ക്യാമ്പസിലെ ചെഗുവേര, തുടർക്കഥ ഭാഗം 29 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

അങ്ങനെ കൃത്യം ഒരാഴ്ച തള്ളി നീക്കി ആ ദിവസം വന്നെത്തി…എന്റെയും സഖാവിന്റെയും വിവാഹ നിശ്ചയ ദിവസം…. ഞാൻ പതിവിലും നേരത്തെ തന്നെ എഴുന്നേറ്റ് ഒരുങ്ങി റെഡിയാവാൻ തുടങ്ങി… സംഗീതയായിരുന്നു എന്റെ ബ്യൂട്ടീഷൻ….അവൾടെ കരവിരുതിൽ ഞാൻ ആകെയൊന്ന് സുന്ദരിയായി….ആദ്യ ചടങ്ങായതുകൊണ്ട് സെറ്റുസാരിയായിരുന്നു എന്റെ വേഷം…അതിലെ മ്യൂറൽ പെയിന്റിങിന് ഇണങ്ങും വിധം dark green colour ൽ golden ബീഡ്സ് പതിപ്പിച്ച ബ്ലൗസും കൂടി ആയപ്പോ സംഭവം ആകെ കളറായി..ഓർണമെന്റ്സ് വാരിയിട്ട് നിറയ്ക്കാതെ ഒരു traditional temple collection മാലയും അതിന്റെ ജോഡിയായുള്ള രണ്ട് വളയും കാതിൽ ജിമിക്കി കമ്മലും മാത്രമായിരുന്നു ഞാൻ അണിഞ്ഞിരുന്നത്…. മുടിയിൽ നിറയെ മുല്ലപ്പൂവ് കൂടി ആയതും എന്റെ ഒരുക്കങ്ങൾ പൂർത്തിയായി എന്നു പറയാം…. പിന്നെ സഖാവിനും ഫാമിലിയ്ക്കും വേണ്ടിയുള്ള waiting തന്നെയായിരുന്നു….

അധികം ആരെയും കാത്തിരുന്ന് മുഷിവാക്കാതെ കൃത്യ സമയത്ത് തന്നെ സഖാവും ബന്ധുക്കളും എത്തി…ആ കൂട്ടത്തിൽ ആദ്യം എന്റെ കണ്ണ് പരതിയത് സഖാവിനെ തന്നെ ആയിരുന്നു… എന്റെ സാരിയ്ക്ക് മാച്ചാവും പോലെ dark green colour ഷർട്ടും കസവ് കരയുള്ള മുണ്ടുമായിരുന്നു സഖാവിന്റെ വേഷം…. നെറ്റിയിൽ ഒരു ചന്ദനക്കുറീടെ കുറവുള്ളതായി തോന്നിപ്പോയി എനിക്ക്… എങ്കിലും സഖാവിനെ ആ പഴയ നാടൻ ലുക്കിൽ കണ്ട സന്തോഷത്തിലായിരുന്നു ഞാൻ….

സഖാവിനേം ബന്ധുക്കളേയും പന്തലിലേക്ക് ക്ഷണിച്ചിരുത്തിയതും എല്ലാവരും ചേർന്ന് എന്നെയും അവിടേക്ക് വിളിപ്പിച്ചു…ചെറിയൊരു പേടിയോടും വിറയലോടും കൂടിയായിരുന്നു ഞാനവിടേക്ക് നടന്നത്….ഉള്ളിൽ എന്തെന്നില്ലാത്ത ഒരാന്തലായിരുന്നു അപ്പോ….ആ വിറയലോടെ തന്നെ വിരലുഴിഞ്ഞ് എനിക്കായ് നിശ്ചയിച്ചു വച്ചിരുന്ന ഇരുപ്പിടത്തിലേക്ക് ചെന്നിരുന്നു…എനിക്കരികിലിരുന്ന സഖാവിനെ മുഖമുയർത്തി നോക്കാനുള്ള ധൈര്യം പോലും എനിക്കപ്പോ ഉണ്ടായിരുന്നില്ല…

