താലി കെട്ടിയ അവന്റെ കൈകളിൽ ഇന്നവൾ സ്വാന്ത്വനം മാത്രമല്ല…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: കീർത്തന അജിത്ത്

അങ്ങനെ നീണ്ട പതിനഞ്ചു വർഷങ്ങൾക്കു ശേഷം രാധിക താൻ ജനിച്ചു വളർന്ന അവളുടെ നാട്ടിലേക്ക് തിരിച്ചു. സത്യം പറഞ്ഞാൽ അവളെയും കൊണ്ടുള്ള മാധവന്റെയും സുമിത്രയുടെയും ഒളിച്ചോട്ടമായിരുന്നു മുംബൈയിലേക്ക്. പിന്നീട് അവളുടെ തുടർ പഠനങ്ങൾ എല്ലാം അവിടെ തന്നെ നടന്നു.ഒരുതരം കുറ്റബോധമായിരുന്നു എന്തോ നഷ്ടപ്പെടുത്തി, ആരുടെയൊക്കെയോ ജീവിതം നശിപ്പിച്ചതിനെ ഓർത്തുള്ള കുറ്റബോധം. ബുദ്ധി ഉറയ്ക്കാത്ത നേരം തന്റെ പൊട്ട ബുദ്ധി ചെയ്ത ആർക്കും പൊറുക്കാനാവാത്ത കുറ്റം.താൻ ഒരു കൊലപാതികയാണെന്നു എപ്പോഴും ഉരുവിട്ടിരുന്ന അവൾക്കു മുന്നിൽ നിറകണ്ണുകളോടെ നിന്ന അമ്മയുടെയും ഡോക്ടർമാരുടെയും കഠിന ശ്രമത്തിനൊടുവിൽ അവൾ പലതും മറന്നെന്നു വിശ്വസിച്ചു ജീവിച്ചു തുടങ്ങി………

വാടിയ പൂക്കളും തെളിനീർ വറ്റിയ കുളങ്ങളും ആയിരുന്നു അവളെ ആ നാട് എതിരേറ്റിയിരുന്നത്. അവ അവളെ നേരിയ ദുഃഖത്തിൽ തന്നെ കൊണ്ടുചെന്നാക്കി. വറ്റിയ കുളവും വാടിയ പൂക്കളും ഒഴിച്ചാൽ എല്ലാം പണ്ടുപോലെ ഉള്ള തന്നെ എന്നു അവൾ പറഞ്ഞു നീങ്ങി. മാറ്റങ്ങൾ ഇല്ലാത്ത ഈ നാട്ടിൽ തനിക്കു മാത്രമേ മാറ്റം വന്നുള്ളൂ എന്നവൾ ആത്മഗദിച്ചു ഇടവഴിയിലേക്ക് നീങ്ങി.

💐💐💐💐💐💐💐💐💐💐💐💐💐💐

“ശാരദാമ്മ എന്നെ മനസിലായോ?”

“രാധികമോളാണോ ഇത്,എന്റെ ദേവിയെ, സുമിത്രേന കൊത്തിവെച്ചപോലെ ഉണ്ട്, അതേ മൂക്കും കണ്ണും, പിന്നേ മനസിലാവാതിരിക്കുവോ…. മോൾ കൊറേ ആയില്ലേ ഇങ്ങോട്ടെക്ക് വന്നിട്ട്. അച്ഛനും അമ്മയും ആരും ഇങ്ങോട്ടെക്ക് വരാറില്ലല്ലോ. അവരെയൊക്കെ കണ്ടിട്ടു എത്ര നാളായി.”

“അവരൊക്കെ മുംബൈയിൽ തന്നെ ആണ് ശാരദാമ്മേ”

“സുമിത്രയെ കാണാൻ തോന്നുന്നുണ്ട്,പത്തു പതിനഞ്ചു വർഷായില്ലേ അവളെ ഒരു നോക്കു കണ്ടിട്ട്.”

“എനിക്കും ആഗ്രഹമുണ്ട്,പക്ഷേ…….”

അവളെ അവളുടെ വാക്കുകൾ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ കണ്ണുകൾ നിർത്താതെ ഒഴുകാൻ തുടങ്ങി………

“മതി കുട്ടിയെ ഒത്തിരി കരഞ്ഞില്ലേ, ഇനിയും എന്തിനാ നഷ്ടപ്പെട്ടതൊന്നും തിരിച്ചു കിട്ടില്ല വെറുതെ നീ കരയുന്നത് മാത്രം മിചം.”

