നീണ്ട വരാന്ത കയറി ദേവേട്ടൻ എന്നേം കൂട്ടി ഓഫീസിന് മുന്നിലേക്ക് ചെന്നു നിന്നു..ഓഫീസിന്റെ മുന്നിൽ കിടന്ന നീണ്ട ബഞ്ചിനരികെ വന്ന് നിന്നപ്പോഴാണ് ദേവേട്ടൻ എന്റെ കൈയ്യിന്റെ പിടി ഒന്നയച്ചത്…..

കോളേജ് ആകെ മാറിയിട്ടുണ്ട് ല്ലേ ദേവേട്ടാ..!!!

ന്മ്മ്മ്… ഒരുപാട്… ഈ മണ്ണിലൊന്ന് കാലു കുത്തിയാൽ കിട്ടുന്നൊരു സുഖം… അതൊന്ന് വേറെ തന്നെയാ… ഇവിടെ നിന്നിറങ്ങീട്ട് എവിടെയൊക്കെ പഠിച്ചു…ജോലി ചെയ്തു… അവിടെയെങ്ങും കിട്ടാത്ത…. അനുഭവിച്ചറിയാൻ പറ്റാത്ത ഒരു പ്രത്യേക സുഖമാണ് ഇവിടെ ഇങ്ങനെ നിൽക്കുമ്പോൾ കിട്ടുന്നത്…. രാഷ്ട്രീയം,വിപ്ലവം,സൗഹൃദം,കല,പ്രണയം,പഠനം.. എല്ലാം… എല്ലാം അനുഭവിച്ചറിഞ്ഞ മണ്ണ്….

ചുറ്റും കണ്ണോടിച്ചു നിന്ന ഞാൻ അതുകേട്ട് ദേവേട്ടനെയൊന്ന് തുറിച്ചു നോക്കി….

എന്താടീ നോക്കി പേടിപ്പിക്കുന്നേ…????

അല്ല…ദേവേട്ടൻ പറഞ്ഞ കാര്യങ്ങൾ കേട്ട് നോക്കിയതാ… അന്ന് പകുതിയ്ക്ക് വച്ച് ഞാൻ പറയണ്ടാന്ന് പറഞ്ഞ് തടഞ്ഞ ഒരു love story ഉണ്ടല്ലോ….അത് ഇപ്പോ ഒന്ന് കേട്ടാൽ കൊള്ളാമെന്നുണ്ട്….

ഞാൻ ഭിത്തിയിലെ പെയിന്റിൽ നഖം കൊണ്ടൊന്ന് കോറി നിന്നു കൊണ്ടാണ് അത് ചോദിച്ചത്….ദേവേട്ടന്റെ മുഖത്തേക്ക് നോട്ടം കൊടുത്തതേ ഇല്ല…. ചെറിയൊരു ചളിപ്പ അത് തന്നെ കാര്യം….

അതെന്താ ഇപ്പോ അറിയണംന്ന്….???

വെറുതെ… ഇപ്പോ അങ്ങനെ തോന്നി… ഏതാനും നിമിഷങ്ങൾ കഴിയുമ്പോ നമ്മുടെ wedding story ചെയ്യാനായി ഒരു ഗ്രൂപ്പ് വരില്ലേ…. അതിന് മുമ്പ് എന്റെ ഭർത്താവിന്റെ love story ഒന്നറിഞ്ഞിരിക്കാല്ലോ….!!!!

ഈ unromantic മൂരാച്ചി സഖാവ് എങ്ങനെ പ്രേമിച്ചൂന്ന് അറിയാമല്ലോ…(അത് സ്വരം താഴ്ത്തിയാ പറഞ്ഞ് നിർത്തിയത്)

ഹോ.. അങ്ങനെ….!!! എങ്കിൽ ശരി നമ്മുടെ wedding story തുടങ്ങും മുമ്പ് നീ മാത്രം അറിയാതെ പോയ എന്റെ love story ഞാനാദ്യം പറയാം….അത് പറയുമ്പോ ഈ ദേവനൊപ്പം നീ ഒരുപാട് കാലം പിറകോട്ട് പോകേണ്ടി വരും…തയ്യാറാണോ…???

ഞാനതു കേട്ട് കണ്ണും മിഴിച്ചു ദേവേട്ടനെ തന്നെ നോക്കി നിന്നു….

മനസിലായില്ല അല്ലേ…!!! ഇങ്ങനെ പറഞ്ഞാൽ നിനക്ക് മനസിലാകില്ല എന്നെനിക്കറിയാം.. അതുകൊണ്ട് ഞാൻ വിശദമായി പറഞ്ഞു തരാം ആ പ്രണയ കഥ….❤️ ദേവഘോഷ് എന്ന ഈ ക്യാമ്പസിന്റെ ഘോഷ് എങ്ങനെ നിന്റെ മാത്രം ദേവേട്ടൻ ആയതെന്നുള്ള കഥ…..

അത് കേട്ട് ഞാൻ പുരികം ചുളിച്ച് കൊണ്ട് ദേവേട്ടനെ ഒന്ന് നോക്കി….

എന്റെ പ്രണയം…അതൊരു ദിവ്യ പ്രണയം ആയിരുന്നു നീലു….. കാലത്തിന് മായ്ക്കാൻ കഴിയാതിരുന്ന,ഋതുഭേദങ്ങൾക്ക് മാറ്റാൻ കഴിയാതിരുന്ന ഒരു പ്രണയം….!! *നീർമാതളം പൂക്കുന്ന സായാഹ്നങ്ങളിൽ ഗുൽമോഹറിന്റെ ചുവട്ടിലിരുന്ന് പ്രണയം പങ്കു വച്ചിട്ടില്ലാത്ത… ഞാവൽ പഴുത്ത് വീഴുമ്പോൾ അതിലൊന്നെടുത്ത് പങ്കിട്ടു കഴിയ്ക്കാത്ത… രാത്രി വൈകിയും കഥകൾ പറഞ്ഞിരുന്ന് നേരം വെളുപ്പിച്ചിട്ടില്ലാത്ത…. പ്രണയിനിയുടെ ചുണ്ടുകളെ ചുംബിച്ചുണർത്തിയില്ലാത്ത…. ഒരു തുണ്ട് കടലാസ് പോലും പ്രേമലേഖനമായി കൈമാറിയിട്ടില്ലാത്ത… ഒരു ദിവ്യ പ്രണയം….❤️ ഉമിത്തീയിൽ നീറിയെരിയുന്ന പൊന്നിനെ തെളിച്ചെടുക്കും പോലെ എന്റെ പ്രണയത്തെ ഈ ഇടനെഞ്ചിലിട്ട് നീറ്റിയെടുക്ക്വായിരുന്നു ഇതുവരെ… അതിന്റെ തിളക്കം എന്നെ ശരിയ്ക്കും ആനന്ദം കൊള്ളിയ്ക്കുകയായിരുന്നു…. ശരിയ്ക്കു പറഞ്ഞാൽ ഒരു വ്യാഴവട്ടത്തിന്റെ ആയുസ്സുണ്ടാവും ആ ദിവ്യ അനുഭൂതിയ്ക്ക്….

