ക്യാമ്പസിലെ ചെഗുവേര, തുടർക്കഥ ഭാഗം 32 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

ഒടുവിൽ മുഖമുയർത്തി മുന്നിലേക്ക് നോട്ടം പായിച്ചതും നിറപറയ്ക്കും നിലവിളക്കിനുമിടയിലൂടെ പുഞ്ചിരിയോടെ എന്നെ തന്നെ നോക്കിയിരിക്കുന്ന ദേവേട്ടന്റെ മുഖമായിരുന്നു കണ്ടത്….. 🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️

ഇതുവരെയും ഈ കഥയിൽ നിങ്ങൾ നീലാംബരിയെ മാത്രമല്ലേ കേട്ടുള്ളു…അറിഞ്ഞുള്ളൂ…ഇനിയുള്ള കഥയിൽ ഞാനുമുണ്ടാകും കഥ പറയാൻ…ഇത് നീലുവിന്റെയും ഘോഷിന്റേയും കഥയല്ലേ…..അപ്പോൾ ആ കഥ പൂർണമാകണമെങ്കിൽ അവളുടെ ദേവേട്ടനും കുറച്ചൊക്കെ കഥ പറയണ്ടേ……

ഒരു വിവാഹ ദിവസം സാധാരണ എല്ലാ കല്യാണ ചെക്കന്മാർക്കും തോന്നാറുള്ള ക്ലീഷേ ടെൻഷൻസ് ഏറെക്കുറെ എനിക്കും ഉണ്ടായിരുന്നു… പക്ഷേ ഫ്രണ്ട്സിന്റെ ചിരിയോടെയുള്ള മുഖം കാണും തോറും അതൊക്കെ എവിടേക്കോ മാഞ്ഞേ പോയി….അവൾടെ വീടിന് അടുത്തുള്ള വിഷ്ണു ക്ഷേത്രത്തിൽ വച്ചാണ് ഞങ്ങളുടെ വിവാഹം… അച്ഛനും അമ്മയ്ക്കും ബന്ധുക്കൾക്കും താംബൂലം വച്ച് തൊഴുത് വീട്ടിൽ നിന്നും ഇറങ്ങി വളരെ പെട്ടെന്ന് തന്നെ ഞങ്ങൾ ക്ഷേത്രത്തിൽ എത്തിയിരുന്നു… മണ്ഡപത്തിലേക്ക് ക്ഷണിച്ചിരുത്തിയ ശേഷം ശരിയ്ക്കും കുറേ സമയം ഞാനവിടെ പോസ്റ്റായി എന്നു തന്നെ പറയാം….

അങ്ങനെ ഇരുന്നപ്പോഴാ ചുറ്റും നാദസ്വരത്തിന്റെ ശബ്ദം ഉയർന്നു കേട്ടത്… എനിക്ക് മുന്നിലായി ബന്ധുക്കളുടേയും നാട്ടുകാരുടേയും മുഖങ്ങളായിരുന്നു…മണ്ഡപത്തിന് ഒരു വശം മാറി എന്റെ ഫ്രണ്ട്സിന്റെ കൂട്ടവും…അവര് ഓരോന്നും പറഞ്ഞ് ആക്കി ഇളിച്ചോണ്ട് നിന്നപ്പോഴാ ഹാളിന് നടുവിലൂടെയുള്ള ചുവന്ന പരവതാനി വിരിച്ച നീളൻ പാതയിലൂടെ കുറേ കൊച്ചുകുട്ടികൾ കൈയ്യിൽ താലമേന്തി വന്നത്… ആദ്യത്തേതിൽ നിന്നും പിന്നിലേക്ക് നീണ്ട എന്റെ കണ്ണുകൾ ചെന്നു നിന്നത് അവൾടെ മുഖത്തേക്കായിരുന്നു…. മുമ്പ് കണ്ടിട്ടുള്ളതിനേക്കാൾ ഒരു പ്രത്യേക ഭംഗിയായിരുന്നു കല്യാണ വേഷത്തിൽ അവളെ കാണാൻ…. അവൾടെ കണ്ണുകളും നോട്ടം മാറാതെ എന്നിലേക്ക് തന്നെ നീളുന്നുണ്ടെന്ന് ഞാനറിയുന്നുണ്ടായിരുന്നു..

