ക്യാമ്പസിലെ ചെഗുവേര, തുടർക്കഥ ഭാഗം 23 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

ഞാൻ നേരെ ഓഡിറ്റോറിയത്തിന്റെ മെയിൻ ഡോറ് കടന്ന് അകത്തേക്ക് കയറിയതും ഓഡിറ്റോറിയത്തിന്റെ സെന്ററിലായ് ആരോടോ സംസാരിച്ചു നിന്ന സഖാവിനെയായിരുന്നു കണ്ടത്…സഖാവിനെ അടിമുടി നോക്കി ഞാനവിടെ തറഞ്ഞു നിന്നു പോയി…. blue denim shirt ഉം അതിന് ചേരുന്ന മുണ്ടുമായിരുന്നു സഖാവിന്റെ വേഷം….അതും ഞാൻ വാങ്ങി കൊടുത്ത അതേ ഷർട്ട്…. ഞാൻ വാങ്ങിക്കൊടുത്ത ആ ഷർട്ടിൽ സഖാവിനെ കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു….അളവൊക്കെ പെർഫെക്റ്റ് എന്നുവേണം പറയാൻ…. അധികം ഷർട്ടെടുത്തൊന്നും പരിചയമില്ലെങ്കിൽ കൂടി ഏകദേശം ഒരു ധാരണ വച്ച് എടുത്തതായിരുന്നു…അത് ക്ലിക്കായി….!!!!

ഞാനത് സഖാവിന് നല്കിയപ്പോ ശരിയ്ക്കും അത് എന്റെ കൈയ്യിലേക്ക് തന്നെ തിരികെ തരുംന്നാ പ്രതീക്ഷിച്ചത്… പക്ഷേ അന്നത് ഇട്ട് കണ്ടപ്പോ എന്റെ മനസ് നിറഞ്ഞു….ഞാനാ സന്തോഷത്തിൽ തന്നെ സഖാവിനടുത്തേക്ക് നടന്നു ചെന്നു….എന്നെ കണ്ടപാടെ സഖാവ് തിരിഞ്ഞെനിക്ക് നേരെ ലുക്ക് വിട്ടു…

ആഹാ…ഇത്ര പെട്ടെന്ന് വന്നോ…!!! സഖാവിന്റെ ആ ചോദ്യം കേട്ട് ഞാൻ ഒന്ന് പുഞ്ചിരിച്ച് നിന്നു… പക്ഷേ എന്റെ നോട്ടം മുഴുവൻ ആ ഷർട്ടിലായിരുന്നു…. എന്റെ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയ പോലെ സഖാവും ആ ഷർട്ടിലേക്ക് തന്നെ ആകെത്തുക ഒന്ന് നോക്കി…

എങ്ങനെയുണ്ട് ഷർട്ട്..??? എനിക്ക് ഇണങ്ങുന്നുണ്ടോ…???

ഞാനതു കേട്ട് ഒരു പുഞ്ചിരിയോടെ തലയാട്ടി… സഖാവിന്റെ കൂടെ നിന്ന ചേട്ടൻ ആ സംസാരം കേട്ട് ഞങ്ങളെ തന്നെ ഒന്ന് നോക്കി നിന്നു…

ഇവൾടെ സെലക്ഷനാ…!!!

സഖാവ് അത് പറഞ്ഞത് അടുത്ത് നിന്ന ചേട്ടനോടായിരുന്നു…അത് കേട്ടമാത്രയിൽ തന്നെ ആ മുഖത്തും ഒരു ചിരി വിരിഞ്ഞു…അപ്പൊഴാ പെട്ടെന്ന് ആ ചേട്ടന്റെ ഏരിയയിലെ ആരോ വന്ന് അയാളെ കൂട്ടീട്ട് പോയത്… പിന്നെ സഖാവിനും എനിക്കുമിടയിൽ ചെറിയൊരു നിശബ്ദത തന്നെയായിരുന്നു….

നല്ല സെലക്ഷനായിരുന്നു ട്ടോ നിന്റെ.. എനിക്ക് ഇഷ്ടപ്പെട്ടു…!!!

സഖാവ് ഷർട്ടിന്റെ സ്ലീവ് just ഒന്ന് മടക്കിവച്ച് പറഞ്ഞു…അത് കേട്ടപ്പോ എന്റെയുള്ളിലുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു…..😁😁

എനിക്ക് ഷർട്ടിന്റെ size ഒന്നും അറിയില്ലായിരുന്നു… പിന്നെ ഒരൂഹം വച്ച് എടുത്ത് നോക്കിയതാ….!!!

ന്മ്മ്മ്..എന്തായാലും ഊഹം തെറ്റിയില്ല…!!!

സഖാവിന് ശരിയ്ക്കും ആ ഷർട്ടങ്ങ് ഇഷ്ടമായ പോലെയായിരുന്നു സംസാരം മുഴുവനും…

പിന്നെ…ഇന്നലെ എങ്ങനെയുണ്ടായിരുന്നു…??? വീട്ടിൽ നിന്നും മാറി നിന്നതല്ലേ…പേടി തോന്നിയോ അതോ ഇഷ്ടപ്പെട്ടോ..???

പേടിയൊന്നും തോന്നീല്ല… എല്ലാവരും ഉണ്ടായിരുന്നല്ലോ…. അതുകൊണ്ട് നല്ല രസായിരുന്നു….ഇവിടെയോ….???

ഇവിടെ….നേരെ ചൊവ്വേ ഒന്നുറങ്ങാൻ പറ്റീട്ടില്ല…ഞങ്ങക്ക് ഇത് പിന്നെ ശീലമാ… അതുകൊണ്ട് problem ഇല്ലായിരുന്നു….ഒരു ന്യൂസ് പേപ്പർ വിരിച്ചാ കിടന്നത്….!!! പിന്നെ എല്ലാവരും ആകെക്കൂടെ ഒന്നിച്ചു ചേർന്നപ്പോ ആകെ നല്ല രസമായിരുന്നു…

ദേവേട്ടൻ തറയിലാ കിടന്നത് ല്ലേ…☹️ ഞങ്ങൾക്ക് നല്ല ബെഡൊക്കെ ആയിരുന്നു…

ഏയ് അതൊന്നും സാരമില്ല… ഇലക്ഷൻ ടൈമില് ചുവരെഴുത്തും പോസ്റ്ററൊട്ടിപ്പും വന്നാൽ പിന്നെ നിലത്തേ കിടക്കാൻ കഴിയൂ….ആരും ബെഡ് കൊണ്ടിട്ടു തരില്ല… അതുകൊണ്ട് നീ അതൊന്നും ഓർത്ത് വിഷമിക്കണ്ട…. പിന്നെ… ഫുഡ് കഴിച്ചോ….???

ന്മ്മ്മ്…. കഴിച്ചു…!!!

എങ്കില് നമ്മുടെ ഇന്നലെ ഇരുന്ന സ്ഥലത്തേക്ക് ചെന്നിരുന്നോ….ഋതുവും ബാക്കി എല്ലാവരും വന്നോളും…നമ്മുടെ ബാക്കി ടീംസെല്ലാം അവിടെയുണ്ട്…. സഖാവ് അത്രയും പറഞ്ഞ് പുറത്തേക്ക് നടക്കാൻ ഭാവിച്ചു…

ദേവേട്ടൻ ഇന്നും സ്റ്റേജില് തന്നെയാണോ…??

ന്മ്മ്മ്…എന്തേ…???

അല്ല..സമ്മേളനം ഇന്ന് തീരില്ലേ…ലേറ്റായാൽ ഞാനൊറ്റയ്ക്ക് എങ്ങനെയാ വീട്ടിൽ പോകുന്നേ… ഒരുപക്ഷേ എല്ലാം കഴിയുമ്പോ തിരക്കിനിടയിൽ ദേവേട്ടനെ കാണാൻ കഴിഞ്ഞില്ലെങ്കിലോ…???

നീ ഒറ്റയ്ക്ക് പോവണ്ട… ജിഷ്ണു കൊണ്ടാക്കും നിന്നെ…ഞാനവനോട് പറഞ്ഞേക്കാം…എന്താ അത് പോരെ…???

ദേവേട്ടൻ കൊണ്ടാക്കും എന്ന ഉറപ്പ് കിട്ടാൻ വേണ്ടിയായിരുന്നു അങ്ങനെ ചോദിച്ചത്… പക്ഷേ അവിടേം എന്റെ പ്രതീക്ഷകളെ തകിടം മറിച്ച് ഒരു ജിഷ്ണു….😠😠😠ഞാനാ കലിപ്പ് മുഖത്ത് കാണിക്കാതെ നിന്നു….

അപ്പോ ദേവേട്ടൻ നേരത്തെ പോക്വോ വീട്ടിൽ…???

ഏയ്..ഇല്ല…സമ്മേളനം കഴിഞ്ഞല്ലേ എനിക്ക് പോകാൻ പറ്റൂ… പിന്നെ ആ ഋതൂനെ വീട്ടിൽ കൊണ്ടാക്കണം…അത് കഴിഞ്ഞു വരുമ്പോഴേക്കും ലേറ്റാവും…അതാ ഞാൻ പറഞ്ഞത് ജിഷ്ണു നിന്നെ കൊണ്ടാക്കുംന്ന്….!!!അവനറിയാം വീടൊക്കെ… വേണമെങ്കിൽ ഞാൻ അങ്കിളിനോട് വിളിച്ചു പറഞ്ഞേക്കാം….

അത്രയും കേട്ടതും എനിക്ക് ആകെക്കൂടി തൃപ്തിയായി… സഖാവിന്റെ ഓരോ വാക്കുകളും എന്റെ ഹൃദയത്തിൽ ഏൽപ്പിക്കുന്നത് ആഴത്തിലുള്ള മുറിവുകളായിരുന്നു…. ഇത്രയും നാളും ആ മുഖം മാത്രം മനസിലിട്ട് നടന്ന എനിക്ക് കിട്ടിയ വലിയ വലിയ പ്രഹരങ്ങൾ….!!! ഒരുതരത്തിൽ പിടി തരാതെ സഖാവ് തെന്നി മാറി പോകുമ്പോ ഇടറി തുടിയ്ക്കുന്നത് എന്റെ ഹൃദയമായിരുന്നു….പിന്നെയും അവിടെ നിന്ന് മനസ് വിഷമിപ്പിക്കാതെ ഞാൻ പതിയെ തിരിഞ്ഞ് നടന്നു….

ഏയ്… നീലാംബരി…!!!!

തിരിഞ്ഞു നടക്കാൻ ഭാവിച്ചപ്പോഴായിരുന്നു പിന്നിൽ നിന്നും സഖാവിന്റെ വിളി വന്നത്…!!! ഞാനതു കേട്ട് മനസില്ലാ മനസോടെ സഖാവിനെയൊന്ന് തിരിഞ്ഞു നോക്കി…

ഞാൻ തന്നെ വീട്ടിൽ കൊണ്ട് വിടാം…പോയിരുന്നോ…!!!!

എന്റെ മുഖഭാവം കണ്ട് കാര്യം മനസിലാക്കിയ മട്ടിൽ സഖാവങ്ങനെ പറഞ്ഞതും എന്ത് പ്രതികരിക്കണംന്നറിയാതെ ഞാനവിടെ സ്തബ്ദയായി നിന്നു പോയി….. പിന്നെ പെട്ടെന്ന് എന്തോ ഓർത്തെടുക്കും മട്ടിൽ ശ്വാസമൊന്ന് നീട്ടിയെടുത്ത് നിന്നു… അപ്പോഴേക്കും സഖാവ് എന്നെ മറികടന്ന് നടന്ന് തുടങ്ങിയിരുന്നു…

അപ്പോ ഋതു ചേച്ചിയെ ആര് കൊണ്ടാക്കും.???

സഖാവിന്റെ മനസ് അറിയണമല്ലോ….!!! സഖാവ് അതുകേട്ട് നടത്തം slow ചെയ്തു നിന്നു…

എനിക്ക് പറ്റില്ലല്ലോ… ഞാൻ മാധവിക്കുട്ടീടെ story മാത്രം ഇഷ്ടപ്പെടുന്ന ഒരു കൊച്ചിനെ കൂട്ടീട്ടല്ലേ ഇവിടേക്ക് വന്നത്…!!!ഋതൂന്റെ കാര്യം ജിഷ്ണൂനെ ഏൽപ്പിയ്ക്കാം…

സഖാവ് എന്നെ തിരിഞ്ഞു നോക്കാതെ തന്നെ അത്രയും പറഞ്ഞ് നടന്നു… പക്ഷേ അത്രയും വാക്കുകൾ പറയുമ്പോഴും ആ സ്വരത്തിൽ അടക്കിപ്പിടിച്ച ഒരു പുഞ്ചിരി കൂടി കലർന്നിരുന്നു… അത്രയും കേട്ടപ്പോ അതിന് തൊട്ടുമുമ്പ് തോന്നിയ സങ്കടം അലിഞ്ഞില്ലാതാവുകയായിരുന്നു… പിന്നെ ആ സന്തോഷത്തിൽ തന്നെ ചെയറിലേക്ക് ചെന്നിരുന്നു… അവിടെ ഞങ്ങടെ കൂടെയുള്ള ബാക്കി എല്ലാവരും ഉണ്ടായിരുന്നു…തലേ ദിവസം ഉണ്ടായ കോമഡികളും, നേരംപോക്കുകളുമായിരുന്നു അവരുടെ ചർച്ചാ വിഷയം… ഞാൻ അതെല്ലാം വെറുതെ കേട്ടിരുന്നു.. അപ്പോഴും മനസ് സഖാവ് പറഞ്ഞ കാര്യങ്ങളെ അയവിറക്കുന്ന തിരക്കിലായിരുന്നു…ഞങ്ങടെ ഏരിയയുടെ ഒരു ചർച്ച മാത്രമേ തലേ ദിവസം നടന്നിട്ടുള്ളായിരുന്നു… ബാക്കി ഒരെണ്ണം നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു അഭിചേട്ടൻ..നോട്ട് പാഡിൽ പൊയിന്റ്സൊക്കെ കുറിച്ച് വച്ച് ചെറുതായി ഒന്ന് പ്രാക്ടീസ് ചെയ്തിരിക്ക്യായിരുന്നു ആള്….സമയം പത്ത് മണിയോട് അടുത്തതും സമ്മേളനത്തിന്റെ രണ്ടാം ദിവസവും ആരംഭിച്ചു….ഓരോ ഏരിയകളുടെ ചർച്ചകളോടെയായിരുന്നു തുടക്കം….!!!അതിനിടയ്ക്ക് സഖാവിന്റെ കൈയ്യിലേക്ക് ഓരോ ഏരിയകളും പ്രമേയങ്ങൾ ഏൽപ്പിച്ച് പോരുന്നുമുണ്ടായിരുന്നു…!!!!സഖാവിന്റെ സീറ്റിന് മുന്നിലായുള്ള സഖാക്കൾ മിനിട്ട്സ് രേഖപ്പെടുത്തുന്ന തിരക്കിലായിരുന്നു…!!!തീപാറുന്ന പ്രസംഗങ്ങളും,ഇരുതല മൂർച്ചയുള്ള വിമർശനങ്ങളുമായിരുന്നു ചർച്ചയിൽ ഉടനീളം ഉണ്ടായിരുന്നത്…. ചിലതൊക്കെ വളരെ ഗൗരവത്തോടും മറ്റുചിലത് നർമ്മരൂപേണയുമായിരുന്നു…രണ്ടും കേൾക്കാൻ ഒരുപോലെ മനോഹരമായി തോന്നി…ഞങ്ങടെ ഏരിയ കൂടി ചർച്ച ചെയ്തു കഴിഞ്ഞതും പിന്നെയുളള രണ്ട് മൂന്ന് ചർച്ചകൾക്ക് ശേഷം ജില്ലാ സെക്രട്ടറി ചർച്ചയ്ക്കുള്ള മറുപടി പറഞ്ഞു…… സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തിലായിരുന്നു മറുപടി പ്രസംഗം നടന്നത്…. എല്ലാം കഴിഞ്ഞപ്പോഴേക്കും സമ്മേളനം ഉച്ചയൂണിന് വേണ്ടി പിരിഞ്ഞു…തലേ ദിവസത്തെ പോലെ സഖാവ് തന്നെയായിരുന്നു ഞങ്ങൾക്ക് വേണ്ടി ഇരിപ്പിടങ്ങൾ ഒരുക്കി തന്നത്…ഫുഡെല്ലാം കഴിച്ചു കഴിഞ്ഞ് തിരികെ ഹാളിലേക്ക് വന്നപ്പോ എല്ലാവരും ക്രഡൻഷ്യൽ ഫില്ല് ചെയ്ത് ഏൽപ്പിക്കുന്ന തിരക്കിലായിരുന്നു….!!!

ഞാനും അതെല്ലാം കണ്ട് ആദ്യം എന്റെ ക്രഡൻഷ്യൽ ഫോം ഫില്ല് ചെയ്ത് വച്ചു…. പിന്നെ സഖാവ് ഏൽപ്പിച്ച് പോയ ഫയൽ തുറന്ന് അതിൽ നിന്നും സഖാവിന്റെ ക്രഡൻഷ്യൽ ഫോം എടുത്ത് ഫില്ല് ചെയ്യാൻ തുടങ്ങി…ആദ്യം തന്നെ സഖാവിന്റെ പേരെഴുതി വച്ചു… പക്ഷേ സഖാവിന്റെ പേരിന്റെ ഇനിഷ്യൽ പോലും എനിക്ക് അറിയില്ല എന്ന് അപ്പോഴാണ് മനസിലായത്…. പിന്നെ അത് സഖാവ് വരുമ്പോ ആളോട് ചോദിക്കാംന്ന് കരുതി അടുത്ത ഭാഗം പൂരിപ്പിച്ചു….അവസാനം ഏറ്റവും ഇഷ്ടപ്പെട്ട politician എത്തിയതും സഖാവ് മുമ്പ് പറഞ്ഞിട്ടുള്ള ഡയലോഗ് ഒന്ന് മനസ്സിലോർത്ത് അത് തന്നെ അവിടെ എഴുതി….സഖാവിന് വ്യക്തമയെ അല്ലല്ലോ…പ്രസ്ഥാനത്തെ അല്ലേ ഇഷ്ടം….!!! പിന്നെയുള്ള കുറേ questions ജയിൽവാസത്തിനെ പറ്റിയൊക്കെ ആയിരുന്നു..അത് എത്രയാണെന്ന് അടുത്തിരുന്ന ജിഷ്ണു ചേട്ടനോടായിരുന്നു ചോദിച്ചത്…

ഇല്ല എന്ന് എഴുതാൻ തുടങ്ങുമ്പോഴായിരുന്നു ഞെട്ടിയ്ക്കുന്ന ആ സത്യം ജിഷ്ണു ചേട്ടൻ എന്നോട് പറഞ്ഞത്…ഒന്നും രണ്ടുമൊന്നുമല്ല 75 ദിവസം ജയിൽ വാസം അനുഷ്ടിച്ചിട്ടുള്ള ആളായിരുന്നു നമ്മുടെ സഖാവ്….. ഞാനതു കേട്ട് കണ്ണും മിഴിച്ച് ജിഷ്ണു ചേട്ടന്റെ മുഖത്തേക്ക് നോക്കിയിരുന്നു പോയി….!!! പിന്നെ പതിയെ അതും നോട്ട് ചെയ്തു വച്ചു… അപ്പോഴേക്കും സഖാവ് ഫുഡൊക്കെ കഴിച്ച് എനിക്കടുത്തേക്ക് വന്നിരുന്നു…വന്നപാടെ ചെയർ വലിച്ചിട്ട് ഞങ്ങളുടെ കൂട്ടത്തിലേക്ക് ഇരുന്നു….

എന്താ നീലാംബരി…എഴുതി കഴിഞ്ഞില്ലേ…???

കഴിഞ്ഞു…ഇത് ദേവേട്ടന്റെയാ…!!! പിന്നേ..ദേവേട്ടന്റെ ഇനിഷ്യൽ എന്താ…???

ഇത്രേം നാളായും അത് പോലും അറിയില്ലേ..മോശം തന്നെ…!!!

അത്…അറിയാത്തത്.. ഞാൻ പേര് മാത്രമല്ലേ കേട്ടിട്ടുള്ളൂ… ഇനിഷ്യൽ അങ്ങനെ പറഞ്ഞു കേട്ടിട്ടില്ലല്ലോ…

ന്മ്മ്മ്…ശരി..ശരി..ഇങ്ങ് തന്നേക്ക്.. ബാക്കി ഞാൻ ഫില്ല് ചെയ്തോളാം… സഖാവ് അതും പറഞ്ഞ് എന്റെ കൈയ്യിൽ നിന്നും ഫോം വാങ്ങി എന്റെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു തന്നെ പേരിന് തൊട്ടു മുമ്പിലായി ഇനിഷ്യൽ എഴുതി വച്ചു… പക്ഷേ സഖാവിന്റെ കൈയ്യുടെ മറവ് കാരണം എനിക്കത് വായിച്ചെടുക്കാനും കഴിഞ്ഞില്ല…അത് കഴിഞ്ഞതും സഖാവ് തന്നെ എല്ലാവരുടേയും ഫോം കൈയ്യിൽ വാങ്ങി ഡയസിലേക്ക് നടന്നു…!!

പിന്നെയുള്ള സമയങ്ങളിൽ പ്രമേയം അവതരിപ്പിക്കലായിരുന്നു…രക്തസാക്ഷി പ്രമേയവും വിടവാങ്ങൽ പ്രസംഗങ്ങളും വേദിയിൽ കത്തിക്കയറിയതും ചുറ്റിലും മുദ്രാവാക്യങ്ങൾ അലയടിച്ചു….DC യിൽ നിന്നും വിടവാങ്ങിയ ഓരോരുത്തരുടേയും പേര് ചൊല്ലുമ്പോഴേ ഹാളിൽ മുദ്രാവാക്യങ്ങളുടെ കടലിരമ്പം ഉയർന്നു കേട്ടു…ഓരോ തവണയും എഴുന്നേറ്റ് നിന്ന് ഞങ്ങളും മുഷ്ടി ചുരുട്ടി അത് ഏറ്റുചൊല്ലി അഭിവാദ്യമർപ്പിച്ചു….. അതവസാനിച്ചു കഴിഞ്ഞതും പിന്നീട് ക്രഡൻഷ്യൽ റിപ്പോർട്ട് ആയിരുന്നു…വളരെ നർമം കലർത്തിയായിരുന്നു ക്രഡൻഷ്യൽ അവതരണം നടത്തിയത്… അതെല്ലാം കേട്ട് ശരിയ്ക്കും ചിരിയോടെ ആയിരുന്നു ഞങ്ങളിരുന്നത്…. സഖാവിന്റെ പേര് ഏറ്റവും കൂടുതൽ ജയിൽ വാസമനുഷ്ഠിച്ച ലിസ്റ്റിൽ കേട്ടതും ഞങ്ങടെ ടീംസ് അവിടെയിരുന്ന് കൈകൊട്ടി… സഖാവ് അതിന് ചിരിയോടെ കൈകൊണ്ട് എന്തോ ആക്ഷനിട്ട് കാണിച്ചിരുന്നു… ജിഷ്ണു ചേട്ടനോടും ഗ്യാങിനോടുമായിരുന്നു അത്…..അത് കഴിഞ്ഞതും പിന്നെ പുതിയ കമ്മിറ്റി രൂപീകരണമായിരുന്നു….DC members ന്റെ വക special കമ്മിറ്റിയിൽ പുതിയ ഭാരവാഹികളെ തീരുമാനിച്ചു… സഖാവ് കമ്മിറ്റിയുടെ സെക്രട്ടറിയേറ്റ് മെമ്പർ ആയിരുന്നു…ആ പദവിയിൽ തന്നെ സഖാവ് തുടരാൻ കമ്മിറ്റിയിൽ തീരുമാനമായി…കാരണം കോളേജിലെ സഖാവിന്റെ പ്രവർത്തനങ്ങൾ അത്രത്തോളം മികച്ചതായിരുന്നു… എല്ലാം കഴിഞ്ഞ് പുതിയ കമ്മിറ്റി ഭാരവാഹികൾ ചുമതല ഏറ്റെടുത്തു കഴിഞ്ഞതും പിന്നെ രണ്ട് മൂന്ന് മുതിർന്ന നേതാക്കളുടെ പ്രസംഗമായിരുന്നു..അത് അവസാനിപ്പിച്ചു കൊണ്ടുള്ള കൃതഞ്ജത രേഖപ്പെടുത്തി കഴിഞ്ഞതും ഹാളിൽ വിപ്ലവ വീര്യം ധ്വനിപ്പിക്കുന്ന മുദ്രാവാക്യം ഉയർന്നു കേട്ടു…ഇനിയടുത്ത സമ്മേളനത്തിന് ഒന്നിച്ചു കൂടാം എന്ന പ്രതിജ്ഞയോടെ മൂന്ന് തവണ ഇൻക്വിലാബ് മുഴക്കി സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിച്ചു….സമ്മേളനം അവസാനിച്ചപ്പോഴേക്കും സമയം ഏതാണ്ട് സന്ധ്യയോട് അടുത്തിരുന്നു…ആ കുറഞ്ഞ സമയം കൊണ്ട് കിട്ടിയ സൗഹൃദങ്ങളായിരുന്നു ചുറ്റും… എല്ലാവർക്കും യാത്ര പറഞ്ഞിറങ്ങുമ്പോ ജീവിതത്തിൽ അമൂല്യമെന്ന് തോന്നുന്ന ഒരുപിടി നല്ല ഓർമ്മകളായിരുന്നു മനസ് നിറയെ….

ഞങ്ങടെ കൂടെയുണ്ടായിരുന്ന ഓരോ പെൺകുട്ടികളേയും വീട്ടിൽ കൊണ്ടു വിടുന്ന ഉത്തരവാദിത്വം സഖാവ് തന്നെ ഓരോരുത്തർക്കും വീതിച്ചു നല്കി…രാവിലെ പറഞ്ഞതു പോലെ എന്നെ കൊണ്ടു വിടാനുള്ള ചുമതല സഖാവ് തന്നെ ഏറ്റെടുത്തു…!! ജിഷ്ണു ചേട്ടനും ഗ്യാങും ഓരോ പെൺകുട്ടികളേയും കൂട്ടി സമ്മേളന നഗരിവിട്ട് പോയി…സഖാവിന് പിന്നെയും അവിടെ ആരോടൊക്കെയോ യാത്ര പറയേണ്ടതുള്ളതു കൊണ്ട് ഞാനവിടെ തന്നെ പോസ്റ്റായി എന്നു വേണം പറയാൻ….!!!

എല്ലാവരോടും യാത്രയും പറഞ്ഞ് സഖാവ് എനിക്കടുത്തേക്ക് നടന്നു വന്നതും ഞാൻ ചെയറിൽ നിന്നും എഴുന്നേറ്റു നിന്നു…അപ്പൊഴേക്കും എനിക്ക് ചെറിയ ക്ഷീണം തോന്നി തുടങ്ങിയിരുന്നു….

ഒരുപാട് നേരമായി ല്ലേ wait ചെയ്യാൻ തുടങ്ങീട്ട്…!! കുറച്ചു പേരെ കാണാനുണ്ടായിരുന്നു.. കഴിഞ്ഞു..ഇനി പോകാം…

സഖാവ് ഒരു പുഞ്ചിരിയോടെ പറഞ്ഞ് എന്നേം കൂട്ടി പുറത്തേക്ക് നടന്നു.. അപ്പോഴേക്കും ഒരുവിധപ്പെട്ട എല്ലാവരും ചുവന്ന തോൾസഞ്ചിയൊക്കെ തൂക്കി പുറത്ത് ഓരോന്ന് പറഞ്ഞും ചിരിച്ചും നില്പുണ്ടായിരുന്നു… സഖാവിനെ കണ്ടതും എല്ലാവരും തോളിൽ തട്ടിയും ഷെയ്ക്ക് ഹാന്റ് നല്കിയും യാത്ര പറയുന്നുണ്ടായിരുന്നു…ഞാനതെല്ലാം കണ്ട് സഖാവിന്റെ പിന്നിലും….

പെട്ടെന്ന് ഒരു കൂട്ടം പെൺപിള്ളേര് വന്ന് സഖാവിന്റെ ചുറ്റും കൂടിയത്..യാത്ര പറയാൻ തന്നെ… പക്ഷേ അതിന്റെയൊക്കെ ഘോഷണ്ണാന്നുള്ള വിളി കേട്ടപ്പോ എന്റെ നെറ്റിയൊന്ന് ചുളിഞ്ഞു.. പിന്നെ അത് അധികം പ്രകടമാക്കാതെ ഞാൻ അല്പം ശാന്തമായി നിന്നു..

ഘോഷണ്ണാ…ഞങ്ങള് പോവ്വാണേ…???ഇനി സംസ്ഥാന സമ്മേളനത്തിന് കാണാം…!!! പിന്നേ…ഈ ഷർട്ട് സൂപ്പറായിട്ടുണ്ട് ട്ടോ..എന്നാ ഗ്ലാമറാ ഇപ്പോ കാണാൻ….!!!

ഒരു പെങ്കൊച്ച് വന്ന് നിന്ന് അങ്ങനെ പറഞ്ഞതും സഖാവിന്റെ മുഖത്ത് ഒരു പാൽപുഞ്ചിരി വിരിഞ്ഞു…അത് കേട്ടപാടെ വേറൊരു ചേട്ടനും കൂടി ആ പെൺപിള്ളേർടെ ഗ്യാങ്ങിലേക്ക് ജോയിന്റ് ചെയ്തു….

ശരിയാ ഘോഷേ…നീ എങ്ങനെയാ ഇങ്ങനെ ദിനംപ്രതി ഗ്ലാമറായി വരുന്നേ…..!!! എന്താടാ അതിന്റെ സീക്രട്ട്… ഞങ്ങൾക്കും കൂടിയൊന്ന് പറഞ്ഞു തന്നൂടെ സഖാവേ…

ദേവേട്ടൻ ആ ചോദ്യങ്ങൾക്കെല്ലാം ചിരിയോടെ നിന്നതല്ലാതെ മറുത്തൊന്നും പറയാൻ പോയില്ല.. പിന്നേ അവിടെ നിന്ന എല്ലാവരോടും യാത്രയും പറഞ്ഞ് എന്നേക്കൂട്ടി സഖാവ് വണ്ടിയ്ക്കടുത്തേക്ക് നടന്നു….വണ്ടി തിരിച്ചെടുത്തതും ഞാൻ ബുള്ളറ്റിലേക്ക് കയറിയിരുന്നു…ഫയലും ബാഗും എല്ലാം എന്റെ കൈയ്യിലായിരുന്നു.. അതുകൊണ്ട് എനിക്കത്ര comfortable ആയി ഇരിക്കാൻ കഴിഞ്ഞില്ല… എങ്കിലും ശരിയായി ഇരുന്നൂന്ന് സഖാവിനോട് പറഞ്ഞ് വണ്ടി സ്റ്റാർട്ട് ചെയ്യിച്ചു….

കുറേ ദൂരം ചെന്നുകഴിഞ്ഞപ്പോ എനിക്ക് ഇരിക്കാൻ എന്തോ ബുദ്ധിമുട്ടുണ്ടെന്ന് സഖാവിനും തോന്നി തുടങ്ങി…

നീലാംബരി… ഇരിയ്ക്കാൻ പറ്റുന്നില്ലേ…???

സഖാവ് ഡ്രൈവ് ചെയ്യുന്നതിനിടയിൽ ചോദിച്ചു കൊണ്ടിരുന്നു…ഞാനതിനെല്ലാം കുഴപ്പമില്ലാന്ന് മറുപടി പറഞ്ഞിരുന്നു…ഒരുവേള വണ്ടി ഒരു hump മുറിച്ചു കടന്നതും ഞാൻ ഇരുന്ന ഇരുപ്പിൽ ഒന്ന് പുളഞ്ഞു….ആ പേടിയിൽ കൈ നേരെ ചെന്ന് പതിച്ചത് സഖാവിന്റെ തോളിലും….. പെട്ടെന്ന് ഞാൻ കൈ തിടുക്കപ്പെട്ട് പിന്വലിച്ചെടുത്തിരുന്നു…

ഞാൻ ചോദിച്ചില്ലേ ആദ്യമേ ഇരിക്കാൻ ബുദ്ധിമുട്ടുണ്ടോന്ന്…പേടിയാണെങ്കി എന്റെ തോളിൽ പിടിച്ചിരുന്നോ….!!!

സഖാവ് അങ്ങനെ പറഞ്ഞപ്പോ ആദ്യം ഒരു മടി തോന്നി… ശരിയ്ക്കും അത് എന്റെയുള്ളിലെ പേടിയായിരുന്നു… പിന്നേ സഖാവ് ഒന്നുകൂടി പറഞ്ഞതും ഞാൻ കൈ മെല്ലെ ഒരു വിറയലോടെ സഖാവിന്റെ തോളിലേക്ക് വച്ചു…ആ ഷർട്ടിലേക്ക് എന്റെ കൈ അമർന്നതും ഉള്ളിൽ സന്തോഷത്തിന്റെ ഒരു കടലിരമ്പുന്നുണ്ടായിരുന്നു…..ആ പിടി ഒന്നുകൂടി അവിടെ ഭദ്രമാക്കുമ്പോ സഖാവ് ശരിയ്ക്കും എന്റേതാണെന്ന് തോന്നിപ്പോയി….❤️❤️

പിന്നെ കുറേനേരം ഞങ്ങൾക്കിടയിൽ മൗനം തന്നെയായിരുന്നു….ഏറെ നേരം കഴിഞ്ഞതും ആ മൗനത്തെ ഭേദിച്ച് ആദ്യം സംസാരിച്ചു തുടങ്ങിയത് സഖാവ് തന്നെയായിരുന്നു….

എങ്ങനെയുണ്ടായിരുന്നു സമ്മേളനം…??

ഞാൻ ആദ്യമായിട്ടല്ലേ…നല്ലതായിരുന്നു…കുറേ നല്ല Friends നെ കിട്ടി…നല്ലൊരു അനുഭവമായിരുന്നു…

ന്മ്മ്മ്… ഇതുകൊണ്ടാ ആദ്യമേ ഞാൻ പറഞ്ഞത് വരണംന്ന്… അല്ലെങ്കിൽ ഇപ്പോ ഇതൊക്കെ experienced ആകുമായിരുന്നോ…???

ന്മ്മ്മ്..ശരിയാ… പെട്ടെന്നാ എനിക്ക് സഖാവിന്റെ ജയിൽ വാസം ഓർമ വന്നത്…

ദേവേട്ടൻ ജയിലിൽ കിടന്നിട്ടുണ്ടോ..???

ന്മ്മ്മ്…

സഖാവിന്റെ ഭാഗത്ത് നിന്നും ഒരു മൂളൽ മാത്രമായിരുന്നു ഉയർന്നു കേട്ടത്…

എന്തിനായിരുന്നു…???

മിക്കതും കോളേജിലെ ഓരോ പ്രശ്നങ്ങളിലാ…ചിലത് ചില സമരങ്ങളിലും…എന്തേ ചോദിച്ചേ..???

ഏയ്…ഇല്ല… വെറുതെ ചോദിച്ചതാ…!!!

നീ എന്തിനാ നീലാംബരി എന്നെ ദേവേട്ടാന്ന് വിളിയ്ക്കുന്നത്…..???

എനിക്ക് ആദ്യം മുതലേ അങ്ങനെ വിളിക്കാനാ തോന്നിയത്… എല്ലാവരും ഘോഷണ്ണാന്നല്ലേ വിളിയ്ക്കുന്നേ… പക്ഷേ എനിക്ക് ദേവഘോഷിലെ ദേവനെയാ കൂടുതലിഷ്ടമേയത്… അപ്പോ തോന്നി അങ്ങനെ വിളിയ്ക്കാംന്ന്….

ന്മ്മ്മ്… പക്ഷേ ആ വിളിയിലും ഒരു സുഖമുണ്ട്..!!!

അതും കൂടിയായതും എന്റെ മനസ് നിറഞ്ഞു… പിന്നെ ആകെ ഒരു പോസിറ്റീവ് vibe ആയിരുന്നു ചുറ്റും… അതിന്റെ കൂടെ എന്റെ മനസ് കൂടിയങ്ങ് തുറന്നാലോ എന്നാ ആദ്യം കരുതിയത്… പിന്നെ കരുതി വേണ്ടാന്ന്… അതിന് വേണ്ടി ഞാനൊന്ന് ചുറ്റി വളഞ്ഞു നോക്കാൻ തന്നെ തീരുമാനിച്ചു….

ഋതു ചേച്ചി വീട്ടിൽ ചെന്നിട്ടുണ്ട്വോ ഇപ്പോ…???

ന്മ്മ്മ്…സമയം ഒരുപാടായില്ലേ…എത്തീട്ടുണ്ടാവും…

ഞാനൊരു കാര്യം ചോദിച്ചാ ദേഷ്യാവ്വോ ദേവേട്ടന്..???

അത് കാര്യമെന്താന്നറിഞ്ഞാലല്ലേ പറയാൻ പറ്റൂ…??

ഋതു… ശരിയ്ക്കും ഋതു ചേച്ചിയെ ദേവേട്ടന് ഇഷ്ടമാണോ…

ഇതിന്റെ മറുപടി ഒരിയ്ക്കൽ ഞാൻ തന്നതാണല്ലോ..പിന്നേം എന്താ സംശയം…???

അതെ…തന്നു.. എങ്കിലും… പിന്നെ നിങ്ങള് തമ്മിൽ എന്തോ ഒരടുപ്പം ഉണ്ടെന്ന് എല്ലാവരും പറഞ്ഞു നടക്കുന്നതെന്തിനാ…???

അതിപ്പോ പലരുടെ view point ഉം വ്യത്യസ്തമല്ലേ നീലാംബരി… ഇപ്പോ നീ ചിന്തിക്കുന്നതു പോലെ ആവണമെന്നില്ല എന്നെപ്പറ്റി മറ്റുള്ളവർ ചിന്തിക്കുന്നത്….നീയും ഞാനും ഇപ്പോ പോയത് എവിടെയാണെന്നും എന്തിനാണെന്നും നമുക്കറിയാം…അതൊരിക്കലും ഒരു തെറ്റായ മാർഗ്ഗമല്ല… പക്ഷേ ഈ സമയത്ത് എനിക്കൊപ്പം യാത്ര ചെയ്യുന്ന നിന്നെ നിന്റെ നാട്ടുകാരോ നിനക്ക് പരിചിതമല്ലാത്ത മറ്റാരെങ്കിലുമോ കണ്ടാൽ തെറ്റുദ്ധരിക്കാം..വേറെ പല കഥകളും സൃഷ്ടിക്കാം…അത് മാത്രമേ ഋതൂന്റെ കാര്യത്തിലും നടന്നിട്ടുള്ളൂ….

അപ്പോ അങ്ങനെ കേൾക്കുമ്പോ വിഷമം തോന്നില്ലേ ദേവേട്ടന്…???

എന്തിന്… എന്റെ മനസാക്ഷിയ്ക്ക് നിരക്കാത്തതൊന്നും ഞാൻ ചെയ്യില്ല എന്ന ഉത്തമ ബോധ്യം എനിക്കുള്ളിടത്തോളം കാലം അമ്മാതിരി വിഷമമൊന്നും എന്നെ ബാധിക്കില്ല…. പിന്നെ ആദ്യം അങ്ങനെയൊക്കെ കേട്ടപ്പോ അവൾക്ക് ചെറിയൊരു വിഷമം തോന്നി…വേറൊന്നുമല്ല ഇതിന്റെ പേരിൽ എനിക്ക് ദോഷകരമായി എന്തെങ്കിലും ഉണ്ടായാലോന്നോർത്തിട്ട്….

ദേവേട്ടൻ ആ ചേച്ചിയെ ശരിയ്ക്കും സഹോദരിയെപ്പോലെയാ കാണുന്നതെന്ന് എല്ലാവരോടും പറയാൻ പാടില്ലായിരുന്നോ…??

അതിന്റെ ആവശ്യമെന്താ നീലാംബരി… എന്റെ നല്ലതിന് വേണ്ടി ആഗ്രഹിക്കുന്ന എല്ലാവർക്കും അറിയാം ഋതു എന്റെ ആരാണെന്നും എന്റെ മനസിൽ അവൾക്കുള്ള സ്ഥാനമെന്താണെന്നും.. അതിനപ്പുറം എനിക്കാരെയും ബോധിപ്പിക്കാനില്ല…

ഋതു ചേച്ചിയ്ക്ക് സഹോദരീടെ സ്ഥാനമാണല്ലോ… അപ്പോ…. ഞാൻ ചോദിക്കാൻ പോയെങ്കിലും പിന്നെ പകുതി വഴിയിൽ ആ ചോദ്യമങ്ങ് ഉപേക്ഷിച്ചു…

നീയെന്താ ചോദിക്കാൻ വന്നത്…അപ്പോ…???

സഖാവ് വിടാൻ ഉദ്ദേശമില്ലാതെ ആ ചോദ്യത്തിനെ പിന്തുടർന്നു…

അല്ല… അപ്പോ എനിക്ക് സഖാവിന്റെ മനസിൽ എന്ത് സ്ഥാനമുണ്ടെന്ന് ചോദിക്കാൻ വന്നതാ…

അതുകേട്ട് സഖാവ് ഒന്നു ചിരിച്ചു…എനിക്കപ്പോ ആ വായിൽ നിന്നും വരാൻ പോകുന്ന മറുപടി എന്താന്നറിയാനുള്ള curiosity ആയിരുന്നു…!!!!

നീ…നിനക്കുള്ള സ്ഥാനം..!!!അതൊരു ചോദ്യം തന്നെയാ നീലാംബരി…..

സഖാവ് വീണ്ടും എനിക്ക് പിടി തരാതെ അതിനുള്ള മറുപടി ഒരു ചിരിയിലൊതുക്കി… പിന്നെ വേറെ വഴിയില്ലാതെ ഋതു ചേച്ചീ മാറ്റർ തന്നെ വീണ്ടും പ്രയോഗിക്കാൻ ഞാൻ തീരുമാനിച്ചു…

ദേവേട്ടൻ ഋതു ചേച്ചിയെ സഹോദരിയായി കാണുന്നു.. തിരിച്ച് ചേച്ചി ദേവേട്ടനെ അങ്ങനെ കണ്ടില്ലെങ്കിലോ… ഒരുപക്ഷേ ആ ചേച്ചിയ്ക്ക് ദേവേട്ടനെ ഒരു സഹോദരനിലപ്പുറം ഒരു ജീവിത പങ്കാളിയോട് തോന്നുന്ന ഇഷ്ടാണെങ്കിലോ…??

നിന്റെ ഈ കുഞ്ഞി തലേല് എന്തൊക്കെ കാര്യങ്ങളാ നീലാംബരി ഇങ്ങനെ പുകഞ്ഞു കൊണ്ടിരിക്കുന്നേ…???😁😁

അത് കേട്ടപ്പോ എനിക്ക് ചെറിയ ചമ്മല് തോന്നി…

അല്ല.. ചിലപ്പോ…അറിയാൻ കഴിയില്ലല്ലോ…!!! ദേവേട്ടനോട് പറയാതെയുള്ള വല്ല ഇഷ്ടവും…

അങ്ങനെയൊന്നില്ല നീലാംബരി… നിന്റെ ഈ ദേവേട്ടന്റെ മനസിൽ ഒരാളുള്ള കാര്യം ഋതൂന് നന്നായി അറിയാം….!!

അത് കേട്ടതും ഞെട്ടിത്തരിച്ചിരുന്നു പോയി ഞാൻ…ദേവേട്ടൻ പറഞ്ഞതിന്റെ അർത്ഥം പോലും പിന്നെയാ ഞാൻ മനസിലാക്കിയത്…

എന്താ പറഞ്ഞേ…ദേവേട്ടന്..ഇഷ്ടമുണ്ടോ..ആരെ.. ആരെയാ…???

അതെ…ഇഷ്ടമുണ്ട്…അതിനെന്താ problem…!! ആരെയാ എന്താന്നൊക്കെ പറഞ്ഞു തരാൻ വലിയ ബുദ്ധിമുട്ടാണ് നീലാംബരി… തൽക്കാലം ഇഷ്ടമുണ്ടെന്ന് മാത്രം അറിഞ്ഞാൽ മതി…!!!

ദേവേട്ടൻ ഇഷ്ടപ്പെടുന്ന ആൾക്ക് ദേവേട്ടനേം ഇഷ്ടാണോ…???

അതേ…ഇഷ്ടമാണ്…!!! എനിക്ക് അവളേം… അവൾക്ക് എന്നേം ഇഷ്ടമാണ്….!!!

ആ വാക്കുകൾക്ക് എന്റെ ഹൃദയത്തെ കുത്തിമുറിയ്ക്കാനുള്ള ശക്തിയുണ്ടായിരുന്നു..മുറിവേറ്റ് ചോര കിനിഞ്ഞ എന്റെ ഹൃദയത്തിൽ വീണ്ടും മുറിപ്പാടുകൾ തീർക്കുകയായിരുന്നു….ഓരോ തുടിപ്പ് പോലും അങ്ങേയറ്റം തളർച്ചയോടെ ഇടറി തുടങ്ങി… തലയിലേക്ക് രക്തയോട്ടം കൂടും പോലെയായിരുന്നു….ആകെയൊരു മരവിപ്പ് വീണ്ടും ഒരു വാക്ക് കൂടി ശബ്ദിച്ചാൽ കണ്ണുനീർ നിയന്ത്രണം വിട്ടൊഴുകുംന്ന അവസ്ഥയായിരുന്നു അപ്പോൾ……ആ സങ്കടത്തിൽ തന്നെ പതിയെ ഞാൻ സഖാവിന്റെ തോളിൽ വച്ചിരുന്ന എന്റെ കൈ പിന്വലിച്ചു…

നീലാംബരി…എന്താ പറ്റിയേ നിനക്ക്…??? വിശക്കുന്നുണ്ടോ…ഫുഡ് കഴിച്ചിട്ട് പോകാം…!!

വേണ്ട.. വീട്ടിൽ ചെന്നിട്ട് കഴിച്ചോളാം…എന്നെ വീട്ടിൽ വിട്ടിരുന്നാ മതി….

അതെന്താ അങ്ങനെ…??

ചെറിയൊരു തലവേദന..!!!

നല്ല വേദനയുണ്ടോ…??? വേണമെങ്കിൽ വിക്സോ മറ്റോ വാങ്ങി തരാം…

വേണ്ട…ഒന്നും വേണ്ട… എനിക്ക് വീട്ടിൽ ചെന്നാൽ മതി…. എത്രയും പെട്ടെന്ന്….!!!

ന്മ്മ്മ്…ശരി…

സഖാവ് അതും പറഞ്ഞ് വണ്ടീടെ സ്പീഡ് കൂട്ടി… ആദ്യം എന്റെ കൈ പിന്നേം സഖാവിന്റെ തോളിലേക്ക് നീണ്ടെങ്കിലും തിടുക്കപ്പെട്ട് ഞാനത് പിന്വലിച്ചിരുന്നു….!!! തുടരും… ലൈക്ക് കമന്റ് ചെയ്യണേ എല്ലാവരും…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *