ക്ഷണക്കത്ത്

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : -ജിസ്-

“രോഹൻ… വീട്ടിൽ നിന്ന് ആള് വന്നിട്ടുണ്ട്… വരൂ.. ”

ആശുപത്രി വരാന്തയിലെ തൂണിൽ ചാരി വെറുതെ പുറത്തേക്കു നോക്കി നിൽക്കുകയായിരുന്നു രോഹൻ…

ഇന്ന് നേരത്തെയുണർന്നു. ഇളം മഞ്ഞു പെയ്യുന്ന പ്രഭാതം.. കിളികളുടെ കളകൂജനങ്ങൾ… മുറ്റത്ത് വിടർന്നു സുഗന്ധം പരത്തി നിൽക്കുന്ന മുല്ലപ്പൂക്കൾ മഞ്ഞുകണങ്ങളാൽ പുൽകി, കൂടുതൽ മനോഹാരിയായതു പോലെ…

————- എമിലിക്ക് മുല്ലപ്പൂക്കൾ ഒരുപാടിഷ്ടമായിരുന്നെന്ന് രോഹൻ ഓർത്തു… അവൾക്കേറ്റവും ഇഷ്ടമുള്ള മണം മുല്ലപ്പൂവിന്റെതായിരുന്നു… അവളുടെ മുടിയിഴകൾക്കു മുല്ലപ്പൂവിന്റെ ഗന്ധമായിരുന്നു… അവളുടെ മനസിന്‌ മുല്ലപ്പൂവിന്റെ വെണ്മയായിരുന്നു…

“എനിക്ക് അനൂപിനെയല്ല.. നിന്നെയാണിഷ്ടം..”

നാളുകളായി തന്റെ ചങ്ങാതി അനൂപ്‌ മനസ്സിൽ കൊണ്ടുനടന്ന ഇഷ്ടം അറിയിക്കാൻ ചെന്നപ്പോൾ എമിലി തന്റെ മുഖത്ത് നോക്കി പറഞ്ഞ വാക്കുകൾ….

പിന്നീടങ്ങോട്ട് പ്രണയം പൂത്ത നാളുകളായിരുന്നു… ഉള്ളിലെ കാർമേഘങ്ങൾ പ്രണയമഴയായി വർഷിച്ച നാളുകൾ… രാവും പകലും ഒരുപോലെയാക്കിയ നിമിഷങ്ങൾ… രണ്ടുമനസുകളുടെ സംഗമം…

———

“രോഹൻ വരൂ…” നഴ്സിന്റെ ഉച്ചത്തിലുള്ള വിളി ഒന്നുകൂടി മുഴങ്ങിക്കേട്ടു… പതിയെ എഴുന്നേറ്റു അവർക്ക് പിന്നാലെ നടക്കുമ്പോൾ നിർവികാരത മാത്രമായിരുന്നു ഉള്ളിൽ…

ഡോക്ടർ അലോഷ്യസിന്റെ മുന്നിൽ ഇരിക്കുന്നത് തന്റെ അച്ഛനും അമ്മയുമാണെന്ന് മനസിലാക്കാൻ രോഹന് തെല്ലും പാടുപെടേണ്ടി വന്നില്ല… ഭ്രാന്താശുപത്രിയിലെ 7മാസത്തെ ജീവിതം… ആരെയും കണ്ടതായോ കേട്ടതായോ രോഹന് ഓർമ്മയില്ല… ഇപ്പോൾ എല്ലാം ഓർക്കുന്നു…

അമ്മ എഴുന്നേറ്റ് അവന്റെ കൈകളിൽ പിടിച്ച് “എന്റെ മോനെ” എന്ന് വിളിച്ചപ്പോഴും അച്ഛൻ ആശ്വസിപ്പിക്കാനെന്നവണ്ണം പുറത്ത് തട്ടിയപ്പോഴും രോഹൻ ഒന്നും മിണ്ടാതെ തല കുമ്പിട്ടു നിന്നു..

————–

\ “തറവാട്ടിലെ ഏക ആൺതരിയാണ് .. ഏതെങ്കിലും ഒരു നസ്രാണി പെണ്ണിനെ കെട്ടിക്കൊണ്ടു വന്ന് ഇവിടെ ജീവിക്കാം എന്നുള്ള മോഹം അങ്ങ് മാറ്റിവെച്ചേക്കാൻ പറഞ്ഞേക്ക് നിന്റെ മോനോട്…” പുറത്തുനിന്നുള്ള അച്ഛന്റെ ആക്രോശം രോഹൻ ബെഡ്‌റൂമിൽ കേട്ടു…

എമിലിയെ ഉപേക്ഷിക്കാൻ തനിക്കാവില്ല.. മറ്റൊരു പെണ്ണിന് കൊടുക്കാൻ തന്റെ കയ്യിലിനി സ്നേഹം ബാക്കിയില്ല.. എമിലിയെ മറ്റൊരുവന് വിട്ടുകൊടുക്കാനും വയ്യ.. രോഹൻ തലയിണയിലേക്കു മുഖമമർത്തി…

—————

“മോനെ… വാ പോകാം… ” അച്ഛന്റെ സ്വരത്തിലെ സൗമ്യത രോഹനെ ചിന്തയിൽനിന്നുണർത്തി…

കാറിലെ പിൻസീറ്റിൽ അമ്മയോടൊപ്പം ഇരിക്കുമ്പോൾ, അന്ന് എമിലിയോടൊപ്പം വീട് വിട്ടിറങ്ങിയ ദിവസം ഓർമ്മ വന്നു..

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി തന്റെ തോളിൽ തലചായ്ച്ചു കിടക്കുന്ന എമിലിയെ ആശ്വസിപ്പിക്കാനെന്നവണ്ണം രോഹൻ പറഞ്ഞു..

“വിഷമിക്കേണ്ട… ഞാനില്ലേ കൂടെ? കുറച്ചു നാൾ കഴിയുമ്പോൾ എല്ലാവരും എല്ലാം മറക്കും… ”

“അതേ.. എത്രയും പെട്ടെന്ന് രജിസ്റ്റർ വിവാഹത്തിനുള്ള പേപ്പറുകൾ ശരിയാക്കണം… അത് ശരിയാവുന്നത് വരെ നിങ്ങൾ എവിടെയുണ്ടെന്ന് ആരുമറിയണ്ട”

വണ്ടിയോടിച്ചു കൊണ്ടിരുന്ന അനൂപ്‌ അവരെ ധൈര്യപ്പെടുത്തി…

ഒന്നിച്ചു കഴിഞ്ഞ രണ്ടാഴ്ച… അതായിരുന്നു എമിലിയുടെയും രോഹന്റെയും സ്വർഗം… പരസ്പരമറിഞ്ഞു സ്നേഹിച്ചു കഴിഞ്ഞ ആ നല്ല നാളുകളുടെ ഓർമ്മ രോഹന്റെ കണ്ണുകളിൽ രണ്ട് നീർമുത്തുകളായി ഉറഞ്ഞു കൂടി…

————–

വീട്ടിൽ തന്റെ മുറിയൊക്കെ വൃത്തിയായി ക്രമീകരിച്ചത് അമ്മയാവും… ആരോടും ഒന്നും മിണ്ടാതെ മുറിയിലേക്ക് കയറി കട്ടിലിലേക്ക് ചാഞ്ഞു… എമിലി…. അവളിപ്പോൾ?? അവളിപ്പോഴും തന്റെ ഹൃദയത്തിലുണ്ട്…. എമിലിയുടെ ഓർമ്മകളിൽ മുഴുകി, മുകളിൽ കറങ്ങുന്ന ഫാനിൽ നോക്കി കിടക്കുമ്പോൾ രോഹന്റെ മനസ് വിങ്ങാൻ തുടങ്ങി…

————— “ഇപ്പൊ നിങ്ങൾ ഞങ്ങൾ പറയുന്നത് അനുസരിക്കണം… നാട്ടിൽ ആരും ഒന്നും അറിഞ്ഞിട്ടില്ല…വീട്ടുകാർക്ക് നാണക്കേടുണ്ടാക്കാതെ രണ്ടുപേരും വീട്ടിലേക്കു വരണം… നിങ്ങളുടെ വിവാഹം മാന്യമായി നടത്തിത്തരാൻ ഞങ്ങൾക്ക് സമ്മതമാണ്…അല്ലേ മിസ്റ്റർ മാത്യു?”

അച്ഛന്റെ ശബ്ദം ഒരു പരാജയപ്പെട്ടവന്റെതായിരുന്നു… സ്വന്തം മകന്റെ ഇഷ്ടത്തിന് മുൻപിലുള്ള മുട്ടുമടക്കൽ…. ഇനിയും വേദനിപ്പിക്കാൻ വയ്യ…

അന്ന് യാത്ര പറയുമ്പോൾ എമിലി തന്റെ കയ്യിൽ മുറുകെ പിടിച്ചത് ഇപ്പോഴും രോഹന് അനുഭവിക്കാൻ കഴിയുന്നുണ്ട്…

“പെട്ടെന്ന് വരണേ” എന്നുള്ള യാചനയായിരുന്നു അതിൽ…

ഇനി കൂടിയാൽ ഒരു മാസം… അതിനുള്ളിൽ വിവാഹം… അതുകൊണ്ടുതന്നെ അവർക്കതു സുഖമുള്ള കാത്തിരിപ്പായിരുന്നു..

—————

“ചോറെടുക്കട്ടെ മോനെ?” അമ്മയുടെ ശബ്ദം.. “വേണ്ട.. വിശപ്പില്ല.. ” “കുറച്ചെങ്കിലും കഴിക്കൂ… അച്ഛൻ നിനക്കായി കാത്തിരിപ്പുണ്ട്.. ” ആ ഇടറിയ ശബ്ദത്തിനു മുന്നിൽ രോഹൻ തോൽവി സമ്മതിച്ചു..

ഭക്ഷണം കഴിക്കുമ്പോൾ ആരും ഒന്നും സംസാരിച്ചില്ല.. ഇടയ്ക്കിടയ്ക്ക് അച്ഛൻ ഏറുകണ്ണിട്ടു നോക്കുന്നത് കണ്ടില്ലെന്നു നടിച്ചു… കൈകഴുകി റൂമിലേക്ക്‌ നടക്കുമ്പോഴാണ് അത് കണ്ണിൽ പെട്ടത്… ഷോക്കേസിന്റെ പിന്നിലായി താൻ പണ്ട് വച്ച ആ കല്യാണക്ഷണക്കത്ത്.. വീടുമുഴുവൻ വൃത്തിയാക്കി എമിലിയുടെ ഓർമ്മകളെ അകറ്റി നിർത്തുമ്പോൾ അമ്മ ഇത് മാത്രം കണ്ടില്ലെന്നു തോന്നുന്നു…

—————–

അന്ന് അച്ഛൻ ആ ക്ഷണക്കത്ത് കയ്യിൽ വച്ചുകൊണ്ടു പറഞ്ഞത് രോഹൻ ഇന്നുമോർക്കുന്നു..

“അവർ ചതിച്ചെടാ… അവർ നമ്മളറിയാതെ അവളുടെ കല്യാണം നടത്തി… ദാ നോക്കു ഇന്നലെയായിരുന്നു കല്യാണം… ”

വിശ്വസിക്കാൻ കഴിഞ്ഞില്ല.. തന്റെ എമിലി… തന്റേതു മാത്രമായ എമിലി… അവൾക്കെങ്ങനെ മറ്റൊരുവന്റെ ഭാര്യയാവാൻ കഴിഞ്ഞു .???…

ദേഷ്യവും സങ്കടവുമുള്ളിലൊതുക്കി മുറിക്കകത്ത് അടച്ചിരുന്ന നാളുകൾ…. എമിലിയെ വെറുക്കാൻ രോഹന് കഴിയുമായിരുന്നില്ല… എന്തിനിങ്ങനെ നാളുകൾ തള്ളി നീക്കണം?? ഒരുപക്ഷേ അവളെ എല്ലാവരും ചേർന്ന് നിർബന്ധിച്ചു ഭീഷണിപ്പെടുത്തി ചെയ്യിച്ചതാവാം.. തനിക്കതറിയണം…. ഇപ്പോഴും താൻ മനസിലുണ്ടെങ്കിൽ വിളിച്ചിറക്കി കൊണ്ടുപോരണം…

ആ പടികൾ കയറുമ്പോൾ എമിലി അവിടെ ഉണ്ടാവുമോ എന്ന് വിശ്വാസമില്ലായിരുന്നു… ചിലപ്പോൾ ഭർത്താവിന്റെ വീട്ടിലാകാം…

“രോഹൻ… നീയോ?” എമിലിയുടെ പപ്പയുടെ സ്വരം..

“എനിക്ക് അവളെ കാണണം.. കണ്ടേ തീരൂ.. എനിക്ക് ചോദിക്കണം എന്നെ ഇപ്പോഴും ഇഷ്ടമാണോ എന്ന്.. ”

“അവൾക്കു നിന്നെ എപ്പോഴും ഇഷ്ടമായിരുന്നു രോഹൻ… തെറ്റ് ചെയ്തത് നിങ്ങളല്ല ഞങ്ങളാണ്… ”

മാത്യു ഒരു ദീർഘനിശ്വാസമെടുത്തു…

“അന്ന് നിങ്ങളെ പിരിക്കാൻ വേണ്ടി ഞാനും നിന്റെ പപ്പയും ചേർന്ന് കളിച്ച ഒരു നാടകത്തിനു എന്റെ മോളുടെ ജീവന്റെ വില ഉണ്ടെന്ന് ഞങ്ങൾ കരുതിയില്ല… നിന്റെ പേരിൽ അച്ചടിച്ച കല്യാണക്കുറി കാണിച്ചപ്പോൾ അവൾ കുറേ കരഞ്ഞു.. പക്ഷേ പിറ്റേന്ന് രാവിലെ ഫാനിൽ തൂങ്ങിയാടുന്ന എന്റെ മോൾ….. ”

രോഹന്റെ നെഞ്ചിൽ ഒരു വിങ്ങൽ വന്നു തളം കെട്ടി നിന്നു… പിന്നീട് സംഭവിച്ചതൊന്നും ഓർമ്മയിലില്ല…

————–

രണ്ട് തുള്ളി കണ്ണുനീർ രോഹന്റെ കയ്യിലിരുന്ന ആ ക്ഷണക്കത്തിലേക്കിറ്റു വീണു.. മുറിയിലേക്ക് വന്ന അമ്മയുടെ മടിയിൽ മുഖമമർത്തി രോഹൻ ഒരു കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു…

ഏഴ് മാസങ്ങളായി അടക്കിവച്ച വേദനകൾ മുഴുവൻ ആ കണ്ണുനീരിൽ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു…

(ഞാൻ കണ്ട ഒരു ജീവിതത്തിൽ നിന്നും)

രചന : -ജിസ്-

Leave a Reply

Your email address will not be published. Required fields are marked *