പെണ്ണുകാണാൻ പോയ ചിരിയും സന്തോഷമൊന്നും കല്യാണം കഴിഞ്ഞ അന്നുമുതൽ അവളുടെ മുഖത്തു കണ്ടിട്ടില്ല….

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ഇസ്മായിൽ കൊടിഞ്ഞി

“പെണ്ണെന്നാൽ കാമം തീർക്കാനുള്ളവെറും ഒരു ഉപാധി മാത്രമാണോ” ?

ഡോക്ടറോട് നീന ചോദിച്ചത് കേട്ട് ഞെട്ടിയത് അർജുനാണ്.കാരണം അവരുടെ കല്യാണം കഴിഞ്ഞിട്ട് ഒരു മാസം കഴിയുന്നതേയുള്ളൂ.

കണ്ണുമിഴിച്ചു നിൽക്കുന്ന അർജുനെ നോക്കി നിൽക്കുന്ന ഡോക്ടർക്കും തന്നെ ഒന്നും മനസ്സിലായില്ലെങ്കിലും നീനയുടെ കണ്ണുകളിൽ ഡോക്ടറോട് പറയാൻ ഒരുപാടുണ്ടെന്ന് മനസ്സിലാക്കിയ അർജുൻ ഡോക്ടറോട് കൈകൊണ്ടു പുറത്തുണ്ടാകുമെന്ന് ആംഗ്യം കാണിച്ചു മെല്ലെ പുറത്തേക്കിറങ്ങിപ്പോയി.

ചുമരിനോട് ചേർത്തിട്ടിരിക്കുന്ന ചാരുകസേരയിലിരുന്ന് കൊണ്ട് അർജുൻ ആലോചനയിലേക്ക് മുഴുകി.

എവിടെയാണ് തനിക്ക് പിഴച്ചതെന്ന് അവന് ഒരു പിടുത്തവും കിട്ടുന്നില്ലായിരുന്നു. നാട്ടിൽ തന്നെ സ്വന്തമായി ഒരു വർക്ക്ഷോപ്പ് നടത്തിക്കൊണ്ടിരിക്കുന്ന അവൻ വീട്ടുകാരുടെ നിർബന്ധം കൊണ്ടാണ് ഒരു പെണ്ണുകെട്ടാൻ തീരുമാനിച്ചത്.കൂടുതൽ ചായ കുടിച്ചു നടക്കാൻ താല്പര്യമില്ലാത്തതുകൊണ്ടും പിന്നെ ദൈവാനുഗ്രഹം കൊണ്ടും മൂന്നാമത്തെ പെണ്ണുകാണലോടുകൂടി വീട്ടുകാർ മുകേനെ കെട്ടിയതാണവളെ.

പെണ്ണുകാണാൻ പോയ അന്നത്തെ ചിരിയും ഫോൺ വിളിക്കുമ്പോഴുള്ള സന്തോഷമൊന്നും കല്യാണം കഴിഞ്ഞ അന്നുമുതൽ അവളുടെ മുഖത്തു കണ്ടിട്ടില്ല.വീട്ടുകാരോടും അർജുനോടുമൊന്നും അവൾ കാര്യമായി സംസാരിക്കാറില്ല.എന്നാൽ വീട്ടുജോലി ചെയ്യുന്നതിലൊന്നും അവൾക്കൊരു മടിയും ഇല്ലതാനും.പെങ്ങളുടെ അന്വേഷണത്തിൽ അവൾ ഒരു വായാടിയാണെന്നാണ് കിട്ടിയ അറിവ്, വായാടിയായ അവളാണ് ഒരാളോടുപോലും ഒന്നും മിണ്ടാതെ നടക്കുന്നത്.ഫോണിലൂടെ അവളുടെ വീട്ടുകാരോടവൾ വാ തോരാതെ എന്തൊക്കെയോ പറയുന്നതും ഇടക്ക് കണ്ണു തുടക്കുന്നതുമൊക്കെ കാണാം.

രാത്രികളിൽ അർജുൻ അവളോടടുക്കാനും മറ്റും ശ്രമിക്കുമ്പോൾ അവൾ ഒഴിഞ്ഞു മാറും.പുതിയ വീട്ടിലേക്കുള്ള ഒരു പറിച്ചുനടലുകൊണ്ട് അവൾക്ക് പെട്ടെന്ന് പൊരുത്തപ്പെടാനുള്ള പ്രയാസം കൊണ്ടാകുമെന്ന് കരുതി അവൻ വിട്ടുകളഞ്ഞു.
അവളുടെ സ്വഭാവത്തിൽ വീട്ടുകാരുകൂടി മുറുമുറുപ്പ് തുടങ്ങിയതോടെ അർജുൻ ഒരു പ്രശ്ന പരിഹാരത്തിനായി ഉറ്റ കൂട്ടുകാരനെ സമീപിച്ചപ്പോൾ അവൻ ആദ്യമൊന്ന് കളിയാക്കിയെങ്കിലും,കാര്യം സീരിയസാണെന്ന് മനസ്സിലാക്കി അവൻ പറഞ്ഞത് പുതിയ വീടുമായും നിന്നെയുമായുമൊക്കെ ഇടപഴകാനുള്ള പ്രയാസം കൊണ്ടാകുമെന്നാണെന്ന് പറഞ്ഞെങ്കിലും അർജുന് അതുകൊണ്ടൊരു സംതൃപ്തി കിട്ടിയിട്ടില്ലെന്ന് തോന്നിയിട്ടാണ് പരിചയത്തിലുള്ള ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കാൻ പറഞ്ഞത്.

അതിനവൾക്ക് മെന്റൽ പ്രശ്നമില്ല എന്ന അർജുന്റെ വാക്കിന് കൂട്ടുകാരൻ ചിരിച്ചു കൊണ്ട് ഭ്രാന്തൻമാർ മാത്രമല്ല ഇപ്പോൾ സൈക്യാട്രിസ്റ്റിനെ കാണിക്കുന്നത് നിന്നെപ്പോലുള്ള ഭാര്യ ഭർത്താക്കൻമ്മാരും പഠനകാരണങ്ങളാൽ രക്ഷിതാക്കൾ വിദ്യാർത്ഥികളെയും മറ്റും അവരെ കാണിക്കാറുണ്ടെന്ന് പറഞ്ഞു അർജുനെ സമാധാനിപ്പിച്ചു.

ഒരു കൗൺസലിങ് കൊണ്ട് ചിലപ്പോൾ അവൾ മാറുമായിരിക്കുമെന്ന് പറഞ്ഞു അർജുന്റെ ചുമലിൽ തട്ടി യാത്ര പറഞ്ഞുകൊണ്ട് കൂട്ടുകാരൻ പോയി.അങ്ങനെ മനസ്സില്ലാ മനസ്സോടെ ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കാൻ തീരുമാനിച്ചതാണ്.

കിടത്തവും ഉറക്കവും ഒരു മുറിയിൽ ഒരു കട്ടിലിലാണെങ്കിലും ഇന്നുവരെ നീനയെ തൊട്ടിട്ടുപോലുമില്ല എന്ന് അർജുൻ ഓർത്തു.ഒരു പെണ്ണിന്റെ സമ്മതമില്ലാതെ അവളുടെ ശെരീരത്തിൽ തൊടാൻ അവന്റെ ആത്മാഭിമാനം സമ്മതിച്ചിരുന്നില്ല എന്നതാണ് സത്യം.

ആ അവളാണ് ഡോക്ടറോട് പറയുന്നത് പുരുഷന്റെ കാമം തീർക്കാനുള്ള ഉപാധിയാണോ സ്ത്രീ എന്ന്.

അതും ആലോചിച്ചിരിക്കുമ്പോഴാണ് ഡോക്ടർ വിളിക്കുന്നെന്ന് പറഞ്ഞു ഒരു നേഴ്‌സ് വന്നു അർജുനെ ഡോക്ടറുടെ റൂമിലേക്ക്‌ ചെല്ലാൻ പറഞ്ഞു.

ഡോക്ടറുടെ റൂമിലേക്ക്‌ കേറുമ്പോൾ കണ്ണീരു തുടച്ചു കൊണ്ട് ഇറങ്ങിവരുന്ന നീനയെയാണ് അർജുൻ കണ്ടത്.തിരികെ നീനയുടെ അടുത്തേക്ക് നടക്കാൻ നിന്നപ്പോൾ ഡോക്ടർ അർജുനെ ക്യാബിനിലേക്ക് വിളിപ്പിച്ചു.

മുന്നിലെ കസേരയിൽ ഇരിക്കാൻ പറഞ്ഞിട്ട് ഡോക്ടർ അർജുനോട് നീനയുടെ വീട്ടിൽ ആരൊക്കെയുണ്ടെന്നും അവരെ കല്യാണം കഴിക്കാനുള്ള കാരണവും ചോദിച്ചപ്പോൾ ആദ്യം അർജുനൊന്ന് ഞെട്ടിയെങ്കിലും അവൻ പറഞ്ഞു തുടങ്ങി.

അവളുടെ വീട്ടിൽ അമ്മയും ഇവളും രണ്ടനിയത്തിമാരുമാണ് ഉള്ളത്.അച്ഛൻ മരിച്ചിട്ട് ആറു വർഷം കഴിഞ്ഞെന്നു തോന്നുന്നു.അമ്മ അടുത്തുള്ള വീട്ടു ജോലിക്ക് പോകും.നീന ടൗണിൽ ഒരു തുണിക്കടയിലും പോയിരുന്നു.വിവാഹം ഉറപ്പിച്ചതിനു ശേഷം അവളോട് ഇനി കടയിൽ പോകണ്ട എന്ന് പറഞ്ഞു.

കല്യാണം കഴിക്കാനുള്ള സാഹചര്യം അവളുടെ പെരുമാറ്റവും മറ്റും കണ്ടിഷ്ടപ്പെട്ടിട്ടാണെന്ന് പറഞ്ഞു. എന്താണ് ഡോക്ടർ നിങ്ങൾ ചോദിക്കാനുള്ള കാരണം എന്ന അർജുന്റെ ചോദ്യത്തിന് ഡോക്ടർ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു തുടങ്ങി.

അവൾക്ക് മാനസിക പരമായോ ശാരീരിക പരമായോ ഒരു പ്രശ്നവുമില്ല.അവളുടെ മനസ്സുമുഴുവൻ അവളുടെ അമ്മയും അനിയത്തിമാരുമാണ്.അവരെ കുറിച്ചുള്ള ചിന്തയാണ് നീനയെ മൗനിയാക്കുന്നത്.

അവളുടെ അമ്മക്ക് വയസ്സായി വരികയാണ്.അമ്മയ്ക്കും അനിയത്തിമാർക്കും ഒരു താങ്ങും തണലുമായി ജോലിക്കൊക്കെ പോയി അവരെ സംരക്ഷിക്കുന്ന സമയത്താണ് നിങ്ങളുടെ ആലോചന അവൾക്ക് വരുന്നത്.

സ്ത്രീധനം ചോദിക്കാതെ വന്ന ആലോചന ആയതുകൊണ്ട് നിസ്സഹായരായ അമ്മയുടെ മാനസികാവസ്ഥ മനസ്സിലാക്കിയത് കൊണ്ടുമാണ് നീന നിങ്ങളുമായുള്ള കല്യാണത്തിന് സമ്മതിച്ചത്.

മനസ്സുകൊണ്ട് നിങ്ങളുമായി അടുത്തുവരുമ്പോഴാണ് നിങ്ങൾ ഇനി ജോലിക്ക് പോകണ്ട എന്നു പറയുന്നതും അവൾ അപ്‌സെറ്റാകുകയും ചെയ്തത്.

അവൾക്ക് അവളുടെ അമ്മയുടെ കഷ്ടപ്പെടുന്ന മുഖം മനസ്സിൽ തെളിഞ്ഞു നിൽക്കുന്നിടത്തോളം അവൾ ഇങ്ങനെ തന്നെയായിരിക്കും.കാരണം അവൾ അമ്മയുടെ കഷ്ടപ്പാട് കണ്ടു വളർന്ന കുട്ടിയാണ്.

എനിക്കറിയാം.ഉത്തമ ബോധമുള്ള ഒരു മകളാണവൾ,അവൾക്ക് ഒരു നല്ല മരുമകളും ഒരു ഭാര്യയും ആകാനാകും.

അവളുടെ മനസ്സിൽ ഒരു രൂപപോലും സ്ത്രീധനമായോ മറ്റോ വാങ്ങാതെ കഷ്ടപ്പാട് കണ്ടും,മനസ്സിലാക്കിയും കെട്ടിയ നിങ്ങൾക്ക് ഒരു ദൈവത്തിന്റെ സ്ഥാനമാണുള്ളത്.നിങ്ങൾക്കുവേണ്ടി മനമുരുകി പ്രാർത്ഥിക്കാത്ത ഒരു ദിവസം പോലും അവൾക്കില്ല.ആ അവൾക്കുവേണ്ടി നിങ്ങൾക്കൊന്നു മനസ്സ് വെച്ചുകൂടെ അർജുൻ ?

ഇതിനു ഞാനെന്തു ചെയ്യണമെന്ന അർജുന്റെ സൗമ്യമായുള്ള ചോദ്യത്തിന് ഡോക്ടർ എണീറ്റു വന്നുകൊണ്ട് അർജുനെ എഴുന്നേല്പിച്ചു കൊണ്ട് ക്യാബിന്റെ പുറത്തേക്കു നടന്നുകൊണ്ട് പറഞ്ഞു

സ്ത്രീധനം വാങ്ങാതെ കെട്ടിയ നിങ്ങൾക്ക് അവളുടെ അമ്മയ്ക്കും കൂടെപ്പിറപ്പുകൾക്കും വേണ്ടി ജോലിക്ക് പോകാൻ അവളെ വിട്ടുകൂടെ ?

അതുകൂടി നിങ്ങൾ അവളെ അനുവദിക്കുകയാണെങ്കിൽ നിങ്ങൾക്ക് അവൾ എന്നും ഒരു ഉത്തമ ഭാര്യയും.അവളുടെ മനസ്സിലുള്ള ആഗ്രഹം പോലെ ആ അമ്മക്കും,കൂടെപ്പിറപ്പുകൾക്കും ഒരു കൈത്താങ്ങായി നിൽക്കാനുമാകും. അതോടെ അവളുടെ മനസ്സിലെ ഇപ്പോഴുള്ള ആ പിടിമുറുക്കം അവസാനിക്കുകയും ചെയ്യും.

നിങ്ങളോട് ഇത് പറയാൻ അവൾ ഒരുപാട് ശ്രമിച്ചിട്ടുണ്ടെങ്കിലും കേട്ടുകേൾവിയുള്ള അമ്മായിയമ്മപ്പോര് ഭയന്ന് അവൾ ഉള്ളിൽ കൊണ്ടുനടക്കുകയാണ്.

നിങ്ങൾക്ക് ഞാൻ പറഞ്ഞത് അംഗീകരിക്കുവാൻ കഴിയുമെങ്കിൽ നിങ്ങൾ നിങ്ങളുടെ ഭാര്യക്ക് കൊടുക്കുന്ന ഏറ്റവും വലിയ വിവാഹ സമ്മാനം ഇതായിരിക്കും എന്ന് പറഞ്ഞു കൊണ്ട് ഡോക്ടർ അർജുന് ഒരു ഷെയ്ഖ് ഹാൻഡ് കൊടുത്തു കൊണ്ട് വരാന്തയിലൂടെ നടന്നു നീങ്ങി.

മനസ്സിൽ ഉണ്ടായിരുന്ന ഒരു വലിയ ഭാരം ഇറക്കിവെച്ച അർജുൻ നേരെ നീനയുടെ അടുത്ത് ചെന്ന് അവളോടായി പറഞ്ഞു നിനക്ക് നിന്റെ കൂടെപ്പിറപ്പുകളും അമ്മയുമാണ് വലുതെങ്കിൽ എനിക്ക് വലുത് ഇപ്പോൾ നിന്റെ സന്തോഷമാണെന്ന് പറഞ്ഞു കൊണ്ട് നീനയുടെ രണ്ട് കയ്യും പിടിച്ചു കൊണ്ട് എഴുന്നേല്പിച്ചു കൊണ്ട് നടക്കാൻ നിന്നപ്പോൾ അർജുന്റെ കൈത്തണ്ടയിൽ അവളുടെ സന്തോഷത്തിന്റെ രണ്ടുതുള്ളി കണ്ണീര് വന്നു പതിച്ചു.

ഒരു ജോലിക്കാരിയായി നിന്നെ പറഞ്ഞുവിടാനൊന്നും എന്നെക്കിട്ടില്ല എന്നു പറഞ്ഞപ്പോൾ നീനയുടെ മുഖം വീണ്ടും കാർമേഘം പോലെ കറുത്തിരുളാൻ തുടങ്ങി.

അവളുടെ മുഖം കണ്ടു ചുണ്ടിൽ ചെറു ചിരി വരുത്തിക്കൊണ്ട് അർജുൻ അവളെ ചേർത്തുപിടിച്ചു കൊണ്ട്.വർക്ക് ഷാപ്പിന്റെ അടുത്തൊരു രണ്ടുമുറി കടയുണ്ട് അവിടെ നമുക്കൊരു ചെറിയ തുണിക്കട തുടങ്ങാമെന്ന് പറഞ്ഞു കൊണ്ട് അവളെ നേരെ നിർത്തിപ്പിടിച്ചപ്പോൾ അർജുൻ അവളുടെ മുഖത്തു കണ്ടു നിറക്കണ്ണുകളോടെ നിൽക്കുമ്പോഴും അന്ന് പെണ്ണുകാണാൻ പോയ അന്നുണ്ടായിരുന്ന ഉള്ളറിഞ്ഞുകൊണ്ടുള്ള അതേ ചിരി.

സമർപ്പണം :-

കൂടെപ്പിറപ്പുകൾക്കും നൊന്ത് പ്രസവിച്ച സ്വന്തം അമ്മയുടെ കഷ്ടപ്പാടുകൾക്ക് ഒരു പരിധിവരെ തന്നാലാകുന്ന വരുമാനം കണ്ടെത്തി കൊടുക്കുന്ന എന്റെ സഹോദരിമാർക്കും . ഒപ്പം സ്ത്രീധനമെന്ന കൊടും പാപക്കറ പറ്റാത്ത നെഞ്ചൂക്കുള്ള സഹോദരമ്മാർക്കും

രചന: ഇസ്മായിൽ കൊടിഞ്ഞി

Leave a Reply

Your email address will not be published. Required fields are marked *