പിന്നെ മുഹൂർത്തം അടുത്ത് വന്നതും അച്ഛൻ ഏൽപ്പിച്ച് തന്ന മോതിരം വിറയാർന്ന കൈകളോടെ ഏറ്റു വാങ്ങി ഞാൻ സഖാവിന്റെ മോതിര വിരലിലേക്ക് അണിഞ്ഞു… എന്റെ പേര് കൊത്തിയ ആ മോതിരം സഖാവിന്റെ വിരലിലേക്ക് ഇഴഞ്ഞു നീങ്ങുന്നത് ഉള്ളിലടക്കി പിടിച്ച സന്തോഷത്തോടെ ഞാൻ നോക്കി കാണുകയായിരുന്നു….വിരലിന്റെ പകുതിയോളം കടന്നതും സഖാവ് തന്നെ അതിനെ ഉള്ളിലേക്ക് മുറുക്കിയിട്ടു…. പിന്നെ എനിക്കായ് കരുതി വച്ച സഖാവിന്റെ പേര് കൊത്തിയ മോതിരം എന്റെ വിരലിലേക്ക് അണിയിക്കാനുള്ള സമയമായിരുന്നു…

ഒരു വേള മുഖമുയർത്തി ഞാൻ ചുറ്റുപാടും ഒന്ന് വീക്ഷിച്ചതും എന്റെ കണ്ണുകൾ ഒരു മുഖത്തേക്ക് മാത്രമായി തറഞ്ഞ് പോയി….ആ മുഖം കണ്ട് എന്റെ കണ്ണുകൾ അത്ഭുതത്തോടെ വിടർന്നു… നാവ് യാന്ത്രികമായി ആ പേര് ഉരുവിട്ടു….

വിജയൻ സാർ…..സാർ… ഇവിടെ… ഒരായിരം ചോദ്യങ്ങൾ ഉള്ളിൽ കിടന്ന് നുരഞ്ഞു പൊന്തുകയായിരുന്നു…ആ ക്ഷണ നേരത്തിനുള്ളിൽ ദേവേട്ടന്റെ പേര് കൊത്തിയ മോതിരത്തിന്റെ അവകാശിയായി തീർന്നിരുന്നു ഞാൻ….ദേവേട്ടൻ വളരെ കാര്യമായി എന്റെ വിരലിലേക്ക് മോതിരം അണിയിക്കുന്നത് ആ ഞെട്ടലോടെ തന്നെ ഞാൻ നോക്കി കണ്ടു…ചുറ്റിനും നിന്ന മുഖങ്ങളിലും ദേവേട്ടന്റെ കണ്ണുകളിലും ഒരു പുഞ്ചിരിയുടെ തിരയിളക്കം എനിക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു…

വിവാഹത്തിനുള്ള തീയതി കുറിച്ചു കൊണ്ട് ചടങ്ങ് അവസാനിപ്പിച്ചതും ഉള്ളിൽ നുരഞ്ഞു പൊന്തിയ ചോദ്യങ്ങളെല്ലാം ചോദിക്കാൻ ഭാവിച്ചു കൊണ്ട് ഞാൻ ചെയറിൽ നിന്നും എഴുന്നേറ്റു…. അപ്പോഴേക്കും വിജയൻ സാറും അമ്മയും എനിക്കടുത്തേക്ക് നടന്നു വന്നു…..

എന്താ മോളേ…ഞെട്ടിപ്പോയോ…??? ഞങ്ങളെ തീരെ പ്രതീക്ഷിച്ചില്ല അല്ലേ….!!!

വിജയൻ സാറിന്റെ ആ വാക്കുകൾ കേട്ട് ഞാൻ തിടുക്കപ്പെട്ട് സാറിന്റെ കാല് തൊട്ട് തൊഴുത് എഴുന്നേറ്റു… ഒരുപാട് നാളിന് ശേഷം സാറിനെ കണ്ടതിലുള്ള സന്തോഷമായിരുന്നു മനസ് നിറയെ…സാറ് എന്നെ ഒരു വാത്സല്യത്തോടെ പിടിച്ചെഴുന്നേൽപ്പിക്കുമ്പോ എന്റെ ഇരു കണ്ണുകളും സന്തോഷത്തിൽ നിറഞ്ഞിരുന്നു…