എനിക്ക് അഭിമുഖമായി നടന്നു വന്ന് കതിർമണ്ഡപത്തെ വലം വച്ച് അവൾ എനിക്കടുത്തായ് വന്നിരുന്നു…. അവൾടെ മുഖത്ത് ഒരു പുഞ്ചിരിയ്ക്കപ്പുറം ചെറിയ തോതിൽ ഒരു പേടിയുള്ളതായി എനിക്ക് ഫീൽ ചെയ്തു….ഞാനതു കണ്ട് ഒന്ന് ചിരിച്ചു കൊണ്ട് അവളെയൊന്ന് നോക്കി…. പെട്ടെന്നാ തിരുമേനി പൂജിച്ചെടുത്ത പ്രസാദം ഇലച്ചീന്തിലാക്കി ഞങ്ങളുടെ നേർക്ക് വച്ച് നീട്ടിയത്….ഞാനത് വാങ്ങി അതിൽ നിന്നും കുറച്ചു ചന്ദനമെടുത്ത് നെറ്റിയിൽ തൊട്ടു…. അതിനിടയിൽ എന്റെ നോട്ടം പ്രസാദം ഏറ്റു വാങ്ങുന്ന അവളുടെ വിറയാർന്ന കൈയ്യിലേക്ക് പതിച്ചു…..ആ കൈയ്യിന്റെ വിറയലും മുഖത്തെ പരിഭ്രമവും കണ്ടപ്പോഴേ എന്റെ ചുണ്ടിൽ ഒരു ചിരി പൊട്ടിവിരിഞ്ഞു….ഞാനാ ചിരി ഉള്ളിലടക്കി നെറ്റിയിലെ ചന്ദനക്കുറി നന്നായി തൊട്ടു വച്ചു… പിന്നെ ഇലച്ചീന്ത് മുന്നിലെ വിളക്കിന് നേർക്ക് വച്ചു…അവളും ഞാൻ ചെയ്യുന്നത് കണ്ട് അതുപോലെയൊക്കെ ചെയ്യാൻ ശ്രമിക്കുന്നുണ്ടായിരുന്നു…….ഞാനതെല്ലാം ഒരു കൗതുകത്തോടെ നോക്കികാണുന്നുണ്ടായിരുന്നു…

മുഹൂർത്തമായതും എല്ലാ പൂജകൾക്കും ഒടുവിൽ തിരുമേനി മഞ്ഞ ചരടിൽ കോർത്തെടുത്ത താലി അച്ഛന്റെ കൈയ്യിലേക്ക് പകർന്നു നല്കി…അച്ഛൻ മനസറിഞ്ഞ് അനുഗ്രഹം വർഷിച്ചു കൊണ്ട് അത് എന്റെ കൈയ്യിലേക്ക് ഏൽപ്പിച്ചു…… ഏതൊരാണിന്റേയും ജീവിതത്തിലെ അസുലഭ നിമഷമാണ് തന്റെ താലിയുടെ അവകാശിയ്ക്ക് ഒരു നുള്ള് പൊന്നിൽ കോർത്തെടുത്ത മഞ്ഞ ചരട് കഴുത്തിൽ കരുതലോടെ കെട്ടുക എന്നത്….ആ നിമിഷത്തിന്റെ പരിശുദ്ധിയെ മനസിലേറ്റി ഞാനെന്റെ താലി അവളുടെ കഴുത്തിലേക്ക് അണിയിച്ചു….. ചുറ്റും നിന്നും വർഷിച്ചിരുന്ന അരിയും പൂവും ആ നിമിഷത്തെ ഒരായിരം അനുഗ്രഹത്തോടെ ധന്യമാക്കി…. മുഖത്തും ചുറ്റിലുമായി അരളിപ്പൂക്കളും മുല്ലപ്പൂമൊട്ടുകളും ചിതറി തെറിയ്ക്കുമ്പോഴും ഞാനാ താലിചരടിൽ മൂന്നാം ബന്ധനം തീർത്ത് ചടങ്ങിനെ പൂർണതയിൽ എത്തിയ്ക്ക്യായിരുന്നു…. എനിക്ക് തൊട്ടരികിലായി നിറഞ്ഞ പ്രാർത്ഥനയോടെ കൈകൂപ്പിയിരുന്ന അവളെ കണ്ടപ്പോൾ എന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു….ചടങ്ങ് അവസാനിച്ചുയരും മുമ്പ് ഹാളിൽ ഒരു മുദ്രാവാക്യം വിളി ഉയർന്നു കേട്ടു…. ജിഷ്ണുവിന്റെ സ്വരം അവിടമാകെ അലയടിച്ചുയർന്നതും അതിനെ ഏറ്റുചൊല്ലി എന്റെ പ്രീയപ്പെട്ട എല്ലാ സഖാക്കളും അവന് ചുറ്റിലും കൂടി…… നാദസ്വരത്തിന്റെ ശബ്ദത്തെ മറികടന്ന് ആ മുദ്രാവാക്യം ഉയർന്നു കേട്ടപ്പോഴാണ് ശരിയ്ക്കും എന്റെ മനസ് നിറഞ്ഞത്… ഹാളിൽ കൂടിയവരെല്ലാം ഒരത്ഭുതത്തോടെ അത് നോക്കി കാണുകയായിരുന്നു…..

