അയാൾ പതിയെ അവളുടെ അരികിൽ ഇരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകി ഉപ്പ് പടർന്നു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: VidhyaBhavani Bhavani

ആകാശഗോപുരങ്ങൾ…

കുളി കഴിഞ്ഞ് ഈറൻമുടിയുടെ തുമ്പു കെട്ടി ,കസവ് നേര്യതും ഉടുത്ത് അവൾ മുറിയിലേക്ക് കയറി വന്നത് കൈക്കുടന്ന നിറയെ മുല്ലപ്പൂവുമായാണ്.!

ഉറക്കം കണ്ണുകളിൽ നിറഞ്ഞുനിന്നിരുന്നുവെങ്കിലും അവളുടെ കാച്ചെണ്ണയുടെ ഗന്ധം അയാളെ ഭ്രമിപ്പിച്ചു …

“ഏട്ടാ എനിക്ക് ഈ പൂവ് ഒന്ന് മുടിയിൽ ചൂടി താ”

അവൾ ഒരു പ്രത്യേക ഈണത്തിൽ കെഞ്ചി …

പുറം തിരിഞ്ഞു നിന്ന അവളുടെ വയറിനു മുകളിൽ കൂടി രണ്ടുകൈയും കൂട്ടി പുണർന്ന് അയാൾ വികാര വിവശനായി….

” ഏട്ടാ പുറത്തു കുട്ടികൾ ഒരുപാടു പേരുണ്ട് ശ്ശൊ ഒന്നു വിട്”

അവൾ കിക്കിളി പൂണ്ട് കൈ കുതറിച്ച് വാതിൽ തുറന്ന് പുറത്തേക്ക് ഓടാൻ ശ്രമിച്ചു ….

അവളുടെ കയ്യിൽ പിടിച്ചു വലിച്ചു വീണ്ടും അയാൾ തന്നിലേക്ക് അടുപ്പിച്ചു …..

നിറുകയിൽ, കണ്ണുകളിൽ എല്ലാം ഒരു നൂറുനൂറു ഉമ്മകൾ നൽകി .

മുടിയിൽ നിന്നും ഇറ്റു വീണ നീർമുത്തുകൾ അയാളുടെ നെഞ്ചിൽ അമർന്നു.

അവൾ ഇണങ്ങിയ മാടപ്രാവായി …..

ഏതോ മായാലോകത്ത് എത്തിപ്പെട്ട നിർവൃതിയിൽ അയാളുടെ ചൂടേറ്റു നിന്നു.

ചുക്കിച്ചുളിഞ്ഞ ഓർമ്മകളുടെ ചുഴിയിൽ അയാൾ വീണ്ടും വിലയം പ്രാപിച്ചു …..

കുട്ടികളുടെ കലപില ശബ്ദം ആണ് അലയടിക്കുന്നത് …. ഓർമ്മകളുടെ ഭാണ്ഡക്കെട്ട് പിന്നെയും ഭൂതകാലത്തെ കൈകാട്ടി വിളിച്ചു.

ഒരു ചിങ്ങമാസത്തിലെ തിരുവോണനാളായിരുന്നു അന്ന്.

മുറ്റത്തെ മാവിന്റെ ചില്ലയിൽഊഞ്ഞാൽ കെട്ടി കുട്ടികൾ ഊഞ്ഞാൽ ആടുകയാണ്. വാനരസേന മുഴുവൻ അവളുടെ കൂട്ടാണ്

കുട്ടികൾ പൂക്കളമിടുന്ന ബഹളം

അമ്മ അടുക്കളയിൽ തിരക്കിലാണ് ….. മധുരമൂറും പലഹാരങ്ങളുടെ വശ്യസുഗന്ധം ഇപ്പോഴും അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്നതായി അയാൾക്കു തോന്നി. അവൾക്കൊപ്പമിരുന്നുണ്ട ഓണസദ്യയുടെ രുചി നാവിൽ നിലക്കാത്ത നോവായി ഹൃദയത്തെ കുത്തിനോവിക്കുന്നു.. ഒരു ഉരുള ചോറ് തൻ്റെ അമ്മ അവൾക്കു വായിലേക്കു വെച്ചു കൊടുത്തത് അസൂയയോടെയും, അഭിമാനത്തോടെയും നോക്കിയിരുന്നത്.

പിന്നെയും മാസങ്ങൾ കഴിഞ്ഞ് പോയി…. നല്ലൊരു ജോലിക്കായി കടൽകടക്കാനുള്ള അയാളുടെ ശ്രമം ”വിസ ” ആയി അയാളെ തേടിയെത്തി ….

