കൊടും ചൂടിലും അവളുടെ കോട്ടണ്‍ സാരിയില്‍ ചുറ്റിപ്പിണര്‍ന്ന് കിടന്നിരുന്നു അയാള്‍…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം

രചന: വേദവതി നാരായൺ

വിരഹത്തിന്‍റെ കൊടും ചൂടിലും അവളുടെ കോട്ടണ്‍ സാരിയില്‍ ചുറ്റിപ്പിണര്‍ന്ന് കിടന്നിരുന്നു അയാള്‍….

പകലുകളിലെ കളി ചിരികളെ നാളേയ്ക്കുള്ള അഭിനയമായി മാറ്റി നിര്‍ത്തുമ്പോഴും അയാളെ സ്നേഹം കൊണ്ട് വീര്‍പ്പ് മുട്ടിച്ചിരുന്ന തന്റെ ഭാര്യയുടെ ഓര്‍മ്മയ്ക്കായി അലമാരയുടെ തട്ടില്‍ അയാൾ സൂക്ഷിച്ചു വെച്ചിരുന്ന അവളുടെ സാരി….

അവളുടെ ഇല്ലായ്മകള്‍ കൊണ്ട് വെന്തുരുകുന്ന തന്റെ നെഞ്ചിന്‍ കൂടിനെ തൊട്ടു തലോടാൻ ഒരു കുളിര്‍ തെന്നല്‍ പോലെ കടന്നു വരുന്ന അവളുടെ സൗരഭ്യം ഓര്‍മ്മിപ്പിക്കും രാവുകള്‍…. അതായിരുന്നു അയാളുടെ ജീവിതം കഴിഞ്ഞ മൂന്ന് കൊല്ലമായി….

ഓര്‍മ്മകളുടെ പടു കയത്തില്‍ വീണു അയാള്‍ കയ്യ്കാലുകൾ ഇട്ട്‌ അടിക്കുമ്പോള്‍ കണ്ടു നില്‍ക്കുന്നവര്‍ക്ക് എല്ലാം വളരെ നിസാരമായി തോന്നിയിരുന്നു… മറക്കണം മുന്നോട്ടു ജീവിക്കണം എന്നു ചുറ്റിനുമുള്ളവരുടെ ഉപദേശങ്ങള്‍… അല്ലെങ്കിലും ഒരേ സൃഷ്ടാവിന്റെ സൃഷ്ടികള്‍ എന്നു പറയുമ്പോഴും മാനവർ എല്ലാവരും ഒരു പോലെ അല്ലല്ലോ… ചിലരുടെ ഹൃദയം വളരെ ലോലമായിരിക്കും… ജീവിതത്തിലെ നഷ്ടങ്ങൾ അവരിൽ ഒരു വലിയ ഗര്‍ത്തം സൃഷ്ടിക്കും…. അത് നികത്താന്‍ ഇനിയും ഒന്നു കൂടി ജനിക്കേണ്ടിയിരിക്കുന്നു എന്നു തോന്നും.. അങ്ങനെയുള്ള ഒരു നൈര്‍മല്യത നിറഞ്ഞവനും, അതേ സമയം കര്‍മ്മരംഗങ്ങളില്‍ തന്‍റെ കഴിവ് കൊണ്ടും, ജോലിയോടുള്ള ആത്മാർത്ഥത കൊണ്ടും എല്ലാവരുടെയും ആരാധനാപാത്രവുമായിരുന്നു നിരഞ്ജന്‍….

പ്രണയിച്ച പെണ്ണിനെ തന്നെ സ്വന്തമാക്കി ഒരു സ്വര്‍ഗമായിരുന്നു അയാളുടെ ജീവിതം… ഓരോ ദിവസവും സന്തോഷങ്ങള്‍ നെയ്തു കൊണ്ട് അവരുടെ ജീവിതം മുന്നോട്ട് പോയപ്പോള്‍, കണ്ടു നിന്ന എല്ലാവരെയും പോലെ അവളുടെ സ്വന്തം ശരീരത്തിനു പോലും തോന്നിയിരുന്നു അസൂയ… അവളെ കാര്‍ന്നു തിന്നു കൊണ്ടിരുന്നു അവളുടെ രോഗം അവരുടെ സന്തോഷത്തിനുമൊപ്പം കൂടെയുണ്ടായിരുന്നു എന്നു തിരിച്ചറിയാന്‍ ഏറെ വൈകിയിരുന്നു….

