കാലം സാക്ഷി…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന :Aashi Tp..

ഡിഗ്രിപഠന സമയത്താണ് കാരണവരുടെ മകളുടെ മകന് ആർമിയിൽ സെലക്ഷൻ കിട്ടി എന്ന വിവരം അറിഞ്ഞത്. എനിക്കാണേൽ അത് കേട്ടപ്പോൾ തന്നെ സന്തോഷവും അസൂയയും കലർന്ന ഒരു പ്രത്യേക അവസ്ഥ. എന്തുകൊണ്ട് ഞാൻ ഈ വഴി ചിന്തിച്ചില്ല എന്ന നിരാശയും. പിന്നെ മിലിറ്ററി…. അത് നെഞ്ചിൽ ഒരു വികാരമായി കൊണ്ടുനടക്കുവാൻ തുടങ്ങി.

മൂന്നുവർഷത്തെ ഡിഗ്രിക്ക് ശേഷം വയസൊക്കെ അങ്ങ് നീങ്ങിതുടങ്ങിയിരുന്നു. പിന്നെ ഒന്ന് രണ്ടുവർഷം പഠന സമയത്ത് പാർട്ട് ടൈം ആയി പണ്ടേ കൊണ്ടുനടന്ന പോളിഷും, പൈന്റിങ്ങുമൊക്കെയായി ഇങ്ങനെ ചെങ്ങാതിമാരുടെയൊപ്പം പോയി തുടങ്ങി. അപ്പോഴും നെഞ്ചിന്റെ ഉള്ളിന്റെ ഉള്ളിൽ മിലിറ്ററി എന്ന സ്വപ്നം ഇങ്ങനെ ചിറകു മുളച്ചു വലുതായി തുടങ്ങിയിരുന്നു.

റിയാസിന്റെയും, സാജിദിന്റെയും, അഫ്സലിന്റെയും ഒന്നിച്ചുള്ള ആ സമയം വളരെ മനോഹരമായിരുന്നു. മുതലാളിയായ റിയാസുമായും സാജിദുമായും… പിന്നെ അഫ്സലുമായുള്ള പണി സ്ഥലങ്ങളിലെ പിണക്കങ്ങളും ഇണക്കങ്ങളുമായി അങ്ങനെ പോയ ആ മൂന്നു വർഷം. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ഒരുപാട് ചിലവുകൾ കൂടുതൽ ഉള്ളത് കാരണം ഇതിന്റെയൊക്കെ കൂടെ ഓവർടൈം ആയി വേറെയും ഒരുപാട് പണികളും.

എല്ലാ ആഴ്ചയും പൈസ ഉള്ളപ്പോൾ തൊഴിൽവാർത്ത വാങ്ങിയും… അല്ലാത്തപ്പോൾ മനോരമ സലാംക്കായുടെ കടയിലും… നജ്‌നാ ആശ്രഫ്ക്കായുടെ കടയിലും തൂക്കിയിട്ട തൊഴിൽവാർത്തയിൽ എത്തി നോക്കിയും എപ്പോഴും ഞാനിങ്ങനെ തിരയുമായിരുന്നു… എവിടെയെങ്കിലും മിലിറ്ററിയിൽ ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന് അറിയാൻ.

എങ്ങനെയായാലും എനിക്ക് ഒരു പട്ടാളക്കാരൻ ആവേണം… അതിന് വേണ്ടി ഇനി എന്തു വില കൊടുക്കേണ്ടി വന്നാലും ശരി…. ഇങ്ങനെ എപ്പോഴും എന്റെ മനസ്സിൽ മന്ത്രിച്ചു കൊണ്ടേയിരുന്നു. അതിന്റെ ആദ്യ തയ്യാറെടുപ്പ് എന്ന രീതിയിൽ എല്ലാ ദിവസവും രാവിലെ ഞാൻ ഓടുവാൻ തുടങ്ങി. ചേരമൂല മുതൽ ശ്രീകണ്ഠാപുരം ടൗൺ വരെയായിരുന്നു ടാർഗറ്റ്.

കണ്ണൂരിലൊക്കെ മിലിറ്ററിയിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് സ്പെഷ്യൽ കോച്ചിങ് നടക്കുന്നുണ്ടായിരുന്നു. കുടുംബം, സാമ്പത്തിക സ്ഥിതി എന്നീ പ്രശ്നങ്ങൾ അതിൽനിന്നും എന്നെ പിറകോട്ടു വലിപ്പിച്ചു. അങ്ങനെ എന്റെ പരിശീലകൻ ഞാൻ തന്നെ ആകാൻ തീരുമാനിച്ചു. എല്ലാം ഞാൻ തന്നെ ഒറ്റയ്ക്ക് എന്നെത്തന്നെ പഠിപ്പിച്ചു പരിശീലനം തുടങ്ങി.

ആദ്യത്തെ മിലിറ്ററി റിക്രൂട്ട്മെന്റ് ആലേർട് ന്യൂസ് വന്നു. അതും പാലക്കാട് വെച്ച്. ഇത് ഏതുവിധേനയും പാസായി എനിക്ക് ആ സ്വപ്ന സാക്ഷാത്കാരം പൂർത്ഥികരിക്കേണം എന്ന് ഞാൻ തീരുമാനിച്ചു. അതിനിടയിലാണ് ഞാൻ ഈ റിക്രൂട്ട്മെന്റ് ഉള്ള കാര്യം നാട്ടിലുള്ള എന്റെ ചില സുഹൃത്തുക്കളേയും കൂടി അറിയിച്ചത്, അങ്ങനെ അവരും എന്റെ കൂടിക്കൂടി. ഹാശിർ, ജുനൈദ്,സമദ്,നസീർ ടിപി എന്നിവരായിരുന്നു അവർ. എല്ലാ ദിവസവും ഞങ്ങൾ പ്രാക്റ്റീസ് ചെയ്യുവാൻ തുടങ്ങി. ആ ദിവസങ്ങളിൽ ഞങ്ങൾ ഒരുപാട് ആസ്വദിച്ചു ഓരോന്നിലും മുഴുകി .ചില ദിവസങ്ങളിൽ അവരും വരാറില്ലായിരുന്നു… ഞാൻ എല്ലാ ദിവസങ്ങളിലും പ്രാക്റ്റീസ് തുടർന്നു കൊണ്ടിരുന്നു.

അങ്ങനെ ഞാൻ ഒരുപാട് കാത്തിരുന്ന ആദ്യത്തെ റിക്രൂട്ട്‌മെന്റ്… പാലക്കാട് ചെന്നെത്തിയ ഞങ്ങൾ ഒരു ssf പള്ളിയിൽ ആയിരുന്നു താമസിച്ചിരുന്നത്. വളരെ വലിയ ഒരു നിര തന്നെയുണ്ടായിരുന്നു അവിടെ. അതും ഒരു ദിവസം മുൻപേ വന്നു ലൈനിൽ നിൽക്കുന്നവർ. അങ്ങനെ ഞങ്ങളും അതിൽ പങ്കാളികളായി. കൂടെ വന്ന ചിലർ നീളത്തിലും ബാക്കി രണ്ടുപേർ ഓട്ടത്തിലും പരാജയപെട്ടു. ഇതിൽ രണ്ടിലും വിജയിച്ച ഞാൻ അടുത്ത ഘട്ടത്തിലേക്ക് ഓരോന്നിലേക്ക് പോയി.. പോയി തുടങ്ങി. അങ്ങനെ ഒന്നിന് പുറകെ ഒന്നായി ടെസ്റ്റുകളിൽ പാസായി മുന്നോട്ട് പോയി തുടങ്ങി. അതിനിടയിൽ എനിക്ക് പറ്റിയ ഒരു അബദ്ധം എന്നെ ആ റിക്രൂട്ട്‌മെന്റിൽ നിന്നും പുറത്താക്കുവാൻ വരെ കാരണമായി. അതും ഏറ്റവും ലാസ്റ്റ് വിഭാഗം ആയ പുൾ അപ്പിൽ. ഓട്ടത്തിന് ശേഷം റെസ്റ്റ് പോലുമെടുക്കാതെ പെട്ടെന്ന് തീർക്കുവാൻ വേണ്ടി പിന്നിൽ നിൽക്കേണ്ട ഞാൻ ആദ്യമേ പോയി മുന്നിൽ നിന്നു. കൈകൾ തളർന്നു നിൽക്കുന്ന ഒരു അവസ്ഥയിലായിരുന്നു ഞാൻ…. അങ്ങനെ അവർ ആവശ്യപ്പെട്ട എണ്ണം ചെയ്തുകൊടുക്കാൻ കഴിയാതെ ഞാൻ തളർന്നുപോയി. കണ്ണുകളിൽ ഇരുട്ടും കണ്ണുനീരും നിറഞ്ഞുപോയ ആ നിമിശങ്ങൾ.

ആദ്യത്തെ റിക്രൂട്ട്‌മെന്റ് പരാജയം എന്റെ സുഹൃത്തുക്കളെ ഇനി വേറെ ഒരു റിക്രൂട്ട്‌മെന്റ് എന്നതിൽ നിന്നും ഇനി വേണ്ട ഇത് എന്ന് മാറ്റിചിന്തിപ്പിച്ചു. നെഞ്ചുപൊട്ടുന്ന വേദനയുണ്ടായിരുന്നെങ്കിലും കാലുകളും, മനസ്സും ഒരാടിപോലും പിന്നോട്ടില്ല എന്ന് ഞാൻ ഉറപ്പിച്ചു. വീണ്ടും… വീണ്ടും ഞാൻ എന്റെ പരിശീലനം ഏകനായി തുടർന്നുകൊണ്ടേയിരുന്നു.

തൊഴിൽവാർത്തയുമായി പോകുന്ന എന്നെ എന്റെ ഒരുപാട് സുഹൃത്തുക്കൾ കളിയാക്കുമായിരുന്നു. ” ഇവിടെ ലക്ഷങ്ങൾ കൊടുത്ത് പഠിക്കുന്നവർക്ക് ജോലികിട്ടുന്നില്ല എന്നിട്ടാണോ ഏഴു രൂപ കൊടുത്ത് കിട്ടുന്ന തൊഴിൽവാർത്ത നിനക്ക് ജോലി തരിക “. ഇങ്ങനെയായിരുന്നു അവർ എന്നെ കളിയാക്കിയിരുന്നത്. കുടുംബത്തിൽ നിന്നും ഒരുപാട് ആൾക്കാരുടെ കുത്ത് വാക്കുകളും കേട്ട് തുടങ്ങിയിരുന്നു. എന്റെ ഉമ്മായോട് പറയുമായൊരുന്നു.. “നിന്റെ മകൻ ഡിഗ്രി വരെ പഠിച്ചിട്ട് എന്തുകാര്യം.. ഡിഗ്രി വരെ പഠിച്ച നിന്റെ മകനും പത്താം ക്ലാസ്സ് തൊറ്റ എന്റെ മകനും ഒരേ പോളിഷ് പണിയാണ് ” എന്ന് പറഞ്ഞു പലപ്പോഴും കളിയാക്കാറുണ്ടായിരുന്നു.

നിരന്തരവും കഠിനവുമായ പ്രയത്നവും… അതിയായ ആഗ്രഹവും എന്നെ അവസാനം ഞാൻ ഒരുപാട് മനസ്സിൽ കൊണ്ടുനടന്ന മിലിറ്ററി എന്ന ആ സ്വപ്നത്തിൽ എത്തിച്ചു. തൃശൂരിൽ നടന്ന റിക്രൂട്ട്മെന്റ് എന്നെ എന്റെ ലക്ഷ്യ പൂർത്തികരണത്തിൽ എത്തിച്ചു. ഇന്ന് ഞാൻ ഇന്ത്യൻ മിലിറ്ററി യൂണിഫോം അണിയുന്ന ഒരു പട്ടാളക്കാരൻ ആണ്. ആറു വർഷമായി ഞാൻ മനസ്സിൽ കൊണ്ടുനടന്നകാര്യം ഒന്ന് എഴുതേണം എന്ന് തോന്നി.

റിക്രൂട്ട്മെന്റ് സമയത്ത് കയ്യിൽ പൈസയില്ലാത്ത സമയത്ത് വേണ്ടപോലെ തന്നു സഹായിച്ച തൻവീറും ഫിസിക്കൽ പാസായതിനു ശേഷം എനിക്ക് വേണ്ടി എഴുത്ത് പരീക്ഷക്കുവേണ്ടി എന്നെ വളരെയധികം സഹായിച്ച ഹക്കീമും, റിജാസും കൂടി ചേർന്നപ്പോയാണ് എനിക്ക് എന്റെ ഈ ലക്ഷ്യപൂർത്തീകരണം സാധിച്ചത്.

അന്ന് എന്നെ കളിയാക്കി നടന്നവരുടെ മുന്നിൽ എനിക്ക് ഇന്ന് തലയുയർത്തി നടക്കാൻ പറ്റുന്നുണ്ട്.ഏഴു രൂപയുടെ തൊഴിൽവാർത്ത വാങ്ങിയപ്പോൾ എന്നെ കളിയാക്കിയവനോട്…. “അതെ ആ ഏഴു രൂപയുടെ തൊഴിൽവാർത്തയാടാ ഇന്ന് എനിക്ക് ആരുടെ മുന്നിലും തലയുയർത്തി നിൽക്കാൻ പറ്റിയ ഈ ജോലി നൽകിയത്”. വിദ്യാഭ്യാസത്തെ പറഞ്ഞു കളിയാക്കിയ കുടുംബക്കാരോട്…. “വിദ്യാഭ്യാസം ഒരിക്കലും ഒരു ഭാരമല്ല…. അത് നേടിയവന്… ഇന്നല്ലെങ്കിൽ നാളെ അതിന്റെ ഗുണം ലഭിക്കുക തന്നെ ചെയ്യും”.

ഒന്നിച്ചു നിന്ന് എല്ലാത്തിനും സപ്പോർട്ട് ചെയ്തവർക്കും….. മാറ്റി നിറുത്തി കളിയാക്കി ചിരിച്ചവർക്കും ഒരുപാട് നന്ദി. കാരണം നിങ്ങൾ രണ്ടുപേരുമാണ് എന്റെ വിജയത്തിന്റെ കാരണക്കാർ……👍👍👍👍

എന്ന് Aashi Tp…

Leave a Reply

Your email address will not be published. Required fields are marked *