ഒരു മൂളലിൽ മറുപടി ഒതുക്കിയ പരിഭവത്തിൽ അവൾ അവന്റെ കവിളിൽ നുള്ളി…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ ഹോം

രചന: Sabitha Aavanit

ഹോമം

അവന്റെ വിയർപ്പ് തുള്ളികളിൽ അലിഞ്ഞ് അവനൊപ്പം കിടക്കുമ്പോൾ അവൾ അവന്റെ പിൻ കഴുത്തിൽ വിരലോടിച്ചു.

മയക്കത്തിന്റെ ഇടയിൽ അവൻ മെല്ലെ ആ കണ്ണുകൾ തുറന്നു അവളെ നോക്കി.

തന്റെ ചൂട്പറ്റി കിടന്ന അവളെ ഒന്നുകൂടെ ചേർത്തു പിടിച്ച് അവൻ കിടന്നു.

അവളുടെ വിയർപ്പ് പൊടിഞ്ഞ നെറ്റിത്തടവും… അവന്റെ ചുംബനമേറ്റ് ചുവന്ന കവിൾത്തടങ്ങളും അവളെ കൂടുതൽ സുന്ദരിയാക്കിയ പോലെ.

അവൾ അവന്റെ നെഞ്ചിലേക്ക് കൂടുതൽ പറ്റി ചേർന്നു.

“ഏട്ടാ…

“മ്മ് …”

“നിങ്ങൾക്ക് ഇപ്പോഴും എന്നെ ഇഷ്ടാണോ….”

ആ ചോദ്യം കേട്ടുകൊണ്ട് കണ്ണുതുറന്ന് അവൻ അവളെ ഒന്ന് നോക്കി.

“മ്മ്…”

ഒരു മൂളലിൽ മറുപടി ഒതുക്കിയ പരിഭവത്തിൽ അവൾ അവന്റെ കവിളിൽ നുള്ളി..

“അടങ്ങി കിടക്ക് പെണ്ണെ…”

അവനത് പറയുമ്പോൾ നിറമിഴിയോടെ അവൾ അവന്റെ കണ്ണുകളിലേക്ക്‌ നോക്കുന്നുണ്ടായിരുന്നു.

” ഇത് നമ്മുടെ അവസാന നിമിഷങ്ങൾ അല്ലേ…. ഒരുപക്ഷെ ഇനി ഒരിക്കലും ഉണ്ടാവാൻ ഇടയില്ലാത്ത നമ്മുടേത് മാത്രമായ നിമിഷങ്ങൾ…? എന്നിട്ടും നിങ്ങൾക്ക് എന്തേ …..എന്നോട്…. ?”

അവൻ കണ്ണു തുറന്നു ആശ്ചര്യത്തോടെ അവളെ നോക്കി..

“എന്താണ് പെണ്ണെ…. ഇത്…??നിന്നെ എനിക്കെന്നും ഇഷ്ടമല്ലേ…. ”

മൗനം കീഴടക്കിയ നിമിഷങ്ങൾ…

അവളുടെ നെറ്റിത്തടങ്ങളിലെ വിയർപ്പുതുള്ളികൾ അവന്റെ ചുണ്ടുകളിൽ അമരുമ്പോൾ….

പ്രണയത്തിന്റെ നീലരാവുകൾ അവർക്കായി വീണ്ടും തുറക്കപ്പെട്ടു കഴിഞ്ഞിരുന്നു.

“ഏട്ടാ…..”

“എന്താടി…”

“ഇനി ഉണ്ടാവുവോ നമുക്കിങ്ങനെ ഒരുമിച്ചുള്ള നിമിഷങ്ങൾ…. ?

നാളെ കഴിഞ്ഞ് മറ്റൊരാളുടേതാവുന്ന നിങ്ങളെ ഞാൻ വാശി പിടിച്ച് നേടി എടുത്തതല്ലേ…?

