എത്രയൊക്കെ ചെറുപ്പത്തിൽ കഷ്ടപ്പെട്ടാലും, ഇപ്പൊ നല്ലൊരു ജീവിതം ദൈവം തന്നില്ലേ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: രാവണന്റെ സീത

കറുത്ത സ്വപ്‌നങ്ങൾ..

എന്നെങ്കിലുമാണ് ഒന്നു വിളിക്കുന്നതും സംസാരിക്കുന്നതും അപ്പോഴെങ്കിലും ഈ മൂളൽ ഒന്നു ഒഴിവാക്കിക്കൂടെ …അവനു എന്തോ അപാകത തോന്നി ചോദിച്ചു.അവളൊന്നും മിണ്ടാതെ ഇരുന്നപ്പോൾ അവൻ ചോദിച്ചു, ന്തേ ഒരു മൂഡോഫ്.. അവൾ മറുചോദ്യം ചോദിച്ചു. അങ്ങനെ തോന്നിയോ ? തോന്നിയത് കൊണ്ടല്ലേ ചോദിച്ചേ …എന്നവൻ പറഞ്ഞു. തോന്നിയതാവും എന്ന അവളുടെ മറുപടിയിൽ തൃപ്തി ആവാതെ അവൻ വെറുതെ മൂളി.

വീണ്ടും സംസാരത്തിൽ ഇടയ്ക്കിടെ വരുന്ന മൂകത അവനു സംശയം കൂട്ടിയെങ്കിലും ഒന്നും ചോദിച്ചില്ല. അവനറിയാം ചോദിച്ചില്ലേലും അവൾ പറയുമെന്ന്..

അവൾ പെട്ടന്ന് പറഞ്ഞു, ഇന്നലെ ഒരു സ്വപ്നം കണ്ടു. അവനൊരു കേൾവിക്കാരനായി. അവൻ കേൾക്കുന്നുണ്ടെന്ന് അവൾക്കുറപ്പാണ് തന്റെ മനസ്സിലെ ഭാരം ഇറക്കി വെക്കണം.. സ്വപ്നത്തിൽ ആരൊക്കെയോ മുഖം അറിയാത്ത ആളുകൾ എന്നെ തൊടുന്നു, നെഞ്ചിലും മറ്റും ഞാൻ കൈ തട്ടി മാറ്റുന്നുണ്ട് പക്ഷെ വീണ്ടും വീണ്ടും…. പെട്ടന്ന് ഞെട്ടി എഴുന്നേറ്റു. കിതക്കുന്നുണ്ടായൊരുന്നു ഞാൻ, അടുത്ത് കിടക്കുന്ന ഭർത്താവിനെ ഒന്നു നോക്കി, അദ്ദേഹത്തിന്റെ കൈ പിടിച്ചപ്പോഴാണ് സമാധാനം ആയതു, പിന്നീട് കുറച്ചു ഉറങ്ങാൻ പറ്റി. അവൾ പറഞ്ഞു നിർത്തിയപ്പോൾ, അവൻ പറഞ്ഞു… അങ്ങനെ ഒന്നും ചിന്തിക്കല്ലേ… എനിക്കത് ആലോചിക്കാൻ കൂടെ വയ്യ .. അങ്ങനെയാ ഞാൻ ങ്ങളെ നെഞ്ചിൽ കൊണ്ട് നടക്കുന്നത്, ആർക്കും കൊടുക്കാതെ…

ഡാ മറക്കേണ്ട എന്റെ കല്യാണം കഴിഞ്ഞു അവളുടെ വാക്കുകളിൽ ചെറിയ ശാസന. അവൻ പറഞ്ഞു അതിനെന്താ, ഞാൻ ഇഷ്ടപ്പെടുന്നത് ങ്ങടെ മനസല്ലേ.. എനിക്കെപ്പോഴും വന്നു മിണ്ടാൻ, എന്റെ സങ്കടങ്ങൾ പറയാൻ.. അത് കേൾക്കാൻ ങ്ങളുണ്ടല്ലോ..