ഹൃദയം ഭേദിക്കുന്ന വേദനയോടെ ക്രൂരനായ ആ അതിഥിയുടെ മുന്പില്‍ അവളെ പൂര്‍ണ്ണമായി സമര്‍പ്പിക്കുമ്പോഴും അയാള്‍ കരഞ്ഞിരുന്നില്ല… അവളുടെ വിയോഗം അയാള്‍ മനസ്സ് കൊണ്ട് അംഗീകരിച്ചിരുന്നില്ല എന്നുള്ളത് വാസ്തവം….

രാത്രിയുടെ ഏതോ യാമത്തില്‍ അയാള്‍ അവളുടെ സുഗന്ധം നിറഞ്ഞ സാരിയും പുണര്‍ന്ന് കൊണ്ട് ഉറങ്ങി…

ആ നഗരത്തിന്റെ വേറൊരു ദിക്കില്‍ മായ ആ ഹോസ്റ്റലിലെ കിടക്കയില്‍ ഉറങ്ങിയിരുന്നില്ല… നാളെയാണ് ജോലിക്ക് ആദ്യമായി പ്രവേശിക്കേണ്ടത്… അകാരണമായി കടന്നു വരുന്ന ഭീതികളാല്‍ നിദ്രാദേവിയൊട്ട് കടാക്ഷിക്കുന്നുമില്ല….

പിറ്റേന്ന് അതിരാവിലെ തന്നെ മായ ഉണര്‍ന്നു… അവള്‍ ഓഫീസിലേക്ക് പോകുവാന്‍ ഉള്ള തയ്യാറെടുപ്പ് തുടങ്ങി…ജോലിക്കു ഉതകുന്ന രീതിയില്‍ വേഷം ധരിച്ചു….ഒരു മഞ്ഞ കുര്‍ത്തയും കറുത്ത ലെഗ്ഗിംഗ്സും….ഇന്നലെ കൊണ്ട് വന്ന ബാഗുകളില്‍ ഒന്നില്‍ നിന്നും പെര്‍ഫ്യൂം കുപ്പി കയ്യില്‍ എടുത്തു….

ലില്ലി പൂവിന്‍റെ സുഗന്ധം ഏറിയ ഒരു പ്രത്യേകത നിറഞ്ഞത്…. അയലത്തെ വീണ ചേച്ചി ഗള്‍ഫില്‍ നിന്നും വന്നപ്പോള്‍, ജോലിക്കു ചേരാന്‍ പോവുകയാണ് എന്നതറിഞ്ഞു പ്രത്യേക സമ്മാനം തന്നതാണ്… നഗരത്തിലെ ജീവിതത്തിനു കാശ് ഒക്കെ ആവശ്യമല്ലേ, ഇതും കൂടി കയ്യില്‍ വെച്ചു കൊള്ളൂ എന്നും പറഞ്ഞു കുറച്ചു കാശും കൂടി തന്നിരുന്നു….

വീണ ചേച്ചി അങ്ങനെയാണ്… ഗള്‍ഫില്‍ നേഴ്സായി ജോലി നോക്കുന്നു…ഭര്‍ത്താവിന് ചേച്ചി ഒട്ടും ഒരുങ്ങി നടക്കുന്നതില്‍ ഇഷ്ടമല്ലെങ്കിലും വീണചേച്ചി പറയും..