പിന്നീടുള്ള ചടങ്ങുകൾ വളരെ പെട്ടെന്ന് നടന്നു.. മുന്നിലായി വച്ചിരുന്ന ചുവന്ന പനിനീർ ദളങ്ങൾ കോർത്തെടുത്ത മാല ഞങ്ങളുടെ കൈയ്യിലേക്ക് പകർന്നു തന്നതും ഇരുവരും അത് പരസ്പരം കഴുത്തിലേക്ക് അണിയിച്ചു…. അവൾടെ മുഖത്ത് അപ്പോഴും ചെറിയ തോതിലുള്ള ഒരു പേടിയും നാണവുമൊക്കെ അലയടിയ്ക്കുന്നുണ്ടായിരുന്നു… ഒരു നുള്ള് സിന്ദൂരമെടുത്ത് അവൾടെ സീമന്ത രേഖയെ ചുവപ്പിച്ചപ്പോൾ ഇരു കണ്ണുകളും കൂമ്പിയടച്ച് ഒരു പുഞ്ചിരിയോടെ അവളത് സ്വീകരിച്ചു നിന്നു….

Congratss നീലാംബരി ദേവഘോഷ്…..!!!

പതിഞ്ഞ സ്വരത്തിൽ ഞാനത് പറഞ്ഞ് മുഖമുയർത്തുമ്പോ എന്റെ മുഖത്തേക്ക് തന്നെ കണ്ണും മിഴിച്ച് നോക്കി നിൽക്ക്വായിരുന്നു അവൾ…ഞാനത് കാര്യമാക്കാതെ മുന്നിലുള്ള മുഖങ്ങൾക്ക് പുഞ്ചിരി സമ്മാനിച്ച് നിന്നു….

ഞാൻ നല്കിയ മന്ത്രകോടിയെ ഇരുകൈയ്യാലെ ഏറ്റുവാങ്ങി നിന്നപ്പോൾ ആ ധന്യമുഹൂർത്തത്തിന് സാക്ഷിയായി നിന്ന അച്ഛൻ അവൾടെ കൈ പിടിച്ച് എന്റെ കൈയ്യിലേക്ക് ഏൽപ്പിച്ചു തന്നു….ഒരച്ഛന്റെ ഉള്ളിലെ കൃതാർത്ഥത എനിക്കാ കണ്ണുകളിൽ കാണാൻ കഴിയുന്നുണ്ടായിരുന്നു… എല്ലാ ചടങ്ങുകളും അവസാനിപ്പിച്ചു കൊണ്ട് അഗ്നിയെ വലം വയ്ക്കുമ്പോ അവളുടെ കൈ എന്റെ കരത്തിൽ ഭദ്രമായിരുന്നു…. 🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️

നടന്നതൊക്കെ സത്യമാണോ മിഥ്യയാണോ എന്ന ഞെട്ടലിൽ തന്നെയായിരുന്നു ഞാൻ…ദേവേട്ടന്റെ താലി ഏറ്റുവാങ്ങുമ്പോ കണ്ണുകൾ ശരിയ്ക്കും ഈറനണിഞ്ഞിരുന്നു…. ഒരുപാട് വർഷങ്ങളായുള്ള പ്രാർത്ഥനയുടെ സ്വപ്നങ്ങളുടെ സാക്ഷാൽക്കാരമായിരുന്നു എന്റെ കഴുത്തിൽ ദേവേട്ടൻ അണിയിച്ചു തന്ന താലി… വീണ്ടും വീണ്ടും അതിലേക്ക് നോക്കിയിട്ടും മതിയാവാത്ത പോലെയൊരു സന്തോഷമായിരുന്നു മനസ് നിറയെ….ദേവേട്ടൻ നെറ്റിയിലേക്ക് തൊട്ടു വച്ചു തന്ന ചുവപ്പിൽ ഓരോ തവണ കൈ തൊടുമ്പോഴും ഹൃദയതാളം പോലും ഏറി വന്നു….

