അമ്മയുടെ മനസ്സിലപ്പോ അച്ഛൻ ഞങ്ങൾക്ക് രാത്രി നക്ഷത്രങ്ങളേ കാട്ടി കഥകൾ പറഞ്ഞു തന്നതായിരിക്കും…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അഖില അനീഷ്

നീട്ടിയുളള മണിയടി കേട്ടാണ് വായിച്ചിരുന്ന പുസ്തകം മടക്കി വെച്ച് പുറത്തേക്ക് ഇറങ്ങിയത്. പോസ്റ്റ് മേൻ നാരായണേട്ടനാണ്..

കൈയ്യിലുളള കത്തുകൾക്കിടയിൽ മുഖം പൂഴ്ത്തുമ്പോ തന്നെ “ബാലാ ” എന്നുളള നീട്ടി വിളിയും ഉയർന്നിരുന്നു.വീട്ടിലേക്ക് തരാനുളള കത്തുകൾ കൈകളിൽ കിട്ടിയപ്പോഴാണ് മുഖമൊന്ന് ഉയർത്തി നോക്കിയത്…

“മോനായിരുന്നോ .. ബാലനെത്തീല്ലേ പണി കഴിഞ്ഞ്? ”

“ഇല്യ നാരായണേട്ടാ.. എത്താനാവുന്നതേ ഉളളൂ..”

“ഒന്ന് രെജിസ്ട്രഡ് ആണ്. മോനൊന്നിവിടെ ഒപ്പിട്ടേ….” നീട്ടി പിടിച്ച പേപ്പർ ഒപ്പിട്ട് കത്തുകൾ മേടിച്ചു.

“ഒന്ന് ബേങ്കീന്നുളളതാ.. മറ്റേത് അപ്പോയിന്റ്മെന്റ് ലെറ്റർ വല്ലതുമാണോ മോനേ…

നാരേയണേട്ടന്റെ മുന്നീന്ന് തന്നെ ലെറ്റർ തുറന്നു നോക്കുമ്പോ കൈകളിൽ വല്ലാതെ വിറയൽ കടന്നു കൂടിയിരുന്നു..

തലയാട്ടികൊണ്ട് ജോലി കിട്ടീന്ന് നാരയാണേട്ടനോട് പറയുമ്പോ ശബ്ദം പതറുന്നുണ്ടായിരുന്നു…

നാരയണേട്ടനിൽ നിന്നും ഒരു ദീർഘനിശ്വാസം പുറത്തേക്ക് വന്നു. “ഇനിയെങ്കിലും അവനൊന്ന് സമാധാനത്തോടെ കിടന്നുറങ്ങാലോ.. കാലം കുറേ ആയില്ലേ ഒറ്റയ്ക്ക് തുഴയാൻ തുടങ്ങീട്ട് ”

മുഖത്ത് ആശ്വാസത്തോടെ വിടർന്നു വന്ന ചിരിയോടെ ആണ് നാരായണേട്ടൻ നന്നായി വരട്ടേന്നും പറഞ്ഞ് തിരിച്ചിറങ്ങിയത്…

കത്തുകൾക്കിടയിലേ വരികളിലൂടെ വീണ്ടും വീണ്ടും കണ്ണുകൾ ഓടി കൊണ്ടിരുന്നു. റാങ്ക് ലിസ്റ്റിൽ വന്നെങ്കിലും ഇന്റർവ്യൂ കഴിഞ്ഞപ്പോ ജോലി കിട്ടൂന്ന് വല്ല്യൊരു പ്രതീക്ഷയൊന്നും തോന്നിയിരുന്നില്ല…

ജോലി കിട്ടീന്ന് പറയുമ്പോ അച്ഛന്റെ മുഖത്തേ സന്തോഷം അതായിരുന്നു മനസ്സിൽ വീണ്ടും സന്തോഷം നിറച്ചത്…

ലെറ്റർ നിലത്തോട്ട് വെയ്ക്കാൻ തോന്നീല്ല.അതും കൈയ്യിൽ പിടിച്ച് നീളൻ വരാന്തയുടേ ചേദിയിലോട്ട് വഴികണ്ണുമായി ഇരുന്നു…

ഓർമ്മകൾ പുറകിലോട്ട് ഓടാൻ നിമിഷങ്ങൾ വേണ്ടല്ലോ. അച്ഛൻ പണിയ്ക്ക് പോകുമ്പോ ഇടയ്ക്ക് കൂട്ടിന് ആളൊഴിഞ്ഞ പറമ്പോ അല്ലെ അവര് പണിയ്ക്ക് വിളിച്ചാലോ അമ്മയും കൂടെ പോകും. ഞാനന്ന് രണ്ടിലോ മൂന്നിലോ പഠിക്കണ സമയം. ചേച്ചിമാരുടേ കൂടെ നിൽക്കാതെ അമ്മേടെ കൂടെ ഞാനും വരുമെന്ന് വാശി പിടിച്ചു കരഞ്ഞു….

അച്ഛൻ പുലർച്ചെ പോയി കഴിഞ്ഞിരുന്നു. ഗത്യന്തരമില്ലാതെ അമ്മ എന്നേം കൂടെ കൂട്ടി. എട്ടു മണി സൂചി ഒരിത്തിരി നീങ്ങി പോയ വൈകിയതിന് അന്നൊക്കെ നല്ല വഴക്ക് കേൾക്കും. പണി ഏറ്റുപോയത് കാരണം മുടക്കാനും വയ്യ. അങ്ങനെ അമ്മ എന്നേം കൂട്ടി പണി സ്ഥലത്തേക്ക് നടന്നു .

ദൂരേന്നേ കേട്ടു പറമ്പിൽ തേങ്ങ വീഴണ ശബ്ദം . അവരുടേ വിറക് കൂടേടെ അടുത്ത് എന്നേം ഇരുത്തി അമ്മ തേങ്ങയും വിറകുമൊക്കെ പെറുക്കിയിടാൻ തുടങ്ങി..

ഒരിത്തിരി ഇരുന്നപ്പോഴേ എനിക്ക് മടുത്തു. അച്ഛൻ തെങ്ങിൽ കയറണത് നോക്കി ഇരുന്നപ്പോഴാണ് ഭയങ്കര അത്ഭുതം തോന്നീത്…

“അച്ഛൻ എത്ര വേഗത്തിലാ തെങ്ങിൽ കയറുന്നേ ആകാശത്തിനടുത്ത് എത്തിയ പോലെ..” മുകളിലോട്ട് നോക്കി നോക്കി കണ്ണ് കഴച്ച പ്പോഴാണ് അടുത്ത് കണ്ട കവുങ്ങിൽ ഞാനും അളളിപിടിച്ചു കയറാൻ തുടങ്ങിയേ..

ആദ്യം ആദ്യം ഊർന്നൂർന്ന് താഴേക്ക് പോരുമെങ്കിലും കുറച്ചൊക്കെ കയറാൻ എന്നേം കൊണ്ടും സാധിച്ചു….

“നല്ല അസ്സലായി കയറുന്നുണ്ടല്ലോ ചെറ്ക്കാ.. ബേം ബേം കയറി പഠിച്ചോ.. എന്നാ ഇഞ്ജച്ഛനേ പോലെ ഇനിക്കും കയറ്റക്കാരനാവാല്ലോ…” ആ കവുങ്ങിലേ അടക്ക കൂടെ പറിച്ചോ.. എന്നാ രണ്ടു തേങ്ങ ഇനിക്കും തരാം അധികം..”

പറമ്പിന്റെ ഉടമ മൂസാക്കയുടേ സംസാരം എന്നിൽ സന്തോഷം നിറച്ചപ്പോ അച്ഛന്റെ മുഖത്ത് ദേഷ്യോം സങ്കടോം ഒക്കെ ആയിരുന്നു..

അച്ഛന്റെ മുഖത്തേക്ക് നോക്കുമ്പോ വല്ലാത്ത പേടി തോന്നി…

അപ്പോഴും മൂസാക്കേടെ സംസാരം നിന്നിട്ടില്ല. “ഈന് മുമ്പിവിടെ ഇഞ്ജച്ചൻ ചാത്തു അല്ലായിരുന്നോ കയറ്റം അയിന് മുമ്പേ ഓന്റേം അച്ഛൻ. … ഇനി കുറച്ചു കാലം കയിഞ്ഞാ അന്റെ മോൻ.. ഇനിക്ക് രണ്ടു മോളായപ്പോ ഞാൻ ബിചാരിച്ചിരുന്നു ഇനി അട്ത്ത കാലം കയറ്റക്കാരനേം തപ്പി നടക്കണേല്ലോന്ന്..

അന്റെ ഭാഗ്യം ഒരു മോനേ കിട്ടീത്… അതും പറഞ്ഞു അങ്ങേര് അടുത്ത് കണ്ട പണിക്കാര്ടേ അടുത്തേക്ക് നടന്നു നീങ്ങി …

അച്ഛന്റെ കണ്ണൊക്കെ വല്ലാതായത് പോലെ..

“മോനെന്തിനാ അമ്മേടെ കൂടെ ഇങ്ങോട്ട് പോന്നേ ചേച്ചീടെ അടുത്ത് നിന്നൂടായിരുന്നോ.. ഇതും ചോയിച്ച് അച്ഛൻ ചെറുതായി തലയും മുഖോക്കെ ഒന്ന് തലോടീ…

“നീ എന്തിനാ കവുങ്ങിൽ പിടിച്ചു കയറിയേ.. വീഴില്ലേ..” അച്ഛൻ വഴക്കൊന്നും പറയാതെ ചോദിച്ചപ്പോ ഞാനും വല്ലാതെ ആയി..

“അച്ഛൻ തെങ്ങേ കയറുമ്പോ ആകാശം അടുത്തൂന്ന് കാണാലോ.. ഞാനും കയറിയാ എനിക്കും കണ്ടൂടെ അടുത്തൂന്ന്…”

അച്ഛന്റെ ചുണ്ടിൽ ചെറുതായി ചിരി വിരിഞ്ഞു. തെങ്ങിന്റെ മോളീന്ന് നോക്കിയാലും ആകാശം ഒത്തിരി ദൂരത്താന്നേ…

“അച്ഛന്റെ മോൻ നന്നായി പഠിച്ചാ മോനും ആകാശത്തോട്ട് പോവാലോ..”

“സത്യം..”

ഊം… മോനിപ്പോ കവുങ്ങിലോട്ടൊന്നും കയറരുതെട്ടോ.. വീണാ കൈയ്യും കാലുമൊക്കെ മുറിയൂല്ലേ.. മോനിപ്പോ നന്നായി പഠിക്കെന്ന് പറയുമ്പോ അച്ഛന്റെ കണ്ണുകൾ അന്നെന്തിനാ നിറഞ്ഞതെന്ന് എനിക്ക് അറിയില്ലായിരുന്നു.

പിന്നീട് കാലങ്ങളാന്ന് ഓരോന്നും പഠിപ്പിച്ചത്. ഞങ്ങൾ മൂന്നുപേരെയും നന്നായി പഠിപ്പിച്ചപ്പോഴും ചേച്ചിമാരുടേ കല്യാണം കഴിച്ചയച്ചപ്പോഴൊക്കെ എടുത്താൽ പൊങ്ങാൻ കഴിയാത്ത അത്രയും വലിയ ചുമടുകളാണ് അച്ഛൻ നിറവേറ്റുന്നതെന്ന് അറിയില്ലായിരുന്നു..

ചെറുപ്പത്തിലേ അത്യാവശ്യം നന്നായി പഠിച്ചു വരുമ്പോ അച്ഛന്റേം അമ്മേടേം മുഖത്തേ സന്തോഷം അന്നൊന്നും അതിന്റെ വില അറിയില്ലേലും ഇപ്പോ അതൊക്കെ ഓർക്കുമ്പോ കണ്ണുകൾ വല്ലാതെ നിറയുന്നു..

രണ്ടു ചേച്ചിമാരേം കല്യാണം കഴിച്ചയച്ചപ്പോ കിടപ്പാടം ബേങ്കിലായെങ്കിലും ഡിഗ്രിയ്ക്ക് പഠിക്കാൻ ഡൽഹിയിൽ പോണമെന്ന് പറഞ്ഞപ്പോഴും അച്ഛൻ എതിർത്തൊന്നും പറഞ്ഞിരുന്നില്ല…

ഞാൻ ഡൽഹിയിൽ പഠിക്കാൻ പോയ ഓരോ ദിവസോം അച്ഛനും അമ്മയും രണ്ടറ്റവും കൂട്ടിമുട്ടാനുളള നെട്ടോട്ടത്തിലായിരുന്നു..

പുസ്തകങ്ങളിൽ നിന്നും പഠിച്ച അറിവുകളേക്കാൾ വലുത് അമ്മയും അച്ഛനും കാണിച്ചു തന്ന വിയർപ്പിന്റേം കഷ്ടപ്പാടിന്റേം അറിവുകളാണെന്ന് അറിഞ്ഞത് നാട്ടിലോട്ട് വിളിക്കുമ്പോ ഇടറുന്ന പകുതിയും പറയാതെ മറച്ചു വെക്കുന്ന അമ്മയുടേ വാക്കുകൾ ആയിരുന്നു …

ഏതൊരു ജോലിക്കും അതിന്റേതായ മഹത്വമുണ്ടെന്ന് പറയുമ്പോഴും എന്റെ മോന് നല്ലൊരു ജോലി കിട്ടി കാണണോന്ന് അമ്മ പറയുമ്പോ അതച്ഛന്റേം വല്യൊരു സ്വപ്നാന്ന് അറിയാരുന്നു..

ഇന്നേവരെ ഒരാഗ്രഹങ്ങൾക്കും എതിര് നിൽക്കാത്ത എന്തിനും കൂടെ നിന്ന അച്ഛനും അമ്മേം തന്നെയാന്ന് ഈ ജോലി എനിക്ക് കിട്ടാനും കാരണക്കാർ….

ഏണിയിൽ നിന്നും തേങ്ങ നിലത്തിടുന്ന സൗണ്ട് കേട്ടാണ് ഓർമ്മകളിൽ നിന്നും ഉണർന്നത് .. അവര് വരുന്നതും നോക്കി നിന്നിട്ട് അവർ വന്നു കയറിയത് അറിഞ്ഞില്ലാലോ..

തേങ്ങയുടേ കൂട്ടത്തീന്ന് ഒരു ഇളന്നീർ എടുത്ത് തരുമ്പോ അച്ഛന്റെ മുഖത്ത് ഇപ്പോം ഞാൻ കൊച്ച് കുട്ടിയാന്നുളള ഭാവം തന്നേ… ഹോസ്റ്റലിൽ നിന്നും വന്നാലുളള പതിവുകളിൽ ഒന്ന്…

ഇളനീർ ചേദിയിലോട്ട് വെച്ച് കയ്യിലേ അപ്പോയിന്റ്മെന്റ് ലെറ്റർ അച്ഛന്റെ കൈകളിൽ നൽകുമ്പോ മുഖത്ത് അത്ഭുതം തന്നെ ആയിരുന്നു…

“ജോലി കിട്ടി.. I S R O യിൽ…”

“തെങ്ങിന്റെ മുകളീന്ന് അറിഞ്ഞാ മതിയോ ആകാശത്തേ കുറിച്ച് അടുത്തൂന്ന് അറിയണ്ടേന്ന് പറയുമ്പൊ എന്നിലേ ചിരി അച്ഛനിലേക്കും അമ്മയിലേക്കും പടർന്നിരുന്നു…”

അമ്മയുടെ മനസ്സിലപ്പോ അച്ഛൻ ഞങ്ങൾക്ക് രാത്രി നക്ഷത്രങ്ങളേ കാട്ടി കഥകൾ പറഞ്ഞു തന്നതായിരിക്കും… കഥകളിലൂടെ സ്വപ്നം കാണാൻ പഠിപ്പിച്ചൊരച്ഛൻ…

അമ്മയുടേ മുഖത്തും സംതൃപ്തിയുടേ സന്തോഷത്തിന്റേ നിറ പുഞ്ചിരി വിരിഞ്ഞിരുന്നു……

രചന: അഖില അനീഷ്

Leave a Reply

Your email address will not be published. Required fields are marked *