“മായേ, പെണ്ണ് എന്നു വെച്ചാല്‍ അവളുടെ സൗന്ദര്യം, അവളുടെ വൃത്തി വെടുപ്പിലും പിന്നെ അവളുടേതായിട്ടുള്ള സുഗന്ധത്തിലും ആണ്….. മായക്കറിയാമോ, നമ്മള്‍ തിരഞ്ഞെടുക്കുന്ന സുഗന്ധത്തില്‍ പോലും ഒരു സൗന്ദര്യം ഒളിഞ്ഞിരിക്കണം… അത് നമ്മളെ നമ്മള്‍ ആക്കുന്ന ഒരു സൗരഭ്യത്തോടു കൂടിയതായിരിക്കണം… ഞാന്‍ ഈ ലില്ലി പൂവിന്‍റെ സുഗന്ധം അറിഞ്ഞപ്പോള്‍, മായയ്ക്ക് യോജിക്കുന്നത് പോലെ തോന്നി…. മായയെപ്പോലെ ഒരു ശാലീനത ഓര്‍മ്മപ്പെടുത്തുന്ന ഒന്ന്”….

ഒരു നെറുചിരിയോടെ ആ സുഗന്ധം ആദ്യമായി പൂശുമ്പോള്‍ മായ ഓര്‍ത്തു… ജോലിയിലെ ആദ്യ ദിവസം തന്നെ ഇതിരിക്കട്ടെ…. ഒരു പുതുമ തന്നിലും നിറയട്ടെ….

മനയ്ക്കലെ രാജീവ് ചേട്ടന്‍ വഴി ശരിയാക്കിയതാണ് ഈ ജോലി.. അവളുടെ അച്ഛന്‍ അവിടുത്തെ ഡ്രൈവര്‍ ആയിരുന്നു.. അച്ഛന്‍ കിടപ്പില്‍ ആയപ്പോള്‍ മുതല്‍ അവരുടെ നിത്യ ജീവനത്തിന് മായയ്ക്ക് ഒരു ജോലി കൂടിയേ തീരു എന്നായി… ഡിഗ്രി നല്ല മാര്‍ക്കോടെ പഠിച്ചു കഴിഞ്ഞതു സഹായമായി…

തന്‍റെ സീറ്റിലേക്ക് ആനയിക്കപ്പെടുമ്പോള്‍ ചുറ്റുമുള്ളത് ഒരു വിചിത്രമായി തോന്നി മായയ്ക്ക്…. പുതിയ സഹ പ്രവര്‍ത്തകയെ കാണാന്‍, പരിചയപ്പെടാന്‍… ഓരോരുത്തരായി വന്നു കൊണ്ടിരുന്നു…. അക്കൂട്ടത്തില്‍ ഒരു അടുപ്പം തോന്നിയത് ശരണ്യയോടു ആയിരുന്നു…. ചുണ്ടില്‍ ചുവന്ന ചായം തേച്ച് പിടിപ്പിച്ചു, ആ കൃത്രിമത്വത്തോടു ഒട്ടും സാമ്യം ഇല്ലാത്ത ഒരു കുട്ടിത്തം നിറഞ്ഞ ചിരി ഒളിപ്പിച്ചവള്‍…

തിരക്കുകള്‍ ഒഴിഞ്ഞപ്പോള്‍ ശരണ്യ വീണ്ടും അടുത്തു വന്നിരുന്നു…. “നീ കണ്ടിരുന്നുവോ നിരഞ്ജന്‍ സാറിനെ”

“ഇല്ല” മായയുടെ മുഖത്താകെ ഒരു അതിശയം… അന്ന് അഭിമുഖത്തിന് വന്നപ്പോള്‍ നിരഞ്ജന്‍ സാറിനെ കുറിച്ച് തോമസ് സാര്‍ പറഞ്ഞിരുന്നു,… എല്ലാവര്ക്കും നല്ല അഭിപ്രായം ആണ് സാറിന്റെ ടീമിനെകുറിച്ചും….അതിന്‍റെ ഭാഗമാകാന്‍ കിട്ടുന്നത് മായയുടെ ഭാഗ്യമെന്നു അദ്ദേഹം പറഞ്ഞിരുന്നു…

“എന്റെ പെണ്ണേ എന്താ ഈ ആലോചിച്ചു കൂട്ടുന്നേ?… ഇന്ന് യോഗം വെച്ചിട്ടുണ്ട് സാര്‍, പുതിയ അംഗത്തിനെ പരിചയപ്പെടുത്തുവാന്‍”… എന്നും പറഞ്ഞു അവള്‍ ഒരു ചെറു ചിരി ചുണ്ടില്‍ ഒളിപ്പിച്ച്, ധരിച്ചിരുന്ന ആന്‍റി ഗ്ലയര്‍ കണ്ണട അല്പം മുകളിലേക്കുയര്‍ത്തി ഉച്ചിയിലേക്ക് കയറ്റി വെച്ചു…

തമാശകള്‍ പറഞ്ഞു ചിരിച്ചു കൊണ്ടിരുന്ന ആ യോഗത്തിന് മായ എത്തുമ്പോള്‍ ഏകദേശം എല്ലാവരും എത്തിയിരുന്നു…. എന്നാല്‍ മായയെ കണ്ടപ്പോള്‍, ചിരിച്ചു സംസാരിച്ച് കൊണ്ടിരുന്ന നിരഞ്ജന്‍ സാറിന്റെ മുഖഭാവം മാറിയത് മായ ഉള്‍പ്പടെ എല്ലാവരും ശ്രദ്ധിച്ചിരുന്നു….

ഒരു കൃത്രിമമായി മായയുടെ ആമുഖം കഴിഞ്ഞെങ്കിലും, അത് വരെ അവരാരും കാണാത്ത ഭാവത്തോടെ ഇരുന്ന തങ്ങളുടെ മേലുദ്ദ്യോഗസ്ഥനെ കാണ്‍കെ ടീമിലെ എല്ലാവരിലും ഒരു അസ്വസ്ഥതയുണ്ടായി… അത് മനസ്സിലായ അയാള്‍ യോഗം നേരത്തെ തന്നെ അവസാനിപ്പിച്ചിരുന്നു… ഏറെ പ്രതീക്ഷയോടെ എത്തിയ മായയ്ക്കും അവളുടെ ആദ്യ ദിവസം ഒരു നൊമ്പരം നിറഞ്ഞതായിത്തീര്‍ന്നിരുന്നു….

“ഡീ നിനക്കറിയാമോ നിരഞ്ജന്‍ സാറിനെ മുന്‍പ്?”….. അങ്ങനെ ചോദിക്കുമ്പോള്‍ ശരണ്യയുടെ മുഖത്ത് ഒരു അമര്‍ഷം നിറഞ്ഞിരുന്നു…അതിനു കാരണം എപ്പോഴും ചിരിച്ചു തമാശ പറയുന്ന സാറിന്റെ മുഖത്ത് അവള്‍ ആദ്യമായി കണ്ട ആ വിഷാദഭാവം ആയിരിയ്ക്കാം…. അവള്‍ വെടി പൊട്ടിക്കുമാറുച്ചത്തില്‍ അങ്ങനെ ചോദിക്കുമ്പോള്‍ ചുറ്റുമുള്ളവര്‍ മായയുടെ വാക്കുകള്‍ക്കായി കാത്തിരുന്നു

“ഇല്ല അറിയില്ല” മായ പറയുമ്പോള്‍ അവളുടെ വാക്കുകള്‍ ഇടറിയിരുന്നു…. അങ്ങനെ അവൾ ചോദിച്ചതില്‍ തെറ്റില്ല… ആ മുറിയിൽ ഇരുന്ന എല്ലാവർക്കും വ്യക്തമായിരുന്നു സാറിന്റെ മുഖത്തെ ആ ഭാവമാറ്റം….

അടുത്ത ദിവസവും മായ പ്രതീക്ഷയോടെ തന്നെ ഓഫീസിലേക്ക് പുറപ്പെട്ടു… എന്നാല്‍ അന്നത്തെ യോഗത്തില്‍ ഓരോരുത്തരും അവരവരുടെ ജോലിയുടെ അപ്ഡേറ്റുകള്‍ കാണിക്കുമ്പോള്‍ അയാള്‍ അനാവശ്യമായി ദേഷ്യപ്പെട്ടിരുന്നു..പതിവിലും വിപരീതമായി….