അതും എന്റെ സ്വാർത്ഥതയ്ക്ക്… ഓർമ്മിക്കാൻ കുറച്ച് നിമിഷങ്ങൾക്ക് വേണ്ടി….?”

“ടി വേണ്ട… നീ ഒന്നും പറയണ്ട…. പിരിയുമ്പോൾ ഓർക്കാൻ ഒരുപാടു ഓർമ്മകൾ നൽകണം എന്ന് നീ പറഞ്ഞു ഞാൻ അത് സമ്മതിച്ചു…. തെറ്റാണോ ശരിയാണോ എന്നെനിക്ക് ഇപ്പോഴും അറിയില്ല. പക്ഷെ അതിന്റെ പേരിൽ നിരപരാധി ആയ മറ്റൊരുവളെ ബലിയാടക്കാൻ എനിക്കാവില്ല…. നിന്നെ നഷ്ടപ്പെടുത്താനും….”

അവൻ പറഞ്ഞു നിർത്തി.

അവൾ മേശമേൽ എരിഞ്ഞു തീരുന്ന മെഴുകുതിരിയെ നോക്കി കിടന്നു….

സ്വയം ഉരുകി തീരുന്ന പോലെ തോന്നി അവൾക്ക്…

വീണ്ടും വീണ്ടും ഉരുകി പഴയ അവസ്ഥയിലേക്ക് എത്തിപ്പെടുന്ന മെഴുക് പോലെ തന്നെ താനും.

അവൾ ആ കിടപ്പ് തുടർന്നു.

അവളുടെ തലമുടിയിൽ മുഖം ചേർത്ത് , അവളുടെ പിൻകഴുത്തിൽ അവൻ കൈ അമർത്തി ….

അവൾ പെട്ടെന്ന് പിടഞ്ഞെഴുന്നേറ്റു…

അഴിഞ്ഞു കിടന്ന സാരി വാരി ചുറ്റിയെന്നു വരുത്തി അവൾ അവിടെ കിടന്ന കസേരയിൽ വന്നിരുന്നു.

“ഏട്ടാ എനിക്ക് പോണം.”

“കുറച്ച് നേരം കൂടെ ഇവിടിരിക്ക്… ”

അവൻ കിടക്കയിൽ നിന്നെഴുന്നേറ്റ് അവൾക്കരുകിലേക്ക് വന്നു.

അവളുടെ തോളിൽ കൈകൾ ചേർത്ത് അവൻ അവളെ തലോടി…

അവന്റെ സ്പർശം പോലും അവളെ ശല്യപ്പെടുത്തും പോലെ അവൾ ആ കൈകൾ തട്ടിമാറ്റി..

എന്താണ് അവൾക്ക് സംഭവിക്കുന്നത് അവൻ അമ്പരന്നു.

“എടി എന്താ പറ്റിയെ നിനക്ക്…? നീ പറഞ്ഞിട്ടല്ലേ ഞാൻ…? ”

ചിലപ്പോള്‍ അവൾ ഇങ്ങനെയാണ്.

നിർവചിക്കാൻ ആവാത്ത വിധം അവൾ മാറും ….

ഒരു പിടിയും തരാതെ നില്കും ….

വാശി കാട്ടും ….

അവളിലെ പെണ്ണ് …

“മ്മ്…. അതെ എനിക്ക് വേണ്ടി മാത്രം….”

അവളാ മുറി വിട്ട് പുറത്തിറങ്ങി…

അവിടുന്നു പോകാൻ മനസ്സനുവദിക്കുന്നില്ല എന്നൊരു തോന്നൽ….

തിരികെ നടന്നു അവനരികിൽ ചെന്ന് അവനെ കെട്ടിപുണർന്നു അവൾ.

അവന്റെ നെഞ്ചിലമരുമ്പോൾ അവൻ അവളുടേത് മാത്രമായി….

അവളുടെ കണ്ണുകൾ അവനെ നോക്കി കേഴുന്നത് പോലെ ……

അവളാ പിടിവിട്ടു….