പിന്നീട് സങ്കടത്തിന്റെ, വേദനയുടെ, വിരഹത്തിന്റെ എല്ലാം ആന്തലുകൾ നിറഞ്ഞ ദിവസങ്ങളായിരുന്നു.

അവൾ സദാ അയാളുടെ പിന്നാലെ നടന്നു

അയാളുടെ വിയർപ്പുതുള്ളികളേറ്റ് അലിഞ്ഞില്ലാതായഏതോ നിമിഷത്തിൽ ഒരു തുള്ളി ബീജം അവളുടെ ഉദരത്തിൽ സമ്മാനിച്ചത് ഒരു ജീവന്റെ തുടിപ്പായിരുന്നു.

ആ സന്തോഷവാർത്ത അയാൾ അറിഞ്ഞത് കടലിനപ്പുറം ഇരുന്നാണ്.

അയാൾ എന്തിനോവേണ്ടി വിവശനായി അതിലേറെ ആർദ്രമായി അവളുടെ ശബ്ദം അയാളിലേക്ക് ഒഴുകിയെത്തി…..

“ഏട്ടാ..എനിക്ക് ഏട്ടനെ കാണണം…. ആ നെഞ്ചിൽ കിടന്നുറങ്ങണം”

അവൾ കെഞ്ചി …..

ഒരുപാട് ഒരുപാട് സങ്കടങ്ങൾ പരിഭവങ്ങൾ എല്ലാം പങ്കുവെച്ചു…..

കിന്നാരം പറഞ്ഞു :…

“ഈ ജന്മത്തിൽ ഏട്ടനോട് ഞാൻ കടപ്പെട്ടിരിക്കുന്നു വരും ജന്മവും എനിക്കായി തരണേ ഏട്ടാ ”

എന്നപേക്ഷിച്ചു …..

ഏട്ടന്റെ നെഞ്ചിൽ കിടന്ന് മരിക്കണമെന്ന് സങ്കടപ്പെട്ടു…..

നിറമുള്ള ദിവസങ്ങൾ സമ്മാനിച്ച അവളെ അയാൾക്ക് എങ്ങനെ മറക്കാനാവും!

‘തന്റെ ഈ വിദേശയാത്രയിൽ അവളെ ഒപ്പം കൂട്ടിയിരുന്നു എങ്കിൽ എത്ര നന്നായിരുന്നു ‘

എന്നയാൾ ഓർത്തു ……

പക്ഷേ അവൾക്ക് പൂർണമായ വിശ്രമം വേണ്ട ഒരു സാഹചര്യം ആയതിനാൽ മാത്രമാണ് അതിന് മുതിരാതിരുന്നത് …..

അങ്ങനെ മാസങ്ങൾ കൊഴിഞ്ഞു വീണു ഫോൺവിളികൾ മാത്രമായിരുന്നു ആശ്വാസം

പക്ഷെ അവളുടെ വിളികൾ പലപ്പോഴും അരോചകമായി അയാൾക്കുതോന്നി. അതിനു കാരണവുമുണ്ട്.

എപ്പോഴും അവൾ മരണത്തെക്കുറിച്ച് പറയുന്നു .എന്ത് സംസാരിച്ചാലും മരണം എന്ന വിഷയത്തിൽ കൊണ്ട് നിർത്തുന്നു.

അയാൾ അവളോട് പരിഭവിച്ചു

“ഇനിമേലിൽ ഇങ്ങനെ സംസാരിക്കരുതെന്ന് ” ദേഷ്യപ്പെട്ടു.

അന്ന് ഡോക്ടർ ചെക്കപ്പിനുപറഞ്ഞിരിക്കുന്ന ദിവസമായതിനാൽ ആവണം അവൾക്ക് വല്ലാത്ത ഭയം ഉണ്ടായിരുന്നു. ഏഴാംമാസം തുടങ്ങിയാണ് കോപ്ലിക്കേഷൻസ് ഒരുപാടുണ്ട് .തീർത്തും ബെഡ് റെസ്റ്റ് വേണം എന്ന് പറഞ്ഞിരിക്കുകയാണ് ഡോക്ടർ മേരി കുര്യൻ തന്റെ അച്ഛന്റെ സുഹൃത്താണ് അതിനാൽ എന്ത് കാര്യത്തിലും പ്രത്യേക ശ്രദ്ധ ഉണ്ട്.

രാത്രി അവൾ ഒരുപാട് സംസാരിച്ചു..ഉറക്കം മറന്നു കിടന്നു. ഡെലിവറിയടുത്തതിൻ്റെ മാനസിക സമ്മർദ്ദം അവൾക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു.

