ഇനിയൊരു പെൺകുട്ടിയുടെ മുഖത്തു നോക്കാനുള്ള സാവകാശം പോലും അവരനുവദിക്കില്ല…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ശരൺ പ്രകാശ്

”ജാതകപ്രകാരം നിങ്ങളുടെ മകന്റേത് പ്രണയ വിവാഹമാണ്… അതും നിങ്ങളുടെ എതിർപ്പിനെ അവഗണിച്ചുകൊണ്ട്…”

പ്രശ്നം വച്ചു നോക്കിയ കണിയാന്റെ ആ തീരുമാനത്തിൽ കണ്ണടച്ച് കൈകൂപ്പി പ്രാർത്ഥിച്ചിരുന്നിരുന്ന അമ്മയും, ജാതകത്തിലും ദൈവത്തിലും വിശ്വാസമില്ലാഞ്ഞിട്ടും അമ്മയുടെ നിർബന്ധത്തിനു വഴങ്ങി കണിയാന്റെ മുൻപിൽ വന്നിരുന്നു പല്ലിൽ കുത്തിയിരിക്കുന്ന അച്ഛനും ഒരു നിമിഷമെന്നെ തുറിച്ചു നോക്കി….

‘എന്നെ നോക്കിയിട്ടു ഒരു കാര്യവുമില്ല… എന്റെ ജനന സമയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം നിങ്ങൾക്ക് മാത്രമാണ്…’

എന്ന അർത്ഥത്തിൽ ഞാൻ തിരിച്ചു നോക്കിയതോടെ അമ്മയുടെ കണ്ണുകൾ വീണ്ടും കണിയാനിലേക്കായി….

”എന്തെങ്കിലുമൊരു പ്രതിവിധി….”

കണിയാനെ നോക്കികൊണ്ട്‌ അമ്മ ചോദിക്കുമ്പോൾ മുണ്ടും മുറുക്കി കുത്തി അച്ഛൻ ഇരുന്നിടത്തുനിന്നും എഴുന്നേറ്റു…

”ഇവൻ പ്രണയിച്ചു കെട്ടുന്നതിന് അങ്ങേരെന്ത് ചെയ്യാനാ… നീ വന്നേ ഇങ്ങോട്ട്…”

കണിയാനുള്ള ദക്ഷിണയും നൽകി അച്ഛൻ പുറത്തേക്കിറങ്ങി… പുറകേ വാലുപോലെ അമ്മയും ഞാനും….

”നിന്റെ മനസ്സിൽ അങ്ങനെ വല്ലതുമുണ്ടേൽ ഇപ്പോഴേ കളഞ്ഞേക്ക്… ഞങ്ങളെ ധിക്കരിച്ചു ജീവിക്കാമെന്ന് നീ കരുതണ്ട….”

കാറിൽ കയറുന്നതിനിടയിൽ അമ്മ എന്നെ രൂക്ഷമായൊന്നു നോക്കികൊണ്ട്‌ പറഞ്ഞു….

‘ശ്ശെടാ…. പറച്ചിലു കേട്ടാൽ തോന്നും ജാതകം ഞാൻ എഴുതി വെച്ചതാണെന്ന്…. സംഗതി പല പെങ്കുട്ട്യോളോടും എനിക്ക് പ്രണയം തോന്നിയിട്ടുണ്ടെങ്കിലും ദൈവം സഹായിച്ചു ഇന്നുവരെ തിരിച്ചൊരെണ്ണം പോലും ഇഷ്ട്ടമാണെന്നു പറഞ്ഞിട്ടില്ല…. ആ എന്നെയാണ് എല്ലാരും കൂടി…’

എല്ലാവരോടുമുള്ള അരിശം എന്റെ ഉള്ളിൽ കിടന്നു പുലമ്പുന്നുണ്ടായിരുന്നെങ്കിലും ഞാൻ മൂകനായി തന്നെയിരുന്നു….

”ഹലോ… ഭാരത് മാട്രിമോണിയല്ലേ…. പേര് അരവിന്ദ്… വയസ്സ് 28…. ഡിമാന്റുകൾ ഒന്നും തന്നെയില്ല… എത്രയും പെട്ടന്നൊരു കുട്ടിയെ കിട്ടുന്നുവോ… അത്രയും പെട്ടന്ന് കല്ല്യാണം….”

ഡ്രൈവിങ്ങിനിടയിൽ ഫോണിലൂടെയുള്ള അച്ഛന്റെ സംസാരം കേട്ട് ഞാനൊന്നു അന്ധാളിച്ചു…. പ്രണയിക്കാനല്ല… ഇനിയൊരു പെൺകുട്ടിയുടെ മുഖത്തു നോക്കാനുള്ള സാവകാശം പോലും അവരനുവദിക്കില്ലെന്നു അച്ഛന്റെ ആ സംസാരത്തിൽ നിന്നും ഞാൻ മനസ്സിലാക്കി….

ഡ്രൈവ് ചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കാൻ സമ്മതിക്കാത്ത അമ്മ പക്ഷേ അന്ന് മാത്രം അച്ഛനെ തടഞ്ഞില്ല… പകരം എന്റെ ഉയരവും നിറവും വണ്ണവും കൃത്യമായി അച്ഛന് പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു……

പെൺകുട്ടികളുടെ ഫോട്ടോ ദിനവും എന്റെ അക്കൗണ്ടിൽ വന്നുകൊണ്ടേയിരുന്നു… പലയിടങ്ങളിലും പെണ്ണുകാണൽ ചടങ്ങിനു തിരശീലയുമുയർന്നു… പക്ഷേ ഡിമാന്റുകളൊന്നുമില്ലെന്നു പറഞ്ഞ അച്ഛന്റെ ചില ചെറിയ ഡിമാന്റുകളിൽ അതെല്ലാം വെറുമൊരു ചായ സൽക്കാരം മാത്രമായി അവസാനിച്ചു…

”ദേ നോക്കിയേ നല്ല ഐശ്വര്യമുള്ളൊരു കുട്ടി…”

പതിവായി പറയാറുള്ള അതേ വിശേഷണവുമായി പുതുതായി വന്ന ആലോചനയും കൊണ്ട് അന്നും അമ്മ എന്റെ അരികിലെത്തി… മനസില്ലാ മനസ്സോടെയാണ് ഞാൻ അത് നോക്കിയതെങ്കിലും അന്നുവരെ ആരോടും തോന്നാതിരുന്ന ഒരു മതിപ്പ് എനിക്ക് ഒറ്റനോട്ടത്തിൽ ആ ആലോചനയോടു തോന്നി…

അതുപക്ഷേ ആ പെൺകുട്ടിയുടെ സൗന്ദര്യത്തിനോടായിരുന്നില്ല… അവളുടെ ആ പേരിനോട്…

”ഹരി…”

അതേ… ഹരിതയെന്ന ഹരി… പക്ഷേ ഹരിതയെന്ന പേരിനേക്കാൾ അവൾക്കിഷ്ടം ഹരി എന്നുള്ളത് മാത്രമായിരുന്നെന്നും, പേര് ചോദിച്ചാൽ അവൾ ഹരിയെന്നു മാത്രമേ പറയാറുള്ളൂ എന്നുള്ളതും പെണ്ണുകാണൽ ചടങ്ങിൽ അവളിൽ എനിക്കൊരു കൗതുകമുണർത്തി.. ഒപ്പം അച്ഛന്റെ വലുതല്ലാത്ത ചെറിയ ഡിമാന്റുകൾ കൂടി ഒത്തുചേർന്നതോടെ അധികം വൈകാതെ തന്നെ വരുന്ന ചിങ്ങത്തിലൊരു നല്ലൊരു മുഹൂർത്തം കുറിച്ച് ഞങ്ങളുടെ വിവാഹ നിശ്ചയവും നടത്തി…

പക്ഷേ….

കൗതുകമുണർത്തിയ ആ പേരുപോലെതന്നെയായിരുന്നു അവളുടെ സ്വഭാവമെന്നുള്ളത് വീട്ടുകാർക്കിടയിൽ ആശങ്കയുണർത്തി…

പുറത്തു പഠിച്ചു വളർന്നുതുകൊണ്ടാകാം അവളുടെ സൗഹൃദങ്ങൾ കൂടുതലും ആൺ വർഗ്ഗത്തോടായിരുന്നു…. അവർക്കൊപ്പം ലോകം ചുറ്റുന്നവൾ… ധരിക്കുന്ന വസ്ത്രങ്ങളിൽ പോലും പുരുഷന്റെ രീതികൾ കണ്ടെത്തുന്നവൾ…

അതുകൊണ്ടു തന്നെ വീട്ടുകാർക്കിടയിൽ അതൊരു വലിയ ചർച്ചയായി… പെണ്ണെന്നു പറഞ്ഞാൽ അടുക്കളയെ സ്നേഹിക്കുന്നവളായിരിക്കണം, അതായിരിക്കണമവളുടെ ലോകമെന്നുന്നയിച്ചു പലരും ഈ ബന്ധത്തതിന് കൊടിപിടിച്ചെത്തി..

ഒടുവിൽ ഇരു വീട്ടുകാരുടേയും തീരുമാനപ്രകാരം നിശ്ചയ ദിവസം ഞാൻ അവളുടെ വിരലിലണിഞ്ഞ ആ മോതിരം തിരികെയെടുക്കുമ്പോൾ രണ്ടു തുള്ളി കണ്ണുനീർ എന്റെ കൈകളിൽ പതിഞ്ഞു… ആ കണ്ണുനീരിൽ ഞാൻ അറിയുന്നുണ്ടായിരുന്നു…. അവൾക്കുമൊരു മനസ്സുണ്ടെന്ന്…. പെണ്ണിന്റെ മനസ്സ്….

പിന്നീടുള്ള രാത്രികളിൽ ആ കണ്ണുനീർ തുള്ളികൾ ഒരു സ്വപ്നത്തിലൂടെന്ന പോലെ എന്നെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു…. എത്രയൊക്കെ വേഷം കെട്ടിയാലും ഉള്ളുകൊണ്ടവളൊരു പെണ്ണായിരുന്നുവെന്ന്……

അല്ലെങ്കിലും അവൾ ചെയ്തതിലെന്താണൊരു തെറ്റ്… മുഖം മൂടിയണിഞ്ഞ പകൽമാന്യർ തലയുയർത്തി നടക്കുന്ന ഈ കാലത്തു അവൾ ധരിക്കുന്ന വസ്ത്രം മാത്രം എങ്ങനെയൊരു തെറ്റാകും!!!

ഇരുളിന്റെ മറവിൽ വ്യഭിചരിക്കുന്ന കൊച്ചമ്മമാർക്കിടയിൽ അവളുടെ പരിശുദ്ധ സൗഹൃദമെന്തേ തെറ്റായത്…!!!

അതേ… തെറ്റ് തന്നെയാണ്…. തെറ്റായ ചില ധാരണകളിൽ അവളുടെ കണ്ണുനീർ പൊഴിക്കാൻ കാരണക്കാരനായ ഞാൻ ചെയ്തതാണ് തെറ്റ്….

എന്റെ ആ തെറ്റ് തിരിച്ചറിഞ്ഞ നിമിഷം മുതൽ ഹരിയോടെനിക്ക് എന്തെന്നില്ലാത്ത ഒരിഷ്ടം തോന്നിത്തുടങ്ങി…. ഇന്നുവരെ ആരോടും തോന്നാത്തൊരിഷ്ടം…. എന്റെ പ്രണയം….

പക്ഷേ, ആ പ്രണയം തുറന്നു പറയുമ്പോഴെല്ലാം അവൾ പറയുമായിരുന്നു…

”നട്ടെല്ലില്ലാത്തവന്റെ പ്രണയം എനിക്ക് വേണ്ട…” എന്ന്….

ശരിയാണ്… വീട്ടുകാരുടെ ഇഷ്ടത്തിനനുസരിച്ചു ഒരിക്കൽ സമ്മതിക്കുകയും അവർ വേണ്ടെന്നു വെച്ചപ്പോൾ ഒന്നുമാലോചിക്കാതെ ഒഴിവാക്കുകയും ചെയ്താൽ നട്ടെല്ലില്ലാത്തവൻ എന്നല്ലാതെ മറ്റെന്താണ് വിശേഷിപ്പിക്കുക….

എങ്കിലും ഞാൻ അവളെ പ്രണയിച്ചു…. ആത്മാർത്ഥമായി….. എന്റെ ആ പ്രണയത്തിനു ചുക്കാൻ പിടിക്കാൻ അവരുമുണ്ടായിരുന്നു…. മറ്റുള്ളവർ അവളിൽ തെറ്റായി കണ്ട ആ നല്ല ആൺ സൗഹൃദങ്ങൾ…. അല്ല… ആ നല്ല അളിയന്മാർ….

ഒടുവിൽ നട്ടെല്ലുണ്ടെന്ന തിരിച്ചറിവിൽ അവൾ എന്നേയും സ്നേഹിച്ചുതുടങ്ങി… ഇന്ന് ഞങ്ങളുടെ വിവാഹമാണ്…

”ചേട്ടാ… കുറച്ചു പാലട കൂടി ദേ ഇങ്ങോട്ടു വിളമ്പൂ..”

ഭക്ഷണം കഴിക്കാനായി പന്തലിലേക്ക് കടന്നതും പാലട കുടിച്ചുകൊണ്ടിരിക്കുന്ന കണിയാന്റെ ഇലയിലേക്ക് കൈചൂണ്ടി ഞാൻ പറയുമ്പോൾ, എന്റെ ആ സ്നേഹപ്രകടനത്തിൽ കണിയാനൊന്നു സംശയത്തോടെ കണ്ണുചുളിച്ചു….

അതിനുള്ള ഉത്തരമെന്നോണം പുറത്താരോ പറയുന്നുണ്ടായിരുന്നു…

”പ്രണയ വിവാഹമാണ്…. ജാതകം വായിച്ച കണിയാൻ അന്നേ പറഞ്ഞിട്ടുണ്ട്…. വീട്ടുകാരെ ധിക്കരിച്ചേ ഇവൻ കെട്ടൂവെന്ന്….” ലൈക്ക് കമന്റ് ചെയ്യണേ…

രചന: ശരൺ പ്രകാശ്

Leave a Reply

Your email address will not be published. Required fields are marked *