നീ ഇന്നലെ നിന്റെ ഉള്ളിലെ പ്രണയം എന്നോട് തുറന്നു പറഞ്ഞില്ലേ…ആ പ്രണയം ഞാനായിരുന്നൂന്ന് പറഞ്ഞില്ലേ…. അത് ഞാനീ ക്യാമ്പസിൽ വച്ച് തന്നെ മനസിലാക്കിയ കാര്യമായിരുന്നു…അതുപോലെ നീയെന്താ നീലു എന്നെ അറിയാതെ പോയത്… എല്ലാവർക്കും മുന്നിൽ ഘോഷായി മാത്രം നിന്ന ഞാൻ നിന്റെ ദേവേട്ടനാണ് എന്ന് ഊട്ടിയുറപ്പിച്ചപ്പോ എന്റെ ഉള്ള് നിനക്ക് വേണ്ടി കൊതിയ്ക്കുന്നുണ്ടെന്ന് നീ മാത്രം എന്തേ അറിയാതെ പോയി….

ഞാനതു കേട്ട് ഒരു ഞെട്ടലോടെ ദേവേട്ടന്റെ മുഖത്തേക്ക് നോക്കി..സന്തോഷമാണോ സങ്കടമാണോ തോന്നിയതെന്ന് എനിക്കറിയില്ലായിരുന്നു…. കണ്ണുകൾ ഞൊടിയിടയ്ക്കുള്ളിൽ നിറഞ്ഞു തുളുമ്പി വന്നു….ഞാനത് മെല്ലെ തുടച്ചു കൊണ്ട് ദേവേട്ടന്റെ മുഖത്തേക്ക് ഒരത്ഭുതത്തോടെ നോക്കി….

ദേവേട്ടാ…എന്താ പറഞ്ഞേ…ദേവേട്ടന്റുള്ളില്…!!!ദേവേട്ടന്റെയുള്ളില്…

അതേ നീലു.. എന്റെയുള്ളിൽ നീയായിരുന്നു… എന്റെയുള്ളിൽ വിരിഞ്ഞ പ്രണയത്തിനും ആരാധനയ്ക്കും, ഇഷ്ടത്തിനും എല്ലാം ഒരു പേര് മാത്രമായിരുന്നു… നീലാംബരി…❤️❤️

നീ എന്നെ ആദ്യമായി കണ്ടത് ഈ ഓഫീസിന് മുന്നിൽ വച്ചല്ലേ… ഇപ്പോ എത്ര വർഷമായി കാണും അത് നടന്നിട്ട്….ആറ് വർഷം, കൂടിപ്പോയാൽ ഏഴ് വർഷം…..അന്ന് ഞാൻ കണ്ടു… അനുഭവിച്ചറിഞ്ഞു നിന്റെ കണ്ണിലെ തിളക്കത്തെ…. പക്ഷേ ഈ ഞാൻ നിന്നെ ആദ്യമായി കണ്ടത് എവിടെ വച്ചാണെന്ന് അറിയ്വോ നിനക്ക്…???

ഞാനതിന് ആകാംഷയോടെ ദേവേട്ടന്റെ മുഖത്തേക്ക് നോക്കി നിന്നു….

നീ വന്നിരുന്നു എന്റെ വീട്ടിൽ…. എന്റെ റൂമിൽ…ഓർമ്മയുണ്ടോ അന്ന് എല്ലാവരും ഒരു get together നടത്തിയത്….അന്ന് നീ എന്റെ റൂമിലെ എന്റെ ഷെൽഫിൽ നിന്നുമാ ബുക്ക്സ് എടുത്ത് പോയത്….അന്ന് ഞാൻ ഉറങ്ങി കിടക്ക്വായിരുന്നു..സോറി ഉറക്കം നടിച്ചു കിടക്ക്വായിരുന്നു….

ദേവേട്ടൻ അതും പറഞ്ഞ് ഒന്ന് ചിരിച്ച് അല്പം മുന്നിലേക്ക് നടന്നതും ഞാനാ രംഗങ്ങൾ ഓരോന്നായി ഓർത്തെടുത്തു….ശരിയാണ്…. ഞാൻ പോയിരുന്നു….അന്ന് അമ്മയ്ക്കൊപ്പം ഞാനാ റൂമിലേക്ക് കാലെടുത്ത് വച്ചപ്പോ ബെഡിൽ ദേവേട്ടൻ നല്ല ഉറക്കത്തിലായിരുന്നു….. അവിടെ നിന്നും ബുക്ക്സ് എടുത്ത് ആളെ തിരിഞ്ഞൊന്ന് നോക്കിയിട്ട് കൂടെയാ ഞാനവിടെ നിന്നും ഇറങ്ങിയത്….ഓർമ്മകളെ പൊടി തട്ടിയെടുക്കുമ്പോ വീണ്ടും വീണ്ടും എന്റെയുള്ളിലെ സംശയങ്ങൾ ഇരട്ടിച്ചു…..

ദേവേട്ടനെന്തിനാ അങ്ങനെ ഉറക്കം നടിച്ചു കിടന്നത്…ദേവേട്ടന് എന്നെ പരിചയമില്ലല്ലോ..പിന്നെ എന്തിനായിരുന്നു അങ്ങനെയൊരു അഭിനയം…???

ആര് പറഞ്ഞു പരിചയമില്ലായിരുന്നൂന്ന്….നീ പറഞ്ഞ കാര്യത്തിൽ ഒരു ചെറിയ correction ഉണ്ട്…. നിന്നെ എനിക്ക് പരിചയമില്ല എന്നല്ല നേരിൽ കണ്ട് പരിചയമില്ല എന്ന് വേണം പറയാൻ…. എന്നു വച്ചാൽ നിന്നെ നേരിൽ കാണും മുമ്പേ അക്ഷരങ്ങളിലൂടെ നിന്നെ പരിചയപ്പെട്ടവനായിരുന്നു ഞാൻ….. അതെങ്ങനെ എന്നല്ലേ….ചെറിയൊരു കഥയാ അത്….

അച്ഛൻ സ്കൂളിൽ പഠിപ്പിക്കുമ്പോ എക്സാം പേപ്പേർസും, പിന്നെ ക്ലാസിൽ നൽകുന്ന ചെറിയ ചില വർക്കുകളും വീട്ടിൽ കൊണ്ട് വന്ന് എനിക്ക് മുന്നിൽ വച്ചാ valuation നടത്തുന്നത്…. ചിലതൊക്കെ ഞാൻ വായിച്ചു നോക്കാറുണ്ട്…ചെറിയൊരു കൗതുകത്തിന്…. അങ്ങനെ കിട്ടിയ ഒരു കടലാസിൽ വളരെ ഭംഗിയുള്ള കൈപ്പടയിൽ അതിമനോഹരമായ ഒരു വർണന കണ്ടു….

*അനുപമകൃപാനിധി,യഖിലബാന്ധവൻ ശാക്യ- ജിനദേവൻ, ധർമ്മരശ്മി ചൊരിയും നാളിൽ,

ഉത്തരമഥുരാപുരിക്കുത്തരോപാന്തത്തിലുള്ള വിസ്തൃതരാജവീഥിതൻ കിഴക്കരികിൽ,*

മഹാകാവ്യം എഴുതാതെ ഖണ്ഡകാവ്യത്തിലൂടെ വിപ്ലവകരമായി മഹാകവി പട്ടം നേടിയെടുത്ത സാക്ഷാൽ കുമാരനാശാന്റെ കരുണയെ ഒരു എട്ടാം ക്ലാസുകാരിയുടെ ഭാവനയിൽ വർണിച്ചിരിയ്ക്കുന്നു….അതും എനിക്ക് ഏറെ പ്രീയപ്പെട്ട ആശാൻ കവിതയെ തന്നെ….സമയമായില്ല എന്ന് തോഴിയ്ക്ക് ദൂതയച്ച ഉപഗുപ്തനും ‘സമയമായില്ല’പോലും ‘സമയമായില്ല’പോലും ക്ഷമയെന്റെ ഹൃദയത്തിലൊഴിഞ്ഞു തോഴി എന്നു പറഞ്ഞ വാസവദത്തയ്ക്കും ഒരു രണ്ടാം പിറവി…. അതായിരുന്നു ആ കടലാസിൽ ഞാൻ കണ്ടത്… ആദ്യം ഒരു കൗതുകത്തോടെ വായിച്ചു തുടങ്ങി… പിന്നെ വീണ്ടും ഇഷ്ടത്തോടെ വായിച്ചു….എന്തോ ആ എഴുത്തിനോട് ഒരു പ്രണയം അന്നേ തോന്നി തുടങ്ങിയിരുന്നു……. എന്റെ അച്ഛന് ഏറെ പ്രീയപ്പെട്ട ആ വിദ്യാർത്ഥിനിയ്ക്ക് പിന്നെയും പിന്നെയും വായിക്കാൻ പുസ്തകങ്ങൾ തിരഞ്ഞെടുത്ത് തന്നത് നീ കരുതും പോലെ നിന്റെ വിജയൻ സാർ ആയിരുന്നില്ല…ഈ ഞാൻ തന്നെ ആയിരുന്നു….

ഞാൻ കൊതിയോടും അങ്ങേയറ്റം ആകാംഷയോടും വായിച്ചു തീർത്ത ഓരോ പുസ്തകവും ഞാൻ നിനക്ക് വേണ്ടി അച്ഛന്റെ കൈയ്യിൽ ഏൽപ്പിച്ചു വിടുന്നത് പതിവാക്കി….അച്ഛൻ ചോദിക്കുമ്പോഴെല്ലാം “ആ കുട്ടി നന്നായി എഴുതില്ലേ അച്ഛാ അതുകൊണ്ടാണ്” എന്ന് പറഞ്ഞ് ഒഴിയുമായിരുന്നു….നീ വായിച്ചു തീർത്ത പുസ്തകങ്ങളുടെ ആസ്വാദനകുറിപ്പുകൾ വായിച്ചു നോക്കി അഭിപ്രായം തിരിച്ചെഴുതി തരുന്നതും ഞാൻ തന്നെ…. പലപ്പോഴായി ഞാൻ നിനക്ക് തന്ന് വിട്ടിരുന്ന പുസ്തകങ്ങളിലെല്ലാം ചില വരികൾ ഞാൻ അടിവരയിട്ട് തന്നിരുന്നു….അത് വർഷങ്ങൾക്കു ശേഷം ആവർത്തിച്ചത് ക്രിസ്മസ് സെലിബ്രേഷന് ആ ഗിഫ്റ്റ് തന്നപ്പോഴാണെന്ന് മാത്രം….ആ വരികൾ എനിക്ക് എന്നും പ്രീയപ്പെട്ടതായിരുന്നു…..അത് ദസ്തയേവെസ്കിയും അന്നയും തമ്മിലുള്ള സംഭാഷണശകലങ്ങൾ മാത്രം ആയിരുന്നില്ല….എന്റെ മനസ് നിനക്ക് മുന്നിൽ തുറന്നു കാട്ടാനുള്ള ഏക ഉപാധിയായിരുന്നു…. എന്നിട്ട് പോലും നീ തിരിച്ചറിഞ്ഞില്ലല്ലോ നീലു എന്റെ മനസ്സായിരുന്നു അതെന്ന്….. സഫലമീ യാത്രയിലെ നീ മറന്നു തുടങ്ങിയ അവസാന വരികൾ ഞാൻ ഏറ്റു ചൊല്ലിയപ്പോൾ പോലും എന്തേ നിനക്ക് മനസിലായില്ല അത് നീ മുമ്പെപ്പോഴോ വായിച്ചു തീർത്ത പുസ്തകമായിരുന്നൂന്ന്….

ദേവേട്ടന്റെ ഓരോ വാക്കുകളും എന്റെ കണ്ണുകളെ നനയിച്ചു കൊണ്ടിരുന്നു….ഞാനൊരു പ്രതിമ കണക്കെ എല്ലാം കേട്ടുകൊണ്ട് നിന്നു….

നമ്മുടെ ആദ്യ കാഴ്ചയിൽ എനിക്ക് നിന്നെ ഒരു മിന്നായം പോലെ കാണാൻ കഴിഞ്ഞുള്ളൂ…അന്ന് ഓർമ്മയിൽ ആദ്യം തെളിഞ്ഞു വന്നത് നിന്റെയീ നീളൻ മുടിയിഴകളായിരുന്നു….

ദേവേട്ടൻ അതും പറഞ്ഞൊന്ന് പുഞ്ചിരിച്ചു… പെട്ടെന്ന് എന്റെ നോട്ടം വിടർത്തി കെട്ടിയിരുന്ന മുടിയിഴകളിലേക്ക് പാഞ്ഞു…. വീണ്ടും നോട്ടം ദേവേട്ടനിലേക്ക് തന്നെ വിട്ടുകൊണ്ട് ആ സംസാരത്തിന് കാതോർത്തു….

ആദ്യ കാഴ്ചയിൽ ഉള്ള പോരായ്മ പരിഹരിച്ച് പിന്നെ കണ്ടത് നിന്റെ പ്ലസ്ടു റിസൾട്ട് വന്നപ്പോൾ… കമ്പ്യൂട്ടർ സെന്ററിന് തൊട്ടു മുന്നിൽ വെച്ച്…അന്ന് അച്ഛനൊപ്പം ഞാനും ഉണ്ടായിരുന്നു… അച്ഛനെ ബാങ്കില് ഡ്രോപ്പ് ചെയ്യാൻ വന്നതായിരുന്നു.. ഹെൽമറ്റ് വച്ചിരുന്നതു കൊണ്ട് എന്റെ മുഖം നീ കണ്ടില്ലാന്ന് മാത്രം…. അങ്ങനെ രണ്ടാം കാഴ്ചയിൽ ഈ മുഖം വളരെ വ്യക്തമായി ഞാനടുത്ത് കണ്ടു…….

പ്ലസ് ടു കഴിഞ്ഞ് അടുത്ത കോഴ്സിന് പോകാനായി നിന്ന നിന്നെ ഈ ക്യാമ്പസിലേക്ക് എത്തിച്ചതും മലയാളം സബ്ജക്ട് തന്നെ സെലക്ട് ചെയ്യിപ്പിച്ചതും ഞാനായിരുന്നു…. അച്ഛനോട് ആ suggestion വച്ചതും ഇവിടേക്ക് നിന്നെ എത്തിച്ചതും എന്റെ തീരുമാനങ്ങളായിരുന്നു….നീ പോലും അറിയാതെ നിന്നെ ഞാനിവിടെ എത്തിച്ചു എന്നുവേണം പറയാൻ…..