ഫോണിൽക്കൂടി യാത്രകളെക്കുറിച്ച് സംസാരിച്ചു ….

“ഏട്ടൻ വരുമ്പോൾ നമുക്ക് ഒരുമിച്ച് ഒരുപാട് യാത്രകൾ പോകണമെന്നും അവിടെ ഞാനും ഏട്ടനും നമ്മുടെ കുഞ്ഞും മാത്രമുള്ള നിറമുള്ള ഏകാന്തതയിൽ ആ നെഞ്ചിൽ തലചായ്ച്ച് ഒരുവട്ടംകൂടി കിടക്കണമെന്നും “അവൾ പറഞ്ഞു.

“ഒരുപക്ഷേ ഏട്ടനും മുന്നേ ഞാൻ മരിച്ചു പോയാൽ അന്ന് ഒരിക്കൽ നമ്മൾ കടൽ കരയിൽ വെച്ച് സ്വപ്നം കണ്ട ആകാശഗോപുരത്തിലേക്ക് ഒരു റാണിയെ കൊണ്ടുവരണമെന്നും അവൻ തന്റെ കുഞ്ഞിനെ പൊന്നുപോലെ നോക്കുന്നത് ഞാൻ സ്വപ്നം കണ്ടു “എന്നും അന്നവൾ പറഞ്ഞു

ഇവൾക്ക് ഭ്രാന്ത് പിടിച്ചോ എന്ന് സംശയം തോന്നി അയാൾക്ക്. ഡെലിവറിയെക്കുറിച്ചുള്ള പേടിയാണ് അവളെ അലട്ടുന്നത് എന്ന് അയാൾ സമാധാനം കൊണ്ടു.

പിന്നെ പിന്നെ പരാതികൾ പരിഭവങ്ങളായി,പരിഭവങ്ങൾ ദേഷ്യത്തിലേക്കുള്ള വഴി മാറി , പിന്നീടത് വിരഹമായ് മണിക്കൂറുകൾ മിണ്ടാതെയിരുന്നു.

അവൾ അയാളുടെ ശബ്ദത്തിന് കാതോർക്കുന്നുണ്ട് എന്ന് അയാൾക്ക് അറിയാമായിരുന്നു .എന്നും താൻ തോറ്റു കൊടുക്കുകയായിരുന്നു പതിവ് .

പിന്നീടുള്ള ദിവസങ്ങളിൽ വിളികളുടെ ദൈർഘ്യം കുറഞ്ഞു അവളോട് സംസാരിക്കാൻ തന്നെ അയാൾക്ക് മടുപ്പ് തോന്നി.

എന്തുപറഞ്ഞാലും വാശിയും ,ദേഷ്യവും അവൾ ഭ്രാന്തമായി പുലമ്പുന്നത് മുഷിച്ചിലോടെ അയാൾ കേട്ടിരുന്നു.

“ഇനി ഇങ്ങനെ സംസാരിച്ചാൽ ഞാൻ വല്ല കടുംകൈയ്യും ചെയ്യും എന്നും ” അവളെ പലവട്ടം ഓർമ്മിപ്പിച്ചു .”ഇനി അങ്ങനെ ഉണ്ടാവില്ല ” എന്ന് അവൾ മാപ്പ് പറഞ്ഞു .

ജോലിയുടെ മടുപ്പും, ജീവിതത്തിന്റെ കുത്തൊഴുക്കും എന്തായിത്തീരുമെന്ന് അയാൾക്ക് ഒരു പിടിയുമില്ലായിരുന്നു അവസാനമായി അവളോട് സംസാരിച്ചപ്പോൾ അയാൾ ക്രമാതീതമായ ദേഷ്യപ്പെട്ടു …

“ഭാമേ നീ ആവശ്യമില്ലാത്ത കാര്യങ്ങൾ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കരുത് ഇനി ഇങ്ങനെയുള്ള കാര്യങ്ങൾ പുലമ്പാൻ എന്നെ വിളിക്കരുത് “എന്ന് ദേഷ്യത്തിൽ തന്നെ സംസാരിച്ചു.

