കണ്ണുകൾ അടച്ച് രണ്ടു കൈകളും എന്നിലേക്ക് നീട്ടി എനിക്കുള്ള സമ്മാനം…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം

രചന: അഷ്റഫ് കടന്നമണ്ണ

പ്രവാസത്തിൽ ജീവിതക്രമം താളം പിടിപ്പിക്കാനോടുന്ന ഓട്ടത്തിൽ മറന്നു പോവുന്ന ചിലതുണ്ട് ജീവിതത്തിൽ…

നാട്ടിലെ ചില സർക്കാർ അധ്യാപകരെപ്പോലെ, മാസവരുമാനത്തെ പലതായി ഭാഗിച്ച് വീതം വെച്ച് തൻ്റെ പശിയേക്കാൾ തൻ്റെ കുടുംബത്തിൻ്റെ വിശപ്പടക്കാൻ പാടുപെടുന്നവർ…

ഇതിനിടയിലും തൻ്റെ ചില സ്വപ്നങ്ങളിൽ വഴുതിതെറിച്ച് പിന്നീട് അൾക്കൂട്ടനടുവിൽ അപമാനിതനാവും മുമ്പേ രക്ഷപ്പെടുന്നവർ…!

*****************

ഇക്കാലമത്രയും കൂടെജീവിച്ചിട്ടും കാര്യമായൊന്നും അവശ്യപ്പെടാത്തവളാണ്…

അവളുടെ ആഗ്രഹങ്ങൾക്കവൾ തന്നെ അതിരുകൾ നിശ്ചയിച്ചതിനാലാവണം അവളുടെ അത്യാവശ്യങ്ങളൊക്കെയും ചില ചെറിയ ചെറിയ ആവശ്യപട്ടികയിലെ അടിയിലെ വരിയിലേക്ക് മാറ്റിയെഴുതുന്നവളാണ്…

പിണക്കങ്ങളിലൊക്കെയും പിന്നീട് പരിഭവം കലർത്തി മടക്കി തന്ന് എന്നെ തോൽപ്പിക്കുന്നവളാണ്…

ചിലയിടങ്ങളിൽ എൻ്റെ പുരുഷാധിപത്യത്തിൻ്റെ കനലുകളിൽ പോലും മൗനം വിതറി രംഗപടം പതിയെ അഴിച്ചെടുക്കുന്നവളാണ്…

ഇന്ന് ഇത്തിരി നേരത്തേ വരണേ… റൂമിൽ നിന്നും ഇറങ്ങാൻ നേരമാണവൾ ഉണർത്തിയത്. എന്തേ..? അതൊക്കെയുണ്ട്, രണ്ട് മൂന്ന് ദിവസം മുമ്പ് ഫോണിലൂടെ പറഞ്ഞത് മറന്നു പോയോ? പരിഭവം കലർത്തിയാണാ ചോദ്യം.

ഓ, ഞാനത് മറന്നു. ശരി വരാം.

വണ്ടിയൊടിക്കുമ്പോഴും ഒരേ ചിന്തയായിരുന്നു. ഇന്ന്, ഈയൊരു നാളിൽ എന്താണവൾക്ക് സമ്മാനമായി നൽകുക…? എന്താണെങ്കിലുമെൻ്റെ സമ്മാനമവൾക്ക് കൊച്ചു കുട്ടികളുടെ മനസ്സിലേക്കുള്ള പരിവർത്തനമാണ് നൽകുക.

ചിന്തകൾക്കിടയിൽ മനസ്സിലോടിയെത്തിയത് ഒരു മോതിരമായിരുന്നു. മുമ്പൊരു ഷോപ്പിങ്ങിനിടയിലൊരു സ്വർണ്ണാഭരണശാലയിലവൾ കണ്ണുവെച്ചൊരു മോതിരം… തിളങ്ങുന്ന ഹൃദയചിഹ്നങ്ങളെ കോർത്തുവെച്ച ആ മോതിരം തിരിച്ചും മറിച്ചും നോക്കിയവൾ അവസാനം സെയിൽസ്മാന് തന്നെ തിരിച്ചു കൊടുത്തു…

ഇഷ്ടപ്പെട്ടോ? എടുത്തോളൂ…

ഇഷ്ടപ്പെട്ടു, പക്ഷെ വേണ്ട..!