അതുകേട്ട് ഞാൻ അടിമുടി ഞെട്ടി ദേവേട്ടനെ തന്നെ നോക്കി നിന്നു….

പിന്നെയുള്ളത് എല്ലാം എന്റെ കുസൃതികളായിരുന്നു എന്നു വേണം പറയാൻ…ക്യാമ്പെയ്ൻ എടുക്കാനായി ഡയസിൽ വന്നു നില്ക്കുമ്പോ നിന്റെ കണ്ണിൽ തെളിയുന്ന ആരാധനയോടെയുള്ള നോട്ടങ്ങൾ ഞാൻ ശരിയ്ക്കും ആസ്വദിക്കുകയായിരുന്നു…. എന്നിൽ നിന്നും നിന്റെ നോട്ടം മാറുന്ന ഞൊടിയിടനേരം എന്റെ കണ്ണുകൾ നീ അറിയാതെ നിന്നെ തേടിയെത്താൻ തുടങ്ങി….

ഡിപ്പാർട്ട്മെന്റിലെ പാട്ടുകാരിയെ എല്ലാവരും അഭിനന്ദനങ്ങൾ കൊണ്ട് മൂടുമ്പോ എനിക്കറിയാമായിരുന്നു നീ കൊതിച്ചത് എന്നിൽ നിന്നും ‘നന്നായിരുന്നു’ എന്ന ഒരു വാക്ക് മാത്രമായിരുന്നൂന്ന്…. നീ പാടിയ പാട്ട് ഇഷ്ടമായെങ്കിലും മുഴുവനായി തുറന്നു പറയാതെ എല്ലാം ഉള്ളിലൊതുക്കി ഞാൻ നിന്നോടത് പറയാതെ പറയുന്നുണ്ടായിരുന്നു…… അതൊന്നും നിനക്ക് മനസിലായില്ല നീലു…

ഞാൻ മനപൂർവ്വം തന്നെയാ നിന്റെ അനുവാദം ചോദിക്കാതെ നിന്നെ പാർട്ടിയിലേക്ക് കൊണ്ടു വന്നത്…. പക്ഷേ ഇലക്ഷന് candidate ആക്കിയത് മാത്രം എന്റെ പ്ലാനല്ലായിരുന്നില്ല….അത് പക്ഷേ എങ്ങനെയോ നിന്റെ നേർക്ക് വന്നൂന്ന് മാത്രം…… ഒരു കണക്കിന് അത് നന്നായി…. അതുകൊണ്ടല്ലേ നിന്നെ ശരിയ്ക്കും എനിക്ക് പരിചയപ്പെടാൻ പറ്റിയത്….. എന്നിലേക്കുള്ള നിന്റെ ഓരോ നോട്ടങ്ങളും ഉള്ളിലടക്കിയ സന്തോഷത്തോടെ ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു…. ഇലക്ഷൻ ടൈമിൽ നേരം ഒരുപാട് ഇരുട്ടി തുടങ്ങിയ അന്ന് നിന്നെ വീട്ടിലെത്തിക്കാൻ തീരുമാനിച്ചു കൊണ്ട് തന്നെയാ ജിഷ്ണൂനേം കൂട്ടി ഞാൻ ബസ് സ്റ്റോപ്പിൽ വന്നത്….. ബസിന്റെ സൈഡ് സീറ്റിൽ ഇരുന്നു കൊണ്ട് നീ എന്നിലേക്ക് ഓരോ തവണ നോട്ടം പായിക്കുമ്പോഴും ഇടംകണ്ണാലെ ഞാനത് അറിയുന്നുണ്ടായിരുന്നു…..

പിന്നെ ആലിലയിൽ ആയിരം കിനാവുകളെ ഉള്ളിലിട്ട് നീ ചേർത്തെഴുതി വച്ച എന്റെ പേര്….നീ മറച്ചു പിടിച്ച് വച്ചിരുന്നെങ്കിൽ പോലും അതും ഞാൻ കണ്ടിരുന്നു… എന്നോട് എല്ലാം പറഞ്ഞ് എഴുന്നേറ്റ് പോയ കൂട്ടത്തിൽ നീയത് നിലത്ത് ഉപേക്ഷിച്ചാ പോയത്….അതിപ്പോഴും ഭദ്രമായി നമ്മുടെ റൂമിൽ ഇരിപ്പുണ്ട്….

ദേവേട്ടൻ അതും പറഞ്ഞ് കുസൃതിയോടെ ചിരിയ്ക്ക്വായിരുന്നു….

പിന്നെ ഋതു എന്റെ ആരാണെന്ന് അറിയാനുള്ള നിന്റെ ആകാംഷയും, സംശയങ്ങളും എനിക്ക് മനസിലാകുന്നുണ്ടായിരുന്നു….. ഒരു പരിധിയ്ക്ക് അപ്പുറം അവളെന്നോട് ഇടപെടുന്നത് നിന്റെ മനസില് ചില ടെൻഷൻസ് സൃഷ്ടിയ്ക്കുന്നുണ്ടെന്നും എനിക്ക് അറിയാമായിരുന്നു…..അതിന്റെ ആഴം കൃത്യമായി അറിയാൻ വേണ്ടിയാ അന്ന് നിന്നോട് പാർട്ടി ഓഫീസിൽ wait ചെയ്യാൻ പറഞ്ഞത്… അന്നെനിക്ക് മനസ്സിലായി ഋതു നിന്റെയുള്ളിലെ ചെറിയൊരു പ്രശ്നമല്ലാന്ന്….!!! അവിടെ നിന്നുള്ള യാത്രയിൽ ഋതു എന്റെ ആരായിരുന്നു എന്ന് ഞാൻ നിന്നോട് കൃത്യമായി പറഞ്ഞു തന്നില്ലേ…… അതോടെ ആ ഒരു പ്രോബ്ലം നീ ഏകദേശം ക്ലോസ് ചെയ്തു എന്നും എനിക്ക് മനസിലായി…

