ഭാര്യയാണ് താരം….

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : Rohitha Vijesh

“നാരായണേട്ട!! പതിവ് പരിപ്പ് വട ഇങ്ങെടുത്തേക്ക്….”

അവിടെ കണ്ട ബെഞ്ചിലേക്ക് അമർന്നിരുന്നു കൊണ്ട് അവനോർത്തു… ഇന്നെങ്കിലും മാവേലി സ്റ്റോർ അടക്കണേന്റെ മുൻപ് വരണംന്നു വിചാരിച്ചതാ.. നടന്നില്ല!! രാധാകൃഷ്ണേട്ടന്റെ വാർപ്പ് മറ്റന്നാളാ.. പണി തീർത്തിട്ട് പോന്നാ മതീന്ന് പറഞ്ഞാ നിക്കാണ്ടിരിക്കാൻ പറ്റോ!!! അതോണ്ടെന്തായി ഇന്നും സുമേടെ കൈയിന്ന് നല്ലത് കേക്കാം… രാവിലെ പോരുമ്പോ കൂടി സാധനങ്ങള് കഴിഞ്ഞ കാര്യം അവള് പറഞ്ഞേള്ളു.. ഇന്നും കൂടി വാങ്ങിച്ചില്ലെങ്കി നാളെ ഒന്നും ണ്ടാവില്യാന്നും പറഞ്ഞതാ.. നേരത്തെ പോരാൻ നോക്കിയാലും നടക്കില്ല.. കരാറു പണി ആയതോണ്ട് പറഞ്ഞ സമയത്തു തന്നെ തീർത്തു കൊടുക്കണം.. അല്ലാതെ റഷീദിക്കയും പോരാൻ സമ്മതിക്കില്ല…

കയ്യിലിരിക്കുന്ന കവറിൽ നിന്ന് റേഷൻ കാർഡെടുത്ത് അവൻ നോക്കി.. കഴിഞ്ഞ മാസം രണ്ടാം തിയതിയാണ് എല്ലാം വാങ്ങിച്ചത്.. ഇന്നിപ്പൊ അഞ്ചാം തിയതിയായി.. അവളേം കുറ്റം പറയാനൊക്കില്ല.. എല്ലാം തീർന്നു കാണും.. ഇന്നലെ ശാന്തേടത്തിടെ മോൾടെ ചോറൂണായത് കാരണം അവിടുന്നെല്ലാം കിട്ടി. അതോണ്ട് അങ്ങിനെ നടന്നു.ഇന്ന് വാങ്ങി വരാം ന്ന് അവളോട് വാക്ക് പറഞ്ഞതാ.. ഇനിയിപ്പോ മമ്മദിക്കാൻറെ കടേന്ന് അത്യാവശ്യ സാധനങ്ങള് കുറച്ചു വാങ്ങിക്കാം.. അല്ലാതെന്തു ചെയ്യാനാ… അരി രണ്ടു ദിവസത്തേക്കും കൂടി തികയുമെന്ന് അവള് പറഞ്ഞിരുന്നു.. ചൂടു പരിപ്പുവട പേപ്പറിൽ പൊതിഞ്ഞെടുത്തു കൊണ്ട് നാരായണേട്ടൻ ചോദിച്ചു “വിനയാ!! പറ്റ് തീർക്കാറായി ട്ടോ… ഈ മാസം ഇന്നിപ്പോ അഞ്ചാം തിയതിയായി….”

“ഓർമ്മണ്ട് , നാളെ പൈസ കിട്ടും. അപ്പൊ തരാംന്നെ.. ഞാനെങ്ങടും ഓടി പോവൊന്നും ല്ല്യാ ന്റെ നാരായണേട്ടോ!!!!”…

ചിരിച്ചു കൊണ്ടാണത് പറഞ്ഞതെങ്കിലും ഉള്ളില് തീയായിരുന്നു… എല്ലാം കൂടി എങ്ങിനെയൊന്നു കൂട്ടിമുട്ടിക്കും?? സഹകരണ ബാങ്കിന്ന് വീട് വെക്കാനുള്ള ലോൺ എടുത്തിട്ട് തിരിച്ചടക്കാതെ കുടിശ്ശികയായിട്ട് കിടക്കാൻ തുടങ്ങിയിട്ട് കുറച്ചായി.. അതിന്റെ കൂടെ അമ്മടെ ഓപ്പറേഷന് വേണ്ടി സുമേടെ പണ്ടങ്ങള് മുഴോനും പണയം വെച്ചതിന്റെ പലിശ വേറൊരു ഭാഗത്ത്… രണ്ട് പെങ്ങന്മാരെ കെട്ടിച്ചയച്ചതിന്റെ കടങ്ങൾ വേറൊരിടത്ത്….ആലോചിച്ചാലെ തല പെരുക്കും… ഒരോന്നാലോചിച്ചു കൊണ്ട് ,റോഡ് മുറിച്ചു കടന്നതും മമ്മദിക്കാൻറെ കടേലെത്തിയതുമൊന്നും ഓർമ്മയില്ല…

കടയില് നല്ല തിരക്കാണ്.. മമ്മദിക്കായും മക്കളും കൂടെയാണ് കട നടത്തുന്നത്.. ഓർമ വെച്ച നാള് തൊട്ട് മമ്മദിക്കാൻറെ കടയുണ്ട് ഈ നാട്ടില്.. അത്യാവശ്യ സാധനങ്ങളൊക്കെ മറ്റു കടക്കാരെക്കാൾ വിലക്കമ്മിയിൽ കിട്ടും ഇവിടെ.. അത് കൊണ്ടെപ്പോഴും തിരക്കൊഴിഞ്ഞ നേരമില്ല ഇവിടെ…

“ഇക്ക!! പഞ്ചാര ന്താ വെല??

“അര കിലോ 22, എത്രയാ അനക്ക് എടുക്കണ്ടേ??”

ഈശ്വരാ സാധനങ്ങൾടെ വില ന്താ കുതിച്ചു പായല്… സാധാരണക്കാരന് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കുറെ പാടു പെടണം.. അയാള് മനസിലോർത്തു.. മാവേലിന്നു ന്തായാലും ഒരു കിലോ സബ്‌സിഡി ഉള്ളത് കിട്ടും.. പിന്നെ ബാക്കി റേഷൻ കടേന്നും കിട്ടും..നാളെ എന്തായാലും നേരത്തെ ഇറങ്ങി അവിടുന്ന് വാങ്ങിക്കാം. അല്ലാതെ ഒന്നും നടക്കില്ല.

“ഒരു കാക്കിലോ പഞ്ചാര, കാല് പരിപ്പ്, ഒരു ചെറിയ പാക്കറ്റ് ചായപ്പൊടിം.. ഇപ്പൊ ഇത്ര എടുക്കിൻ.. പയറിനെന്താ വില?”

“പയറ് വെലക്കൂടി മോനെ, കാലിന് പതിനേഴര ഉറുപ്പ്യ..”

“ആവൊ ന്റെ ഇക്കോയ്, ഇങ്ങള് ങ്ങനെ വെലക്കൂട്ട്യാ ഞങ്ങള് പാവങ്ങള് കുറെ പാടുപെടൂലോ ന്റെ ഇക്കാ…..

“ഞമ്മള് വെല കൂട്ടണതല്ല കുട്ട്യേ… തമിഴ്നാട്ടിന്നു സാധനം ഇങ്ങടെത്തുമ്പോഴേക്കും ഈ വെലയാവും… അല്ലാതെ ഞമ്മക്കെന്ത് ലാഭം മോനെ… അങ്ങാടിയിൽ കൊടുക്കണ അതെ വെലക്കന്നെ ഞമ്മള് ഇവിടേം എല്ലാം കൊടുക്കണേ!!!”….

“അറിയാം ഇക്ക… ഞാനൊരു തമാശ പറഞ്ഞതാ… ഒരു കാക്കിലോ തക്കാളിം സവാളേം വേഗമിങ്ങെടുത്തെ ഇക്ക… ഞാൻ പോട്ടെ ….”

പച്ചക്കറി വാങ്ങാൻ നിന്നാ മൊതലാവില്ല.. ഒരിത്തിരി മീൻ വാങ്ങിച്ചോണ്ട് പോവാം.. അതാവുമ്പോ ചോറുണ്ണാനും ഒരു രസണ്ടാവും… കുട്ട്യോളും ഇന്നലെ പറഞ്ഞിരുന്നു മീൻകറി കൂട്ടാൻ തോന്നുന്നു ന്ന്…

അബുക്കാടെ മീൻകടയിലോട്ട് കേറി , അവിടേം നല്ല തിരക്ക് തന്നെ… ” ഐല ന്താ വെല ?”