ആരും….ആരും എന്നെ അറിയിച്ചിരുന്നില്ല സാർ…ദേവേട്ടൻ സാറിന്റെ മകനായിരുന്നൂന്നും അറിഞ്ഞില്ല.. ഞാനാകെ ഞെട്ടി തരിച്ചു നിൽക്കുമ്പോ എനിക്ക് ചുറ്റും നിന്നവരെല്ലാം എന്നെ കണക്കിന് കളിയാക്കി ചിരിയ്ക്കുകയായിരുന്നു….ദേവേട്ടന്റെ മുഖത്തും ഏതാണ്ട് കളിയാക്കൽ തന്നെ ആയപ്പോ ഞാൻ കണ്ണൊക്കെ തുടച്ചു നിന്നു… കാര്യങ്ങളെല്ലാം വിശദമാക്കും മുമ്പേ വല്യച്ഛനും മാമന്മാരും ചേർന്ന് എല്ലാവരേയും ആഹാരം കഴിയ്ക്കാനായി ക്ഷണിച്ചിരുത്തി…ദേവേട്ടൻ കഴിയ്ക്കാനിരുന്നതിന്റെയൊപ്പം എന്നേം എല്ലാവരും ചേർന്ന് പിടിച്ചിരുത്തി…

ചെറിയൊരു പരിഭ്രമത്തോടെ ഞാൻ ദേവേട്ടനെ നോക്കി ഒന്ന് പുഞ്ചിരിച്ചു…അപ്പോഴായിരുന്നു ശരിയ്ക്കും ദേവേട്ടന്റെ മുഖം ഞാൻ അടുത്ത് കാണുന്നത്…നെറ്റിയിലേക്ക് വീണു കിടന്ന മുടിയിഴകൾ ഇടംകൈയ്യാലെ ഒന്നൊതുക്കി വച്ചിരിക്ക്യായിരുന്നു ആള്….ഞാനപ്പോ അല്പം ഏന്തി വലിഞ്ഞ് സഖാവിന്റെ വിരലിലേക്ക് ഞാനണിയിച്ച മോതിരം കാണാനായി ഒരു ശ്രമം നടത്തി നോക്കി…ആ കറക്ട് ടൈമിൽ തന്നെ സഖാവ് എന്റെ നേർക്ക് ലുക്ക് വിട്ടതും ഞാൻ അല്പം പരുങ്ങലോടെ നോട്ടം പെട്ടെന്ന് പിന്വലിച്ചിരുന്നു…. സഖാവ് എന്റെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് നേരെ നോട്ടം മോതിരത്തിലേക്ക് പായിച്ചു…ഞാനത് ഇടംകണ്ണാലെ കാണുന്നുണ്ടായിരുന്നു…

എന്താ കൈയ്യിൽ ഇട്ടു തന്ന ആ മോതിരത്തിന്റെ കൂടെ ഇതും കൂടി വേണംന്നുണ്ടോ…???

സഖാവിന്റെ സ്വരത്തിൽ അല്പം നർമ്മവും അതിന്റെ കൂടെ ഒരു ചിരിയും കലർന്നിരുന്നു…ഞാനതു കേട്ട് ജാള്യതയോടെ തലകുനിച്ചിരുന്ന് തന്നെ അതിന് വേണ്ടാന്ന് തലയാട്ടി…അപ്പോഴും എന്തൊക്കെയോ സംശയങ്ങൾ എന്റെ മനസിൽ നിറഞ്ഞു കിടപ്പുണ്ടേയിരുന്നു…അതെല്ലാം ദേവേട്ടനോടല്ലേ ചോദിച്ചു മനസിലാക്കാൻ പറ്റൂ…

അതേ.. ദേവേട്ടാ… എനിക്ക് കുറച്ച് കാര്യങ്ങളിൽ ചില സംശയങ്ങളുണ്ട്…

അറിയാം…ആദ്യം നീ ഫുഡ് കഴിയ്ക്ക്.. എനിക്കും പറയാനുണ്ട് കുറേ കാര്യങ്ങൾ…ഫുഡ് കഴിച്ചു കഴിയുമ്പോ അതെല്ലാം ഞാൻ വ്യക്തമായി പറഞ്ഞു തരാം…എന്താ അത് പോരേ….

ഞാനതിന് സമ്മതം മൂളി തലയാട്ടി…

നീ എന്ത് പെങ്കൊച്ചാ നീലാംബരി….ഒന്നുല്ലേലും ഇത്ര നാള് കൂടി കാണുന്ന എന്നോട് ഈ ചോദ്യം മാത്രമേ നിനക്ക് ചോദിയ്ക്കാനുള്ളൂ….അന്ന് പെണ്ണുകാണാൻ വന്നപ്പോഴും സുഖമാണോന്ന് ഒരു വാക്ക് പോലും ചോദിച്ചില്ലല്ലോ നീ….!!!