ഇതിനിടയ്ക്ക് എപ്പൊഴാ ഒരു നേത്രയോ,നിത്യയോ മറ്റോ എന്റെ പ്രണയിനിയായി അവതരിച്ചതെന്ന് എനിക്ക് അറിയാത്ത കാര്യമായിരുന്നു….. ഒരു കുട്ടിയെ വഴിയരികിൽ വച്ച് ഒരുത്തൻ ശല്യപ്പെടുത്താൻ ശ്രമിച്ചപ്പോ ഞാനതിനെ അവിടെ നിന്നും എന്റെ വണ്ടീല് കോളേജിന് മുന്നിൽ കൊണ്ടു വിട്ടു…ആ കാഴ്ചയാണ് അവളെ നിന്റെ കണ്ണിൽ എന്റെ പ്രണയിനി ആക്കി തീർത്തതെന്ന് പിന്നീടാ എനിക്ക് മനസിലായത്…. അപ്പോ തോന്നി നിന്നെ ഒന്ന് വട്ടാക്കണംന്ന്… അതുകൊണ്ടാണ് എന്റെയുള്ളിലെ ഇഷ്ടം ഈ മനസിൽ തന്നെ ഞാനങ്ങ് പൂഴ്ത്തി വച്ചത്… ഈ അച്ഛനമ്മമാർ അല്പം old generation ആയിരുന്നാലും പ്രണയത്തിന് ഈ പറയുന്ന generation gap ഒന്നും ഇല്ലല്ലോ…ഒരു കൗമാരക്കാരനായിരുന്ന മകന് എഴുത്തിനോട് തോന്നിയ ഇഷ്ടം പോകെ പോകെ എഴുത്തുകാരിയിലേക്കും വ്യാപിക്കുന്നുണ്ട് എന്നറിയാൻ എന്റച്ഛന് അധികം സമയം വേണ്ടി വന്നില്ല….എങ്കിലും എല്ലാം ഉള്ളിലിട്ട് അച്ഛന് മുന്നിൽ വലിയ പ്രകടനം കാഴ്ച വയ്ക്കാനൊന്നും ഞാൻ ആഗ്രഹീച്ചിരുന്നില്ല…എനിക്ക് നിന്നോട് തോന്നിയ ഇഷ്ടത്തിന്റെ പതിൽമടങ്ങ് നിനക്ക് എന്നോടും ഉണ്ടെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം എല്ലാ കാര്യങ്ങളും ഞാൻ അച്ഛന് മുന്നിൽ അവതരിപ്പിച്ചു….അച്ഛനത് വിട്ടു പോകാതെ നിന്റച്ഛന്റെ കാതിലും എത്തിച്ചു….

പിന്നെ കാര്യങ്ങളെല്ലാം എന്റെ വഴിയ്ക്കായി എന്ന് വേണം പറയാൻ…. പക്ഷേ ഇരുകൂട്ടരിലും ഒരൊറ്റ നിർബന്ധം മാത്രം മുഴങ്ങി….സ്വന്തം കാലിൽ നിന്നുകൊണ്ട് നിന്നെ പോറ്റാൻ പ്രാപ്തനാവുക…. കേട്ടപ്പോൾ എനിക്കും അതിനെ എതിർക്കാൻ തോന്നീല്ല… അതൊരിക്കലും ഒരച്ഛനമ്മമാരുടെ ഭാഗത്ത് നിന്നുകൊണ്ടല്ല സ്വന്തം ഭാഗത്ത് നിന്നുകൊണ്ട് വേണം ചിന്തിക്കാൻ…കാരണം കൈപിടിച്ച് കൂടെ കൂട്ടുന്ന പെണ്ണിന് അവളാഗ്രഹിക്കുന്ന ഒരു ചെറിയ ആവശ്യം പോലും നടത്തി കൊടുക്കാനുള്ള മനസ് മാത്രമല്ലല്ലോ ഒരു പുരുഷന് വേണ്ടത്….അതിനുള്ള പണവും ഉണ്ടാവേണ്ടേ……പണ്ട് മുതലേ അച്ഛന്റെ പാതയിൽ സഞ്ചരിക്കാനായിരുന്നു എനിക്കിഷ്ടം…ആ വഴിയേ തന്നെ മുന്നോട്ടു നീങ്ങി..ഒരേ ക്യാമ്പസിൽ ഒരേ ബിൽഡിംഗിൽ പഠിക്കുമ്പോ പോലും ഒരു നോട്ടത്തിന് പോലും ഇട നൽകാതെ മനപൂർവ്വം നിന്നെ ഞാൻ അവഗണിച്ചു….നിന്റെ ഡിഗ്രി ക്ലാസിന്റെ അവസാന ദിവസം ഓഡിറ്റോറിയത്തിൽ പ്രോഗ്രാം തകർക്കുമ്പോ നീ മാത്രം നിശബ്ദയായി ആ ഗുൽമോഹറിന്റെ ചുവട്ടിൽ തലചായ്ച്ചിരുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു…നിന്റെ ഉള്ളം വേദനയോടെ തുടിച്ചത് എനിക്ക് വേണ്ടി ആണെന്നും മനസിലാക്കിയിരുന്നു…..വേനലിനെ പോലും തോൽപ്പിച്ച് രക്തവർണം വിരിയിക്കുന്ന ആ ഗുൽമോഹറിന്റെ വിരിമാറിൽ നീ അവസാനമായി കോറിയിട്ടു പോയ വരികൾക്ക് കാലം മാത്രമല്ല ഈ ഞാനും സാക്ഷിയായിരുന്നു…..

*നിന്റെയുള്ളിൽ കാലത്തിനും മായ്ക്കാൻ കഴിയാത്ത പ്രണയമായിരുന്നു എന്നോട് എന്ന് മനസിലാക്കാൻ ആ വരികൾ എനിക്ക് ആവശ്യമായിരുന്നില്ല…വരും ജന്മത്തിലല്ല ഈ ജന്മം തന്നെ എന്റെ ചങ്കിൽ നീ വസന്തം വിരിയിച്ചിരുന്നു എന്ന് നീ അറിയാൻ ഒരുപാട് വൈകി പോയെന്ന് മാത്രം…. പ്രതീക്ഷയുടെ ഒരു തിരിനാളം മിഴികളിൽ തെളിയിച്ചു കൊണ്ട് കോളേജ് കവാടത്തിനരികെ നിന്ന് നീ തിരിഞ്ഞു നോക്കുമ്പോ ഈ ക്യാമ്പസിന്റെ ഒരു കോണിൽ നിന്നും ഞാനാ കാഴ്ച കാണുന്നുണ്ടായിരുന്നു….. പിന്നീടുള്ള നിന്റെ യാത്രകളിൽ ഒരു മായാജാലം പോലെ ഞാൻ നിന്നെ പിന്തുടർന്നു കൊണ്ടിരുന്നു…നീ Pg യ്ക്ക് ചേർന്ന് പഠിച്ചപ്പോഴും B.ed ന് പോയി തുടങ്ങിയപ്പോഴും നീയറിയാതെ ഞാൻ നിന്നെ കാണുന്നുണ്ടായിരുന്നു….

പിന്നെ നല്ലൊരു ജോലി ശരിയായപ്പോ ആ കണ്ണുപൊത്തി കളി എനിക്ക് തന്നെ മതിയായി തുടങ്ങി… എല്ലാം അവസാനിപ്പിക്കണം എന്നു കരുതിയാ പെണ്ണുകാണാനായി നിന്റെ മുന്നിലേക്ക് വീണ്ടും അവതരിച്ചത്… അപ്പോൾ നിന്നിൽ ഉടലെടുത്ത ദേഷ്യവും വാക്കുകളിലെ മൂർച്ചയും എന്നിലെ കുറുമ്പിന്റെ തോത് കൂട്ടി…. അപ്പോ കരീതി നീ ഒന്നും അറിയാനുള്ള സമയമായില്ലെന്ന്….. ഇങ്ങനെ ഒരു മുഹൂർത്തം വരെ അത് നീ അറിയാൻ പാടില്ല എന്നൊരു വാശി…ഒരു ചെറിയ കുറുമ്പ്… അതായിരുന്നു ഇവിടെ വരെ എന്നെയും നിന്നെയും എത്തിച്ചത്….

