അവളെ കൈയ്യില്‍ കോരിയെടുത്ത് മുറിയിലേക്ക് കയറി വാതില്‍ കാലുകൊണ്ട് തോണ്ടി അടച്ചു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന:വിനു മഠത്തില്‍

രാത്രിയുടെ ഏതോ യാമത്തില്‍ ഉണര്‍ന്നപ്പോള്‍ എന്‍റെ മാറോട് പറ്റിച്ചേര്‍ന്നു കിടന്ന ദേവു കിടക്കയില്‍ ഉണ്ടായിരുന്നില്ല. ബെഡ് ലാമ്പിന്‍റെ അരണ്ടവെളിച്ചത്തില്‍ ബാല്‍ക്കണിയിലേക്കുള്ള വാതില്‍ തുറന്ന് കിടക്കുന്നത് ഞാന്‍ കണ്ടു.

കാലം തെറ്റിപെയ്യുന്ന കനത്ത മഴയും വീശിയടിക്കുന്ന കാറ്റും പ്രകൃതിയെ കുളിരിണിയിക്കാന്‍ തമ്മില്‍ മത്സരിക്കുന്നത് പോലെ. തണുപ്പ് ശരീരത്തിലേക്ക് അരിച്ചുകയറുന്നത് അറിഞ്ഞപ്പോള്‍ ബെഡ് ഷീറ്റ് വാരിപുതച്ചുകൊണ്ട് ഞാന്‍ ബാല്‍ക്കണിയിലേക്ക് നടന്നു. ചാരുപടിയില്‍ പിടിച്ചുകൊണ്ട് അവള്‍ മഴയിലേക്ക് നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. വീശിയടിച്ച കാറ്റില്‍ മഴച്ചാറ്റല്‍ അവളെ ചെറുതായിട്ട് നനയ്ക്കുന്നത് അവള്‍ അറിയുന്നില്ലെന്ന് എനിക്ക് തോന്നി.

” ദേവൂ..”

നിനച്ചിരിക്കാതെ എന്‍റെ ശബ്ദം കേട്ടത് കൊണ്ടാവണം അവള്‍ ഒന്ന് ഞെട്ടി. തിടുക്കത്തില്‍ മുഖം തുടച്ച്‌കൊണ്ട് അവള്‍ എന്നെ നോക്കി ചിരിച്ചു. തെരുവ് വിളക്കിന്റെ മങ്ങിയ മഞ്ഞ വെളിച്ചത്തില്‍ അവളുടെ കവിളില്‍ ഒരു നീര്‍ച്ചാലിന്റെ തിളക്കം ഞാന്‍ കണ്ടു.

അവളുടെ അടുത്ത് ചെന്ന് ആ മുഖം കൈയ്യില്‍ എടുത്ത് കണ്ണുകളിലേക്ക് നോക്കിയപ്പോള്‍ അവ രണ്ടും കലങ്ങി ചുവന്നിരിക്കുന്നു. അവള്‍ കരഞ്ഞിട്ടുണ്ടെന്ന് എനിക്ക് മനസിലായി. വിവാഹം കഴിഞ്ഞ് ഈ ആറു മാസങ്ങൾക്കിടെ ഒരിക്കല്‍ പോലും അവളുടെ കണ്ണുകള്‍ നിറയാന്‍ ഞാന്‍ ഇടവരുത്തിയിട്ടില്ല. പക്ഷേ ഇന്ന് ഞങ്ങളുടെ ജീവിതത്തിലെ തന്നെ ഏറ്റവും സുന്ദരവും സന്തോഷകരവുമായ ഒരു ദിവസം ആയിരുന്നു. എന്‍റെ ജീവന്റെ ഒരു അംശം അവളുടെ ഉദരത്തില്‍ തുടിച്ചു തുടങ്ങി എന്ന് ഞങ്ങള്‍ അറിഞ്ഞ ദിവസം.

പ്രണയ വിവാഹം ആയിരുന്നു ഞങ്ങളുടേത് നീണ്ട അഞ്ചു വര്‍ഷത്തെ പ്രണയം. ആദ്യത്തെ രണ്ടുവര്‍ഷം ഒരു പ്രശ്നവും ഇല്ലാതെ കടന്നുപോയെങ്കിലും പിന്നീട് ഞങ്ങളുടെ പ്രണയം അവളുടെ വീട്ടില്‍ പിടിക്കപ്പെട്ടു.