” ഞാൻ ഇനി അങ്ങോട്ട് വരില്ല എന്നും ഇവിടെ വേറൊരു പെൺകുട്ടിയെ കെട്ടി സുഖമായ്, സമാധാനമായ് ജീവിക്കാൻ പോവുകയാണെന്നും ” അവളോട് തമാശയിൽ പറഞ്ഞു …

പക്ഷേ മനസ്സിൽ കള്ളച്ചിരി നിറഞ്ഞിരുന്നു, ഇനി പെണ്ണ് സമാധാനമായി ഇരുന്നോളും എന്നയാൾ വിചാരിച്ചു കുറെ നേരം അവൾ മിണ്ടാതെ ഇരുന്നു …

പിന്നെയും അവളെ ആർദ്രമായി വിളിച്ചു…. അയാൾ കാതോർത്ത അവളുടെ സ്വരം കാറ്റിൽ ചിലമ്പിച്ച് അയാളുടെ കർണ്ണപുടത്തിൽ വന്നലച്ചു

” ഏട്ടാ ഞാൻ ഏട്ടനെ ഒരുപാട് സ്നേഹിക്കുന്നു .ചേട്ടൻ എന്നെ വിട്ടു പോകുന്നു എന്ന ഓർമ്മ പോലും എനിക്ക് സഹിക്കാനാവില്ല ”

അവൾ കരയുകയായിരുന്നു അതിനു മറുപടി പറയാതെ താൻ ഫോൺ കട്ടു ചെയ്തു. പഴയ ശാഠ്യക്കാരി ആവും എന്ന് അയാൾ ഭയന്നിരുന്നു

പിറ്റേന്ന് ഓഫീസിലെ തിരക്കിൽ മുഷിഞ്ഞിരിക്കവെ ഇന്നലെ അവളോട് പിണങ്ങിയതിന്റെ ഈർച്ച അയാളെ അലട്ടി …

കഴിഞ്ഞ ചെക്കപ്പിന് പോയപ്പോൾ മുതൽ കുഞ്ഞിന്റെ അനക്കം നന്നായി അറിയാൻ സാധിച്ചിരുന്നു എന്ന് അവൾ പറഞ്ഞത് അയാൾ ഓർത്തു …

അവളെ പോലെ തന്നെ ഒരു കുഞ്ഞു മാലാഖ തന്റെ കയ്യിൽ ഒരു പഞ്ഞിക്കെട്ടിനുള്ളിൽ പറ്റിയിരിക്കുന്നത് അയാൾ മനസ്സിൽ ഓർത്തു …

എന്ത് മനോഹരമാണ് ആ രംഗം… ഏതോ മായാലോകത്ത് ലോകത്ത് എത്തിപ്പെട്ട പ്രതീതി

പെട്ടെന്ന് ഫോൺ ബെല്ലടിച്ചത്.

നാട്ടിൽനിന്നും ഉറ്റ സുഹൃത്ത് ഷാഫിയാണ് അവനുമായി ചെറുപ്പത്തിൽ തൊട്ടുള്ള ചങ്ങാത്തമാണ് ‘ലയൺസ് ക്ലബ്ബിന്റെ ‘ ഫുട്ബോൾ ടീം ക്യാപ്റ്റൻ ആണവൻ .

അയാൾ വേഗം ഫോൺ അറ്റൻഡ് ചെയ്തു

“എന്താണ് നിനക്ക് സുഖം തന്നെയല്ലേ എന്താ വിശേഷിച്ച് ”

ആ ചോദിച്ചതിനുള്ള മറുപടി ഒരു കരച്ചിലിന്റെ ചീളുകൾ ആയിരുന്നു …

അയാൾക്ക് കാര്യം എന്താണെന്ന് മനസ്സിലായില്ല …

പെട്ടെന്ന് മുത്തശ്ശിയെ ഓർമ്മ വന്നു ഇനി മുത്തശ്ശിക്ക് എന്തെങ്കിലും !!

“ഷാഫി എന്താടാ കാര്യംപറയെടാ ”

കിതപ്പോടെ വീണ്ടും തിരക്കി …

“ചേട്ടായി ഭാമേച്ചി വിഷം കഴിച്ചു സീരിയസ് ആണ് വേഗം നാട്ടിലേക്ക് വരണം”

കോൾ കട്ടായി

ഭൂമി പിളർന്ന് ഇല്ലാതാവുന്ന പോലെ അയാൾക്ക് തോന്നി

അവൾ എന്തിനിതു ചെയ്തു

“ദൈവമേ…. ഒരാപത്തും വരുത്തരുതേ ”

എന്ന് അയാൾ ഉള്ളുരുകി പ്രാർത്ഥിച്ചു.