എൻ്റെ ചോദ്യത്തിനുത്തരം നൽകി ആ ആഗ്രഹത്തേയുമവൾ അവളുടെ ലിസ്റ്റിൽ നിന്നും പുറത്തെറിഞ്ഞു.

ഇന്ന്, ആ മോതിരം തന്നെ സമ്മാനമായി നൽകാം. അത് കാണുമ്പോഴുള്ള ഭാവവ്യത്യാസങ്ങർ മനസ്സിൽ ഓർത്തെടുത്ത്, വാഹനം ഓഫീസിനു താഴെ പാർക്കു ചെയ്തപ്പോഴാണ് മൊബൈലിൽ മെസ്സേജിൻ്റെ ശബ്ദം കിലുങ്ങിയത്…

“താങ്കളുടെ പേരിൽ രജിസ്ട്രർ ചെയ്ത വണ്ടിയിലെ ഡ്രൈവർ വാഹനമോടിച്ചപ്പോൾ കയ്യിൽ മൊബൈൽ ഉപയോഗിച്ചതായി ഓട്ടോമാറ്റിക്ക് മോണിറ്റർ സിസ്റ്റത്തിൽ തെളിഞ്ഞതായി കാണുന്നു. ദയവായി അഞ്ഞൂറ് റിയാൽ പെനാൽട്ടിയായി അടക്കുക”. ട്രാഫിക്ക് വിഭാഗത്തിൻ്റെ സന്ദേശമാണ്‌.

ഓഫീസിലെത്തി മെസ്സേജിൻ്റെ കൂടെയുണ്ടായിരുന്ന ലിങ്കിൽ പോയി ട്രാഫിക്ക് ലംഘനത്തിൻ്റെ സ്ഥലവും തിയതിയും തിരഞ്ഞശേഷം മൊബൈൽ കാൾലിസ്റ്റ് പരിശോധിച്ചപ്പോഴാണ്, മൂന്ന് ദിവസം മുമ്പേ ഓഫീസ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്കുള്ള വഴിയിൽ, വണ്ടി ഓടിക്കുമ്പോൾ മൊബൈലിൽ അവളുമായി, വർഷങ്ങൾക്ക് മുമ്പ് അവളെ കണ്ടുമുട്ടിയതും കല്യാണമുറപ്പിച്ച വിശേഷങ്ങളും വാതോരാത്തെ സംസാരിച്ചതോർമ്മവന്നത്…!

കൊടുത്തു തീർക്കാനുള്ളത് വേഗം കൊടുത്തു തീർക്കുന്ന സ്വഭാവമുള്ളത് കൊണ്ടു തന്നെയാവണം വേഗം ബേങ്ക് അക്കൗണ്ടിൽ നിന്നാ അഞ്ഞൂറ് റിയാൽ പേമെൻ്റ് ട്രാൻസ്ഫർ ചെയ്ത ശേഷമേ ഓഫീസ് ജോലിയിലേക്ക് തിരിഞ്ഞുള്ളൂ.

വൈകുന്നേരമാണ് നഗരത്തിലെ അറിയപ്പെടുന്ന ആ സ്വർണ്ണാഭരണശാലയിൽ അവൾ അവളുടെ ഇഷ്ടലിസ്റ്റിൽ നിന്നും പുറത്തെറിഞ്ഞ, ഹൃദയചിഹ്നങ്ങളെ കോർത്ത് വെച്ചാമോതിരം തിരഞ്ഞ് ഞാനെത്തിയത്… ആ മോതിരം കണ്ടെത്താനായില്ലെങ്കിലും അതിനോട് സാമ്യമുള്ളതൊന്ന് കണ്ടെത്തി സന്തോഷത്തോടെ പാക്ക് ചെയ്യാനേൽപ്പിച്ചു.