തന്‍റെ കാബിനില്‍ വാതില്‍ അടച്ചു അയാള്‍ നെടുവീര്‍പ്പെടുമ്പോഴും തന്‍റെ യുക്തിബോധവുമായി ഒരു ഏറ്റുമുട്ടല്‍ തന്നെ അയാള്‍ നടത്തിയിരുന്നു….

പതിവിലും നേരത്തെ വീട്ടിലേക്ക് തിരിച്ചു പോകുന്ന സാറിനെ അവരെല്ലാം ഒരു ആശ്ചര്യത്തോടെ നോക്കി… കാരണം അറിയാതെ മായയും നന്നേ വിഷമിച്ചു…

വീട്ടില്‍ എത്തിയ അയാള്‍ തന്റെ മനോവിഷമങ്ങള്‍ അകറ്റുവാന്‍ ഉള്ള വഴികള്‍ ഓരോന്നായി ചിന്തിച്ചു…. തന്നെ അലട്ടുന്ന ഈ പ്രശ്നത്തിന് ഒരു ഉത്തമമായ പോംവഴി അയാള്‍ തേടി വലഞ്ഞു….

കുറെ നേരത്തെ ആലോചനകള്‍ക്ക് ശേഷം അയാള്‍ അതിനു യോജിച്ച ഒരു പരിഹാരം കണ്ട പോലെ ഒന്നു ഉറപ്പിച്ചു….. ലാപ്ടോപ്പ് തുറന്ന് ഹ്യൂമൻ റിസോഴ്‌സ് മാനേജര്‍ക്ക് അയാൾ ഒരു ഇമെയില്‍ അപേക്ഷ അയച്ചു….

ഒരു ആശ്വാസത്തോടെ എന്നത്തേയും പോലെ, അയാള്‍ തന്റെ ദ്വന്ദ വ്യക്തിത്വത്തിലെ രാവിന്റെ ഭാവങ്ങളെ സ്വീകരിക്കാന്‍ എന്ന വണ്ണം അലമാര തുറന്നു ഭാര്യയുടെ ആ സാരി കയ്യില്‍ എടുത്തു…. എന്നത്തെപ്പോലെയും അയാള്‍ അതിനെ പുണര്‍ന്ന് കൊണ്ട് കിടക്കുമ്പോള്‍ അയാളുടെ മനസ്സ് മന്ത്രിച്ചു… “നിന്റെ ഓര്‍മ്മകളില്‍ മാത്രം ആശ്വാസം തേടുന്ന എന്നെ, ജോലി സ്ഥലത്ത് ആരും കാണുന്നത്…അറിയുന്നത്…എനിക്ക് സഹിക്കുകയില്ല..:അത്‌ നമ്മളുടേത് മാത്രമായ സ്വകാര്യതയാണ്”….

അയാള്‍ പതിയെ നിദ്രയെ പുല്‍കുമ്പോള്‍, അയാളുടെ അഭ്യർത്ഥന അനുസരിച്ചു ജോലി സ്ഥലം സുഗന്ധമില്ലാത്ത മേഖല ആക്കുന്ന ഹ്യൂമൻ റിസോഴ്‌സിന്റെ അറിയിപ്പുകള്‍ മായ അടക്കമുള്ള എല്ലാവരുടെയും മെയില്‍ ബോക്സിലേക്ക് വന്നു കഴിഞ്ഞിരുന്നു…

അപ്പോള്‍… അയാളുടെ മുറിയില്‍….ഭാര്യ ഉപയോഗിച്ചിരുന്ന, ലില്ലി പൂവിന്റെ സുഗന്ധം നിറച്ചു വച്ചിരുന്ന പച്ചനിറത്തില്‍ വട്ടാകൃതിയിലുള്ള ആ കുപ്പി ഒന്നു കണ്‍ചിമ്മിയിരുന്നു….

ശുഭം

രചന: വേദവതി നാരായൺ

Leave a Reply

Your email address will not be published. Required fields are marked *