ചുണ്ടിൽ ഒരു കുസൃതി ചിരിയുടെ ശേഷിപ്പോടെ ദേവേട്ടൻ അത്രയും പറഞ്ഞ് നിർത്തുമ്പോ ഒരു ശിലകണക്കെ ദേവേട്ടന് മുന്നിൽ നിൽക്ക്വായിരുന്നു ഞാൻ…..

അപ്പോ ഇതൊക്കെയാണ് എന്റെ love story…എങ്ങനെ ഇഷ്ടപ്പെട്ടോ….

എന്റെ മുഖത്തിന് നേർക്ക് കുനിഞ്ഞു കൊണ്ട് ഒരു കള്ളച്ചിരിയോടെ ദേവേട്ടനങ്ങനെ ചോദിയ്ക്കുമ്പോ ദേഷ്യവും സങ്കടവും കൊണ്ട് കത്തിയെരിയുകയായിരുന്നു എന്റെ മനസ്…. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അവൾക് മുന്നിൽ ചിരിയോടെ നില്ക്കുമ്പോ ആ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുക്കുന്നത് ഞാൻ അടുത്ത് കാണുകയായിരുന്നു… കണ്ണിൽ നിന്നും ഇറ്റുവീണ കണ്ണീർ കണങ്ങൾ കൺതടത്തെ നനയിച്ചു കൊണ്ട് കവിളിലേക്ക് അടർന്നു വീണതും ഞാനത് തുടച്ചു മാറ്റാൻ ഭാവിച്ചു… പെട്ടെന്നാ എന്റെ കൈയ്യിനെ തട്ടിമാറ്റി കൊണ്ട് അവള് എനിക്ക് മുന്നിൽ കലിപ്പ് മോഡ് ഓൺ ചെയ്തത്….

വേണ്ട…ദേവേട്ടൻ ഒന്നും പറയണ്ട ഇനി…എന്നെ പറ്റിക്ക്യായിരുന്നില്ലേ ഇതുവരെ…ഒരു വാക്ക് പറഞ്ഞോ എന്നോട്…പറയ്…പറഞ്ഞോന്ന്…

എന്നെ പറ്റിച്ചതാ ഇതുവരെ…ഈ മനസില് ഇത്രേം നാളും കൊണ്ട് നടന്ന മുഖം എന്റേതായിരുന്നൂന്ന് ഇപ്പോഴാ പറയുന്നേ….ഇത് കേൾക്കാൻ എത്രമാത്രം ആഗ്രഹിച്ചതാ ഞാൻ…അറിയ്വോ… അപ്പോഴെല്ലാം മറച്ചു വച്ചു നടന്നിട്ട്….

ഓരോ ഡയലോഗും പറഞ്ഞു കൊണ്ട് എന്റെ നെഞ്ചിലേക്ക് കൈപ്പദം കൊണ്ട് തള്ളി ഓഫീസിന് മുന്നിലെ നീണ്ട വരാന്തയിലൂടെ അവളെന്നെ ലക്ഷ്യം വച്ച് തന്നെ ഓരോ ചുവട് എനിക്ക് നേരെ വച്ചു… അതിനനുസരിച്ച് കുലുങ്ങി ചിരിച്ചു കൊണ്ട് ഞാൻ പിന്നോട്ട് നീങ്ങി….

ഏയ്…ഡീ… ഞാൻ…ഒരു തമാശയ്ക്ക്…നീലു… ഡീ….

എന്റെ വാക്കുകൾ ഏറെയും ചെറിയ ശബ്ദങ്ങളായി മുറിഞ്ഞു….അവളപ്പോഴും എന്തൊക്കെയോ പരിഭവച്ചുവ കലർത്തി പറഞ്ഞ് എന്റെ നെഞ്ചിലേക്ക് പ്രഹരങ്ങൾ ഏൽപ്പിയ്ക്ക്യായിരുന്നു…. അതിന്റെ തോത് ഏറി വന്നതും ഞാൻ തന്നെ ഒരു ചിരിയോടെ അവൾടെ ഇരുകൈയ്യിലും പിടുത്തം മുറുക്കി അവയെ തടഞ്ഞു പിടിച്ചു….അവളെ ചെറിയൊരൂക്കോടെ ഭിത്തിയിലേക്ക് ചേർത്ത് നിർത്തി….അവളപ്പോഴും കുതറാനും തള്ളിമാറ്റാനും ശ്രമിക്കുന്നുണ്ടായിരുന്നു…..

ദേവേട്ടാ… എന്റെ മുന്നീന്ന് മാറിയ്ക്കേ…ഇനി എനിക്കൊന്നും കേൾക്കണ്ട….

അവളെന്റെ കൈ കുടഞ്ഞെറിഞ്ഞ് വലത് വശത്ത് കൂടി പോകാൻ തുടങ്ങിയതും ഞാൻ ഇടം കൈ ഭിത്തിയിലൂന്നി അതിനെ തടഞ്ഞു വച്ചു… അവള് ഇടത് വശം ഉന്നം വച്ചതും ഞാനവക്ക് വലം കൈയ്യാൽ വലയം തീർത്തു…

ദേവേട്ടാ ഞാൻ പറഞ്ഞില്ലേ എനിക്കൊന്നും കേൾക്കാനില്ലെന്ന്… ദേവേട്ടൻ മാറിയ്ക്കേ…

കൈവെള്ളയിൽ കോരിയെടുത്ത പരൽ മീനിനെ പോലെ അവളെന്റെ കരവലയത്തിനുള്ളിൽ ചലനം തീർക്കുകയായിരുന്നു…ഞാനത് കണ്ട് ഒന്ന് മന്ദഹസിച്ചു നിന്നു….

എന്തിനാ ചിരിയ്ക്കുന്നേ…എന്നേ പറ്റിച്ചൂന്ന് കരുതിയാവും… എങ്കില് കേട്ടോ എനിക്ക് ഏറെക്കുറെ സംശയങ്ങളുണ്ടായിരുന്നു… പക്ഷേ ഒന്നും അങ്ങോട്ട് തുറന്നു പറഞ്ഞില്ലാന്ന് മാത്രം…

ഞാനതു കേട്ട് പൊട്ടിച്ചിരിച്ചു നിന്നു…

തമാശയല്ല… എനിക്ക്… എനിക്ക് അറിയാമായിരുന്നു ദേവേട്ടന് എന്തോ ഒരിഷ്ടം എന്നോട് ഉണ്ടെന്ന്…ഇത്രയും ആഴത്തിൽ ഉണ്ടെന്ന് അറിഞ്ഞില്ല…അത് സത്യമാ…അച്ഛനെയൊന്ന് കാണട്ടേ…..കൊടുക്കുന്നുണ്ട് ഞാൻ…എന്നെ പറ്റിക്കാൻ കൂട്ടു നിന്നൂ ല്ലേ…. കാണിച്ചു കൊടുക്കാം…ഈ ഗൂഡാലോചനയിൽ പങ്കുള്ള ആരോടും ഞാനിനി മിണ്ടാൻ പോണില്ല… ദേവേട്ടനോട് പ്രത്യേകിച്ചും…ഇനി ഒന്നും പറയയ്യേം വേണ്ട… എനിക്ക് കേൾക്കേം വേണ്ട….

അതിന് എനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞ് കഴിഞ്ഞില്ലേ…ഇനി പുതുതായി ഒന്നും പറയാനില്ലല്ലോ….

