ക്യാമ്പസിലെ ചെഗുവേര, തുടർക്കഥ ഭാഗം 28 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

എല്ലാവർക്കും യാത്ര പറയുന്ന കൂട്ടത്തിൽ സഖാവിന്റെ കണ്ണുകൾ ചുറ്റുപാടും പരതുന്നുണ്ടെന്ന് ഒരു നോട്ടത്താലെ ഞാനറിഞ്ഞു…. ചുറ്റും പരതി നീങ്ങിയ സഖാവിന്റെ കണ്ണുകൾ ഒരുവേള എന്റെ നേർക്ക് നോട്ടം പായിച്ചതും ഞാൻ ജനൽക്കമ്പിയിൽ നിന്നും കൈ അയച്ചെടുത്ത് മുഖം പിന്വലിച്ചു നിന്നു…. പിന്നെ അവിടെ നടന്നതൊക്കെ സംഗീത വഴിയായിരുന്നു ഞാനറിഞ്ഞത്…

നീലു..ഡീ..ദേ.. ചെഗുവേര നോക്കുന്നു…നീ ഒന്ന് നോക്കിയേ..ഇത് നിന്നെ തന്നെയാണെന്നാ തോന്നുന്നേ…just ഒന്നു നോക്കിയേടീ…

അവള് എന്നെയിട്ട് ഞോണ്ടി കളിച്ചപ്പോ ഒന്നെത്തി നോക്കാൻ മനസ് വല്ലാതെ കൊതിച്ചു.. പക്ഷേ എന്നിലെ അഭിമാനി ഉണർന്നു പ്രവർത്തിച്ചതു കാരണം ഞാൻ അതേപടി അവിടെ തന്നെ നിന്നു… പിന്നെ സഖാവും കൂട്ടരും വന്ന കാറ് ഗേറ്റ് കടന്നു പോയീന്ന് അറിഞ്ഞിട്ടാ ഞാൻ പുറത്തേക്ക് നോട്ടം കൊടുത്തത് പോലും….

ഇനിയെന്തിനാ ഇയാള് ഏന്തിവലിഞ്ഞ് നോക്കുന്നേ…പറഞ്ഞപ്പോ നോക്കാൻ പാടില്ലായിരുന്നോ…???

സംഗീത എനിക്ക് മുമ്പിൽ ഇരുകൈയും നെഞ്ചിന് മീതെ കെട്ടി നിൽക്ക്വായിരുന്നു… മുഖത്ത് അല്പം കലിപ്പ് മോഡും…ഞാനതു കണ്ട് അവളേം പിടിച്ചു വലിച്ച് ബെഡിലേക്ക് ചെന്നിരുന്നു…

ഡീ നീ ഞാൻ പറയുന്നതൊക്കെ നിനക്ക് മുന്നിൽ ഉണ്ടാകുന്ന അനുഭവങ്ങളായി just ഒന്ന് imagine ചെയ്തു നോക്കിയേ…
അങ്ങേരെ ഇന്നും ഇന്നലേം അല്ല കൊല്ലം ആറായിട്ട് മനസിൽ കൊണ്ടു നടക്കുന്നവളാ ഞാൻ…ഇന്ന് എന്നെ കാണാൻ ഒരു പയ്യൻ വരുമെന്ന് അമ്മ പറഞ്ഞപ്പോ പോലും അങ്ങേരെടെ മുഖമാ എനിക്കാദ്യം ഓർമ വന്നത്…
അങ്ങനെയുള്ളപ്പോ എന്റെ മുഖത്ത് നോക്കി പറയാൻ പാടുള്ള കാര്യമാണോ അങ്ങേര് പറഞ്ഞത്…..

അതിന് ചെഗുവേര എന്തു പറഞ്ഞൂന്നാ…??

ആ ചോദ്യം കേട്ട് ഞാൻ കാര്യം വ്യക്തമാക്കാൻ അല്പം മടിച്ചു… പിന്നെ പതിയെ ബെഡിൽ നിന്നും എഴുന്നേറ്റ് ഡ്രസ്സിംഗ് ടേബിളിനടുത്തേക്ക് നടന്നു…

ഡീ..നീലു…പറയെടീ.. ചെഗുവേര എന്താ പറഞ്ഞത്…

അങ്ങേര് മറ്റാരെയോ അഗാധമായി പ്രണയിക്കുന്നൂന്ന്…

അത് നീ ഒരുവട്ടം പറഞ്ഞതല്ലേ…

സംഗീതേടെ കൂളായുള്ള ആ മറുപടി കേട്ട് എനിക്കാകെ കലിച്ചു കയറി… ഞാൻ മുഷ്ടി ചുരുട്ടി അവിടെ നിന്നൊന്ന് തുള്ളി പിന്നെ നേരെ അവൾക് നേരെ തിരിഞ്ഞു…