അതോടെ അവളുടെ പഠിത്തം അവസാനിച്ചു ഞാനുമായി ബന്ധപ്പെടുന്നതില്‍ നിന്നും വീടിന് പുറത്തിറങ്ങുന്നതില്‍ നിന്നും അവളെ വീട്ടുകാര്‍ കര്‍ശനമായ് വിലക്കി. ഇതിനിടെ അവളെ അകലെയുള്ള അമ്മാവന്‍റെ വീട്ടിലേക്ക് മാറ്റിയിരുന്നു. പിന്നീട് രണ്ട് വര്‍ഷത്തോളം അവളെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. നെഞ്ച് നീറിപ്പുകയുമ്പോഴും എനിക്കുറപ്പുണ്ടായിരുന്നു എന്നെങ്കിലും ഒരിക്കല്‍ അവള്‍ എന്നെ തേടി വരുമെന്ന്. കാരണം ഞങ്ങളുടെ പ്രണയം പരിശുദ്ധമായിരുന്നു സത്യവും. രണ്ട് വര്‍ഷത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അവള്‍ ആദ്യം വിളിച്ചത് എന്നെയായിരുന്നു. ഇടക്കെപ്പോഴോ വാടിപ്പോയ ഞങ്ങളുടെ പ്രണയമാകുന്ന പനിനീര്‍ ചെടിയില്‍ വസന്തം മടങ്ങിയെത്തുകയായിരുന്നു. സൂര്യന്‍ ഉദിക്കുന്നതും, പൂക്കള്‍ വിടരുന്നതും, കുയിലുകള്‍ പാടുന്നതും ഞങ്ങള്‍ക്ക് വേണ്ടി മാത്രമായിരുന്നുവെന്ന് എനിക്ക് തോന്നിയിരുന്നു അത്രമേല്‍ സുന്ദരമായിരുന്നു ആ ദിനങ്ങള്‍.

പക്ഷേ വിധി ഒരു വിവാഹാലോചനയുടെ രൂപത്തില്‍ വീണ്ടും ഞങ്ങളുടെ ഇടയില്‍ വന്നു. പക്ഷേ തനിക്കൊരു പ്രണയമുണ്ടെന്നും ഒരു താലി അവളുടെ കഴുത്തില്‍ വീഴുന്നുണ്ടെങ്കില്‍ അത് എന്‍റെ കൈകൊണ്ട് ആവുമെന്ന് പറഞ്ഞ് ചെറുത്തുനിന്നു അവള്‍. ആദ്യമായി അച്ഛന്റെയും ചേട്ടന്റെയും മര്‍ദനം ഏറ്റുവാങ്ങിയും ദിവസങ്ങളോളം ജലപാനമില്ലാതെ ഒരു മുറിയില്‍ അടച്ചുകിടന്നും ആരോഗ്യനില വഷളായ അവളെ അവളുടെ അച്ഛന്റെ എതിര്‍പ്പിനും ചേട്ടന്റെ കൈയ്യിലെ വാക്കത്തിക്കും മുന്നിലൂടെ വിളിച്ചിറക്കി അവളുടെ പ്രിയപ്പെട്ട കണ്ണനെ സാക്ഷിയാക്കി താലിചാര്‍ത്തി സ്വന്തമാക്കിയപ്പോള്‍ ലോകം വെട്ടിപ്പിടിച്ച സന്തോഷം ആയിരുന്നു എനിക്ക്.

ഒഴുകിയിറങ്ങിയ കണ്ണുനീര്‍ തുടച്ചുമാറ്റി അവളുടെ പിറകില്‍ നിന്നുകൊണ്ട് ഇടുപ്പിലൂടെ വട്ടംപിടിച്ച് പിന്‍കഴുത്തില്‍ കവിള്‍ ചേര്‍ത്തുവെച്ച് അവളോടൊപ്പം മഴയിലേക്ക് നോക്കിനില്‍ക്കുമ്പോള്‍ ആഞ്ഞുവീശിയ കാറ്റില്‍ മഴച്ചാറ്റല്‍ ഞങ്ങളെ പുണര്‍ന്നു. മഴ ശക്തിപ്രാപിച്ചു കാറ്റും. മഴച്ചാറ്റല്‍ ഏറ്റു നനഞ്ഞ അവളുടെ ഉടല്‍ ചെറുതായി വിറക്കുന്നുണ്ടായിരുന്നു. പുതച്ചിരുന്ന ബെഡ് ഷീറ്റുകൊണ്ട് അവളെ പൊതിഞ്ഞുപിടിച്ചുകൊണ്ട് ഞാന്‍ അടുത്തുകണ്ട ചാരുകസേരയിലേക്കിരുന്നു.

ഒരു പൂച്ചക്കുഞ്ഞിനെപോലെ എന്‍റെ ചൂടേറ്റ് നെഞ്ചിലേക്ക് പറ്റിച്ചേര്‍ന്നു കിടന്ന അവളുടെ നെറുകയിലെ സിന്ദൂരച്ചുവപ്പില്‍ അമര്‍ത്തി ഉമ്മവെച്ചപ്പോള്‍ അവളില്‍ നിന്നും ഒരു കുറുകല്‍ ഉയര്‍ന്നു.

” ദേവൂട്ടാ..”

” ഉം..”

” എന്ത് പറ്റിയെടാ എന്‍റെ കുട്ടിക്ക്..”

” ഒന്നുല്ല്യ ഏട്ടാ..”

” അതല്ല.. എന്തോ ഉണ്ട് നിന്നെ ഞാന്‍ ഇന്നോ ഇന്നലെയോ കാണാന്‍ തുടങ്ങീതല്ലാലോ.. പറയ്‌ എന്താ പറ്റിയെ..”

മുഖം ഉയര്‍ത്തി അവള്‍ വല്ലായ്മയോടെ എന്നെയൊന്ന് നോക്കി. നിറഞ്ഞു വരുന്ന കണ്ണുകളെ എന്നില്‍നിന്നും മറച്ചുകൊണ്ട് എന്‍റെ നെഞ്ചിലേക്ക് അവള്‍ മുഖം പൂഴ്ത്തി.

കണ്ണുനീര്‍ എന്‍റെ മാറിനെ പൊള്ളിച്ചുകൊണ്ട് ഒഴുകിയിറങ്ങിയപ്പോള്‍ അവളെ ഞാന്‍ ഒന്നുകൂടെ ചേര്‍ത്തുപിടിച്ചു. ഏങ്ങല്‍ നിലച്ചപ്പോള്‍ ഞാന്‍ അവളുടെ മുഖം ഉയര്‍ത്തി ഒഴുകിപ്പരന്ന കണ്ണുനീര്‍ തുടച്ചുമാറ്റി.

” ദേവൂട്ടാ.. ഞാനൊരു കാര്യം ചോദിച്ചാല്‍ നീ സത്യം പറയണം..”

” ഉം എന്താ ഏട്ടാ..”

” നീയിന്ന് അമ്മയെക്കുറിച്ച് ഓര്‍ത്തോ..”

അല്പസമയം നിശബ്ദമായി അവള്‍ എന്‍റെ കണ്ണുകളിലേക്ക് നോക്കിയിരുന്നു. ” ഉം.. അമ്മയും അച്ഛനും ഏട്ടനും എല്ലാം എന്നെ ശപിച്ചിട്ടുണ്ടാവും അല്ലേ ഏട്ടാ.. നമുക്കൊരു വാവ ഉണ്ടാവാന്‍ പോണ വിവരം അറിഞ്ഞാലെങ്കിലും എന്നോടുള്ള ദേഷ്യം ഒക്കെ മറന്ന് അവര് ഓടിവരുമായിരിക്കും അല്ലെ…”

അവള്‍ പ്രതീക്ഷയോടെ എന്‍റെ മുഖത്തേക്ക് നോക്കി. വിവാഹം കഴിഞ്ഞതില്‍ പിന്നെ അവളുടെ വീട്ടുകാര്‍ ഒരു ഫോണ്‍കോളിലൂടെ പോലും അവളുടെ വിവരം അന്വേഷിച്ചിട്ടില്ല. അതിന്‍റെ സങ്കടം അവളുടെ ഉള്ളിലുണ്ട് പക്ഷേ ഇന്നേവരെ അത് അവള്‍ പുറത്ത് കാണിച്ചിട്ടില്ല.

” കുറച്ച് ദിവസം കഴിയട്ടെ ദേവൂട്ടാ ഞാന്‍ പോയി പറയാം അച്ഛനോടും അമ്മയോടും നിന്‍റെ സന്തോഷം അല്ലേ പെണ്ണേ എനിക്ക് വലുത്…”

സന്തോഷവും ആശ്ചര്യവും കൊണ്ടു വിടര്‍ന്ന മുഖത്തോടെ അവള്‍ എന്നെ നോക്കിയിട്ട് എന്‍റെ കൈ എടുത്ത് അവളുടെ വയറ്റിലേക്ക് ചേര്‍ത്തുവെച്ചുകൊണ്ട്‌ ചോദിച്ചു.

” സത്യം.. നമ്മുടെ വാവയാണെ സത്യം..”

” ഉം നീയാണേ നമ്മുടെ വാവയാണെ സത്യം…”

” എന്‍റെ ചെക്കന് ഒരുപാടിഷ്ടത്തോടെ നെറ്റിയില്‍ ഒരു ഉമ്മ തരട്ടേ…”

” മൂക്കിന്‍ തുമ്പില്‍ കടിക്കരുത്..”

” ഇല്ല കവിളില്‍ കടിക്കും എന്‍റെ പല്ല് പതിയുന്നത് വരെ..”

പറഞ്ഞതും അവള്‍ എന്‍റെ കവിളില്‍ കടിച്ചു. സുഖകരമായ ഒരു നീറ്റല്‍ എന്‍റെ കവിളില്‍ അനുഭവപ്പെട്ടു. മുഖം ഉയര്‍ത്തി കുസൃതിയോടെ അവള്‍ എന്നെ നോക്കി. ഇളം ചൂടുള്ള അവളുടെ അധരങ്ങള്‍ എന്‍റെ കവിളില്‍ അമര്‍ന്നു. ചുണ്ടുകള്‍ അകന്നപ്പോള്‍ ഞാന്‍ അവളെ പ്രേമത്തോടെ നോക്കി.

” നാണം വരുന്നു ചെക്കാ മതി, ഞാന്‍ കണ്ണടച്ചു..”

കൈകള്‍ കൊണ്ട് അവള്‍ മുഖം പൊത്തിയപ്പോള്‍ ആ കൈകള്‍ മാറ്റി ഞാന്‍ അവളെ നോക്കി. നാണത്താല്‍ ചുവന്നുതുടുത്തിട്ടുണ്ടായിരുന്നു അവളുടെ മുഖം.

” ചുവന്ന് കൂമ്പിയ താമരമൊട്ട് പോലുള്ള നിന്‍റെയീ മുഖം കാണാന്‍ വല്ലാത്ത ചന്തം ആണ് പെണ്ണെ..”

” നിന്‍റെ കൈകള്‍ മാത്രം മതി ആ മൊട്ട് വിരിയാന്‍..”

പാതി കൂമ്പിയ കണ്ണുകളാല്‍ അവളെന്നെ നോക്കി വശ്യമായി പുഞ്ചിരിച്ചു.

” ഓരോ ഇതളും തഴുകിയുണര്‍ത്തുമ്പോള്‍ വിരിഞ്ഞു മുറുക്കണം താമരവള്ളികളാവുന്ന കൈകളാല്‍ നീയെന്നെ..”

വിടര്‍ന്ന അവളുടെ ചുണ്ടിണകളിലേക്ക് എന്‍റെ ചുണ്ടുകള്‍ അടുക്കവേ താമരയുടെ മധു നുകര്‍ന്ന ആലസ്യത്താല്‍ മയങ്ങുന്ന കുഞ്ഞു വണ്ടിനെപ്പോലെ അവളുടെ മേല്‍ച്ചുണ്ടിലെ ആ കാക്കപുള്ളി ഞാന്‍ കണ്ടു.

” ഡാ കള്ളാ ഒരു കുഞ്ഞു താമരമൊട്ട് എന്‍റെ ഉള്ളിലുള്ളത് ഓര്‍മവേണംട്ടോ..”

അവള്‍ എന്‍റെ ചെവി പിടച്ച് തിരുമ്മുന്നത്തിനിടെ ഓര്‍മിപ്പിച്ചു. അവളെ കൈയ്യില്‍ കോരിയെടുത്ത് മുറിയിലേക്ക് കയറി വാതില്‍ കാലുകൊണ്ട് തോണ്ടി അടച്ചിട്ട് അവളോടൊപ്പം ഞാന്‍ കിടക്കയിലേക്ക് അമര്‍ന്നപ്പോള്‍ നാണം കൊണ്ട് അവളുടെ സ്വര്‍ണകൊലുസുകള്‍ കിലുങ്ങി ചിരിക്കുന്നുണ്ടായിരുന്നു. രചന:വിനു മഠത്തില്‍

Leave a Reply

Your email address will not be published. Required fields are marked *