പേമെൻ്റിനു വേണ്ടി ഡെബിറ്റ്കാർഡ്, പേമെഷീനിനു മുകളിൽ വെച്ചെപ്പോഴെല്ലാം എക്കൗണ്ടിൽ ബാലൻസ് തികയില്ല എന്ന മെസ്സേജോടെയാമെഷിൻ ശബ്ദിച്ചു..!

കയ്യിലാണെങ്കിൽ നൂറു റിയാലുപോലും തികയില്ല…!

ഇനിയെന്ത്..?

കേറി വന്നപ്പോഴുണ്ടായിരുന്ന തണുപ്പൊന്നും ഇപ്പോൾ ജ്വല്ലറിയുടെ ഏസിക്കില്ലാത്തതുകൊണ്ടാണോ രോമകൂപങ്ങളിലൂടെ വിയർപ്പു കണങ്ങൾ തലപൊക്കി തുടങ്ങിയത്..?

ചില സന്ദർഭങ്ങളിൽ സ്വയം അപമാനിതനാവുന്നതിനു മുമ്പേ അവിടങ്ങളിൽ നിന്നും രക്ഷപ്പെടണം… ആ സമയങ്ങളിൽ ചില ഒഴിവു കഴിവുകൾ ചില നിർദ്ദോഷങ്ങളായ കളവുകൾ നമ്മുടെ രക്ഷക്കെത്തും…!

അവസാനം ജ്വലറിയിൽ നിന്നും പുറത്തിറങ്ങി….

മുഖം മനസ്സിൻ്റെ കണ്ണാടിയെന്ന സത്യത്തെ തൽക്കാലമൊരു കർട്ടനിട്ട് മൂടി, മുഖത്തൊരു വല്ലാത്ത പുഞ്ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് റൂമിൻ്റെ വാതിൽ തുറന്നപ്പോഴേക്കും കണ്ണുപൂട്ടാൻ ആജ്ഞാപിച്ചു കൊണ്ട് മോളാണോടി വന്നത്…

കൈ പിടച്ചവൾ ഡൈനിങ്ങ് ടേബിളിലേക്കാനയിച്ച് കണ്ണ് തുറക്കാനാവശ്യപെട്ടു…

മുന്നിൽ എനിക്ക് വേണ്ടി സമ്മാനങ്ങൾ നിരത്തിവെച്ച് നല്ല പാതി….

രണ്ടാൾക്കും “ഹാപ്പി വെഡിങ്ങ് ആനിവേഴ്സറി”

ആശംസ നേർന്നത് മോളാണ്.

സന്തോഷത്തിനിടയിലും ഹൃദയമിടിപ്പിൻ്റെ ശബ്ദം പെരുമ്പറ കൊട്ടുന്നപോലെ പുറത്ത് കേൾക്കാം…

അപ്പോഴാണ്, കണ്ണുകൾ അടച്ച് രണ്ടു കൈകളും എന്നിലേക്ക് നീട്ടി “എനിക്കുള്ള സമ്മാനം” എന്ന നല്ല പാതിയുടെ ചോദ്യം കേട്ടത്…

നീട്ടിപിടിച്ചയാകൈകൾ ഞാൻ കൂട്ടി പിടിച്ചു. എല്ലാം മനസ്സിലായതുകൊണ്ടാവണം പതുക്കെ യവൾ…

സാരമില്ലന്നേയ്…

സ്വന്തം അത്യാവശ്യങ്ങളെത്രയും ആവശ്യപട്ടികയുടെ താഴെ വരിയിലേക്ക് മാറ്റിയെഴുതുന്നയവൾക്ക് വേറെന്താണ് പറയാൻ കഴിയുക….?

ഒന്നും പറയാനാവാതെയവളെ എന്നിലേക്ക് ചേർത്തപ്പോഴേക്കുമെൻ്റെ കണ്ണുനീരവളുടെ നെറുകിൽ പ്രണയസിന്ദൂരം ചാർത്തിയിരുന്നു….

രചന: അഷ്റഫ് കടന്നമണ്ണ

Leave a Reply

Your email address will not be published. Required fields are marked *