എത്രയും പെട്ടെന്ന് കാര്യങ്ങൾ മുന്നോട്ടുനീക്കുക വീട്ടിലേക്ക് പോകാനുള്ള അനുവാദം ലഭിക്കുകയുള്ളൂ.. അയാൾ ആകെ പരവശനായികസേരയിലിരുന്ന് വിയർത്തുകുളിച്ചു

മരിച്ച മനസ്സുമായാണ് അയാൾ വീട്ടുമുറ്റത്ത് .വന്നത് വെളുത്ത ഇന്നോവ കാറിൽ നിന്നും തന്റെ വീട്ടിന്റെ മുറ്റത്തേക്കിറങ്ങിയ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു .

മങ്ങിയ കാഴ്ചയിൽ അയാൾ കാണുന്നുണ്ടായിരുന്നു വീടിന്റ അങ്ങിങ്ങായി ആളുകൾ വട്ടം കൂടി നിൽക്കുന്നത് ….

“അരുതാത്തത് ഒന്നും സംഭവിക്കരുതേ..”

അയാൾ മനസ്സിൽ പ്രാർത്ഥിച്ചു.

എല്ലാവരും മൗനമായ് സംസാരിക്കുന്നത് തന്നെപ്പറ്റി ആണോ ??! എന്നയാളുടെ മനസ്സു കാതോർത്തു .

യാദൃശ്ചികമായി അയാൾ വീടിന്റെ ഉമ്മറപ്പടി കേറി …വീടിനുള്ളിൽ കൂടിനിന്നവർ സംശയത്തോടെ അയാളെ നോക്കി ….

മുറിയിൽ കത്തിച്ച നിലവിളക്കിനു മുന്നിൽ നിശ്ചലമായി അവൾ കിടപ്പുണ്ടായിരുന്നു.

ശരീരമാകെ കുളിരുന്നതു പോലെ അയാൾക്ക് അനുഭവപ്പെട്ടു. അരുതാത്തത് സംഭവിച്ചിരിക്കുന്നു. ദൈവമേ ഒന്നും സംഭവിക്കരുതേ എന്ന് പ്രാർത്ഥിച്ചതൊന്നും ദൈവം കേട്ടിരുന്നില്ല.

മരണമാണത് തണുത്തു മരവിച്ച മരണം.. വീർത്തുന്തി നിൽക്കുന്ന അവളുടെ ഉദരത്തിൽ തന്റെ കുഞ്ഞ്.ശരീരമാകെ വിറകൊള്ളുന്നു.

മുഖത്തേക്ക് അയാൾ ഒരു വട്ടമേ നോക്കിയുള്ളൂ .അമ്മ അവളുടെ അരികിൽ ഇരുന്ന് അലമുറയിടുന്നുണ്ടായിരുന്നു.

അയാൾ പതിയെ അവളുടെ അരികിൽ ഇരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകി ഉപ്പ് പടർന്നു.അവളുടെ മുഖം ഒരിക്കൽ പ്രകാശപൂരിതമായിരുന്നുവല്ലേ എന്ന് അയാൾ ഓർത്തു.

ഉദരത്തിൽ അയാൾ തലോടി..

ഈ പൊട്ടിപ്പെണ്ണ് എന്തിനിതു ചെയ്തു എന്ന് അയാൾ ഓർത്തെടുക്കാനായില്ല

ഇത് വിധിയാണ്….. ചുട്ടുപൊള്ളുന്ന വിധിയുടെ വിളയാട്ടം …! ഏത് മഴ മേഘങ്ങൾക്കാണ് ഈ പൊള്ളലിനെ ശമിപ്പിക്കാനാവുക.

തന്റെ ഹൃദയം കുത്തിപ്പൊളിച്ച് എടുത്ത് ആരോ കാർന്നുതിന്നുന്നതായി അയാൾക്ക് തോന്നി…. ചുടുരക്തം വീണ താൻ ഇല്ലാതാവുന്ന പോലെ തോന്നി …..

അവൻ പോയിട്ട് ദിവസങ്ങൾ പൂവിന്റെ ഇതളുകൾ കൊഴിയുന്ന പോലെ കൊഴിഞ്ഞു പോയിരിക്കുന്നു. താൻ തീർത്തും ഒറ്റപ്പെട്ടു ഭാഗമായി തീർന്നിരിക്കുന്നു അമ്മയും മുത്തശ്ശിയും ഏതോ നികൃഷ്ടജീവിയെപ്പോലെ തന്നെ തുറിച്ചു നോക്കി ഇരിക്കുന്നു

താൻ മൂലം ആണല്ലോ അവൾ മരിച്ചത് എന്ന് നിരാശാ ഭ്രാന്തനാക്കിയ ജീവിതം ആയിരുന്നു പിന്നീട്

തന്റെ വായിൽ നിന്നും തമാശയ്ക്ക് വന്ന ഒരേയൊരു വാക്ക് അത് അവളെ സങ്കടത്തിലാഴ്തിമരണത്തെ വരിക്കാൻ അവർ തയ്യാറാകും എന്ന് സ്വപ്നത്തിൽ ചിന്തിച്ചിരുന്നില്ല.

പകലൊടുങ്ങുകയാണ് …..

ഒരു വൈകുന്നേരയാത്രയ്ക്കിടയിൽ മുഖം ചുളിഞ്ഞും, മുഷിഞ്ഞും നടന്ന വേഷഭൂഷാദികളേയും , എന്തിനോ വേണ്ടി തിരക്കിട്ടോടുന്ന എണ്ണമറ്റ മനുഷ്യരെയും, ഭിക്ഷാപാത്രം കയ്യിലേന്തി കടൽത്തീരങ്ങളിലെ വിനോദസഞ്ചാരികൾക്കു നേരെ നീട്ടി, അതിൽ കിട്ടിയ നാണയങ്ങൾ പെറുക്കിക്കൂട്ടി, തോളിൽ മാറാപ്പുമേന്തി, കൂടെനടക്കുന്ന വിശപ്പിന്റെ വേദന വിളിച്ചോതുന്ന മെലിഞ്ഞുണങ്ങിയ പിഞ്ചുബാല്യങ്ങളേയും, വേദനയോടെ അയാൾ നോക്കി…..

ജീവിതം പോലെ തന്നെയാണ് പകലും, രാത്രിയും എന്ന് തോന്നിയിരുന്നെങ്കിലും; വീട്ടിലെത്തിയാൽ കേൾക്കാവുന്ന ശാപ വചസ്സുകൾ ഓർത്തുകൊണ്ട് ; ആ മങ്ങിയ സന്ധ്യാവേളയിൽ സായന്തന സൂര്യനെ നോക്കി അയാൾ ഏറെ നേരം വഴിവക്കിൽ നിന്നു ….

കൺകോണുകളിൽ നീർക്കുമിളകൾ നിറഞ്ഞു താഴോട്ടു വീഴാൻ വെമ്പി നിന്നു.

കടലിൽനിന്ന് ഉപ്പുരസമുള്ള കാറ്റ് തണുപ്പോടെ വീശുന്നുണ്ടായിരുന്നു ….

” എന്തിനായിരുന്നു അവൾ തന്നോടിതു ചെയ്തത് !!

ഒരു വാക്കു പോലും പറയാതെ പോയി ക്കളഞ്ഞത് …!!”

അയാൾക്ക് അതിന് ഉത്തരം കിട്ടിയില്ല….

ഇപ്പോൾ പലവട്ടം ആയിരിക്കുന്നു ഇങ്ങനെ ഭ്രാന്തനെപ്പോലെ അലയുന്നത്;

രാത്രിയെ ചിവീടുകൾ കീറി മുറിക്കുമ്പോൾ ബോധമില്ലാതെ വീട്ടിൽവന്ന് കയറുകയാണ് ഇപ്പോഴത്തെ പതിവ്…..

ചോറുവിളമ്പി അടച്ചു വെച്ചതിനരികിലായ് മേശപ്പുറത്ത് തലവെച്ച് പിറുപിറുത്തും പരിഭവം, പറഞ്ഞും മയങ്ങുന്ന അമ്മയുടെ മുഖം ഇനി ഏത് ജന്മത്തിൽ ആണ് മറക്കാനാവുക …! അല്ലെങ്കിലും ഈ പാഴ്ജന്മം എന്തിനുവേണ്ടിയായിരുന്നു!!?

അകത്തെ മുറിയിൽ ഇരുമ്പ് കട്ടിലിന്റെ ഞരക്കം കേട്ടു …

മുത്തശ്ശിയാണ്…

തന്നെ ശപിച്ചു, ശപിച്ചു മയങ്ങുകയാവും!

ഉമ്മറത്ത് ഓട്ടു വിളക്കിൽ കരിന്തിരി എണ്ണ കുടിച്ചു വറ്റിച്ചിരിക്കുന്നു!

പുറത്തുനിന്നും ഓർമ്മകളുടെ ഗന്ധം എന്നോണം കാച്ചെണ്ണയുടെ സുഗന്ധം…. ഉമ്മറത്താകെ ഒഴുകിപ്പരക്കുന്നു.

കതകു തുറക്കുന്ന ശബ്ദം കേട്ടിട്ടാവണം മുത്തശ്ശി എണീറ്റത്….

മരണ ഗന്ധം മടുപ്പിക്കുന്ന ഇരുട്ടിൽ ഭിത്തിയിലെ ലൈറ്റിന്റെ സ്വിച്ച് തിരഞ്ഞു. മുറിയിൽ പ്രകാശം നിറഞ്ഞപ്പോൾ അമ്മയുടെ മുഖം കണ്ട് അയാൾ ഞെട്ടി .

സംഹാരരുദ്രയേപ്പോലെ അവർ ചാടി എഴുന്നേറ്റ് അയാളുടെ ഷർട്ടിന്റെ കോളറിൽ കയറിപ്പിച്ചുശക്തിയായി ഉലച്ചു.

“എന്ത് തെറ്റ് ചെയ്തെടാ..ആ പാവം നിന്നോട് :..എന്ത് തെറ്റ് ചെയ്തു .കൊന്നു കളഞ്ഞല്ലോടാ …”

“വയറ്റു കണ്ണിയോടെയല്ലേടാ ആ പാവം പോയത് !”

“നിന്നെ സ്നേഹിച്ചു നിന്റെ കുഞ്ഞിനെ ഗർഭത്തിൽ പേറി, അതാണോടാ അവൾ ചെയ്ത തെറ്റ് ”

“ആ കുഞ്ഞു മുഖം ഒന്നു കാണാൻകൂടി സമ്മതിച്ചില്ലല്ലോ നീയ്….. ”

“നശിച്ചുപോകും, നശിച്ചുപോകും. നീയ് നശിച്ചുപോകും”

അമ്മയുടെ കൈ തന്റെ ഷർട്ടിലൂടെ ഊർന്ന് നിലത്തേക്കു അവർ വേച്ചു പോയി ….

അമ്മയെ താങ്ങി പിടിച്ചു കൊണ്ട് അയാൾ കെഞ്ചി ….

“ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലമ്മേ … എനിക്കറിയില്ല എനിക്കറിയില്ല എന്താണ് സംഭവിച്ചത് എന്ന് എനിക്ക് അറിയില്ല ”

വാക്കുകൾക്കൊപ്പം നെഞ്ച് വിങ്ങി കണ്ണുനീർപ്പോലും പുറത്തു വരാത്ത അവസ്ഥയിൽ അയാൾ വിലപിച്ചു.

തളർന്നുവീണ അമ്മയെ താങ്ങി കട്ടിലിൽ കിടത്തിയ ശേഷം അയാൾ പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു …

പുറത്ത് അവൾ നട്ടുനനച്ച ഡാലിയയേയും, പനിനീർ ചെടിയേയും മഴ ചീളുകൾപൊതിയുന്നുണ്ടായിരുന്നു.

ഇനിയും തിരിച്ചു വരാത്തവിധം ദൂരങ്ങൾ ഒരുപാട് സഞ്ചരിച്ചിരിക്കുന്നു. ദിവസങ്ങൾ ഒരു യുഗം പോലെ മാഞ്ഞുപോയിരിക്കുന്നു .

എന്നും തന്റെ കാലിൽ വന്ന മുട്ടിയുരുമ്മി നില്ക്കുന്ന അപ്പൂസ് വിഷണ്ണനായി അവളുടെ കുഴിമാടം നോക്കി കിടപ്പുണ്ടായിരുന്നു .അവന്റെ നീലക്കണ്ണുകളും ,ചെമ്പൻ രോമവും എഴുന്നു നിന്നു.

ശരീരം ആകെ ക്ഷീണിച്ചിരുന്നു ….

താൻ എന്തോ തെറ്റ് ചെയ്തു എന്നപോലെ അവൻ തന്നെ നോക്കി തലതാഴ്ത്തി.

അയാൾ അവളെ ഓർത്തു; എത്ര മാന്ത്രികയാണ് അവളുടെ പെരുമാറ്റത്തിന് ….

അപ്പൂസിന് അവളെ ജീവനാണ്….

പിന്നെ അമ്മ ,മുത്തശ്ശി തന്നെക്കാൾ ഏറെ തന്റെ വീട്ടുകാരെ അവൾ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു എന്ന് അയാൾക്കറിയാം

അവളുടെ അച്ഛനും ,അമ്മയും ഒരു ആക്സിഡൻറിൽപ്പെട്ട് നഷ്ടമായത് അവളുടെ കണ്മുന്നിൽ വെച്ചായിരുന്നു ….

മറ്റു ബന്ധുക്കൾ ഒന്നും തിരിഞ്ഞു നോക്കാനില്ലാതെ സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ അവളെ താൻ തന്നെ തന്റെ ജീവിതത്തിലേക്ക് കൈപിടിച്ചു.

അമ്മ അവളെ സ്വന്തം മകളെ പോലെ സ്നേഹിച്ചു. ഒരു കുറവും വരുത്താതെ ഓരോ കാര്യവും ചെയ്തുകൊടുത്തു അവളാവട്ടെ ഇരട്ടി സ്നേഹം എല്ലാവർക്കും വാരിക്കോരി തിരികെ കൊടുത്തു.

ഓരോ ഓർമ്മകളും അയാളെ കുത്തിനോവിച്ചു ….

ദിക്കറിയാതെ ഒരു മിന്നാമിനുങ്ങ് കുഴിമാടത്തിൽ ചുറ്റി മാവിൻ ചില്ലയിൽ വന്നിരുന്നു …

അന്ന് പേലീസ് സ്റ്റേഷനിൽ ഹാജരാകേണ്ട ദിവസമായിരുന്നു .പോലീസ് സ്വമേധയാ കേസെടുത്തതാണ്

“താൻ തെറ്റു ചെയ്തു തെറ്റു ചെയ്തു.എന്ത് ശിക്ഷയും അനുഭവിക്കാൻ തയാറാണ്” “ഞാൻ കാരണമാണ് അവൾ മരിച്ചത് “അയാൾ ഭ്രാന്തനേപ്പോലെ അലറി ഏതു കടലിൽ മുങ്ങിയാൽ ഈ പാപം തീരും, ഏതു ഗംഗയിൽ മുങ്ങിക്കുളിക്കണം…

അവളുടെ ആത്മഹത്യാക്കുറിപ്പിൽ തൻ്റെ പ്രിയതമനോടു നിറഞ്ഞ സ്നേഹം മാത്രമായിരുന്നു എഴുതി നിറച്ചു വെച്ചിരുന്നത് തൻ്റെ മരണത്തിൻ്റെ പങ്കുപറ്റാൻ ആരേയും അവൾ കൂട്ടു വിളിച്ചില്ലാത്തതിനാൽത്തന്നെ പോലീസുകാർക്ക് അയാളെ എന്ത് ചെയ്യാനാവും

പോലീസുകാർ സഹതാപത്തോടെ അയാളെ നോക്കി

എങ്ങോട്ടെന്നില്ലാതെ അയാൽ അവിടെ നിന്നും ഇറങ്ങി നടന്നു. ആർത്തിരമ്പുന്ന കടൽ തീരത്ത് നടത്തം അവസാനിച്ചു.

സായന്തന സൂര്യന്റെ ചോരച്ചുവപ്പ് ചക്രവാളസീമകളിൽനിന്നും തന്റെ ഹൃദയത്തിലേക്ക് ഇറ്റുവീഴുന്നതായി അയാൾക്ക് തോന്നി …

അയാളുടെ ചിന്തകളിൽ ഓർമ്മകളുടെ രക്തച്ഛവി പടർന്നിരുന്നു. അയാൾ കടലിലേക്കിറങ്ങി ചെറു തിരമാലകൾ അയാളുടെ പാദങ്ങളെ തഴുകി.

ദൂരെ കടലിനപ്പുറം അവൾ അയാളെ മാടി വിളിച്ചു. ആ കടൽ തിരയിൽ എവിടെയോ തന്റെ ജീവൻ പിണഞ്ഞു കിടക്കുന്നു. പതുക്കെ ആ കടൽത്തിരയിലേക്കയാൾ ഇറങ്ങി.. ഉപ്പുവെള്ളം പാദം മുങ്ങി മുകളിലേക്ക് നെഞ്ചൊപ്പം പിന്നെ കഴുത്തൊപ്പം.. പിന്നെയും പിന്നെയും ആഴങ്ങളിലേക്ക്.

അപ്പോൾ അയാൾ ഏകനായിരുന്നില്ല ദുഃഖത്തിന്റേയും, വിരഹത്തിന്റേയും ,ഏകാന്തതയുടെയും കടിഞ്ഞാൺ പൊട്ടിച്ചുകൊണ്ട് അവൾക്കായ് അയാൾ ഒരാകാശഗോപുരം പണിയുകയായിരുന്നു…. അനന്തമായ കടൽത്തിരകളെ പുണരുകയായിരുന്നു.

രചന: VidhyaBhavani Bhavani

Leave a Reply

Your email address will not be published. Required fields are marked *