മൂന്നാം കല്യാണം കഴിച്ച അവനെ നാലാമതൊരു പെണ്ണിനെ ചതിക്കാൻ അനുവദിക്കില്ല…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ഗിരീഷ് കാവാലം

അമ്മമ്മേ ന്നെ കല്യാണം കഴിക്കുന്നെ ഉണ്ണിക്കുട്ടനാണോ…

മോളെ ബന്ധത്തിൽ നിന്ന് ആരും കല്യാണം കഴിക്കത്തില്ല.

പിന്നെ ആരാ…?

ദൂരെ എവിടെയോ ഒരു വീട്ടിൽ രാജകുമാരനെ പോലെ ഒരു ചെക്കൻ എന്റെ മോളെ കല്യാണം കഴിക്കാൻ ജീവിച്ചിരിപ്പുണ്ടാവും…

“വിവാഹം” എന്നത് സേതു എന്ന കുഞ്ഞു പാവാടക്കാരിക്ക് എന്നും അതിശയോക്തി നിറഞ്ഞ ഒന്നായിരുന്നു.

പലവിധ കറികളുടെ അകമ്പടിയോടെ പരിപ്പും പപ്പടവും നെയ്യും കൂട്ടി ചോറ് കഴിക്കുന്നതിനോടൊപ്പം പായസവും കുടിക്കാമെന്നോ… ആദ്യമായി സാരി ചുറ്റി മുല്ലപ്പൂ അണിഞ്ഞ സുന്ദരികുട്ടികളായ ചേച്ചിമാരുടെ കൊഞ്ചലും ലാളനയും ഏറ്റു, ഈണമുള്ള പാട്ടിന്റെ താളത്തിനൊത്തു പായുന്ന ബസിൽ യാത്ര ചെയ്യാമെന്നോ….. മുഹൂർത്തസമയത്തു താലികെട്ട് നേരം അകമ്പടിയായി അമ്മൂമ്മാർ ഈണത്തിൽ ഇടുന്ന കുരവയിടീലിലെ കൗതുകമോ , ഊണ് കഴിഞ്ഞു കൈനീട്ടം പോലെ തരുന്ന നാരങ്ങയും ചെണ്ടും പിടിച്ചോണ്ട് നടക്കുന്നതിലെ ഗർവോ ഒക്കെ ആയിരിക്കാം അവളുടെ കുഞ്ഞു മനസ്സിൽ വിവാഹം എന്ന ധന്യ മുഹൂർത്തം മറ്റെല്ലാ ആഘോഷങ്ങളേക്കാളും സ്ഥാനം പിടിച്ചിരുന്നു

ഓണം , ക്രിസ്തുമസ്സ്, തുടങ്ങി മറ്റുത്സവങ്ങൾക്കെല്ലാം കുഞ്ഞു സേതുവിന്റെ മനസ്സ് നൽകിയിരുന്ന സ്ഥാനം വിവാഹം എന്ന പവിത്രമായ ചടങ്ങിന് ഒരു പടി താഴെയായിരുന്നു

കാലത്തിന്റെ പ്രായത്തിനൊപ്പം സഞ്ചരിച്ച സേതു പാവാടക്കാരിയിൽ നിന്നും ദാവണിയും ദുപ്പട്ടയും അണിയുന്ന യുവസുന്ദരിയിലേക്ക് മാറിയെങ്കിലും ഒപ്പം വിവാഹം എന്ന സങ്കല്പത്തിനു മാറ്റ്കൂടിയതേയുണ്ടായിരുന്നുള്ളൂ

ആറ്റു നോറ്റിരുന്ന ആ സുദിനം എത്തി തനിക്ക് ചേർന്ന, ചുരുങ്ങിയ നാളിൽ കണ്ടിഷ്ടപ്പെട്ട തന്റെ സ്വപ്നത്തിലെ രാജകുമാരനായ അരുണിനെ തന്നെ വരനായി കിട്ടിയതു അവൾ ഭാഗ്യമായി കരുതി

അരുണും, പ്രായമായ അച്ഛനും അമ്മയും മാത്രമായ കുടുംബം ആ നാട്ടിലെ പുതിയ താമസക്കാരാണ്..

ബംഗ്ലൂർ നിന്ന് നാട്ടിലേക്കുള്ള ഒരു ട്രെയിൻ യാത്രയിൽ പരിചയപ്പെട്ട ആ സൗഹൃദം മൂന്ന് മാസംത്തിനുള്ളിൽ തന്നെ പടർന്നു പന്തലിച്ചു ഇഷ്ടം, സ്നേഹം, പ്രണയം എന്ന കൈ വഴികളിലൂടെ സഞ്ചരിച്ച് വിവാഹം എന്ന സാഗരത്തിലേക്ക് എത്തിചേരുകയായിരുന്നു

പൂജാരി ചൊല്ലി കൊടുത്ത മന്ത്രങ്ങൾ ഒക്കെയും അതേപടി ഉറക്കെ ചൊല്ലി.. പവിത്രതയിൽ അല്പം പോലും മായം ചേർക്കാതെ താലി കെട്ടാനായി അരുണിന് മുൻപിൽ തല കുനിച്ചു ഇരിക്കുമ്പോൾ അവളുടെ മനസ്സ് മന്ത്രിച്ചു.. താൻ ധന്യയായ നിമിഷം

ചടങ്ങുകൾ കഴിഞ്ഞു അച്ഛനമ്മമാരുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുമ്പോൾ ഹൃദയം വിങ്ങുന്നുണ്ടായിരുന്നെങ്കിലും ഇന്ന് താൻ കൈപിടിച്ച പുരുഷനിൽ പ്രതീക്ഷിക്കുന്ന സുരക്ഷിതത്വം മറ്റൊരർഥത്തിൽ ജീവിതത്തിന്റെ ഒരു കണ്ണി അരിഞ്ഞു മറ്റേ കണ്ണി ദൃഡ്ഡമായി യോജിപ്പിക്കുന്ന സുന്ദര മുഹൂർത്തം, “വിവാഹം “അത് താൻ അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു

കല്യാണപിറ്റേന്ന് അരുണിന്റെ അല്ല തന്റെ വീടിന്റെ അടുക്കളകാണൽ ചടങ്ങിന് അമ്മയും അച്ഛനും ചുരുക്കം ചില ബന്ധുമിത്രാദികളും വരുന്ന ദിവസം അവൾ തന്റെ അച്ഛനമ്മമാരോട് പറയാൻ ഉറപ്പിച്ചു

“എനിക്ക് ഈ വീട് സ്വർഗം തന്നെയെന്നു ”

മാതാപിതാക്കൾക്ക് ഇതിൽ പരം സന്തോഷം തരുന്ന വാക്കുകൾ വേറെ എന്തുണ്ട്

അവർ വരുന്ന വാഹനത്തിന്റെ വരവോർത്തു അവൾ കാതോർത്തിരുന്നു

വണ്ടിയുടെ ശബ്ദം കേട്ട് ആകാംക്ഷയോടെ അങ്കണത്തിലേക്ക് വന്ന സേതു ഒരു നിമിഷം സ്ഥബ്ധയായി നിന്നുപോയി .

ജീപ്പിൽ നിന്ന് ഇറങ്ങുന്ന ഒരു കൂട്ടം പോലീസുകാർ

എന്താണ് നടക്കുന്നതു എന്നു ആലോചിക്കുന്നതിന് മുൻപ് തന്നെ SI യുടെ നാവിൽ നിന്ന് ഹൃദയംഭേദകമായ ആ ചോദ്യം വന്നു

“എവിടെടി ആ കല്യാണ വീരൻ അരുൺ….? മൂന്നാം കല്യാണം കഴിച്ച അവനെ നാലാമതൊരു പെണ്ണിനെ ചതിക്കാൻ അനുവദിക്കില്ല..

സർവ്വ നാ ഡീഞര മ്പുകളും നിലച്ചു പോയപോലെ നിന്ന അവൾ തൽക്ഷണം ബോധം കെട്ടു വീഴുകയായിരുന്നു. അവൾക്ക് പിന്നീട് ഓർമ വന്നത് ആശുപത്രിയിലെ വാർഡിൽ വച്ചായിരുന്നു

ഇപ്പോൾ വിവാഹം എന്ന വാക്ക് ഏറ്റവും വെറുക്കുന്ന ഒന്നായി അവളുടെ മനസ്സിന്റെ നിഘണ്ടു ഏറ്റെടുത്തിരുന്നു

നീണ്ട പത്ത് വർഷങ്ങൾ കഴിഞ്ഞു…

അച്ഛനമ്മമാരുടെ സങ്കടങ്ങൾക്ക് പരിഹാരമായിക്കോട്ടെ എന്ന് തീരുമാനിച്ചുകൊണ്ട് ബ്രോക്കർ പിള്ളചേട്ടനോട് അവൾ മനസ്സില്ലാമനസ്സോടെ സമ്മതം മൂളി…

അങ്ങനെ ഒരു മുഹൂർത്തം കൂടി നിശ്ചയിക്കപ്പെട്ടു അവളുടെ പേരിൽ.. പ്രതീക്ഷകൾ ഇല്ലാത്ത, കണ്ണുകളിൽ സുരക്ഷിതത്വത്തിന്റെ കണങ്ങൾ പ്രതിഫലിക്കാത്ത ഒരു മുഹൂർത്തത്തിന് വേണ്ടി…….

രചന: ഗിരീഷ് കാവാലം

Leave a Reply

Your email address will not be published. Required fields are marked *