കല്യാണം കഴിഞ്ഞാ അച്ഛനുമമ്മയും പറയണ പോലെ ഞാൻ ജോലിക്കൊന്നും പോവൂല്ല.

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Meenu Devu

എല്ലാ പ്രവാസികളുടേയും പൊതുവായ പ്രശ്നമാണല്ലോ പെണ്ണ് കെട്ടാൻ ടൈമില്ല എന്നത്.. ഇനി ടൈം ആവിശ്യത്തിനുണ്ടെങ്കിലും കെട്ടാൻ പെണ്ണില്ല…. ഞാനും ഒരു പ്രവാസി. ഈ പ്രയാസങ്ങളെല്ലാം അനുഭവിക്കുന്ന സാധാരണയൊരു പ്രവാസി

ഇപ്രാവിശ്യം ലീവിന് നാട്ടിൽ വന്നപോഴേ മനസിലുറപ്പിച്ചിരുന്നു എൻ്റെ കല്യാണം.

ബ്രോക്കർ നാണുവേട്ടനോട് ഡിമാൻ്റൊന്നും പറഞ്ഞില്ല, എനിക്ക് ചേരണം,എൻ്റെ അമ്മയ്ക്കിഷ്ടപ്പെടണം, അത്രമാത്രം.

ഗൗരീടെ കാര്യം നാണുവേട്ടൻ പറഞ്ഞപ്പോ എന്തോ എനിക്കിഷ്ടായില്ല.. സോഫ്റ്റ് വെയർ എഞ്ചിനീയറാണ്, ജോലി എറണാകുളത്ത്.. അവർക്കും ഡിമാൻ്റൊന്നുമില്ല. ആകെയുള്ളത് ന്യായമായ ആവിശ്യം വിവാഹം കഴിഞ്ഞും ജോലിക്ക് പോണം അത്രമാത്രം.

ഫോട്ടോ കണ്ടപ്പോൾ അമ്മയ്ക്കിഷ്ടായി. പോയി പെണ്ണ് കണ്ട് കളയാം എന്ന് തന്നെ തീരുമാനിച്ചു. നാണുവേട്ടനെ വിളിച്ച് തിങ്കളാഴ്ച്ച വരും എന്നവരേയുമറിയിച്ചു.

അപ്പോളാ എനിക്കൊരൈഡിയ തോന്നിയേ.. പറഞ്ഞിട്ട് പെണ്ണ് കാണാൻ ചെന്നാൽ അവൾ ഒരുങ്ങിയിരിക്കും, എൻ്റെ മനസിനോടിണങ്ങിയവളാണോ എന്ന് മനസിലാകാൻ പ്രയാസമാവും.

ഞാനാണ് ചെറുക്കനെന്ന് പറയാതെ പോയി കണ്ടാലെന്താ

കാര്യം നാണുവേട്ടനോട് വിളിച്ചുപറഞ്ഞു. ഏട്ടൻ എതിർപ്പൊന്നും പറഞ്ഞില്ല.

അങ്ങനെ ഞാനും നാണുവേട്ടനും ഞായറാഴ്ച്ച ഗൗരിയെ കാണാൻ പുറപ്പെട്ടു.

ബസ്സിറങ്ങി പിന്നെ കുറച്ച് നടക്കണം. തീർത്തും ഒരു ഗ്രാമപ്രദേശം.. പാടത്തിൻ്റെ വരമ്പിലൂടെ ഓരം ചേർന്ന് നടന്നപ്പോൾ എന്തോ മനസിനൊരു കുളിർമ..

വീട്ടിലെത്തിയപ്പോ മുൻവശത്തെ വാതിലടഞ്ഞ് കിടക്കണൂ. നാണുവേട്ടൻ എന്നെയൊന്ന് നോക്കി. നിരാശയായിരുന്നു മുഖഭാവം

പെട്ടെന്നാ പിന്നിൽ നിന്നൊരു പെണ്ണിൻ്റെ ശബ്ദം. “ന്താ നാണുവേട്ടാ ഇപ്പോ അവര് വരണത് നാളെയല്ലേ” ഗൗരീടെ മുഖത്തൊരു വെപ്രാളവും പരവേശവും ഇനി ഞാനാണോ ചെറുക്കൻ എന്ന ചിന്തയും ഒക്കെ നിഴലിച്ചിരുന്നത് വ്യക്തമായ് എനിക്ക് വായിക്കാൻ കഴിയുന്നുണ്ടായിരുന്നു.. “ആ അതെ മോളേ ഞങ്ങൾ വേറെ ഒരിടം വരെ പോണ വഴിയാ, ഇതിലെ പോയപ്പോ നാളത്തെ കാര്യമൊന്നോർമ്മിപ്പിക്കാം എന്ന് കരുതി കയറിയതാ”

“നാണുവേട്ടൻ ഇന്ന് വന്നതേതായാലും നന്നായി അച്ഛനുമമ്മയുമുള്ളപ്പോ എനിക്കിതൊന്നും പറയാൻ പറ്റില്ല”

മുഖത്തെ ഭാവമാകെ മാറിയിരിക്കുന്നു ഗൗരീടെ, ആ കണ്ണിലിപ്പോ ന്താ ഭാവമെന്ന് പറയാൻ പ്രയാസം

“ന്താ കാര്യം പറ കുട്ട്യേയ്” നാണുവേട്ടനും വെപ്രാളം

“അത് നാണുവേട്ടാ എനിക്കീ ഗൾഫുകാരനെയൊന്നും വേണ്ട ഭർത്താവായിട്ട്, നാട്ടിൽ ജോലിയുള്ളയാള് മതി അതിപ്പോ ഒരു കൃഷികാരനായാലും വേണ്ടീല്ല, എൻ്റെ കൂടെ എന്നും ഉണ്ടാവൂല്ലോ? പിന്നെ നാണുവേട്ടാ കല്യാണം കഴിഞ്ഞാ അച്ഛനുമമ്മയും പറയണ പോലെ ഞാൻ ജോലിക്കൊന്നും പോവൂല്ല. വീട്ടിൽ കെട്ടണ ചെക്കൻ്റെ അച്ഛനേയും അമ്മയേം നോക്കീ അവൻ്റെ പിള്ളേരുടെ അമ്മയായ്,നല്ലൊരു ഭാര്യയായ് ജീവിക്കാന എനിക്കിഷ്ടം” അതോണ്ട് നാണുവേട്ടൻ അത്തരം നല്ല ചെക്കന്മാരേം കൊണ്ടിങ്ങ് വന്നാ മതി..

ഒന്നിരുത്തി മൂളുക മാത്രം ചെയ്ത് നാണുവേട്ടൻ എന്നേയും കൂട്ടി തിരികെ നടന്നു..

തിരികെപോരുമ്പോ ഞാൻ മനസ്സിലുറപ്പിച്ചിരുന്നു എൻ്റെ പെണ്ണിൻ്റെ പേര്. കൂടാതെ പ്രവാസമെന്ന പ്രയാസത്തോട് വിടപറയാനും..

ഇപ്പോ ഞാനൊരു തയ്യാറെടുപ്പിലാ പെണ്ണ് കാണൽ അതേന്ന് ഞാനെൻ്റെ ഗൗരിയെ കാണാൻ പോകുവ

ചെറുക്കൻ്റെ സ്ഥാനത്ത് എന്നെ കാണുമ്പോ ആ മുഖത്തുണ്ടാവുന്ന ഞെട്ടലെനിക്കുഹിക്കാം..

തനിയെ സംസാരിക്കാൻ കിട്ടുന്ന നിമിഷത്തിൽ അവളോട് പറയണം “അച്ഛനോട് ഗൾഫുകാരനെന്ന് പറയണന്നേയുള്ളൂ നിന്നെ കെട്ടികഴിഞ്ഞാ നിന്നെ വിട്ട് ഞാനെങ്ങും പോവില്ലെന്ന്, തൊടിയിൽ കിളയ്ക്കാൻ തുമ്പ എടുത്തുവെച്ചിട്ട ഇങ്ങോട്ട് വണ്ടിപിടിച്ചേന്ന്”

NB: നാട്ടിൻപുറവും നാടിൻ്റെ നന്മയേയും സ്നേഹിക്കുന്നെല്ലാവർക്കും വേണ്ടി സമർപ്പിക്കുന്നു

രചന: Meenu Devu

Leave a Reply

Your email address will not be published. Required fields are marked *