അതിനിടയിലായിരുന്നു ദേവേട്ടന്റെ ആ പറച്ചില്… ശരിയ്ക്കും അടിമുടി ഞെട്ടിപ്പോയി ഞാൻ…. പിന്നെ കതിർ മണ്ഡപത്തിൽ നിന്നും ഹാളിന് ഒരു വശത്തായുള്ള റൂമിലേക്ക് നടക്കുമ്പോഴും ആ ഞെട്ടലിൽ തന്നെയായിരുന്നു…. അവിടെ വെച്ച് മധുരം നല്കലും കൂടി കഴിഞ്ഞതും പിന്നെ ഫോട്ടോ ഷൂട്ടിന്റെ ബഹളമായിരുന്നു….

എന്റേയും ദേവേട്ടന്റേയും ഫോട്ടോ എടുക്കാൻ കാത്തിരുന്ന ഫോട്ടോഗ്രാഫേർസ് ടീമിനെ പ്ലിംഗ് ആക്കി ജിഷ്ണു ചേട്ടൻ ആന്റ് ടീംസ് സ്ഥലം മുഴുവൻ കൈയ്യടക്കി…എന്റേയും ദേവേട്ടന്റെയും കൈയ്യിലേക്ക് മംഗള പത്രം ഏൽപ്പിച്ച ശേഷം പിന്നെ ഓരോ ഗ്രൂപ്പായിട്ടായിരുന്നു ഫോട്ടോ എടുപ്പ് നടത്തിയത്….

MP യും സ്ഥലം MLA യും പാർട്ടിയിലെ മുതിർന്ന നേതാക്കളും അങ്ങനെ കുറേപ്പേരുണ്ടായിരുന്നു ആദ്യത്തെ section ൽ…അത് കഴിഞ്ഞു നിന്നപ്പോഴാ കോളേജ് ടീംസ് ഓരോരുത്തരായി വന്നു തുടങ്ങിയത്…ദേവേട്ടൻ കോളേജിൽ വന്ന സമയം മുതൽ തുടങ്ങി കോളേജിൽ നിന്നിറങ്ങിയ ശേഷമുള്ള അഞ്ച് ബാച്ചുകളുമുണ്ടായിരുന്നു….ഓരോ ഗ്യാങും ഞങ്ങൾക്കൊപ്പം നിന്ന് ഫോട്ടോയെടുത്ത് ഗിഫ്റ്റും തന്നിട്ടാണ് പോയത്… അങ്ങനെ കോളേജും പാർട്ടി ടീംസും കഴിഞ്ഞാണ് ബന്ധുക്കൾ പോലും ഞങ്ങൾക്കരികിലേക്ക് വന്നത്…..

ആദ്യത്തെ സെക്ഷനിൽ ഇരു സൈഡിലേയും അച്ഛനനമ്മമാർക്കൊപ്പമുള്ള ഫോട്ടോ എടുപ്പായിരുന്നു….. പിന്നെ വല്യച്ഛനും വല്യമ്മയും സംഗീതയും…അത് കഴിഞ്ഞ് ബന്ധുക്കളിൽ ഓരോരുത്തരായി വന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു….ദേവേട്ടന്റെ അടുത്ത ബന്ധുക്കളെ ആളെനിക്ക് പരിചയപ്പെടുത്തി തരുന്നുണ്ടായിരുന്നു… ഞാനതെല്ലാം കേട്ട് ഒന്ന് പുഞ്ചിരിച്ച് നിന്നു…. അങ്ങനെ പല angle ൽ നിന്ന് ഫോട്ടോഗ്രാഫർസ് മത്സരിച്ച് ഫോട്ടോ എടുക്കാൻ തുടങ്ങി…. ഒരുവിധം ഫോട്ടോഷൂട്ട് കഴിഞ്ഞതും സദ്യയുണ്ണാനായി ഞങ്ങളെ ക്ഷണിച്ചിരുത്തി….

