ദി ഗ്രേറ്റ്‌ ഇന്ത്യൻ അയൽക്കാരി…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Alli Rajesh

ഇന്ന് നേരത്തെ ഓഫീസിൽ നിന്നു വന്നതാണ്. എന്നാൽ ടെറസ് ഒന്ന് വൃത്തിയാക്കാമെന്നു കരുതി. നിറച്ചു കരിയില വീണു കിടക്കുന്നു. വെയിലാറിയിട്ട് തുടങ്ങാം. അതിനു മുൻപ് സിങ്കിലെ പാത്രങ്ങൾ ഒക്കെ കഴുകാം. മോളും രാജീവേട്ടനും വരുമ്പോളേക്കും ചായ വക്കാം. എന്നും ആദ്യം വരുന്നത് അവരാരിക്കും. താൻ വരുമ്പോളേക്കും രണ്ടാളും കൂടി എല്ലാം വൃത്തിയാക്കി ചായയും ഉണ്ടാക്കി കഴിക്കാൻ എന്തെങ്കിലും വാങ്ങി നോക്കിയിരിക്കും. ഇന്നെങ്കിലും അവർ വരുമ്പോളേക്കും എല്ലാം റെഡി ആക്കണം.

അങ്ങനെ എല്ലാ ജോലിയും കഴിഞ്ഞു ചായ അവര് വരുമ്പോൾ വെക്കാം എന്ന് കരുതി ചൂലുമായി ടെറസിലേക്ക് കേറാൻ ഒരുങ്ങിയപ്പോളാണ് അടുത്ത വീട്ടിലെ വിമലേച്ചി മതിലിനരികിൽ വന്നത്.

“മായേ ഇന്നലെ മോളു വിളിച്ചപ്പോ പറഞ്ഞു ആ പുതിയ സിനിമ മായയുടെ കയ്യിൽ ഉണ്ടെന്ന്. ടെലെഗ്രാമിൽ.”

“ഏതാ ചേച്ചി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ ആണോ.അത് ഞാൻ അവൾക്ക് അയച്ചു കൊടുത്തല്ലോ ”

“അവൾ ഹോസ്റ്റലിലല്ലേ . എനിക്ക് ഫോണിൽ കാണുന്നത് ഇഷ്ടമല്ല. മായുടെ വലിയ ടീവി അല്ലേ അതിലൊന്ന് കണക്ട് ചെയ്യ് ഞാനും വരാം. നമുക്ക് കാണാം. ചേട്ടൻ വരാൻ വൈകും”

“അതിനെന്താ ചേച്ചി വരൂ ”

ഇന്നിനി ക്ലീനിങ് നടക്കില്ല എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് മായ അകത്തേക്ക് കയറി.ടീവി ഓൺ ആക്കി മൊബൈൽ കണക്ട് ചെയ്തു. അപ്പോളേക്കും ചേച്ചി എത്തിക്കഴിഞ്ഞു. ഒരു വട്ടം കണ്ടതാണ് എന്നാലും ചേച്ചിക്ക് ഒരു കമ്പനി കൊടുക്കാം എന്ന് കരുതി ഒപ്പം ഇരുന്നു.

ചേച്ചി ആസ്വദിച്ചു സിനിമ കാണുന്നുണ്ട്. ഓരോ സീനിലും സുരാജിന്റെ കഥാപാത്രത്തെയും അച്ഛൻ കഥാപാത്രത്തെയും കുറ്റം പറഞ്ഞും നിമിഷയുടെ കഥാപാത്രത്തോട് സഹതപിച്ചും കാഴ്ച മുന്നേറുന്നു.

അപ്പോളാണ് രാജീവ്‌ എത്തിയത്.

“ആഹാ നീയിന്നു നേരത്തെ വന്നോ? ”

“മം ഇന്ന് ഉച്ചക്കിറങ്ങി. അപ്പളാ ചേച്ചി വന്നത്. സിനിമ കാണാൻ ”

“ആഹാ രാജീവ്‌ ഇത്രേം നേരത്തെ വരുമോ? അതൊക്കെ സോമേട്ടൻ ഓഫീസിൽ നിന്നിറങ്ങി ഫ്രണ്ട്സിനെ ഒക്കെ കണ്ട് കുറച്ചു നേരം സംസാരിച്ചിരുന്നു ഏഴു മണി ഒക്കെ ആകും വരാൻ. ആണുങ്ങൾ അങ്ങിനെ ഒക്കെ അല്ലേ?”

വിമല അഭിമാനത്തോടെ പറഞ്ഞു.

“ഞാൻ ഓഫീസ് കഴിഞ്ഞാൽ നേരെ ഇങ്ങു പോരും ചേച്ചി. മോളു വരുമ്പോ ആരേലും വേണ്ടേ? പിന്നെ ഫ്രണ്ട്‌സ്മായി കൂടാൻ ഞങ്ങൾ മാസത്തിൽ ഒരിക്കൽ ഏതെങ്കിലും ഒരു വീട്ടിൽ ഫാമിലി ഗെറ്റ് ടുഗെതർ നടത്തും . അങ്ങനെ ഫാമിലിയായി തന്നെ ഒരു പരിചയം പുതുക്കൽ അല്ലേ നല്ലത്?എന്നാൽ നിങ്ങൾ സിനിമ കാണ്. ഞാൻ ഒന്ന് ഫ്രഷ് ആയി വരാം ”

രാജീവ് ഫ്രഷ് ആയി വന്നതും മായ ചായ ഉണ്ടാക്കാനായി എഴുന്നേറ്റു.

“ഞാൻ ചായ വെക്കട്ടെ ചേച്ചി. ഇപ്പം വരാം.”

“നീയവിടെ ഇരുന്നോ ചേച്ചിക്ക് കമ്പനി കൊടുക്ക് ഞാൻ ചായ ഉണ്ടാക്കാം. ”

അതും പറഞ്ഞു കൊണ്ട് വാങ്ങിക്കൊണ്ടു വന്ന കവറുമായി അവൻ അടുക്കളയിലേക്ക് പോയി.

“അയ്യോ മായേ രാജീവ്‌ അടുക്കളേൽ കേറുന്നോ? അതൊക്ക എന്റെ സോമട്ടൻ, ഒരു ഗ്ലാസ് വെള്ളം കുടിക്കണെങ്കിൽ ഞാൻ എടുത്ത് കയ്യിൽ പിടിപ്പിക്കണം. വീട്ടിലെ ആണുങ്ങളെ അടുക്കളപ്പണി ചെയ്യിക്കരുത് ”

അങ്ങനെ ഉപദേശിച്ചു കൊണ്ടിടിക്കുന്നതിനിടയിൽ സിനിമയിലെ നായികയെ സഹായിക്കാതെ യോഗ ചെയ്തിരിക്കുന്ന ഭർത്താവിനെ പുശ്ചിക്കുന്നുമുണ്ട്.

ഇവരോട് മറുപടി പറഞ്ഞിട്ടും കാര്യമില്ലെന്നു കരുതി മായ മൗനം പാലിച്ചു. അപ്പോളേക്കും രാജീവ്‌ ചായയും വടയുമായി അകത്തു നിന്നു വന്നു.

“ദാ ചേച്ചി കഴിക്കു ”

“അയ്യോ രാജീവ്‌ വടയും ഉണ്ടാക്കിയോ?”

“ഉണ്ടാക്കിയതല്ല ചേച്ചി. ഞാൻ ഉണ്ടാക്കാറുണ്ട്. പക്ഷെ ഇത് വാങ്ങിയതാ ”

“എന്താ രാജീവേ ഇത്. പുറത്തു നിന്നു ഭക്ഷണം വാങ്ങുന്നോ? നാലുമണിക്ക് ചായക്ക് കടി ഉണ്ടാക്കരുതോ മായേ, പുറത്തുനിന്നുള്ള ഭക്ഷണം ആരോഗ്യത്തിന് ചീത്തയല്ലേ. രാജീവ്‌ ഇതിനൊക്കെ വളം വച്ചു കൊടുത്തിട്ടല്ലേ ”

ഒരു വട എടുത്തു കഴിച്ചു കൊണ്ട് വിമല ഉപദേശം തുടർന്നു.

“ചേച്ചി ഇവളിവിടെ മൂന്ന് നേരം കഴിക്കാനുള്ള ഫുഡ്‌ ഉണ്ടാക്കുന്നുണ്ട്. പിന്നെ നാലുമണിക്കും കൂടി ഉണ്ടാക്കണ്ടാന്ന് ഞാനാ പറഞ്ഞത്. എന്നെ പോലെ തന്നെ ജോലി കഴിഞ്ഞു ക്ഷീണിച്ചല്ലേ അവളും വരുന്നത്. പിന്നെ ഇത് അപ്പുറത്തെ മാലിനി ചേച്ചി വീട്ടിൽ ഉണ്ടാക്കി കൊടുക്കുന്ന വടയാ കടയിലെ അല്ല. നമ്മൾ അവിടുന്ന് വാങ്ങിയാൽ അവർക്കും ഒരു സഹായമാകുമല്ലോ ”

രാജീവ്‌ മറുപടി പറഞ്ഞു.

“ഇതാ പറയുന്നേ പെണ്ണുങ്ങൾ വീട്ടിലിരിക്കണമെന്ന്. ജോലിക്ക് പോയാൽ വീട് അനാഥ മാകും.നേരാം വണ്ണം വീട്ടു കാര്യങ്ങൾ ഒന്നും നടക്കില്ല. അതല്ലേ ഞാൻ പോകാത്തത്.”

“അല്ലേലും പത്താം ക്ലാസ്സ്‌ തൊറ്റവർക്ക് ജോലി കിട്ടാനും പാടാ ചേച്ചി.”

രാജീവിന്റര് മറുപടി കേട്ട് വിമല കേൾക്കാത്ത ഭാവത്തിൽ ചായ കുടിച്ചു കൊണ്ട് വീണ്ടും ടി വി യിലേക്ക് കണ്ണു നട്ടു.

“അല്ല മായേ മോളിതു വരെ വന്നില്ലല്ലോ. വിളക്ക് വക്കാറായല്ലോ.”

കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും തുടങ്ങി.

“അവൾക്ക് സ്പെഷ്യൽ ക്ലാസ്സുണ്ട് ചേച്ചി. ഇന്റെ ണൽ എക്സാം തുടങ്ങാൻ പോകുവാ ”

“അപ്പൊ എങ്ങനെ വരും?”

“അപ്പുറത്തെ ഗൗതം ഉണ്ട്.അവര് രണ്ടും കൂടെ മോളുടെ സ്‌കൂട്ടിയിൽ വരും.?”

“അയ്യോ ആൺപിള്ളേരുടെ കൂടെയോ? അതും സ്കൂട്ടറിൽ. കഷ്ടം കഷ്ടം.അതൊക്കെ എന്റെ അമ്മു മോള്, ആൺപിള്ളേരുടെ മുഖത്തു പോലും നോക്കില്ല.”

ഇത്രയും ആയപ്പൊളേക്കും രാജീവ്‌ ഇടപെട്ടു.

“ആൺ പിള്ളേരുടെ മുഖത്തു നോക്കാത്തത് കൊണ്ടാരിക്കും പഠിപ്പിക്കുന്ന സാറിന് ലവ് ലെറ്റർ കൊടുത്തതിനു അമ്മുനെ സ്കൂളിന്ന് പറഞ്ഞു വിട്ടത്. അല്ലേ ചേച്ചി?”

“ഞാൻ പോകട്ടെ മായേ, വിളക്ക് വക്കാറായി.അല്ല മായ വിളക്ക് വക്കുന്നില്ലേ. ”

വിമല വേഗം വിഷയം മാറ്റി.

“ഞാൻ കുളിച്ചില്ല ചേച്ചി. മീൻ നന്നാക്കണം.”

“അപ്പൊ വിളക്ക് വയ്പ്പൊന്നും ഇല്ലേ?”

“അത് മോളോ രാജീവേട്ടനോ വച്ചോളും ”

“ശിവ ശിവ ആണുങ്ങൾ വിളക്ക് വക്കുകയോ ഐശ്വര്യക്കേട് ”

അതും പറഞ്ഞു അപ്പോൾ തന്നെ വിമല എഴുന്നേറ്റു.

“അയ്യോ ചേച്ചി സിനിമ തീർന്നില്ലല്ലോ?”

“ബാക്കി ഞാൻ ഫോണിൽ കണ്ടോളാം മായേ?”

“അതാ ചേച്ചി നല്ലത്. സോമേട്ടൻ ഫ്രണ്ട്സുമായി വർത്തമാനം പറയാൻ ബാറിലോട്ട് കേറുന്നത് കണ്ടാരുന്നു. വരാറായി കാണും. വേഗം ചെല്ല്. പിന്നെ ആണുങ്ങൾ വിളക്ക് വച്ചാലും തെളിഞ്ഞു തന്നെ നിക്കും കേട്ടോ ”

“കലികാലം തന്നെ. ”

പൊറുപോറുത്തും കൊണ്ട് പോകുന്ന വിമലയെ നോക്കി രാജീവ്‌ ചിരിച്ചു.

“എന്തിനാ ഏട്ടാ ഇവരെപോലെ ഉള്ളവരോട് പ്രതികരിക്കാൻ നില്കുന്നത്. ബോധം ഇല്ലെന്നറിഞ്ഞു കൂടെ?”

“നീയിങ്ങനെ മിണ്ടാതെ നില്കുന്നത് കൊണ്ടാ അവര് തലേൽ കേറുന്നത്. കുറെ നേരമായില്ലേ ചൊറിയാൻ തുടങ്ങിയിട്ട്. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കാൻ പഠിക്ക്.”

“അതല്ല രാജീവേട്ടാ എന്തെങ്കിലും പറഞ്ഞാൽ പിന്നെ എല്ലായിടത്തും നടന്ന് പറയും ഇവിടെ എല്ലാ ജോലിയും ഏട്ടനെ കൊണ്ടാ ഞാൻ ചെയ്യിക്കുന്നെന്ന്‌.ആകെ നാണക്കേടാകും.”

“മായാ നീ ആദ്യം ഒരു കാര്യം മനസ്സിലാക്കു. നിന്റെ ഈ ചിന്താഗതിയാണ് മറ്റേണ്ടത്.എന്റെ വീട്ടിൽ എന്റെ ഭാര്യയെ ഞാൻ സഹായിക്കുന്നു എന്ന് മറ്റുള്ളവർ പറയുന്നത് എനിക്കൊരിക്കലും ഒരു നാണക്കേടായി തോന്നുന്നില്ല.അല്ലാതെ അപ്പുറത്തെ വീട്ടിലെ ചേട്ടന്റെ ഭാര്യയെ അല്ലല്ലോ ഞാൻ സഹായിക്കുന്നത്. അതാണെങ്കിൽ നാണക്കേടാ. നാണക്കേടാണെന്നു തോന്നുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുക.ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർ അറിയുന്നതിന് ഒരു നാണക്കേടും വിചാരിക്കണ്ട.”

പിറ്റേന്ന് അവധി ആയത് കൊണ്ട് എഴുന്നേൽക്കാൻ വൈകി. മായ ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കാൻ തുടങ്ങിയപ്പോളാണ് രാജീവ്‌ ഒരു ചൂലുമായി പുറത്തേക്കിറങ്ങിയത്.

“ഇതെങ്ങോട്ടാ ഏട്ടാ ഈ ചൂലും കൊണ്ട്?”

“ആ ടെറസ് മുഴുവൻ കരിയില അല്ലേ. അതൊന്ന് ക്ലീൻ ചെയ്യട്ടെ.”

“ഞാനിന്നലെ അതിനിറങ്ങിയപ്പളാ വിമലേച്ചി വന്നത്.ഇതൊന്ന് തീരട്ടെ ഞാനും കൂടി വരാം ”

രാജീവ്‌ ടെറസിൽ ചൂലുവച്ചു ഒന്ന് അടിച്ചപ്പോളേക്കും അപ്പുറത്തെ വീട്ടിൽ മതിലിന്റെ അടുത്ത് വിമലയുടെ തല കണ്ടു.

“അല്ലാ ഇതെന്താ രാജീവേ ഈ കാട്ടുന്നെ.ആണുങ്ങൾ ചൂലെടുക്കുന്നോ?”

“അതെന്താ ചേച്ചി ആണുങ്ങളെടുത്താൽ ഇത് പൊങ്ങില്ലെന്നുണ്ടോ?”

“അല്ല ഇതൊക്കെ പെണ്ണുങ്ങളുടെ ജോലി അല്ലേ?”

“ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളിലാ ചേച്ചി അങ്ങിനെ പറഞ്ഞിരിക്കുന്നെ? എന്റെ അറിവിൽ പെണ്ണുങ്ങൾ അടിച്ചു വാരുന്നതിലും വൃത്തിക്ക് ആണുങ്ങൾക്ക് ചെയ്യാൻ പറ്റും. കുറച്ചു കൂടി ബലത്തിൽ ചെയ്യാമല്ലോ ”

“രാജീവിന് പിന്നെ എന്തിനും ന്യായം ഉണ്ടല്ലോ.മായേം മോളും എന്തിയെ?”

“മായ കുക്കിംഗ്‌ ആണ്. മോള് പഠിക്കുന്നു.”

“എന്താ ഇതിനും മാത്രം പഠിക്കാൻ. കോഴ്സ് കഴിയുമ്പം കെട്ടിച്ചു വിടാനല്ലേ. അമ്മുക്കുട്ടിക്ക് ആലോചന ഒക്കെ വരുന്നുണ്ട്. സോമേട്ടന് സ്ത്രീ ധനം എന്ന് കേക്കുന്നത് കലിയാ.”

“ചേച്ചി ഞങ്ങൾ മോളെ പഠിപ്പിക്കുന്നത് കോഴ്സ് കഴിഞ്ഞാൽ ഉടനെ കെട്ടിച്ചു വിടാനല്ല. ഒരു ജോലി വാങ്ങി സ്വന്തം കാലിൽ നിൽക്കണം അതിനാ. പിന്നെ അവളുടെ താല്പര്യം അനുസരിച്ച് കല്യാണത്തെ കുറിച്ചു ചിന്തിക്കും. സ്ത്രീധനത്തിനോട് കലി ആയത് കൊണ്ടാണോ സോമേട്ടൻ സ്ത്രീധനബാക്കി തന്നില്ല എന്ന് പറഞ്ഞു മൂന്ന് വർഷം ചേച്ചിയേം മോളേം വീട്ടിൽ കൊണ്ട് നിർത്തിയത്.അന്ന് ചേച്ചിയുടെ അച്ഛൻ കിടപ്പാടം വിറ്റല്ലേ അത് കൊടുത്തത്.ഇപ്പൊ സ്വന്തം മോളുടെ കാര്യം വന്നപ്പോൾ ആൾ ആദർശവാദിയായോ?”

വിമല ഒന്നും മിണ്ടാതെ വേഗം സ്ഥലം കാലിയാക്കി.നേരെ അടുത്ത വീട്ടിലെ മതിലിന്റെ അടുത്തെത്തി,

“എന്നാലും എന്റെ സുമേ, ഇങ്ങനെ ഉണ്ടോ ഒരു പെങ്കോന്തൻ ”

“”ആരാ ചേച്ചി?”

“അപ്പുറത്തെ രാജീവേ ”

പിന്നെ അവിടെ പെങ്കോന്തൻ മാരെ കുറിച്ചുള്ള ചർച്ച തുടങ്ങുകയായിരുന്നു.

അപ്പോളേക്കും രാജീവ്‌ ടെറസ് ക്ലീൻ ചെയ്തിറങ്ങി. അടുത്ത വീട്ടിലെ സിറ്റൗട്ടിൽ ഇരുന്ന് സോമൻ വിളിച്ചു പറയുന്നുണ്ടായിരുന്നു,

“വിമലേ ഒരു ഗ്ലാസ്‌ വെള്ളം തരാൻ എത്ര തവണ പറഞ്ഞു.ദാഹിച്ചിട്ട് വയ്യ “.

ശുഭം. വായിച്ചു ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യണേ കൂട്ടുകാരേ…

രചന: Alli Rajesh

Leave a Reply

Your email address will not be published. Required fields are marked *