പണം കൊണ്ടും പദവി കൊണ്ടും നേടാനാവാത്ത പലതുമുണ്ട് അതിൽപ്പെട്ട ഒന്നാണ് പെണ്ണിന്റെ മനസ്സ്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Pratheesh

വിവാഹത്തിന്റെ മൂന്നാം നാൾ ഏറെ വിലയിരുത്തുകൾക്ക് ശേഷം എന്റെ ഭർത്താവ്‌ എന്നോട് പറഞ്ഞു….,

ഞാനാണ് അവനു പകരം നിന്നെ പ്രണയിച്ചിരുന്നെങ്കിൽ എന്ത് വിലകൊടുത്തും എത്ര വലിയ തടസ്സങ്ങളെയും വെട്ടി മാറ്റിയിട്ടാണെങ്കിൽ പോലും നിന്നെ ഞാൻ സ്വന്തമാക്കിയിരിക്കും എന്ന്…!

അതു കേട്ട് ഞാൻ അവരെ തന്നെ നോക്കവേ അവർ എന്നോട് പറഞ്ഞു

” അത്രയേറെ സുന്ദരിയാണ്‌ നീ എന്ന്…!

ഞാനവരെ നോക്കി കൊണ്ടിരിക്കവേ അവർ എന്നോട് പറഞ്ഞു…,

നീ നോക്കണ്ട അത് തന്നെയാണ് സത്യം….!

സ്വന്തം ഭാര്യ സുന്ദരിയായിരിക്കണം എന്ന ഒറ്റ ഉദ്ദേശത്തോടെയാണ് ഞാൻ നിന്നെ കെട്ടിയത്…!

നിന്റെ വീട്ടുകാർക്ക് ഒരു വിചാരമുണ്ട് നിങ്ങളുടെ കുലമഹിമയും, സ്വജാതിസ്നേഹവും, സമ്പത്തും, ആഭിജാത്യവും, കണ്ട്‌ കണ്ണു മഞ്ഞളിച്ചാണ് ഞാൻ നിന്നെ കെട്ടിയതെന്നു…..! അല്ല….,

എന്തു ജാതിപുണ്യം പറഞ്ഞാലും കോടാനുക്കോടി സ്വത്തുണ്ടായാലും നിന്നെ കാണാൻ ഒരു വകക്കു കൊള്ളുകേലായിരുന്നെങ്കിൽ ഞാനാവഴിക്ക് വരോ…?

നിന്റെ തന്തക്കും തള്ളക്കും ആ ആങ്ങളച്ചെക്കനും മകളുടെ അല്ലെങ്കിൽ കൂടപ്പിറപ്പിന്റെ സന്തോഷത്തേക്കാൾ വലുത് മകൾ കൊമ്പത്തെ വീട്ടിൽ താമസ്സിക്കണമെന്നാണ്….,

അവരെ പമ്പരവിഡ്ഢീകൾ എന്നല്ലാതെ എന്തു പറയാൻ….?

അല്ലെങ്കിലും ഇങ്ങനെയുള്ള തന്തമാരുള്ളതാ ഞങ്ങളെ പോലുള്ളവർക്ക് സൗകര്യം….!

കൂട്ടുകൂടി കളിച്ചു നടക്കേണ്ട പ്രായത്തിലൊക്കയും പഠിപ്പും ജോലിയും തലയിൽ കയറി നടക്കുമ്പോൾ….,

നിങ്ങളെ പോലുള്ള സുന്ദരിമാർ ഞങ്ങളെ പുസ്തകപ്പുഴുക്കൾ ” എന്നു വിളിച്ചധിഷേപിക്കും…,

എന്നിട്ടോ ഞങ്ങൾ പഠിച്ചു ജോലിയൊക്കെ നേടി വരുമ്പോൾ നിന്റെയോക്കെ

അഞ്ചു ആറും കൊല്ലത്തെ ദിവ്യപ്രണയം പത്തു മിനിട്ടു നേരത്തെ ഒരു കാഴ്ച്ചയും ഒരു ചായയും കുടിക്കുന്ന നേരം കൊണ്ട് ഞങ്ങൾ ഒാക്കെ പറഞ്ഞാൽ നിന്റെയൊക്കെ അസ്ഥിക്കു പിടിച്ച ഉണക്ക പ്രേമത്തിനു പിന്നെ ഒരാഴ്ച്ചയുടെ ആയുസ്സേയുള്ളൂ….,

ചില പെണ്ണുങ്ങളാണെങ്കിൽ അഞ്ചക്ക ശബളമുള്ള ജോലി എന്നു കേൾക്കുമ്പോൾ തന്നെ തലയും കുത്തി വീഴും…!

അതു പൊതുവേ നമുക്കൊരു ബോണസാണു….!

കോർപ്പറേറ്റ് എന്നാൽ ഇൻസെന്റിവാണെന്നും സോഫ്റ്റ് വെയർ എന്നാൽ ലക്ഷ്വറിയാണെന്നും ” അവർക്കു നന്നായിട്ടറിയാം….!

നിന്നെയും ഞാൻ കെട്ടിയത് നിന്റെ സൗന്ദര്യം തന്നെയാണു അതിനു കാരണം…!

നല്ല ജോലിയും ശമ്പളവും ഫ്ലാറ്റും കാറും ഒക്കെ ഉണ്ടായപ്പോൾ അവിടെ ഒരു കുറവ് വന്നു…

സുന്ദരിയായ ഒരു ഭാര്യയുടെ…….!

അപ്പോഴാണ് ഒരു കല്യാണത്തിനിടയിൽ വെച്ചു നിന്നെ കണ്ടത്….,

അന്വേഷിച്ചപ്പോൾ സ്വജാതിയും പിന്നെ നല്ല ഫിനാൻഷ്യൽ ബാക്ക്ഗ്രൗണ്ടും….!

പിന്നെ ആകെ ഉണ്ടായിരുന്ന ഒരേ ഒരു പ്രശ്നം നിന്റെ ഉണക്ക പ്രേമം മാത്രമായിരുന്നു….!

അത് തല്ലി തകർക്കാതെ നിന്നെ കിട്ടില്ലെന്ന് എനിക്ക് മനസ്സിലായി….,

നിന്നേക്കാൾ അവനു നിന്നെ ഏറെ പ്രിയമാണെന്ന് അറിഞ്ഞതോടെ ഞാൻ മെല്ലെ കരുക്കൾ നീക്കാൻ ആരംഭിച്ചു….,

ആലോചിച്ചപ്പോൾ നിന്റെ വീട്ടുക്കാരെ കൊണ്ടു തന്നെ അതിനു സാധിക്കും എന്നെനിക്കു മനസിലായി….,

വിനീതവിധേയനായി നിന്റെ വീട്ടുകാരുടെ മുന്നിൽ അഭിനയിച്ചാൽ അത് അവർ തന്നെ പൊളിച്ചോളും എന്നു ഞാൻ ഊഹിച്ചു…,

ഞാൻ എന്റെ വിവാഹാലോചനയുമായി നേരെ നിന്റെ വീട്ടിൽ എത്തി.

അവർക്ക് എന്നെ നന്നായി ബോധിച്ചു എന്ന് മനസ്സിലായതോടെ ഞാൻ ബോധപ്പൂർവം കരുക്കൾ നീക്കാൻ തുടങ്ങി…..,

പുറത്തു നിന്നു അറിഞ്ഞ ഒരു കേട്ടറിവു പോലെ നീയൊരാളുമായി പ്രണയത്തിൽ ആണെന്ന് അവരോടു വെളിപ്പെടുത്തിയത് ഞാനാണ്‌….!

കൂടെ അവൾക്ക് അതാണ് ഇഷ്ടമെങ്കിൽ….. അത് നടത്തികൊടുക്കുന്നതാണ് നല്ലതെന്ന് ഒരു മനുഷ്യന്റെ ഏറ്റവും സൗമ്യമായ സ്വരത്തിൽ അവരോടു പറഞ്ഞപ്പോൾ….,

ഒരു നല്ല ജോലിക്കാരനായ എന്റെ ആലോചന നഷ്ടപെടുത്താനാവില്ലയെന്നു നിന്റെ അച്ഛന്റെയും അമ്മയുടെയും ചേട്ടന്റെയും മുഖം എന്നോട് വെളിപ്പെടുത്തി.

അതൊടെ എന്റെ നീക്കങ്ങൾ ശരിയായ രീതിയിൽ തന്നെയാണ് നീങ്ങുന്നത് എന്ന് അതെന്നെ ബോധ്യപ്പെടുത്തി…

ഞാൻ എല്ലാം അറിഞ്ഞു കൊണ്ടാണ് അങ്ങിനെ ഒരു ആലോചനയുമായി വന്നതെന്നറിഞ്ഞതോടെ അവർക്കെന്നെ വലിയ വിശ്വാസവും സഹായവും പോലെ തോന്നി അത്….!

നിന്റെയച്ഛൻ എന്നോട് ആവശ്യപ്പെട്ട സമയം ഒരാഴ്ച്ചയാണ്….!

മൂന്നാഴ്ച്ചയെങ്കിലും ചോദിക്കുമെന്ന് കരുതിയ എന്നെ നിന്റെയച്ഛൻ ഞെട്ടിച്ചു….!

ആ സമയം എന്റെ ഓർമ്മകൾ അതേ അവസരങ്ങളിലേ അതേ നാളുകളിലേക്ക് തിരികേ പോയി…

എന്നെ പെണ്ണു കണ്ടു പോയതിന്റെ പിറ്റേ ദിവസം വീട്ടിലേക്ക് കയറിവന്ന എന്നെ കാത്ത് മൂവരും അകത്തു തന്നെയുണ്ടായിരുന്നു.

എന്നെ കണ്ടതും അച്ഛൻ എന്നോട് പറഞ്ഞു ഞാൻ അവരോടു വാക്ക് കൊടുക്കാൻ പോകുകയാണെന്ന്.

പെട്ടെന്ന് എനിക്ക് അതൊരു ഷോക്കായിരുന്നു….,

പഠിക്കണമെന്നും എനിക്ക് ഒരു വർഷം കൂടി വേണമെന്നും എല്ലാ പെൺകുട്ടികളെയും പോലെ സ്വന്തം പ്രണയം സംരക്ഷിച്ചെടുക്കാനായി ഞാനും പറഞ്ഞെങ്കിലും അവർ വഴങ്ങിയില്ല.

അവർ എല്ലാം തീരുമാനിച്ച് ഉറപ്പിച്ചായിരുന്നു എന്നോട് സംസാരിച്ചോണ്ടിരുന്നത് ഞാൻ സംസാരിച്ചത് അതൊന്നും അറിയാതെയും ആയിരുന്നു.

അവസാനം എനിക്ക് ഒരാളെ ഇഷ്ടമാണെന്ന കാര്യം ഞാൻ പറഞ്ഞു.

അവരിൽ അതൊന്നും ഒരു ഞെട്ടലും ഉണ്ടാക്കിയില്ല…., അല്ലെങ്കിലും ഒരു കാര്യത്തിൽ രണ്ടു ഞെട്ടൽ ആവശ്യമില്ലല്ലൊ…!

അതൊക്കെ ഈ പ്രായത്തിൽ സർവ സാധാരണമാണെന്നും കാര്യത്തോടടുക്കുമ്പോൾ പെൺകുട്ടികൾ തന്നെ അതെല്ലാം കൈയ്യൊഴിയാറാണ് പതിവെന്നും പറഞ്ഞു അവർ അതിനെ നിസാരവൽക്കരിക്കാനാണ് ശ്രമിച്ചത്…..!

ഇതല്ലാതെ മറ്റ് പ്രശ്നങ്ങളൊന്നുമില്ലലോ….? എന്നവർ ചോദിച്ചപ്പോൾ അവരതിന് യാതൊരു വിലയും കല്പിച്ചിട്ടില്ലായെന്നത് എനിക്ക് അന്ന് വലിയ ഒരു ഷോക്കായിരുന്നു.

അന്നു തന്നെ എന്റെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങി വെക്കുകയും വളരെ ചുരുങ്ങിയ സമയം കൊണ്ട് നിശ്ചയം കഴിക്കാതെ നേരിട്ട് കല്യാണം നടത്തുകയായിരുന്നു അവർ….!

“അന്നു തൊട്ട് എന്നെ എങ്ങോട്ടും പോകാൻ സമ്മതിക്കാതെ എനിക്കും ചുറ്റും എപ്പോഴും ആളെ നിലനിർത്തി ഇടം വലം തിരിയാൻ സമ്മതിക്കാതെ അവർ അവരുടെ ലക്ഷ്യം നേടിയെടുത്തു….!

ഒാർമ്മയിൽ നിന്നടർന്ന് വീണ്ടും ഞാനവരെ നോക്കിയതും അവരെന്നോട് പറഞ്ഞു…!

എന്നേ പോലുള്ളവർ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഉറക്കമൊഴിച്ചിരുന്നു പഠിക്കുകയും ചെറുപ്പത്തിലെ സാധാരണ പിള്ളേരു ചെയ്യുന്നതൊന്നും ചെയ്യാതെ വെറും പഠിപ്പ് ജോലി എന്ന ഒറ്റ വിചാരമായി നടന്ന്…,

ഒരു പെണ്ണിന്റെയും മുഖത്തു പോലും നോക്കാതെ എല്ലാ കൗമാരരസങ്ങളെയും കാറ്റിൽ പറത്തി അഹോരാത്രം കഷ്ടപ്പെട്ട് ഭാവിയെ മാത്രം മുന്നിൽ കണ്ട് ജീവിക്കുന്ന എന്നെ പോലുള്ളവന്മാരെ വിട്ട് നാട്ടിൽ തേരാപാരാ കറങ്ങി നടക്കുന്ന കണ്ട തെണ്ടിപിള്ളേരാരും അങ്ങിനെ നിന്നെ പോലുള്ള സുന്ദരികളെ വളച്ചോണ്ടു പോകണ്ട….!

എനിക്ക് ആവശ്യം നിന്റെ സൗന്ദര്യം മാത്രമാണ്….!

പാർട്ടികൾക്കും മറ്റും പോകുമ്പോൾ കണ്ടു നിൽക്കുന്നവർ പറയണം Your Wife Is So Cute ” എന്ന്…! അതിനാണ്,

പണ്ടു പുസ്തകപ്പുഴു എന്നു വിളിച്ചിരുന്ന നിന്നേപ്പോലുള്ളവർക്കുള്ള പണിയാണ് ഇത് ആ പേരു മാറ്റി ഏട്ടാ ” എന്നു നിന്നെ പോലുള്ളവരെ കൊണ്ടു വിളിപ്പിക്കുന്ന നല്ല എട്ടിന്റെ പണി…!

ഇപ്പം മനസിലായോ നിനക്ക് സൗന്ദര്യത്തിലല്ല കാര്യം സ്റ്റാറ്റസിലാണ് എന്ന്..!

അയാൾ പറഞ്ഞു നിർത്തിയതും എല്ലാവിധത്തിലും ചതിക്കപ്പെടുകയായിരുന്നു എന്നു മനസിലാക്കിയ ഞാൻ

രോഷം കൊണ്ടു പൊട്ടിതെറിച്ച് അയാളെ നോക്കി പറഞ്ഞു….!

വിദ്യാഭ്യാസം കൊണ്ട് മനസിന്റെ വിശാലത കൂട്ടാനാവില്ല അതിന് സാമാന്യബോധം എന്നൊന്നു വേണം…!

പിന്നെ ഞാൻ എന്റെ വലം കൈയിലെ ചൂണ്ടു വിരൽ നെറ്റിയിൽ മുട്ടിച്ചു കൊണ്ട് അയാളോടു പറഞ്ഞു

” ഞാൻ നിങ്ങളോട് ഇണങ്ങി ചേരാൻ ശ്രമിച്ചത് ഈ തലച്ചോറു കൊണ്ടാണ്…, പക്ഷെ തുടർന്ന് വീണ്ടും എന്റെ വലം കൈ ഇടം നെഞ്ചിലമർത്തി കൊണ്ട് ഞാൻ പറഞ്ഞു ഞാനവനെ സ്നേഹിച്ചത് ഇവിടം കൊണ്ടാണ് ഇവിടം കൊണ്ടു മാത്രം….!

ഒരു പെണ്ണിനൊരാളെ സ്നേഹിക്കാൻ താലി ചരടിന്റെ ആവശ്യമില്ല അവരുടെ ഒാർമ്മകൾ തന്നെ ധാരാളമാണ്…!

പണം കൊണ്ടും പദവി കൊണ്ടും നേടാനാവാത്ത പലതുമുണ്ട് അതിൽപ്പെട്ട ഒന്നാണ് പെണ്ണിന്റെ മനസ്സ് ” അതവൾ പളുങ്കുപാത്രം പോലെ സൂക്ഷിക്കുന്നതാണ് സ്വന്തം ഹൃദയത്തിന്റെ ഉടമക്കു വേണ്ടി….!

അതൊരിക്കലും നിങ്ങളെപ്പോലുള്ളവർക്കു മനസ്സിലാവില്ല….,

ഒരു പെണ്ണിന്റെ ഹൃദയം നിർമ്മിച്ചിരിക്കുന്നത് ” അവളുടെ ജാതി കൊണ്ടോ മതം കൊണ്ടോ പണം കൊണ്ടോ കുലമഹിമ കൊണ്ടോ അല്ല അതവളുടെ സ്വപ്നങ്ങൾ കൊണ്ടാണ്….!

അതു മനസ്സിലാവുന്ന കാലം നിങ്ങൾ തിരിച്ചറിയും

” സ്നേഹം എന്നാൽ അതു ഹൃദയം മനസ്സിൽ നട്ടു വളർത്തുന്ന സ്വപ്നങ്ങളാണെന്ന്….!

അതു വരെയും നിങ്ങൾ പുസ്തകപ്പുഴുക്കൽ തന്നെയായിരിക്കുമെന്ന്….!

രചന: Pratheesh

Leave a Reply

Your email address will not be published. Required fields are marked *