അത്രയും കേട്ടതും അവള് മുഖം കൂർപ്പിച്ചു കൊണ്ട് എന്നെയൊന്ന് നോക്കി….ആ മുഖത്ത് നിറഞ്ഞു നിന്ന പരിഭവം ശരിയ്ക്കും ഒരു പുകമറ മാത്രമായിരുന്നു എന്ന് പ്രണയം തുളുമ്പി നിന്ന അവളുടെ കണ്ണുകൾ എനിക്ക് വ്യക്തമാക്കി തന്നു… നെഞ്ചിലൊളിപ്പിച്ചു വച്ച സ്നേഹത്തെ ഇനിയും നിലയില്ലാകയത്തിലേക്ക് തള്ളിവിടാതെ ഞാനവളുടെ സിന്ദൂരച്ചുവപ്പിൽ ഒരു സ്നേഹ ചുംബനം ചാർത്തി…. എനിക്ക് മുന്നിൽ എതിർപ്പ് പ്രകടിപ്പിച്ചു നിന്ന അവൾ ഞൊടിയിട നേരം കൊണ്ട് എനിക്ക് വിധേയയാവാൻ തുടങ്ങി….

കണ്ണുകൾ ഇറുകെയടച്ച് ഞാനാ നെറ്റിയെ ചുംബിച്ചുണർത്തുമ്പോ കൂമ്പിയടഞ്ഞ മിഴികളോടെ അവളത് ഏറ്റു വാങ്ങുകയായിരുന്നു… എന്റെ അധരത്തിന്റെ ദിശ നെറ്റിയിൽ നിന്നും പുരികക്കൊടിയിലേക്കും കൂവളമിഴികളിലേക്കും ഗതിമാറിയൊഴുകി ഒടുവിൽ അവ അതിന്റെ ഇണയെ പ്രാപിച്ചു…. അന്യോന്യം നിശബ്ദമായി ഞാനാ ചൊടികളെ നുകരുമ്പോൾ ഒരു ദിവ്യ പ്രണയത്തിന്റെ നിർവൃതി അവളറിയുകയായിരുന്നു…. എന്റെ മുടിയിഴകളിലേക്ക് കോർത്ത് വലിച്ച അവളുടെ വിറയാർന്ന കൈകളും വിരലുകളും അതെനിക്ക് മനസിലാക്കി തന്നു….. ഒരു നീണ്ട ചുംബനം അതിന്റെ പൂർണത തേടുമ്പോൾ എന്റെ പ്രണയത്തിന്റെ തീവ്രത അവളറിയുകയായിരുന്നു….

മെല്ലെ മുഖമുയർത്തി ഉയരുമ്പോ ഇരു കണ്ണുകളും പരസ്പരം കോർത്തിരുന്നു…. അവളുടെ കണ്ണുകളിൽ മൊട്ടിട്ട നാണത്തിന്റെ തിരയിളക്കങ്ങളും കവിളിണയിൽ തെളിഞ്ഞു വന്ന ചുവപ്പ് രാശിയും പെണ്ണിന്റെ മാറ്റ് കൂട്ടി….

*പ്രകടമാക്കാത്ത സ്നേഹം നിരർത്ഥകമാണ് പിശുക്കന്റെ ക്ലാവ് പിടിച്ച നാണ്യശേഖരം പോലെ ഉപയോഗ ശൂന്യവും……*

അന്ന് ഈ വരികളെ കണ്ടില്ലാന്ന് നടിച്ചു… പക്ഷേ ഇന്ന് ഞാൻ ഒരു പിശുക്കനല്ല…..!!! അതുകൊണ്ട് ഇനിയുള്ള എന്റെ സ്നേഹം പ്രകടമായി തന്നെ നല്കാനാണ് ഉദ്ദേശം….. നിന്നോട് ആരാടീ പറഞ്ഞേ ഞങ്ങൾ സഖാക്കള് unromantic മൂരാച്ചികളാണെന്ന്….പ്രണയം തന്നെ വിപ്ലവമാക്കിയവരാ ഞങ്ങള് സഖാക്കള്….. ആ ഞങ്ങളെ പോലെ സ്വന്തം നല്ല പാതിയെ ഇടനെഞ്ചില് ചേർത്ത് വച്ച് പ്രണയിക്കാൻ ഈ ലോകത്ത് മറ്റാർക്കാടീ കഴിയുന്നേ…..❤️

അതും പറഞ്ഞ് ഇരു പുരികങ്ങളും അവൾക് മുന്നിൽ ഒന്നുയർത്തി നോക്കിയതും ചെഞ്ചുണ്ടിൽ നാണത്തിന്റെ ചുവപ്പ് വീശി ഒരു പുഞ്ചിരിയോടെ അവളെന്റെ നെഞ്ചോരം ചാഞ്ഞു…. എന്റെ ഹൃദയമിടിപ്പിന് കാതോർക്കുമ്പോ അവളുടെ ഉള്ളിലെ സന്തോഷത്തിന്റെ വേലിയേറ്റം എനിക്ക് വ്യക്തമായിരുന്നു…..എന്നെ ചുറ്റി വരിഞ്ഞു നിന്ന അവളെ ഒരു പുഞ്ചിരിയോടെ ഞാനും വാരിപ്പുണർന്നു നിന്നു….

ദേഷ്യമുണ്ടോ നീലു എന്നോട്…??? ഒരുപാട് വിഷമിപ്പിച്ചില്ലേ ഞാൻ നിന്നെ….!!

ദേഷ്യം…. ദേഷ്യമല്ല ദേവേട്ടാ എനിക്കിപ്പോ…. എന്റെയുള്ളിൽ തോന്നിയ ഈ സമ്മിശ്ര വികാരത്തിന് എന്ത് പേര് പറയണം എന്നെനിക്കറിയില്ല…. അത്രയും…. അത്രയും ഇഷ്ടമായിരുന്നു എനിക്ക് ദേവേട്ടനെ… അവഗണിക്കുമ്പോ,മാറ്റി നിർത്തുമ്പോ,കണ്ടില്ലാന്ന് നടിയ്ക്കുമ്പോഴെല്ലാം ദേഷ്യം തോന്നിയിരുന്നു… പക്ഷേ ഒരു നീർക്കുമിളയുടെ ആയുസ് പോലും ഉണ്ടായിരുന്നില്ല ആ ദേഷ്യത്തിന്….. ദേവേട്ടൻ അത്രമേൽ എന്റെ ഹൃദയത്തിൽ പതിഞ്ഞിരുന്നു…. അടർത്തി മാറ്റാൻ ആകാത്ത വിധം…. അത്രമേൽ ആഴത്തിൽ പതിഞ്ഞിരുന്നു….❤️❤️❤️❤️❤️ ഇപ്പോ എല്ലാം കേട്ടപ്പോ കരയണോ,ചിരിയ്ക്കണോ എന്ന് അറിയാൻ പാടില്ല….!!

അത് കേട്ടതും ഞാനവളെ എന്നിൽ നിന്നും അടർത്തി മാറ്റി…

എങ്കിലേ എന്റെ മോള് ഇപ്പോ കരയണ്ട…നന്നായി ചിരിച്ചോ….

അതും പറഞ്ഞു കൊണ്ട് ഞാനവൾടെ കണ്ണിൽ നിന്നും ചാലുതീർത്ത കണ്ണീരൊപ്പിയെടുത്തു… പെട്ടെന്ന് കോളേജ് കവാടം കടന്ന് ഒരു ബൈക്ക് മെയിൻ entrance ന് മുന്നിലേക്ക് വന്നു നിന്നു… എന്നെ കണ്ടപ്പോഴേ ആളൊന്ന് ചിരിച്ചതും നീലൂനേം കൂട്ടി ഞാൻ അവർക്കരികിലേക്ക് നടന്നു….post wedding photography യ്ക്ക് വേണ്ടിയുള്ള photographers ആണ്….

നിങ്ങള് നേരത്തെ വന്നോ…???

ന്മ്മ്മ്…ഞങ്ങള് രണ്ടാളും ഇവിടെയല്ലേ പഠിച്ചത്…കുറേ ഓർമ്മകളുണ്ടല്ലോ…!!! അതൊക്കെ ഒന്ന് പൊടിതട്ടി എടുക്കാംന്ന് കരുതി…

ആ…ഹത് ശരി… എങ്കില് ആയിക്കോട്ടെ…ഞങ്ങള് ഈ പരിസരം ആകെയൊന്ന് നോക്കട്ടേ…. നല്ല സൈറ്റ് നോക്കി എല്ലാം ഒന്ന് സെറ്റാക്കാം…

അയാളതും പറഞ്ഞു ഇറങ്ങിയതും പിന്നിലിരുന്ന പയ്യൻ അത്യാവശ്യം വേണ്ട സാധനങ്ങളും ലൈറ്റിംഗ് സംവിധാനവും എല്ലാം തൂക്കി അയാൾക്ക് പിറകെ നടന്നു…. ഞങ്ങൾക്ക് യോജിച്ച സ്ഥലം ഞങ്ങൾ തന്നെ കണ്ടുപിടിച്ചു വച്ചിരുന്നു….

ആ ക്യാമ്പസിലെ ഒട്ടുമിക്ക പ്രണയങ്ങളും നാമ്പിട്ട എല്ലാ പ്രണയങ്ങൾക്കും സാക്ഷിയായ പടർന്നു പന്തലിച്ചു നിന്ന ഗുൽമോഹറിന്റെ ചുവട് തന്നെ….

അവളെ ചേർത്ത് പിടിച്ചും നെറുകയിൽ ചുംബിച്ചും നിൽക്കുമ്പോ ഞങ്ങൾക്ക് മുന്നിലെ ക്യാമറ കണ്ണുകൾ മാറ്റൊട്ടും ചോരാതെ ആ ദൃശ്യങ്ങളെ ഒപ്പിയെടുക്കുകയായിരുന്നു…. അങ്ങനെ കുറേ സമയം നീണ്ടു നിന്ന പ്രണയ രംഗങ്ങളെ ക്യാമറയിൽ പകർത്തി photographer അതിന്റെ ഭംഗി ആസ്വദിക്കാൻ തുടങ്ങി….

ഘോഷേ ഇനി ഒരു രംഗം കൂടി… ഇതൊന്ന് അവസാനിപ്പിക്കണമല്ലോ… ദേ രണ്ടു പേരും കൈ കോർത്ത് പിടിച്ച് ഈ പൂവ് വീണ് കിടക്കുന്ന പാതയിലൂടെ വിദൂരത്തിലേക്ക് ഒന്ന് നടന്ന് പോകണം… തിരിഞ്ഞു നോക്കണ്ട….ഏറ്റവും ആപ്റ്റായ song ഞങ്ങള് തിരുകി കയറ്റിക്കോളാം..

ആ ഡയലോഗ് കേട്ട് ഞാനും അവളും ഒരുപോലെ പുഞ്ചിരിച്ചു നിന്നു…ശേഷം അയാൾ പറഞ്ഞതു പോലെ അവളുടെ കൈയ്യിലേക്ക് എന്റെ വിരലുകൾ കോർത്ത് പിടിച്ചു… ഒരിക്കലും പിരിയാൻ കഴിയില്ല എന്ന ദൃഢനിശ്ചയത്തോടെ ആ വിരലുകൾ പരസ്പരം ഇണചേർന്നു മുറുകി… അയാളുടെ വാക്കിന് കാതോർത്തു നിന്ന ഞങ്ങളിരുവരും പീതപുഷ്പങ്ങളാറി കിടന്ന ആ പരവതാനിയിലൂടെ വിദൂരതയിലേക്ക് നടന്നു നീങ്ങി…..അത് കേവലം ഒരു ക്യാമറ ഫ്രെയിമിൽ മാത്രം അവസാനിക്കാനുള്ള യാത്ര ആയിരുന്നില്ല പരസ്പരം മനസിലാക്കിയുള്ള ജീവിതയാത്രയുടെ തുടക്കമായിരുന്നു….

*ബോളീവിയൻ കാടുകളിൽ വസന്തമൊരുക്കിയ.. സഹനത്തിന്റേയും സമരത്തിന്റെയും നിറവാർന്ന കിനാവുകൾ കണ്ട… ഇന്നലെയുടെ സ്വപ്നങ്ങൾക്ക് പകരം നാളെയുടെ സ്പന്ദനങ്ങൾക്ക് വേണ്ടി ആവേശം പകർന്ന ഏണസ്റ്റോ ചെഗുവേരയാണ് അവളുടെ മനസിൽ ഞാനെങ്കിൽ….ഈ ചെഗുവേരയെപ്പോലെ നിന്നെ പ്രണയിക്കാനും,കടുത്ത വേനലിനേയും തോൽപ്പിച്ച് നിന്നിൽ വസന്തം തീർക്കാനും നിന്റെയീ ചെഗുവേരയ്ക്ക് മാത്രമേ സാധിയ്ക്കൂ എന്ന ഓർമ്മപ്പെടുത്തലോടെ….ഒരു പുഞ്ചിരിയോടെ ഞാനൊന്നുകൂടി അവളുടെ കൈയ്യിനെ എന്റെ കൈപ്പിടിയ്ക്കുള്ളിൽ മുറുകെ ചേർത്ത് പിടിച്ചു….അപ്പോൾ അവളുടെ കണ്ണുകളിലെ തിളക്കത്തിനും ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയ്ക്കും എനിക്ക് പകരാൻ കാത്തുവച്ച പ്രണയത്തിന്റെ തിരയിളക്കം എനിക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു….അവളുടെ മാത്രം 🚩🚩🚩ചെഗുവേരയോടുള്ള🚩 അടങ്ങാത്ത പ്രണയത്തിന്റെ തിരയിളക്കം……❤️

അവസാനിച്ചു……

അവരുടെ ജീവിതയാത്ര ഇവിടെ അവസാനിക്കുന്നില്ല……വിപ്ലവത്തിനേയും,പ്രണയത്തിനേയും നെഞ്ചിലേറ്റിയ ക്യാമ്പസിലെ ചെഗുവേരയും അവന്റെ സഖിയും ഇനിയും നിങ്ങളുടെ മനസിലുടെ ജീവിക്കും എന്ന പ്രതീക്ഷയോടെ അവസാനിപ്പിക്കുന്നു…. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ പറഞ്ഞിട്ടു പോണേ…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *