പെണ്ണുകെട്ടിയതുമുതൽ അവനിൽ ഈ മാറ്റം ഞങ്ങൾ ശ്രദ്ധിക്കുന്നതാണ്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Saran Prakash

”പെൺകോന്തൻ….”

ആ മുഖത്തുനോക്കി അന്ന് ഞാൻ ആദ്യമായി അവനെ കളിയാക്കി വിളിക്കുമ്പോൾ പോലും ഒരു പുഞ്ചിരി മാത്രമായിരുന്നു ആദിയുടെ മറുപടി….

പ്രവാസജീവിതത്തിലെ എന്റെ ഉറ്റ ചങ്ങാതിയാണ് ആദി…. പ്രയാസം നിറഞ്ഞ പ്രവാസമല്ല…. ആഘോഷങ്ങൾ മാത്രമുള്ള ജീവിതമാണിവിടെ എന്നെനിക്ക് ബോധ്യപ്പെടുത്തി തന്നിരുന്ന ഒരു താന്തോന്നി….

ഒന്നിനെയും ഭയപ്പെടാതെ, ആർക്കുമുന്പിലും തല കുനിക്കാതെ, അന്യായങ്ങളെ എതിർക്കുകയും, ന്യായങ്ങൾക്കു വേണ്ടി ശബ്ദമുയർത്തുകയും ചെയ്തിരുന്ന ആദിക്ക് അതുകൊണ്ടു തന്നെ ഞങ്ങളുടെ ജീവിതത്തിൽ എന്നും നായക വേഷമായിരുന്നു…

അവനാണ് എന്റെ മുൻപിൽ കൈകൂപ്പി നിൽക്കുന്നത്….

അപ്രതീക്ഷിതമായിട്ടായിരുന്നു അവൻ നാട്ടിലേക്ക് പോകണമെന്നും പൂർത്തിയാക്കാത്ത അവന്റെ ജോലികൾ ഏറ്റെടുക്കാൻ എന്റെ സഹായം വേണമെന്നും ആവശ്യപ്പെട്ടത്….

പക്ഷേ ഓഫിസിലെ തിരക്കുപിടിച്ച ജോലി തിരക്കിൽ എന്റെ മനസ്സും ശരീരവും അതിനനുവദിച്ചില്ല…. അതുകൊണ്ടു തന്നെ നാട്ടിലേക്ക് പോകുന്നതിന്റെ ആവശ്യകതയെ പറ്റി ഞാൻ ഞാനവനോടു ചോദിച്ചു….

”ഭാര്യയുടെ പ്രസവദിവസമെടുത്തുവരികയാണ്…. ഉള്ളിലൊരു ഭയം പോലെ…”

അവന്റെ ആ മറുപടി എന്നിലൊരു ചിരിയാണ് ജനിപ്പിച്ചത്…. ആകാശം പൊട്ടിവീണാൽ പോലും ഭയം ഉളവാകാത്ത അവന്റെ ഉള്ളിൽ ഈ നിസ്സാര കാര്യത്തിനോ ആധി…..

അല്ലെങ്കിലും പെണ്ണുകെട്ടിയതുമുതൽ അവനിൽ ഈ മാറ്റം ഞങ്ങൾ ശ്രദ്ധിക്കുന്നതാണ്… മറ്റുള്ളവരുടെ പ്രശ്നങ്ങൾക്ക് മുൻപിൽ പോലും അവർക്കൊപ്പം കൂടെ നിന്നിരുന്ന ആദി വിവാഹശേഷം പലപ്പോഴും ഒഴിഞ്ഞുമാറി നടക്കാൻ തുടങ്ങിയിരുന്നു….

അതുകൊണ്ടു തന്നെയാണ് അന്ന് ഞാൻ അവനെ വിളിച്ചത്…

”പെൺകോന്തൻ….”

ഒരുപക്ഷേ ആ വിളിയിൽ എന്റെ മുഖത്തേക്ക് വീശിയടിക്കുമെന്നു കരുതിയ അവന്റെ വലതു കൈ പതിയെ എന്റെ മുഖത്തു തലോടി….

”നിനക്കിപ്പോൾ ഒന്നും മനസ്സിലാവില്ല… എന്റെ സ്ഥാനത്ത് നീ എത്തുംവരെ…”

പല ആവർത്തി ആ വാക്കുകൾ മനസ്സിൽ മുഴങ്ങി കേട്ടതുകൊണ്ടാകാം ആ ഓർമ്മകളിൽ നിന്നും ഞാൻ ഞെട്ടിയുണർന്നു….

അരികിൽ ആദി ഇരിപ്പുണ്ട്… പോക്കറ്റിൽ നിന്നും കണ്ണടയെടുത്തുവെച്ചു ഞാൻ വാച്ചിലേക്ക് നോക്കി…

”പത്തു മിനിറ്റു കൂടി മതി എത്താൻ…”

പരിഭ്രമത്തോടെ വാച്ചിൽ നോക്കുന്നത് കണ്ടിട്ടാവണം ഒരു പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് ആദി ആക്സിലറേറ്ററിൽ കാലമർത്തി ചവിട്ടി….

മണലാരണ്യത്തിന്റെ നടുവിലൂടെ മിന്നൽ വേഗതയിൽ ആ കാർ എയർപോർട്ട് ലക്ഷ്യമാക്കി പാഞ്ഞുകൊണ്ടിരുന്നു….

വണ്ടിയിൽ നിന്നുമിറങ്ങി പെട്ടിയും ബാഗുമെല്ലാം എടുത്തുവെക്കുമ്പോൾ ആദി പിന്നെയും പിന്നെയും എന്നെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു…

”പേടിക്കാനൊന്നുമില്ലടാ… എല്ലാം മംഗളകരമായി തന്നെ നടക്കും….”

ആ കൈകളിൽ മുറുകെപ്പിടിച്ചു കണ്ണുകൾകൊണ്ടായിരം വട്ടം മാപ്പപേക്ഷിച്ചു യാത്ര പറഞ്ഞു ഞാൻ നടന്നകലുമ്പോഴും കൈവീശിക്കൊണ്ടവൻ പുറത്തു നിൽപ്പുണ്ടായിരുന്നു….

നാട്ടിൽ വിമാനമിറങ്ങി ഞാൻ നേരെ എത്തിയത് ഹോസ്പിറ്റലിലായിരുന്നു… അച്ഛനും അമ്മയും അടുത്ത ചില ബന്ധങ്ങളും ഹോസ്പിറ്റൽ വരാന്തയിൽ എന്നെയും കാത്തു നിൽപ്പുണ്ടായിരുന്നു…

ഓടിവന്നവർ എന്റെ വിശേഷങ്ങൾ തിരക്കുന്നുണ്ടെങ്കിലും എന്റെ കണ്ണുകൾ മറ്റെന്തിനോ വേണ്ടി പരതുകയായിരുന്നു….

”ഓപ്പറേഷന് വേണ്ടി മുറിയിൽ നിന്നും ഇപ്പോൾ മാറ്റും….”

എന്റെ കണ്ണുകൾ തേടുന്നത് തിരിച്ചറിഞ്ഞാവണം അച്ഛൻ ആ ആശുപത്രി മുറിയിലേക്ക് കൈചൂണ്ടി പറഞ്ഞു…

മുറിയുടെ വാതിൽക്കൽ അക്ഷമനായി അല്പനേരം കാത്തു നിന്നപ്പോഴേക്കും വാതിൽ തുറന്നവർ പുറത്തേക്കെത്തി….തൂവെള്ള വേഷമണിഞ്ഞ മാലാഖമാർ… അവരുടെ കൈകളിൽ സുരക്ഷിതമായി നിറവയറുമായി എന്റെ പെണ്ണും….

മുറിയിൽ നിന്നും ഓപ്പറേഷൻ തീയേറ്ററിനുള്ളിലേക്ക് ആ സ്ട്രച്ചർ നീങ്ങവേ, പ്രസവ വേദനയിൽ കണ്ണുനീർ തുള്ളികൾ നിറഞ്ഞു തുളുമ്പിയ ആ കണ്ണുകൾ എന്നെ കണ്ടതും ആയിരം പൂർണ്ണചന്ദ്രന്മാർ ഒരുമിച്ചുദിച്ച തെളിച്ചമുണ്ടായിരുന്നു അവളുടെ മുഖത്ത്….

തണുത്തു മരവിച്ച ആ കൈകളെ ചേർത്തുപിടിച്ചു ഇളം ചൂട് പകരുമ്പോൾ അന്നോളം അനുഭവിക്കാത്ത ഒരനുഭൂതി എന്നിൽ അലയടിച്ചുകൊണ്ടിരിന്നു….

ഒരുപക്ഷേ പ്രസവ സമയത്തു ഏതൊരു സ്ത്രീയും ആശിക്കുന്നത് ഇതുമാത്രമാകാം അല്ലേ…..

ഓപ്പറേഷൻ തീയേറ്ററിന് മുൻപിൽ മണിക്കൂറുകളോളം കാത്തു നിൽക്കുമ്പോൾ ആദിയുടെ വാക്കുകൾ ഒരിക്കൽ കൂടി ഉള്ളിൽ മുഴങ്ങി…

”നിനക്കിപ്പോൾ ഒന്നും മനസ്സിലാവില്ല… എന്റെ സ്ഥാനത്ത് നീ എത്തുംവരെ…”

അതേ… ഇന്ന് ഞാൻ അറിയുന്നു…. താലി ചാർത്തിയ പെണ്ണിന്റെ ഉദരത്തിൽ തന്റെ ജീവൻ വളരുന്നുണ്ടെന്നറിയുന്ന നിമിഷം മുതൽ എത്ര വലിയ താന്തോന്നിയാണെങ്കിലും അവൾക്ക് മുൻപിൽ തല കുനിച്ചു നിൽക്കും… ജീവിതത്തിൽ അന്നോളമില്ലാത്ത ഒരു ഭയം അവന്റെ ഉള്ളിൽ ഉടലെടുക്കും… ചിന്തകളും സ്വപ്നങ്ങളും അവളിലേക്ക് മാത്രമായി ഒതുങ്ങിക്കൂടും…. മറ്റുള്ളവരുടെ ഭാഷയിൽ പറഞ്ഞാൽ ഒരു പെൺകോന്തൻ….

പക്ഷേ അവർക്കറിയില്ലല്ലോ… ജീവിതത്തിൽ ചിലതെല്ലാം അനുഭവിച്ചെങ്കിലേ തിരിച്ചറിയൂ….

ആ തിരിച്ചറിവിൽ ഒരിക്കൽ കൂടി മനസ്സിൽ ആദിയോട് ക്ഷമ പറയുമ്പോൾ വീണ്ടും അവൻ എന്റെ ഉള്ളിൽ നായകനായി മാറിയിരുന്നു…

അല്ലെങ്കിലും ക്രൂശിക്കപ്പെട്ടിട്ടും നന്മ ചെയ്യുന്നവർ തന്നെയല്ലേ യഥാർത്ഥ നായകന്മാർ…

”ആൺകുട്ടിയാണ്… സുഖപ്രസവം…”

വാതിൽക്കൽ നിന്നും നേഴ്സ് വിളിച്ചു പറയുന്നത് കേട്ട് ഞാൻ ഓടിയരികിലെത്തി…. പഞ്ഞികെട്ടുപോലുള്ള വെള്ള തുണിയിൽ എന്റെ കുഞ്ഞു ജീവന്റെ നിഷ്കളങ്കമായ മുഖം….

”ജനനം രജിസ്റ്റർ ചെയ്യാൻ പേര് കണ്ടു വച്ചിട്ടുണ്ടോ??”

നഴ്സിന്റെ ആ ചോദ്യത്തിന് കൂടുതലൊന്നും എനിക്കാലോചിക്കേണ്ടി വന്നില്ല….

”ഉണ്ട്… ആദി…. ആദിനാഥ്….”

Like & Comment ചെയ്യണേ…

രചന: Saran Prakash

Leave a Reply

Your email address will not be published. Required fields are marked *