എനിക്ക് എല്ലാം ഫീൽ ചെയ്യണ്ടു, പറ ഞാൻ നിങ്ങള്ക്ക് ഭാര്യ മാത്രാണോ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: കണ്ണൻ സാജു

“ഹാ സ്വന്തം ഭാര്യ ഒഴിച്ച് തരുന്ന മദ്യം കുടിക്കാൻ ഭാഗ്യം ചെയ്ത എന്നെ പോലെ വേറാരുണ്ട് ഈ ഭൂമിയിൽ”

നിമിഷ ഒഴിച്ച് കൊടുത്ത മദ്യം നുണഞ്ഞു കൊണ്ടു കട്ടിലിനു താഴെ നിലത്തു അവൾക്കരുകിൽ ഇരുന്നുകൊണ്ട് സണ്ണിച്ചൻ അവളെ ഒന്ന് പുകഴ്ത്തി…

“അല്ലിച്ചായ, എന്നും ഈ ഒഴിച്ച് തന്നാ മാത്രം മതിയോ?”

സണ്ണി ഞെട്ടലോടെ അവളെ ഒന്ന് നോക്കി

“പിന്നെ?”

“ഇടയ്ക്കു രണ്ടെണ്ണം ഞാനും അടിച്ചാൽ എന്നതാ കുഴപ്പൊന്നാ”

നിമിഷ സണ്ണിയുടെ റിയാക്ഷൻ ശ്രദ്ധിച്ചു..

“ഇവളിനി പരീക്ഷിക്കുന്ന ആയിരിക്കുവോ ? ഉം… കുടിച്ചോളാൻ പറയാം.. കുടിക്കില്ലായിരിക്കും”

മനസ്സിൽ പറഞ്ഞു കൊണ്ടു സണ്ണി അവളെ അടിമുടി നോക്കി

“അതിനെന്ന… ഇച്ചായന്റെ കൂടെ അല്ലേ.. മോൾക്ക് വേണേൽ മോളും കുടിച്ചോ….”

“റിയലി?”

അവൾ ആകാംഷയോടെ ചോദിച്ചു…

“പിന്നല്ലാതെ… എന്റെ പൊന്നിനോട് ഇച്ചായൻ വേണ്ടാന്ന് പറയുന്നു തോന്നുന്നുണ്ടോ”

സണ്ണി അവളുടെ കവിളിൽ ഒന്ന് നുള്ളിക്കൊണ്ടു പറഞ്ഞു..

നിമിഷ തന്റെ പിന്നിൽ ഒളിപ്പിച്ചിരുന്ന ഗ്ലാസ് മുന്നിലേക്ക് വച്ചു

ആ കാഴ്ച്ച കണ്ടു ഇറക്കിയ ബീഫിന്റെ കഷ്ണം തൊണ്ടയിൽ തങ്ങിയ സണ്ണി കണ്ണുകൾ മിഴിച്ചിരുന്നു…

“കർത്താവേ.. ഇവള് കരുതി കൂട്ടി ആണല്ലോ.. സ്ഥിരം അടിക്കാരി ആയിരുന്നിരിക്കുവോ… അതോ ആദ്യായിട്ടാണോ… ചേട്ടായിയും ചേട്ടത്തിയും താഴെ ഒണ്ടു… ഇവള് ഒരെണ്ണം അടിച്ചെങ്ങും വട്ടോളി ആയ തീർന്നു”

“ഇച്ചായൻ എന്നതാ ഈ ആലോചിക്കുന്നേ?”

“ഏയ്‌ ഒന്നുല്ലല്ലോ”

“എന്നാ നോക്കി നിക്കാതെ ഒരെണ്ണം ഒഴിക്കിച്ചായ”

അവൻ കുറച്ചു മദ്യം ഒഴിച്ചു

“ഇതെന്നതാ? എനിക്ക് മണപ്പിക്കാൻ അല്ലാ കുടിക്കാൻ ആണ്.. ഒരു ഒന്നര അങ്ങോടു ഒഴിഞ്ഞു മനുഷ്യാ…”

സണ്ണിയുടെ വെള്ളാരം കിളികൾ ചെവിയിൽ നിന്നും പറക്കാൻ തയ്യാറായി നിന്നു…

ഒറ്റ വലിക്കു കുടിച്ച നിമിഷ അവനു നേരെ കൈ നീട്ടി..

അവൻ പ്രതികരിക്കാത്തത് കണ്ട നിമിഷ

“ടച്ചിങ്‌സ് താടാ മത്തങ്ങാ മോറാ”

സണ്ണിയുടെ കണ്ണ് തള്ളി…

അവൻ ബീഫ് രണ്ട് കഷ്ണം കയ്യിൽ വെച്ചു കൊടുത്തു….

“ഈ ബീഫിന് ഒരു ടേസ്റ്റ് ഇല്ലല്ലോ..?”

“എടി ഇത് നീ ഉണ്ടാക്കിയതാണ്…”

“ആരുണ്ടാക്കിയാൽ എന്നാ… ബീഫായ ടെസ്റ്റ്‌ വേണം… ഒഴി സണ്ണി ഒന്നൂടെ”

“ഒഴിച്ചതൊന്നു തലയ്ക്കു പിടിക്കട്ടേടി”

അവൾ അവനെ ഒന്ന് ഇരുത്തി നോക്കി

“ഇങ്ങു വാ… വാ”

സണ്ണി അവളുടെ അടുത്തേക്ക് ചേർന്നിരുന്നു

“എടി പോടീന്നൊക്കെ വിളിക്കാൻ ഞാനാര് നിന്റെ വേലക്കാരിയോ?”

സണ്ണിയുടെ ചെവിയിൽ പിടിച്ചു തിരിച്ചു കൊണ്ടു അവൾ ചോദിച്ചു

“ആഹാ.. വേദനിക്കണു വേദനിക്കണു… വിട് വിട് വിട്.. വിളിക്കില്ല… വിളിക്കില്ല”

അവൾ പിടുത്തം വിട്ടു…

“ഒഴിയെടാ സണ്ണിക്കുട്ടാ ഒന്നൂടെ”

“നീ ഇരുന്നാടുന്നു.. ഒന്നൂടെ ഒഴിച്ചാൽ വീഴും പെണ്ണെ”

സണ്ണി വേവലാതിയോടെ പറഞ്ഞു

“ശ്”

അവൾ ചുണ്ടത്തു വിരൽ വെച്ചു

“എന്റെ വീട്.. എന്റെ മുറി.. എന്റെ കെട്ട്യോൻ . പിന്നെ ഞാൻ ആരെ പേടിക്കണം..? ഉം… വീണാൽ പിടിക്കാൻ നിങ്ങളില്ലേ ഇവിടെ?”

“കർത്താവെ ഇവള്ടെ കിളി പോയീന്നാ തോന്നണേ”

“സണ്ണിക്കുട്ടാ ഒഴിക്കട മോനേ”

അവൻ ഒന്നൂടെ ഒഴിച്ച്.. അതും ഒറ്റ വലിക്കു കുടിച്ചു….

സണ്ണി അവളുടെ മുഖത്തേക്കും നോക്കി ഇരുന്നു..

“എന്നാ ഇങ്ങനെ നോക്കുന്നെ?”

അവൾ ചിരിച്ചോണ്ട് ചോദിച്ചു

“ഏയ്‌ ചുമ്മാ”

“നിന്റെ അപ്പനെടുത്തു തരുവോ ടച്ചിങ്‌സ്”

“ദേ എന്റെ അപ്പനെ പറഞ്ഞ എന്റെ സ്വഭാവം മാറുവെ”

സണ്ണി അവൾക്കു നേരെ കൈ ചൂണ്ടി…

“ആഹാ… അടിച്ചു പറ്റായി വന്നു നിനക്ക് എന്റെ അപ്പനെ വിളിക്കാം.. ഞാൻ വിളിച്ചാൽ നിനക്ക്…

അവൾ സണ്ണിയുടെ ദേഹത്തേക്ക് കയറി അവനേം വീഴ്ത്തിക്കൊണ്ടു നിലത്തേക്ക് വീണു

“നിനക്ക് പ്രാന്തായോടി… അനങ്ങാണ്ടിരി.. എടി അനങ്ങാണ്ടിരിക്കാൻ”

“എന്നതാ.. എന്നതാ അവിടെ ഒരു ബഹളം.. സണ്ണി കുട്ട്യേ.. എടാ സണ്ണി കുട്ട്യേ…”

അമ്മച്ചി വാതിൽ തള്ളി തുറന്നു…

ആ കാഴ്ച്ച കണ്ട അമ്മച്ചി ഞെട്ടി…

സണ്ണിക്കുട്ടിയുടെ പുറത്തു കയറി ഇരിക്കുന്ന നിമിഷ…

അമ്മച്ചിയെ കണ്ട അവൾ ആടി ആടി എഴുന്നേറ്റു.. പിന്നാലെ സണ്ണിയും

“ചേട്ടനാണെന്നും പറഞ്ഞു.. ഒരു മര്യാദ ഒക്കെ കാണിക്കണം കെട്ടോ… ഒരു മുറിയിലേക്ക് ഇങ്ങനെ സംസ്കാരം ഇല്ലാതെ കടന്നു വരാൻ നിങ്ങടെ അമ്മ പഠിപ്പിച്ചതാണോ?”

നിമിഷയുടെ ചോദ്യം കേട്ടു അമ്മച്ചി വായിൽ കൈ വെച്ചു നിന്നു

“എടി പിത്തക്കാളി അത് ചേട്ടായി അല്ല അമ്മച്ചി ആണ് !”

സണ്ണി ചെവിയിൽ പറഞ്ഞു

“എനിക്കറിയാം മനുഷ്യ.. ഇങ്ങനെ അല്ലേ നിങ്ങടെ തള്ളക്കു രണ്ട് പറയാൻ പറ്റു”

“ഏഹ്”

ചേട്ടായീം ചേട്ടതീം ഓടി വന്നു

“എന്നതമ്മേ കിടന്നു കൂവുന്ന കേട്ടെ?”

“ഒന്നുല്ല ദേ നോക്ക്.. നിന്റെ അനിയനും അനിയത്തിയും അടിച്ചു കോൺ തെറ്റി നിക്കണ കാണണം എങ്കിൽ”

ചേട്ടായി അവരെ നോക്കി…

“എന്നതാടാ ഇത്.. ? ഇവിടെ കുടുംബായിട്ടു ജീവിക്കണ്ടേ? മാന്യന്മാര് താമസിക്കുന്ന വീടാ ഇത്”

നിമിഷ പൊട്ടി ചിരിച്ചു..

“മാന്യൻ… ഇങ്ങേരു…. ( പൊട്ടിച്ചിരി )”

എല്ലാരും അവളെ നോക്കി…

“കഴിഞ്ഞ ആഴ്ച്ച ഇങ്ങേരുടെ കണ്ണിനു എന്ന പറ്റിയതാന്നാ നിങ്ങളോടു പറഞ്ഞെ?”

“അമ്മച്ചിക്ക് ഇത് എന്നതിന്റെ കേടാ… ഈ പാതി രാത്രിയിൽ… ആ പിള്ളേര് എന്നാന്നു വെച്ചാ ചെയ്യട്ടെ.. നിങ്ങള് വന്നേ”

പെട്ടന്ന് റൂട്ട് മാറ്റിക്കൊണ്ട് ചേട്ടായി പറഞ്ഞു..

“നിക്കട അവിടെ.. അങ്ങനെ ഇപ്പോ പോണില്ല.. നീ പറ കൊച്ചെ ഇവന്റെ കണ്ണിനു എന്നാ പറ്റിയതാ?”

അമ്മച്ചി പിടുത്തം ഇട്ടു

നിമിഷ അവനെ നോക്കി ചിരിച്ചു

ചേട്ടായി നിന്നു പരുങ്ങി

“നിങ്ങള് പെരുന്നാളിന് പോയ അന്ന് രാത്രി ഞാൻ മുളകരച്ചോണ്ടിരിക്കുമ്പോ ഈ ചേട്ടായി വന്നു എന്റെ… ( ചിരിക്കുന്നു ) എന്റെ ചന്തിക്കൊരു തോണ്ടു… ഒന്നും നോക്കില്ല കയ്യിലിരുന്ന മുളകെടുത്തു നേരെ കണ്ണിലങ്ങു പൊത്തി”

വീണ്ടും ചിരി

“ചേട്ടായിടെ എക്സ്പ്രെഷൻ കാണാനായിരുന്നു വിറ്റായിരുന്നു കെട്ടോ”

“എടാ നാറി ചേട്ടാ…. നീ അതിന്റെ ഇടയ്ക്കു..”

സണ്ണി മനസ്സിൽ പറഞ്ഞു…

“നേരാന്നോടാ ആ കൊച്ചു പറഞ്ഞത്?”

“അതമ്മച്ചി ഞാൻ ഇവളാണെന്നു കരുതി അറിയാതെ”

അവൻ ന്യായം പറഞ്ഞു

ചേട്ടത്തി കരഞ്ഞു കൊണ്ടു ഓടി

അമ്മ അവന്റെ ചന്തിക്കു പിടിച്ചു നുള്ളിക്കൊണ്ടു തിരിച്ചു

“ഇനി മേലാ ഇമ്മാതിരി പോക്കിരിത്തരം കാണിക്കുവോ… എടാ കാണിക്കുവൊന്നു”

“അഹ്.. ആഹാ.. ഇല്ലാ… ഇല്ലാ.. അമ്മച്ചി കാണിക്കത്തില്ല…”

“ഓട്ര.. മുറിയിലേക്ക് ഓട്ര”

അമ്മച്ചി പിടുത്തം വിട്ടതും അവൻ ഓടി..

“ഈ വാതിലിനു കുറ്റീം കൊളുത്തും ഉണ്ടാക്കിയേക്കുന്നതെ നിന്റമ്മച്ചിക്കു തുണി ഉണങ്ങാൻ അല്ല… അതിട്ടേച്ചും എന്നാ പേക്കൂത്തു വേണേലും കാണിക്ക്…”

അമ്മച്ചി ഇറങ്ങി.. സണ്ണി വാതിലടച്ചു… അവൻ തിരിഞ്ഞപ്പോഴേക്കും നിമിഷ അടുത്തത് ഒഴിച്ചടിച്ചു.

“എടീ”

സണ്ണി നീട്ടി വിളിച്ചു…

ചുവന്നു കലങ്ങിയ കണ്ണുകളോടെ അവൾ സണ്ണിയെ നോക്കി

“മോളേ…”

“ഉം.. ഇവിടെ വന്നിരി”

സണ്ണി അടുത്തു വന്നിരുന്നു…

“ചേർന്നിരിക്ക്”

അവൻ കുറച്ചൂടെ അടുത്തിരുന്നു

അവൾ തോളിലേക്ക് ചാരി…

“ഇച്ചായ..”

“ഉം”

“ഇച്ചായന്‌ ഞാനൊരു ഭാര്യ മാത്രം ആണോ?”

“അല്ല ചെറിയൊരു കുരിശും കൂടി ആണെ”

“ശരിക്കും?”

“നീ എന്റെ എല്ലാം അല്ലേടി?”

അവളെ പിടിച്ചു സണ്ണി മടിയിലേക്കു കിടത്തി.. മങ്ങുന്ന കണ്ണുകളോടെ അവൾ സണ്ണിയുടെ മുഖത്തേക്ക് നോക്കി…

“ഉം… എന്നതാ പെണ്ണെ നോക്കണേ?”

“ഇച്ചായൻ എന്നെങ്കിലും എന്നെ വെറുക്കുവോ?” “എന്നതാടി തലയ്ക്കു പിടിച്ചോ….?”

അവൾ കണ്ണ് ചിമ്മിക്കൊണ്ട് ചിരിച്ചു…

“സ്ത്രീധനം ഇല്ലാതെ എന്നെ കെട്ടിയതു സിമ്പതി കൊണ്ടാണോ ഇച്ചായ?”

“ഇപ്പൊ സംസാരിക്കുന്നതു എന്റെ കൊച്ചല്ല… ഇത് മദ്യമാണ്… കണ്ണടച്ച് ഉറങ്ങാൻ നോക്ക് പെണ്ണെ”

അവൾ കൈ കൊണ്ടു അവന്റെ കവിളിൽ തിരുമ്മാൻ തുടങ്ങി…

“നിമിഷക്ക് ഇച്ചായനോട് സംസാരിക്കണം എന്നുണ്ട്.. കേക്കുവോ ?”

“കേക്കാലോ”

“ഇച്ചായൻ കിട്ടുമ്പോ നിക്ക് ഇച്ചായനെ ഇഷ്ടല്ലായിരുന്നു”

സണ്ണിയുടെ മുഖം വാടി

“ഉം”

“എന്ത് കും?”

“പറ”

“പിണങ്ങിയോ? ”

“ഇല്ലെടി പെണ്ണെ.. പറ”

“എനിക്കൊരാളെ ഇഷ്ടായിരുന്നു ഇച്ചായ… പക്ഷെ അവൻ എന്നെ പറ്റിച്ചു ”

“സ്വാഭാവികം”

“കൊയപ്പില്ലേ?”

“ഒരു കൊഴപ്പോം ഇല്ല !”

“താനെന്തു കെട്ട്യോനാടോ?”

“ഇനി കുഴപ്പം ഉണ്ടാക്കണോ?”

“വേണ്ട !”

“പിന്നെ ഇച്ചായ…..

അവൾ ഒന്ന് നിർത്തി

“എന്നതാടി പൊന്നു.. പറ ”

“ഞാൻ അത് പറഞ്ഞാ ഇച്ചായൻ എന്നെ വെറുക്കുവോ? ”

“നീ പറയുന്ന കാര്യം എന്നെ വേദനിപ്പിക്കുന്നതാണോ? ”

“ഉം ”

“അത് പറഞ്ഞതുകൊണ്ട് നിനക്ക് ഭാവിയിൽ എന്തെങ്കിലും ഗുണം ഉണ്ടാവാൻ പോവുന്നുണ്ടോ? ”

“ഇല്ല ”

“പിന്നെ ഇപ്പോ എന്തിനാ അത് പറയുന്നേ? ”

“എന്നാലും എനിക്കു ഉള്ളിലൊരു കുറ്റബോധം ”

“എന്തിനു? ”

“അറിയൂല.. ഇച്ചായൻ എന്നെ സ്‌നേഹിക്കുമ്പോൾ ഒക്കെ ഞാൻ ഇച്ചായനെ ചതിക്കുന്ന പോലൊരു തോന്നൽ ! ”

സണ്ണി അവളുടെ നെറ്റിയിൽ തലോടാൻ തുടങ്ങി..

“നമ്മുടെ കല്ല്യാണം കഴിഞ്ഞു പൊന്നു ആരേലും സ്നേഹിച്ചിട്ടുണ്ടോ? ”

“ഇല്ല ”

“ആരുടേലും കൂടെ കിടന്നിട്ടുണ്ടോ? ”

അവൾ കലിപ്പിച്ചു അവനെ നോക്കി

“ഇച്ചായ ”

“പറ… കിടന്നിട്ടുണ്ടോ? ”

“ഇല്ല ”

“ഇനി കിടക്കാൻ വെല്ല ഉദേശോം ഉണ്ടോ? ”

“ഇല്ലെടാ പൊട്ടാ ”

സണ്ണി ചിരിച്ചു

“സ്നേഹിക്കാനോ? ”

“എനിക്ക് സ്നേഹിക്കാൻ എന്റെ സണ്ണിക്കുട്ടൻ ഇല്ലേ? ”

“പിന്നെ ഇപ്പൊ എന്നതാ പെണ്ണെ നിന്റെ പ്രശ്നം?. ”

“നാളെ എനിക്ക് പരിപ്പുവട വാങ്ങിച്ഛ് തരുവോ? ”

“ആനക്കാര്യത്തിന്റെ ഇടക്കാ അവള്ടെ ചേനക്കാര്യം ”

“എനിക്കിതു ആനക്കാര്യം തന്ന ഇച്ചായ.. പണ്ട് സ്കൂൾ വിട്ടു വരുമ്പോൾ കുമാരേട്ടന്റെ ചായക്കടയിലെ പലഹാരങ്ങൾ നോക്കാതെ തിരിഞ്ഞു നടക്കുവായിരുന്നു. കണ്ടാൽ കൊതിയാവും.. വാങ്ങാൻ പൈസ ഇല്ല.. വാങ്ങി തരാൻ ആരും ഇല്ല ”

അവളുടെ കണ്ണുകൾ നിറഞ്ഞു….

“ഏറ്റവും കൊതിച്ചത് സ്നേഹിക്കപ്പെടാനാ… അതെ സ്നേഹം തന്നു ഒരുത്തൻ എന്നെ പറ്റിച്ചു… അതോടെ എന്തെങ്കിലും മോഹിക്കാൻ പേടിയായി…. ആ സമൂഹ വിവാഹത്തിൽ ഇച്ചായനെ ദൈവം ആയിട്ട് കൊണ്ടോന്നതാണ്”

“നീ ഓവറായി…. മതി.. മ്മക്ക് കിടക്കാം”

“വേണ്ട.. എനിക്കീ മടിയിൽ കിടന്നുറങ്ങണം… ഇവിടെ എനിക്ക് എല്ലാം ഫീൽ ചെയ്യണ്ടു… പറ ഞാൻ നിങ്ങള്ക്ക് ഭാര്യ മാത്രാണോ ?”

“എന്നതാ എന്റെ പൊന്നു.. ഈ കട്ട മീശേം വെച്ചു ഞാൻ പൈങ്കിളി ആയാൽ ഒരു ഭംഗിയും ഉണ്ടാവില്ല.. ഞാൻ പറഞ്ഞില്ലേ നീ എനിക്ക് എല്ലാം ആണ്…”

അവൾ മെല്ലെ കണ്ണുകൾ അടച്ചു…..

അവളുടെ മുഖത്ത് സണ്ണി തട്ടി വിളിച്ചു…. നിമിഷ കണ്ണുകൾ തുറന്നു…. അവൾ തലയ്ക്കു കൈകൊടുത്തു ചുറ്റും നോക്കി..

നേരം വെളുത്തിരുന്നു…

“അയ്യോ ഇച്ചായൻ ഇന്നലെ എപ്പോഴാ വന്നേ?”

“ഞാൻ ദേ ഇപ്പൊ വന്നേ ഉള്ളൂ.. നീ ഒറക്കം ആയോണ്ട് വിളിച്ചില്ല.. ഇന്നാ ഈ ചായ കുടിക്ക്”

അത്ഭുദത്തോടെ അവനെ നോക്കിക്കൊണ്ടു അവൾ ചായ വാങ്ങി..

“ചായ മതിയോ.. അതോ രാവിലെ തന്നെ രണ്ടെണ്ണം അടിക്കണോ?”

അവക്ക് മെല്ലെ ഓരോന്നും ഓർമ വരാൻ തുടങ്ങി….

നിമിഷയുടെ മുഖം ചമ്മലുകൊണ്ടു മൂടി

“തെരി സിനിമയിലെ സാമന്ത വിജയോട് ചോദിക്കുന്ന സീൻ തന്നേം പിന്നേം ഇരുന്നു കാണുന്ന കണ്ടപ്പോഴേ എനിക്ക് തോന്നി എന്തോ തലയിൽ കയറിയിട്ടുണ്ടന്നു”

“ഈ.. താൻ പോടോ… അൺറൊമാന്റിക് മൂരാച്ചി”

“ഹ. ഹ… ഹ… ഉം.. എന്തായാലും ഒന്ന് കുളിച്ചു റെഡി ആവു.. ഇന്ന് പരിപ്പുവട കഴിച്ചിട്ട് തന്നെ ബാക്കി കാര്യം”

ഇരുവരുടെയും മുഖത്ത് ചിരി വിടർന്നു…..

ഒരു പുഞ്ചിരിയോടെ അവൾ സണ്ണിയുടെ നെഞ്ചിലേക്ക് ചാഞ്ഞു….ലൈക്ക് കമന്റ് ചെയ്യണേ…

രചന: കണ്ണൻ സാജു

Leave a Reply

Your email address will not be published. Required fields are marked *