“തറവാട്ടിലേക്ക് പോണം എന്നു കുറെയായി ആശിക്കുന്നു. അതിപ്പോയാ ഒന്നു നടന്നെ. പലപ്പോഴും ഈ ആവശ്യം പറഞ്ഞു കൊണ്ട് അമ്മേടെ അടുത്തു പോകുമ്പോൾ സമ്മതിച്ചിരുന്നില്ല. ഞാൻ പഴത് പോലെ ആകുമോ എന്ന പേടി,പാവം ഞാൻ കാരണം കൊറേ കരഞ്ഞു.”

“ആ, തറവാട്ടിൽ അച്ഛമ്മയും സത്യേട്ടന്റെ മോൻ വരുണ് മോനെ ഉള്ളു.”

ആ പേരു അവളെ പല കാര്യങ്ങളും ഓർമിപ്പിച്ചു. നിമിഷ നേരം എന്നപോൽ ആ ഓർമയിലേക്ക് അവൾ ചേക്കേറി.

💐💐💐💐💐💐💐💐💐💐💐💐💐💐💐 “രാധു മോളെ…….. വരുണുണ്ടോ അവിടെ…”

സുമിത്രേടെ നീട്ടിയുള്ള വിളി കേട്ടെന്നപോൽ അവൾ മറുപടി നൽകി.

“ഇല്ലല്ലോ അമ്മേ, ചേട്ടായി ഇവിടൊന്നും ഇല്ല..”

“ഡീ ഞാൻ നല്ല കുട്ടപ്പനായി ഇവിടെ നിന്റെ കണ്ണുമുന്നിൽ ഇല്ലേ… പിന്നെ നീ എന്തിനാ അമ്മായിയോട് കള്ളം പറയണേ…”

“ശൂ… ശൂ… ഒച്ച ആക്കാതെ, നമുക്ക്‌ അമ്മയെ ഒന്ന് പറ്റിക്കാ…”

“കുരുത്തക്കേടിനു ഒരു കുറവും ഇല്ല, അഞ്ചു വയസ്സുകാരീടെ രൂപേ ഉള്ളു. ഒരൊന്നൊന്നര കുരുട്ടു ബുദ്ധിയും.”

“ഹി.. ഹി… ഹി…നാൻ പാവോ അല്ലെ,…”

“അയ്യടി നീയാണോ പാവോ….”

“പോ നാൻ കൂച്ചില്ല വരുനേട്ടനോട്….”

“അയ്യടി പെണ്ണേ പിണങ്ങാതെ, ഞാൻ ചുമ്മാ പറഞ്ഞതല്ലേ…”

“ആണോ എങ്കി എനിച്ചൊരു കോലുമുട്ടായി മാങ്ങിത്താ…. അപ്പൊ എന്റെ പിണക്കം മാറും.”

“അയ്യടി മോളെ…”

“ഡാ പിള്ളേരെ നിങ്ങൾ രണ്ടും ഇവിടെ വന്നൊളിച്ചിരിക്കാ..”

കുളക്കടവിലേക്ക് ഓടിയെത്തി വർഷ രണ്ടു പേരോടും ചോദിക്കുന്ന തിരക്കിലാ….. വരുണിന്റെ ചേച്ചിയ വർഷ, ആൾ നന്നായി ചിത്രം വരക്കും, പലപ്പോഴും കുളക്കടവിൽ ചെന്നാൽ വരക്കുന്ന വർഷയെയും ഓരോ സംശയവും പറഞ്ഞു കൂടെ കൂടുന്ന രാധികയെയും വരുണിനെയും കാണാം. ഏഴു വയസ്സുള്ള വരുണിനില്ലാത്ത സംശയ അഞ്ചു വയസ്സുകാരി രാധികയ്ക്ക്.

“ഒളിച്ചിട്ടൊന്നും ഇല്ലലോ, ഞങ്ങൾ ഇവിടുന്ന് കളിക്കുവല്ലേ….”

“എന്നിട്ട് എന്താ കളിക്കണേ… പൂക്കളും പൂമാലകളും ഒക്കെ കാണുന്നുണ്ടല്ലോ എന്താ പരിപാടി…”

“അതില്ലേ…….”

പറയാനോങ്ങുന്ന വരുണിന്റെ വായ പൊത്തിപ്പിടിച്ചു രാധൂ തുടർന്നു.

“അതില്ലേ ചേച്ചിയെ… ഞങ്ങൾ കല്യാണം കഴിക്കുവാ, അയിനാ ഈ മാലയൊക്കെ……”

“ങേ?”

പെട്ടെന്ന് തന്നെ രാധിക മാല എടുത്തു വരുണിന് ഇട്ടു കൊടുത്തു, വരുണും അതുപോലെ രാധികേടെ കഴുത്തിലും ഇട്ടു കൊടുത്തു, കിളി എല്ലാം പറന്നു ഇരിക്കണ പോലെ വർഷ ഇരിക്കുന്ന കണ്ട് രണ്ടും ചിരിച്ചു കൂടുകയാ….

“നിങ്ങൾ ഇതെന്താ ഈ ചെയ്തേ, കല്യാണം കഴിക്കാനോ, നിങ്ങൾ ഇവിടെ മുട്ടേന് വിരിഞ്ഞോ…. അയിന് മുമ്പേ കല്യാണ……”

“കല്യാണം കഴിയാൻ മുട്ടേന് ഒക്കെ വിരിയണോ ചേച്ചി”

“മുട്ടേന് വിരിയാൻ എന്താ ചെയ്യണ്ടേ,അപ്പൊ ഇന്നലെ വിഷ്ണുവേട്ടനും അച്ചു ചേച്ചിയും മുട്ടേന് വിരിഞ്ഞ കൊണ്ടാണോ കല്യാണം കഴിച്ചേ…..”

കുസൃതി നിറച്ച രാധികേടെ ചോദ്യം കേട്ടു വർഷക്കു ചിരി അടക്കാൻ പറ്റിയില്ല.

“ചേച്ചി എന്നെ കളിയാകുവാണോ…”

“അല്ലാലോ ഞാൻ നീ പറഞ്ഞതു കേട്ടു ചിരിച്ചയ…..”

“പോ അവിടുന്ന്, ……….”

മുഖത്തു ഓരോ ഗോഷ്ടിയും കാട്ടി കള്ള ദേഷ്യം ഫിറ്റാക്കി ആൾ പടവ് കയറി പോകുന്നത് കണ്ടു പിന്നാലെ വരുണും വച്ചു പിടിച്ചു, ഇതൊക്കെ കണ്ടു വർഷ ചിരിക്കുവായിരുന്നു.

കുളത്തിൽ കാലും വച്ചു നീട്ടി അവൾ ചിത്രം വരക്കാൻ തുടങ്ങി……

“എടി ചേച്ചി നീ വരുന്നില്ലേ.. ഭക്ഷണം കഴിക്കാൻ എല്ലാരും വിളിക്കുന്നു…. ഞാൻ പോവാനെ… ”

അതും പറഞ്ഞു വരുണ് പോകാൻ നോക്കി, അവിടേക്ക് പമ്മി പമ്മി നമ്മുടെ രാധുട്ടി പോയി, ശബ്‌ദം ആക്കാതെ…പെട്ടെന്ന് കേറി വർഷക്കു പിന്നിൽ നിന്ന്,

“ഠോ….”

ഞെട്ടൽ എന്നപോൽ വർഷ കുളത്തിലേക്കു വീണു, കുളത്തിൽ നിന്നും മരണ വെപ്രാളം പെടുന്ന അവളെ കണ്ടു തരിച്ചു നിൽക്കുകയായിരുന്നു രാധിക……

ഒച്ചപ്പാടും ബഹളവും കേട്ടു ആളുകളൊക്കെ അവിടെ ഓടിക്കൂടി, എല്ലാരും വർഷക്കു വേണ്ടിയുളള തിരച്ചിൽ തുടങ്ങി…..അപ്പോഴും ആ കൊച്ചു പെണ്ണ് എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു……..

“ഞാനാ ഞാനാ ചേച്ചിയെ……”

സത്യന്റെ കയ്യിൽ നിലച്ച ശ്വാസവുമായി നിൽക്കുന്ന വർഷയെ കണ്ടു അവൾ വീണ്ടും പുലമ്പിക്കൊണ്ടേയിരുന്നു…..

“ഞാനാ ഞാനാ ചേച്ചിയെ കൊന്നേ… ഞാനാ കൊന്നേ…….”

പൊട്ടിക്കരയുന്ന അവളെ ആരും ശ്രദ്ധിച്ചില്ല, പകച്ചു നിന്നു എല്ലാം കാണുന്ന അവളുടെ വരുണേട്ടനെ കണ്ടപ്പോൾ അവളുടെ എങ്ങലടിക്കുന്ന കരച്ചിൽ അവിടെ ഉറക്കെ കേട്ടു……….

എപ്പോഴും പുലമ്പിക്കൊണ്ടിരിക്കുന്ന പെണ്ണിനെ കാണുമ്പോൾ എല്ലാവർക്കും പേടി ആയി, ആ കൊച്ചു പെണ്ണ് എപ്പോഴും താൻ കൊന്നെന്നും പറഞ്ഞു കരയുന്നത് മാത്രം കണ്ടു….. സമനില തെറ്റിയവളെ പോലെ അവൾ പലതും പറയുന്നത് കേട്ടു…. പാവം സുമിത്രയുടെ കണ്ണുകൾ ഇടവേളകൾ ഇല്ലാതെ പൊഴിക്കാൻ തുടങ്ങി, എങ്ങനെയെങ്കിലും തന്റെ മകളെ പഴയത് പോലെ കൊണ്ടുവരാൻ അയാൾ അവളെയും കൂട്ടി മുംബൈയിലേക്ക് പോയി……… 💐💐💐💐💐💐💐💐💐💐💐💐💐💐💐

“മോളെ…. നീ എന്തു ആലോചിച്ചിരിക്കുവാ….”

പെട്ടെന്നുള്ള ശാരദാമ്മയുടെ ശബ്‌ദം കേട്ടാണ് ഓർമയിൽ നിന്നും തിരിച്ചു വന്നത്….

“ഒന്നൂല്ല, എന്തൊക്കെയോ ചിന്തിച്ചിരുന്നുപോയി.”

“മതി മോളെ, മോൾ തറവാട്ടിൽ പോയി വാ നമ്മുക്കു പിന്നെ കാണാം….”

“ഞാൻ പോയിട്ടു വരാം….”

തറവാട്ടിലെ പടി കേറി അവൾ ചുറ്റും ഒന്നു കണ്ണോടിച്ചു, അവളുടെ ഓർമ്മയിലെ അതേ രൂപം, ഒട്ടും മാറിയില്ല, അവളെയും കാത്ത പോൽ അവിടെ രണ്ടുപേരുണ്ടായിരുന്നു……

മുത്തശ്ശി എന്നും വിളിച്ചു അവൾ മാറോടു ചേർന്ന് ഒത്തിരി പൊട്ടിക്കരഞ്ഞു……. എങ്ങാലടിച്ചു കരയുന്ന അവളുടെ മുടിഴിയകൾ തഴുകി തലോടി ആ മുത്തശ്ശി അവളെ കുറച്ചു കൂടി നെഞ്ചോടു ചേർത്തു. കരയുന്ന അവളെ തടയാനോങ്ങിക്കൊണ്ട് വരുണ് അടുത്തു വന്നപ്പോൾ അവർ വേണ്ടെന്നും പറഞ്ഞു അവളെ കരയാൻ അനുവദിച്ചു………..

ഏറെ നേരം അവിടെ മൗനം മാത്രം തളം കെട്ടി നിന്നു. മൗനത്തിനു വിരാമമിട്ട് വരുണ് സംസാരിക്കാൻ തുടങ്ങി….

“എന്തൊക്കെയാ രാധികേ സുഖമല്ലേ നിനക്കു, ഡിഗ്രീ പഠനം പൂർത്തിയായെന്നു അമ്മാവൻ വിളിച്ചപ്പോ പറഞ്ഞു, ഇനി എന്താ പ്ലാൻ?…..”

“ഒന്നും തീരുമാനിച്ചിട്ടില്ല”

ഒന്നും ചിന്തിക്കാതെ ഉള്ള അവളുടെ സംസാരം അവനെ ആകെ വിഷമിപ്പിച്ചു.

“മതി ഇന്നത്തെ സംസാരം, വന്നു അത്താഴം കഴിക്കു”

ഒരു ചിരി മുഖത്തു നൽകി അവൾ അവർക്കിടയിൽ കൂടി.നേരം ഇരുട്ടിയപ്പോൾ എല്ലാരും ഉറങ്ങാൻ കിടന്നു. രാധിക അവളുടെ വർഷ ചെച്ചിയുടെ മുറിയിൽ കിടക്കണമെന്നു വാശി പിടിച്ചു, അവൾക്കു മുന്നിൽ മുത്തശ്ശി സമ്മതം മൂളി……

ഏറെ വൈകിയും വരുണിന് ഉറക്കം വന്നില്ല, അവൻ അവളുടെ മുറിയിലേക്ക് പോകാമെന്ന് കരുതി അവിടേക്ക് നീങ്ങി. കൈയിൽ ബ്ലേഡും വെച്ചു കൈയോട് ചേർത്തു നിൽക്കുന്ന അവളുടെ കവിളിൽ അവന്റെ കൈ പതിഞ്ഞതും , അവളെ നെഞ്ചോടു വലിച്ചിട്ടു അവൻ.

“എന്താ നീ ഈ ചെയ്യുന്നേ… ഇതിനാണോ നീ ഇവിടെ വന്നേ….. നീ എന്താ ഞങ്ങളെ ആരെ കൊണ്ടും ചിന്തിക്കാത്തെ……..”

വിങ്ങി വിങ്ങി അവൾ അപ്പോഴും കരയുണ്ടായിരുന്നു…..അവളുടെ മുഖം അവന്റെ കൈക്കുമ്പിളിൽ എടുത്തു കൊണ്ട് അവൻ അവളെ പതിയെ അവളുടെ മുടിഴിയകളിലൂടെ തഴുകി….

അവന്റെ ആ സ്വാന്ത്വനം ആകാം അവളിൽ ഒരു ചെറു പുഞ്ചിരി വിടർത്താൻ കാരണം. പണ്ടെപ്പോയോ അവൾക്കു ലഭിക്കാതിരുന്നതും അതായിരുന്നു…… അവൾ കൊലപാതികയാണെന്നു പലപ്പോഴും പുലമ്പുമ്പോഴും ആരും അത് എതിർത്തു പറഞ്ഞില്ല, ഡോക്ടറെയും മറ്റും കാണിച്ചു അവളെ ഒരു മാനസിക രോഗിയായി ചിത്രീകരിക്കുകയായിരുന്നു…. അന്നൊരു പക്ഷേ അവളെ ചേർത്തു നിർത്തി ആ കുഞ്ഞിളം കവിളിൽ ഒന്നു തലോടിയിരുന്നെങ്കിൽ….. തിരക്കേറിയ ബിസിനസ് നടത്തുന്ന അച്ഛന് മകളെ സ്വാന്തനിപ്പിക്കാൻ നേരമില്ലാതെ പോയി…. എന്നും കരഞ്ഞു വാടിയ മുഖവും കൊണ്ട് അവളുടെ അടുത്തു വരുന്ന അമ്മയും അവൾക്കു ഒരുതരം വീർപ്പുമുട്ടൽ നൽകി….

ഇന്ന് ഈ നിമിഷം അവളെ കുസൃതിക്കെന്നപ്പോൽ താലി കെട്ടിയ അവന്റെ കൈകളിൽ ഇന്നവൾ സ്വാന്ത്വനം മാത്രമല്ല നിറഞ്ഞു കവിഞ്ഞൊഴുകുന്ന സ്നേഹവും കിട്ടുന്നതായി അവൾക്കും തോന്നി……..

തനിക്കു നഷ്ടപ്പെട്ടത് തിരിച്ചു കിട്ടിയ സന്തോഷത്തിലായിരുന്നു പിന്നീട് അവൾ, പലതും മറന്നു, പുതിയ ജീവിതത്തെ സ്വപ്നം കാണാൻ അവളെ അവൻ പഠിപ്പിച്ചു……. തനിച്ചല്ല കൂട്ടായി എന്നും നിന്റെ സ്നേഹത്തിനു സാന്ത്വനം എന്നപോൽ…..

അപ്പോൾ അവളെ നെഞ്ചോടു ചേർത്തു സ്വാന്തനിപ്പിക്കുന്ന അവനെ നോക്കി പുഞ്ചിരിയോടെ ചുമരിലെ വർഷ ചേച്ചിയുടെ ചിത്രവും ഉണ്ടായിരുന്നു……….

അവസാനിച്ചു. ലൈക്ക് കമന്റ് ചെയ്യണേ…

രചന: കീർത്തന അജിത്ത്

Leave a Reply

Your email address will not be published. Required fields are marked *