കണ്ണുകൾ എന്റെ നേർക്ക് തന്നെയാവും.

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Sujith SKP

”ടാ നീ അമ്മൂനേം കൂട്ടി അവളുടെ വീട് വരെയൊക്കെ ഒന്ന് പോകണം. നിങ്ങളെ രണ്ടാളേം കാണാൻ അവിടുള്ളവർക്കൊക്കെ എത്ര ആഗ്രഹം കാണും” ഉമ്മറത്ത് ലാപ്ടോപ്പിൽ ഓഫീസ് സംബന്ധമായ ചിലകാര്യങ്ങൾ ചെയ്ത് തീർക്കുന്ന നേരത്താണ് അടുത്ത് വന്ന് അമ്മ ഈ കാര്യം പറഞ്ഞത്.

”അമ്മക്കറിയാലോ! എനിക്ക് ഒരുപാട് ജോലിയുണ്ട്.അതിനിടയിൽ എങ്ങനാ?” ”നിന്റെയൊരു ജോലി. ഒരു ദിവസം ലീവെടുത്തെന്ന് കരുതി മാനം ഇടിഞ്ഞുവീഴ്യോ? നീ പോകണം” ”അമ്മേ…

എന്തിനാ ഞാൻ. അവൾക്ക് പോവണമെങ്കിൽ ഒറ്റയ്ക്കും പോവാലോ. ആരും ഇവിടെ തടയില്ല.” അൽപ്പമൊന്ന് നിശബ്ദയായിക്കൊണ്ട് അമ്മ തുടർന്നു. ”തെറ്റുപറ്റിയത് ഈ അമ്മയ്ക്കാണ്. നിനക്കിഷ്ടമില്ലാത്തൊരു വിവാഹം നടത്തിയതിൽ…” കരഞ്ഞുകൊണ്ടാണ് അമ്മ അകത്തേക്ക് നടന്നത്. ഇഷ്ടമില്ലാത്ത വിവാഹമെന്ന് അമ്മ പലപ്പോഴും പറയാറുണ്ട്. സത്യമാണ്.

ഒരു താലികെട്ടി കൂട്ടികൊണ്ടുവന്നു എന്നതിനപ്പുറത്തേക്ക് യാതൊരു ബന്ധവും ഞാനും അമ്മുവും തമ്മിലില്ല.മനസ്സുകൊണ്ടില്ലെന്നുതന്നെ മറ്റൊരു തരത്തിൽ പറയാം. അവൾക്ക് ഒരുപക്ഷേ,ഞാൻ ജീവനായിരിക്കും.എന്നാൽ എന്റെ ജീവൻ,അത് അഞ്ജുവിന്റെ മരണത്തോടുകൂടി നഷ്ടപ്പെട്ടതാണ്.എന്തെല്ലാം സ്വപ്നങ്ങളായിരുന്നു ഞങ്ങൾ നെയ്തുകൂട്ടിയത്.അതെല്ലാം ഒരൊറ്റ രാത്രികൊണ്ടല്ലേ ഒരു ടിപ്പർലോറി കവർന്നെടുത്തത്.ഇന്നും അവളുള്ള ഹൃദയത്തിൽ എങ്ങനെയെനിക്ക് അമ്മുവിനെ പകരമായിട്ട് വെക്കാൻ കഴിയും.

റൂമിൽ അവൾ നിലത്തും ഞാൻ കട്ടിലിലുമാണ് കിടക്കാറ്. ഞാനായിട്ട് അകറ്റിനിർത്തിയതാണ്. ഉള്ളിൽ ചിലപ്പോഴതിന്റെ വിഷമം ഉണ്ടായിരിക്കാം. പലപ്പോഴും അത് പ്രകടമാക്കിയിട്ടുമുള്ളതാണ്.

ഞാൻ ലാപ്ടോപ്പ് ഓഫാക്കി അകത്തേക്ക് നടന്നു.റൂമിൽ ഉറങ്ങാതെ അവൾ കാത്തുനിൽപ്പുണ്ടായിരുന്നു. ഞാൻ വലിയ ശ്രദ്ധ കൊടുക്കില്ലെങ്കിലും അവളുടെ കണ്ണുകൾ എന്റെ നേർക്ക് തന്നെയാവും. ഞാൻ മെല്ലെ കിടന്നു.

താഴെ അന്നേരമവളും. രാവിലെ എണീറ്റനേരം പതിവുപോലെ ഒരു കപ്പ് കാപ്പി ടേബിളിലുണ്ടായിരുന്നു. പുറത്ത് ഞാൻ എണ്ണീക്കുന്നതും കാത്ത് അവളും. ഞാനൊന്നും മിണ്ടാതെ നിന്ന നേരമാണ് അവൾ പറഞ്ഞു തുടങ്ങിയത്. ”അരുണേട്ടന് നാളത്തെ ദിവസത്തിന്റെ പ്രത്യേകത അറിയോ?” ”ഇല്ല.എന്താ?”

ഞാൻ ഇത്തിരി ഗൗരവ്വത്തോടുകൂടി ചോദിച്ചു. ”ശ്ശോ എന്തൊരു മനുഷ്യനാ ഇത്. നമ്മുടെ ഒന്നാം വിവാഹവാർഷികമല്ലേ?” അവളൊത്തിരി സന്തോഷത്തിലായിരുന്നു. ”വല്ല സാരിയോ മറ്റോ ആണേൽ ഞാൻ വാങ്ങിത്തരാം” ”അതല്ല അരുണേട്ടാ..

നാളെയെങ്കിലും നമുക്ക് വീട് വരെയൊന്ന് പോകണ്ടേ? എല്ലാവർക്കും വലിയ സന്തോഷാവും” ”നിന്റെയൊരു വീട്ടിൽപോക്ക്. കല്ല്യാണം കഴിഞ്ഞ അന്നുമുതൽ തുടങ്ങിയതാ. നിനക്ക് വേറൊന്നും പറയാനില്ലേ? ശല്യം…”

അതു കേട്ട് കരഞ്ഞുകൊണ്ടാണവൾ അകത്തേക്ക് ഓടിയത്. അല്ലെങ്കിലും അവൾ വന്നതിനുശേഷം എനിക്കുണ്ടായ മാറ്റമാണ് പെട്ടെന്നു പ്രഷർ കയറുന്നത്.എന്നും അതിനു മുന്നിൽ അമ്മു തന്നെയാണ് എത്താറുള്ളത്. അവളോടുള്ള ദേഷ്യംമെല്ലാം ഒരു സുനാമിപോലെ ആഞ്ഞടിക്കും. ഞാൻ പെട്ടെന്ന് ഒരുങ്ങി ഓഫീസിലേക്ക് തിരിച്ചു.

ഉച്ചയ്ക്ക് ചോറ്റുപാത്രം തുറന്നപ്പോഴാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട അവിയൽ ചോറിനോടൊപ്പം കണ്ടത്. കുട്ടിക്കാലം തൊട്ടേ അവിയൽ എന്റെ വീക്ക്നെസ് ആയിരുന്നു. അമ്മയുണ്ടാക്കിതരുന്ന അവിയൽ കൂട്ടി ഒത്തിരി ചോറുണ്ണും. ഇന്ന് അമ്മയ്ക്ക് വയ്യാതെയായെങ്കിലും അമ്മു അത് ഏറ്റെടുത്തിട്ടുണ്ട്. പലപ്പോഴായിട്ട് ഉണ്ടാക്കുന്നുമുണ്ട്.ഒരുപക്ഷേ,അമ്മയുണ്ടാക്കി തന്നതിലേറെ രുചി അവളുണ്ടാക്കി തരുന്നതിനുണ്ടായിരുന്നു.

ആ കൈപുണ്യത്തിന്റെ കാര്യത്തിൽ അവളോട് എന്നും ഇഷ്ടം തന്നെയായിരുന്നു. എല്ലാം കൂട്ടി കിഴിച്ച് ചിന്തിച്ചപ്പോഴാണ് രാവിലെ നടന്ന സംഭവത്തിൽ ഒരു കുറ്റബോധം ഉണ്ടായത്. അവളുടെ വീട്ടിലേക്ക് നമുക്കൊന്നിച്ച് പോവണമെന്ന് പലപ്പോഴായി അവൾ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഓണത്തിനും വിഷുവിനും മറ്റു വിശേഷദിവസങ്ങളിലൊക്കെയും ആവർത്തിച്ചിട്ടുമുണ്ട്.അവളെ തെറ്റുപറയാനാകില്ല.

വിവാഹം കഴിഞ്ഞിട്ട് മാസങ്ങളായി.ഇതുവരെ അവിടേക്കൊന്ന് പോകാൻ പറ്റിയിട്ടില്ല. അവൾ ഒറ്റമോളാണ്.

അവളുടെ അച്ഛനും അമ്മയും ഇതിനേക്കാളേറെ ആഗ്രഹിക്കുന്നുണ്ടാകാം.
എല്ലാം ഞാനായിട്ട് മുടക്കുകയല്ലേ???. രാവിലത്തെ എന്റെ പെരുമാറ്റത്തിൽ അവളെത്ര വേദനിച്ചിരിക്കാം??? അവളുടെ മനസ്സ് ഒത്തിരി നീറുന്നുണ്ടാകില്ലേ??? ഇനി എങ്ങനെ അവളുടെ മുഖത്ത് നോക്കും എന്ന് ആലോചിച്ചപ്പോഴാണ് അന്നൽപ്പം വൈകി പോകാമെന്ന് തീരുമാനിച്ചത്.

അന്നൽപ്പം വൈകി തന്നെ വീട്ടിലേക്ക് തിരിച്ചു. വീടിന്റെ പൂമുഖപടിയിൽ ആരോ ഒരാൾ ഇരിക്കുന്നത് അൽപ്പം അകലെനിന്നേ കണ്ടിരുന്നു. അടുത്തെത്തിയപ്പോഴാണ് അത് അമ്മുവാണെന്ന് മനസ്സിലായത് ”ഇന്നെന്താ ഇത്ര വൈകിയത് അരുണേട്ടാ?” ആദ്യം അൽപ്പമൊന്ന് പരുങ്ങിയെങ്കിലും എന്നും അമ്മയോട് പറയാറുള്ള ജോലിത്തിരക്കെന്ന കള്ളം തന്നെ അവളോടും ആവർത്തിച്ചു.

”ന്നിട്ട് അരുണേട്ടൻ വല്ലതും കഴിച്ചോ?” ”ഇല്ല അമ്മൂ” ”എങ്കിൽ അരുണേട്ടൻ വേഗം വാ. ഞാനും ഒന്നും കഴിച്ചിട്ടില്ല. നമുക്ക് ഒന്നിച്ചിരിക്കാം” രാവിലെ നടന്നതെല്ലാം മറന്ന് സ്നേഹത്തോടെ എന്നെ കാത്തുനിന്ന അവൾക്കുമുന്നിൽ മനസ്സുകൊണ്ടെങ്കിലും തലകുനിക്കാനേ കഴിഞ്ഞുള്ളൂ… ഞാൻ വേഗം കുളിച്ചെത്തി.

ടേബിളിൽ എല്ലാം വിളമ്പിവെച്ച് അവൾ കാത്തിരിക്കുന്നുണ്ടായിരുന്നു. ഒട്ടും മടിക്കാതെ ഞാനിരുന്നു. ഞങ്ങൾ കഴിച്ചു തുടങ്ങിയനേരത്താണ് അമ്മ എണീറ്റ് അവിടേക്ക് വന്നത്. ”അല്ല.ഞാനെന്താ ഈ കാണുന്നത്!” അമ്മ അത്ഭുതത്തോടു കൂടി നോക്കി നിന്നു. സത്യത്തിൽ വിവാഹ ദിവസത്തേത് കഴിഞ്ഞ് ഞങ്ങളിങ്ങനെ ഒന്നിച്ചിരിക്കുന്നത് ആദ്യമായിട്ടാണ്. ”അമ്മേ…
ഇനിയങ്ങോട്ട് ഇതായിരിക്കും പതിവ്” ഒട്ടും മടിക്കാതെ ആധികാരികമായിട്ടുതന്നെ ഞാൻ പറഞ്ഞു. അന്നേരം രണ്ടുപേരുടേയും കണ്ണുകൾ എന്നിലെത്തി നിന്നു. ”അമ്മേ.. നാളെ നമുക്കെല്ലാം ഒരിടംവരെ പോകണം” ”എങ്ങോട്ടാടാ?.

എങ്ങോട്ടായാലും പഴയതുപോലെ എനിക്ക് വയ്യാന്നേ” ”ന്റെ അമ്മൂന്റെ വീട്ടിലേക്കാണമ്മേ.അച്ഛനേയും അമ്മയേയും കാണണം.പറ്റുമെങ്കിൽ ഒരാഴ്ച്ച അവിടെ നിൽക്കണം” അത് പറഞ്ഞുനിർത്തിയനേരം അമ്മുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർതുള്ളികൾ ഓരോന്നായി ചോറ്റുപാത്രത്തിലേക്ക് ഇറ്റുവീഴാൻ തുടങ്ങിയിരുന്നു.

”നിങ്ങൾ പോയിട്ട് വാ മോനേ.ഒരാഴ്ച്ചയല്ല,ഒരു കൊല്ലം വരെ വേണമെങ്കിൽ നിന്നോള്ളൂ. ഞാൻ തറവാട്ടിൽ നിന്നോളാം” അമ്മ ഏറെ സന്തോഷത്തോടെ പറഞ്ഞു. ഭക്ഷണം കഴിച്ച് അൽപ്പം കഴിഞ്ഞ് കിടക്കാനായിട്ട് ഞാൻ റൂമിലെത്തി. അവിടെ അമ്മു ഉണ്ടായിരുന്നു.

ഞാൻ കിടക്കാറുള്ള കട്ടിലിൽ വിരിയെല്ലാം വൃത്തിയോടെ വിരിച്ച് അവൾക്ക് കിടക്കാനുള്ളത് നിലത്ത് വിരിക്കുന്ന തിരക്കിലായിരുന്നു അവൾ. ”അമ്മൂ..”

ഞാൻ മനസ്സറിഞ്ഞുകൊണ്ടവളെ ആദ്യമായിട്ട് വിളിച്ചു. അവൾ എന്നെ നോക്കി.

”നീ ഇനി അവിടെയല്ല.എന്നോടൊപ്പം ദേ ഇവിടെ കിടന്നാൽ മതി” ആദ്യമൊന്ന് പകച്ചെങ്കിലും പതിയെ അവൾ എന്റെ അരികിലെത്തി. എന്റെ കണ്ണുകൾ

അവളുടെ കണ്ണുകളിലേക്കെത്തിയ നേരം അറിഞ്ഞുകൊണ്ട് തട്ടിയകറ്റിയ കലർപ്പില്ലാത്ത സ്നേഹത്തെ ഞാനതിൽ കണ്ടു.കൂടെ ഞങ്ങൾക്കായി പൂവിടാൻ കാത്തുനിൽക്കുന്ന വസന്തത്തേയും..

രചന: Sujith SKP

Leave a Reply

Your email address will not be published. Required fields are marked *