“കിലോ 120.. ”

അബുക്കടെ മോനായിരുന്നു കടയിലുണ്ടായിരുന്നത്… ഇതിപ്പോ പച്ചക്കറി തന്നെയായിരുന്നു ഭേദം.. അരക്കിലോ മത്തിയും വാങ്ങിച്ചു വീട്ടിലോട്ടുള്ള ഇടവഴിയിലേക്ക് നടന്നു… കവലയിലപ്പോൾ എന്തോ ഒരു പരിപാടി നടക്കുകയായിരുന്നു.. പാർട്ടിക്കാരുടെ പരിപാടി തന്നെ.. ഏതോ ഒരു സ്ത്രീ മൈക്കിലൂടെ ഉറക്കെ പറയുന്നുണ്ട് “സ്ത്രീകൾ കയറിയാൽ ശബരിമലക്ക് എന്ത് സംഭവിക്കുമെന്നറിയില്ല!! ഇത് തികച്ചും പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിന്റെ അനാസ്ഥയാണ്….” ഇടവഴിയിലേക്ക് കയറുംതോറും ശബ്ദം കമ്മിയായി വന്നു.. എന്തൊക്കെയാ നാട്ടില് നടക്കണേ… ഇതൊക്കെ ചിന്തിക്കാൻ സാധാരണക്കാരന് നേരം എവിടുന്നാ…. ഉപ്പും മുളകും മല്ലിയും അരിയും ,ഇതിന്റെയൊക്കെ വില കുറഞ്ഞോ കൂടിയോ ഇതൊക്കെയേ പത്രത്തില് ഞാൻ നോക്കാറുള്ളൂ… ബാക്കിയൊന്നും അന്വേഷിക്കാൻ ,രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവൻ മെനക്കെടാറേയില്ല………. ഇതൊക്കെ പ്രസംഗിക്കുന്നവർക്ക് പ്രസംഗം ഒക്കെ ഒന്ന് നിർത്തി ഈ റോഡെങ്കിലും നന്നാക്കി തന്നിരുന്നെങ്കി, ഒരു സ്ട്രീറ്റ് ലൈറ്റ് വെച്ച് തന്നിരുന്നെങ്കി ഉപകാരത്തിപ്പെട്ടേനെന്നും ഓർത്തോണ്ട് നടത്തത്തിനു വേഗത കൂട്ടി……

പടിക്കലെത്തിയപ്പോഴേക്കും മീനുട്ടി ഓടി വന്നിരുന്നു.. അച്ഛന്റെ കയ്യിലെ പരിപ്പുവടയാണവളുടെ സന്തോഷം.. അത് കയ്യിലേക്ക് കൊടുക്കുമ്പോൾ അവളുടെ കുഞ്ഞി കണ്ണിൽ കാണുന്ന നക്ഷത്ര തിളക്കം കാണുമ്പോൾ തോന്നും എന്നും അവളെ പോലെ കുഞ്ഞായിരിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്…. ഒന്നുമറിയാതെ ഒന്നുമോർക്കാതെ എല്ലാവരെയും സ്‌നേഹിച്ച് എല്ലാവരാലും സ്നേഹിക്കപ്പെട്ട്‌ കഴിയാലോ…. അമ്മയും കുഞ്ഞു മോളും എന്നെയും നോക്കി തിണ്ണയിൽ തന്നെ ഇരിക്കുന്നുണ്ട്… ഉമ്മറത്ത് സന്ധ്യാ ദീപം കൊളുത്തി വെച്ചിരിക്കുന്നു…

“മോനെ അച്ചു വിളിച്ചിരുന്നു, അവള് പറഞ്ഞ കാര്യത്തില് എന്തേലും നീക്കു പോക്ക് ണ്ടോന്നു ചോക്കാനാ വിളിച്ചേ.. പാവം, അവരവിടെ ഇരിക്കപൊറുതി കൊടുക്കുന്നുണ്ടാവില്ല ന്റെ കുട്ടിക്ക്.. അതാ അവള് പിന്നേം പിന്നേം ചോക്കണേ…. ന്റെ കുട്ടി ന്തേലും വഴി ണ്ടാക്കിയോ??”….

“ഒക്കെ ശരിയാവും അമ്മെ…. റഷീദിക്കയോട് ഞാൻ കുറച്ചു പൈസ ചോച്ചിട്ടുണ്ട്.. തരാതിരിക്കില്ല.. അല്ലെങ്കി വേറേം ഒന്ന് രണ്ട്‌ വഴി നോക്കി വെച്ചിട്ടുണ്ട്… അമ്മ അതൊന്നും ആലോചിച്ചു വിഷമിക്കണ്ട… ഞാനില്ല്യേ എല്ലാറ്റിനും… പിന്നെന്താ??…..” അമ്മേടെ കയ്യും പിടിച്ചു കൊണ്ട് മെല്ലെ ഉമ്മറത്തേക്ക് കയറി… അച്ചു എന്റെ ഇളയ പെങ്ങളാണ്.. അവൾടെ കല്യാണം കഴിഞ്ഞിട്ടിപ്പൊ രണ്ടു കൊല്ലായിട്ടെ ള്ളു.. കല്യാണത്തിന്റെ സമയത്തു അളിയൻ ദുബായിൽ ആയിരുന്നു.. ഇപ്പൊ ആറു മാസായി നാട്ടില് തന്നെയാ.. അങ്ങാടീല് ഏതോ കട നോക്കീട്ടുണ്ട് ത്രേ… അതിനു വേണ്ടി ഏട്ടൻ കുറച്ചു പൈസ തന്നു സഹായിക്കണം ന്ന് പറഞ്ഞപ്പോ തിരിച്ചൊന്നും പറയാൻ ണ്ടായിരുന്നില്ല… ന്റെ കുട്ട്യോൾക്ക് എന്നോടല്ലാതെ വേറാരോടാ സഹായം ചോദിക്കാനുള്ളെ??…. അച്ഛന്റെ സ്ഥാനത്തു ഇനിയവർക്ക് നീയല്ലേ ള്ളൂ ന്ന് അമ്മ പറയുമ്പോ ശരിയാണെന്ന് അറിയാഞ്ഞിട്ടല്ല, എങ്ങിനെ ഒക്കെ കൂടി നടത്തുമെന്നാലോചിക്കുമ്പോ ഒരെത്തും പിടിയും കിട്ടാത്ത അവസ്ഥ….

അമ്മേം കൂട്ടി കോലായിലേക്ക് കടന്നപ്പോൾ അടുക്കളെന്നു പാത്രങ്ങളുടെ കലമ്പല് കേട്ടു….. “സുമേ!!! കുടിക്കാനിത്തിരി ചുക്കുവെള്ളം തന്നേ!! വെള്ളത്തിന്റെ ഗ്ലാസ്സുമായി ഓടികിതച്ചു കൊണ്ട് വന്നവൾ ചോദിച്ചു… “ഏട്ടൻ വന്നോ?? കൈയലിരുന്ന സഞ്ചി അവൾക്കു കൊടുത്തിട്ട് പറഞ്ഞു.. “മാവേലീല് ഇന്നും പോവാൻ പറ്റീല്യാ ടി, ഇറങ്ങിയപ്പോ വൈകി, നാളെ നോക്കാം…”

“നിക്കറിയായിരുന്നു ഇതന്നെ ഉണ്ടാവാൻ പോണേ ന്ന്… ഇനിയിപ്പോ വേണ്ട, ഞാൻ അച്ഛനോട് പറഞ്ഞ് ധന്യേച്ചിടെ റേഷൻ കാർഡ് കൊണ്ട് വരീച്ചു.. ഞാൻ പോയി എല്ലാം മേടിച്ചോണ്ട് വന്നു.. ഏട്ടൻ അതോർത്തു ഇനി തല പുണ്ണാക്കണ്ട…

ധന്യേച്ചി, അവൾടെ ചെറിയച്ഛന്റെ മകളാണ്.. അവരിപ്പോ നാട്ടിലില്ല, കുടുംബമായി കോയമ്പത്തൂരാ താമസം.. അവൾടെ കാര്യമാണ് സുമ പറയുന്നത്.. “ഛെ!! അതൊന്നും വേണ്ടായിരുന്നു ടി,അവരുടെ മുൻപിലും കൂടി നാണം കെടാൻ…. ഞാൻ പറഞ്ഞിരുന്നില്ലേ നാളെ വാങ്ങിച്ചു കൊണ്ട് വന്നോളം ന്ന്… പിന്നെ നീയെന്തിനാ പ്പൊ ഇതൊക്കെ???”…. ഒന്നുമില്ലെങ്കിലും ,ആത്മാഭിമാനം കളയുന്ന പണിയൊന്നും മ്മള് ചെയ്യില്ല്യാലോ!!!!

“ന്റെ ഏട്ടാ!! ഞാനതിന് ഏട്ടൻ അറിയാതെയാ മേടിക്കണേ ന്ന് പറഞ്ഞിട്ടുണ്ട് അവരോടൊക്കെ…… ന്റെ ഏട്ടന് തല കുനിക്കേണ്ട ഒരു കാര്യോം ഞാൻ ചെയ്യില്യാന്നു അറിഞ്ഞൂടേ?? ഇനി പ്പൊ അതിന് വേണ്ടി മോന്ത വീർപ്പിക്കണ്ട… ഞാൻ മത്തി തേച്ചു കഴുകട്ടെ… ഇപ്പൊ തന്നെ ഇരുട്ടാവാറായി… ഉള്ളീം മുളകും അരക്കാനും ഇനി പ്പൊ ആ ഇരുട്ടത്ത് അമ്മിടെ അവിടേക്ക് തന്നെ പോണം… മിക്സി പണി മുടക്കീട്ട് പ്പൊ ദിവസം എത്രയായി ന്ന് അറിയോ?? ആരോട് പറയാൻ ഇതൊക്കെ, ഞാനൊരുത്തി ണ്ട് ലോ ഇവിടെ പെടാപ്പാട് പെടാൻ……!!!!……..”

അവൾടെ സ്ഥിരം പരാതിപ്പെട്ടിയും പേറി അടുക്കളയിലേക്കവള് നടന്നു…

പാവം!!!!ഒരു പ്രാരാബ്ദക്കാരന്റെ കൂടെ കൂടിയോണ്ട് അവൾക്കും ജീവിതത്തില് സുഖം എന്താണെന്നറിഞ്ഞിട്ടില്ല… അവനോർത്തു.. അയയിൽ കിടന്ന തോർത്തുമെടുത്ത് കിണറ്റിൻകരയിലേക്ക് പോയി . അതൊരു ശീലമായി, അച്ഛനുള്ളപ്പോ തൊട്ടുള്ള ശീലം.. വൈന്നേരത്തെ മേലുകഴുകല് കിണറ്റിൻ കരയിൽ നിന്നാണ്… വെള്ളം കോരിയെടുത്തു ബക്കറ്റോടു കൂടി തലയിലൂടെ ഒഴിക്കുമ്പോൾ കിട്ടുന്ന കുളിര്, ആ സുഖം ഒരു കുളിമുറിക്കും തരാൻ പറ്റില്യാന്ന് തോന്നും… പിന്നാമ്പുറത്തു നിന്നും അമ്മിയുടെ ശബ്ദം കേൾക്കാൻ തുടങ്ങി.. മെല്ലെ അങ്ങോട്ടേക്ക് നടന്നു…

“തല തോർത്തിയോ ഏട്ടാ??”….

“മ്മ്, മാറ്… ഞാനരക്കാം….” അവളുടെ കൈ പിടിച്ചു പുറകിലേക്ക് വലിച്ചു…. മെല്ലെ അരക്കാൻ തുടങ്ങി…

“ഏട്ടാ,അച്ചു വിളിച്ചിരുന്നു ട്ടോ… പാവം… ന്തായി ഏട്ടാ, റഷീദിക്കയോട് ചോദിച്ചോ??

“അമ്മു….”

ഞങ്ങളുടെത് മാത്രമായ ലോകത്തിലാവുമ്പോൾ ഞാനവളെ അമ്മു ന്നാണ് വിളിക്കാറ്…

“ന്തേ ഏട്ടാ??”….

“ഞാൻ ആലോചിക്കായിരുന്നു, റഷീദിക്ക ഒരു വിസ ശരിയാക്കി തരാംന്നു പറഞ്ഞിട്ടുണ്ട്.. ദുബായില് വെൽഡിങ്‌ ന് ഒക്കെ നല്ല പൈസ കിട്ടും ത്രേ ടി…. എല്ലാം ഒന്ന് കരക്കട്ക്കണ വരെ ഞാനൊന്നു പോയാലോ…. മ്മക്കും രണ്ടു പെൺകുട്ട്യോളല്ലേ നാളെ മേലാക്കാം വളർന്നു വരണേ… പിന്നെ അച്ചുനും മാളൂനും എന്തേലും ആവശ്യം വന്നാൽ അച്ഛന്റെ സ്ഥാനത്തു ഞാൻ തന്നെയല്ലേ ള്ളൂ… ഒക്കെ കൂടി ആലോചിക്കുമ്പോ…… പോവാണതാ നല്ലത് ന്ന് തോന്നുന്നു….”….

എന്തോ അവിടമാകെ ഒരു മൗനം പടർന്നു.. സി എഫ് എൽ ന്റെ അരണ്ട വെളിച്ചത്തിലും അവളുടെ കണ്ണുകളിൽ നിന്നുതിരാൻ വെമ്പി നിന്ന നീർത്തുള്ളികൾ ഞാൻ കണ്ടു…..കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവളെന്റെ തോളിൽ തല ചായ്ച്ചു വെച്ചോണ്ട് പറഞ്ഞു….

“ഏട്ടാ!!! അതൊന്നും വേണ്ട, അതൊന്നും ശരിയാവില്ല്യാ… അവിടെ പോയി കിടന്ന് ഏട്ടൻ ഒറ്റക്ക് കഷ്ടപ്പെടുന്നതിനേക്കാളും എത്രയോ നല്ലതാ, ഉള്ളത് കൊണ്ട് മ്മക്ക് എല്ലാർക്കും കൂടി ഇവിടെ കഴിയണത്…”

“എന്താ അമ്മു, ഞാൻ പറയണതിന്റെ ഗൗരവം മനസ്സിലാക്ക്…. ഓരോന്നാലോചിക്കുമ്പോഴേ തല പെരുക്കും, ഇതിപ്പോ ദൈവായി കാണിച്ചു തന്ന വഴിയാ.. നീയെതിരൊന്നും പറയണ്ട”….

“ഇതാ പ്പൊ ദൈവം കാണിച്ചു തന്ന വഴി?? ഏതോ അന്യ നാട്ടില് പോയി ഒറ്റക്ക് കിടന്ന് നരകിക്കാനോ?? നിക്ക് കേക്കണ്ട”…….

“ഞാൻ ആദ്യത്തെ ആളൊന്നും അല്ലല്ലോ ദുബായിലേക്ക് പോണത്?? ഒക്കെ ഒന്ന് ശരിയാവാൻ ഞാൻ നോക്കീട്ട് ഇതേ ഒരു വഴി ള്ളൂ…..”

“ഇതാപ്പോ കണ്ടു പിടിച്ച വല്യ വഴി….”!!! അവളെന്നെ ദേഷ്യത്തോടെ നോക്കി നിന്നു….

“ന്നാ, പിന്നെ നീ തന്നെ ഇതൊക്കെ ശരിയാക്കാനുള്ള വഴി പറഞ്ഞു താ, എല്ലാർക്കും ണ്ടാവില്യേ നന്നായി ജീവിക്കാനുള്ള കൊതിയൊക്കെ??”….

അമ്മിക്കുഴ അമർത്തിയൊന്നിട്ടിട്ട് ഞാനവളെ എന്നിൽ നിന്നടർത്തി മാറ്റി….

കുറച്ചു നേരത്തിനു ശേഷം, അവളെന്റെ കൈ ചേർത്ത് പിടിച്ചിട്ട് പറഞ്ഞു….

. “ഏട്ടാ………. ഞാൻ….ഞാൻ അയൽക്കൂട്ടത്തിന്ന് ഒരു ലോൺ ചോച്ചിട്ടുണ്ട്, അത് കിട്ടിയാ അച്ചുന്റെ കാര്യം തൽക്കാലം ശരിയാവും.. പിന്നെ ബാങ്കിലെ ലോണ്, തെക്കേ തൊടിയില് നാലഞ്ചു പ്ലാവും ഒന്ന് രണ്ടു തേക്കും നിക്കുന്നുണ്ടല്ലോ, നമുക്കിപ്പോ അതങ്ങട് കൊടുക്കാം.. നല്ല വെല കിട്ടും.. ആ പൈസ മൊതലിൽക്ക് കൂട്ടിക്കോളാൻ പറയാം.. പിന്നെ പലിശയല്ലേ……അത് …..അതൊക്കെ പതുക്കെ പതുക്കെ അടക്കാലോ…. പിന്നെ മ്മടെ പെൺകുട്ട്യോൾടെ കാര്യം…. അവര് സർക്കാർ സ്കൂളിലാ പഠിക്കണേ… അവർക്ക് വേണ്ടി അങ്ങോട്ടേക്കൊന്നും പ്പൊ ചിലവാക്കണ്ട… രണ്ടാളും പഠിക്കാനും മിടുക്കികളാ… അതോണ്ട് അവരെ പഠിപ്പിക്കാനായിട്ട് ന്റെ ഏട്ടന് അധികം പൈസയൊന്നും മുടക്കേണ്ടി വരില്ല്യാ… മ്മടെ കഷ്ടപ്പാടൊക്കെ അറിയണ കുട്ട്യോളാ അവര്…. മ്മളേ ബുദ്ധിമുട്ടിക്കണ സ്വപ്നങ്ങളൊന്നും അവർക്കും ണ്ടാവില്യാ… പിന്നെ എന്തിനു വേണ്ടിയിട്ടാ ന്റെ ഏട്ടൻ അന്യസ്ഥലത്തു പോയി കഷ്ടപെടാൻ നിക്കണേ… ആർക്കു വേണ്ടിയിട്ടാ?? സന്തോഷാണെങ്കിലും സങ്കടാണെങ്കിലും അതൊരുമിച്ചു മതി, ന്റെ ഏട്ടൻ ദൂരെയെവിടെയോ കിടന്ന് കഷ്ടപെട്ടിട്ട് എന്ത് സുഖസൗകര്യം എനിക്ക് ഇണ്ടാക്കി തന്നാലും, എന്റെ ഏട്ടന്റെ കൂടെ കഴിയുമ്പോഴുള്ള സന്തോഷം കിട്ടോ?? അതോണ്ട് പറഞ്ഞതാ… ഇനിയൊക്കെ ഏട്ടന്റെ ഇഷ്ട്ടം……”

കണ്ണ് തുടച്ചു കൊണ്ടവൾ എന്റെ കയ്യിലിരുന്ന അമ്മിക്കുഴ വാങ്ങി വെച്ച് അരപ്പ് പാത്രത്തിലേക്ക് ഇടാൻ തുടങ്ങി….

ഒരു ധനകാര്യമന്ത്രിയുടെ കുശാഗ്രബുദ്ധിയോടെ അവളോരോ കണക്കും നിരത്തുമ്പോൾ , അവള് വെറും പൊട്ടിപെണ്ണാണ്‌ ന്ന് വിശ്വസിച്ച ഞാനായിരുന്നു മണ്ടനായത്…… അവള് പറഞ്ഞതെല്ലാം ശരിയായിരുന്നു.. തൽക്കാലത്തെ പ്രശ്നങ്ങളൊക്കെ മാറാൻ ഈ വഴി തന്നെ ധാരാളം…. എനിക്കെന്താ ഇതൊന്നും ചിന്തിക്കാൻ തോന്നാഞ്ഞേ ന്ന് വെറുതെ ആലോചിച്ചു…

“അമ്മൂട്ട്യേ!!!”

അവളുടെ അരയിലൂടെ വട്ടം പിടിച്ചവൻ പറഞ്ഞു…

“വിഷമായോ ടി?? അല്ലേലും നിങ്ങളെയൊക്കെ വിട്ടിട്ട് എനിക്കെങ്ങ്ടെലും പോവാൻ പറ്റും ന്ന് തോന്നുന്നുണ്ടോ നിനക്ക്?? റഷീദിക്ക ഒരു ഐഡിയ പറഞ്ഞപ്പോ മനസ്സിലും തോന്നി ഒക്കെ ശരിയാവാൻ അതാ നല്ലത് ന്ന്…. അല്ലെടി അമ്മു , നിനക്കിത്രേം ബുദ്ധിയുണ്ടായിരുന്നെങ്കി നേരത്തെ പറഞ്ഞു തരായിരുന്നില്ലേ ഇതൊക്കെ…”

അവള് അമ്മി മോറി അരപ്പും കയ്യിലെടുത്ത് തിരിഞ്ഞു നിന്നിട്ട് പറഞ്ഞു…

“അതേയ്……..മൂന്നു പെൺകുട്ട്യോളെ കല്യാണം കഴിപ്പിച്ചയക്കാൻ ബാങ്കില് നിന്നും ബന്ധുക്കാരുടെ അടുത്ത് നിന്നുമൊക്കെ കടം വാങ്ങി, അതൊക്കെ ഭംഗിയായി നടത്തി, ഇപ്പൊഴും ആ കടൊക്കെ വീട്ടാൻ ലോറീം കൊണ്ട് പോണ ഒരച്ഛന്റെ മോളാ ഞാന്.. ആ എന്നോടാണ് ഏട്ടൻ, ഒരിത്തിരി കടത്തിന്റെ പേരില് മ്മടെ ഈ സന്തോഷൊക്കെ വേണ്ടെന്ന് വെച്ചിട്ട് ഒറ്റക്ക് പോയി കഷ്ടപെടാം ന്ന് പറയണേ…. കടം വാങ്ങിക്കലും അടവ് തെറ്റലും ഒക്കെ സാധാരണക്കാരന്റെ ജീവിതത്തില് പതിവാ ഏട്ടാ…. അതിലൊക്കെ ഇത്ര തളരാൻ എന്തിരിക്കുന്നു?? നമ്മളെ കൊണ്ട് കൂട്ടിയാൽ കൂടാത്തതൊന്നും അല്ലല്ലോ…. ലേശം ബുദ്ധിമുട്ടും കഷ്ട്ടപ്പാടും ഒക്കെ ണ്ടാവും ന്നല്ലേ ള്ളൂ… ന്നാലും ഏട്ടൻ കൂടെയുണ്ടാവുലോ …. അത് മതി നിക്ക്…..”

അവളെ കെട്ടിപിടിച്ചൊരുമ്മ കൊടുക്കാനാണ് തോന്നിയത്… അപ്പോഴേക്കും പ്ലേറ്റും കൊണ്ടവൾ അടുക്കളയിലേക്ക് കേറിയിരുന്നു…. അരപ്പ് കലക്കി ,തിളച്ചു കൊണ്ടിരിക്കുന്ന മത്തി കഷ്ണങ്ങളിലേക്കിട്ടവൾ തിരിഞ്ഞു നിന്ന് പറഞ്ഞു…..

“പഞ്ചായത്തിന്ന് പശുനെ മേടിക്കാൻ ലോൺ കൊടുക്കുന്നുണ്ട് ത്രേ ഏട്ടാ… നാളെ ആ മെമ്പറോടൊന്നു ചോദിക്കണം…. പാലിനൊക്കെ പ്പൊ നല്ല വെലയാ…. പാല് കറന്ന് സൊസൈറ്റിയില് കൊണ്ട് കൊടുത്താ നല്ലൊരു വരുമാനം കിട്ടും… നോക്കാം ലെ ഏട്ടാ??”

“മ്മ്!!! ”

അത്ഭുത സ്തബ്ദനായി അവളുടെ കൂട്ടികിഴിച്ചിലുകൾ നോക്കി നിന്നൊന്ന് മൂളാനെ എനിക്ക് കഴിഞ്ഞുള്ളു….

അല്ലെങ്കിലും കൂടെ നിക്കാനും താങ്ങി പിടിക്കാനും സ്നേഹള്ള ഒരു കുടുംബണ്ടെങ്കി ഇതിലും വലിയ പ്രതിസന്ധികള് മറികടക്കും മ്മള്……. അല്ല പിന്നെ…..മ്മടെ ഭാര്യയാണ് താരം!!!!! ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യൂ, നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് മെസേജ് ആയി അയക്കൂ… ഇനിയും കഥകൾ വായിക്കുവാൻ ഈ പേജ് ലൈക്ക് ചെയ്യൂ…

രചന : Rohitha Vijesh

Leave a Reply

Your email address will not be published. Required fields are marked *