അവളിലൊരു പുഞ്ചിരി വിടർന്നു . ശരിയാണ്, തന്റെ ശരീരത്തെ അല്ലെങ്കിൽ പെണ്ണെന്നതിനെ ഇഷ്ടപ്പെടാതെ, എന്നെ ഞാനായി സ്നേഹിക്കുന്നുണ്ട് അവൻ.. അതുകൊണ്ടാവും എന്ത്‌ കാര്യം വേണേലും അവനോട് പറയാൻ കഴിയുന്നത് .രണ്ടുവർഷമായി മിണ്ടുന്നു,ഇന്നേവരെ ശല്യപ്പെടുത്തിയിട്ടില്ല. അതിനവൻ പറയുന്ന കാരണം, ഞാൻ സ്നേഹിക്കുന്നുണ്ട്, ഇങ്ങോട്ട് വേണമെന്ന് ഒരിക്കലും നിര്ബന്ധിക്കില്ല.. വേറൊന്നും വേണ്ട… എന്നെ കേൾക്കാൻ ഒരാള് അത്രേ ഉള്ളു.

എന്തോന്നാ ഇത്രയും ആലോചിക്കുന്നേ, അപ്പോൾ ആ സ്വപ്നം ആണല്ലേ മൂഡോഫ് ന് കാരണം.. ഒന്നു ഓർത്തോ… ഒരുത്തനും ങ്ങളെ ഒന്നും ചെയ്യില്ല .. എന്റെ ജീവനുള്ളിടത്തോളം, അങ്ങനെ വല്ലതും സംഭവിച്ചാൽ ജീവനോടെ വെച്ചേക്കില്ല ഞാൻ ഒന്നിനേം ..

അവൾ പൊട്ടിച്ചിരിച്ചു ഫോൺ വെച്ചു.

ഫോൺ കയ്യിൽ പിടിച്ചു അവൾ ആലോചിച്ചു .. എല്ലാം അവനോട് പറയാറുണ്ട്… പക്ഷെ ഒന്നു മാത്രം അവനോടെന്നല്ല, ആരോടും പറയാതെ രഹസ്യമായി കൊണ്ട് നടക്കുന്നുണ്ട്.

രണ്ടു ഏട്ടൻമാർ ഉണ്ട്… ഓര്മയുള്ള നാളുകൾ കുറച്ചു കാര്യങ്ങൾ എന്നും മനസ്സിനെ പിടിച്ചു അലട്ടുന്നുണ്ട്, ഏട്ടൻമാരിൽ മൂത്ത ഏട്ടന് മാത്രം തന്നെ സ്നേഹിക്കുന്നതിൽ, കൊഞ്ചുന്നതിൽ ഒരു വ്യത്യാസം അച്ഛനോ അമ്മയോ ചെറിയ ഏട്ടനോ അങ്ങനെ സ്നേഹിക്കാറില്ല . എങ്കിലും തന്നോട് കൂടുതൽ സ്നേഹം ഉള്ളത് കൊണ്ടാണെന്നു വിശ്വസിച്ചു.

സ്നേഹത്തിന്റെ തലോടൽ പലയിടത്തായും മാറുന്നുണ്ട്…. സഹിക്കാൻ കഴിയാതെ ആയപ്പോൾ,അങ്ങനെ തന്നെ സ്നേഹിക്കേണ്ടന്ന് പറഞ്ഞിട്ടുണ്ട്, എതിർത്തു ബലമായി തന്നെ . പക്ഷെ ഒരു കൊച്ചു പെണ്ണിന് എത്ര തന്നെ പ്രതിരോധിക്കാൻ കഴിയും . പരിധി വിടുമ്പോൾ പോലും അറിഞ്ഞില്ല അത് എന്താണെന്ന്..

മനസ്സിലാക്കാൻ തുടങ്ങിയപ്പോൾ മുന്നിൽ പെടാതെ രക്ഷപ്പെടാൻ തുടങ്ങി .. പ്രായപൂർത്തി ആയപ്പോൾ പിന്നെ ആള് തന്നെ അതൊക്കെ നിർത്തി… വീട്ടിൽ ചുമ്മാ ഇരിക്കുമ്പോൾ, സമയം പോകാനെന്ന പോലെ തുടങ്ങിയ, ട്യൂഷൻ പോലും നിർത്തിയത് തന്നെ പോലെ തന്റെ ശിഷ്യരും ബലിയാകുമെന്ന് ഭയന്നാണ്.

ഒരുപക്ഷെ ആരോടെങ്കിലും പറഞ്ഞിരുന്നേൽ എന്ത് നടക്കും, ഒന്നുകിൽ എല്ലത്തിൽ നിന്നും ഞാൻ രക്ഷപ്പെടും അല്ലേൽ ആരുമറിയാതെ ഇരിക്കാനായി എന്നെ ഇല്ലാതാക്കും..

എനിക്കിന്നും അറിയില്ല, കൊച്ചു കുഞ്ഞുങ്ങളിൽ കാമചേഷ്ട ചെയ്യുവാൻ എന്താണ് അവരെ മോഹിപ്പിക്കുന്നത് എന്ന്.

ചിലർ പറയുന്നത് കേട്ടു, പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യുവാൻ കാരണങ്ങളിൽ ഒന്ന് അവരിടുന്ന മോശമായ വസ്ത്രങ്ങളാണ് എന്ന്, കൊച്ചു കുട്ടികളുടെ വസ്ത്രം എന്തായിരുന്നു . പർദ്ദ ഇടുന്ന പെണ്ണുങ്ങൾ പോലും ചൂഷണത്തിന് ഇരയാവുന്നുണ്ടല്ലോ.

പിന്നെ ഒരു കാരണം, അസമയത്തുള്ള ചുറ്റി നടക്കൽ … എന്താണ് അസമയം, പെണ്ണിന് മാത്രം കല്പിച്ചു കൊടുത്തിട്ടുള്ള അസമയം . അപ്പോൾ പെണ്ണുങ്ങൾ ഇരുട്ടിനെ ഭയക്കണമോ… അങ്ങനെ എങ്കിൽ, പകൽ പോലും പെണ്ണുങ്ങളെ വെറുതെ വിടുന്നില്ല.. അതും അസമയം ആണോ.. പിന്നെ പറഞ്ഞൊരു കാരണം ശരീര പുഷ്ടി കാണിച്ചത് കൊണ്ടാണെന്നു . മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞിലും, അറുപതു വയസുള്ള വയസായ സ്ത്രീയിലും ഇവരെന്താണ് ശരീരപുഷ്ടി കണ്ടത് .. അറിയില്ല…

ഇന്നും ഉത്തരം തേടുന്ന ചോദ്യമാണ് അത്… ഒന്നേ ഉള്ളു.. പെണ്ണ് അവളുടെ ശരീരം, അത് മാത്രം…

ഗൾഫ് നാടുകളിൽ അച്ഛനോ സഹോദരനോ ഭർത്താവോ കൂടെയില്ലാതെ ഒരു പെണ്ണ് രാത്രി പുറത്തിറങ്ങി അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ കുറ്റക്കാരി അവൾ തന്നെ ആണെന്ന് വിധി വരുമെന്ന് ഒരു സുഹൃത്ത്‌ ഒരിക്കൽ പറഞ്ഞു . അത് എത്രത്തോളം ശരിയാണെന്നു എനിക്കറിയില്ല.. പക്ഷെ അയാളോട് എനിക്ക് പറയാൻ കഴിഞ്ഞില്ല സഹോദരനും അച്ഛനും എല്ലാം ഇക്കാര്യത്തിൽ ഒന്ന് തന്നെ ആണെന്ന്…

എല്ലാ ദൈവത്തെയും അവൾക്ക് ഇഷ്ടമായിരുന്നു, എല്ലാ മതത്തിലുള്ള വേദഗ്രന്ഥങ്ങൾ അവൾ വായിച്ചിട്ടുണ്ട്.. പക്ഷെ പിന്നീട് മനസിലായി, അതിൽ മാത്രമാണ് ദൈവങ്ങൾ തനിക് ഇഷ്ടമുള്ളവരെ രക്ഷിച്ചിട്ടുള്ളത്, ഇപ്പോഴൊന്നും ആരെയും സഹായിക്കുന്നില്ല..

എല്ലാരും പറയുന്നു, എത്രയൊക്കെ ചെറുപ്പത്തിൽ കഷ്ടപ്പെട്ടാലും, ഇപ്പൊ നല്ലൊരു ജീവിതം ദൈവം തന്നില്ലേ അപ്പോഴെല്ലാം ഓർത്തു, ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചു, നല്ലൊരു ജീവിതം തന്നെന്നു പറയുന്നതിൽ എന്ത് കഴമ്പാണ് ഉള്ളത്.

അവൾ ആലോചന അവിടെ മതിയാക്കി എഴുന്നേറ്റു.

പക്ഷെ ഇപ്പോഴും അവൾ ആണുങ്ങളുടെ മേലുള്ള വിശ്വാസം കളഞ്ഞിട്ടില്ല. സ്കൂളിൽ നിന്നും വരാൻ വൈകിയ നേരങ്ങളിൽ റോഡിൽ വന്നു കാവൽ നിൽക്കുന്ന അച്ഛൻ, എന്തിനും കൂടെ നിൽക്കുന്ന ചെറിയ ഏട്ടൻ, ആൺ പെൺ വ്യത്യാസം ഇല്ലാതെ സ്നേഹിച്ച കൂട്ടുകാർ, പുറത്ത് പോയ്‌ തിരിച്ചു വരാൻ രാത്രി ആയപ്പോൾ, വീട് വരെ കൂടെ വന്ന ഏട്ടന്റെ ഫ്രണ്ട്,എന്തിനും ഞാനില്ലെടി കൂടെ എന്ന് പറയുന്ന ഭർത്താവ്, പിന്നെ നേരത്തെ പറഞ്ഞ.. ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത ആ സുഹൃത്ത്‌ എല്ലാവരും ആണുങ്ങൾ ആണ്, അവരിലേ സ്നേഹം കരുതൽ എല്ലാം അവളെ അവിടെ പിടിച്ചു നിർത്തുന്നു.

ഇല്ല ആണുങ്ങൾ എല്ലാവരും അങ്ങനെ അല്ല.. പെണ്ണിനെ വെറും മാംസമായി, അല്ലെങ്കിൽ ഭോഗവസ്തുവായി മാത്രം കാണുന്ന ചില ആളുകൾ, മൃഗം എന്ന് പറയാൻ പോലും അറപ്പുള്ളവാക്കുന്ന ചിലർ ഒഴികെ … ധാരാളം ആളുകൾ ഉണ്ട് … പെണ്ണിനെ ഒരു മനുഷ്യജീവനായി കാണുന്നവർ… തന്നിലെ പാതിയായി കാണുന്നവർ.. അമ്മയായി സഹോദരിയായി മകളായി സുഹൃത്തായി കാണുന്നവർ…

ഓരോ പെണ്ണുങ്ങളും ഫെമിനിസ്റ്റ് ആവുന്നത് ആണുങ്ങളുടെ മേലുള്ള ദേഷ്യമല്ല, മറിച്ച് തന്നെ ഒരു വെറും പെണ്ണായി മാത്രം കാണുന്നതിലുള്ള വെറുപ്പ്… അത് പലപ്പോഴും പെണ്ണുങ്ങൾ തന്നെ അങ്ങനെ ചെയ്യുന്നതിലുള്ള കോപം ..അവൻ ആണല്ലേ എന്ന വാചകം പറഞ്ഞു, തന്റെ ചിറകുകളെ കെട്ടിവെക്കുമ്പോൾ, അവൾ എതിർത്തു തുടങ്ങുന്നു.

കുഞ്ഞു നാളിൽ അവൾ അനുഭവിച്ച കഷ്ട്ടങ്ങൾ പലരും അനുഭവിച്ചിട്ടുണ്ട്, അല്ലെങ്കിൽ ഇപ്പോഴും അനുഭവിക്കുന്നുണ്ടെന്ന് അറിയുമ്പോൾ അവളിൽ ഒരു നെടുവീർപ്പ് ഉയരും,. തനിക് ചെയ്യാൻ കഴിയുന്നത് ഒന്ന്മാത്രം, തന്റെ കുഞ്ഞുങ്ങളെ വളർത്തുമ്പോൾ ഒരുപാട് സൂക്ഷിക്കുക..

ഇപ്പോഴും അവൾ ഞെട്ടി ഉണരാറുണ്ട്, ഉറക്കത്തിൽ അതുപോലുള്ള ആയിരം കൈകൾ തന്നെ തൊടുന്നതായി സ്വപ്നം കണ്ടു. ഒന്ന് സ്വസ്ഥമായി ഉറങ്ങാൻ കഴിയാതെ ഒരുപാട് രാത്രികൾ കടന്നു പോയി,.ഇനിയും കടന്നു പോകാനുണ്ട്.

അവർ ചെയ്യുന്ന അല്പസുഖത്തിനു ബലിയാകുന്നത്, ഇതുപോലുള്ള പെൺകുട്ടികളുടെ നിറമുള്ള സ്വപ്നങ്ങളാണ് .. ഇപ്പോഴതിൽ ഇരുട്ട് മാത്രമേ ഉള്ളു .. ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് അവർ പോകുന്നത് വരെ ആ സ്വപ്‌നങ്ങൾ അവരെ വേട്ടയാടികൊണ്ടിരിക്കും….

nb:സങ്കല്പമല്ല ഒരാളുടെ നിറമുള്ള സ്വപ്നങ്ങളിൽ വീണ തിരശീലയാണ്

രചന: രാവണന്റെ സീത

Leave a Reply

Your email address will not be published. Required fields are marked *