അപ്പോ സെറ്റുസാരിയായിരുന്നു എന്റെ വേഷം…രാവിലെ മുതൽ ടെൻഷൻ കാരണം ഒരു വക കഴിയ്ക്കാഞ്ഞതിന്റെ കുറവുകൾ നല്ല തോതിൽ എന്നെ അലട്ടിയപ്പോഴാ ഇലയിൽ മാങ്ങാ അച്ചാർ മുതലുള്ള തൊടുകറികൾ നിരന്നത്……മാങ്ങ,ഇഞ്ചി,നാരങ്ങ,പച്ചടി,കിച്ചടി, കാളൻ,തോരൻ, അവിയല്,ഉപ്പേരി, ശർക്കര വരട്ടി,എന്നുവേണ്ട എല്ലാ ഐറ്റംസും മുന്നിൽ നിന്നിരുന്നു…നല്ല ചൂട് പാറുന്ന ചോറിന് മീതെ പരിപ്പ് കറി ഒഴിച്ച് അതിലേക്ക് അല്പം നെയ്യും തൂവിയതും വിശപ്പിന്റെ വിളി വന്നു… ചോറിന് ഒരുവശം മാറിയിരുന്ന പപ്പടം എന്നെ മാടി വിളിച്ചതും പിന്നെ ഒരു നിമിഷം കൂടി ചിന്തിച്ചു നില്ക്കാതെ ഞാനതിനെ ചോറിൽ പൊടിച്ച് ചേർത്ത് ഉള്ളിലാക്കാൻ തുടങ്ങി….കഴിച്ച് പകുതിയാകും മുമ്പേ ഒരു തവി കുറുകിയ സാമ്പാറും ഇലയിൽ വാങ്ങിയതും സ്വാദ് ഇരട്ടിയായി…. എല്ലാ കറികളും തൊട്ടുകൂട്ടി ദേവേട്ടൻ സദ്യയുണ്ണുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയായിരുന്നു….

അങ്ങനെ ചോറുണ്ട് കഴിയാറായതും ആവി പാറുന്ന അടപ്രഥമനും,സേമിയയും,മധുരമൂറുന്ന കടലപ്പായസവും ഇലയിൽ നിരന്നു…ഞാനത് വായിലേക്ക് സ്വാദോടെ ആസ്വദിച്ച് കഴിച്ചു…

നീ ഇങ്ങനെയാ പായസം കുടിയ്ക്കുന്നേ… ഇതിനൊക്കെ ഒരു combo ഉണ്ടെടീ…!!

ഞാനതു കേട്ട് ദേവേട്ടന്റെ മുഖത്തേക്ക് അല്പം സംശയത്തോടെ നോക്കി…

ദേ ഞാൻ കാണിച്ചു തരാം…!!

ദേവേട്ടൻ അതും പറഞ്ഞ് അടപ്രഥമനിലേക്ക് അല്പം പപ്പടം പൊടിച്ചു ചേർത്തു… പിന്നെ അരമുറി പഴം കൂടി കുഴച്ചെടുത്ത് അതിൽ നിന്നും കുറച്ചെടുത്ത് വായിലേക്ക് വച്ചു…ഒരു വിരലാൽ എടുത്ത നാരങ്ങാ അച്ചാറ് കൂടി നാവിലേക്ക് തൊട്ടു വച്ചതും ഞാനത് കൊതിയോടെ നോക്കിയിരുന്നു പോയി…. (ആർക്കും പരീക്ഷിക്കാം…😜)

ദേ ഇങ്ങനെയൊന്ന് കഴിച്ചു നോക്ക്… സൂപ്പർ ടേസ്റ്റാണ്…👌

ദേവേട്ടൻ അങ്ങനെ പറഞ്ഞത് കേട്ടതും ഞാനും അത് ഫോളോ ചെയ്തു…സത്യം പറഞ്ഞാൽ അപാര ടേസ്റ്റായിരുന്നു അതിന്… അങ്ങനെ മൂന്ന് കൂട്ടം പായസവും കുടിച്ച് കൈക്കുമ്പിളിൽ അല്പം പച്ചമോരും ഏറ്റുവാങ്ങി കുടിച്ചുകൊണ്ട് ഞാൻ ഇലമടക്കിയതും ദേവേട്ടനും കഴിപ്പ് നിർത്തി എഴുന്നേറ്റിരുന്നു…… കൈകഴുകി വന്ന ശേഷം complete outdoor shoot ആയിരുന്നു…. ക്ഷേത്ര പരിസരത്തും ആലിൻ ചുവട്ടിലും കുളപ്പടവിലുമായി ഫോട്ടോ ഷൂട്ട് തകർത്തു…

വരണമാല്യം ദേവേട്ടന്റെ കഴുത്തിലേക്ക് ഉന്നം വച്ചും എറിഞ്ഞും ഞാൻ തകർത്തഭിനയിച്ചു.. എല്ലാറ്റിനും സാക്ഷിയായി ജിഷ്ണു ചേട്ടനും കൂട്ടാളികളും ഉണ്ടായിരുന്നു….അവരുടെ ചിരി കാണുമ്പോ ദേവേട്ടനും ചിരി പൊട്ടുന്നുണ്ടായിരുന്നു….. അങ്ങനെ ഒരുവിധം ഫോട്ടോയെടുപ്പ് കഴിഞ്ഞപ്പോഴാ ജിഷ്ണു ചേട്ടൻ പ്രിയ ചേച്ചിയേയും കുഞ്ഞിനേം എടുത്ത് ഞങ്ങൾക്കരികിലേക്ക് വന്നത്….കുഞ്ഞ് തീരെ ചെറുതായിരുന്നു…ഞാനത് കണ്ട് അത്ഭുതത്തോടെ അവരെ തന്നെ നോക്കി നിന്നു…

ജിഷ്ണു ചേട്ടാ… ഇതൊക്കെ എപ്പോ…??? അറിഞ്ഞില്ലല്ലോ ഒന്നും…എന്താ കല്യാണത്തിന് വിളിക്കാതിരുന്നത്…???

ആഹാ… ബെസ്റ്റ്… എന്റെ കല്യാണം ഞാൻ പോലും അറിഞ്ഞില്ല..ല്ലേടാ ഘോഷേ….!!!

ജിഷ്ണു ചേട്ടൻ അതും പറഞ്ഞ് ദേവേട്ടന്റെ തോളിലേക്ക് തട്ടി…

അതേ… എല്ലാം വളരെ പെട്ടെന്നായിരുന്നു..

ദേവേട്ടൻ അതും പറഞ്ഞൊന്ന് ചിരിച്ചതും ജിഷ്ണു ചേട്ടൻ ആ കല്യാണക്കഥ പറഞ്ഞു തന്നു… എല്ലാം കേട്ടുകൊണ്ട് പ്രിയ ചേച്ചി ഒരു ചിരിയോടെ നിൽക്ക്വായിരുന്നു….

ശരിയ്ക്ക് പറഞ്ഞാൽ…എനിക്കൊരു ആക്സിഡന്റുണ്ടായി നീലു….അല്പം…. അല്പംന്നല്ല വളരെ സീരിയസായിരുന്നു…. രണ്ട് ദിവസം ബോധമില്ലാതെ ICU വിൽ ആയിരുന്നു… മരിച്ചു പോകും എന്ന് ഉറപ്പായപ്പോ ഡോക്ടർ പോലും എഴുതി തള്ളി എന്നു വേണം പറയാൻ….

എല്ലാം അറിഞ്ഞ് ഇവള് വന്നപ്പോ ഹോസ്പിറ്റലിൽ ആകെ സീനായീ….എന്നെ മാത്രേ കെട്ടൂന്ന് വാശി പിടിച്ച് ഒടുവിൽ ICU വിൽ വച്ച് വളരേ വിപ്ലവകരമായി ആരൊക്കെയോ ചേർന്ന് എന്റെ കൈപിടിച്ച് ഇവൾടെ കഴുത്തിൽ താലി കെട്ടിച്ചു….അത് കഴിഞ്ഞാ എനിക്ക് ശരിയ്ക്കുമൊന്ന് ബോധം വീണത് പോലും….പാതി മയക്കത്തിൽ ഞാനെല്ലാം അറിയുന്നുണ്ടായിരുന്നു എന്ന് മാത്രം…..

ഞാനതു കേട്ട് പ്രിയ ചേച്ചിയെ ഒന്ന് നോക്കി… എല്ലാം സത്യമാണ് എന്ന മട്ടിൽ ചേച്ചി കൂടി തലയാട്ടിയപ്പോഴാ എനിക്കത് ശരിയ്ക്കും വിശ്വാസമായത്…… പിന്നെ എന്റെ നോട്ടം നേരെ പൊയത് ജിഷ്ണു ചേട്ടന്റെ കൈയ്യിലിരുന്ന വാവയിലേക്കായിരുന്നു….

മോനാ…???

ന്മ്മ്മ്…മോനാ….യാദവ് എന്നാ പേര്….. ഇപ്പോ ആറ് മാസം ആയിട്ടേയുള്ളൂ…..

കുഞ്ഞ് ജിഷ്ണു ചേട്ടന്റെ കൈയ്യിലിരുന്ന് നല്ല ഉറക്കത്തിലായിരുന്നു….ഞാനാ കുഞ്ഞി കവിളിലേക്ക് ഒന്നു തൊട്ടു നോക്കി… ശരിയ്ക്കും പഞ്ഞിക്കെട്ട് പോലെ തോന്നി…. അങ്ങനെ അവിടെ നിന്നുള്ള സംസാരം കഴിഞ്ഞതും ഇറങ്ങാൻ സമയമായി എന്ന് പറഞ്ഞ് വല്യച്ഛൻ ഞങ്ങൾക്കരികിലേക്ക് വന്നു….

പിന്നെ അവിടെ ആകെയൊരു കൂട്ടകരച്ചില് തന്നെയായിരുന്നു….അച്ഛനേം അമ്മയേയും വല്യച്ഛനേയും വല്യമ്മയേയും സംഗീതേം എല്ലാം കെട്ടിപ്പിടിച്ച് ഞാൻ പൊട്ടി കരഞ്ഞു… എല്ലാം കണ്ടു കൊണ്ട് ദേവേട്ടനും അച്ഛനുമെല്ലാം കാറിനടുത്ത് waiting ലായിരുന്നു…. അങ്ങനെ ഉള്ളിലുള്ള സങ്കടങ്ങളെല്ലാം കരഞ്ഞു തീർത്ത് ഞാൻ കാറിലേക്ക് കയറിയിരുന്നു… എല്ലാവർക്കും യാത്ര പറഞ്ഞ് ദേവേട്ടനും കാറിലേക്ക് കയറിയതും വണ്ടി സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തു…..

ദേവേട്ടന്റെ വീട്ടിലേക്കുള്ള യാത്രയിലുടനീളം അച്ഛനേം അമ്മയേയും ഓർത്ത് കരയ്വായിരുന്നു ഞാൻ…. ഇടയ്ക്ക് ദേവേട്ടൻ എന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു….

ഈ പെൺപിള്ളേരെല്ലാം കല്യാണം കഴിഞ്ഞ് പോകുമ്പോ എന്തിനാ ഇങ്ങനെ കരയുന്നേ…?? അതു വരെയും ചിരിയോടെ നിന്നാലും യാത്രയാവാനുള്ള സമയമാകുമ്പോ തുടങ്ങും കണ്ണീരും ബഹളവും…..

ദേവേട്ടൻ ഒരു ചിരിയോടെ അങ്ങനെ പറഞ്ഞതും കണ്ണീരൊപ്പി ഞാനാ മുഖത്തേക്ക് നോക്കി…ഒരു പുഞ്ചിരിയോടെ ഇരിക്ക്യായിരുന്നു ദേവേട്ടൻ…

എന്റെ വീട്ടീന്ന് പെട്ടെന്ന് മറ്റൊരു വീട്ടിലേക്ക് പോകുവല്ലേ…അപ്പോ എനിക്ക് എന്റെ അച്ഛനേം അമ്മയേയും മിസ് ചെയ്യില്ലേ….!!!

അതിനാണോ ഇങ്ങനെ ഓർത്തെടുത്ത് കരയുന്നേ…!!അവര് വരില്ലേ വീട്ടിലേക്ക്… അതോർത്ത് ഈ കരച്ചിലൊന്ന് നിർത്ത് നീ…

ദേവേട്ടനങ്ങനെ പറഞ്ഞത് കേട്ട് ഞാൻ കണ്ണീരൊപ്പിയെടുത്ത് അല്പം ആശ്വാസത്തോടെ ഇരുന്നു…. അധികം വൈകാതെ തന്നെ കാറ് ദേവേട്ടന്റെ വീടിന് മുന്നിലേക്ക് ചെന്നു നിന്നു…

കാറിൽ നിന്നും ഇറങ്ങി ദേവേട്ടന് പിന്നാലെ വീടിന് മുന്നിലേക്ക് നടന്നതും അമ്മ കത്തിച്ചു പിടിച്ച നിലവിളക്കുമായി എനിക്ക് അഭിമുഖമായി വന്നു….അമ്മയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി ഞാനാ വിളക്ക് ഏറ്റുവാങ്ങി വലത് കാൽ വച്ചു തന്നെ അകത്തേക്ക് കയറി… എനിക്കൊപ്പം ദേവേട്ടനും ഉള്ളിലേക്ക് പ്രവേശിച്ചു…. പൂജാമുറിയിൽ വിളക്ക് വച്ചു തൊഴുവുമ്പോൾ ഉള്ള് നിറയെ ദൈവങ്ങളോടുള്ള നന്ദിയും സ്നേഹവും മാത്രമായിരുന്നു….

ദേവേട്ടന്റെ വീട്ടിലെ reception പിറ്റേ ദിവസത്തേക്ക് തീരുമാനിച്ചിരുന്നത് കൊണ്ട് പിന്നെയുള്ള സമയം ഞാനല്പം ഫ്രീയായിരുന്നു….അതിനിടയിൽ ചില ബന്ധുക്കളും,അയൽ വീട്ടുകാരും എന്നെ കാണാനും പരിചയപ്പെടാനുമായി എത്തിയിരുന്നു… ദേവേട്ടൻ ആ സമയം കൂട്ടുകാരോടൊപ്പം ചേർന്ന് വർത്തമാനമായിരുന്നു…..ദേവു ചേച്ചിയും അമ്മയും ചേർന്ന് എനിക്ക് മുറിയൊക്കെ കാട്ടി തന്നു…നാലുപാടുമൊന്ന് വീക്ഷിച്ച് നിന്നപ്പോഴാ ദേവു ചേച്ചി ചേഞ്ച് ചെയ്യാനുള്ള ഡ്രസ്സുമായി വന്നത്… പിന്നെ അതും വാങ്ങി ഒന്നു ഫ്രഷായി വന്നു…..

അപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു… പിന്നെ അമ്മയോടും ചേച്ചിയോടും സംസാരിച്ചിരിക്കൽ തന്നെ ആയിരുന്നു പണി…രാത്രി ഫുഡ് കഴിയ്ക്കാൻ ടൈം ആയപ്പോഴാ ദേവേട്ടന്റെ ഫ്രണ്ട്സെല്ലാം പിരിഞ്ഞത്…ദേവേട്ടൻ ഫ്രഷാവാൻ പോയ സമയം അമ്മ എന്നെ ഫുഡ് കഴിയ്ക്കാനായി വിളിച്ചിരുത്തി… പക്ഷേ ദേവേട്ടനെ കാത്ത് ഞാൻ കഴിയ്ക്കാൻ കൂട്ടാക്കിയില്ല…. എല്ലാവരും ഒന്നിച്ച് കൂടിയപ്പോഴാണ് പിന്നെ കഴിയ്ക്കാനിരുന്നത്….

ഫുഡ് കഴിയ്ക്കുന്ന ടൈമിൽ വീട്ടിലുള്ള എല്ലാവരും വളരെ അടുത്ത് പരിചയമുള്ള പോലെയായിരുന്നു എന്നോട് സംസാരിച്ചത്…..ദേവേട്ടനും അതുപോലെ തന്നെ…. അങ്ങനെ എല്ലാവർക്കും ഒപ്പമിരുന്ന് ഫുഡൊക്കെ കഴിച്ച് കഴിഞ്ഞ് എഴുന്നേറ്റതും അമ്മ ഒരു ഗ്ലാസ് പാലുമായി എനിക്കരികിലേക്ക് വന്നു….

ദാ ആചാരങ്ങൾ ഒന്നും തെറ്റിയ്ക്കണ്ട…ദേവൻ റൂമിലുണ്ടാവും…മോളവിടേക്ക് ചെല്ല്…

അമ്മ ഒരു പുഞ്ചിരിയോടെ പറഞ്ഞത് കേട്ട് ആ പാൽഗ്ലാസും വാങ്ങി ഞാൻ റൂമിലേക്ക് നടന്നു… ഉള്ളിൽ അതുവരെ തോന്നാതിരുന്ന ഒരു ടെൻഷനും പരിഭ്രമവും തോന്നിയിരുന്നു അപ്പോ…ഓരോ അടിവച്ച് റൂമിന് മുന്നിലെത്തി ഡോറിലെ ഹാന്റിൽ ലോക്ക് എടുത്ത് ഉള്ളിലേക്ക് കാലെടുത്ത് വയ്ക്കുമ്പോ ഹൃദയ താളം പോലും തെറ്റുന്നുണ്ടായിരുന്നു…. തുടരും… ലൈക്ക് കമന്റ് ചെയ്യണേ…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *