പ്രതീക്ഷകളോടെ ആയിരുന്നു നിസാറിന്റെ കൈപിടിച്ച് അവൾ ആ വീട്ടിലേക്ക് കയറിചെന്നത്.

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Shamla M

പ്രതീക്ഷ

“നീ അങ്ങോട്ട്‌ തിരിച്ചു വരണം മോളെ.. അവന്റെ ഇപ്പോഴത്തെ അവസ്ഥ ഞാൻ പറയാതെ തന്നെ നിനക്കറിയാല്ലോ.. ആ കിടപ്പിൽ നിന്ന് അവനിനി എഴുനേൽക്കില്ലാന്നാ ഡോക്ടർ പറഞ്ഞത്. എനിക്ക് ഒറ്റയ്ക്ക് ഒന്നിനും കഴിയൂല.. ”

സിവിൽ സ്റ്റേഷന് മുന്നിലെ ആളൊഴിഞ്ഞ കോണിൽ നിന്നാണ് ഷമീനയോട് ജുമൈല സംസാരിക്കുന്നത്. ഇനിയൊരിക്കലും ആ പടി കയറരുതെന്ന് പറഞ്ഞു ശകാരിച്ചു വിട്ട ആ സ്ത്രീയുടെ അപേക്ഷാഭാവം അവൾക്ക് പുതുമയാർന്നതായിരുന്നു.

“ഞാൻ എന്തിനാണ് അങ്ങോട്ട്‌ വരുന്നത്. ഞാൻ ഇപ്പൊ ആ വീട്ടിലെ ആരുമല്ല.. ! ” “അങ്ങനെ പറയല്ലേ മോളെ.. അവനെ നോക്കാൻ മറ്റാരോടും എനിക്ക് പോയി പറയാനാവില്ല. ഹോം നേഴ്‌സിനെ നിർത്താനുള്ള സാമ്പത്തികം ഒന്നും എനിക്കില്ല ന്ന് മോൾക്ക് അറിയാല്ലോ.. ” അത് പറയുമ്പോൾ വാർദ്ധക്യം കടന്നു പിടിച്ച ആ സ്ത്രീയുടെ തല അപമാനത്താൽ താഴ്ന്നു പോയി.. ആൾത്തിരക്കിലേക്ക് അവർ മറയുന്നത് ഷമീന നോക്കി നിന്നു. ഓർമ്മകളുടെ കുത്തൊഴുക്കിൽ താൻ വീണുപോകുമോ എന്ന് ഭയന്ന് സമീപത്തെ തൂണിൽ അവൾ ഇറുകെ പിടിച്ചു..

എന്തെല്ലാം പ്രതീക്ഷകളോടെ ആയിരുന്നു നിസാറിന്റെ കൈപിടിച്ച് അവൾ ആ വീട്ടിലേക്ക് കയറിചെന്നത്. സന്തോഷം നിറഞ്ഞ ആദ്യനാളുകളിൽ ലോകത്തെ ഏറ്റവും ഭാഗ്യവതി താനാണെന്ന് അവൾക്ക് തോന്നിയിരുന്നു. കടന്നു പോകുന്ന മാസങ്ങളിൽ ആർത്തവത്തിന്റെ ചുവന്ന രേഖ വീട്ടിലുള്ളവരുടെ മനസ്സിൽ അനിഷ്ടത്തിന്റെ കറുപ്പ് പടർത്തി. അമ്മയാകാൻ എന്താണിത്ര താമസം എന്ന ചോദ്യങ്ങൾ അവൾക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചു. ഒരു കുഞ്ഞിനെ മോഹിച്ച ഉമ്മയ്ക്കും മകനും ആ ആഗ്രഹം സാധിച്ചു നല്കാനാവാതെ വീട്ടിനുള്ളിൽ അവൾ ഒറ്റപ്പെട്ടു തുടങ്ങി. ഒരു ഡോക്ടറേ കാണിക്കാം എന്ന അവളുടെ ആവശ്യത്തെ ‘നിനക്ക് തന്നെ കുഴപ്പം അതിനി ഡോക്ടർ വിചാരിച്ചാലൊന്നും മാറില്ല ‘ എന്ന മുൻവിധിയിൽ അയാളിലെ അവളോടുള്ള മടുപ്പിന്റെ ആധിക്യം അവൾ തിരിച്ചറിഞ്ഞു തുടങ്ങി..

കുറ്റപ്പെടുത്തലും ഉപദ്രവവും സഹിക്കാൻ പറ്റാതായ ദിവസത്തിൽ ആ വീടിന്റെ പടി ഇറങ്ങുമ്പോൾ ‘ വീടിന്റെ ശാപം പടിയിറങ്ങി. ഇനി തിരിച്ചു കയറരുത് ‘എന്ന ഉമ്മയുടെ താക്കീത് അവളുടെ മനസ്സിനെ നോവിച്ചു.. അതിനേക്കാൾ എത്രെയോ ഹൃദയഭേദകം ആയിരുന്നു ആ നേരത്തെ നിസാറിന്റെ മുഖത്തെ വിജയീഭാവം.. സ്വന്തം വീട്ടിലേക്ക് തിരിച്ചു കയറി ചെല്ലുമ്പോൾ പട്ടിണി പങ്കിടാൻ വീണ്ടും എന്തിന് വന്നു എന്ന വീട്ടുകാരുടെ ചോദ്യത്തിന് മുന്നിൽ അവൾ തകർന്ന് പോയി.. വീട്ടുവേലക്ക് പോകുന്നതിനടിയിൽ ആണ് പിന്നീട് അവൾ പഠിച്ചത്..

ആരെയും ബുദ്ധിമുട്ടിക്കാതെ നല്ലൊരു ജോലി നേടിയെടുക്കണമെന്ന അവളുടെ തീവ്രശ്രമം ഫലം കണ്ടു.. അതിടയിൽ എപ്പോഴോ നിസാർ മറ്റൊരു കല്യാണം കഴിച്ചത് അവളറിഞ്ഞിരുന്നു.. തനിക്കു നൽകാൻ കഴിയാതെ പോയ പിതാവെന്ന സ്ഥാനം അവളിലൂടെ അയാൾ നേടിയെടുക്കട്ടെ എന്നവൾ പ്രാർത്ഥിച്ചു.. എല്ലാം അവസാനിച്ചെന്ന് കരുതിയ ഇടത്ത് വീണ്ടും പൂർവ്വ ബന്ധങ്ങൾ വേട്ടയാടുന്നതിൽ അവൾ അസ്വസ്ഥയായി.. ഓർമ്മകളിൽ നിന്ന് മനസ്സിനെ ശ്രമകരമായി പുറത്ത് കൊണ്ടുവന്ന് വീണ്ടും അവൾ അവളുടെ ജോലിസ്ഥലത്തേക്ക് തിരികെ കയറിപ്പോയി. പക്ഷെ എന്നിട്ടും ചെയ്യുന്ന ജോലിയിൽ ശ്രദ്ധ കൊടുക്കാൻ ഷമീനയ്ക്ക് കഴിഞ്ഞില്ല. ലീവ് എഴുതി തിരികെ താമസസ്ഥലത്തേക്ക് നടക്കുമ്പോഴും മനസ്സിൽ നിസാറും ജുമൈലുമ്മയും മാത്രമായിരുന്നു.. തന്നെ മാത്രം പ്രതീക്ഷിച്ചു കൊണ്ട് അവർ ഇരിക്കുന്നത് അവൾക്ക് ഊഹിക്കാമായിരുന്നു..

ഏറെ നേരത്തെ ആലോചനയ്‌ക്കൊടുവിൽ അവരുടെ അരികിലേക്ക് തിരികെ പോകണം എന്നവൾ തീരുമാനിച്ചു. ഓട്ടോയിൽ ആ വീടിന്റെ മുന്നിൽ ചെന്ന് ഇറങ്ങിയപ്പോ അവളുടെ മനസ്സ് വല്ലാതെ കലുഷിതമായിരുന്നു.. ശകാരവാക്കുകളും പരിഹാസങ്ങളും അവൾക്ക് ചുറ്റും നിന്ന് ആർത്തു വിളിക്കുന്നത് പോലെ അവൾക്ക് തോന്നി. തിരികെ പോയാലോ എന്ന് ശങ്കിച്ചു നിൽക്കുമ്പോഴാണ് ജുമൈല ചിരിച്ചു കൊണ്ട് പതിയെ നടന്നു വരുന്നത് കണ്ടത്.

“മോള് വരും ന്ന് നിക്കറിയാർന്നു. നീ അല്ലേലും സ്നേഹം ഉള്ളവളാണ്. അവൻ അകത്തുണ്ട്. വാ.. ” അവരുടെ പെരുമാറ്റത്തിൽ വന്ന മാറ്റം അവളെ അത്ഭുതപ്പെടുത്തി. മനുഷ്യന് സാഹചര്യങ്ങൾക്ക് അനുസരിച്ചു എങ്ങനെ എല്ലാം മാറാൻ സാധിക്കും. അല്ലെങ്കിൽ തന്നെ താൻ ഇപ്പൊ എത്ര മാറി എന്നോർത്തു അവൾ നെടുവീർപ്പിട്ടു.

അകത്തെ കട്ടിലിൽ രണ്ടു കാലുകൾക്കും ചലനശേഷി നഷ്ടപ്പെട്ട് കിടക്കുന്ന തന്റെ ഭർത്താവിനെ കണ്ടപ്പോൾ അവളുടെ ഹൃദയം പിടഞ്ഞു. പക്ഷെ അത് പുറമേക്ക് കാണിക്കാതെ അവൾ അയാളുടെ കട്ടിലിന്റെ അടുത്തേക്ക് ചെന്നു.

“മോനെ നിസാറേ ഇതാരാണ് വന്നതെന്ന് നോക്കിയേ. നമ്മുടെ ഷമീന” മരുന്നിന്റെ മയക്കത്തിൽ കിടന്നവൻ പെട്ടെന്ന് കണ്ണുതുറന്നു. ഷമീനയെ കണ്ടപ്പോൾ കുറ്റബോധവും സങ്കടവും കൊണ്ട് അയാളുടെ കണ്ണ് നിറഞ്ഞു. ചുണ്ടുകൾ വിറച്ചു.. “ഷമീന.., ഞാൻ… എന്നോട്.. ”

“ഒന്നും പറയണ്ട. എനിക്ക് കേൾക്കുകയും വേണ്ട. ഈ സമയത്തു നിങ്ങൾക്ക് വേണ്ട പരിചരണം നൽകാൻ മാത്രമാണ് ഞാൻ വന്നത്.. ” ചെയ്തു പോയ പാപങ്ങളെ ഓർത്തു അയാൾ കണ്ണടച്ച് കിടന്നു.. അരികിൽ ജുമൈലുമ്മ ഇരുന്നു കണ്ണീർ തുടച്ചു.

“നിന്നോട് ചെയ്തതിനെല്ലാമാണ് ഞങ്ങൾ ഈ അനുഭവിക്കുന്നത്. നിന്നെ ഇവിടെ നിന്നിറക്കി വിട്ട് വലിയ സ്ത്രീധനവും വാങ്ങി ഒരുത്തിയെ കൊണ്ട് വന്നതാണ് ഇവൻ. മാസങ്ങൾ കടന്നു പോയിട്ടും അവൾ ഗർഭിണി ആകാതിരുന്നപ്പോൾ അവളുടെ നിർബന്ധപ്രകാരം ആശുപത്രിയിൽ പോയി. ഇവനാണ് കുഴപ്പമെന്ന് അന്നറിഞ്ഞത് മുതൽ അവൾ ഈ വീട്ടിൽ സ്വസ്ഥത തന്നിട്ടില്ല. ഒരിക്കൽ മരം വെട്ടാൻ കേറിയ എന്റെ മോൻ മുറിച്ച മരക്കൊമ്പിന്റെ കൂടെയാണ് താഴേക്ക് വീണത്. വീഴ്ചയിലും കാലിന്റെ മുകളിൽ മരം വീണതിനാലും കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടു. അതറിഞ്ഞതും അവൾ ഇവനെ ഇട്ടു പോയി. ഞാൻ കുറേ ചെന്നു വിളിച്ചു. ഇനി ആ പടി കയറരുതെന്നാണ് അവളുടെ വീട്ടുകാർ പറഞ്ഞത്.. ”

തലയിലെ തട്ടം കൊണ്ട് കണ്ണും മുഖവും തുടച്ചു കൊണ്ട് അവർ പറഞ്ഞു നിർത്തി.രണ്ടാം ഭാര്യ പിണങ്ങിപ്പോയെന്ന് അറിഞ്ഞിരുന്നെങ്കിലും മറ്റൊന്നും ഷമീന അറിഞ്ഞിരുന്നില്ല. ഒരു കുഞ്ഞിനെ തരാൻ കഴിവില്ലാത്ത ഭാഗ്യംകെട്ട ഗർഭപാത്രം എന്ന് എത്രയോ വട്ടം അവൾ ശപിച്ച ഗർഭപാത്രം അവളുടെ വയറ്റിൽ കിടന്നു ശ്വാസം മുട്ടി.

ഓഫീസിൽ നിന്ന് കുറച്ചു ദിവസത്തെ ലീവ് അവൾ എഴുതിവാങ്ങി. ആയുർവേദവും അലോപ്പതിയും കൂടി ചികിത്സയുടെ നാളുകൾ കടന്നു പോയി. എണ്ണയും തൈലവും കുഴമ്പും സദാസമയവും അവളുടെ കൈകളിൽ മണത്തു. ഒടുവിൽ ചികിത്സ ഫലം കണ്ടു തുടങ്ങി. പതിയെ പിടിച്ചു എഴുനേൽക്കാനും ഒടുവിൽ നടക്കാനും നിസാറിന് സാധിച്ചു. എല്ലാവരും ഷമീനയുടെ പരിചരണത്തെ പ്രശംസിച്ചു. നിസാറിന്റെ അസുഖം ഭേദമായെന്ന് അറിഞ്ഞ ദിവസം അവൾ തിരികെ പോകാനിറങ്ങി..

“മോളെ.. പോകരുതെന്ന് പറയാൻ ഞങ്ങൾക്ക് അവകാശം ഇല്ല. എന്നാലും ചോദിക്ക. നിനക്കിനി ഇവിടെ നിന്നൂടെ.. ”

“ഷമീന, നീ പോകരുത്. എല്ലാറ്റിനും എനിക്ക് മാപ്പ് തരണം.. ” നിസാറും ഉമ്മയും അവളെ തടയാൻ ശ്രമിച്ചു.

“എന്റെ കടമ ഞാൻ നിറവേറ്റിയിട്ടുണ്ട് ഉമ്മ. ചില ബന്ധങ്ങൾ അകന്നിരിക്കുന്നതാണ് നല്ലത്.. ” അത് പറഞ്ഞവൾ നടന്നു നീങ്ങുമ്പോഴും അവൾ വരുമെന്ന പ്രതീക്ഷ നിസാറിന്റെയും ഉമ്മയുടെയും കണ്ണിൽ ഉണ്ടായിരുന്നു. ലൈക്ക് കമന്റ് ചെയ്യണേ…

രചന: Shamla M

Leave a Reply

Your email address will not be published. Required fields are marked *