സഖാവ് ഒരു ചിരി ഉള്ളിലൊതുക്കി പറഞ്ഞപ്പോഴാ അക്കാര്യം ഞാനോർത്തത്… പിന്നെ ഒരവിഞ്ഞ ചിരി പാസാക്കി ഞാൻ സഖാവിനെ ഒന്ന് നോക്കി…

ചോദിക്കാൻ മറന്നു സുഖാണോ ദേവേട്ടന്….???

അത് കേട്ട് ദേവേട്ടൻ എന്നെ ഇരുത്തി ഒന്നു നോക്കി… അപ്പോഴും ആ ചുണ്ടിൽ ഒരു പുഞ്ചിരിയുടെ ശേഷിപ്പുണ്ടായിരുന്നു….

ന്മ്മ്മ്…. ന്മ്മ്മ്….പരമസുഖം… ഇപ്പോ ചോദിച്ചതിന് ഒരുപാട് നന്ദിയുണ്ട്….ഇനി കഴിച്ചോ….!!!

അതു കേട്ട് ഞാൻ ശ്രദ്ധ നേരെ ഫുഡിലേക്ക് കൊടുത്തു.. മുന്നില് വിഭവ സമൃദ്ധമായ സദ്യയായിരുന്നു… സാധാരണ സദ്യയുടെ മണമടിച്ചാൽ വിശപ്പിന്റെ വിളി വരുന്ന എനിക്ക് അതൊന്ന് രുചിച്ച് നോക്കാനുള്ള മനസ് വന്നില്ല… സഖാവ് അടുത്തിരുന്നതു കൊണ്ട് ഉള്ളില് ആകെയൊരു പുകച്ചിലായിരുന്നു…. പിന്നെ ഒരുവിധം കഴിച്ചെന്നു വരുത്തി ഞാൻ എഴുന്നേറ്റു… എനിക്ക് കൂട്ടായി ദേവേട്ടന്റെ ചേച്ചി ദേവപൗർണമിയും ഉണ്ടായിരുന്നു…ഞാനാളെ ദേവു ചേച്ചീ എന്നായിരുന്നു വിളിച്ചിരുന്നത്….

കൈയ്യും കഴുകി വീട്ടിലേക്ക് കയറിയപ്പോഴാ ശരിയ്ക്കും മനസൊന്ന് ശാന്തമായത്… പിന്നെ അകത്തുള്ള അന്തർജ്ജനങ്ങളോടും ദേവേട്ടന്റെ അമ്മയോടും ദേവു ചേച്ചിയോടും ഓരോന്ന് പറഞ്ഞിരുന്നു…. ആ സമയം ദേവേട്ടൻ പുറത്തുള്ള ഞങ്ങളുടെ അടുത്ത relatives നെ പരിചയപ്പെടുന്ന തിരക്കിലായിരുന്നു…ഫുൾ പരിചയപ്പെടുത്തലുകളും അച്ഛനും വല്യച്ഛനും കൂടി ഏറ്റെടുത്തു…. അതിന്റെ കൂടെ വിജയൻ സാറ് കൂടി ചേർന്നതും കോളം തികഞ്ഞൂന്ന് പറയാം….ദേവു ചേച്ചീടെ husband ഗൾഫിലായിരുന്നു… അതുകൊണ്ട് ആൾക്ക് മാത്രം ചടങ്ങിന് കൂടാൻ കഴിഞ്ഞില്ല…. പക്ഷേ എല്ലാം വീഡിയോ കോൾ വഴി ലൈവായി അറിയുന്നുണ്ടായിരുന്നു…. പിന്നെ എനിക്ക് കൂട്ടായി ഒരു special guest കൂടിയുണ്ടായിരുന്നു അവരുടെ കൂടെ… മറ്റാരുമല്ല ദേവു ചേച്ചീടെ വാവ ആദിത്യ എന്ന ആദി മോൻ….

അങ്ങനെ അവിടെ കൂടിയിരുന്ന എല്ലാവരോടും സംസാരിച്ചിരുന്നപ്പോഴാ ഓരോരുത്തരായി റൂമിൽ നിന്നും സ്കൂട്ടായി തുടങ്ങിയത്… അവസാനം ഞാനും സംഗീതയും മാത്രമായി… റൂമിൽ നല്ല ചൂടായതു കൊണ്ട് ജനൽപ്പാളി തുറന്നിട്ട് ഇളം കാറ്റും ആസ്വദിച്ച് നിൽക്ക്വായിരുന്നു ഞാൻ….

ഡീ..സംഗീതേ… സത്യത്തിൽ ആ ചെഗുവേരയ്ക്ക് ഇഷ്ടപ്പെട്ടിട്ട് തന്നെയാകുമോ ഈ നിശ്ചയവും കല്യാണവുമൊക്കെ…അതോ ഇനി അങ്ങേരെ ആരെങ്കിലും ബ്ലാക്ക് മെയിൽ ചെയ്ത് കെട്ടിപ്പിക്കാൻ ശ്രമിക്ക്വാണോ…???ഒന്നും അങ്ങോട്ട് പിടി കിട്ടുന്നില്ല… സത്യാവസ്ഥ എന്താണെന്ന് നേരിട്ട് ചോദിയ്ക്കാംന്ന് വച്ചാ മനുഷ്യന് മനസിലാവാത്ത പോലെയുള്ള എന്തെങ്കിലും പറഞ്ഞോണ്ട് വരും….അത് എന്റെ തലയിൽ തെളിയുമ്പോഴേക്കും അങ്ങേര് രാജ്യം വിട്ടു പോയിട്ടുണ്ടാവും….തനി മൊരടൻ തന്നെയാ…എങ്ങനെയാണോ ഈശ്വരാ ഞാനിനി ആ മനുഷ്യനോടൊപ്പം ജീവിക്കുന്നത്….!!!

എന്താടീ…നീയൊന്നും കേൾക്കുന്നില്ലേ… ഉണ്ടെങ്കിൽ നിനക്കൊന്ന് മൂളി ഇരുന്നാലെന്താ..ങേ…

അതും ചോദിച്ച് ഒരൂക്കിൽ തിരിഞ്ഞതും എന്നെ തന്നെ ഉറ്റുനോക്കി നിൽക്ക്വായിരുന്നു ദേവേട്ടൻ…. ഇരു കൈകളും നെഞ്ചിന് മീതെ കെട്ടി വച്ച് രണ്ടും കല്പിച്ച് നിൽക്കുന്ന മട്ടിലായിരുന്നു ദേവേട്ടൻ…ആ ഒരൊറ്റ രംഗം കണ്ടതും എന്റെ തലയിൽ നിന്നും പുക പറക്കാൻ തുടങ്ങി…. പിന്നെ വേറെ വഴിയില്ലാതെ ഞാൻ ദേവേട്ടനെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു…. ദേവേട്ടൻ അതിന് മറുപടിയായി ഒന്ന് പുഞ്ചിരിക്കാൻ പോലും കൂട്ടാക്കാതെ നിൽക്ക്വായിരുന്നു…

ദേവേട്ടനെന്താ ഇവിടെ….???

വെറുതെ… ഇവിടേക്ക് വരണംന്ന് തോന്നി… അതുകൊണ്ടല്ലേ ചിലതൊക്കെ എനിക്ക് കേൾക്കാൻ കഴിഞ്ഞത്…..

ദേവേട്ടൻ റൂം ആകെത്തുക ഒന്ന് നോക്കി എനിക്കടുത്തേക്ക് നടന്നു വന്നു….ദേവേട്ടൻ അടുത്ത് വരും തോറും അതുവരെയും തോന്നിയിട്ടില്ലാത്ത ഒരു തരം വിറയലായിരുന്നു എനിക്കപ്പോ തോന്നിയത്….

ചോദിച്ചോ നീലാംബരി… നിന്റെ മനസിലുള്ളതെല്ലാം ഈ മൊരടനോട് ചോദിയ്ക്കാം…ഇനി മുതൽ നിനക്ക് മനസിലാകുന്ന ഭാഷയിൽ മറുപടി പറയാൻ ശ്രമിക്കാം..ന്ത്യേ…

ദേവേട്ടൻ എന്റെ മുന്നിലേക്ക് വന്ന് നിന്ന് അങ്ങനെ പറഞ്ഞതും എനിക്ക് ആകെയൊരു ചമ്മലായി… എങ്കിലും മനസിൽ കരുതിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ തന്നെ തീരുമാനിച്ചു….

അതേ…വിജയൻ സാറ്…സാറ് ദേവേട്ടന്റെ അച്ഛനായിരുന്നോ…

വിജയൻ സാറോ…നിന്നെ കെട്ടാൻ പോകുന്ന ആൾടെ അച്ഛനെ സാറെന്നാ വിളിക്കുന്നേ… മര്യാദയ്ക്ക് അച്ഛാന്ന് വിളിക്കെടീ….

ദേവേട്ടൻ ഒരു താക്കീതായി പറയുമ്പോഴും ആ പറച്ചിലിൽ ഒരു കുസൃതി നിറഞ്ഞിരുന്നു….ഞാനതു കേട്ട് ആദ്യമൊന്ന് ഞെട്ടിയെങ്കിലും ദേവേട്ടന്റെ expression കണ്ടപ്പോ ആശ്വാസമായി…..

വിജയൻ സാറ്…അല്ല…അച്ഛൻ…ദേവേട്ടന്റെ അച്ഛനാണെന്ന് ഇവിടെ ആരും ഇതുവരെ…

പറഞ്ഞില്ല അല്ലേ…!!!നിന്നെ അച്ഛൻ പറ്റിച്ചതാ…ഒരു തരത്തിൽ എന്നേം… അതുകൊണ്ട് തന്നെയാ അച്ഛൻ അന്ന് ഇവിടേക്ക് വരാതിരുന്നത്…. ഇവിടുത്തെ അച്ഛനും എന്റച്ഛനും പണ്ട് മുതലേ പരിചയക്കാരായിരുന്നൂന്ന് ഒരിക്കൽ ഇവിടെ വന്നപ്പോഴാ ഞാനറിഞ്ഞത്…

അതെങ്ങനെ…???

ഞാനിവിടെ ഒരു ദിവസം നിന്നെ കൊണ്ടാക്കാൻ വന്നില്ലേ…അന്ന് വീട്ടിൽ ചെന്നപ്പോ അച്ഛനോട് കാര്യങ്ങളെല്ലാം പറഞ്ഞ കൂട്ടത്തിൽ നിന്റെ കാര്യവും അച്ഛന്റെ കാര്യവും എല്ലാം പറഞ്ഞു… അച്ഛന്റെ പേരും ഈ സ്ഥലപ്പേരും എല്ലാം കേട്ടപ്പോഴേ അച്ഛന് മനസിലായി ആളെ… അപ്പോ അച്ഛൻ ആദ്യം ചോദിച്ച പേര് നിന്റെയാ….ഞാനത് പിന്നെ ഒരിക്കൽ ഇവിടെ അച്ഛനോടും സൂചിപ്പിച്ചിരുന്നു…. ഞാൻ കരുതി അത് നിന്നോട് പറഞ്ഞിട്ടുണ്ടാകുംന്ന്….

അപ്പോ ഈ വിവാഹം….???

ശരിയ്ക്കും പറഞ്ഞാൽ അച്ഛന്റെ ആഗ്രഹമാ…അച്ഛന് നിന്നെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നു…. എനിക്ക് ജോലി എല്ലാം റെഡിയായി കഴിഞ്ഞപ്പോ അച്ഛനും അമ്മയും ചേച്ചിയും ചേർന്ന് നിന്റെ കാര്യത്തിൽ ഒരു തീരുമാനമാക്കി… പിന്നെ മൂന്നു പേരും കൂടി വളഞ്ഞ് പിടിച്ചു കുറേ ബുദ്ധിമുട്ടി… അതുകൊണ്ടല്ലേ ഇവിടേക്ക് ആണ് പെണ്ണുകാണാൻ വരുന്നതെന്ന് ഒരു വാക്ക് പോലും പറയാതെ എന്നെ പറഞ്ഞയച്ചത്….!!!

അപ്പോ ദേവേട്ടൻ ശരിയ്ക്കും ഒന്നും അറിഞ്ഞില്ലേ…???

എന്തറിയാനാ നീലാംബരി…. ഇതെല്ലാം വീട്ടുകാരുടെ കൂട്ടായ തീരുമാനം ആയിരുന്നില്ലേ…!!!

അപ്പോ ദേവേട്ടന് ഒരിഷ്ടവും ഇല്ലാതെയാണോ ഈ വിവാഹത്തിനൊരുങ്ങുന്നത്….

എന്റെ മുഖം ആകെയൊന്ന് വാടി തുടങ്ങി….

ഇഷ്ടം അനിഷ്ടം അങ്ങനെയൊന്നുമില്ല നീലാംബരി…. ഒട്ടുമിക്ക അറേഞ്ച്ഡ് മാര്യേജും ഇങ്ങനെയൊക്കെ തന്നെയല്ലേ… പിന്നെ നിനക്ക് എന്റെ സ്വഭാവങ്ങൾ എങ്ങനെയൊക്കെ ആണെന്ന് ഒരേകദേശ രൂപമുണ്ട്… അതുകൊണ്ട് adjusted ആയി പോകുംന്ന് തോന്നി….

അങ്ങനെ adjusted ആയില്ലെങ്കിലോ…?? അപ്പോ എന്ത് ചെയ്യും ദേവേട്ടൻ….

അതുകേട്ട് ദേവേട്ടനൊന്ന് ചിരിച്ചു…

എന്റെ അച്ഛനും അമ്മയും വിവാഹം കഴിച്ചിട്ട് മുപ്പത് വർഷം കഴിഞ്ഞു… ഇത്രയും വർഷത്തിനിടയിലും അവർക്കിടയിലുള്ള പരസ്പര വിശ്വാസത്തിന്റേയും സ്നേഹത്തിന്റെയും,കരുതലിന്റെയും ഒരു strong bond ഉണ്ടല്ലോ…അത് കണ്ട് വളർന്നവനാ ഞാൻ… അതുകൊണ്ട് പറയ്വാ… adjusted ആയിക്കോളും…

വേറെ ഒന്നും ചോദിക്കാനില്ലേ നിനക്ക് എന്നോട്…??? കഴിഞ്ഞോ ചോദ്യങ്ങളെല്ലാം…??

വേറെ…വേറെ ഒന്നും ചോദിക്കാനില്ല…

ന്മ്മ്മ്…ശരി.. എങ്കില് ഞാൻ കുറച്ചു കാര്യങ്ങള് പറയാം… ഞാനിപ്പോ നാട്ടികയില് ഒരു Govt school ലെ മലയാളം മാഷാണ്….അച്ഛന്റെ പാരമ്പര്യം നിലനിർത്തണംന്നായിരുന്നു പണ്ടേ ആഗ്രഹം…അത് സാധിച്ചു… ഇനിയിപ്പോ ഇവിടേക്ക് ട്രാൻസ്ഫർ വാങ്ങണം….ഉടനെ കിട്ടാൻ ചാൻസുണ്ട്…. പിന്നെ ദിവസവും വീട്ടിൽ നിന്നും പോയി വരാൻ പറ്റും…

ഞാനതെല്ലാം കേട്ട് നിന്നു…

പിന്നെ എന്തൊക്കെയാ നിന്റെ വിശേഷങ്ങൾ… ഇപ്പോ B.ed 2nd year തുടങ്ങി ല്ലേ…

ന്മ്മ്മ്…

പാട്ടൊക്കെ പാടാറുണ്ടോ ഇപ്പോ…അതോ വിട്ടോ..???

ഇപ്പോ അങ്ങനെ പാടാനൊന്നും സമയം കിട്ടാറില്ല…

അങ്ങനെ പറഞ്ഞാൽ ശരിയാവില്ലാട്ടോ… പാട്ടൊക്കെ പാടി തുടങ്ങണം… നിനക്ക് കിട്ടിയ നല്ലൊരു കഴിവല്ലേ അത്… വെറുതെ തുരുമ്പാക്കി കളയണ്ട…!!!

ന്മ്മ്മ്….ശരി….!!! പിന്നെ… ദേവേട്ടൻ ഇപ്പോഴും പാർട്ടി പ്രവർത്തനം ഒക്കെയുണ്ടോ….???

പിന്നെ ഇല്ലാതെ…അതങ്ങനെ വിട്ടു കളയാൻ പറ്റ്വോ…. ഇപ്പോ teachers association ല് membership എടുത്തിട്ടുണ്ട്….ഫെഡറേഷനിൽ നിന്നും ഒഴിയും മുമ്പേ പാർട്ടീടെ യുവജന സംഘടനയിലായിരുന്നു… ഇപ്പോ പാർട്ടിയിലും…

ദേവേട്ടൻ അപ്പോ ഈ രാഷ്ട്രീയത്തിൽ തന്നെ ഉറച്ചു നിൽക്കാനാ പ്ലാൻ…???

അതിനെന്താ പ്രോബ്ലം…എന്താ നിനക്ക് ഇഷ്ടല്ലാതെ വല്ലതും ഉണ്ടോ…

അങ്ങനെയല്ല… ഞാൻ ചോദിച്ചൂന്നേയുള്ളൂ…

ന്മ്മ്മ്… അഥവാ ഇഷ്ടായില്ലെങ്കിൽ എന്റെ ഈ ഒരു ശീലം നീയൊന്ന് സഹിച്ചേ പറ്റൂ..കാരണം ഇടനെഞ്ചിലേറ്റിയ ആ ചുവപ്പില്ലെങ്കിൽ പിന്നെ ഈ ഘോഷുണ്ടാവില്ല….നിന്റെ ദേവേട്ടനും….

അത്രയും കേട്ടെങ്കിലും അവസാനത്തെ ആ ഡയലോഗ് എനിക്ക് ശരിയ്ക്കങ്ങ് പിടിച്ചു…. എന്റെ ദേവേട്ടൻ….❤️❤️ആഹാ കേൾക്കാൻ തന്നെ എന്തൊരു സുഖം….ഇത്രയും നാളും സ്വപ്നം പോലെ കരുതിയിരുന്നതെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് കൈപ്പിടിയിലാകും പോലെ തോന്നിപ്പോയി….

എങ്കില് ഞാൻ പോട്ടേ… നിന്റെ സംശയങ്ങളൊക്കെ തീർന്നില്ലേ….!!!

ഒരുവിധം…ഇനിയും ഉണ്ട് ഒരുപാട്… അതൊക്കെ ഞാൻ വഴിയേ ചോദിച്ചോളാം…

അതുകേട്ട് ദേവേട്ടൻ എന്നിൽ നിന്നും നോട്ടം മാറ്റി പുറത്തേക്ക് നോക്കി ഒന്ന് ചിരിച്ചു…..

ശരി…ശരി… നിന്റെ ഇഷ്ടം പോലെ നടക്കട്ടേ…😁 അപ്പോ ശരി…..ഞാനിറങ്ങട്ടേ…

ഞാനതിന് തലയാട്ടി സമ്മതം മൂളി…അത് കേട്ടപാടെ ദേവേട്ടൻ റൂം വിട്ടിറങ്ങാൻ ഭാവിച്ചു…. പിന്നെ എന്തോ ഒന്നോർത്തെടുക്കും പോലെ വീണ്ടും എനിക്ക് നേരെ തന്നെ തിരിഞ്ഞു വന്നു….

ഒരു കാര്യം പറയാൻ മറന്നു….നിന്നെ ഇന്ന് കാണാൻ നല്ല ഭംഗിയായിട്ടുണ്ട്… മുമ്പ് കോളേജിൽ program ന്റെ അന്ന് കണ്ടതാ പെട്ടെന്ന് ഓർമ വന്നത്..അന്നും നല്ല ഭംഗിയായിരുന്നു…..

ഞാനതു കേട്ട് കണ്ണും മിഴിച്ചു നിന്നു പോയി…കാര്യം കെട്ടാൻ പോകുന്ന ആളാണെങ്കിലും ദേവേട്ടന്റെ ഭാഗത്ത് നിന്നും അങ്ങനെ ഒരു കോപ്ലിമെന്റ് ഇതാദ്യമാ….. എന്റെ നോട്ടത്തിന് ഒരു പുഞ്ചിരി സമ്മാനിച്ച് ദേവേട്ടൻ റൂം വിട്ടിറങ്ങിയപ്പോഴും ഞാനാ ഞെട്ടലിൽ തന്നെയായിരുന്നു…. തുടരും….. തെറ്റുകൾ തിരുത്തി വായിക്കണേ.. അപ്പോ ഇനി സഖാവിന്റേയും നീലൂന്റേയും കല്യാണത്തിന് കാണാം…. byee Yaar…. ഒന്നു ലൈക്ക് ചെയ്തിട്ട് പോണേ…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *