വെറുമൊരു കൂട്ടുകാരി മാത്രമാവാതെ അതിനുമൊക്കെ ഒരുപാട് മുകളിലായിരുന്നു ഗോപിക എനിക്ക്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Anandhu sajeev

എന്റെ കൂട്ടിന്…

ഒരു കഥയെന്നതിലുപരി പലപ്പോഴും ജീവിതം തന്നെ എഴുതപ്പെടുകയാണ് …. കോളേജ് ജീവിതം ഓർമ്മകൾ ഒരുപാട് സമ്മാനിച്ചു എങ്കിലും ജീവിത താളുകൾ മറിയുമ്പോഴും മായാതെ നിൽക്കുന്നവ വിരളമാണ്..

എന്നോട് ഒന്ന് ചോദിക്കുക പോലും ചെയ്യാതെ ഓർമകൾക്ക് പിറകെ മനസ്സ് പോയപ്പോഴാണ് വീണ്ടും അവളുടെ തിരിച്ചു വരവുണ്ടായത് .. ഒരാണിനും പെണ്ണിനും എത്ര കാലം വേണമെങ്കിലും സുഹൃത്തുക്കൾ മാത്രമായിരിക്കാൻ കഴിയും എന്ന് എല്ലാരെക്കാളും എനിക്ക് മനസ്സിലാക്കി തന്നത് അവളായിരുന്നു…

കോളേജിലെ ആദ്യ ദിവസങ്ങളിലെ അപരിചിതത്വങ്ങൾക്ക് വിരാമമിട്ടാണ് ഗോപിക എന്നാ ആ മെലിഞ്ഞ പെൺകുട്ടി എന്നോട് വന്നു സംസാരിച്ചത് …തുറന്നുള്ള സംസാരം കൊണ്ടാവണം പെട്ടെന്ന് തന്നെ അങ്ങ് അടുത്തു..

പിന്നീട് ക്ലാസ്സിൽ പലപ്പോഴും ഉണ്ടായ പൊട്ടിച്ചിരികൾക്കിടയിൽ എന്നെ നോക്കി കണ്ണിറുക്കിയിരുന്ന അവളിൽ ഒരു പ്രണയത്തിനുള്ള ചുറ്റുപാടുകൾ ഒന്നും തന്നെ ഞാൻ കണ്ടില്ല എന്നത് മറ്റൊരു സത്യം ..

എപ്പോഴും സംസാരിക്കുന്ന പ്രകൃതം അവൾക്കും എനിക്കും ഉണ്ടായിരുന്നത് ഞങ്ങൾക്ക് മാറ്റൊരു തരത്തിൽ ഉപകാരമായി …പക്ഷെ ക്ലാസ്സിൽ അങ്ങുമിങ്ങുമായി അപവാദങ്ങൾ പൊങ്ങി വന്നപ്പോൾ അവൾ അകന്നു പോകുമോ എന്ന് ഞാൻ ഭയപ്പെട്ടത് വെറുതെയായി ..പിന്നീട് അവളുടെ ജീവിതത്തിലും ഒരു പ്രണയം ഉണ്ടെന്ന് വഴിയെ ഞാൻ അറിഞ്ഞു ..സ്നേഹിക്കാൻ മാത്രം അറിയാവുന്ന അവളെ സ്നേഹിക്കുന്ന ആ വ്യക്തിത്വത്തെ ഞാൻ അഭിനന്ദിച്ചു …

ക്ലാസ്സിൽ ടീച്ചർമാർ തരുന്ന നോട്ടുകൾ കൂടി വന്നപ്പോൾ എന്റെ നോട്ടുബുക്കിൽ അവളുടെ കയ്യക്ഷരവും നിറഞ്ഞു വന്നു …പകരമായി എന്റെ ചിരി മാത്രമേ അവളാഗ്രഹിച്ചുള്ളു …പിണക്കങ്ങൾ ഒരു ദിവസത്തിനപ്പുറത്തേക്ക് നീണ്ടില്ല പലപ്പോഴും എന്നെ തോൽപ്പിച്ചുകൊണ്ട് എന്റെ മുന്നില് വന്നു നിന്ന് കരഞ്ഞുകൊണ്ട് ചിരിച്ച് അവൾ അത് അവസാനിപ്പിച്ചു ….

വെറുമൊരു കൂട്ടുകാരി മാത്രമാവാതെ അതിനുമൊക്കെ ഒരുപാട് മുകളിലായിരുന്നു ഗോപിക എനിക്ക് .. ഒരിക്കൽ ഒരു ക്യാമ്പുമായി ബന്ധപ്പെട്ട് എനിക്ക് കുറെ ദിവസങ്ങൾ മാറി നിൽക്കേണ്ടതായി വന്നു അങ്ങനെയിരിക്കെ ഒരു ദിവസം വന്ന ഫോൺകോളിൽ അപ്പുറത്ത് നിന്നും അവളുടെ തേങ്ങൽ കേട്ടപ്പോഴാണ് സൗഹൃദത്തിന്റെ മറ്റൊരു മുഖം കൂടി ഞാൻ കണ്ടത് .ഇങ്ങനെ പലപ്പോഴും അവളുടെ സ്നേഹത്തിനു മുന്നിൽ അതിന്റെ പകുതിയെങ്കിലും എനിക്ക് അങ്ങോട്ട് ഉണ്ടോ എന്ന് ഞാൻ സംശയിച്ചു ..

ക്യാമ്പ് അവസാനിച്ചു തിരിച്ചെത്തിയ എന്നെ കണ്ടപ്പോൾ എന്തൊക്കെയോ തിരിച്ചു കിട്ടിയ സന്തോഷം കൊണ്ട് അവൾ തുള്ളിച്ചാടി . അവളുടെ ആ പ്രകടനങ്ങൾക്ക് മുന്നില് എന്റെയും കണ്ണ് നിറഞ്ഞു പോയി ..

എന്റെ എല്ലാ കൂട്ടുകാർക്കും പ്രിയങ്കരിയായിരുന്നു അവൾ എന്റെയൊപ്പം കാന്റീനിലും ബസ് സ്റ്റോപ്പി ലും അവൾ സന്തത സഹചാരിയായി ..എനിക്ക് പുതിയ ബൈക്ക് വാങ്ങിയപ്പോൾ അതിൽ ആദ്യം കയറാൻ ചിണുങ്ങി നിന്നു അവൾ ..അങ്ങനെ എല്ലാവരും നോക്കി നിൽക്കെ ആകാശം കീഴടക്കിയ സന്തോഷത്തിൽ അവൾ എന്റെ ബൈക്കിന്റെ പുറകിൽ കയറി .

ക്ലാസ്സിലെ മറ്റേത് പെൺകുട്ടിയോട് ഞാൻ അധികം സംസാരിച്ചാലും അത് അവൾക്കു സഹിക്കാൻ പറ്റില്ല . അത് കഴിയുമ്പോൾ മുഖം ചുളിച്ചു ചുണ്ട് മലർത്തി എന്നെ നോക്കുകയും ചെയ്യും . ഒരു തരത്തിൽ ഈ കുശുമ്പും അസൂയയും എല്ലാം ഞാൻ ആസ്വദിക്കുകയായിരുന്നു

ജീവിതത്തിൽ ഒരേട് മറിയും പോലെ കോളേജ് ലൈഫ് അവസാനിക്കാൻ അധികം സമയം വേണ്ടി വന്നില്ല . ക്ലാസ്സിൽ ഇരിക്കുമ്പോൾ പലപ്പോഴും എന്നെ നോക്കി എന്തോ പറയുവാൻ ശ്രമിച്ചിരുന്ന അവളെ ഞാൻ മനപ്പൂർവ്വം കണ്ടില്ല എന്ന നടിച്ചു . ഒരു പക്ഷെ ആ നോട്ടത്തെ എനിക്ക് നേരിടാൻ പറ്റാത്തത്‌ കൊണ്ടാകാം….

പാഠങ്ങൾ എല്ലാം തീരുന്ന ദിവസം ക്ലാസ്സ്‌ ആകെ മൂകമായിരുന്നു .മരണ വീടുപോലെ എല്ലായിടത്തും സങ്കടം തിങ്ങി നിന്നു. പലയിടത്തും പൊട്ടിക്കരച്ചിലുകൾ തുടങ്ങി കഴിഞ്ഞിരുന്നു .

എന്നാൽ അവസാനത്തെ ബെഞ്ചിൽ എന്നെയും നോക്കി മരവിച്ചതു പോലെ ഇരിക്കുന്ന അവളെ കണ്ടപ്പോൾ . ഒരുപാട് ചോദ്യങ്ങൾക്കു മുന്നിൽ വെറുമൊരു ചോദ്യചിഹ്നമായി മാറുകയാണോ ഞാൻ എന്ന് തോന്നി പോയി . അന്ന് അവളുടെ കൂടെ ആ ബെഞ്ചിൽ ചെന്ന് ഇരുന്നപ്പോൾ എന്റെ കയ്യും പിടിച്ച് പൊട്ടിക്കരഞ്ഞ അവൾക്കൊപ്പം കണ്ണ് നിറക്കുവാനേ എനിക്കും കഴിഞ്ഞുള്ളു .. എന്നാൽ കോളേജ് ജീവിതത്തിൽ എല്ലാം അവസാനിക്കുകയല്ലല്ലോ .അവസാനമായി എന്ന പോലെ എന്നിൽ നിന്നും അവൾ നടന്നകന്നു എങ്കിലും . എങ്ങും മായാതെ ഇന്നും എനിക്കൊപ്പം അവൾ ഉണ്ട് .

പ്രിയ കൂട്ടുകാരീ .. ഇനിയൊരു ജന്മത്തിലും എനിക്ക് നിന്റെ സുഹൃത്തായി പിറക്കുവാൻ കഴിയട്ടെ … ഒത്തിരി സ്നേഹത്തോടെ എന്റെ ഗോപുവിന് .

രചന: Anandhu sajeev

Leave a Reply

Your email address will not be published. Required fields are marked *