ഒരു യാത്ര പറച്ചിലിനു നിൽക്കാതെ അവൾ ഇറങ്ങി…

ഒന്ന് തിരിഞ്ഞു നോക്കാൻ മനസ്സ് ഒരുപാടു കൊതിച്ചിട്ടും…. അവളതിന് തയ്യാറായില്ല…

വേണ്ട…. പാടില്ല…

ഇതുവരെ തോന്നാത്ത എന്തൊക്കെയോ ഉള്ളിൽ ഇരുന്നുകൊണ്ട് കുറ്റബോധത്തിന്റെ പടുകുഴിയിലേക്ക് അവളെ തള്ളിയിട്ട പോലെ..

വാതിൽ പടിയിൽ തന്റെ ഒരു നോട്ടം പ്രതീക്ഷിച്ചു നിന്ന അവന്റെ ചിത്രം അവൾ ഭാവനയിൽ കണ്ടു.

രാത്രി ഏറെ കഴിഞ്ഞിരുന്നു….

അവൾ ഉറങ്ങിയില്ല.

അവന്റെ ഗന്ധമുള്ള സാരി അവളിനിയും മാറ്റിയിട്ടില്ല .

ശരീരമാകെ ചുട്ടുപൊള്ളുന്നത് പോലെ…

ഒരിക്കലും രക്ഷപ്പെടാൻ ആവാത്ത വിധം കുറ്റബോധം കൊണ്ട് അവളുടെ മനസ്സു നീറി പുകഞ്ഞു കൊണ്ടിരുന്നു.

ഒരു നിമിഷത്തേക്ക് എങ്കിലും അവനെ സ്വന്തമാക്കാൻ വാശി പിടിച്ച മനസ്സിനെ സ്വയം പഴിച്ച് അവൾ ഉരുകി .

വേണ്ടിയിരുന്നില്ല….

പാടില്ലായിരുന്നു…..

തെറ്റാണ്…..

മനസ്സ് പലതും പുലമ്പിക്കൊണ്ടിരുന്നു….

ആ രാത്രി വെളുക്കാൻ നാഴികകൾ ബാക്കി നിൽക്കെ അവളുടെ മുറിയിൽ ഒതുങ്ങിയ ഞരക്കവും മൂളലും പുറലോകം അറിഞ്ഞില്ല…

ഒരു മുഴം കയറിൽ ജീവൻ ഹോമിക്കുമ്പോൾ….

മറ്റൊന്നും അവൾ ചിന്തിച്ചിട്ടുണ്ടാവില്ല…

എന്തായിരുന്നു അവൾക്ക് നഷ്ടപ്പെട്ടത്…..?

ചിലപ്പോൾ അവൾക്ക് അവളെ തന്നെ നഷ്ടമായിരുന്നിരിക്കണം.

അവനെ കൂടുതൽ അറിയാൻ ശ്രമിച്ചപ്പോഴും രക്ഷപ്പെടാൻ ആവാത്ത വിധം അവൾ അവനിൽ ഒതുങ്ങി പോയത് അവളുടെ തെറ്റാണോ….?

ദൂരെ നല്ലൊരു ജീവിതം സ്വപ്നം കണ്ട് മറ്റൊരുവൾ അവന്റെ പെണ്ണായി ഒരുങ്ങുമ്പോൾ….

ഉള്ളു പൊള്ളിയ വേദനയിൽ കതിർമണ്ഡപത്തിലേക്ക് കാലെടുത്തു വെയ്ക്കേണ്ടി വരുന്ന അവന്റെ അവസ്ഥ എന്താവും….?

ഇങ്ങനെയും ഹോമിക്കപ്പെടുന്ന പ്രണയങ്ങൾ ഉണ്ടെന്നേ…..

രചന: Sabitha Aavanit

Leave a Reply

Your email address will not be published. Required fields are marked *