എന്റെയുള്ളിലും തോന്നിയ ഒരു മോഹം…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Pratheesh

ബസ്സിൽ

വീട്ടിലേക്കുള്ള യാത്രക്കിടയിൽ വെച്ചു അവൾ ഓർക്കുകയായിരുന്നു….,

അപ്പന്റെ മരണ ശേഷം ഒൻപതു വർഷമായി വീട്ടുകാർക്ക് വേണ്ടി ജീവിക്കുന്നു…

ഇനിയും വയ്യ….. !

എത്രയെന്നു വെച്ച മറ്റുള്ളവരുടെ ജീവനും ജീവിതത്തിനും വേണ്ടി ഇങ്ങനെ അറവുമാടുകളെ പോലെ ജീവിക്കുന്നത് …?

തനിക്കും വേണം ഒരു ജീവിതം…!

ഒരു സാധാരണപ്പെണ്ണിന്റെ ജീവിതം പോലെ കൂട്ടിനൊരാൾ…, കുട്ടികൾ.., കുടുംബം…, എല്ലാം വേണം !

കഷ്ടപ്പാടുകൾ അവസാനിച്ചിട്ട് ഒന്നിനും വഴി തെളിയില്ല…

വീട്ടിലെ ഏക വരുമാനം താനാണ്, എന്നാൽ തന്റെ കാര്യത്തിൽ ആർക്കും ഒരു വിചാരവുമില്ല….,

അതെങ്ങനാ കന്നുക്കാലിയെ പോലെ രാപകൽ ഇല്ലാതെ കുടുംബത്തിനു വേണ്ടി അദ്ധ്വാനിക്കുന്ന ആണിനും പെണ്ണിനും എന്നും ഗതി ഒന്നു തന്നെയാണല്ലൊ….,

രണ്ടു ചേച്ചിമാരുടെയും ഒരനിയത്തിയുടെയും കല്യാണം കഴിഞ്ഞതിൽ പിന്നെ തന്നെ ആർക്കും വേണ്ടാതായി പ്രാരാബ്ദ്ധങ്ങളെല്ലാം കഴിഞ്ഞല്ലൊ..,

ഒരിക്കൽ അമ്മ പോലും പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട് ഒരു കല്ല്യാണപന്തലിന്റെ ഒരു മൂലക്കലിൽ ഒതുങ്ങി നിൽക്കുന്ന എന്നെ ചൂണ്ടിക്കാട്ടി അമ്മയുടെ അകന്ന ഒരു ബന്ധു കൂടിയായ ഒരു ചേച്ചി ചോദിച്ചു

അവളെ കൂടി നമ്മുക്ക് കെട്ടിച്ചയക്കേണ്ടേന്ന്….?

അതിന് അന്ന് അമ്മ പറഞ്ഞ മറുപടി

അവൾ ഇനി കല്ല്യാണം ഒന്നും കഴിക്കുന്നില്ലാന്നാ പറയണതെന്ന് ”

എന്റെ മനസ്സു പോലും അവർ തന്നെ എഴുതുകയും മായ്ക്കുകയും വീണ്ടും തിരുത്തിയെഴുതുകയും ചെയ്യുന്നു…,

മൂത്ത ചേച്ചിയാണേൽ ഭർത്താവു മരിച്ച കാരണം രണ്ട് കുട്ടികളുമായി വീട്ടിൽ തന്നെയാണ് സ്ഥിരതാമസ്സം…,

ഒരേട്ടനുള്ളത് ഭാര്യവീട്ടിൽ താമസം ആക്കിയിട്ടു വർഷം എട്ടാകുന്നു.

ഓണത്തിനും വിഷുവിനും അമ്മക്ക് കൊണ്ടു കൊടുക്കുന്ന ഒരു വോയിൽസാരിയും നൂറു രൂപയുമല്ലാതെ മറ്റൊന്നും ഇതുവരെ കിട്ടീട്ടില്ല..

അമ്മ കിടപ്പിലായിട്ടു കുറച്ചായി… ഇപ്പോഴും എല്ലാ ചിലവും ഒരാളുടെ വരുമാനം കൊണ്ട് തന്നെ വേണം കഴിയാൻ….,

രണ്ട് ചേച്ചിമാരിലൊരാൾ ഇനിയും കിട്ടാനുള്ള സ്ത്രീധന ബാക്കി നാലു പവന്റെ കണക്കും പറഞ്ഞ് വന്ന്

പറമ്പിലെ തേങ്ങയും അടക്കയും മാങ്ങയും ചക്കയും കുരുമുളകും ഒക്കെ എടുത്തോണ്ട് പോകുന്നതല്ലാതെ വേറെ ശല്യം ഒന്നുമില്ല….!

അമ്മയുടെ മരുന്ന്…, ചേച്ചിടെ കുട്ടികളുടെ പഠന ചിലവ്… പലച്ചരക്കുപ്പീടികയിലെ പറ്റ്.., കല്ല്യാണം മരണം അടിയന്തിരം പിറന്നാൾ ഉത്സവം ചിട്ടി തുടങ്ങി ഒരിക്കലും അവസാനിക്കാത്ത ബാധ്യതകൾ, എല്ലാം ഒരു കൈയിലൂടെ തന്നെ കടന്നു പോകണം….,

ഇടാൻഒരു പുതിയ ചുരിദാർ വാങ്ങിട്ടു പോലും ഒന്നരവർഷമായി….

ആരോടു പറയാൻ ???

ചേച്ചിടെക്കുട്ടികൾ പോലും വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ കൈയ്യിലെ കവറിലെക്കാണ് ആദ്യം നോക്കിയിരിക്കുന്നത്…

മടുത്തു ഇനിയും വയ്യ…,

ഇപ്പോഴാണേൽ അവൻ ഇങ്ങോട്ട് ഇഷ്ടം പറഞ്ഞു വന്നിരിക്കുകയാണ്…

അവനെന്റെ അവസ്ഥയെല്ലാം അറിഞ്ഞോണ്ടു തന്നെയാണ് എന്നെ ഇഷ്ടപ്പെടുന്നത്..,

എല്ലാം കൊണ്ടും കുറച്ചൊക്കെ സുഖപ്രദമായ ഒരു ജീവിതം മുന്നിൽ കാണുന്നുണ്ട്…

കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഇത് അഞ്ചാമത്തെയും അവസാനത്തെയും അവധിയാണ് അവനോട് പറഞ്ഞത്…

ഇനിയൊരു അവധി ചോദിക്കാൻ കൂടി കഴിയില്ല കാരണം അവന്റെ വീട്ടിൽ നിന്ന് അത്രയേറെ നിർബന്ധങ്ങൾ ഉണ്ടായിട്ടും എനിക്കു വേണ്ടി വീട്ടുക്കാരോട് പലതും പറഞ്ഞ് പിടിച്ചു നിൽക്കുകയാണവൻ…,

സംഭവം പ്രേമമൊന്നുമല്ലാട്ടോ ഒരിക്കൽ അവന്റെ ചേച്ചിയുടെ കുട്ടിയെ ഞങ്ങളുടെ ഹോസ്പ്പിറ്റലിൽ അഡ്മിറ്റ് ചെയ്തപ്പോൾ ഞാനാണവരെ പരിചരിച്ചത് എന്റെ പ്രവ്യത്തി കണ്ട് താൽപ്പര്യം തോന്നി ആലോചിച്ചതാണ്

അതത്ര എളുപ്പമല്ലെന്ന് അന്നേ പറഞ്ഞതായിരുന്നു കാത്തിരിക്കാം എന്നു പറഞ്ഞപ്പോൾ ഏതൊരു പെണ്ണിനെയും പോലെ എന്റെയുള്ളിലും തോന്നിയ ഒരു മോഹം….!

എന്റെ തിരിച്ചുവരവിനും തീരുമാനത്തിനും വേണ്ടി കാത്തു നില്കുകയാണ് അവൻ…

മാത്രമല്ല പണമോ പൊന്നോ ഒന്നും തന്നെ ആവശ്യപ്പെട്ടിട്ടുമില്ല..,

എന്തായാലും ഇത്തവണ വീട്ടിൽ പറഞ്ഞേ പറ്റൂ അവനെ ഇനിയും കാത്തു നിർത്താനാവില്ല…,

അവനെ പോലെ ഒരു പെണ്ണിന്റെ സകല പരിമിധികളെയും മനസിലാക്കി പിന്നെയും അറിഞ്ഞു കൊണ്ട് തലവെച്ചു തരുവാൻ എന്റെ ജീവിതത്തിൽ ഇനി മറ്റൊരാൾ ഉണ്ടാവണമെന്നില്ല….,

അതു കൊണ്ടു തന്നെ പറയേണ്ടത് വിവാഹ കാര്യമല്ല….,

മറിച്ചു നിലവിലുള്ള വരുമാനമാർഗം മുടങ്ങും എന്നതാണ്…

താൻ വീട് വിട്ടാൽ അവർ വേറെ വരുമാനമാർഗം തേടേണ്ടി വരുമെന്ന് അവരെ അറിയിക്കണം..

അതറിയുമ്പോൾ പല പൊട്ടിത്തെറികളും ഉണ്ടായേക്കാം…,

അമ്മയുടെയും സഹോദരിമാരുടെയും മുഖം എനിക്കിപ്പോൾ തന്നെ മനസ്സിൽ കാണാം..,

പക്ഷെ എനിക്കും മറ്റു വഴികളില്ലെന്ന് അവർ മനസ്സിലാക്കിയാൽ മതിയായിരുന്നു…,

അങ്ങിനെ ഓരോന്നോർത്ത് വീടെത്തി…

പഴയതിലും പരുങ്ങലിലാണ് വീട്ടിലെ ഇപ്പോഴത്തെ അവസ്ഥ..!

കുട്ടികളുടെ ഫീസ്‌, ചെറിയമ്മയുടെ മകളുടെ കല്യാണം, അമ്മയുടെ രോഗ മൂർച്ച, ചേച്ചി കാല് തെറ്റി നടു ഇടിച്ചു കൃഷ്ണൻ വൈദ്യരുടെ ചികിത്സയിലും…

ഞാൻ പേടിച്ചാലോ എന്ന് കരുതി അവർ ഒന്നും എന്നെ അറിയിച്ചിരുന്നില്ല…,

ഈ അവസ്ഥയിൽ ഞാനെങ്ങനെ അവരോട് എന്റെ കാര്യം പറയും…?

ചെകുത്താനും കടലിനും നടുവിൽ പെട്ട അവസ്ഥ….,

അവനോട് പറഞ്ഞിരിക്കുന്നത് അവസാന അവധിയായതു കൊണ്ടും ഒരു തീരുമാനം നിർബന്ധവും അത്യാവശ്യവും ആയതു കൊണ്ടും അവസാനം ചേച്ചിയോട് കാര്യം പറഞ്ഞു

പക്ഷെ ചേച്ചി മറുപടി ഒന്നും പറഞ്ഞില്ല എല്ലാം മൂളിക്കേട്ടു…,

അവർക്ക് ഇഷ്ടമാവില്ല എന്നറിയാം…,

എന്നിരുന്നാലും അവരുടെ തീരുമാനത്തിനായി ഞാൻ വീടിന്റെ അടുക്കള ഭാഗത്തു വെളിയിൽ തന്നെ ഇരുന്നു…,

ഉത്തരം എനിക്കറിയാം എങ്കിലും ആരുടെ ജീവിതത്തിലായാലും അതൊരു പ്രത്യേക നിമിഷമാണ്…,

രണ്ടു മണിക്കൂറിനകം ചേച്ചിയും അനിയത്തിയും ഒക്കെ വീട്ടിൽ ഒാടി എത്തി പേടിയില്ലാതിരിക്കോ വയസ്സായ അമ്മയും തുണയില്ലാത്ത ചേച്ചിയേയും ഇനി ആരു നോക്കുന്നാണ്…..?
കുറേ നേരത്തെ ചർച്ചക്ക് ശേഷം അവർ എല്ലാവരും കൂടെ അടുക്കള ഭാഗത്ത് എന്റെ അടുത്തെത്തി…,

മൂത്ത ചേച്ചി ഒരു കവർ എന്റെ കൈയിൽ തന്നു കൊണ്ട് പറഞ്ഞു ഈ വീടിന്റെ ആധാരമാണ് മറ്റൊന്നും ഞങ്ങളുടെ കൈയിൽ ഇല്ല…… ഞങ്ങൾ തൽക്കാലം വേറെ എങ്ങോട്ടെങ്കിലും മാറിക്കോള്ളാം എത്ര നാളായി നീ ഞങ്ങൾക്കു വേണ്ടി രാപകലില്ലാതെ കഷ്ടപ്പെടുന്നു അതെങ്കിലും ഞങ്ങൾ ഒാർക്കണ്ടേ…?

നീയും എങ്ങനെയെങ്കിലും രക്ഷപ്പെടണം..,

ഒരു ജീവിതം നിനക്കും അത്യാവശ്യമാണ്……!

അതും പറഞ്ഞ്
അവർ എല്ലാവരും ചേർന്ന് എന്നെ ഞെട്ടിച്ചു കളഞ്ഞു….!!

അപ്പന്റെ സമ്പാദ്യത്തിൽ ആകെ ബാക്കിയുള്ളത് ആ പുരയിടം മാത്രമാണ് എന്നിട്ടും…,

ഞാൻ അവർക്ക് വേണ്ടി ഒൻപതു വർഷം രാപകലില്ലാതെ കഷ്ടപ്പെട്ടതെല്ലാം ഒരു നിമിഷം കൊണ്ട് അവർ എനിക്ക് തിരിച്ചു തന്നിരിക്കുന്നു…..!

അവർ മാറി മാറി എന്നെ കെട്ടിപ്പിടിച്ചു സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു പോയി….!

പിറ്റേന്നു ഞായറാഴ്ച്ച ആയിരുന്നു

വിവരം അറിയാൻ വേണ്ടി അവൻ എന്റെ ഇടവക പള്ളിയിൽ തന്നെ എന്നെ കാത്തു നില്ക്കാമെന്നു പറഞ്ഞിരുന്നു

പറഞ്ഞ പ്രകാരം അവൻ ഞങ്ങളുടെ പള്ളിയുടെ മുന്നിൽ തന്നെ എന്നെ കാത്തു നിന്നിരുന്നു…,

അവനെ കണ്ടതും മുന്നിലൊരു പുതിയ ജീവിതം തന്നെ തെളിയുന്നത് ഞാൻ കണ്ടു…,

വിവരം അറിയാനുള്ള വേവലാതി അവന്റെ മുഖത്തും നിറഞ്ഞു നിൽക്കുന്നുണ്ട്…,

പരിഭ്രമം മൂത്ത് അങ്ങോട്ടും ഇങ്ങോട്ടും കിടന്നു തിരിയുന്നതിനിടെ അവനെന്നെയും കണ്ടു….

ഞങ്ങൾ പരസ്പരം കുറച്ചു ദൂരം നടന്ന് പള്ളി സെമിത്തേരിയുടെ അടുത്ത് വരെ എത്തി….!

എന്റെ സമ്മതത്തിനു കാത്തു നിൽക്കുന്ന അവനെ നോക്കി ഞാൻ പറഞ്ഞു…..,

എനിക്ക് കുറെ തെറ്റിധാരണകളും സങ്കടങ്ങളും ഉണ്ടായിരുന്നു…,

എന്റെ ചുറ്റിലുമുള്ളവർ എന്നെ കാണുന്നില്ലായെന്ന്…,

പക്ഷെ ഇന്നലെ ഒറ്റ ദിവസത്തോടെ അവരുടെയെല്ലാം ഉള്ളിൽ അവരുടെ സ്വന്തം കൂടപ്പിറപ്പായി തന്നെ ഞാനുണ്ടെന്ന് എനിക്കു മനസ്സിലായി…,

നിങ്ങളുടെ കൂടെ വന്നാൽ ചിലപ്പോൾ മനോഹരമായ ഒരു ജീവിതം എനിക്കുണ്ടായേക്കാം…,

പക്ഷെ അവർ എന്നിൽ വെച്ചിരിക്കുന്ന വിശ്വാസത്തിന്റെ അളവ് അതിനൊക്കെ മേലെയാണ്., ഇനി അവരെ തെരുവിലെക്കിറക്കി കൊണ്ട് ഒരു ജീവിതം ഞാനാഗ്രഹിക്കുന്നില്ല…,

എന്റെമ്മ പണ്ട് എന്നെ പറ്റി പറഞ്ഞപ്പോലെ ഒരു വിവാഹത്തേക്കുറിച്ച് ഞാനിപ്പോൾ ആഗ്രഹിക്കുന്നില്ല…,

അതു കൊണ്ട് നിങ്ങൾ നിങ്ങളുടെ വീട്ടുക്കാരു നിർബന്ധിക്കുന്ന പോലെ ഒരു വിവാഹം കഴിച്ചു സുഖമായി ജീവിക്കുക…..,

നിങ്ങളുടെ നല്ല മനസ്സിനു നിങ്ങളെ തേടി നല്ലൊരു പെൺക്കുട്ടി നിങ്ങളുടെ ജീവിതത്തിലെക്ക് കടന്നു വരാതിരിക്കില്ല….!

അവന് എന്നെ അറിയാവുന്നതു കൊണ്ടാവണം അവനൊന്നും പറഞ്ഞില്ല….,

ഞാനും അവിടുന്നിറങ്ങി നടന്നു നേരെ സെമിത്തേരിയിലെക്ക് അവിടെ അപ്പന്റെ കല്ലറക്കു മുന്നിൽ ചെന്ന് പ്രാർത്ഥിച്ചു…!

പിന്നെ പള്ളിയിലെ കുർബാന കൂടി വേഗം വീട്ടിലെക്കു നടന്നു…

വരുന്ന വഴി വഴിയോരത്തു നിന്നു കുറച്ചു ഫ്രൂട്ട്സും വാങ്ങിച്ചു…,

കയറിച്ചെല്ലുമ്പോൾ കൈകളിലെക്കു നോക്കിയിരിക്കുന്ന ചേച്ചിയുടെ ആ കൊച്ചുങ്ങൾക്കു വേണ്ടി….!!!

.

NB : ലോകത്തിന്റെ പല ഭാഗത്തേക്കും സ്വദേശത്തും സ്വന്തം ജീവിതം മറന്നു ജോലി തേടി പോയ എല്ലാ സഹോദരിമാർക്കും സ്നേഹപ്പൂർവ്വം ഇത് സമർപ്പിക്കുന്നു..! നന്ദി.

രചന: Pratheesh

Leave a Reply

Your email address will not be published. Required fields are marked *