ഓ…ഡീ..നിന്നെ ഞാൻ എന്താ ചെയ്യണ്ടേ.. നിനക്ക് എല്ലാം തമാശയായിരിക്കും…. പക്ഷേ എനിക്കങ്ങനെയല്ല…ആ മനസിൽ മറ്റൊരു പെണ്ണിന്റെ മുഖമുണ്ടെന്ന് കേൾക്കുന്നത് പോലും എനിക്ക് സഹിക്കാൻ കഴിയില്ല…അപ്പൊഴാ മറ്റൊരു പെണ്ണിനെ ആഗ്രഹിക്കുന്നൂന്ന് പറയുന്നത്…

ഡീ രണ്ടായാലും പഠിക്കുന്ന ടൈമിൽ അല്ലേ… ഇപ്പോ ഒന്നും ഇല്ലെങ്കിലോ…

അതും വേണ്ട…എന്റെ പ്രണയം 100% പ്യുവർ അല്ലേ..ഇതുവരേയും ഞാൻ മറ്റാരെയെങ്കിലും ഈ നെഞ്ചിൽ പ്രതിഷ്ഠിച്ചിട്ടുണ്ടോ…??ഇല്ലല്ലോ…
എന്റെ ഹൃദയത്തിന്റെ ഓരോ കോണിലും ദേവേട്ടൻ മാത്രമല്ലേയുള്ളൂ…. അപ്പോ ദേവേട്ടനും അങ്ങനെ തന്നെ മതി…

ഹോ… അങ്ങനെ.. ഇതൊക്കെ വാശിയാണ് കേട്ടോ നീലു… ചെഗുവേര ഒന്നൂല്ലെങ്കിൽ ഇവിടം വരെ പെണ്ണുകാണാൻ വന്നില്ലേ…അതും പോരാഞ്ഞിട്ട് പഴയകാല കഥകളും പറഞ്ഞു തന്നു…

പിന്നെ…അങ്ങേര് ആരാന്നാ… അമേരിക്കൻ പ്രസിഡന്റോ… കോളേജിലെ ഒരു സഖാവ്…!!
പിന്നെ പഠിക്കുന്ന കാലത്ത് കുറേ തരുണീ മണികള് പിറകേ നടന്നൂന്ന് മാത്രം…അത് വലിയ കാര്യമൊന്നുമല്ല…ജാഡ തെണ്ടി….

വല്യ കാര്യമല്ലെങ്കിൽ ഭവതി പിന്നെ എന്തിനാ ഇപ്പോഴും ഇങ്ങനെ മനസിലിട്ടോണ്ട് നടക്കുന്നത് വേറെ ഏതെങ്കിലും ചെക്കന്മാരെ കെട്ടാൻ പാടില്ലേ…??
ആട്ടേ…ആരാ സഖാവിന്റെ ചങ്കിൽ കേറി കൊത്തിയ ആ പെൺകുട്ടി…

ആആ..എനിക്കെങ്ങനെ അറിയാം…ഏതോ ക്ലാരയാ… എന്റെ ഊഹം വച്ച് നോക്കിയാൽ അത് ആ നേത്രയാ….അവളെ സഖാവിന്റെ കൂടെ ഒരുപാട് തവണ ഞാൻ കണ്ടിട്ടുണ്ട്…നീയും കണ്ടിട്ടില്ലേ…

കണ്ടിട്ടുട്ട്… പക്ഷേ അത് ഇഷ്ടം തന്നെ ആവണംന്നില്ലല്ലോ…നീ ഒരുവട്ടം ചോദിച്ചപ്പോ സഖാവ് എന്തൊക്കെയോ പറഞ്ഞ് ഒഴിഞ്ഞതല്ലേ അന്ന്…

അതേ.. പക്ഷേ ഇഷ്ടമല്ല എന്നല്ലല്ലോ പറഞ്ഞൊഴിഞ്ഞത്….

എനിക്ക് തോന്നുന്നില്ല അങ്ങനെയൊരിഷ്ടം സഖാവിന് ആ കുട്ടിയോടുണ്ടെന്ന്…

ഇനി ഇഷ്ടം ഉണ്ടായാലും ഇല്ലെങ്കിലും എനിക്കൊന്നുമില്ല… ഞാൻ അങ്ങേരെ കെട്ടാൻ പോകുന്നുമില്ല…ഇത്രേം കൊണ്ട് മതിയായി…ഇനീം ഇങ്ങനെ പിറകേ നടന്ന് മനസ് വിഷമിപ്പിക്കാൻ ഞാനില്ല….

നീ ഡസ്പ്പാവല്ലേ നീലു…എന്തായാലും നമുക്കിന്ന് രണ്ടിലൊന്നറിയാല്ലോ… സഖാവ് എന്തായാലും വീട്ടിൽ ചെന്ന് കഴിയുമ്പോ തീരുമാനം വിളിച്ചു പറയുമല്ലോ…

എനിക്കറിയാം അങ്ങേര് എന്താ പറയാൻ പോകുന്നതെന്ന്….എന്നെ നേരത്തെ പരിചയമുണ്ട്… അങ്ങനെ കണ്ടിട്ടില്ല….ഇനി കാണാൻ കഴിയില്ല എന്നൊക്കെ ആവും….

നീ ഇങ്ങനെ തോക്കിൽ കയറി വെടി വയ്ക്കല്ലേ നമുക്ക് എന്തായാലും ഇന്നറിയാം എന്താകുംന്ന്…

എന്താകാനാ…??? എന്റെ മനസ് ഒരിക്കലെങ്കിലും ഒന്ന് തിരിച്ചറിയാൻ ശ്രമിച്ചിരുന്നേ ഞാനിത്രമാത്രം ടെൻഷൻ ആകുമായിരുന്നോ…??? ഇപ്പോഴും വന്ന് പറഞ്ഞത് കേട്ടില്ലേ ഒരു പെണ്ണിനെ ഇഷ്ടമാണെന്ന്… ദുഷ്ടൻ….😡😡😡😡
അതും പോട്ടേ… ലാസ്റ്റ് ഫെയർവെല്ലിന്റെ അന്ന് ഞാൻ എന്ത് മാത്രം തിരഞ്ഞു ദേവേട്ടനെ….ആ കോളേജിന്റെ ഒരു കോണിൽ പോലും കണ്ടെത്താൻ കഴിഞ്ഞില്ല എനിക്ക് അങ്ങേരെ…
അതുകൊണ്ടല്ലേ എന്റെ മനസിലുള്ളതെല്ലാം ആ മരത്തില് കോറിയിടേണ്ടി വന്നത്…
സത്യം പറഞ്ഞാൽ സഖാവ് ആ ക്യാമ്പസ് ഇറങ്ങിയതിൽ പിന്നെ എന്തൊരു മിസ്സിംഗ് ആയിരുന്നു…. പിന്നെ സഖാവ് Pg യ്ക്ക് വന്നപ്പോഴല്ലേ അവിടെ പഠിക്കാൻ തന്നെ ഒരു മനസ് വന്നത്….
എന്നിട്ടെന്തായി.. ഡിഗ്രിയ്ക്ക് പഠിച്ചപ്പോ മിണ്ടീട്ടുള്ളത് പോലെ ശരിയ്ക്കൊന്ന് മിണ്ടാൻ പോലും വന്നിട്ടില്ല… എന്നെ ശരിയ്ക്കും അവഗണിക്കും പോലെ ആയിരുന്നില്ലേ….

ഡീ അത് പിന്നെ Pg ഒക്കെ ആയിരുന്നില്ലേ…അതുമല്ല നമ്മള് ഏത് ടൈമും ക്ലാസിലും… പുറത്തേക്ക് ഒന്നിറങ്ങണമെങ്കിൽ ദീപൻ സാറ് മനസ് വയ്ക്കണമായിരുന്നില്ലേ..അതുകൊണ്ടൊക്കെ ആവും…

പിന്നെ…അതൊന്നുമല്ല…സഖാവിന് മറ്റാരെയൊ വലിയ ഇഷ്ടമായിരുന്നു.. അതുകൊണ്ട് തന്നെയാ…നീ നോക്കിക്കോ അങ്ങേര് ഇന്നത് അച്ഛനോട് വിളിച്ചു പറയുകയും ചെയ്യും…അതോടെ ഈ ആലോചന ഇവിടെ വച്ച് അവസാനിപ്പിക്കേം ചെയ്യും…

ഒരുപക്ഷേ ഇത് മുന്നോട്ട് പോയാലോ…???

എങ്ങനെ പോവാൻ..??ഏയ് അതിന് ചാൻസില്ല..

എന്താ ഇവിടെ രണ്ടാളും കൂടി ഒരു സംസാരം…???
ഞങ്ങള് സംസാരിച്ച് നിന്നതിനിടയിലേക്ക് വല്യച്ഛൻ കൂടി ജോയിന്റ് ചെയ്തു…

എന്ത് സംസാരം…???

അതാണെന്റെ നീലുവമ്മാളെ ഞാനും ചോദിയ്ക്കുന്നേ…

വല്യച്ഛൻ എന്നെ ചേർത്ത് നിർത്തിയതും അച്ഛനും അമ്മയും വല്യമ്മയും കൂടി റൂമിലേക്ക് ഹാജരായി…

ഇഷ്ടപ്പെട്ടോ നീലുവേ ചെക്കനെ… ഞങ്ങൾക്ക് ശരിയ്ക്കും ബോധിച്ചൂട്ടോ….!!!!

വല്യമ്മ ഒന്ന് ചിരിച്ചിട്ട് പറഞ്ഞപ്പോ എല്ലാവരുടേയും മുഖത്ത് ഒരു ചിരി വിരിഞ്ഞു…ഞാനതുകണ്ട് വല്യച്ഛന്റെ കൈ തട്ടിയെറിഞ്ഞ് അച്ഛനടുത്തേക്ക് ചെന്നു….

സഖാവ് ആയിരുന്നു ചെക്കൻ എന്ന് ഒരു വാക്ക് പറയാമായിരുന്നല്ലോ അച്ഛന്..എന്തിനാ അത് എന്നിൽ നിന്നും മറച്ചു വെച്ചത്…????ദുഷ്ടാ…

അച്ഛനെല്ലാം കേട്ട് കുലുങ്ങി കുലുങ്ങി ചിരിക്ക്യായിരുന്നു…എനിക്കത് കണ്ടപ്പോ കലിച്ചു കയറി…ഞാനത് മുഴുവനും മുഖത്ത് കാണിച്ച് നിന്നു…

ഡീ മോളേ… അച്ഛൻ അറിഞ്ഞൂന്നുള്ളത് ശരിയായ കാര്യമാ… പക്ഷേ ഞാനും കരുതി നിനക്കൊരു സർപ്രൈസ് ആയിക്കോട്ടേന്ന്…

ഹോ..എന്താ ഒരു സർപ്രൈസ്…അതും പെണ്ണുകാണാൻ വന്ന ചെക്കൻ പോലും അറിയാതെ…!!!

ആര് പറഞ്ഞു ദേവൻ മോൻ അറിഞ്ഞിട്ടാണല്ലോ പെണ്ണുകാണാൻ വന്നത്…!!!

അത് കേട്ടതും കലിപ്പ് മോഡിൽ നിന്ന എന്റെയുള്ളിൽ ലഡ്ഡു പൊട്ടി… ഞാൻ ആകെയൊന്ന് കൂളായി എന്നിട്ട് നോട്ടം നേരെ അച്ഛന് നേർക്ക് പായിച്ചു…

അപ്പോ ദേവേട്ടൻ അറിഞ്ഞിട്ടാണോ വന്നത്..??

വളരെ വിനയത്തോടെ ഞാനത് ചോദിച്ചതും വല്യച്ഛനും അച്ഛനും മുഖത്തോട് മുഖം നോക്കി… എന്നിട്ട് എന്നെ അടുത്ത് വിളിച്ച് കാര്യം വ്യക്തമാക്കാൻ തുടങ്ങി…

നീലു മോളേ…ദേവമ്മോന് വീട്ടിൽ കാര്യമായി കല്യാണ ആലോചന നടക്കുന്നുണ്ടായിരുന്നു…നിന്റെ ജാതകത്തിലും ഇതാ പറ്റിയ സമയം…തലക്കുറി കണ്ടപ്പോഴേ ചില മൂന്നാന്മാരോടൊക്കെ ഞാൻ നല്ല ആലോചനകളുണ്ടെങ്കിൽ കൊണ്ടു വരാൻ പറഞ്ഞിരുന്നു..അങ്ങനെയിരിക്കുമ്പോഴാ ഇങ്ങനെ ഒരു ആലോചന വരുന്നത്… കേട്ടപ്പോ നല്ലതാണെന്ന് തോന്നി… പിന്നെ ഫോട്ടോ കണ്ടപ്പോഴാ ആളെ ശരിയ്ക്കും മനസിലായത്… പിന്നെ എനിക്ക് കൂടുതൽ ഉള്ളിലേക്ക് ചികഞ്ഞ് നോക്കാനൊന്നും തോന്നീല്ല..ദേവമ്മോനെ എനിക്ക് പണ്ടേ ഇഷ്ടമായിരുന്നു… എനിക്ക് വരാൻ പോകുന്ന ഒരു മരുമകനെ ശരിയ്ക്കും മരുമകനായി അല്ല മകനായ് കാണാനാ എനിക്കിഷ്ടം… അതിന് ദേവമ്മോൻ ശരിയ്ക്കും യോഗ്യനാണ്…..

അതിപ്പോ അച്ഛൻ മാത്രം തീരുമാനിച്ചാൽ എങ്ങനെയാ…???
എന്നെ കാണാൻ വന്ന ആൾക്കും കൂടി തോന്നണ്ടേ…😏😏

അതെന്താ അങ്ങനെ…???ഇഷ്ടാവാണ്ടിരിക്ക്വോ..???

എന്റച്ഛാ അങ്ങേർക്ക് കോളേജിൽ പഠിക്കുമ്പോ മുതലേ ഏതോ ഒരു പെണ്ണിനെ ഭയങ്കര ഇഷ്ടമായിരുന്നു…അതിന്ന് എന്നോടും പറഞ്ഞു…

എന്ത് പറഞ്ഞൂന്നാ..???

വല്യച്ഛൻ കാര്യത്തിനിടയിൽ question മായി വന്നു…

അത് പിന്നെ..ദേവേട്ടൻ ഒരു പെൺകുട്ടിയുമായി അഗാധമായ പ്രണയത്തിലാണെന്നും ഇപ്പോഴും അങ്ങേർടെ മനസ് മുഴുവൻ അവളാണെന്നും…..

അതിനെന്താ… കോളേജിൽ പഠിക്കുന്ന കാലത്ത് ആൺകുട്ടികൾക്ക് അല്ലറചില്ലറ പ്രണയങ്ങളും, അടിച്ചു പൊളിയും എല്ലാം ഉണ്ടാകും..ഈ പറയുന്ന എനിക്കും നിന്റെ അച്ഛനുമൊക്കെ അങ്ങനെയുണ്ടായിരുന്നതാ…

ദേവേട്ടനെ അടിമുടി വെള്ളപൂശാൻ വേണ്ടി വല്യച്ഛൻ ഒരാവേശത്തിന് അങ്ങനെ പറഞ്ഞ് അച്ഛന് നേരെ തിരിഞ്ഞതും അച്ഛൻ കലിപ്പിച്ചൊരു നോട്ടം വച്ചു കൊടുത്തു…കൂടെ അമ്മയേയും വല്യമ്മയേയും നോക്കാനായി കണ്ണുകൊണ്ട് ഒരാംഗ്യവും… അതുകണ്ട് വല്യച്ഛനും മുമ്പേ അമ്മയേയും വല്യമ്മയേയും നോക്കിയത് ഞാനായിരുന്നു…രണ്ടുപേരും കലികയറി മുഖം ചുവപ്പിച്ച് നിൽക്ക്വായിരുന്നു… എനിക്കും സംഗീതയ്ക്കും അത് കണ്ടപ്പോ ശരിയ്ക്കും ചിരിയാ വന്നത്…. അപ്പോഴേക്കും വല്യച്ഛൻ ആംഗ്യങ്ങളിലൂടെ എല്ലാം പറഞ്ഞ് കോപ്ലിമെന്റാക്കിയിരുന്നു….

അപ്പോ വല്ലി പറഞ്ഞു വരുന്നത് ഞാൻ ദേവേട്ടനെ കെട്ടണംന്നാണോ…???
ആണെങ്കിൽ എനിക്കിപ്പോ സൗകര്യമില്ല..
വല്ല പെണ്ണിന്റേയും പിറകെ നടന്ന അങ്ങേരെ എന്റെ പട്ടി കെട്ടും….😡😡

ആആ…എങ്കില് ശരി…എന്റെ നീലു മോള് ഇത് വിട്ടേക്ക്.. നമുക്ക് വേറെ വല്ല പയ്യന്മാരെയും നോക്കാം… എന്തായാലും പെണ്ണ് കണ്ടു പോയതല്ലേ…ഇത് ഇവിടെ വച്ചങ്ങ് അവസാനിപ്പിച്ചേക്കാം…
ഇത് നല്ലൊരു ആലോചനയായിരുന്നില്ലേ….ഇനിയിപ്പോ മോൾക്ക് വേണ്ടാത്ത സ്ഥിതിയ്ക്ക് ഇത് സംഗീതയ്ക്ക് വേണ്ടി ആലോചിച്ചാലോ…???

അത് കേട്ടതും ഞാൻ അടിമുടി ഞെട്ടി വല്യച്ഛനേയും സംഗീതേം ഒന്ന് നോക്കി..അവള് കിളിപോയി നിൽക്ക്വായിരുന്നു… അതിന്റെ കൂടെ എന്റെ നോട്ടം കണ്ടുള്ള പേടിയും..ഞാനവളെ കണ്ണുരുട്ടി ഒന്നുകൂടി പേടിപ്പിച്ചതും അവള് ഇരുവശത്തേക്കും തലചലിപ്പിച്ച് ഇല്ലാന്ന് ആക്ഷനിട്ടു…ഞാനതിന് കഴുത്തിന് നേരെ വിരൽ വരഞ്ഞ് കൊന്നു കളയും എന്നുകൂടി പറഞ്ഞതും അവള് നിന്നിടത്ത് നിന്നും സ്കൂട്ടായി… പിന്നെ അല്പം വിനയത്തോടെ മുഖം തിരിച്ചത് വല്യച്ഛനും അച്ഛനും നേരെയും…

അതേ..ദേവേട്ടന് ഇഷ്ടാവില്ല വല്യച്ഛാ…അതല്ലേ ഞാൻ അങ്ങനെ പറഞ്ഞത്… അല്ലാതെ നിങ്ങടെ വാക്കിനെ ഞാനെതിർക്ക്വോ…???
നിങ്ങടെ ഇഷ്ടമല്ലേ എന്റെ ഇഷ്ടം….

ഹോം…ഇങ്ങനെ പതപ്പിക്കല്ലേടീ മോളേ…!!!കേട്ടിട്ട് തന്നെ ശരീരം കോരി തരിക്ക്വാ…
എന്തായാലും പയ്യന്റേം വീട്ടുകാരുടേയും തീരുമാനം അറിയട്ടേ…അവര് വിളിയ്ക്കാം എന്ന് പറഞ്ഞിട്ടല്ലേ പോയത്…

അപ്പോ അച്ഛൻ നേരത്തെ പറഞ്ഞതോ ദേവേട്ടൻ എല്ലാം അറിഞ്ഞിട്ടാ വന്നേന്ന്…

അങ്ങനെ എപ്പോ പറഞ്ഞു… ഞാൻ പറഞ്ഞത് ദേവമ്മോൻ പെണ്ണുകാണാനാണ് വന്നതെന്ന് അറിഞ്ഞാ വന്നതെന്നല്ലേ… അല്ലാതെ ഇവിടേക്കാണ് വരുന്നതെന്നല്ല…..അത് ചിലപ്പോ ഇവിടെ വന്നപ്പോഴാവും അറിഞ്ഞത്…

അപ്പോ സഖാവ് പറഞ്ഞത് സത്യമായിരുന്നു ല്ലേ…🤔(ആത്മ)

വീണ്ടും എന്റെ പ്രതീക്ഷകളെല്ലാം കാറ്റിൽ പറന്നുയരാൻ തുടങ്ങി… പിന്നെ അധികം ചോദിച്ചു നിൽക്കാതെ ഞാൻ റൂമിലേക്ക് ചെന്നിരുന്നു… ഉച്ചയ്ക്ക് ഫുഡ് കഴിയ്ക്കാൻ ഇരിക്കുമ്പോഴും എന്തെന്നില്ലാത്ത ഒരുത്കണ്ഠയായിരുന്നു മനസ് നിറയെ…ഓരോ ഫോൺ കോളിനും കാതോർത്തിരിക്ക്യായിരുന്നു ഞാൻ….സന്ധ്യയോടടുത്തിട്ടും വിളിയൊന്നും വരാഞ്ഞതു കൊണ്ട് ഞാനാ ചാപ്റ്റർ ക്ലോസ് ചെയ്യാൻ തന്നെ തീരുമാനിച്ചു.. അതുകൊണ്ട് അത്യാവശ്യം ചെയ്തു തീർക്കേണ്ട കുറച്ചു ചാർട്ട് വരയ്ക്കാനായി എടുത്ത് വച്ചു…

അപ്പോഴാ വീട്ടിലെ ലാന്റ് ഫോണിൽ ഒരു ബെല്ല് നീട്ടി അടിച്ചത്…ഞാനത് mind ആക്കാതെ ചാർട്ടെഴുത്തിൽ തന്നെ concentrate ചെയ്തിരുന്നു… അച്ഛൻ റൂമിൽ നിന്നും ഇറങ്ങി വരും വരെ ബെല്ല് മുഴങ്ങുന്നുണ്ടായിരുന്നു..ഞാനതിനെ അവഗണിച്ചിരുന്ന് വർക് ചെയ്യുന്നത് കണ്ട് അച്ഛൻ ഇരുത്തി ഒരു നോട്ടം തന്ന് റിസീവർ ചെവിയോട് ചേർത്തു…അച്ഛന്റെ ആ നോട്ടത്തിന് നേർക്ക് ഒരു ഗോഷ്ടി കാണിച്ച് ഞാൻ വീണ്ടും എഴുതി തകർത്തു… ഇടയ്ക്ക് അച്ഛന്റെ മുഖത്ത് ചില excitement ഉം ശബ്ദത്തിൽ തെളിഞ്ഞു നിന്ന സന്തോഷവും കണ്ടപ്പോ കാര്യം എന്താന്നറിയാൻ എനിക്ക് ചെറിയ curiosity ഒക്കെ തോന്നി തുടങ്ങി… റിസീവർ താഴ്ത്തി വയ്ക്കേണ്ട താമസം ഞാൻ ചാർട്ടിലെ പണി നിർത്തി വിനീതഭാവം ഫിറ്റ് ചെയ്ത് അച്ഛനെ സോപ്പിടാൻ തന്നെ തീരുമാനിച്ചു…

ആരാ അച്ഛാ വിളിച്ചത്….??? എവിടെ നിന്നായിരുന്നു….??? മുഖത്ത് വലിയ സന്തോഷമൊക്കെ കാണുന്നുണ്ടല്ലോ…

അതേ..വളരെ..വളരെ സന്തോഷമായി… പക്ഷേ അതിന്റെ കാരണം എന്റെ പൊന്നുമോളറിയണ്ട… ഞാൻ അതെന്റെ ഭാര്യയോട് പറഞ്ഞോളാം…

അതെന്താ അച്ഛാ എന്നോട് പറഞ്ഞാൽ..അച്ഛന്റെ നീലു ഒരു പാവമല്ലേ…

ആണോ.. എങ്കില് എനിക്കങ്ങനെ തോന്നീട്ടില്ല…!!

അച്ഛനതും പറഞ്ഞ് ഒരു ദയയും ഇല്ലാതെ എന്നേം തള്ളിമാറ്റി അകത്തേക്ക് നടന്നു… മുഖത്ത് ഒരു ലോഡ് പുച്ഛവും ഒരു തരം അഹങ്കാരവും… പിന്നെ ഒരു നിമിഷം പോലും അവിടെ നിൽക്കാതെ എല്ലാം നിലത്ത് തന്നെയിട്ട് ഞാൻ അച്ഛന് പിറകെ വച്ച് പിടിച്ചു…. അടുക്കളയിൽ നടക്കുന്ന ശബ്ദ ശകലങ്ങൾക്ക് കാതോർക്ക്വായിരുന്നു ഞാൻ….

ഡീ…ദേ ദേവന്റെ വീട്ടിൽ നിന്നും വിളിച്ചു…. നമ്മൾക്ക് സൗകര്യം തോന്നുന്ന ഒരു ദിവസം നോക്കി അവിടേക്ക് ചെല്ലാൻ….ഇനി ഒന്നും വെച്ച് താമസിപ്പിക്കണ്ടാന്നാ അവര് പറയുന്നേ…..
എനിക്കും അത് തന്നെയാ തോന്നുന്നത്.. പിന്നെ ചടങ്ങുകൾ എപ്പോഴും ചടങ്ങായി തന്നെ വേണംന്നല്ലേ….!!!!

ന്മ്മ്മ്…അത് ശരിയാ…ചടങ്ങുകളെല്ലാം അതുപോലെ തന്നെ നടക്കട്ടേ…നിങ്ങള് അവിടേക്ക് ചെല്ലുമ്പോ മോന് ലീവുണ്ടാക്വോ…??

ഉണ്ടാവാൻ ചാൻസ് കുറവാണ്…ഇനി വിവാഹം കഴിയുമ്പോഴേക്കും ദേവന് ട്രാൻസ്ഫർ ഉണ്ടാവുംന്നല്ലേ പറഞ്ഞത്…

ങേ… ഇവിടെ എന്തൊക്കെയാ നടക്കുന്നേ… പെണ്ണുകാണാൻ വന്നപ്പോ തന്നെ വിവാഹത്തിന്റെ കാര്യത്തിൽ തീരുമാനവും ആയോ… ഇതൊക്കെ എപ്പോ…🤔🤔🤔(ആത്മ)

ഞാനാകെ കിളിപോയി നിൽക്ക്വായിരുന്നു… എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോ ശരീരത്തിലൂടെ ഒരു തരിപ്പ് പടർന്നു കയറുന്നുണ്ടായിരുന്നു…അതുവരെയും ഒരു സ്വപ്നമായി കണ്ടിരുന്ന ഓരോ കാര്യങ്ങളും സത്യമാവാൻ പോവുന്നു എന്നറിഞ്ഞ ഞെട്ടൽ എന്റെ ശരിരത്തിലാകെ വന്നു മൂടി…ചിരിയും, കരച്ചിലും എല്ലാം ഒരുപോലെ മുഖത്ത് വന്നു നിറഞ്ഞതും ഒരുനിമിഷം കൂടി അവിടെ നിൽക്കാൻ കൂട്ടാക്കാതെ നേരെ റൂമിലേക്കൊരോട്ടമായിരുന്നു….അമ്മ ഏൽപ്പിച്ച് പോയ ഫോട്ടോ ആയിരുന്നു ആദ്യം പരതിയത്…അമ്മേടെ ഷെൽഫിൽ നിന്നും ഫോട്ടോ എടുത്ത് ഞാൻ നേരെ എന്റെ റൂമിലേക്ക് ചെന്ന് ബെഡിൽ ഇടംപിടിച്ചു….ഒരു കിതപ്പോടെ ആ envelope തുറന്നപ്പോൾ ഉള്ളിൽ ഒരു സന്തോഷത്തിന്റെ ഒരു കടലിരമ്പൽ കേൾക്കാമായിരുന്നു….

envelope ൽ നിന്നും ഉയർന്നു വന്ന ഫോട്ടോ എന്റെ ആ പഴയ സഖാവിന്റേത് തന്നെയായിരുന്നു… അന്നത്തെ അതേ പുഞ്ചിരി…കണ്ണുകളിലൊളിപ്പിച്ചു വച്ച കുസൃതിയും, ചുണ്ടിൽ മൊട്ടിട്ടു വിരിഞ്ഞ പുഞ്ചിരിയും ഞാനാസ്വദിച്ച് കണ്ടു….കുറേ നാളിന് ശേഷം മനസറിഞ്ഞ് ഞാനൊന്ന് സന്തോഷിയ്ക്കുന്ന നിമിഷമായിരുന്നു….അപ്പോഴും ഉള്ളിൽ ചെറിയൊരു കരടായി സഖാവിന്റെ മനസിലെ ആ പ്രണിയിനി എന്നെ അരോചകപ്പെടുത്തി തുടങ്ങി…

പിന്നെയുള്ള ദിവസങ്ങൾ ശരിയ്ക്കും ശരവേഗത്തിലായിരുന്നു പോയത്… അതിനിടയിൽ അച്ഛനും വല്യച്ഛനും അടുത്ത ബന്ധുക്കളും ചേർന്ന് വിവാഹക്കാര്യത്തിൽ ഏതാണ്ട് തീരുമാനമാക്കി…പെണ്ണ് കണ്ട് പോയ സഖാവിന്റെ ശബ്ദം പോലും ഞാൻ പിന്നെ കേട്ടിരുന്നില്ല… ഇടയ്ക്ക് അച്ഛനൊക്കെ പറഞ്ഞ അറിവ് വച്ച് ആള് ലീവ് കഴിഞ്ഞ് ജോലിയിൽ ജോയിന്റ് ചെയ്തൂന്ന് അറിഞ്ഞു…കുറേ തവണ പഴയ നമ്പറിൽ വിളിച്ചു നോക്കിയെങ്കിലോ എന്ന് മനസ് പറഞ്ഞെങ്കിലും ഞാനാ തീരുമാനം പാടെ ഉപേക്ഷിച്ച് ക്ലാസിലും പഠനത്തിലും concentrate ചെയ്തു….

അങ്ങനെ വിവാഹത്തിന്റെ ആദ്യ ചടങ്ങെന്നോണം വിവാഹ നിശ്ചയം നടത്താനായിരുന്നു എല്ലാവരുടേയും തീരുമാനം…ഞാനും അതിന് വേണ്ടി മനസ് കൊണ്ട് തയ്യാറെടുത്ത് തുടങ്ങി…ദേവേട്ടന്റെ ഭാഗത്ത് നിന്നും അന്വേഷണങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും ദേവേട്ടന്റെ അമ്മയും ചേച്ചിയും ഇടയ്ക്കിടയ്ക്കിടെ വിളിയ്ക്കുന്നത് ശീലമാക്കി തുടങ്ങി…. അവരുടെ സംസാരത്തിൽ നിന്നും ആ വീടിന്റെ അന്തരീക്ഷം എനിക്കേകദേശം ഊഹിക്കാമായിരുന്നു….

അങ്ങനെ ആകെമൊത്തം ഹാപ്പിയായി ജീവിതം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു….B.ed ഏകദേശം രണ്ടാം വർഷത്തിലേക്ക് കടക്കാൻ തുടങ്ങുമ്പോഴാ നിശ്ചിയത്തിന്റെ തീയതി കുറിച്ചത്….. പിന്നെ വീട്ടില് മുഴുവൻ നിശ്ചയ ഒരുക്കങ്ങളായിരുന്നു… നിശ്ചയത്തിന് വേണ്ടിയുള്ള ഡ്രസ്സ് സെലക്ട് ചെയ്തതും ഓർണമെന്റ്സ് എടുത്തതുമെല്ലാം സംഗീതയും വല്യച്ഛനും ചേർന്നായിരുന്നു…എന്റെ ഇഷ്ടങ്ങൾ അവർക്ക് മനപാഠമായിരുന്നു…

എല്ലാറ്റിന്റേയും pic എടുത്ത് ദേവേട്ടന്റെ അമ്മയ്ക്കും അയച്ചു കൊടുത്തു… ഇടയ്ക്ക് ചെറിയ തോതിൽ ദേവേട്ടനെപ്പറ്റി അന്വേഷിച്ചെങ്കിലും ആള് എത്തീട്ടില്ല എന്ന മറുപടിയായിരുന്നു ഫലം…. അങ്ങനെ കൃത്യം ഒരാഴ്ച തള്ളി നീക്കി ആ ദിവസം വന്നെത്തി… എന്റെയും സഖാവിന്റെയും വിവാഹനിശ്ചയ ദിവസം….!!! തുടരും… ലൈക്ക് കമന്റ് ചെയ്യണേ…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *