ജീവിക്കുമ്പോൾ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന :Shamsudheen Cm‎

‘ അല്ലേലും എനിക്കിവിടെ ആരാ ഉള്ളത്.. എന്റെ വിഷമങ്ങൾ ആരാ മനസ്സിലാക്കുന്നെ..’

അടുക്കളയിൽ ശ്രുതി മാത്രമേയുള്ളൂ… അടുപ്പിൽ നിന്നും പുക വല്ലാതെ പുറത്തേക്ക് വരുന്നു.. കത്തിച്ചതിന്റെ കുഴപ്പം തന്നെയാണ്.. ഈ വക ജോലികൾ ചെയ്തു തീരെ ശീലമില്ലാതാനും.. അതിനിടയിൽ അവളുടെ കണ്ണുകൾ നിറയുന്നുണ്ട്.. കൈകൾ കൊണ്ട് കണ്ണുനീരിനെ തുടച്ചു മാറ്റുന്നുണ്ട്..

വിയർക്കുന്നുമുണ്ട്.. ഇതിനെല്ലാം ഇടയിലാണ് തന്റെ സങ്കടം പറച്ചിൽ.. കേൾവിക്കാരായി ആരുമില്ല.. ; ദൈവം ഒഴികെ.. ദൈവം പോലും അതിന് ഉത്തരം നൽകുന്നില്ല.. ഉത്തരം നൽകിയിരുന്നേൽ ഇന്നിങ്ങനെ സങ്കടം പറയേണ്ടി വരില്ലായിരുന്നല്ലോ.. ദേഷ്യം അടങ്ങുന്നില്ല.. പുകയുടെ ശല്യപ്പെടുത്തലുകളും ദേഷ്യത്തിന്റെ ആക്കം കൂട്ടുന്നു.. ശ്രുതി വീണ്ടും തുടർന്നു…

‘ വീട്ടുകാരോട് അന്നേ പറഞ്ഞതാ ഇപ്പോൾ തന്നെ കല്യാണം വേണ്ടാന്നു.. അപ്പൊ എല്ലാവർക്കും ഉപദേശം.. ഒടുവിൽ എന്റെ ജീവിതം തുലഞ്ഞപ്പോൾ എല്ലാവർക്കും സമാദാനമായി കാണും… ഈ ബന്ധം തന്നെ വേണ്ടാന്ന് ഞാൻ ആശിച്ചതാ.. എന്ത് ചെയ്യാം… എന്റെ ആഗ്രഹങ്ങൾക്ക് പ്രസക്തിയില്ലലോ.. ‘

ആരോടെന്നില്ലാതെ പറയുന്നതിൽ അവൾ സുഖം കണ്ടെത്തിക്കാണും.. അല്ലെങ്കിൽ ഇടക്കിടക്ക് ഇത് ആവർത്തിക്കില്ലലോ.. കേൾവിക്കാരില്ലാതെ സങ്കടം പറഞ്ഞു തീർക്കുമ്പോഴും മുഖത്തു ഭാവങ്ങൾ മാറി മറഞ്ഞു.. വാക്കുകൾക്കതീതമായി കൈകളും ചലിക്കുന്നുണ്ട്..

പറഞ്ഞെതെല്ലാം സത്യം തന്നെയായിരുന്നു.. വിവാഹത്തിന് സമ്മതമൊന്നും ഉണ്ടായിരുന്നു.. പഠിക്കാനുള്ള ആഗ്രഹം.. മറ്റൊരാളുടെ അടുക്കളയിൽ തന്റെ ജീവിതം ഒതുക്കി തീർക്കാൻ അവൾ തയ്യാറായിരുന്നില്ല.. വീട്ടിൽ വിഷയം അവതരിപ്പിച്ചപ്പോൾ അവളുടെ വാക്കുകളോട് പുച്ഛം.. ആരും വില കല്പിക്കുന്നില്ല… ഒടുവിൽ കണ്ണീരിൽ ചാലിച്ചു തന്റെ ആവശ്യങ്ങൾ അപേക്ഷിച്ചപ്പോൾ കുടുംബക്കാരുടെ പ്രവാഹമായിരുന്നു.. ഏവരും ഉപദേശിക്കാനെന്ന ഒറ്റ കാരണം മുനിർത്തി കൊണ്ട് മാത്രം…

ഇത്രയും നല്ല ബന്ധം വേറെ വരില്ലത്രേ… അല്ലെങ്കിൽ തന്നെ ചെറു പ്രായത്തിൽ കല്യാണം കഴിക്കുന്നതിൽ എന്താ കുഴപ്പം..? അനുഭവത്തിന്റെ വെളിച്ചത്തിൽ മറ്റൊരമ്മായി.. ഒടുവിൽ ശ്രുതിയുടെ കണ്ണീരിന് പകരമായി അമ്മയുടെ കണ്ണീർ.. കാര്യം സാധിച്ചെടുക്കാൻ വേണ്ടി.. അവളുടെ ആഗ്രഹം ഉപേക്ഷിക്കാൻ വേണ്ടി..

ഒടുവിൽ വിജയം കണ്ടു… ആർക്കോ വേണ്ടി ഒരന്യ പുരുഷന്റെ മുന്നിൽ തല തായ്ത്തി.. സ്വന്തം വീട് വിട്ട് മറ്റൊരാളുടെ വീട്ടിലേക്ക്.. ഇനി അതാണ് നിന്റെ വീടെന്ന വാക്കുകൾ പലരിൽ നിന്നായി ലഭിച്ചു..

‘ അല്ലെങ്കിൽ തന്നെ എന്നെ അദ്ദേഹമിന്നു വരെയൊന്നു സ്പർശിച്ചിട്ടുണ്ടോ..? ഏതൊരു പെണ്ണിന്റെയും ആഗ്രഹം ആയിരിക്കില്ലേ ഇതെല്ലാം.. ഭർത്താവിനോടൊപ്പമുള്ള താന്തോഷ ജീവിതം… അത് അദ്ദേഹം എനിക്ക് നൽകിയിട്ടുണ്ടോ.. ? എന്റെയത്രയും ഭാഗ്യം കെട്ടവൾ ഈ ഭൂമിയിൽ ഉണ്ടാവില്ല ദൈവമേ.. ‘

‘ എന്താടീ നിനക്ക് ഭാഗ്യക്കേട്.. ‘

പെട്ടെന്നായിരുന്നു വിഷ്ണുവിന്റെ ശബ്ദം.. അതും ഒരലർച്ച പോലെ.. ഗൗരവവും ദേഷ്യവും ആ വാക്കുകളിൽ പ്രതിഫലിച്ചിരുന്നു… പ്രതീക്ഷിക്കാതെ പിന്നിൽ നിന്നും വന്ന സ്വരം ശ്രുതിയെ ഞെട്ടിച്ചു.. അവളാകെ പേടിച്ചു വിറക്കുന്നുണ്ട്.. അത്രയും നേരം ദേഷ്യത്താൽ ചുവന്ന കണ്ണുകളിൽ ഭയം നിഴലിക്കുന്നുണ്ട്.. ഒന്നും പറയാൻ നാവ് ചലിക്കുന്നില്ല.. ഭയമാണ് എല്ലാത്തിനും പിന്നിൽ..

‘ പറയെടി… എന്താടീ നിനക്കിത്ര ഭാഗ്യക്കേട്…’

‘ അത്… ഏട്ടനിന്ന് ഓഫീസിൽ പോയില്ലേ.. ?’

‘ അതല്ലല്ലോ ഞാൻ ചോദിച്ചതിനുള്ള മറുപടി.. നിന്റെ വിഷമങ്ങൾ എന്തൊക്കെയാണെന്ന് പറയെടി.. ‘

മുൻപത്തേക്കാൾ ശബ്ദം ഉയർന്നിരുന്നു.. ആ അലർച്ച ശ്രുതിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.. ഗൗരവവും ദേഷ്യവും മുൻപത്തേക്കാൾ ഇരട്ടിച്ച പോലെ…

അത്രയും നേരത്തെ സംസാരമെല്ലാം വിഷ്ണു കേട്ടിരുന്നു… വാതിലിന് പിന്നിൽ മറഞ്ഞിരുന്നു കേൾക്കുകയായിരുന്നു… പതിവിന് വിപരീതമായി ഓഫീസിൽ നിന്നും വളരെ നേരത്തെ… സമയം ഉച്ചയിലേക്ക് ചെന്നെത്തിയിട്ടില്ല…. ഓഫീസിൽ പോയിക്കാണില്ല..

‘ പറയെടി.. ‘

വീണ്ടും ചോദ്യം ആവർത്തിക്കുമ്പോൾ അവളുടെ മനസ്സ് തളർന്നിരുന്നു.. ദേഷ്യത്താൽ വിഷ്ണുവിന്റെ കണ്ണുകളിൽ ചുവപ്പ് പരക്കുന്നുണ്ട്.. ഇനിയും ക്ഷമിച്ചു നിൽക്കാൻ സാധിക്കാത്തത് കൊണ്ടാവും ശ്രുതിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. മനസ്സിൽ സങ്കടവും ഭയവും ഒത്തു വന്നപ്പോൾ കണ്ണുകളിലൂടെ അത് പ്രകടമായി.. പതിയെ അവളുടെ ശബ്ദവും പുറത്തേക്ക് കേട്ടു.. തേങ്ങി കരച്ചിലിന്റെ ശബ്ദം.. മുഖം ഉയർത്തുന്നില്ല.. കണ്ണുകൾകളിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുക്കുന്നുണ്ട്..

‘ പേടിച്ചോടീ.. ‘

സമാധാനിപ്പിക്കലിന്റെ സ്വരമായിരുന്നു അത്… വാക്കുകൾ പറയുമ്പോൾ വിഷ്ണുവിന്റെ കൈകൾ അവളെ വരിഞ്ഞു മുറുക്കിയിരുന്നു.. തന്റെ നെഞ്ചോട് ചേർത്തിരുന്നു.. കണ്ണുനീർ നെഞ്ചിനെയും നനക്കുന്നുണ്ട്..

ഒന്നും മനസ്സിലാവാതെ ശ്രുതി മുഖമുയർത്തി.. നടക്കുന്നത് സ്വപ്നമല്ല എന്ന് ഉറപ്പിക്കാൻ അൽപം ബുദ്ധിമുട്ടി.. അവൾ ചിന്തിക്കുന്നതിൽ തെറ്റുകളില്ലായിരുന്നു.. പറഞ്ഞ വാക്കുകളും ശെരിയായിരുന്നു..

കല്യാണം കഴിഞ്ഞിട്ട് രണ്ടാഴ്ച തികയാനായി.. ഇന്ന് വരെ അദ്ദേഹമൊന്നു സ്പർശിച്ചിട്ടില്ല.. ആവശ്യങ്ങൾ ഒഴികെ ഒന്നും മിണ്ടിയിട്ടില്ല.. ഒരു ചിരി പോലും അദ്ദേഹത്തിൽ നിന്നും കണ്ടിട്ടില്ല.. ഒരു ഭാര്യയുണ്ട് തനിക്കെന്ന ബോധ്യം പോലും അദ്ദേഹത്തിനില്ലാത്ത പോലെയാണ് ഓരോ പ്രവർത്തികളും… അതിനാലാണ് വിഷ്ണുവിൽ നിന്നും സ്വഭാവമാറ്റം ഉണ്ടായപ്പോൾ അത്രയധികം അമ്പരക്കാൻ കാരണം…

‘ നീയിത്ര പാവമായല്ലോ പെണ്ണേ.. ഞാൻ നിന്നെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞത് അല്ലെ…’

അവളുടെ മുഖത്ത് ചിരി വിടരുന്നില്ല.. കൈകളിൽ നിന്നും ശ്രുതിയെ മോചിതയാക്കിയിട്ടുമില്ല.. ഒന്നും മനസ്സിലാവാതെ അടുത്ത പ്രവർത്തികൾ കാണാനുള്ള ആകാംക്ഷയുമായി മൗനം പാലിച്ചുള്ള നിൽപ്പാണ്..

‘ എന്താടോ.. ഞെട്ടിയോ.. ഇനി നീ നിന്റെ വിഷമങ്ങൾ പറ… നമുക്ക് ഓരോന്നിനും പരിഹാരമുണ്ടാക്കാം..’

നെറ്റിയിൽ ഒരു മുത്തം ചാർത്തി.. ശ്രുതിയുടെ കണ്ണുകളടഞ്ഞു.. ഒരു പുരുഷനിൽ നിന്നുള്ള ചുംബനം അവളെ വികാരഭരിതയാക്കിയിരിക്കുന്നു.. മുഖം പതിയെ നെഞ്ചോട് തന്നെ ചേർന്നു.. അല്പം സമാധാനം കിട്ടുന്ന പോലെ അവൾക്കും തോന്നിക്കാണും..

‘ എടോ… നീ പറഞ്ഞതിൽ ഒന്നും തെറ്റില്ല… നിന്റെ ഭാഗം തന്നെയാ ശെരി.. ഞാൻ ചെയ്തത് തെറ്റുകളും..

സത്യത്തിൽ നീ പറഞ്ഞതിനൊന്നും എനിക്ക് സാധിക്കാഞ്ഞിട്ടല്ല.. നിന്നെ ചുംബിക്കാനും.. പ്രണയിക്കാനും.. നല്ല കുടുംബ ജീവിതം മുന്നോട്ട് കൊണ്ടു പോകാനുമെല്ലാം..

പക്ഷെ ഇതെല്ലാം നിന്റെ സങ്കടങ്ങളായി കേൾക്കണന്നത് എന്റെ ആശയായിരുന്നു.. അതിന്ന് സാധിച്ചെടുത്തു.. അതിനു വേണ്ടി മാത്രമാണ് ട്ടോ ഞാനിങ്ങനെ ഒക്കെ പെരുമാറിയത്… തമാശയെന്നോണം മാത്രം…

ഇനി നമുക്ക് ജീവിക്കാം… നീ പറഞ്ഞ രീതിയിലെല്ലാം..’

കാരണങ്ങൾ വിവരിക്കാൻ മാത്രമൊന്നും ഉണ്ടായിരുന്നില്ല.. ആ കൊച്ചു ആഗ്രഹങ്ങൾ കേട്ട് ശ്രുതിയുടെ മുഖത്തും പുഞ്ചിരി വിടർന്നു.. തന്നോട് ചെയ്തതെല്ലാം സ്നേഹം കലർന്ന ദ്രോഹമായി തോന്നി.. അതിനുള്ള ശിക്ഷയായി നെഞ്ചിൽ കൈക്കൊണ്ടു ഒന്ന് ചെറുതായി കുത്തി നോവിച്ചു..

‘ ഏട്ടൻ പിടി വിട്ടെ… ഒരുപാട് ജോലികളുണ്ട്.. ‘

‘ ഒന്ന് പോയെടി പെണ്ണേ.. ജീവിച്ചു തുടങ്ങുമ്പോഴാ നിന്റെ ജോലികൾ.. ‘

സ്നേഹ ചുംബനം അവളുടെ നെറ്റി വീണ്ടും ഏറ്റു വാങ്ങി.. അണിയിച്ചൊരുക്കിയ മെത്തയിലേക്ക് അവളെ ക്ഷണിക്കുമ്പോൾ നാണം മൂലം മുഖം ചുവന്ന് തുടുത്തിരുന്നു…

രചന :Shamsudheen Cm‎

Leave a Reply

Your email address will not be published. Required fields are marked *